മരം സമഗ്രമാണ്
കെ.ടി അസീസ്
മരം ഒരു തത്ത്വം
മാത്രമായിരുന്നെങ്കില്‍
തന്നെ കല്ലെറിയുന്നവര്‍ക്ക്
കായ്കനികള്‍
നല്‍കുമായിരുന്നില്ല,
മരമൊരു പ്രയോഗവും
കൂടിയാണ്.
മരം ഒരു ആവേശം
മാത്രമായിരുന്നെങ്കില്‍
കൈകാലുകള്‍
വെട്ടിമാറ്റപ്പെട്ട ശേഷവും
കിളിര്‍ത്ത് തണല്‍
വിരിക്കുമായിരുന്നില്ല,
മരമൊരു ആത്മവിശ്വാസവും
കൂടിയാണ്.
മരം ഒരു വിപ്ലവ വായാടി
മാത്രമായിരുന്നെങ്കില്‍
ഒഴുക്കിനെതിരെ മണ്ണിനെ
പിടിച്ചുനിര്‍ത്തുമായിരുന്നില്ല,
മരമൊരു പോരാട്ടവും കൂടിയാണ്.
മരം ഒരു രാഷ്ട്രീയം
മാത്രമായിരുന്നെങ്കില്‍
കാക്കക്കും കൊക്കിനും
കൂടുകെട്ടാനിടം
നല്‍കുമായിരുന്നില്ല,
മരമൊരു നീതിയും
കൂടിയാണ്.
മരം ഒരു ആശയം
മാത്രമായിരുന്നെങ്കില്‍
മണ്ണില്‍
പിടിച്ചുനില്‍ക്കുമായിരുന്നില്ല,
മരം മണ്ണിലെ
ജീവിതം കൂടിയാണ്.
മരം നന്മയുടെ ഉയരവും
ക്ഷമയുടെ ആഴവുമാണ്.
Comments