പ്രമാണ വായനയുടെ പ്രയോഗ പാഠങ്ങള്‍
'അസ്ഥാനത്ത് ഉദ്ധരിക്കപ്പെട്ട സത്യവചനം' -അലിയ്യുബ്‌നു അബീത്വാലിബിന്റെ ചരിത്രപ്രസിദ്ധമായ ഒരു പ്രസ്താവമാണിത്.1 മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെ വധത്തില്‍ കലാശിച്ച ആഭ്യന്തര കലാപം. അതിന്റെ തുടര്‍ച്ചയില്‍ അലിയ്യുബ്‌നു അബീത്വാലിബിനും മുആവിയത്തുബ്‌നു അബീസുഫ്‌യാന്നും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷം സ്വിഫ്ഫീനിലെ സായുധ സംഘട്ടനത്തിലെത്തി. പ്രശ്‌നപരിഹാരാര്‍ഥം അബൂമൂസല്‍ അശ്അരിയും അംറുബ്‌നുല്‍ ആസ്വും ഇടപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനം പ്രഖ്യാപിക്കപ്പെട്ടു.2 മനുഷ്യരായ മധ്യസ്ഥരുടെ തീരുമാനം അംഗീകരിക്കുന്നത്, വിധികര്‍തൃത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണെന്ന ഖുര്‍ആനിക പ്രഖ്യാപനത്തിന് വിരുദ്ധമാണെന്ന് അലിപക്ഷത്തുണ്ടായിരുന്നവരില്‍ ഒരു വിഭാഗം വാദിച്ചു. അലിക്കെതിരെ രംഗത്തുവന്ന അവര്‍ വിമതര്‍/ കലാപകാരികള്‍ (ഖവാരിജ്) എന്ന് അറിയപ്പെട്ടു. അല്ലാഹുവിന് പകരം, മനുഷ്യരെ വിധികര്‍ത്താവായി അംഗീകരിക്കുക വഴി അലി ഇസ്‌ലാമില്‍നിന്ന് പുറത്തായെന്നും അവര്‍ പ്രഖ്യാപിച്ചു. 'വിധികര്‍തൃത്വം അല്ലാഹുവിന് മാത്രം' എന്ന ഖുര്‍ആന്‍ സൂക്തമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.3 തദവസരത്തിലാണ് അലിയുടെ വിഖ്യാതമായ പ്രസ്താവന വരുന്നത്.
ഖവാരിജ് ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യം സത്യമായിരുന്നു. പക്ഷേ, അവര്‍ മനസ്സിലാക്കിയ അര്‍ഥം, ഉദ്ധരിച്ച സന്ദര്‍ഭം, ഉദ്ദേശിച്ച ആശയം, തദടിസ്ഥാനത്തില്‍ സ്വീകരിച്ച നിലപാട് തുടങ്ങിയവ തെറ്റായിരുന്നു. വിശ്വാസത്തില്‍ പിഴച്ചുവെന്ന് ആരോപിച്ച് മുസ്‌ലിംകളില്‍ ഒരു വിഭാഗത്തെ ഇസ്‌ലാമില്‍നിന്ന് ഭ്രഷ്ടരാക്കല്‍ (തക്ഫീര്‍), അലിയുടെ ദാരുണ വധം, വലിയൊരു ചരിത്രഘട്ടം മുഴുവന്‍ മുസ്‌ലിം ലോകത്തെ സംഘര്‍ഷഭരിതമാക്കിയ ഖവാരിജിന്റെ പിറവി, അതുണ്ടാക്കിയ ആഭ്യന്തര ശൈഥില്യം, നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷവും മുസ്‌ലിംകളില്‍ ചിലര്‍ പരസ്പരം നടത്തുന്ന ഖവാരിജ് ആരോപണങ്ങള്‍, വിവാദങ്ങള്‍.... ഇങ്ങനെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നിട്ട ഖവാരിജ് സംഭവത്തിന്റെ മുഖ്യകാരണം ഖുര്‍ആന്‍ സൂക്തത്തെ തെറ്റായി മനസ്സിലാക്കിയതും അസ്ഥാനത്ത് ഉദ്ധരിച്ചതുമാണ്. ഖുര്‍ആന്‍ ഓതി കലാപമുണ്ടാക്കുകയും അലിയെ വധിക്കുകയും ചെയ്തു എന്ന് പറയാവുന്ന വിധത്തിലാണ് കാര്യങ്ങള്‍ നടന്നത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന പിഴവുകളും വ്യാഖ്യാനിക്കുന്നതിലും പ്രയോഗവത്കരിക്കുന്നതിലും വരുന്ന പാളിച്ചകളും എത്ര വലിയ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് ഖവാരിജ് സംഭവം.
ആത്മീയതയെ സംബന്ധിച്ച അബദ്ധ ധാരണകള്‍ രൂപപ്പെടുത്തുന്നതിലും പ്രമാണവായനയിലെ പിഴവുകള്‍ക്ക് വലിയ പങ്കുണ്ട്. സമൂഹത്തില്‍നിന്ന് അകന്നുനിന്ന്, ആത്മീയ മോക്ഷത്തിന്റെ വ്യക്തിനിഷ്ഠമായ വഴികള്‍ തേടാന്‍ ശ്രമിച്ചവരെ ഖലീഫ അബൂബക്ര്‍ സിദ്ദീഖ് തിരുത്തിയത് തെറ്റായ പ്രമാണവായനയെക്കുറിച്ച് താക്കീത് ചെയ്തുകൊണ്ടാണ്. സമൂഹത്തില്‍ പടരുന്ന തിന്മകള്‍ തടയാന്‍ ശ്രമിക്കാതെ, അതില്‍നിന്ന് മാറി സ്വന്തം വിശ്വാസവും ഭക്തിയും സുരക്ഷിതമാക്കി രക്ഷപ്പെടാന്‍ വേണ്ടി ഏകാന്തവാസത്തിലേക്ക് വഴിമാറാന്‍ തുനിഞ്ഞ ചിലര്‍ അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലത്തുണ്ടായിരുന്നു. 'സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുക. മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിങ്ങള്‍ക്കൊരു ദോഷവും ചെയ്യുകയില്ല. നിങ്ങള്‍ സ്വയം സന്മാര്‍ഗത്തിലാണെങ്കില്‍' എന്ന ഖുര്‍ആന്‍ സൂക്തമാണ്4 അവര്‍ പ്രമാണമാക്കിയത്. ആയത്ത് സത്യമാണ്. പക്ഷേ, അവര്‍ മനസ്സിലാക്കിയതും ഉദ്ദേശിച്ചതും തെറ്റായിരുന്നു. 'നിങ്ങള്‍ ഈ സൂക്തം അസ്ഥാനത്താണ് ഉദ്ധരിച്ചിരിക്കുന്നത്. തിന്മ കണ്ടിട്ടും ജനം അത് തടയുന്നില്ലെങ്കില്‍ എല്ലാവരെയും പൊതുവായി ബാധിക്കുന്ന ശിക്ഷ അല്ലാഹു ഇറക്കിയേക്കും എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്' എന്നായിരുന്നു അബൂബക്ര്‍ സിദ്ദീഖിന്റെ തിരുത്ത്.5 അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂസഅ്‌ലബ തുടങ്ങിയ സ്വഹാബിമാരും ഇതേ ആശയങ്ങളാല്‍ അവരെ തിരുത്തുകയുണ്ടായി. മറ്റൊരു പശ്ചാത്തലത്തില്‍ അവതരിച്ച ആയത്ത് അതിനു യോജിക്കാത്ത സന്ദര്‍ഭത്തില്‍ ഉപയോഗിക്കുകയായിരുന്നു അവര്‍. സമൂഹത്തിലെ തിന്മകള്‍ തടയുകയെന്ന സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കല്‍ സ്വയം സന്മാര്‍ഗത്തിലാകുന്നതിന്റെ ഭാഗമാണെന്നും അവര്‍ ചിന്തിച്ചില്ല. അവര്‍ മനസ്സിലാക്കിയതാണ് ഇതിന്റെ അര്‍ഥമെങ്കില്‍ മറ്റു പല ആയത്തുകളെയും അത് റദ്ദ് ചെയ്യും. 'നിങ്ങള്‍ ഈ സൂക്തം ഉപയോഗിച്ചത് അനവസരത്തിലാണ്' എന്ന അബൂബക്ര്‍ സിദ്ദീഖിന്റെ പ്രഖ്യാപനമാണ് ഇവിടെ അടിവരയിടേണ്ടത്.
തെറ്റായ പ്രമാണവായനയുടെ വ്യത്യസ്തമായ രണ്ട് മുഖങ്ങളാണ് രണ്ട് സംഭവങ്ങളിലും നാം കാണുന്നത്. അധികാര രാഷ്ട്രീയം, മതഭ്രഷ്ട്, സായുധ കലാപം എന്നിവയുമായാണ് ഖവാരിജ് സംഭവം ബന്ധപ്പെട്ടുകിടക്കുന്നതെങ്കില്‍, സാമൂഹിക നിരാകരണസ്വഭാവമുള്ള ആത്മീയ അതിവാദമാണ് രണ്ടാമത്തേത്. ഇസ്‌ലാമിക പ്രമാണങ്ങളുടെ തെറ്റായ വായന ഒന്നാം ഖലീഫയുടെയും ആദ്യകാല സ്വഹാബിമാരുടെയും കാലത്തുതന്നെ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നതിന്റെ സാക്ഷ്യമാണിവ. വ്യക്തികളിലോ സംഘങ്ങളിലോ പരിമിതപ്പെടാത്ത സാമൂഹിക പ്രത്യാഘാതങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും തെറ്റായ പ്രമാണവായനയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ പ്രമാണവായനയുടെ ശരിയായ രീതിശാസ്ത്രം സൂക്ഷ്മതയോടെ അവലംബിക്കാന്‍ ഇസ്‌ലാമിക സമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പതിനാല് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകം പ്രമാണവായനയെ സഗൗരവം പരിഗണിച്ചതിന്റെ ചരിത്രവും പ്രാധാന്യവും നാം മനസ്സിലാക്കണം. ഖുര്‍ആനും സുന്നത്തും പഠിച്ചു മനസ്സിലാക്കിയാല്‍ മാത്രം പോരാ, ആ മനസ്സിലാക്കല്‍ ശരിയായ വിധത്തിലായിരിക്കുകയും വേണമെന്ന് ഇസ്‌ലാമിന് കണിശതയുണ്ട്. അതില്‍ അബദ്ധമോ വൈകല്യമോ ഇടര്‍ച്ചയോ സംഭവിക്കാവതല്ല.
പ്രമാണം, വായന
'നസ്സ്വ്' എന്ന അറബിപദത്തെയാണ് 'പ്രമാണം' എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പാഠം എന്ന വാക്കും ചേരും. സ്പഷ്ടമായത്, രേഖ, വിധി, നിബന്ധന, വാചകം തുടങ്ങിയ അര്‍ഥങ്ങളില്‍ 'നസ്സ്വ്' ഉപയോഗിക്കാം. ടെക്‌സ്റ്റ് (Text) ആണ് സമാനാര്‍ഥമുള്ള ഇംഗ്ലീഷ് പദം. പ്രാമാണികമായി പ്രസ്താവിക്കുക, സിദ്ധാന്തം വിശദീകരിക്കുക തുടങ്ങിയ അര്‍ഥങ്ങളുള്ള 'Enunciation' നസ്സ്വിന് ഉപയോഗിക്കാറുള്ള മറ്റൊരു ഇംഗ്ലീഷ് വാക്കാണ്. നസ്സ്വ് അദബി (സാഹിത്യ വിവരണം), നസ്സ്വ് ഇല്‍മി (വൈജ്ഞാനിക രേഖ), നസ്സ്വ് ഫല്‍സഫി (തത്ത്വശാസ്ത്ര പ്രമാണം) തുടങ്ങിയ പ്രയോഗങ്ങള്‍ അറബി ഭാഷയിലുണ്ട്. 'നസ്സ്വ് ശര്‍ഈ' എന്നാല്‍ നിയമപരമായ പ്രമാണമെന്നര്‍ഥം. ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ നിദാന ശാസ്ത്രകാരന്മാരും (ഉസ്വൂലിയ്യൂന്‍) കര്‍മശാസ്ത്രകാരന്മാരും (ഫുഖഹാഅ്) നസ്സ്വ് എന്നു മാത്രം പ്രയോഗിച്ചാലും ഉദ്ദേശ്യം ഖുര്‍ആനും സുന്നത്തും തന്നെ. ഇസ്‌ലാമിക രചനകളില്‍ ഇത് സുവിദിതമാണ്. ഈ പഠനത്തില്‍ പ്രമാണങ്ങള്‍/ പാഠം/ നസ്സ്വ്/ ടെക്സ്റ്റ് എന്നീ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തുമാണ് ഉദ്ദേശ്യം.
വായന ഒരു സംജ്ഞയാണ്; വിശാലമായ അര്‍ഥതലങ്ങള്‍ അതിനുണ്ട്. അക്ഷരങ്ങളിലേക്ക് കണ്ണയച്ച്, ചുണ്ടുകളും നാവും ചേര്‍ത്ത് ശബ്ദമാക്കി അവയെ പുറത്തുവിടുന്നത് വായനയുടെ പ്രാഥമികാര്‍ഥം മാത്രമാണ്. അക്ഷരങ്ങളെ ആശയങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യലാണ് യഥാര്‍ഥ വായന. വാക്യങ്ങളുടെ കാഴ്ചയില്‍നിന്ന് മൂല്യവത്തായ കാഴ്ചപ്പാടുകളിലേക്കുള്ള വളര്‍ച്ചയായി വായന അനുവാചകരുടെ അകം നിറക്കണം. പ്രചോദിപ്പിക്കുന്നത്, ആവേശം കൊള്ളിക്കുന്നത്, ചിന്തിപ്പിക്കുന്നത്... വായന പലവിധത്തിലുണ്ട്. വ്യക്തി, സമൂഹം, കാലം, ലോകം, മനസ്സ് തുടങ്ങിയവ മാറുന്നതിനനുസരിച്ച് വായനയുടെ തോതും മാനവും മാറും. വായനക്ക് അഞ്ച് കോഡുകള്‍ നിശ്ചയിച്ചിട്ടുണ്ട് ചില ചിന്തകന്മാര്‍; പ്രോരറ്റിക് കോഡ്, ഹെര്‍മന്യൂടിക് കോഡ്, കള്‍ച്ചറല്‍ കോഡ്, സെമിക് കോഡ്, സിംബോളിക് കോഡ്. ഓരോ വായനക്കാരനും കൃതിയെ, രചനയെ സമീപിക്കുന്നത് അതിന്റേതായ ഫ്രെയ്മുകളിലൂടെയായിരിക്കും. കൃതിയിലെ ആശയങ്ങള്‍ സ്വീകരിക്കുന്നതും കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതും നിലപാടുകളെടുക്കുന്നതുമൊക്കെ ഈ ഫ്രെയ്മുകള്‍ ആധാരമാക്കിയാണ്. സാധാരണ സാഹിത്യ സൃഷ്ടികളെയും വൈജ്ഞാനിക രചനകളെയും സംബന്ധിച്ച് ഇത് ശരിയാണെങ്കില്‍ ഇസ്‌ലാമിക പ്രമാണങ്ങളെ സംബന്ധിച്ച് ഇത് കൂടുതല്‍ ശരിയാണ്. ഓരോ വ്യക്തിയും കൂട്ടായ്മയും തങ്ങളുടേതായ ഫ്രെയ്മുകളിലൂടെ പ്രമാണങ്ങളെ വായിക്കുമ്പോള്‍ എത്തിപ്പെടുന്ന നിലപാടുകള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ പ്രമാണവായനക്ക് സോദ്ദേശ്യപരവും കൃത്യവുമായ ഫ്രെയ്മുകള്‍ നിശ്ചയിക്കപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെ സംബന്ധിച്ച് അത് വ്യക്തവും വൈജ്ഞാനിക വൈപുല്യമുള്ളതുമാണ്.
ശരീരം, ബുദ്ധി, വിവേകം, വികാരം എന്നിവ ആവശ്യമായ അളവില്‍ സമന്വയിപ്പിച്ചുകൊണ്ടാണ് വായന നടക്കേണ്ടത്. അതിന് ഭംഗം വന്നാല്‍ വായനയുടെ താളം തെറ്റും. ഉദ്ദേശ്യം (Purpose), തെരഞ്ഞെടുക്കല്‍ (Selection), സന്ദര്‍ഭാനുസാരമുള്ള അര്‍ഥഗ്രാഹ്യത (Contextual Understanding), സമീപനം (Strategies) എന്നിവ ഉത്തമ വായനയുടെ ഉപാധികളാണ്. ശരിയായ വായനയെക്കുറിച്ച ഈ പൊതു മാനദണ്ഡങ്ങള്‍ പാലിക്കാത്ത വായനകളെ വക്രവായന, അധമ വായന, അപവായന, പ്രതിവായന തുടങ്ങിയവയില്‍ ഉള്‍പ്പെടുത്താം. പ്രയോജനരഹിതം മാത്രമല്ല, ചിലപ്പോള്‍ അപകടകരവും കൂടിയായിത്തീരും അത്തരം വായനകള്‍. പ്രമാണവായനയുടെ വിഷയത്തില്‍ ഇത്തരം അപഥസഞ്ചാരങ്ങള്‍ സംഭവിക്കാറുണ്ട്.
രണ്ട് ആത്യന്തികതകള്‍
ഇസ്‌ലാമിക പ്രമാണങ്ങളെ എങ്ങനെ സമീപിക്കണം, വായനയുടെ രീതിയെന്ത്, നിയമനിര്‍മാണത്തിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെ? ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കണം, ലംഘിക്കരുത്, വീഴ്ച്ച വരുത്തരുത് എന്നതില്‍ കണിശതയും ചിലപ്പോള്‍ കാര്‍ക്കശ്യവും പുലര്‍ത്തുന്നവര്‍ ഈ ചോദ്യങ്ങളെ എത്രമാത്രം അഭിമുഖീകരിച്ചിട്ടുണ്ട്!? ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താതെ ഖുര്‍ആനും സുന്നത്തും യഥാവിധി മനസ്സിലാക്കാന്‍ കഴിയില്ല. ഇസ്‌ലാമിക പ്രമാണങ്ങളെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ ഒരുവശത്ത് അരോചകമായിത്തീരുന്ന അവസ്ഥാവിശേഷം ഇന്ന് വന്നുപെട്ടിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ജീവിതം പ്രമാണബദ്ധമാക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ചകള്‍ വരണ്ടതും ഇടുങ്ങിയതുമായ ഒരു തലത്തിലേക്ക് ഇസ്‌ലാമിനെ ചുരുക്കുന്നതും വികാസത്തിന് വിഘാതമാകുന്നതുമാണെന്ന് ചിലരെങ്കിലും ധരിക്കുന്നു. പ്രമാണവായനയിലെ പലതരം പിഴവുകളും അത് അവതരിപ്പിക്കുന്നതില്‍ സംഭവിക്കുന്ന വൈകല്യങ്ങളുമാണ് ഇതിനു കാരണം. യഥാര്‍ഥത്തില്‍ പ്രമാണങ്ങള്‍ മുറുകെ പിടിക്കണമെന്നത് ഒരു പിന്തിരിപ്പന്‍ നിലപാടല്ല, ആദര്‍ശപരമായ ബാധ്യതയും വികാസക്ഷമതയുമാണത്. പ്രമാണങ്ങള്‍ വലിയൊരു സാധ്യതയാണ്; എത്രയും ഉയര്‍ന്നുപോകാന്‍ സഹായിക്കുന്ന അടിത്തറയായി അവയെ സ്വീകരിക്കുകയും എത്ര വിശാലതയിലേക്കും വികസിക്കാവുന്ന ഒരു പ്രതലമായി അവയെ മനസ്സിലാക്കുകയും ചെയ്താല്‍. പക്ഷേ, പ്രമാണങ്ങളെ എങ്ങനെ വായിക്കുന്നു എന്നതുതന്നെയാണ് മുഖ്യം.
രണ്ട് ആത്യന്തികതകളാണ് പ്രമാണവായനയില്‍ പൊതുവെ സംഭവിക്കാറുള്ളത്. പ്രമാണങ്ങള്‍ പിന്തുടരുകയെന്ന പേരില്‍ ഖുര്‍ആന്റെയും ഹദീസിന്റെയും അക്ഷരവായന നടത്തുക, പൂര്‍വിക പണ്ഡിതന്മാരുടെ കിതാബുകളും നിലപാടുകളും അപ്പടി പിന്തുടരുക, പൗരാണിക ഇബാറത്തുകളുടെ തടവറയില്‍ കഴിയുക, സംഭവലോകത്തെ യാഥാര്‍ഥ്യങ്ങളെ ഗൗനിക്കാതിരിക്കുക തുടങ്ങിയവയാണ് ഒന്നാമത്തേത്. കാര്‍ക്കശ്യത്തോടെയുള്ള ഇത്തരമൊരു പ്രമാണവാദത്തിന്റെ മറുവശത്താണ് ഉദാരവത്കരണം എന്ന് വിശേഷിപ്പിക്കാവുന്ന നവീകരണചിന്ത നിലകൊള്ളുന്നത്. ഖുര്‍ആനും ഹദീസും യഥേഷ്ടം വ്യാഖ്യാനിക്കുക, ആയത്തും ഹദീസും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് പുരോഗമന/മതേതര വാദങ്ങള്‍ക്കനുസൃതമായി അവതരിപ്പിക്കുക, പഴയകാല പണ്ഡിതന്മാരുടെ (സലഫ്) വ്യാഖ്യാനങ്ങളെയും കിതാബുകളെയും പൂര്‍ണമായും തള്ളിപ്പറയുക, പ്രമാണങ്ങള്‍ മുറുകെ പിടിക്കണമെന്ന് പറയുന്നവരെ പരിഹാസോക്തികളോടെ വിമര്‍ശിക്കുക തുടങ്ങിയവയാണ് രണ്ടാമത്തെ ആത്യന്തിക നിലപാടിന്റെ അടയാളങ്ങള്‍. ഈ രണ്ട് ആത്യന്തികതകള്‍ക്കുമിടയിലെ മധ്യമ നിലപാടാണ് പ്രമാണബദ്ധവും പൂര്‍വിക മാതൃകയും. പ്രമാണങ്ങളെയും പൈതൃകങ്ങളെയും സമന്വയിപ്പിക്കുകയാണ് ഓരോ കാലത്തും പുതിയ കാലത്തും പണ്ഡിതശ്രേഷ്ഠരും നവോത്ഥാന
നായകരും ചെയ്തത്. പൂര്‍വിക പണ്ഡിതന്മാര്‍ മുന്‍ഗാമികളെ അന്ധമായി അനുകരിക്കുകയോ പൂര്‍ണമായി തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ആധുനിക ഇസ്‌ലാമിക നവോത്ഥാന നായകന്മാരും പ്രസ്ഥാനങ്ങളും ചെയ്തതും അതുതന്നെ. പ്രമാണങ്ങളെ അടിത്തറയാക്കിയും പൈതൃകത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ചും, പുതിയ കാലത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിച്ചും സംവദിച്ചും എഴുന്നേറ്റു നിന്നപ്പോഴാണ് അവര്‍ നവോത്ഥാന(തജ്ദീദി) നായകരും പ്രസ്ഥാനങ്ങളുമായത്. ഈ ചരിത്രദൗത്യം തന്മയത്വത്തോടെ നിര്‍വഹിക്കാന്‍ കഴിയുന്ന ജ്ഞാനധീരരുടെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല.
ആത്മാവും ശരീരവും
നസ്സ്വിന് രണ്ട് ഭാഗങ്ങളുണ്ട്; ആത്മാവും ശരീരവും. നമുക്ക് ദൃഷ്ടിഗോചരമായ അക്ഷരക്കൂട്ടുകളാണ് നസ്സ്വിന്റെ ശരീരം. അവ ഉള്‍വഹിക്കുന്ന ആശയങ്ങളാണ് നസ്സ്വിന്റെ ആത്മാവ്. ബാഹ്യം (ളാഹിര്‍), ആന്തരികം (ബാത്വിന്‍) എന്നിങ്ങനെ ഇത് വിശേഷിപ്പിക്കപ്പെടുന്നു. ശരീരത്തെ മാറ്റിനിര്‍ത്തി ആത്മാവിനെയോ, ആത്മാവിനെ അവഗണിച്ച് ശരീരത്തെ മാത്രമോ സ്വീകരിക്കാനാവില്ല. ഒന്നിനു മാത്രമായി സംഭവലോകത്ത് നിലനില്‍പുമില്ല. ഇപ്രകാരമാണ് നസ്സ്വ്. ആത്മാവും ശരീരവും ചേര്‍ത്തുകൊണ്ടാണ്, ബാഹ്യവും ആന്തരികവുമായ ഘടകങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടാണ് നസ്സ്വിനെ വായിക്കേണ്ടത്. ഒന്ന് ഒന്നിന്റെ പൂരകമാണ്; ഒന്നും മറ്റൊന്നും എന്ന് വേര്‍പ്പെടുത്തി പറയാന്‍ കഴിയാത്തവിധം. ആശയതലം പരിഗണിക്കാത്ത അക്ഷരവായനയും ആന്തരികവശം നോക്കാത്ത ബാഹ്യാര്‍ഥ സ്വീകരണവും നസ്സ്വിനോട് ചെയ്യുന്ന അനീതിയാണ്. ബാഹ്യാര്‍ഥത്തിന് തീര്‍ത്തും വിരുദ്ധമായ ആശയ വ്യാഖ്യാനവും പ്രമാണസത്തക്ക് എതിരായിത്തീരും. ഇത്തരം വൈകല്യങ്ങളും വൈരുധ്യങ്ങളും മറികടക്കുന്നതാകണം ശരിയായ പ്രമാണവായന. പത്രം, കഥ, നോവല്‍, ഡിക്ഷണറി, പാഠപുസ്തകങ്ങള്‍, പരസ്യം തുടങ്ങിയവയുടെ വായനകളില്‍നിന്നെല്ലാം പല തലങ്ങളില്‍ വ്യത്യസ്തമാണ് പ്രമാണവായന. കവിഞ്ഞ സൂക്ഷ്മത ആവശ്യമുള്ളൊരു സാധനയാണത്.
ഖുര്‍ആന്‍-സുന്നത്ത് എന്നിവയെ മുന്‍നിര്‍ത്തി പ്രമാണവായന എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ഥം ഏറെ വിപുലപ്പെടുന്നു. ആശയഗ്രാഹ്യത, ചിന്ത, ഗവേഷണം, നിയമനിര്‍ധാരണം, നിലപാട് രൂപീകരണം തുടങ്ങിയവയെല്ലാം പ്രമാണവായനയുടെ ഭാഗമായി വരുന്നു. ചിന്തയില്‍നിന്ന് വേര്‍പ്പെടുത്തിയ പ്രമാണവായനയില്ല. ജീവിതവുമായി, സംഭവലോകവുമായി പ്രമാണങ്ങളെ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് വായന. ടെക്സ്റ്റുകള്‍ക്ക് വായന ജീവന്‍ കൊടുക്കുന്നു. ചിന്തകള്‍ ടെക്സ്റ്റുകളെയും കൊണ്ട് ആകാശത്തോളം ചിലപ്പോള്‍ അതിലുമപ്പുറം സഞ്ചരിക്കുന്നു. ചിന്തകള്‍ ഒഴിവാക്കാനുള്ള ഉപാധിയാണ് വായന എന്ന സാമുവല്‍ ഗോള്‍ഡ്‌സ്റ്റയിന്റെ വാക്കുകളെ ഇസ്‌ലാമിക പ്രമാണങ്ങള്‍ അതിലംഘിക്കുന്നു. ചിന്തകളെ ഉത്തേജിപ്പിക്കുന്നതും ചിന്തകളാല്‍ മുന്നോട്ടു നയിക്കപ്പെടുന്നതുമാണ്, ആകണം വായന. അതായത് ഒരേ സമയം കര്‍ത്താവും കര്‍മവുമായി ചിന്ത ഇടംപിടിക്കുന്നു. ഓരോ വായനയും പുതിയ ആശയലോകത്തേക്ക് വാതില്‍ തുറക്കുന്നു. ഖുര്‍ആനിലെ ഏതൊരു അധ്യായവും ഓരോ തവണ വായിക്കുമ്പോഴും നാം പുതിയ ആശയലോകത്തെത്തും. യാസീന്‍ അധ്യായം ഓരോ തവണ വായിക്കുമ്പോഴും പുതുതായി ഒരു വെളിച്ചമെങ്കിലും തനിക്ക് കിട്ടാറുണ്ടെന്ന് എന്റെ ഒരു ഗുരുനാഥന്‍ പറഞ്ഞതോര്‍ക്കുന്നു. ഓരോ തവണ കിതാബ് നിവര്‍ത്തുമ്പോഴും രണ്ട് ലോകം തുറക്കുന്നുണ്ട്; ഒന്ന്- പുസ്തകം, രണ്ട് - ആശയപ്രപഞ്ചം.
പ്രമാണവായന ഒരു സംജ്ഞയാണ്. വായന (ഖിറാഅത്ത്- Reading), ഗ്രാഹ്യത (Understanding), ചിന്ത (തദബ്ബുര്‍ Thinking), ഉള്‍ക്കൊള്ളല്‍ (വഅ്‌യ്-Assimilation) തുടങ്ങിയ പ്രയോഗങ്ങളുടെ ആശയതലങ്ങള്‍ അതുള്‍ക്കൊള്ളുന്നു. ഈ പദങ്ങളെല്ലാം കൃത്യമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. നസ്സ്വില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന ആശയങ്ങളുടെ സൂചനകള്‍ (മദ്‌ലൂലാത്തുന്നസ്സ്വ്) എന്താണെന്ന് അറിയാനുള്ള പഠിതാവിന്റെ പരിശ്രമമാണ് ചിന്തയും ഗ്രാഹ്യതയും. സൂചകങ്ങള്‍ മനസ്സിലാക്കിയ ശേഷം ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നു, ആശയങ്ങള്‍ അറിഞ്ഞ് ഗ്രഹിക്കുന്നു എന്നീ അര്‍ഥങ്ങളില്‍ ഫഹ്മും തദബ്ബുറും പരസ്പരം ബന്ധിതമാണെന്നു പറയാം. വ്യാഖ്യാനവും നിയമനിര്‍ധാരണവും (തഅ്‌വീല്‍, ഇസ്തിന്‍ബാത്വ്) തുടര്‍ന്നുവരുന്നു. ഒരു നസ്സ്വിലടങ്ങിയ ആശയത്തെ മാനസികവും വൈകാരികവുമായി ഉള്‍ക്കൊള്ളലാണ്, സ്വീകരിക്കലാണ് 'വഅ്‌യ്'. തുടര്‍കണ്ണികളായി വര്‍ത്തിക്കുന്ന നീണ്ട പ്രക്രിയയാണിത്. ഇസ്‌ലാമിക നിയമപ്രമാണങ്ങളെ മനസ്സിലാക്കല്‍ (ഫഹ്മുന്നസ്സ്വിശ്ശര്‍ഈ) എന്ന തലക്കെട്ടിലാണ് ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്. 'ഫഹ്മുന്നസ്സ്വ്' എന്ന പ്രയോഗം ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ പ്രസിദ്ധമാണ്. ഈ അര്‍ഥതലങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുുകൊാണണ്ട് ഈ പഠനത്തില്‍ പ്രമാണവായന എന്ന് പ്രയോഗിക്കുന്നത്.
ഫഹ്മ് എന്നാല്‍
'ഫഹ്മുന്നസ്സ്വ്' എന്ന പ്രചുര പ്രയോഗത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഒരു ആശയം ഹൃദയം കൊണ്ട് അറിയുന്നതിനെയാണ് അറബിയില്‍ ഫഹ്മ് എന്ന് പറയുന്നത്. ചിന്തിച്ചു (അഖല), മനസ്സിലാക്കി (അറഫ), അറിഞ്ഞു (അലിമ) തുടങ്ങിയ ആശയങ്ങളെല്ലാം 'ഫഹിമ' ഉള്‍ക്കൊള്ളുന്നുണ്ട്. ഒരു വാചകത്തിലെ ആശയങ്ങള്‍ ഓരോന്നായി മനസ്സിലാക്കുക (തഫഹ്ഹമല്‍ കലാം), ക്ഷണ ഗ്രാഹി (റജുലുന്‍ ഫഹിം), അന്വേഷിച്ചു മനസ്സിലാക്കി (ഇസ്തഫ്ഹമ) തുടങ്ങിയ പ്രയോഗങ്ങള്‍ ഭാഷയിലുണ്ട്.7 ബോധ്യം, ഗ്രാഹ്യം, അറിയല്‍, ഉള്‍ക്കൊള്ളല്‍, മനസ്സിലാക്കല്‍, ബദ്ധിശക്തി, ഗ്രഹണശേഷി, കൂര്‍മബുദ്ധി തുടങ്ങിയ അര്‍ഥങ്ങള്‍ ഭാഷാപരമായിത്തന്നെ 'ഫഹ്മി'ന് ഉണ്ട്. 'കാര്യം തിരിയുക' എന്ന വാമൊഴി പ്രയോഗം 'ഫഹ്മി'ന്റെ ആശയം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം. ശരിയായ ആശയരൂപീകരണവും നിയമാവിഷ്‌കാരത്തിനായുള്ള തികവുറ്റ ധൈഷണിക മുന്നൊരുക്കവും എന്ന് 'അല്‍ഫഹ്മി'നെ വിശദീകരിച്ചിട്ടുണ്ട്.8 ഒരു വസ്തുവിന്റെ യാഥാര്‍ഥ്യം അറിയുക എന്നാണ് മറ്റൊരു അര്‍ഥം.9 ഇസ്‌ലാമിക നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒരു സാങ്കേതിക ശബ്ദം പോലെ പ്രമാണങ്ങളുമായി ബന്ധപ്പെടുത്തി ഫഹ്മ് വിശദീകരിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. ഒരു വചനം കേള്‍ക്കുമ്പോള്‍ അതിന്റെ ആശയം മനസ്സിലാക്കുക എന്നാണ് അതുകൊണ്ടുള്ള ഒരു ഉദ്ദേശ്യം.10 'ഒരാളുടെ സംസാരം കേട്ടു' എന്നാല്‍ ഭാഷയില്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കി എന്നാണ്.11 മനസ്സാന്നിധ്യം കൊണ്ടേ ഒരു വാക്യത്തിന്റെ അര്‍ഥം ശരിക്ക് ഗ്രഹിക്കാന്‍ സാധിക്കൂ. ചിലപ്പോള്‍ മനസ്സ് പദവും ആശയവും ശ്രദ്ധിക്കും, ചിലപ്പോള്‍ പദം മാത്രവും. പദം ഉള്‍ക്കൊള്ളുന്ന ആശയത്തിലേക്ക് മനസ്സ് കടന്നുചെല്ലുന്നതിനെ മാത്രമേ 'ഫഹ്മ്' എന്ന് പറയൂ.12
ഇസ്‌ലാമിക നിയമസംഹിതക്കനുസൃതമായുള്ള ബൗദ്ധിക ന്യായാന്യായങ്ങളും (ഹുജ്ജത്തുല്‍ അഖ്ല്‍), തത്ത്വജ്ഞാനവും (ഹിക്മ) എന്ന ആശയത്തെ ഫഹ്മ് ഉള്‍ക്കൊള്ളുന്നുണ്ട്.13 'ഞാന്‍ ലുഖ്മാന് തത്ത്വജ്ഞാനം നല്‍കിയിട്ടുണ്ടായിരുന്നു. എന്തെന്നാല്‍ അല്ലാഹുവിനോട് നന്ദി കാണിക്കണം...'14 എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സുലൈമാന്‍ നബിക്ക് നല്‍കിയ നിയമപരമായ അറിവുകളെയും വിധിന്യായങ്ങളെയും കുറിച്ച് പറയവെ ഖുര്‍ആന്‍ 'ഫഹ്മ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ''അന്നേരം സുലൈമാന് നാം ശരിയായ വിധി മനസ്സിലാക്കിക്കൊടുത്തു. വിധിവിജ്ഞാനവും അറിവുമാകട്ടെ നാം ഇരുവര്‍ക്കും അരുളിയിട്ടുായിരുന്നു.''15 നമ്മുടെ ചര്‍ച്ചയില്‍ ഈ വിഷയവും പദം പ്രയോഗിച്ച സന്ദര്‍ഭവും ഏറെ പ്രസക്തമാണ്: ''ലൂത്വിനും നാം തത്ത്വജ്ഞാനവും അറിവും നല്‍കി... ഇതേ അനുഗ്രഹം തന്നെയാണ് നാം നൂഹിനും നല്‍കിയിട്ടുള്ളത്. ... ഇതേ അനുഗ്രഹം നാം ദാവൂദിനും സുലൈമാനും അരുളിയിട്ടുണ്ടായിരുന്നു. അവര്‍ ഒരു വയലിന്റെ തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. ആ വയലില്‍ നിശാവേളയില്‍ മറ്റാളുകളുടെ ആടുകള്‍ കടന്നു മേഞ്ഞിട്ടുണ്ടായിരുന്നു.''16 ഒരു വിഷയത്തിലെ നിയമവിധികള്‍ അല്ലാഹു സുലൈമാന്‍ നബിക്ക് ദിവ്യബോധനമായി നല്‍കി. ഇതാണ് പ്രമാണം. എന്നിട്ട്, ആ പ്രമാണവാക്യത്തിന്റെ അര്‍ഥവും നടപ്പിലാക്കേണ്ട രീതിയും മനസ്സിലാക്കിക്കൊടുക്കുകയും (ഫഹ്ഹമ)ചെയ്തു. പ്രമാണത്തിന്റെ ആശയവും പ്രയോഗരീതിയും മനസ്സിലാക്കലാണ് 'ഫഹ്മ്' എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഇല്‍മും ഫഹ്മും തമ്മിലും ഫിഖ്ഹും ഫഹ്മും തമ്മിലുമുള്ള അര്‍ഥ വ്യത്യാസങ്ങളെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.17
പ്രമാണ വാക്യങ്ങളുടെ അര്‍ഥവും ഉദ്ദേശ്യവും ഗ്രഹിക്കലാണ് 'ഫഹ്മ്' എന്ന് സാമാന്യമായി പറയാം. ഓരോ വ്യക്തിയുടെയും ബൗദ്ധിക നിലവാരമനുസരിച്ച് ഗ്രാഹ്യശേഷിയില്‍ അന്തരമുണ്ടാവുക സ്വാഭാവികം. ചിലര്‍ വളരെ പെട്ടെന്ന് ശരിയായ അര്‍ഥത്തില്‍തന്നെ കാര്യങ്ങള്‍ മനസ്സിലാക്കും. ചിലര്‍ സാവകാശത്തിലാണെങ്കിലും ശരി തന്നെയാണ് മനസ്സിലാക്കുക. ചിലര്‍ക്ക് ബാഹ്യാര്‍ഥം മാത്രമേ മനസ്സിലാകൂ. ആന്തരാര്‍ഥം ചിന്തിച്ചെടുക്കാനുള്ള ശേഷിയുണ്ടാകില്ല. ചിലര്‍ ആശയങ്ങള്‍ തെറ്റായി മനസ്സിലാക്കും. ചിലര്‍ ശരി മനസ്സിലാക്കിയാലും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചെടുക്കാന്‍ മിടുക്കരായിരിക്കും. ഒരു വാക്യത്തില്‍നിന്ന് ഒരു പണ്ഡിതന് മനസ്സിലായതല്ല മറ്റൊരു പണ്ഡിതന് മനസ്സിലാകുന്നത്. ഗ്രാഹ്യശേഷിയില്‍ പണ്ഡിതന്മാര്‍ തുല്യരായിരുന്നെങ്കില്‍ അറിവിലും നിലപാടിലും അവര്‍ സമാനരാകേണ്ടിയിരുന്നു. അല്ലാഹു നല്‍കുന്ന കഴിവുകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും. സുലൈമാന്‍ നബിക്ക് കാര്‍ഷിക വ്യത്തിയുമായി ബന്ധപ്പെട്ട വിധിജ്ഞാനം സവിശേഷമായി നല്‍കി, അത് അല്ലാഹു വാഴ്ത്തിപ്പറയുകയും ചെയ്തു. ദാവൂദ് നബിക്കും സുലൈമാന്‍ നബിക്കും അറിവും വിധിജ്ഞാനവും പൊതുവായി നല്‍കുകയും ചെയ്തത് ഇതിന്റെ ഉദാഹരണമാണ്. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ്, അബൂമൂസല്‍ അശ്അരിക്ക് അയച്ച കത്തില്‍ നടത്തിയ പ്രയോഗം ശ്രദ്ധേയമാണ്: ''ഞാന്‍ താങ്കള്‍ക്ക് അയക്കുന്നത് നന്നായി മനസ്സിലാക്കിക്കൊള്ളുക.'' രു തവണ അല്‍ഫഹ്മ് എന്ന് എഴുതി ഉമറുബ്‌നുല്‍ ഖത്ത്വാബ്. 'അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ദാസന് നല്‍കുന്ന സവിശേഷമായ ഗ്രാഹ്യശേഷി' (ഫഹ്മ്) എന്ന് അലിയ്യുബ്‌നു അബീത്വാലിബും പറഞ്ഞിട്ടുണ്ട്.18
'ശരിയായ ജ്ഞാനം ഇല്ലാത്ത കര്‍മോത്സുകര്‍ സംസ്‌കരിക്കുന്നതിനേക്കാള്‍ ദുഷിപ്പിക്കും' എന്ന അര്‍ഥത്തില്‍ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഒരു പ്രസ്താവനയുണ്ട്.19 ആത്മാര്‍ഥതയോടെ ആരാധനാനുഷ്ഠാനങ്ങളില്‍ മുഴുകുന്നവരും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. പക്ഷേ, പ്രമാണപാഠങ്ങള്‍ ശരിയായി മനസ്സിലാക്കാനും വസ്തുതകള്‍ യഥാസ്ഥാനത്ത് ഫിറ്റ് ചെയ്യാനും അവര്‍ക്ക് സാധിച്ചില്ലെങ്കില്‍ വലിയ മാര്‍ഗഭ്രംശത്തിലായിരിക്കും അവര്‍ എത്തിച്ചേരുക. സ്വയം വഴിതെറ്റുക മാത്രമല്ല, മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യും. ഇത്തരമൊരു വിഭാഗത്തെക്കുറിച്ച നബിവചനത്തില്‍, അവരുടെ വിസ്മയിപ്പിക്കുന്ന ഭക്തിയെക്കുറിച്ച് പറഞ്ഞ ഭാഗം ശ്രദ്ധിക്കേണ്ടതുണ്ട്. അബൂസഈദുല്‍ ഖുദ്‌രി ഉദ്ധരിക്കുന്നു: നബി പറഞ്ഞു: അയാള്‍ക്ക് അനുയായികളുണ്ടാകും. അവരുടെ നമസ്‌കാരത്തിനു മുമ്പില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നമസ്‌കാരം വളരെ നിസ്സാരമായി തോന്നും. അവരുടെ നോമ്പിനേക്കാള്‍ തുഛമാണ് നിങ്ങളുടെ നോമ്പെന്നും നിങ്ങള്‍ക്ക് തോന്നും (അവര്‍ ആരാധനകളില്‍ കൂടുതല്‍ ഭക്തിയുള്ളവരായിട്ടും നിങ്ങള്‍ ദീന്‍ കുറഞ്ഞവരായിട്ടുമാണ് പ്രത്യക്ഷത്തില്‍ തോന്നുക എന്ന് സാരം). പക്ഷേ, അമ്പ് വില്ലില്‍നിന്ന് ചാടിപ്പോകുന്ന പോലെ അവര്‍ ദീനില്‍നിന്ന് തെറിച്ചുപോയിരിക്കും.20 ആരാധനകള്‍ വര്‍ധിപ്പിച്ചുകൊ് ഭക്തിപ്രകടനങ്ങളില്‍ മുന്നില്‍ നിന്നവരെയാണ് 'ദീനില്‍നിന്ന് തെറിച്ചുപോയവര്‍' എന്ന് നബി(സ) വിശേഷിപ്പിച്ചത്. അവര്‍ ദീനിനെ മനസ്സിലാക്കിയതില്‍ സംഭവിച്ച പിഴവും പ്രവര്‍ത്തനങ്ങളില്‍ അതുണ്ടാക്കിയ പ്രത്യാഘാതങ്ങളുമാണ് കാരണം. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ''അലിയ്യുബ്‌നു അബീത്വാലിബ് ഖലീഫയായിരുന്ന കാലത്ത് ഒരു കൂട്ടര്‍ രംഗത്തുവന്നു. അദ്ദേഹത്തോട് സംഘട്ടനത്തിലേര്‍പ്പെട്ടവരെയെല്ലാം അദ്ദേഹം സായുധമായി തന്നെ നേരിട്ടു. അവര്‍ നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവും ധാരാളമായി ചെയ്യുന്നവരായിരിക്കെത്തന്നെയാണ് സൈനിക നടപടിക്ക് വിധേയമായത്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍നിന്ന് അവര്‍ പുറത്താക്കപ്പെട്ടു. അവര്‍ക്ക് ആരാധനകളും ഭക്തിയും ഐഹിക വിരക്തിയും ഉണ്ടായിരുന്നു; പക്ഷേ ഇല്‍മ് ഉണ്ടായിരുന്നില്ല.''21 കുറേ വിവരശേഖരമുണ്ടോ, പ്രമാണവാക്യങ്ങള്‍ മനഃപാഠമുണ്ടോ, അനുഷ്ഠാന മുറകള്‍ കൃത്യനിഷ്ഠയോടെ കൂടുതല്‍ ചെയ്യുന്നുണ്ടോ എന്നതു മാത്രല്ല ശ്രേഷ്ഠതയുടെയും മഹത്വത്തിന്റെയും മാനദണ്ഡം; ശരിയായ ഗ്രാഹ്യതയും തികവുറ്റ ജ്ഞാനവും വിവേകമുള്ള കര്‍മങ്ങളുമുണ്ടോ എന്നതാണ്. സൈദുബ്‌നു സാബിത് നിവേദനം ചെയ്ത ഒരു നബിവചനം കാണുക: ''എന്റെ വാക്കുകള്‍ ഹൃദിസ്ഥമാക്കുകയും അത് മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രസന്നവദനനാക്കട്ടെ. തന്നേക്കാള്‍ ഗ്രാഹ്യശേഷിയുള്ളവരിലേക്ക് അറിവ് എത്തിച്ചുകൊടുക്കുന്ന എത്രയോ ആളുകളുണ്ട്. ഗ്രാഹ്യശേഷിയും വിവേകവുമില്ലാതെ അറിവ് ചുമന്ന് നടക്കുന്ന എത്രയോ പേരുണ്ട്!''22 പ്രമാണവാക്യങ്ങള്‍ മനഃപാഠമാകുന്നത് നല്ലതുതന്നെ. പക്ഷേ, ആശയങ്ങള്‍ ഗ്രഹിക്കാത്ത കേവല മനഃപാഠം ആത്മാവില്ലാത്ത ശരീരം പോലെയാണ്. ശരീരത്തില്‍ ജീവന്റെ സ്ഥാനമാണ് പ്രമാണവാക്യങ്ങളില്‍ ഗ്രാഹ്യതക്ക് (ഫഹ്മ്)ഉള്ളത്.
ശരിയായ ഗ്രാഹ്യശേഷിയും വിവേകവും കൊണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമാണ് സ്വഹാബിവര്യനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്. ചെറുപ്പത്തില്‍തന്നെ, പ്രായം കൊണ്ട് തന്നേക്കാള്‍ മുതിര്‍ന്ന സ്വഹാബിമാരേക്കാള്‍ അദ്ദേഹം വ്യതിരിക്തനായത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാനുള്ള കഴിവുകൊണ്ടായിരുന്നു. ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ കൂടിയാലോചനാ സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു. വിഷയങ്ങള്‍ ആഴത്തില്‍, സൂക്ഷ്മതയോടെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ശേഷിയുണ്ടായിരുന്നു. അതിവാദമോ (ഇഫ്‌റാത്വ്) ഉദാസീനവാദമോ (തഫ്‌രീത്വ്) ഇല്ലാതെ കാര്യങ്ങള്‍ യഥാസ്ഥാനത്ത് ഫിറ്റ് ചെയ്യാനുള്ള അറിവും വിവേകവും അദ്ദേഹത്തിനുണ്ടായിരുന്നു. തെളിഞ്ഞതും തികഞ്ഞതും സമഗ്രവുമായ ഗ്രാഹ്യശേഷി.
പ്രമാണപാഠങ്ങളുടെ അന്തസ്സത്തയും ഉദ്ദേശ്യലക്ഷ്യങ്ങളും ശരിയായി മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു നല്‍കുന്ന മഹത്തായ അനുഗ്രഹമാണ്. ഇസ്‌ലാമിന്റെ സന്മാര്‍ഗത്തിനു ശേഷം ലഭിക്കുന്ന വലിയ അനുഗ്രഹമാണത്. അന്തസ്സത്തയും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഇസ്‌ലാമിന്റെ രണ്ടു പാദങ്ങളാണ്. അവയില്ലാതെ ഇസ്‌ലാമിന് മുന്നോട്ടു സഞ്ചരിക്കാനാകില്ല. വഴിതെറ്റി പോകാതെ രക്ഷപ്പെടാനുള്ള വെളിച്ചമാണവ. 'നേര്‍വഴിയില്‍ (സ്വിറാത്ത് മുസ്തഖീം) നയിക്കേണമേ' എന്ന പ്രാര്‍ഥനയുടെ യഥാര്‍ഥ ഉദ്ദേശ്യവും ഇതാണ്. ഇസ്‌ലാമിലെത്തിയ ശേഷം മുന്നോട്ടുപോകേണ്ട നേര്‍വഴി, അതിന്റെ അന്തസ്സത്ത അറിയലും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാക്കി പ്രയോഗവത്കരിക്കലുമാണ് വിവേകികളുടെ വഴി23 എന്ന ഖുര്‍ആനിക പ്രസ്താവം ഇവിടെ അര്‍ഥവത്തായിത്തീരുന്നു.
(തുടരും)
കുറിപ്പുകള്‍
1. കലിമത്തു ഹഃഖിന്‍ ഉരീദബിഹല്‍ ബാത്വില്‍ -തെറ്റ് ഉദ്ദേശിക്കപ്പെട്ട സത്യവചനം എന്നാണിതിന്റെ നേര്‍ പരിഭാഷ.
2. അലിയെയും മുആവിയെയും അധികാര സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി പുതിയ ഖലീഫയെ തെരഞ്ഞെടുക്കുക, ഇരുപക്ഷത്തെയും പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മധ്യസ്ഥര്‍ തങ്ങളുടെ നേതാവിനെ അധികാരത്തില്‍നിന്ന് നീക്കം ചെയ്തത് പ്രഖ്യാപിക്കുക-ഇതായിരുന്നു തീരുമാനം. തദടിസ്ഥാനത്തില്‍ അലിയെ ഖലീഫ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി അദ്ദേഹത്തിന്റെ പ്രതിനിധി അബൂമൂസല്‍ അശ്അരി പ്രഖ്യാപിച്ചു. മുആവിയയെ ഒഴിവാക്കിയതായി പ്രഖ്യാപിക്കേണ്ടതിനു പകരം, 'അലിയെ ഒഴിവാക്കിയ നടപടി താന്‍ അംഗീകരിക്കുന്നു, മുആവിയയെ യഥാസ്ഥാനത്ത് തുടര്‍ത്തുകയും ചെയ്യുന്നു' എന്നായിരുന്നു അംറുബ്‌നുല്‍ ആസ്വിന്റെ പ്രഖ്യാപനം. ചര്‍ച്ചയിലെ ധാരണക്ക് വിരുദ്ധമായിരുന്നു ഇത്.
3. യൂസുഫ് 40
4. അല്‍മാഇദ 105
5. തഫ്‌സീറുല്‍ ഖുര്‍ത്വുബി, സൂറത്തുല്‍ മാഇദ 105
6. മുസ്തംസികുല്‍ ഉര്‍വതില്‍ വുസ്ഖാ-സയ്യിദ് മുഹ്‌സിനുല്‍ ഹകീം, പേജ് 111, 163, 254
7. ലിസാനുല്‍ അറബ്- ഇബ്‌നു മന്‍ളൂര്‍, ദാറുസ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ് 12/459
8. അല്‍ മുഅ്ജമുല്‍ വസീത്വ്, മജ്മഉ ലുഗത്തില്‍ അറബിയ്യ, കയ്‌റോ, 2/704
9. മുഖ്താറുസ്സ്വിഹാഹ്- മുഹമ്മദ്ബ്‌നു അബൂബക്കര്‍, അല്‍ മക്തബതുല്‍ അസ്വ്‌രിയ്യ-244
10. അല്‍വാദിഹു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്-അബുല്‍ വഫാഅ്, അലിയ്യുബ്‌നു ഉഖൈല്‍, മുഅസ്സസത്തുര്‍രിസാല, ബൈറൂത്ത് 1/25
11. അല്‍ മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ അല്‍ കുവൈത്തിയ്യ 24/239
12. അതേ പുസ്തകം 43/91
13. നദ്‌റത്തുന്നഈം ഫീ മകാരിമി അഖ്‌ലാഖിര്‍റസൂല്‍- ദാറുല്‍ വസീല ലിന്നശ്ര്‍ 5/1694
14. ലുഖ്മാന്‍ 12
15. അല്‍അമ്പിയാഅ് 79
16. അല്‍അമ്പിയാഅ് 74-78
17. മുഅ്ജമുല്‍ ഫുറൂഖില്ലുഗവിയ്യ 414, ഇഅ്‌ലാമുല്‍ മുവഖിഈന്‍- ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസിയ്യ 1/167
18. ഇഅ്‌ലാമുല്‍ മുവഖിഈന്‍-ഇബ്‌നുല്‍ ഖയ്യിം 1/250
19. അല്‍ ഫഖീഹു വല്‍ മുതഫഖിഹ്-അബൂബക്കര്‍ അഹ്മദുബ്‌നു അല്‍ഖത്വീബ് അല്‍ ബഗ്ദാദി, ദാറു ഇബ്‌നുല്‍ ജൗസിയ്യ 1/109
20. ഇമാം ബുഖാരി ഉദ്ധരിച്ചത്, ഹദീസ് നമ്പര്‍ 6163
21. മജ്മൂഉല്‍ഫതാവാ ഇബ്‌നു തൈമിയ്യ 28/580
22. സുനനുത്തിര്‍മിദി 5/33, ഹദീസ് നമ്പര്‍ 2656
23. അല്‍ അമ്പിയാഅ് 51
Comments