Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 26

2965

1437 ദുല്‍ഖഅദ് 23

അറബി-മലയാള ശബ്ദകോശം

അബ്ദുര്‍റഹ്മാന്‍ മങ്ങാട്

അതിപുരാതന ജീവല്‍ ഭാഷകളില്‍ പ്രമുഖമായ അറബിഭാഷയുമായി മലയാളികള്‍ക്കുള്ള ബന്ധം സുവിദിതമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരള തീരങ്ങളില്‍ വ്യാപാര - പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അറബികള്‍ അവരുടെ ഭാഷയും സംസ്‌കാരവും നമുക്ക് കൈമാറിയതിന് തെളിവുകള്‍ ഏറെയാണ്. ആയിരക്കണക്കിന് അറബി പദങ്ങള്‍ മലയാള ഭാഷ കടം കൊണ്ടുവെങ്കിലും ഒരു ശരാശരി മലയാളിക്ക് തങ്ങളുപയോഗിക്കുന്നത് അറബ് പദമാണെന്ന ധാരണയില്ലല്ലോ.  മലയാള ഭാഷയില്‍ രചന നടത്തുന്നതിന് മുമ്പെ നമ്മുടെ പണ്ഡിതന്മാര്‍ ഗ്രന്ഥരചന നടത്തിയതും അറബി ഭാഷയിലാണ്. ശൈഖ് ഹുസൈന്‍ ദഹ്ഫതാനിയുടെ ഖൈദുല്‍ ജാമിഉം ശൈഖ് റമദാനുശ്ശാലിയാതിയുടെ മുഖമ്മസ് ബാനത് സുആദും മഖ്ദൂം കൃതികളും ഉദാഹരണങ്ങള്‍ മാത്രം.

എന്നാല്‍ കേരളീയര്‍ ആധുനിക അറബിഭാഷയുമായി ബന്ധപ്പെടുന്നതും അത് ഒരു ആശയാവിഷ്‌കാര മാധ്യമമായി സ്വീകരിക്കുന്നതും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വിദ്യാഭ്യാസ പരിഷ്‌കരണത്തോടെയാണ്. അറബി പദങ്ങള്‍ക്ക് സമാനമായ മലയാള പദങ്ങള്‍ കണ്ടെത്തുന്നതിന് പണ്ഡിതന്മാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും അത് സമൂഹത്തില്‍ സൃഷ്ടിച്ച ഭാഷാ വൈകൃതങ്ങളെക്കുറിച്ചും  അവ പരിഹരിക്കുന്നതിന് ഒരു സമ്പൂര്‍ണ നിഘണ്ടു നിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ചും സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ തന്റെ 'മക്തി മനഃക്ലേശ'ത്തില്‍ എടുത്തുപറയുന്നുണ്ട്.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആഗമനത്തോടെ ധാരാളം അറബ് പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെത്തുകയും അറബിക് കോളേജുകള്‍ വ്യാപകമാവുകയും ചെയ്തു. ഈ സാഹചര്യം കാരണം ഭാഷാ നിഘണ്ടുക്കളുടെ അനിവാര്യത കേരളീയ പണ്ഡിതസമൂഹം തിരിച്ചറിഞ്ഞുവെങ്കിലും ഒരു അറബി-മലയാള ശബ്ദകോശത്തിന്റെ പിറവിക്ക് പിന്നെയും കാലങ്ങള്‍ ഏറെ കഴിയേണ്ടിവന്നു.

മുമ്പേ കേരളത്തില്‍ ചില വൈദ്യശാസ്ത്ര നിഘണ്ടുക്കള്‍ ഉണ്ടായിരുന്നുവെങ്കിലും സമ്പൂര്‍ണ സ്വഭാവത്തിലുള്ള ആദ്യത്തെ അറബി മലയാളം നിഘണ്ടുവെന്ന് വിശേഷിപ്പിക്കാവുന്ന രചന ഹകീം കുഞ്ഞാമു മൗലവിയുടെ അല്‍ഫറാഇദ് എന്ന ശബ്ദകോശമാണ്. 1964-ലാണ് ഇത് പുറത്തിറങ്ങിയത്. ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് പരേതരായ മുഹമ്മദ് അബ്ദുസ്സ്വലാഹ് മൗലവിയും പ്രഫ. വി. മുഹമ്മദ് സാഹിബും സംയുക്തമായി രചിച്ച അല്‍ മന്‍ഹല്‍ നിഘണ്ടുവിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കപ്പെടുന്നത്. പൂര്‍ണ രീതിയിലുള്ള അല്‍ മന്‍ഹല്‍ പ്രസിദ്ധീകരിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ഏറക്കുറെ സമഗ്രമായ ഈ നിഘണ്ടുവാണ് വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നത്.

കാലത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും ശൈലികളും നിരന്തരം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏതൊരു ശബ്ദകോശവും കാലാനുഗതമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായിരിക്കേണ്ടതാണ്. നിത്യോപയോഗ വസ്തുക്കളുടെ ഒരു പെരുമഴക്കാലമാണ് ഭാഷയില്‍ നവീനമായി വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കോട്ടയം സ്വദേശി കൊച്ചുപുരയില്‍  ഫരീദ് ഖാന്‍ എന്ന കെ.പി. എഫ് ഖാന്‍ രചന നിര്‍വഹിച്ച ഐ.പി.എച്ച് അറബി മലയാള ശബ്ദകോശം എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. പദങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നതിലുപരി നാനാര്‍ഥങ്ങള്‍, സമാന അറബി പദങ്ങള്‍, അറബി ചൊല്ലുകള്‍, ഉപമകള്‍, തത്തുല്യമായ മലയാള പദങ്ങള്‍ എല്ലാം കൊണ്ടും സമ്പന്നമാണ് ഖാന്റെ ശബ്ദകോശം.

പരമ്പരാഗത രീതിയില്‍ അറബി പഠനം നടത്തിയ ഗ്രന്ഥകര്‍ത്താവ് ഇരുത്തം വന്ന അറബി ഭാഷാ പണ്ഡിതനാണെന്നതിന് ഈ ഗ്രന്ഥത്തിന്റെ ഓരോ താളും സാക്ഷി. ഒരു പുരുഷായുസ്സ് മുഴുക്കെ രചനക്കു വേണ്ടി വിനിയോഗിച്ച അദ്ദേഹത്തിന്റെ ത്യാഗബുദ്ധിയെ മുക്തകണ്ഠം പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും കേരളീയ ഭാഷാസമൂഹം ബാധ്യസ്ഥരാണ്. കെ.പി.എഫ് ഖാന്റെ ശബ്ദകോശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധ ഖുര്‍ആനെ അദ്ദേഹം മുഖ്യാവലംബമായി സ്വീകരിച്ചിരിക്കുന്നുവെന്നുള്ളതാണ്. ഒരു പദം ഖുര്‍ആനിലുള്ളതാണെങ്കില്‍ അത് ഏതൊക്കെ അര്‍ഥത്തില്‍ ഉപയോഗിച്ചു എന്ന് അദ്ദേഹം കൃത്യമായി രേഖപ്പെടുത്തുകയും വ്യത്യാസങ്ങളുണ്ടെങ്കില്‍ വിവിധാര്‍ഥങ്ങളെ സ്പഷ്ടമായി ഉണര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഈ നിഘണ്ടു ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഉദാ: ഭാഷയിലെ ആദ്യാക്ഷരമായ ഹംസഃ, ചോദ്യവാചി, സമാനധ്വനി അവ്യയം, സംശയവാചി, ഉത്തരം നിര്‍ണയിക്കാനുള്ള അവ്യയം, ഊന്നല്‍ അവ്യയം, സംബോധനാ അവ്യയം എന്നീ നിലകളിലെല്ലാം ഖുര്‍ആന്‍ പ്രയോഗിച്ചത് ഉദാഹരണ സഹിതം കാണിക്കുന്നു.

വിവര്‍ത്തകന്മാര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ ശബ്ദകോശം. അറബി പദങ്ങള്‍ക്ക് സമാനവും സരളവും സൗന്ദര്യവുമുള്ള മലയാള പദങ്ങള്‍ നല്‍കുന്നതില്‍ ഖാന്‍ വളരെയധികം വിജയിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ഒരേ പ്രയോഗം വിവിധ അക്ഷരങ്ങള്‍ ഉപയോഗിച്ച് പ്രയോഗിക്കുമ്പോള്‍ വലിയ അര്‍ഥ വ്യത്യാസം വരുന്നത് കാണാം. ഇത്തരം പ്രയോഗങ്ങള്‍ ഈ നിഘണ്ടുവില്‍ ധാരാളമായി ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്. ഉദാഹരണമായി, 'അഖദ' എന്ന പദത്തിന്റെ എഴുപതില്‍പരം പ്രയോഗങ്ങള്‍ ഗ്രന്ഥത്തില്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്.

നയതന്ത്ര, രാഷ്ട്രാന്തരീയ, വിവരസാങ്കേതിക രംഗത്തെ സമകാല പദങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ പൂര്‍ണതക്കു വേണ്ടി അടുത്ത പതിപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

കോളേജ്-ദര്‍സ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍, വിവര്‍ത്തകര്‍, ഖുര്‍ആന്‍ പഠിതാക്കള്‍ തുടങ്ങിയവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു മഹത്തായ രചനയാണിത്. കെട്ടും മട്ടും ഉള്ളടക്കവും ഗംഭീരം. പേജ് 1557, വില 1500 രൂപ.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 59-61
എ.വൈ.ആര്‍