Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 26

2965

1437 ദുല്‍ഖഅദ് 23

മഖാസ്വിദീ ചിന്തകളുടെ സമകാലിക വായന

അശ്‌റഫ് കീഴുപറമ്പ്

മഖാസ്വിദീ പണ്ഡിതനായ ജാസിര്‍ ഔദഃ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന മഖാസ്വിദീ പഠനങ്ങളെക്കുറിച്ച് ഒരു സര്‍വെ നടത്തിയിരുന്നു. സുന്നി-ശീഈ പണ്ഡിതന്മാരുടെയും അക്കാദമീഷ്യന്മാരുടെയും രചനകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ സുന്നി-ശീഈ സംഘര്‍ഷങ്ങളും ഭിന്നതകളും ഇന്ന് പല മേഖലകളിലും ശക്തിപ്പെടുകയാണെങ്കിലും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് ഇരു വിഭാഗവും നടത്തുന്ന പഠനങ്ങള്‍ ഏറക്കുറെ ഒരേ സ്വഭാവത്തിലുള്ളതാണെന്ന് ജാസിര്‍ ഔദഃ സാക്ഷ്യപ്പെടുത്തുന്നു. ഇരു വിഭാഗം പണ്ഡിതന്മാരും അവലംബിക്കുന്നത് ജുവൈനിയുടെ ബുര്‍ഹാനെയും ഇബ്‌നു ബാബവൈഹിയുടെ ഇലലുശ്ശറാഇഇനെയും ഗസ്സാലിയുടെ മുസ്തസ്വ്ഫയെയും ശാത്വിബിയുടെ മുവാഫഖാത്തിനെയും അല്‍സ്വദ്‌റിന്റെ ഉസ്വൂലിനെയും ഇബ്‌നു ആശൂറിന്റെ മഖാസ്വിദിനെയുമൊക്കെ തന്നെയാണ്. മസ്വാലിഹ്, ളറൂറിയ്യാത്ത്, ഹാജിയ്യാത്ത്, തഹ്‌സീനിയ്യാത്ത്, മഖാസ്വിദ് ആമ്മഃ, മഖാസ്വിദ് ഖാസ്സ്വഃ പോലുള്ള വര്‍ഗീകരണങ്ങളെയും എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നു. അതിനാല്‍ മദ്ഹബ് വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം ഗവേഷകരെയും ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ അണിനിരത്താനും ഏറക്കുറെ ആശയപ്പൊരുത്തം ഉണ്ടാക്കിയെടുക്കാനും സാധ്യമാവുന്നു.

ശരീഅത്തിന്റെ പൊതു തത്ത്വങ്ങളെയും മനുഷ്യകുലത്തിന്റെ പൊതു താല്‍പര്യങ്ങളെയും മുന്‍നിര്‍ത്തിയാണ് ഫിഖ്ഹുല്‍ മഖാസ്വിദിലെ പഠന ഗവേഷണങ്ങള്‍ എന്നതിനാലാണ് ഈ ആശയപ്പൊരുത്തം. വലിയ സാധ്യതകളാണ് അത് തുറന്നിടുന്നത്. ഫിഖ്ഹുല്‍ മഖാസ്വിദിലെ ക്ലാസിക്കല്‍ കൃതികളില്‍നിന്ന് മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട് ലോക പ്രശ്‌നങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം ലോക പ്രശ്‌നങ്ങളെ കാലികമായി അഭിമുഖീകരിക്കാന്‍ ഈ പഠനശാഖയെ പ്രാപ്തമാക്കുന്നതും മറ്റൊന്നല്ല. ക്രൈസ്തവ ദൈവശാസ്ത്ര പഠനത്തില്‍ 'സിസ്റ്റമാറ്റിക് തിയോളജി' എന്ന ഒരിനമുണ്ട്. ബൈബിള്‍ പരാമര്‍ശങ്ങളെ ഒറ്റക്കൊറ്റക്ക് പഠിക്കുന്നതിനു പകരം ഒരു പൊതു ആശയധാരയുടെ ചരടില്‍ കോര്‍ക്കുക എന്നതാണ് അതില്‍ സ്വീകരിക്കുന്ന മെത്തഡോളജി. ഇതൊരു വ്യവസ്ഥാപിത രീതിശാസ്ത്രമായി വികസിപ്പിച്ചത് ചാള്‍സ് ഹോഡ്ജ് (1797-1878) എന്നൊരാളാണ്. വിവിധ ഉദാഹരണങ്ങളില്‍നിന്ന് ഒരു പൊതു തത്ത്വത്തില്‍ എത്തിച്ചേരുന്ന രീതി (Inductive Method)യാണ് ഇവിടെ സ്വീകരിക്കുന്നത്. ഏറക്കുറെ ഇതേ രീതിയാണ് ഫിഖ്ഹുല്‍ മഖാസ്വിദിലും പിന്തുടരുന്നത്. ഇമാം ശാത്വിബി വികസിപ്പിച്ചെടുത്ത 'ഇസ്തിഖ്‌റാഅ് മെത്തേഡ്' തന്നെയാണിത്. പൊതു തത്ത്വങ്ങളെയും പൊതു താല്‍പര്യങ്ങളെയും മുന്നില്‍വെച്ചുള്ള അന്വേഷണമായതിനാല്‍ ഏതു കാലത്തെ പ്രശ്‌നങ്ങളെയും ആര്‍ജവത്തോടെ അഭിമുഖീകരിക്കാന്‍ കഴിയും എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

മഖാസ്വിദ് പഠനങ്ങള്‍ നമ്മുടെ കാലത്ത് വളരെയേറെ വികസിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദു, റശീദ് രിദ, മഹ്മൂദ് ശല്‍ത്വൂത്വ്, മുഹമ്മദ് അബ്ദുല്ലാ ദര്‍റാസ്, ഖിദ്ര്‍ ഹുസൈന്‍, മുഹമ്മദ് അബൂസഹ്‌റ, മുഹമ്മദ് മുസ്ത്വഫ ശലബി, മുസ്ത്വഫ സൈദ്, മുഹമ്മദുല്‍ ഗസ്സാലി, ജാബിര്‍ ത്വാഹാ അല്‍വാനി, മുഹമ്മദ് യൂസുഫ് മൂസ, മുസ്ത്വഫസ്സിബാഈ, മുസ്ത്വഫ സര്‍ഖാ, ജമാലുദ്ദീന്‍ അത്വിയ്യ തുടങ്ങി നിരവധി പണ്ഡിത പ്രതിഭകള്‍ ഈ പഠനശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയവരാണ്. ഈ ലിസ്റ്റില്‍ പെടാത്ത പലരെയും ഈ പരമ്പരയുടെ പല ലക്കങ്ങളിലായി നാം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്നും നമ്മോടൊപ്പമുള്ള ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ സംഭാവനകളെ പരാമര്‍ശിക്കാതെ ഈ പഠനം പൂര്‍ണമാവുകയില്ല. ഖറദാവിയുടെ മാസ്റ്റര്‍ പീസായ ഫിഖ്ഹുസ്സകാത്ത് മുതല്‍ക്കിങ്ങോട്ടുള്ള നൂറുകണക്കിന് കൃതികള്‍ മഖാസ്വിദീ പഠനങ്ങളുടെ മികച്ച മാതൃകകളാണ്; ആ നിലക്ക് നാമവയെ വായിക്കുകയോ പഠിക്കുകയോ ചെയ്യാറില്ലെങ്കിലും. അദ്ദേഹത്തിന്റെ വിവിധ കൃതികളെ ആസ്പദിച്ചുള്ള ഒരു എത്തിനോട്ടം മാത്രമേ ഇവിടെ സാധ്യമാവൂ. ഏതു പ്രശ്‌നത്തെയും കാലികമായി അഭിമുഖീകരിക്കാന്‍ ഈ പഠനശാഖക്ക് പ്രാപ്തിയുണ്ടെന്ന് അദ്ദേഹം തെളിയിക്കുന്നു.  ഖറദാവിയുടെ ശിഷ്യന്‍ ജാസിര്‍ ഔദഃ എഴുതിയ ഒരു കൃതിയെ അവലംബിച്ചാണ് ഖറദാവിയുടെ സംഭാവനകളെ വിലയിരുത്തുന്നത്. 1

ഖറദാവിയുടെ മഖാസ്വിദീ സംഭാവനകളെ അഹ്മദ് റയ്‌സൂനി ഇങ്ങനെ സംഗ്രഹിക്കുന്നു: ''ഉള്‍ക്കാഴ്ചയുള്ള മഖാസ്വിദീ പണ്ഡിതന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുക. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. പൊതു തത്ത്വങ്ങളെയും അല്ലാത്തവയെയും (കുല്ലി/ജുസ്ഈ) അദ്ദേഹം വേര്‍തിരിക്കുന്നു. ജീവിതത്തിന്റെ ഏതു മേഖലയിലേക്കും മഖാസ്വിദീ ചിന്ത പ്രസരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. അടിസ്ഥാനങ്ങള്‍ ഭദ്രമായ ഒരു മഖാസ്വിദ് ശൈലി അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എളുപ്പമാവുക/ എളുപ്പമാക്കുക എന്നത് ആ ശൈലിയുടെ മുഖമുദ്രയാണ്. ആരെയും ഒരു നിലക്കും പ്രയാസപ്പെടുത്തരുത്. പ്രമാണ പാഠങ്ങളെയെല്ലാം അദ്ദേഹം പൊതു തത്ത്വങ്ങളുമായി ബന്ധിപ്പിക്കുന്നു. അതാണ് ശരീഅത്തിന്റെ പൊതു താല്‍പര്യങ്ങളായി വികസിക്കുന്നത്. മആലാത്ത്, ഔലവിയ്യാത്ത്, മുവാസനാത്ത്2 പോലുള്ള ഫിഖ്ഹിന്റെ നവീന രൂപങ്ങള്‍ അദ്ദേഹം വികസിപ്പിച്ചെടുക്കുന്നതും മഖാസ്വിദീ ചിന്തയില്‍നിന്നുതന്നെയാണ്.''3

ഇമാം ജുവൈനിയും ഗസാലിയും അവതരിപ്പിച്ച ജീവിതത്തിന്റെ അഞ്ച് അനിവാര്യതകളി(ളറൂറിയ്യാത്ത്)ല്‍ ആറാമതായി 'അഭിമാനസംരക്ഷണം' പെടുത്താമോ എന്ന ചര്‍ച്ചയെക്കുറിച്ച് നാം മുമ്പ് പരാമര്‍ശിച്ചിട്ടു്. അഭിമാന സംരക്ഷണം അനിവാര്യതകളില്‍ പെടുമെന്ന കാര്യത്തില്‍ ഖറദാവിക്ക് യാതൊരു സംശയവുമില്ല. ഖുര്‍ആന്റെ സൂക്ഷ്മ വായന ഏതൊരാളെയും ആ നിലപാടില്‍ കൊണ്ടെത്തിക്കും. ''മനുഷ്യന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഖുര്‍ആന്റെ നിലപാട് ഊന്നിപ്പറയേണ്ട സന്ദര്‍ഭമാണിത്. ചില വിവരദോഷികള്‍ ഇത് ആധുനികതയുടെ സംഭാവനയാണെന്ന് തെറ്റിദ്ധരിക്കുന്നു. ഇന്ന് നാം വ്യവഹരിക്കുന്ന 'മനുഷ്യാവകാശങ്ങളെ'ക്കുറിച്ചാണ് പറയുന്നത്. ചിന്തിക്കാനും മനനം ചെയ്യാനുമുള്ള മനുഷ്യന്റെ അവകാശം, തനിക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിക്കാനുള്ള അവകാശം, നന്മ കല്‍പിക്കാനും തിന്മ തടയാനുമുള്ള അവകാശം, വംശമോ വര്‍ണമോ കുലമോ നോക്കാതെ സാമൂഹിക സമത്വം ലഭിക്കാനുള്ള അവകാശം, ന്യായമായി അധ്വാനിച്ചുണ്ടാക്കിയത് അനുഭവിക്കാനുള്ള അവകാശം, സ്ത്രീയായാലും പുരുഷനായാലും വിവാഹം കഴിക്കാനും കുടുംബം സംവിധാനിക്കാനുമുള്ള അവകാശം, തൊഴില്‍തേടി സഞ്ചരിക്കാനുള്ള അവകാശം, തന്റെ ജീവനും അഭിമാനവും സ്വത്തും പാര്‍പ്പിടവും സംരക്ഷിക്കാനുള്ള അവകാശം,  ശത്രുവായിരുന്നാലും അവിശ്വാസിയായിരുന്നാലും നീതി ലഭിക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശം, ജീവിതായോധനത്തിന് കെല്‍പ്പ് നഷ്ടപ്പെട്ടവര്‍ക്ക് ജീവിത സൗകര്യങ്ങള്‍ ലഭിക്കാനുള്ള അവകാശം, അധികാരികളുമായി സംവദിക്കാനും അവരെ വിമര്‍ശിക്കാനുമുള്ള അവകാശം, തിന്മയുമായി വിയോജിക്കാനും അതിക്രമങ്ങളെ പ്രതിരോധിക്കാനുമുള്ള അവകാശം. ഇതൊക്കെയും പതിനാലു നൂറ്റാണ്ട് മുന്നേ ഖുര്‍ആന്‍ നിലപാടറിയിച്ച വിഷയങ്ങളാണ്.''4

ക്ലാസിക്കല്‍ പണ്ഡിതന്മാര്‍ എണ്ണിപ്പറയുന്ന 'അനിവാര്യതകള്‍' തന്നെയാണ് ഖറദാവി ഇവിടെ വിശദീകരിക്കുന്ന പലയിനം ' അവകാശങ്ങള്‍.' പുതിയ കാലത്തിന്റെ ഭാഷയിലും ശൈലിയിലും അതേ കാര്യങ്ങള്‍ തന്നെയാണ് സമകാലിക മഖാസ്വിദീ ഗവേഷകരും പറഞ്ഞുവെക്കുന്നത്. കാലത്തിന്റെ ഭാഷയും ശൈലിയും കടമെടുത്താണ് വിഷയം അവതരിപ്പിക്കേണ്ടത് എന്ന സന്ദേശവും അത് നല്‍കുന്നു. ഖറദാവിയുടെ മഖാസ്വിദ് ചിന്ത വ്യാപരിച്ച ചില മേഖലകളെ നമുക്ക് പരിചയപ്പെടാം.

അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും അഞ്ച് പൊതു തത്ത്വങ്ങള്‍ ദീക്ഷിച്ചതായി കാണാം:

1. എളുപ്പമാക്കല്‍ (തയ്‌സീര്‍). അധഃപതനത്തിന്റെ നൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന മുസ്‌ലിം സമൂഹത്തിന് ഇസ്‌ലാമിക ദര്‍ശനത്തിന്റെ പല സുന്ദരഭാവങ്ങളും നഷ്ടമായിട്ടുണ്ട്. അതിലൊന്നാണ്, ഓരോ മനുഷ്യനും അവന് കഴിയുന്ന കാര്യങ്ങളേ ചെയ്യേണ്ടതുള്ളൂ എന്നത്. പരമ്പരാഗത മദ്ഹബുകള്‍ പലപ്പോഴും കുരുക്കുകളായി മാറുകയാണ് ചെയ്യുന്നത്. പ്രമാണ പാഠങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തിരിച്ചറിയാതെ പോയ പണ്ഡിതന്മാര്‍ കുരുക്ക് അഴിക്കാനല്ല, മുറുക്കാനാണ് നിമിത്തമായത്. പ്രമാണങ്ങളെ അവയുടെ സമുന്നത ലക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ ഗ്രഹിക്കുകയാണ് എളുപ്പത്തിന്റെ വിശാല ഭൂമിക വീണ്ടെടുക്കാനുള്ള വഴി.

എളുപ്പമാക്കുന്നതിനുള്ള ഒരു വഴിയാണ് ഘട്ടം ഘട്ടമായി, ക്രമപ്രവൃദ്ധമായി ചെയ്യുക (സുന്നത്തുത്തദര്‍റുജ്) എന്നത്. ഭരണമാറ്റം സ്വപ്‌നം കണ്ട് നടക്കുന്ന പല വിഭാഗങ്ങളുമുണ്ട്. അതിനു വേണ്ട യാതൊരു മുന്നൊരുക്കങ്ങളും അവര്‍ നടത്തിയിട്ടുണ്ടാവില്ല. ചിന്താപരമായും മാനസികമായും സാമൂഹികമായും മറ്റും ജനതയെ അതിനു തയാറാക്കേണ്ടതുണ്ട്. അധാര്‍മികതകള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൃത്യമായ ബദലുകള്‍ കണ്ടെത്തേണ്ടതുണ്ട്.5

ഓരോ നാട്ടിലെയും നല്ല നടപ്പുകളെ (ഉര്‍ഫ്) സ്വാംശീകരിക്കുക എന്നതും എളുപ്പമാക്കലിന്റെ ഭാഗമാണ്. തലമുറകളായി ജനങ്ങള്‍ ചില ശീലങ്ങളും സമ്പ്രദായങ്ങളും കൊണ്ടുനടക്കുന്നുണ്ടാവും. അവ ഒഴിവാക്കുന്നത് പല നിലക്കും അവര്‍ക്ക് വിഷമകരമായിരിക്കും. ഇസ്‌ലാമിക തത്ത്വങ്ങളുമായി ഏറ്റുമുട്ടുന്നില്ലെങ്കില്‍ ആ ഉര്‍ഫുകളെ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. കാലം മാറുമ്പോള്‍ ഫത്‌വകള്‍ (പണ്ഡിതാഭിപ്രായങ്ങള്‍) മാറുക എന്നതും മനുഷ്യരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കും. കാരണം ഏതൊരു ഫത്‌വയും അതത് കാലത്തെ പ്രശ്‌നങ്ങളെയും പ്രവണതകളെയും മുന്നില്‍ വെച്ചുകൊണ്ടുള്ളതായിരിക്കും. കാലം മാറിയാല്‍ പിന്നെയും ആ ഫത്‌വകള്‍ അതേപോലെ സ്വീകരിക്കുന്നത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുകയേ ഉള്ളൂ.

എളുപ്പമാക്കല്‍ രണ്ട് വിധത്തിലാണ്. ഒന്ന്, കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലെ എളുപ്പം. ശൈലി ലളിതമാക്കുക, മധ്യമ നിലപാട് സ്വീകരിക്കുക, കാലഘട്ടത്തിന്റെ ഭാഷയില്‍ സംസാരിക്കുക, ഓരോ കാലത്തെയും നവീനമായ ആശയവിനിമയോപാധികള്‍ സ്വന്തമാക്കുക, വൈജ്ഞാനികാന്വേഷണങ്ങളെ (ഫിഖ്ഹ്) ജീവിതവുമായി ബന്ധിപ്പിക്കുക, ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കുക, മനുഷ്യബുദ്ധിക്കും യുക്തിക്കും ബോധ്യപ്പെടുംവിധം വിഷയങ്ങള്‍ അവതരിപ്പിക്കുക, പ്രമാണ വാക്യങ്ങളെ ശരീഅത്തിന്റെ പൊതുതാല്‍പര്യങ്ങളുമായി ബന്ധിപ്പിക്കുക, മുന്‍ നൂറ്റാണ്ടുകളിലെ അനാവശ്യ ചര്‍ച്ചകളെ പൊക്കിക്കൊണ്ട് വരാതിരിക്കുക, പുതിയ കാലത്തെ വിശ്വാസയോഗ്യമായ പണ്ഡിത സമിതികളുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കുക ഇങ്ങനെ വളരെ വിശാലമാണ് ഈ മേഖല. രണ്ട്, പ്രയോഗത്തിലെ എളുപ്പമാക്കല്‍. ഇളവുകള്‍ പരിഗണിക്കുക, സന്ദര്‍ഭങ്ങള്‍ വിലയിരുത്തുക, ഏറ്റവും അത്യാവശ്യമുള്ളത് കണ്ടെത്തുക, മദ്ഹബീ പക്ഷപാതിത്വത്തില്‍നിന്ന് മുക്തമാവുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ കര്‍മങ്ങള്‍ എളുപ്പമായിത്തീരും.6

2. നീതി(അദ്ല്‍). മുഴുവന്‍ ദൈവിക മതങ്ങളുടെയും ആധാരശിലകളിലൊന്നാണ് നീതി. ഇത് പലയിനങ്ങളുണ്ട്. നിയമത്തിലെ നീതി, സാമൂഹിക നീതി, അന്താരാഷ്ട്ര നീതി എന്നിങ്ങനെ.7 നിയമങ്ങള്‍ ഒറ്റക്കൊറ്റക്ക് എടുക്കുമ്പോള്‍ ചിലപ്പോള്‍ നീതി അപ്രത്യക്ഷമായെന്നിരിക്കും. അനന്തരാവകാശ നിയമങ്ങളെ മറ്റു ബാധ്യതകളുമായും ചെലവുകളുമായും ബന്ധിപ്പിച്ചില്ലെങ്കില്‍ അനീതി കടന്നുവരാനുള്ള സാധ്യതയുണ്ട്. പൊതു താല്‍പര്യം (കുല്ലി) പരിഗണിക്കാതെ ഓരോ നിയമത്തെയും വെവ്വേറെ (ജുസ്ഈ) കാണുന്നതാണ് പ്രശ്‌നം. നീതി എല്ലാ ദൈവിക മതങ്ങളുടെയും പൊതു മൂല്യമായതുകൊണ്ട്, നീതി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കു വേണ്ടി എല്ലാ മതക്കാരും ഒന്നിക്കണമെന്നും ഖറദാവി ആഹ്വാനം ചെയ്യുന്നു.8

3. ആരാധനകളിലെ കൃത്യത(തഅബ്ബുദ്). ആത്മാവിനെയും ശരീരത്തെയും ഇഹത്തെയും പരത്തെയും സമ്മേളിപ്പിക്കുകയാണ് ഇസ്‌ലാമിക ദര്‍ശനം. ഇസ്‌ലാമില്‍ താല്‍പര്യങ്ങള്‍ (മസ്വാലിഹ്) എന്ന് പറയുമ്പോള്‍ അത് മുഖ്യമായും പാരത്രിക താല്‍പര്യങ്ങള്‍ തന്നെയാണ്. കേവല സാമ്പത്തിക പ്രവൃത്തികളില്‍ വ്യാപൃതനാവുമ്പോഴും ജീവിതത്തിലെ സുഖസൗകര്യങ്ങളല്ല ഒരാള്‍ ലക്ഷ്യമാക്കേണ്ടത്, പരലോകത്തെ നരകവിമുക്തിയും മോക്ഷവുമാണ്. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ സ്വയം തന്നെ ഒരു ലക്ഷ്യമാണ്. അവയെ മറ്റൊരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളായി മാത്രം കാണരുത്. അങ്ങനെയെങ്കില്‍ മനുഷ്യമനസ്സിന്റെ സംസ്‌കരണമാണ് ആരാധനകളുടെ ലക്ഷ്യം എന്ന് നിര്‍ണയിച്ചുകഴിഞ്ഞാല്‍ സംസ്‌കരണം സിദ്ധിച്ച വ്യക്തികള്‍ക്ക് (ഉദാഹരണത്തിന് പ്രവാചകന്മാര്‍) നമസ്‌കാരമോ നോമ്പോ ഹജ്ജോ പിന്നെ നിര്‍വഹിക്കേണ്ടതില്ലല്ലോ. മനസ്സംസ്‌കരണം എന്നത് അനുഷ്ഠാനങ്ങളുടെ ഒരു ഫലം മാത്രമാണ്. ഇമാം ശാത്വിബി സൂചിപ്പിച്ചതുപോലെ, ഓരോ ഇബാദത്തും മൗലികമായ ലക്ഷ്യം തന്നെയാണ്. ആ ലക്ഷ്യം, ജീവിതത്തിന്റെ ഓരോ നിമിഷവും പ്രപഞ്ചനാഥന് മാത്രം വഴിപ്പെട്ട് ജീവിക്കുക എന്നതാണ്. ആരാധനകള്‍ കൊണ്ട് മനുഷ്യ ജീവിതത്തിലുണ്ടാകുന്ന ക്രിയാത്മകമായ മാറ്റങ്ങളെ ലക്ഷ്യമായി തെറ്റിദ്ധരിച്ചാലുണ്ടാകുന്ന അപകടങ്ങളിലേക്കാണ് അദ്ദേഹം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

4. പ്രബോധനം (ദഅ്‌വത്ത്). 'പ്രബോധകരുടെ ഫഖീഹ്, ഫുഖഹാഇന്റെ പ്രബോധകന്‍'9 എന്നാണ് ഖറദാവിയെ ഡോ. ത്വാഹാ അല്‍വാനി വിശേഷിപ്പിക്കുന്നത്. ദൈവിക സന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്ന ധര്‍മം അദ്ദേഹത്തിന്റെ മഖാസ്വിദ് ചിന്തകളുടെ ആധാരശിലകളിലൊന്നായിത്തീരുന്നത് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടനയുമായി പല നിലകളില്‍ അദ്ദേഹം നിലനിര്‍ത്തുന്ന ബന്ധങ്ങളായിരിക്കണം. മനുഷ്യന്റെ മനുഷ്യാടിമത്തത്തില്‍നിന്നുള്ള മോചനം, മാനവിക സാഹോദര്യം, എല്ലാവര്‍ക്കും നീതി, ലോക സമാധാനം, മുസ്‌ലിമേതര വിഭാഗങ്ങളോട് വിട്ടുവീഴ്ച തുടങ്ങിയ അടിസ്ഥാനങ്ങളില്‍ ഊന്നിയെങ്കില്‍ മാത്രമേ ഇസ്‌ലാമിനെ കാരുണ്യത്തിന്റെ വിശ്വസന്ദേശമായി പരിചയപ്പെടുത്താനാവൂ.

5. മനുഷ്യപ്രകൃതി (ഫിത്വ്‌റ). മനുഷ്യന്റെ ശുദ്ധ പ്രകൃതിയെക്കുറിച്ചുള്ള ഇബ്‌നു ആശൂറിന്റെ നിരീക്ഷണങ്ങളെക്കുറിച്ച് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്. ഏതൊരു മനുഷ്യ പ്രകൃതത്തിലും ദൈവബോധം ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും, യഥാര്‍ഥ ദൈവത്തെ കണ്ടെത്തുന്നത് വരെ അത് മനുഷ്യന്റെ സ്വസ്ഥത കെടുത്തിക്കൊണ്ടിരിക്കുമെന്നും ഖറദാവി എഴുതുന്നു: ''ഏതൊരു മനുഷ്യന്റെയും പ്രകൃതി (ഫിത്വ്‌റ)യെ പഠനവിധേയമാക്കി നോക്കുക. അറിവോ സംസ്‌കാരമോ കലയോ സാഹിത്യമോ ഒന്നും തന്നെ അതിനെ തൃപ്തിപ്പെടുത്തുകയില്ല. സുഖസൗകര്യങ്ങളോ ആഡംബരമോ മനസ്സിന്റെ ശൂന്യത നികത്തുകയില്ല. അത് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരിക്കും. ശൂന്യത എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കും. യഥാര്‍ഥ ദൈവവിശ്വാസത്തില്‍ ആ മനസ്സ് ചെന്നെത്തുന്നതുവരെ. പിന്നെ ആ മനസ്സില്‍ സ്വസ്ഥതയും ശാന്തിയും സമാധാനവുമാണ്. അതാണ് അല്ലാഹു ഓരോരുത്തര്‍ക്കുമായി സംവിധാനിച്ചിരിക്കുന്ന പ്രകൃതി (ഫിത്വ്‌റതുല്ലാഹില്ലത്തീ ഫത്വറന്നാസ അലൈഹാ).10

ഉടമപ്പെടുത്തണമെന്ന ആഗ്രഹവും ഈ ഫിത്വ്‌റയുടെ ഭാഗമാണ്. ചെറിയ കുട്ടികള്‍ വരെ എന്റേത്, എന്റേത് എന്ന് പറഞ്ഞുകൊണ്ടിരിക്കും. ഉടമപ്പെടുത്തുന്ന പ്രവണത മറ്റു ജീവികളിലൊന്നും കാണുകയില്ല. മനുഷ്യരില്‍തന്നെ സ്വതന്ത്രര്‍ക്കേ ഉടമാവകാശമുള്ളൂ, അടിമകള്‍ക്ക് അത് ഇല്ല. അതിനാല്‍ സ്വാതന്ത്ര്യവും വ്യക്തിയുടെ ഉടമാവകാശവും സംരക്ഷിക്കണമെന്നത് ഫിത്വ്‌റയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. സംഗീതം ആസ്വദിക്കുക എന്നുള്ളത് മനുഷ്യപ്രകൃതത്തിന്റെ ഭാഗമാണ്. ഈ പ്രകൃതത്തോട് യുദ്ധം ചെയ്യുക എന്നത് ഒരിക്കലും ഇസ്‌ലാമിന്റെ നിലപാടല്ലെന്ന് ഈ തത്ത്വം വെച്ചാണ് ഖറദാവി സമര്‍ഥിക്കുന്നത്. സംഗീതത്തെ അധാര്‍മികമായി ഉപയോഗിക്കരുതെന്ന് മാത്രം. 'പ്രവാചകന്മാര്‍ വന്നിട്ടുള്ളത് ഫിത്വ്‌റയെ പൂര്‍ണതയിലെത്തിക്കാനും അതിനെ അരക്കിട്ടുറപ്പിക്കാനുമാണ്, അതിനെ മാറ്റിമറിക്കാനല്ല' എന്ന് ഇബ്‌നു തൈമിയ്യയും പറഞ്ഞിട്ടുണ്ട്.11

 

(തുടരും)

 

1. ജാസിര്‍ അല്‍ ഔദഃ- മഖാസ്വിദുശ്ശരീഅഃ അല്‍ ഇസ്‌ലാമിയ്യ ഇന്‍ദ അശ്ശൈഖ് അല്‍ ഖറദാവി

2. ഇതേക്കുറിച്ച വിവരണം പിന്നീട്.

3. 'യൂസുഫുല്‍ ഖറദാവി: കലിമാത്തുന്‍ ഫീ തക്‌രീമിഹി' എന്ന സമാഹാരത്തില്‍നിന്ന് (ദാറുസ്സലാം, കയ്‌റോ-2004), പേജ് 111,112

4. ഖറദാവി-കൈഫ നതആമലു മഅല്‍ ഖുര്‍ആന്‍ (1999), പേജ് 79

5. ഖറദാവി-മദ്ഖലുന്‍ ലി ദിറാസത്തിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ, പേജ് 128

6. അല്‍ മന്‍ഹജുദ്ദഅ്‌വി ലില്‍ ഖറദാവി, പേജ് 242

7. ഖറദാവി: ബൈനല്‍ മഖാസ്വിദില്‍ കുല്ലിയ്യ വന്നുസ്വൂസ്വില്‍ ജുസ്ഇയ്യ

8. ഖറദാവി-ഫതാവാ മുആസ്വറ 2/543

9. 'ഫഖീഹുദ്ദുആത്, വ ദാഇയതുല്‍ ഫുഖഹാഅ്'

10. ഖറദാവി-അദ്ദീനു ഫീ അസ്വ്‌റില്‍ ഇല്‍മ്(2011), പേജ് 73

11. ഖറദാവി-ഫിഖ്ഹുല്‍ ഗിനാഇ വല്‍ മൂസീഖി ഫീ ളൗഇല്‍ ഖുര്‍ആനി വസ്സുന്നഃ (2006), പേജ് 125

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 59-61
എ.വൈ.ആര്‍