മലയാളം കണ്ടെത്താത്ത ഖുര്‍ആനിന്റെ വന്‍കരകള്‍
മലയാളസാഹിത്യം എന്ന പേരില്‍ നാം ഇന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന വ്യവഹാരങ്ങള്‍ പലതും പുഷ്ടിയാര്‍ജിച്ചിട്ട് കഷ്ടി ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. കഥയും നോവലും കവിതയും പോകട്ടെ മലയാളത്തിലെ ഗദ്യമെന്ന ഭാഷാരൂപത്തിന്റെ ഇന്നത്തെ വളര്‍ച്ചപോലും രൂപമെടുത്തിട്ട് അധികമാണ്ടുകള്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, ഖുര്‍ആന്‍ മലയാളക്കരയിലേക്ക് കപ്പലടുപ്പിച്ചത് ആയിരം കൊല്ലത്തിനപ്പുറത്തെ ചരിത്രമാണ്. എന്നിട്ടും എന്തുകൊണ്ട് മലയാളത്തിന്റെ ആധുനികവും ആധുനികാനന്തരവുമായ ആഖ്യാന സൗന്ദര്യങ്ങള്‍ ഖുര്‍ആനിനെ തേടിച്ചെല്ലാഞ്ഞത് എന്ന അന്വേഷണം പ്രസക്തമാണ്.
ആധുനിക മലയാളം ഉരുവംകൊണ്ടതിന്റെ ചരിത്രംകൂടി ബൈബിള്‍ അച്ചടിയും പരിഭാഷയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ മലയാളഭാഷയുടെ ഏതാണ്ടെല്ലാ സാഹിത്യ വ്യവഹാരങ്ങളിലും നിഷേധിക്കാന്‍ കഴിയാത്ത രൂപകങ്ങളായി ക്രിസ്തുവേദപുസ്തകം അതിജീവിക്കുന്നുണ്ട്. മലയാളികളായ ഇതര മതക്കാരെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതിനുവേണ്ടി വിദേശ മിഷണറി പണ്ഡിതന്മാര്‍ എഴുതാനും വായിക്കാനുമുതകുന്ന ഒരു പ്രാദേശികഭാഷയും അത് വായിക്കാനുള്ള സാമൂഹിക സാഹചര്യവും സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. ഒരു വശത്ത് അത് ഭാഷാവിപ്ലവമായിരുന്നുവെങ്കില്‍ മറ്റൊരു വശത്ത് അത് സാമൂഹികവിപ്ലവമായിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിന് കേരളക്കരയില്‍ അത്തരമൊരു മാതൃക മുസ്‌ലിംകള്‍ ഏറ്റെടുത്തില്ല എന്നതിന് അവരുടേതായ കാരണങ്ങളുണ്ടാകാം. സ്വന്തം മതഭാഷയായ അറബിയിലും, അതിന്റെ ലിപിയില്‍ മലയാളമെഴുതാവുന്ന അറബിമലയാളത്തിലും അഭിരമിക്കുകയാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മലയാളമുസ്‌ലിംകള്‍ ചെയ്തത്. മറ്റു സമുദായത്തിന് ഇഷ്ടംപോലെ കയറിവരാനും സ്വസമുദായത്തിന് വേണ്ടുംവണ്ണം ഇറങ്ങിപ്പോകാനും കഴിയാത്ത അടഞ്ഞ ഭാഷാദുര്‍ഗമായി ആ ലിപി മുസ്‌ലിം സര്‍ഗാത്മകതയെ മാറ്റി. ഖുര്‍ആന്‍ പരിഭാഷകളായി മലയാളത്തിലുണ്ടായ ആദ്യത്തെ രണ്ടു ശ്രമങ്ങളും അറബിമലയാള ലിപിയിലായിരുന്നു. അറയ്ക്കല്‍ മുഹ്‌യിദ്ദീനുബ്‌നു അബ്ദുല്‍ ഖാദിര്‍ എന്ന മായിന്‍കുട്ടി എളയയുടെ തര്‍ജമതുത്തഫ്‌സീരില്‍ ഖുര്‍ആന്‍ രചന ആരംഭിച്ചത് 1855-ലാണ്. പിന്നെയും ഒരു നൂറ്റാണ്ടു പിന്നിട്ട ശേഷമാണ് വെളിയങ്കോട് കെ. ഉമര്‍ മൗലവിയുടെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. രണ്ടും അറബിമലയാളത്തില്‍. ഖുര്‍ആന്റെ പരിഭാഷ, വ്യാഖ്യാനങ്ങള്‍, ഉപാഖ്യാനങ്ങള്‍ എന്നിവ അറബിലിപി അറിയാത്തവര്‍ക്കുകൂടി വായിക്കാവുന്ന തരത്തില്‍ പുറത്തുവന്നതു മുഴുവന്‍ കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിലാണ്. ആധുനിക മലയാള സാഹിത്യം ഖുര്‍ആന്റെ അഗാധമായ സൗന്ദര്യങ്ങളിലേക്ക് ഇനിയും ഇറങ്ങിച്ചെല്ലാതിരുന്നതിന് മറ്റെന്തു കാരണമാണ് അന്വേഷിക്കേണ്ടത്?
അറബി മലയാളലിപിയിലാണ് അച്ചടിച്ചത് എന്നതുകൊണ്ട് മാത്രം ഖുര്‍ആന്‍ മലയാളത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടേ ഇല്ല എന്നു കരുതുന്നതും ശരിയല്ല. എണ്ണമറ്റ മാപ്പിള കാവ്യങ്ങളിലും ഇസ്‌ലാമികകാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്ന സര്‍ഗാത്മക വ്യവഹാരങ്ങളിലും ഖുര്‍ആന്റെ അന്തസ്സത്ത അടിസ്ഥാനധാരയായി വര്‍ത്തിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യംതന്നെ.
അഹദത്തിലെ അലിഫ,ലിഫ്‌ലാമ,കമിയം
അലിഫ,ക്ഷരപൊരുള്‍ ബിസ്മില്ലാ
അരിമക്കല കുതുബ,നുദിനം ഖുര്‍ആനിന്‍
അഴകുറ്റ,ലകുറി ബിസ്മില്ലാ... എന്നാരംഭിക്കുന്ന ബദ്ര്‍ ഖിസ്സപ്പാട്ടിന്റെ അത്രയും സമൃദ്ധമായി ഖുര്‍ആനെ ആവിഷ്‌കരിച്ച ഒരു കവിത വേറെയേതുണ്ട്?.
സാഹിത്യരചന മലയാള ലിപിയെന്ന മാനകരൂപത്തിലേക്ക് മാറിയ ആധുനിക മലയാളത്തില്‍ എഴുതപ്പെട്ട സര്‍ഗാത്മകരചനകളില്‍ ഖുര്‍ആന്റെ സൗന്ദര്യരൂപകങ്ങള്‍ അന്വേഷിക്കുന്നത് മുസ്‌ലിംകളുടെ മാത്രം സാഹിത്യകൃതികളെ മുന്‍നിര്‍ത്തിയാവരുത്. മനുഷ്യരായി പിറന്ന സകലര്‍ക്കും വഴികാട്ടിയും ആത്മീയാധാരവുമായ ഗ്രന്ഥമാണ് എന്ന യാഥാര്‍ഥ്യം ഫലവത്താകണമെങ്കില്‍, ഖുര്‍ആനെ കേവല വായനക്കുവേണ്ടിയെങ്കിലും കൈയിലെടുത്ത ആരെയും ഏതെങ്കിലും വിധത്തില്‍ അത് സ്വാധീനിക്കേണ്ടതാണ്. മലയാള സാഹിത്യത്തില്‍ അതുണ്ടായിട്ടുണ്ടോ എന്നത് സംശയംതന്നെ. വെറുമൊരു ഗവേഷണ വ്യായാമത്തിനുവേണ്ടി മലയാളസാഹിത്യത്തില്‍ ഖുര്‍ആനിക സത്തയുടെ നിധിനിക്ഷേപങ്ങള്‍ തേടിച്ചെല്ലുന്നത് സാഹിത്യകുതുകികളെ മാത്രമേ തൃപ്തിപ്പെടുത്തൂ. അത്തരമൊരന്വേഷണത്തില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ചില തിളക്കങ്ങള്‍ കണ്ടേക്കാം. അതുപക്ഷേ അമൂല്യമായ വൈരക്കല്ലുകളല്ല. ഒരു വേദഗ്രന്ഥം എന്ന നിലക്ക് ഖുര്‍ആന്‍ മലയാള സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന അന്വേഷണം അതിനാല്‍, വെറും കണക്കെടുപ്പിനപ്പുറം ഖുര്‍ആനിന്റെ അപൂര്‍വ സൗന്ദര്യങ്ങളിലേക്കുള്ള വഴികാട്ടിയാവുകയാണ് വേണ്ടത്. അതിനുപയോഗിക്കാവുന്ന ചില നിരീക്ഷണങ്ങളാണ് ഈ ലേഖനം.
ഖുര്‍ആന്‍ ഭാഷയും പരിഭാഷയും
അല്ലാഹുവിന്റെ വചനമാണ് (കലാമുല്ലാഹി) ഖുര്‍ആന്‍. വചിക്കുന്നതെന്തോ അത് ഭാഷയാണ്. അറബിയാണ് ഖുര്‍ആന്റെ ഭാഷ. അറബി മനുഷ്യഭാഷയായതുകൊണ്ട് അല്ലാഹുവിന്റെ ഭാഷ മനുഷ്യന്റെ വചനത്തിലായി എന്നു മനസ്സിലാക്കാം. ഖുര്‍ആന്‍ അറബിഭാഷയില്‍ അവതരിപ്പിക്കപ്പെട്ടു എന്നല്ല, ഒരു മനുഷ്യഭാഷയില്‍ അവതരിക്കാനാകുംവിധം അല്ലാഹുവിന്റെ വചനങ്ങളെ അവന്‍ അറബിയിലേക്ക് പരുവപ്പെടുത്തിയെടുത്തു എന്നതാണ് ഖുര്‍ആന്റെതന്നെ സാക്ഷ്യം. അല്ലാഹുവിന്റെ കലാമിനെ ഉള്‍ക്കൊള്ളാനാകുംവിധം അറബിയും പരുവപ്പെട്ടിരിക്കണം. 'ഖുര്‍ആനുന്‍ അറബിയ്യുന്‍' എന്ന വിശേഷണത്തിന് (12: 2) അങ്ങനെയൊരര്‍ഥംകൂടിയുണ്ട്. ആശയങ്ങള്‍ പരസ്പരം ഗ്രഹിക്കാനുള്ള മനുഷ്യന്റെ ഉപാധിയാണല്ലോ ഭാഷ. മനുഷ്യന് ഗ്രഹിക്കാനാവുംവിധം അല്ലാഹുവിന്റെ വിശിഷ്ടവചനങ്ങളെ മാനുഷികമാക്കുക എന്ന നടപടിക്രമമാണത്. ''ഹാ, മീം. സുവ്യക്തമായ ഗ്രന്ഥവും. നിശ്ചയം, അതിനെ നാം അറബിയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു. നിങ്ങള്‍ ബോധമുള്ളവരായേക്കാമല്ലോ. തീര്‍ച്ചയായും, അത് ഉമ്മുല്‍ കിതാബിലായിരുന്നു. അത്യുന്നതവും ജ്ഞാനസമ്പന്നവുമാംവിധം'' (43: 3,4).
ഖുര്‍ആനിന്റെ സത്തയെതേടി യാത്രയാകുന്ന മലയാളമെഴുത്താളരുടെ മുന്നിലുള്ള മുഖ്യ പ്രതിബന്ധം അതിന്റെ ഭാഷതന്നെയാണ്, അല്ലെങ്കില്‍ പരിഭാഷകളാണ്. 'തര്‍ജമയിലൂടെ ചോര്‍ന്നുപോകുന്നതെന്തോ, അതാണ് കവിത' എന്ന ഉക്തി പ്രസിദ്ധമാണല്ലോ. തര്‍ജമയിലൂടെ ചോര്‍ന്നുപോയ ഖുര്‍ആനാണ് മലയാളത്തിലെ അനുവാചകര്‍ക്ക് ലഭിച്ചത്. ഖുര്‍ആന്റെ ആശയതലത്തെ ഏതാണ്ട് മുഴുവനായും ഉള്‍ക്കൊള്ളുന്ന മലയാള പരിഭാഷകള്‍ പലതും പല തരത്തിലും ലഭ്യമാണ്. ഖുര്‍ആനിന് മലയാളത്തിലുണ്ടായ ആദ്യ പരിഭാഷകളെക്കുറിച്ച് നടേ സൂചിപ്പിച്ചു. പിന്നീട്, കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടക്ക് പുറത്തിറങ്ങിയ ഖുര്‍ആന്‍ തര്‍ജമകളില്‍ വിവര്‍ത്തനവിവര്‍ത്തനങ്ങള്‍ മുതല്‍ കാവ്യവിവര്‍ത്തനങ്ങള്‍ വരെ ഉണ്ട്. മലയാള ലിപിയില്‍ അച്ചടിക്കപ്പെട്ട ആദ്യ ഖുര്‍ആന്‍ പരിഭാഷ ഒരു സര്‍ക്കാര്‍ ഉദ്യമമായിരുന്നു. 1963-ല്‍ കേന്ദ്രസര്‍ക്കാറിന്റെ ധനസഹായത്തോടെ സി. എന്‍ അഹ്മദ് മൗലവി നടത്തിയ ആ തര്‍ജമയാണ് മുസ്‌ലിംകളല്ലാത്ത ഖുര്‍ആന്‍ വായനക്കാരെ കാര്യമായി ആകര്‍ഷിച്ചത്. പൊതു മതേതര യുക്തികളെ തൃപ്തിപ്പെടുത്തുന്ന ആ തര്‍ജമയിലെ 'ആധുനിക' സമീപനങ്ങളോട് മുസ്‌ലിം സമൂഹത്തിനുണ്ടായ അതൃപ്തിയാണ് പിന്നീടുണ്ടായ തര്‍ജമകള്‍ക്കു മുഴുവന്‍ ഊര്‍ജം നല്‍കിയത് എന്നത് വസ്തുതയാണ്. അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുത്വ്ബിന്റെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ മലയാള തര്‍ജമയാണ് മലയാളത്തിലുണ്ടായ മൗലിക തര്‍ജമകളേക്കാള്‍ ഗുണംകൊണ്ട് മികച്ചുനിന്നത്. കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, മുഹമ്മദ് മുസ്‌ലിയാര്‍ പന്താവൂര്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, മുസ്ത്വഫല്‍ ഫൈസി, അബ്ദുല്‍ ഗഫാര്‍ മൗലവി, എ. അബ്ദുസ്സലാം സുല്ലമി, ടി.കെ ഉബൈദ് തുടങ്ങിയവരുടെ ശ്രമങ്ങളാല്‍ ഖുര്‍ആനെ പലരീതിയില്‍ വായിക്കാവുന്ന തര്‍ജമകളെക്കൊണ്ട് മുഖരിതമാണ് മലയാളം.
പക്ഷേ, ഖുര്‍ആനിന്റെ സൗന്ദര്യാംശങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍മാത്രം പ്രാപ്തിയുള്ള പരിഭാഷകള്‍ മലയാളത്തിലുണ്ടായിട്ടില്ല എന്നുതന്നെ പറയാം. കെ.ജി രാഘവന്‍ നായരുടെ 'അമൃതവാണി'യും (1997) കോന്നിയൂര്‍ രാഘവന്‍ നായരുടെ 'ദിവ്യദീപ്തി'യും (2000) ഖുര്‍ആനിന്റെ ആശയോല്‍ക്കര്‍ഷത്തെ മലയാള കാവ്യരൂപത്തിലേക്ക് ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളായിരുന്നു. കവിതയുടെ ചെടിച്ച പഴമകളെ അതേപടി നിലനിര്‍ത്തുകയും കാവ്യഭാഷയിലെ ഖുര്‍ആനിക സാധ്യതകളെ തീര്‍ത്തും നിരാകരിക്കുകയും ചെയ്തതാകയാല്‍ ആ സന്നദ്ധതകള്‍ പക്ഷേ, കേവലം പദ്യതര്‍ജമകളായി മാറി. അറബി മൂലവും ബ്രാക്കറ്റുകളുമില്ലാതെ ഖുര്‍ആന്‍ വായിച്ചുമനസ്സിലാക്കാവുന്ന ഒരു പരിഭാഷാശ്രമവും മലയാളത്തിലുണ്ടായിട്ടുണ്ട്. കുഞ്ഞിമുഹമ്മദ് പുലവത്തും വി. എസ് സലീമും ചേര്‍ന്നു നടത്തിയ ഈ തര്‍ജമയും (ഖുര്‍ആന്‍ മലയാളസാരം) ശൈഖ് മുഹമ്മദ് കാരകുന്നും വാണിദാസ് എളയാവൂരും ചേര്‍ന്നു നടത്തിയ തര്‍ജമയും (ഖുര്‍ആന്‍ ലളിതസാരം) മുഖ്യമായും ലക്ഷ്യംവെച്ചത് അറബിയറിയാത്ത വായനക്കാരെയാണ്. വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു കൃതിയുടെ പരിഭാഷ പൂര്‍ണമാകുന്നത് ലക്ഷ്യഭാഷയിലേക്ക് അതിന്റെ ഭാഷാപരമായ സൂക്ഷ്മസൗന്ദര്യങ്ങളെക്കൂടി പരമാവധി ആഗമിപ്പിക്കുമ്പോഴാണ്. 'സ്വാധീനിക്കപ്പെടാന്‍ മാത്രം സവിശേഷമായി ഖുര്‍ആനിലെന്തെങ്കിലുമുണ്ടെന്ന് തോന്നിയിട്ടില്ല' എന്ന് ചില എഴുത്തുകാരെങ്കിലും തുറന്നുപറയാന്‍ ഇടയാക്കിയത് അത്തരമൊരു പരിഭാഷ ലഭ്യമല്ലാത്തതുകൊണ്ടുകൂടി ആയിരിക്കണം. ഖുര്‍ആനെ സംബന്ധിച്ചേടത്തോളം അസാധ്യമെന്നുതന്നെ പറയാവുന്നത്രയും ഭാരിച്ച ആ ഉദ്യമത്തിന് രണ്ടു ഭാഷകളിലും അഗാധജ്ഞാനമുള്ള പരിഭാഷകരാണ് തയാറാകേണ്ടതും. മലയാളം ആ ഭാഗ്യത്തിന് ഇനിയും കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
ഖുര്‍ആന്‍ എന്ന കൃതി
ഖുര്‍ആനെക്കുറിച്ച് ഒരു കൃതി എന്നോ രചന എന്നോ പറയുന്നത് ഖുര്‍ആനോടുതന്നെയുള്ള അപമര്യാദയായേ ഇസ്‌ലാമിക വിശാസികള്‍ക്ക് തോന്നൂ. വിത്തില്‍നിന്ന് മുളച്ചുപൊന്തി പടര്‍ന്നു പന്തലിച്ച ഫലവൃക്ഷം പോലെയാണ് ഖുര്‍ആന്‍. അല്ലാഹു സ്വന്തം വചനത്തിനു നല്‍കുന്ന ഉപമയും അതുതന്നെ. ആകാശമോ കടലോ പോലെ അത് പ്രകൃതിയുടെ ഭാഗമാണ്. വെളിച്ചമോ കാറ്റോ പോലെ അത് സ്വയം നിഷേധിക്കുന്നവരില്‍നിന്നു മാത്രമേ തടയപ്പെടുകയുള്ളൂ. അത്തരമൊരു വസ്തുതയെ എങ്ങനെ മറ്റൊരു ഭാഷയുടെ പരിമിതികള്‍ക്കുള്ളിലേക്ക് പരിഭാഷപ്പെടുത്തും? ഖുര്‍ആന്‍ അവതീര്‍ണമാകാനുള്ള മാധ്യമം മാത്രമാണ് അവിടെ അറബിഭാഷ. അത് വഹിച്ചുകൊണ്ടുവരുന്ന ജിബ്‌രീല്‍ മാലാഖയെപ്പോലെ സവിശേഷമായൊരു മാധ്യമം. ഈ വസ്തുതയൊന്നുകൊണ്ടുമാത്രമാണ് ഖുര്‍ആനെപ്പോലെ മറ്റൊന്ന് മറ്റാര്‍ക്കും സൃഷ്ടിക്കാന്‍ കഴിയാതിരുന്നത്. പലവട്ടം അക്കാര്യത്തില്‍ അല്ലാഹു മനുഷ്യരെ മാത്രമല്ല, ജിന്നുകളെപ്പോലും വെല്ലുവിളിച്ചിട്ടുണ്ടല്ലോ (2:23, 17:88). അപ്പോള്‍, സ്വഭാഷയില്‍ അനുകരിക്കാനാകാത്തതും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനക്ഷമമല്ലാത്തതുമായ സൗകുമാരസത്ത ആവഹിക്കുന്ന ഒരു സൃഷ്ടി എങ്ങനെയാണ് അന്യഭാഷയിലുള്ള വ്യവഹാരങ്ങളെ സ്വാധീനിക്കുക എന്ന ചോദ്യത്തിനുള്ള മറുമൊഴി ആലോചിച്ചെടുക്കേണ്ടതുതന്നെ.
ഖുര്‍ആനെ അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത് അല്ലാഹുവിന്റെ അസ്തിത്വത്തിനും മൂഹമ്മദ് നബിയുടെ പ്രവാചകത്വത്തിനുമുള്ള മഹത്തായ ദൃഷ്ടാന്തമായാണ്. മറ്റേതൊരു മഹാപുരുഷന്മാരെയും പോലെ യുക്തിക്കതീതമായ മായാജാലപ്രകടനങ്ങള്‍ ധാരാളമായി നടത്തിക്കൊണ്ടല്ല മുഹമ്മദ് നബി സാധാരണ മനുഷ്യരില്‍നിന്ന് വേറിട്ടു നില്‍ക്കുന്നത്. ''അവര്‍ പറഞ്ഞു: ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല, മണ്ണില്‍നിന്ന് ഞങ്ങള്‍ക്കായി ഉറവയൊഴുക്കിത്തരും വരെ. അല്ലെങ്കില്‍ നിനക്കുണ്ടാവട്ടെ, ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടം. അതിനിടയിലൂടെ സമൃദ്ധമായൊഴുകും പുഴകള്‍. അല്ലെങ്കില്‍, നീയൊന്നു ജപിക്കുമ്പോഴേക്കും കഷ്ണം കഷ്ണമായി വീഴ്ത്തുക ആകാശത്തെ. അല്ലെങ്കില്‍, അല്ലാഹുവിനെയും മലക്കുകളെയും കൂട്ടംകൂട്ടമായി കൊണ്ടുവരട്ടെ. അല്ലെങ്കില്‍ നിനക്ക് പൊന്നിന്റെ വീടുണ്ടാകട്ടെ. അല്ലെങ്കില്‍ നീ മാനത്തേക്ക് കയറിപ്പോകട്ടെ. വായിക്കാവുന്ന ഒരു കിത്താബ് ഞങ്ങളിലേക്ക് ഇറക്കിത്തരും വരെ നിന്റെ ആ കയറ്റംപോലും ഞങ്ങള്‍ വിശ്വസിക്കുകയില്ല. മറുപടി പറയൂ... 'സുബ്ഹാന റബ്ബീ. മനുഷ്യനായ റസൂലല്ലേ ഞാന്‍?'' (17: 90-93).
അത്തരം അത്ഭുതകൃത്യങ്ങള്‍ പ്രവര്‍ത്തിക്കാത്ത മുഹമ്മദുര്‍റസൂലിന് നല്‍കപ്പെട്ട വഹ്‌യിലൂടെ മനുഷ്യരുടെ ഭാഷയില്‍ അവതീര്‍ണമായ ഖുര്‍ആന്‍ പക്ഷേ സ്വയമേവ അല്ലാഹുവിന്റെ അത്ഭുതകൃത്യ(ആയത്ത്)മാണ്. തെളിവ്, ദൃഷ്ടാന്തം, വചനം തുടങ്ങിയ അര്‍ഥങ്ങളിലാണ് പ്രധാനമായും 'ആയത്ത്' എന്ന പദം ഖുര്‍ആനില്‍ വരുന്നത്. അല്ലാഹുവിന്റെ അപരിമേയ ശക്തിപ്രതീകങ്ങളായ പ്രാകൃതിക പ്രതിഭാസങ്ങളാണ് അതിലൊന്ന്. അമ്പിയാക്കളുടെയും വലിയ്യുകളുടെയും അമാനുഷിക ചെയ്തികളാണ് മറ്റൊന്ന്. ഖുര്‍ആനിലെ വേറിട്ട വചനങ്ങളും ആയത്തുകള്‍തന്നെ. ഈ മൂന്ന് അര്‍ഥത്തിലും ഖുര്‍ആനില്‍ പ്രത്യക്ഷപ്പെടുന്ന ആയത്തുകളില്‍ പലതും വായിക്കുക/ വായിച്ചു കേള്‍പ്പിക്കുക എന്ന അര്‍ഥത്തിലുള്ള ക്രിയാപദങ്ങളോടു ചേര്‍ത്താണ് വ്യവഹരിക്കപ്പെടുന്നത്.
''അല്ലാഹുവെപ്പറ്റി അനുസ്മരിപ്പിക്കുമ്പോള്‍ ആരുടെ ഹൃദയം വിറക്കുന്നുവോ അവരേ വിശ്വാസികള്‍. അവന്റെ ആയത്തുകള്‍ വചിക്കുമ്പോള്‍ അവരുടെ വിശ്വാസം ഏറുന്നു. അവരുടെ റബ്ബില്‍ സകലം ഏല്‍പിക്കുകയും ചെയ്യുന്നു'' (8:2).
''ഇതാണ് അല്ലാഹുവിന്റെ ആയത്ത്. ഹഖുകൊണ്ട് അത് നിനക്ക് ഞാന്‍ ഓതിത്തരുന്നു. ഏതൊരു വചനത്തിലാണ്, അല്ലാഹുവിനും അവന്റെ ആയത്തിനുമപ്പുറം അവര്‍ വിശ്വസിക്കുക'' (45:6).
ഖുര്‍ആന്‍ അവതരണാരംഭത്തിലെ 'വായിക്കുക' എന്ന കല്‍പനയുമായി ഈ ആഹ്വാനങ്ങളെ ബന്ധിപ്പിക്കാനാകും. ഖുര്‍ആന്‍ എന്ന വാക്കിന്റെതന്നെ അര്‍ഥം 'വായിക്കപ്പെടുന്നത്' എന്നാണല്ലോ.
വായിച്ചു മനസ്സിലാക്കാവുന്ന ഈ ഖുര്‍ആന്‍ അക്ഷരങ്ങള്‍ക്കപ്പുറത്ത് പ്രപഞ്ചത്തിന്റെ അതിവിശാലതയിലേക്ക് എത്തിനില്‍ക്കുന്ന കണ്ണോട്ടങ്ങളെയെല്ലാം അതിന്റെ വായനയുടെ ഭാഗമായി കാണുന്നു എന്നര്‍ഥം. രണ്ടു ചട്ടകള്‍ക്കിടക്കുള്ള താളുകളിലെ അക്ഷരങ്ങള്‍ മാത്രമായി അവശേഷിക്കുന്ന വായന അറബിഭാഷ അറിയാവുന്നവരും അറിയാത്തവരും നടത്തിയേക്കാം. പരിഭാഷകളിലൂടെയുള്ള ഖുര്‍ആന്‍ അനുവചനം അതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ മലയാള സാഹിത്യത്തിലുള്ള സ്വാധീനം കേവലം അക്ഷരങ്ങളിലുള്ള സ്വാധീനം മാത്രമായി തെറ്റിദ്ധരിക്കപ്പെടുകയും അതിവിശാലമായ ആശയസൗന്ദര്യങ്ങളുടെ പ്രഭാവലയം മലയാള രചനാലോകത്തില്‍നിന്ന് അകലെയായിത്തീരുകയും ചെയ്തു.
ചില കണക്കെടുപ്പുകള്‍
ഇബ്‌റാഹീം ബേവിഞ്ചയുടെ ചില പഠനങ്ങള്‍ മലയാള സാഹിത്യത്തിലെ ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും സ്വാധീനത്തിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. വള്ളത്തോള്‍, ഉള്ളൂര്‍, പി. കുഞ്ഞിരാമന്‍ നായര്‍, എം.ടി തുടങ്ങിയ എഴുത്തുകാരുടെ രചനകളെയാണ് ഈ പഠനത്തിന് അദ്ദേഹം ആശ്രയിച്ചത്. ഇസ്‌ലാമികമോ ഖുര്‍ആനികമോ ആയ ചില പ്രമേയങ്ങളെ പരിപാലിച്ച കവിതകളും കഥകളുമാണ് അദ്ദേഹത്തിന്റെ പഠനവസ്തു. അതില്‍നിന്ന് അല്‍പംകൂടി മുന്നോട്ടു കടന്ന് ഖുര്‍ആനിന്റെ സത്താപരമായ സൗന്ദര്യാംശങ്ങളെ മലയാള സാഹിത്യം എത്ര സ്വീകരിച്ചു എന്ന അന്വേഷണമാണ് ഇനി നടക്കേണ്ടത്. വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.പി മുഹമ്മദ് എന്നിവരുടെ രചനകളില്‍ ഖുര്‍ആനിന്റെ സ്വാധീനമുണ്ടെന്ന് സമര്‍ഥിക്കുന്ന ചില സര്‍വകലാശാലാ പഠനപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്.
മലയാളികളുടെ നിത്യവ്യവഹാരത്തില്‍ തികച്ചും ഖുര്‍ആനികമെന്നു കരുതാവുന്ന പല വാക്കുകളും പ്രയോഗങ്ങളുമുണ്ട്. അതുപക്ഷേ, അവരിലേക്കെത്തിയത് ഖുര്‍ആനിലൂടെയല്ല, മറിച്ച് മുസ്‌ലികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. ഹൂറി, ഇബ്‌ലീസ്, ദുന്‍യാവ്, ഖിയാമത്ത് തുടങ്ങിയ അത്തരം ഏതാനും പദങ്ങള്‍ക്കു പിന്നിലുള്ള ആശയലോകം ഖുര്‍ആനിന്റേതുതന്നെ. എന്നാല്‍, ഖുര്‍ആന്‍ മലയാളത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന അന്വേഷണം വ്യാപരിക്കേണ്ടത് വേറെ തലത്തിലാണ്. ഖുര്‍ആനിന്റെ പ്രഭാഷണശൈലി, ആഖ്യാനമാതൃക, അലങ്കാരഭംഗി, ആശയസംഹിത എന്നിവയുടെ തണല്‍ വിരിച്ചുനില്‍ക്കുന്ന കൃതിയെ മാത്രമേ ഖുര്‍ആനിനാല്‍ സ്വാധീനിക്കപ്പെട്ടത് എന്ന് തീര്‍ത്തു പറയാനാവൂ. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന ചെറുനോവലില്‍ ഖുര്‍ആനിന്റെ അത്തരമൊരു സ്വാധീനം കണ്ടെടുക്കാവുന്നതാണ്. ലൗഹൂല്‍ മഹ്ഫൂള്, സിദ്‌റത്തുല്‍ മുന്‍തഹാ തുടങ്ങിയ പ്രയോഗസവിശേഷതകളും ഖുര്‍ആന്‍ മുന്നില്‍ വെക്കുന്ന പ്രപഞ്ചവീക്ഷണവും അതിശക്തമായി ആ കൃതി ആവിഷ്‌കരിക്കുന്നു.
ഖുര്‍ആനിന്റെ ആശയപരമായ സൗന്ദര്യത്തെ സര്‍ഗാത്മകരചനയില്‍ ആനയിക്കാന്‍ ശ്രമിച്ച മറ്റൊരു എഴുത്തുകാരനാണ് എന്‍.പി മുഹമ്മദ്. 'ദൈവത്തിന്റെ കണ്ണ്' എന്ന നോവലില്‍ ഇത് ഏറെ പ്രകടമാണ്. എന്‍.പി മുഹമ്മദും എം.ടിയും ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്' എന്ന നോവലിലെ ഓരോ അധ്യായവും ആരംഭിക്കുന്നത് ഒരു ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതും എന്‍.പിയുടെ ഉദ്യമമാകണം. ഹഫ്‌സയുടെ ഗദ്യ - പദ്യ രചനകളിലും ടി. ഉബൈദ്, യൂസുഫലി കേച്ചേരി, പി.ടി അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ കവിതകളിലും ഖുര്‍ആന്‍ ആന്തരശക്തിയായി വര്‍ത്തിക്കുന്നത് ചിലപ്പോഴെങ്കിലും കാണാം. കമലാ സുറയ്യ ഇസ്‌ലാം സ്വീകരിച്ച ശേഷമെഴുതിയ കവിതാകുറിപ്പുകളില്‍ ഖുര്‍ആന്റെ നേരിട്ടുള്ള സ്വാധീനം ഉണ്ട്. കെ.ടി സൂപ്പിയുടെയും വീരാന്‍കുട്ടിയുടെയും കവിതകളിലും ഇത്തരം ചില പൊടിപ്പുകളുണ്ട്. വിശദമായ പഠനം അര്‍ഹിക്കുന്ന നിരീക്ഷണങ്ങളാണിവ. മാപ്പിള - മുസ്‌ലിം സാമുദായിക സര്‍ഗാത്മക വ്യവഹാരങ്ങള്‍ മലയാള സാഹിത്യത്തിന്റെ വിശാലഭൂമിക്കു പുറത്താണ് എന്ന പൊതുബോധം ഈ കണക്കെടുപ്പുപഠനങ്ങളിലെല്ലാം ഏറക്കുറെ വര്‍ത്തിക്കുന്നുണ്ട്. എസ്.എ ജമീല്‍ മുതല്‍ യു.കെ അബൂസഹ്‌ല വരെയുള്ള ഒട്ടേറെ കവികളുടെ രചനകളില്‍ മാത്രമല്ല ആദര്‍ശലോകത്തില്‍ വരെ ഖുര്‍ആന്‍ നടത്തിയ രാസപ്രവര്‍ത്തനങ്ങളുടെ ഉല്‍പന്നമാണ് അവരുടെ കവിതകള്‍. അതുകൊണ്ടുതന്നെ അവരുടെ രചനകളില്‍ ഖുര്‍ആന്‍ നേരിട്ട് ഇടപെടുകയാണ് ചെയ്യുന്നത്. അതിന്റെ അളവും വ്യാപ്തിയും പഠിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്.
ആവിഷ്‌കാരത്തിലെ ഹഖും ഇഹ്‌സാനും
മനുഷ്യനോട് ചിന്തിക്കാന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നു ഖുര്‍ആന്‍. ചിന്തയുടെതന്നെ വിവിധ മട്ടുകള്‍ അഖ്ല്‍, ഫിക്ര്‍, ദിക്ര്‍ തുടങ്ങിയ വാക്കുകളിലൂടെ അല്ലാഹു ആവശ്യപ്പെടുന്നു. ചിന്തയുടെ ഉല്‍പന്നമാണ് സാഹിത്യം. അല്ലാഹുവിന്റെ വചനങ്ങള്‍ പ്രതിഭാവിലാസമുള്ള ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതോടെ സര്‍ഗാത്മകതയുടെ സുന്ദരലോകം അനാവൃതമാകേണ്ടതുണ്ട്.
അധ്യായക്രമമടക്കം ഖുര്‍ആനിന്റെ സകല സംവിധാനവും അല്ലാഹുതന്നെയാണ് നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ അതിന്റെ ആന്തരികപാഠങ്ങളെപ്പോലെത്തന്നെ ബാഹ്യക്രമീകരണവും ചിന്തനീയമാണ്. ഖുര്‍ആനിലെ കഥാഖ്യാനങ്ങളുടെ സംവിധാനഭംഗി ധാരാളം പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആധുനികവും ഉത്തരാധുനികവുമായ പല സാഹിത്യപ്രസ്ഥാനങ്ങളും ആഖ്യാനത്തിന്റെ ചിതറിയ ശൈലിക്ക് നല്‍കിയ രൂപഗുണം ഖുര്‍ആനിന്റെ ഓരോ അടരുകളിലും കാണാം. രേഖീയമല്ലാത്ത ആഖ്യാനങ്ങളുടെ വിന്യാസത്തില്‍ മാത്രമല്ല, കഥ എന്തിന് എന്ന കാര്യത്തിലും ഖുര്‍ആന്‍ നിലപാടുകളാവശ്യപ്പെടുന്നു. കഥയുടെ ഫലശ്രുതിക്കാണ് പ്രാധാന്യം. ഓരോ കഥയുടെയും ജീവിതപാഠം വ്യത്യസ്തമായിരിക്കുകയും ചെയ്യും. സംഭവങ്ങളുടെ ക്രമീകരണം, വസ്തുതാപരമായ വിവരങ്ങള്‍ എന്നിവയെ നിഷേധിക്കുകയും ഫലം, ആവശ്യം എന്നിവയില്‍ മാത്രം ഊന്നുകയും ചെയ്യുന്നതാണ് ഖുര്‍ആന്റെ കഥാഖ്യാനരീതി. ഒട്ടേറെ കഥകളടങ്ങിയ അധ്യായമാണ് സൂറഃ അല്‍കഹ്ഫ്. അതിന്റെ തുടക്കത്തിലെ ആയത്താണിത്: ''നാം നിനക്ക് അവരുടെ സംഭവകഥ പറഞ്ഞുതരാം, ഹഖോടുകൂടി''(18:13). കഥകളെ സൂചിപ്പിക്കുന്ന ഖിസ്സ്വ എന്ന പദവും സംഭവങ്ങളെ സൂചിപ്പിക്കുന്ന നബഅ് എന്ന പദവും പരമയാഥാര്‍ഥ്യത്തെ സൂചിപ്പിക്കുന്ന ഹഖ് എന്ന പദവുമായി ഇവിടെ ചേര്‍ത്തിരിക്കുന്നു. ഖുര്‍ആന്റെ കഥാഖ്യാനത്തിന്റെ മൂന്ന് ബന്ധങ്ങളാണിത്. മനുഷ്യ സമുദായത്തില്‍ സംഭവിച്ച ഒന്നിനെ കഥയുടെ ചാരുതയോടെ ഹഖോടുകൂടി ആഖ്യാനം ചെയ്യുക എന്നതാണ് ആ ത്രികോണബന്ധം.
ഒരു കഥ മുഴുവനായും വിവരിക്കുന്ന അപൂര്‍വ അധ്യായമാണ് സൂറഃ യൂസുഫ്. ''നിനക്ക് അത്യധികം ഇഹ്‌സാനോടുകൂടിയ കഥകള്‍ നാം ആഖ്യാനംചെയ്തു തരുന്നു. നിനക്ക് നാം വഹ്‌യായി നല്‍കിയ ഈ ഖുര്‍ആനിലൂടെ. അതിനുമുമ്പ് നീ അശ്രദ്ധരില്‍തന്നെയായിരുന്നു''(12:3). തുടര്‍ന്ന് നേരെ യൂസുഫ് നബിയുടെ ജീവിത കഥയിലേക്ക് കയറുകയാണ്. ഇഹ്‌സാന്‍ എന്ന ഖുര്‍ആനികാശയത്തിനാണ് ഈ കഥയില്‍ ഊന്നല്‍. സംഭവം നടന്ന സ്ഥലം, കാലം, വസ്തുതാപരമായ മറ്റു വിവരങ്ങള്‍ എന്നിവയൊന്നുമില്ലാത്ത ആഖ്യാനതന്ത്രം ഇതിലടക്കം എല്ലാ കഥാവതരണങ്ങളിലും ഖുര്‍ആന്‍ പാലിക്കുന്നു.
നേരത്തേ, മനുഷ്യര്‍ക്കുണ്ടാകണെമന്ന് അല്ലാഹു ആവശ്യപ്പെട്ട ചിന്ത, സര്‍ഗാത്മകമായ മനസ്സുകളെ പ്രചോദിപ്പിക്കേണ്ടത് രണ്ട് തലങ്ങളിലാണ് എന്ന് ഇതിനാല്‍ വ്യക്തമാകുന്നു. ഒന്നാമതായി, ഖുര്‍ആന്‍ പറഞ്ഞ കഥകള്‍ക്കുള്ളില്‍ വിട്ടുകളഞ്ഞ ഭാഗങ്ങളില്‍ പൂരിപ്പിക്കാനുള്ളത് ഏത് എന്ന അന്വേഷണം. രണ്ടാമതായി, ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഹഖ്, ഇഹ്‌സാന്‍ എന്നീ ലക്ഷ്യങ്ങളെ ആനുകാലികമായിക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിപുലപ്പെടുത്താവുന്നത് എന്ത് എന്ന ആലോചന. അഹ്മദ് ബഹ്ജതിന്റെ ഖുര്‍ആനിലെ ജന്തുകഥകള്‍ ഇത്തരമൊരു സ്വാധീനതക്ക് മികച്ച ഉദാഹരണമാണ്. മലയാളത്തില്‍ പക്ഷേ, മൗലികമായ അത്തരം രചനകള്‍ അധികമൊന്നും ഉണ്ടായിട്ടില്ല; സൂറഃ അല്‍കഹ്ഫിലെ ഗുഹാവാസികളുടെ കഥയെ ആസ്പദമാക്കിയ ചില നാടകരചനകള്‍, ചില കവിതകള്‍, ഏതാനും ചെറുകഥകള്‍ എന്നിവയല്ലാതെ. മാപ്പിള കവികള്‍ രചിച്ച നൂറുകണക്കിന് ഗാനങ്ങള്‍ ഖുര്‍ആനിലെ വിവിധ കഥാസന്ദര്‍ഭങ്ങളെ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അക്കൂട്ടരില്‍ ഹഖ്, ഇഹ്‌സാന്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ഗാത്മകമായി അതിനെ പുനര്‍രചിച്ചത് യു.കെ അബൂസഹ്‌ല മാത്രമാണെന്നു പറയാം. 'മൂസാനബിയും ഫിര്‍ഔനും', 'നൂഹ് നബിയും സമുദായവും' എന്നീ ഗാനസമാഹാരങ്ങളെ അങ്ങനെ നിരൂപണം നടത്തേണ്ടതുണ്ട്.
ഒരു മാതൃകക്ക്, 'മൂസാനബിയും ഫിര്‍ഔനും' എന്ന കാവ്യത്തിലെ ഒരു പ്രഭാഷണത്തില്‍ മൂസാനബി പറയുന്ന ചില കാര്യങ്ങള്‍ ഇതാ:
അടിമപ്പെടാനര്‍ഹന്‍ ഫിറ്ഔനല്ലാ / ഉടയോനൊഴിച്ചാര്‍ക്കും അത് പാടില്ലാ...
കാണാം നമുക്ക് ഈ സമുദായത്തില്‍
സ്ഥാനം വഹിക്കുന്നോര്‍ അധികാരത്തില്‍
പേരിന്നൊരുദ്യോഗം ലഭിച്ചാല്‍ പിന്നെ /കൂറ് ഫറോവക്ക് പണയം തന്നെ (ഗാനം 21).
ഇതിലെ അധികാരം, ഉദ്യോഗം, കൂറ് എന്നീ വാക്കുകളുടെ തെരഞ്ഞെടുപ്പ് അതെഴുതിയ കാലത്തെ രാഷ്ട്രീയബോധം നല്‍കിയ ചിന്തകളുടെ ഫലമാണ്. മൂസാനബിയുടെ ജീവിതത്തിലെ സവിശേഷമായ ഒരു സന്ദര്‍ഭത്തെ ആവിഷ്‌കരിക്കുന്ന ആ ഗാനത്തിലെ ഹഖും ഇഹ്‌സാനും അതാണ്. ഈ രീതിയില്‍, ആശയത്തിലടക്കം ഖുര്‍ആനിന്റെ അത്യുദാരസൗന്ദര്യങ്ങള്‍ ആധുനികാനന്തര മലയാളസാഹിത്യത്തെ സ്വാധീനിക്കുംവിധം എഴുത്താളരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതാണ് ഈ അന്വേഷണത്തിന്റെ ഫലശ്രുതി.
പിന്‍വാതില്‍
സി. വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ ബൈബിളിന്റെ തുടര്‍ച്ചയാണോ എന്നുപോലും തോന്നിപ്പോകും. ആഖ്യാനത്തിലെ സൂക്ഷ്മമായ സ്വാധീനം അതാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളില്‍ ബൈബിള്‍ ബിംബങ്ങളുടെ ശക്തമായ സാന്നിധ്യം കാണും. അത്തരമൊരു രീതിയില്‍ ഖുര്‍ആന്‍ മലയാളസാഹിത്യത്തോട് ഇണങ്ങാത്തതെന്ത് എന്ന ചോദ്യം ഇനിയും പ്രസക്തം തന്നെ. അതിന്റെ കുറ്റം മുസ്‌ലിംകളുടെയും ഖുര്‍ആനിന്റെയും തലയിലിട്ടു കൈകഴുകുന്നതിനുമുമ്പ് ചില മറുചിന്തകളും ആകാം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പരിമിതമായ ഉള്‍ക്കൊള്ളല്‍ ശേഷിതന്നെയാണ് പ്രധാനകാരണം. ഇടുങ്ങിയ ബോധതലങ്ങളും സവര്‍ണാധികാരത്തിന്റെ നുകബന്ധനങ്ങളില്‍നിന്ന് ഇനിയും ഊരി രക്ഷപ്പെടാനാവാത്ത ആസ്വാദനശീലങ്ങളുമാണ് അത്തരമൊരു ശൂന്യത മലയാളഭാഷക്കും സാഹിത്യത്തിനും വരുത്തിവെച്ചത് എന്ന മറുവാദം തീര്‍ത്തും അവഗണിക്കാവതല്ല.
Comments