ഊന്നിപ്പറയേണ്ടത് മധ്യമ നിലപാട്
പ്രമാണങ്ങളുടെ അക്ഷരവായന ഇന്ന് സജീവമായ ഒരു ചര്‍ച്ചാ വിഷയമാണ്. ഐ.എസ് പോലുള്ള ഭീകര സംഘങ്ങളുടെ ആവിര്‍ഭാവത്തോടെ അത്തരം ചര്‍ച്ചകളുടെ പ്രസക്തിയും പ്രാധാന്യവും ഏറെ വര്‍ധിച്ചിരിക്കുന്നു. ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടുള്ള ഒരു പരാമര്‍ശത്തെ അതിന്റെ ഭാഷാപരമായ അര്‍ഥത്തില്‍ (ബാഹ്യാര്‍ഥത്തില്‍) മാത്രം മനസ്സിലാക്കുന്നതിനെയാണ് ഇസ്‌ലാമിക കര്‍മശാസ്ത്ര വ്യവഹാരത്തില്‍ അക്ഷര വായന എന്നു പറയുന്നത്. നിയമനിര്‍ദേശങ്ങള്‍ക്ക് നിമിത്തമായ പൊരുളുകളെയോ ഉദ്ദേശ്യലക്ഷ്യങ്ങളെയോ ഈ വീക്ഷണക്കാര്‍ പരിഗണിക്കുകയില്ല. ചരിത്രത്തില്‍ ഇവര്‍ അറിയപ്പെടുന്നത് 'ളാഹിരികള്‍' എന്ന പേരിലാണ്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ദാവൂദു ബ്‌നു അലി ളാഹിരി അസ്വ്ഫഹാനി എന്നൊരാളാണ് ഈ ആശയത്തിന്റെ പ്രധാന വക്താവ്. ഇബ്‌നു ഹസമിനെപ്പോലുള്ള ചില പ്രഗത്ഭ പണ്ഡിതന്മാരും അക്ഷരവാദം ഉയര്‍ത്തിപ്പിടിച്ചതോടെ അതിന്റെ പ്രചാരം വര്‍ധിച്ചു. ഹിജ്‌റ ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ മക്കയും മദീനയും ഉള്‍പ്പെടുന്ന ഹിജാസ് മേഖലയില്‍ ഉരുത്തിരിഞ്ഞുവന്ന 'അഹ്‌ലുല്‍ അസര്‍' എന്ന ചിന്താധാരയിലേക്ക് ഇതിന്റെ വേരുകള്‍ ചെന്നെത്തുന്നുണ്ട്. പ്രമാണങ്ങളെ മാത്രം കണക്കിലെടുക്കുകയും ചിന്തക്ക് ഇടം നല്‍കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ പൊതു രീതി. ഇതിനോട് വിയോജിച്ചുകൊണ്ടാണ് പ്രമാണങ്ങള്‍ക്കൊപ്പം ചിന്തക്കു കൂടി ഇടം അനുവദിക്കുന്ന പുതിയൊരു ചിന്താരീതി ഇറാഖ് കേന്ദ്രീകരിച്ച് രൂപം കൊള്ളുന്നത്. ഇമാം അബൂഹനീഫയായിരുന്നു അതിന്റെ പ്രമുഖ വക്താവ്.
ഈ രണ്ട് ചിന്താഗതികളുടെയും ആശയപരമായ എതിരിടല്‍ ഇസ്‌ലാമിക ചിന്തയെയും വിജ്ഞാനീയങ്ങളെയും പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇമാം മാലിക് ആദ്യപക്ഷത്തും ഇമാം അബൂഹനീഫ രണ്ടാമത്തെ പക്ഷത്തും നിലയുറപ്പിച്ചപ്പോള്‍ ഇമാം ശാഫിഈയെപ്പോലുള്ള പില്‍ക്കാലക്കാര്‍ ഈ രണ്ട് രീതികളെയും സമന്വയിപ്പിച്ച് വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിലേക്ക് ഇസ്‌ലാമിക ദര്‍ശനത്തെയും നിയമസംഹിതയെയും ഉയര്‍ത്തിവെക്കുകയാണ് ചെയ്തത്. ഈ ആശയസമരം എല്ലാ അര്‍ഥത്തിലും നിര്‍മാണാത്മകമായിരുന്നു എന്നര്‍ഥം. എന്നാല്‍, പില്‍ക്കാലത്ത് രൂപപ്പെട്ട ളാഹിരീ ചിന്ത പല നിലക്കും നിഷേധാത്മകമായിരുന്നു. ഇസ്‌ലാമിക നിയമങ്ങള്‍ക്കു പിന്നിലുള്ള പൊരുളുകളെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെയും അവര്‍ നിരാകരിച്ചു. മാര്‍ഗങ്ങളെ ലക്ഷ്യങ്ങളായും ലക്ഷ്യങ്ങളെ മാര്‍ഗങ്ങളായും തെറ്റിദ്ധരിച്ചു. യഥാര്‍ഥത്തില്‍, ലക്ഷ്യങ്ങള്‍ സ്ഥിരവും മാര്‍ഗങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതുമാണ്. ശത്രുക്കള്‍ക്കെതിരെ കുതിരപ്പടയൊരുക്കാന്‍ ഖുര്‍ആന്‍ ഒരിടത്ത് ആഹ്വാനം ചെയ്യുന്നുണ്ട്. എന്തിന് കുതിരപ്പടയൊരുക്കണം എന്നും അവിടെ വിശദീകരിക്കുന്നു- ശത്രുവിനെ ഭയപ്പെടുത്താന്‍. ഇന്ന് കുതിരപ്പടയൊരുക്കിയാല്‍ ഒരു ശത്രുവും ഭയക്കില്ല. അവര്‍ക്കത് തമാശയായേ തോന്നൂ. ഇവിടെ, കുതിരപ്പടയൊരുക്കുക എന്നത് മാര്‍ഗം മാത്രമാണ്. കാലം മാറുന്നതിനനുസരിച്ച് ആ മാര്‍ഗം മാറിക്കൊണ്ടിരിക്കും, ഓരോ കാലത്തും ശത്രുവിനെ ഭയപ്പെടുത്താനുതകുന്ന പടയെയാണ് ഒരുക്കേണ്ടത്.
ചരിത്ര സാഹചര്യവും ഉദ്ദേശ്യലക്ഷ്യങ്ങളുമൊന്നും പരിഗണിക്കാതെയുള്ള പ്രമാണ പാഠങ്ങളുടെ പാരായണമാണ് ഐ.എസ് പോലുള്ള ഭീകര സംഘങ്ങളുടെയും ഉന്മാദ ആത്മീയ ഗ്രൂപ്പുകളുടെയും ആവിര്‍ഭാവത്തിന് പ്രധാന കാരണങ്ങളിലൊന്ന് എന്ന് കണ്ടെത്താനാവും. സഹിഷ്ണുത, മതസ്വാതന്ത്ര്യം തുടങ്ങിയ സമുന്നതാശയങ്ങളെക്കുറിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ നൂറോളം സൂക്തങ്ങളെ 'വാളിന്റെ സൂക്തം' റദ്ദ് ചെയ്തിരിക്കുന്നു എന്നാണ് ഐ.എസ് സൈദ്ധാന്തികരുടെ വാദം. സന്ദര്‍ഭവും സാഹചര്യവും പരിഗണിക്കാതെയുള്ള അത്യന്തം വികലമായ വായനയാണിത്. ഓരോ സൂക്തത്തിനും അതതിന്റെ സന്ദര്‍ഭമുണ്ട് എന്നതാണ് ശരിയായ വായന. യുദ്ധാവസരങ്ങളില്‍ അവതരിച്ച സൂക്തങ്ങള്‍ യുദ്ധ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പ്രസക്തമാവുക. അത്തരം ഏതാനും സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് മുസ്‌ലിം സമൂഹത്തെ നിതാന്തമായ യുദ്ധമുഖത്ത് കൊണ്ടു നിര്‍ത്തുകയാണ് ഭീകരവാദികള്‍. ഖുര്‍ആനിലെ ഒരു സൂക്തവും മറ്റൊരു സൂക്തത്തെ റദ്ദ് ചെയ്യുകയോ ദുര്‍ബലപ്പെടുത്തുകയോ (നാസിഖ്/മന്‍സൂഖ്) ചെയ്യുന്നില്ലെന്നും, വിരുദ്ധാശയങ്ങളുണ്ടെന്ന് തോന്നുന്ന സൂക്തങ്ങള്‍ ഓരോന്നും അതതിന്റെ സന്ദര്‍ഭത്തില്‍ പ്രയോഗിച്ചാല്‍ വൈരുധ്യം ഇല്ലാതാകുമെന്നും ഡോ. യൂസുഫുല്‍ ഖറദാവി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്‌ലാമില്‍ ചിരപ്രതിഷ്ഠമായ ഒട്ടനവധി മൂല്യങ്ങളെ 'നസ്ഖ്' ചെയ്തുകൊണ്ടാണ് ഐ.എസും അല്‍ഖാഇദയുമൊക്കെ സൈദ്ധാന്തിക ഭാഷ്യം ചമയ്ക്കുന്നത് എന്നതിനാല്‍, ഈ ആശയം ഊന്നിപ്പറയേണ്ട സന്ദര്‍ഭമാണിത് എന്ന് തോന്നുന്നു.
കാലവും സന്ദര്‍ഭവും നോക്കാതെയുള്ള പ്രമാണവായനയാണ് ഉന്മാദ ആത്മീയതയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. 'നവ ളാഹിരിസം' എന്നാണിതിന് പേര്. 'ഈമാനും വിവേകവും യമനി ആണ്' എന്ന പ്രവാചക വചനം ഉദാഹരണം. ഇതിന് എട്ടിലധികം വ്യാഖ്യാനങ്ങളെങ്കിലും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. യമനില്‍ പോയി പഠിക്കുകയോ ആട് മേക്കുകയോ ചെയ്താലേ ഈമാന്‍ പൂര്‍ണമാകൂ എന്നൊരു വ്യാഖ്യാനം ഇന്നേവരെ ആരും അതിനോ സമാന സ്വഭാവമുള്ള ഹദീസുകള്‍ക്കോ നല്‍കിയതായി കാണുന്നില്ല. ഹദീസിന് നല്‍കാവുന്ന ഏറ്റവും യുക്തിസഹമായ വ്യാഖ്യാനം ഇതാണ്: പ്രവാചക ജീവിതത്തിന്റെ മദീനാ ഘട്ടത്തില്‍ വൈജ്ഞാനിക -സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഒട്ടുവളരെ പ്രമുഖര്‍ യമനില്‍നിന്നുള്ളവരായിരുന്നു. അബൂമൂസല്‍ അശ്അരി, അബൂഹുറയ്‌റ, മുആദുബ്‌നു ജബല്‍ തുടങ്ങി പത്തിരുപത്തഞ്ച് പ്രഗത്ഭരെയെങ്കിലും നമുക്ക് പേരെടുത്ത് പറയാന്‍ കഴിയും. ഇവരുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. പ്രവാചകന്റെ പ്രശംസ ആ തലമുറക്ക് മാത്രം ബാധകമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. ഇപ്പോള്‍ അതിന് നല്‍കിവരുന്ന വ്യാഖ്യാനങ്ങളൊക്കെ തീര്‍ത്തും അസംബന്ധം എന്നേ പറയാനാവൂ.
ഈ രണ്ടുതരം തീവ്ര നിലപാടുകളെയും 'ഇഫ്‌റാത്വ്' എന്നാണ് പറയുക. സന്ദര്‍ഭമോ ഉദ്ദേശ്യ ലക്ഷ്യങ്ങളോ പരിഗണിക്കാതെയുള്ള കേവലം അക്ഷര വായന. പ്രമാണങ്ങള്‍ നോക്കേണ്ടതില്ല, നമുക്ക് നമ്മുടെ താല്‍പര്യങ്ങളേ ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന മറ്റൊരു ആത്യന്തിക നിലപാടുമുണ്ട്. അതിന് 'തഫ്‌രീത്വ്' (അലംഭാവം) എന്നാണ് പറയുക. ഇത് രണ്ടും കൈയൊഴിഞ്ഞുള്ള 'മധ്യമ' (വസത്വിയ്യ) നിലപാടാണ് ഇസ്‌ലാമിന്റേത്. ഖുര്‍ആന്‍ മുസ്‌ലിംകളെ വിശേഷിപ്പിക്കുന്നത് 'മധ്യമ സമുദായം' എന്നാണ്. തീവ്രതയിലേക്കോ അലംഭാവത്തിലേക്കോ വഴുതാത്ത മധ്യമ നിലപാടെടുത്താല്‍ മാത്രമേ നിങ്ങള്‍ നന്മ നിറഞ്ഞ ഉത്തമ സമുദായം (ഖൈറു ഉമ്മത്ത്) ആകൂ എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഈ സന്ദേശം സമുദായത്തെ പഠിപ്പിക്കേണ്ട അടിയന്തര ഘട്ടമാണിത്. എല്ലാ മുസ്‌ലിം കൂട്ടായ്മകളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. ഇസ്‌ലാമിക പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ നേരിട്ടാല്‍ മാത്രമേ ചില വിഭാഗങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളെയും വഴിതെറ്റലുകളെയും ഫലപ്രദമായി തടയാനാവൂ.
Comments