'മാനവിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ എല്ലാവരുമായും കൈകോര്‍ക്കും'
ഇങ്ങനെയൊരു കാമ്പയിന്‍ നടത്താനുള്ള സാഹചര്യം എന്താണ്?
രാജ്യത്ത് വളരെ വേഗം കലുഷിതമായിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷം ഇത്തരമൊരു കാമ്പയിന്‍ നടത്താന്‍ നമ്മെ നിര്‍ബന്ധിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി. വര്‍ഗീയത കത്തിയാളിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിഷം വമിക്കുന്ന പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും പരമ്പര തന്നെ യാതൊരു തട്ടും തടവുമില്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ യാതൊരു വീണ്ടുവിചാരവുമില്ലാതെ നിസ്സാരമോ അപ്രധാനമോ ആയ കാര്യങ്ങളെ വലിയ ഇഷ്യൂകളാക്കി ഊതിപ്പെരുപ്പിക്കുകയും ചില വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്താന്‍ അവയെ ഉപയോഗിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കും മറ്റു ദുര്‍ബല അധഃസ്ഥിത വിഭാഗങ്ങള്‍ക്കുമെതിരെ നിയമം കൈയിലെടുക്കുന്ന പ്രവണത ശക്തിപ്പെട്ടുക്കൊണ്ടിരിക്കുകയുമാണ്. ഇതെല്ലാം നമ്മുടെ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഇഴകള്‍ ശിഥിലമാവുകയാണോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നു പലരും. ഒരു സംഘം ശാസ്ത്രജ്ഞര്‍ ഈയിടെ രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍, പൊട്ടാന്‍ പോകുന്ന ഒരു ന്യൂക്ലിയര്‍ ബോംബിനോടാണ് ഈ സ്ഥിതിവിശേഷത്തെ ഉപമിച്ചത്. ഇങ്ങനെയൊരു കാമ്പയിന്‍ നടത്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നു പറഞ്ഞത് അതുകൊണ്ടാണ്.
കാമ്പയിന്റെ ലക്ഷ്യങ്ങള്‍ എന്താണ്? ഏതെങ്കിലും മേഖലയില്‍ സവിശേഷ ശ്രദ്ധ കൊടുക്കുന്നുണ്ടോ?
കാമ്പയിന് നാല് മുഖ്യ ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ തമ്മിലും മാനവികതയുടെ അടിസ്ഥാനത്തില്‍ സാഹോദര്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും അപരന്റെ അവകാശങ്ങളെ ഓരോരുത്തരും മാനിക്കുന്ന സ്ഥിതിവിശേഷം സംജാതമാക്കുകയും ചെയ്യുക. ഏതൊരു മനുഷ്യനെയും ആദരിക്കുക എന്നത് ഏറ്റവും പ്രാഥമികമായ അടിസ്ഥാന മാനുഷിക മൂല്യമാണ്. ഓരോ പൗരന്റെയും ജീവനും സ്വത്തും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. അങ്ങനെയൊരു അവബോധം പൊതു സമൂഹത്തില്‍ സൃഷ്ടിക്കപ്പെടണം. രണ്ട്, രാജ്യത്തെ നിയമം എല്ലാവരും അംഗീകരിക്കേണ്ടതാണെന്ന ബോധം സൃഷ്ടിക്കുക. ആരും നിയമത്തിന് അതീതരല്ല. നിയമങ്ങള്‍ പാലിക്കുക എന്നത് സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ അടയാളമാണ്. ഇനിയാരെങ്കിലും നിയമം കൈയിലെടുക്കാനാണ് ഭാവമെങ്കില്‍ അത് അരാജകത്വത്തിനും ഛിദ്രതക്കും ആഭ്യന്തര യുദ്ധത്തിനുമാണ് വഴിവെക്കുക. സാമൂഹികവും ദേശീയവുമായ കെട്ടുറപ്പിനെ അത് തകര്‍ക്കും. ചില വിഭാഗങ്ങളും സംഘടനകളും നിയമം കൈയിലെടുക്കുന്ന അത്യന്തം അപകടകരമായ പ്രവണത കാണിച്ചുതുടങ്ങിയിട്ടുണ്ട്. സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഈ പ്രവണത തടയാന്‍ കൂട്ടായി രംഗത്തിറങ്ങണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
നിര്‍ഭയത്വവും സുരക്ഷയും സൗഹൃദവും നിലനില്‍ക്കണമെങ്കില്‍ നിയമങ്ങള്‍ നീതിപൂര്‍വകമായിരിക്കണം. മനുഷ്യത്വരഹിതവും ഏതെങ്കിലും വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമായ നീക്കങ്ങളില്‍നിന്നും നിയമനിര്‍മാണങ്ങളില്‍നിന്നും ഭരണകൂടം വിട്ടുനില്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. ഇതാണ് കാമ്പയിന്റെ മൂന്നാമത്തെ ലക്ഷ്യം.
മേല്‍കൊടുത്ത മാനവിക താല്‍പര്യങ്ങള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുകയും വിദ്വേഷത്തിന്റെ വിഷം തുപ്പുകയും ചെയ്യുന്ന വിഭാഗങ്ങളെ നേരിടുക എന്നതാണ് നാലാമത്തെ ലക്ഷ്യം. ഇത് രാഷ്ട്രീയപരമോ വിഭാഗീയമോ ആയ നേരിടലല്ല. നീതിയും സുരക്ഷയും സമാധാനവും മാനവിക ഐക്യവും ആഗ്രഹിക്കുന്ന മുഴുവന്‍ വിഭാഗങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ഒരു മുന്നേറ്റമായിരിക്കും. വിവിധ മതക്കാരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെ അതില്‍ അണിചേരും. നിയമം കൈയിലെടുക്കുന്നവര്‍ക്കും വര്‍ഗീയമായി സമൂഹത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വിദ്വേഷവും സ്പര്‍ധയും സൃഷ്ടിക്കുന്ന മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള കൂട്ടായ നീക്കം.
കാമ്പയിന്‍ തലക്കെട്ടില്‍ 'മാനവികതക്കു വേണ്ടി' എന്ന് കാണുന്നുണ്ടല്ലോ? സമൂഹത്തിന് മാനവിക മൂല്യങ്ങള്‍ നഷ്ടമായി എന്ന് ധ്വനിപ്പിക്കുന്നില്ലേ ആ പ്രയോഗം?
അങ്ങനെയല്ല ഉദ്ദേശിച്ചത്. ഒട്ടേറെ മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന സമൂഹം തന്നെയാണ് ഇപ്പോഴും നമ്മുടേത്. വര്‍ണമോ മതമോ ജാതിയോ വംശമോ ഒന്നും നോക്കാതെ എല്ലാ മനുഷ്യര്‍ക്കും ആദരവും അവകാശങ്ങളും നല്‍കുകയെന്നതാണ് മാനവികതയുടെ അന്തസ്സത്ത. അത്തരം മൂല്യങ്ങള്‍ തന്നെയാണ് ഇസ്‌ലാമും ഉയര്‍ത്തിപ്പിടിക്കുന്നത്. നമ്മുടെ ഭരണഘടന ഈ മാനവിക മൂല്യങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യവും ഊന്നലും നല്‍കിയിട്ടുണ്ട്. നമ്മുടെ സമൂഹഘടനയില്‍തന്നെ അവ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നര്‍ഥം. ഹിന്ദുക്കളും മുസ്‌ലിംകളും മറ്റു മതവിഭാഗങ്ങളുമെല്ലാം നൂറ്റാണ്ടുകളായി ഇവിടെ ഒത്തൊരുമയോടെയാണ് ജീവിച്ചുവന്നിട്ടുള്ളത്. ഇതുപോലൊരു മാതൃക ലോകത്തുതന്നെ അപൂര്‍വമാണ്. ഈ സൗഹൃദം ഇന്ത്യയുടെ കൊടിയടയാളമാണ്; നമ്മുടെ അഭിമാനമാണ്; നമ്മുടെ ശക്തിയുടെ രഹസ്യമാണ്.
കാമ്പയിന്‍ തലക്കെട്ടില്‍ മാനവികതയെക്കുറിച്ച് പറയേണ്ടിവന്നത്, ഈ സൗഹൃദത്തെയും ഒരുമയെയും തകര്‍ക്കാന്‍ ചില വിഭാഗങ്ങള്‍ ഒരുങ്ങിപ്പുറപ്പെട്ടതുകൊണ്ടാണ്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും മനുഷ്യരെന്ന പരിഗണന ഇവര്‍ നല്‍കുന്നില്ല. ഈ മാനവികവിരുദ്ധത സമൂഹത്തിലാകെ പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മാനവിക വിരുദ്ധ ചിന്താഗതികള്‍ വളരെ വേഗം സമൂഹത്തെ സ്വാധീനിക്കുന്നുമുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് മാനവികത ഊന്നിപ്പറയേണ്ടിവന്നത്.
വിഭാഗീയമായ വെറുപ്പും വിദ്വേഷവും പടരാന്‍ കാരണമെന്താണ്? ഇതിന് ആരാണ് ഉത്തരവാദികള്‍?
വിഭാഗീയമായ വെറുപ്പും വിദ്വേഷവും പരക്കാനുള്ള പ്രധാന കാരണങ്ങള്‍ രാഷ്ട്രീയപരവും സാമ്പത്തികവുമായ താല്‍പര്യങ്ങളാണ്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലടിച്ചാലേ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യത്തിനുശേഷവും ഇന്ത്യന്‍ രാഷ്ട്രീയത്തിന് വിഭാഗീയതയില്‍നിന്ന് മുക്തി ലഭിച്ചില്ല. രാഷ്ട്രീയജീവിതത്തില്‍ വിജയിക്കണമെങ്കില്‍ മതവിഭാഗീയതയെ കൂട്ടുപിടിക്കണമെന്ന് ചില നേതാക്കള്‍ ചിന്തിച്ചുതുടങ്ങി. ബാക്കി ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ചില വിഭാഗങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തി ശത്രുക്കളായി പ്രഖ്യാപിച്ചാല്‍ മതിയെന്നും അവര്‍ വികലമായി കണക്കുകൂട്ടി. വന്‍കിട മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് പാവങ്ങളും പച്ചപിടിച്ച് വരുന്ന ചെറുകിട കച്ചവടക്കാരും വിഘാതമാവുമെന്ന ഘട്ടമെത്തുമ്പോള്‍ കലാപങ്ങളുണ്ടാവുന്നത് വന്‍കിടക്കാര്‍ക്ക് അപ്രതീക്ഷിതമായി വീണുകിട്ടുന്ന അനുഗ്രഹമാണ്. കടുത്ത വര്‍ഗീയ പ്രഭാഷണങ്ങളും പ്രസ്താവനകളും ഹീറോ ആകാനുള്ള എളുപ്പ ഫോര്‍മുലയാണെന്ന് വന്നിരിക്കുന്നു. ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുക, ചീത്തവിളിക്കുക, കള്ളങ്ങള്‍ കെട്ടിച്ചമച്ച് പ്രകോപനങ്ങള്‍ സൃഷ്ടിക്കുക-ഇതൊക്കെ പത്രങ്ങളുടെയും ചാനലുകളുടെയും സര്‍ക്കുലേഷനും ടി.ആര്‍.പിയും വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളായി മാറിയിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം വര്‍ഗീയത വളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.
മതപരവും രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളാണ് സമൂഹത്തെ പലതാക്കി വെട്ടിമുറിക്കാനുള്ള പ്രേരണ. ഇത്തരം വിഭജനങ്ങള്‍ നടക്കുന്നതോടെ ന്യൂനപക്ഷങ്ങളും ദലിതുകളും ആദിവാസികളുമൊക്കെ പറ്റേ പുറന്തള്ളപ്പെടുന്നു. മറ്റു വിഭാഗങ്ങള്‍ ഇവരെ ശത്രുക്കളായി കാണാന്‍ തുടങ്ങുന്നു. ഈ അധഃസ്ഥിതരുടെ പ്രശ്‌നങ്ങള്‍ മറ്റു വിഭാഗങ്ങളില്‍ എത്തുന്നില്ല; എത്തിയാല്‍തന്നെ അവര്‍ക്കത് മനസ്സിലാവുന്നുമില്ല. അതേസമയം അധഃസ്ഥിത വിഭാഗങ്ങളെക്കുറിച്ച് മെനഞ്ഞുണ്ടാക്കുന്ന വൈകാരിക പ്രകോപനമുണ്ടാക്കുന്ന വിഷയങ്ങള്‍ അവര്‍ എപ്പോഴും ചര്‍ച്ചയാക്കുകയും ചെയ്യും. ഇതുവഴി ന്യൂനപക്ഷ-ദലിത് പ്രശ്‌നങ്ങളില്‍ മറ്റു വിഭാഗങ്ങള്‍ക്ക് താല്‍പര്യം നഷ്ടപ്പെടുക മാത്രമല്ല, അവരെ ഒരു ബാധ്യത (Liability) യായി കാണാന്‍ തുടങ്ങുകയും ചെയ്യുന്നു.
വര്‍ഗീയ വിഭാഗീയ രാഷ്ട്രീയത്തിന്റെ ഇരകളാണ് മുസ്‌ലിംകള്‍. അപ്പോള്‍ മുസ്‌ലിം സമുദായത്തില്‍പെടുന്ന ഏതെങ്കിലുമൊരു കക്ഷി കാമ്പയിന്‍ നടത്തുമ്പോള്‍ അതിനെതിരെയുള്ള പ്രതിരോധമാണ് എന്ന് മനസ്സിലാക്കപ്പെടുകയില്ലേ?
വര്‍ഗീയതയുടെയും ഭൂരിപക്ഷവാദ(Majorityism)ത്തിന്റെയുമൊക്കെ ലക്ഷ്യം മുസ്‌ലിംകള്‍ മാത്രമല്ല. ക്രൈസ്തവ, ബുദ്ധ, സിഖ് വിഭാഗങ്ങളും അതിന്റെ ലക്ഷ്യമാണ്. കൂടാതെ, ദലിത്-ആദിവാസി അധഃസ്ഥിത സമൂഹങ്ങളെയും വിവിധ മനുഷ്യാവകാശ കൂട്ടായ്മകളെയും അത് ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ഇരകളാക്കപ്പെടുന്ന ഈ വിഭാഗങ്ങളെല്ലാം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നാണ് നാം ആഗ്രഹിക്കുന്നത്. വിഭാഗീയതയുടെ ഈ രാഷ്ട്രീയം മുഴുവന്‍ രാഷ്ട്രഗാത്രത്തെയുമാണ് ബാധിക്കുന്നത്. വിഭാഗീയത എന്നത് അതിന്റെ ആദ്യ ഇരകളായ ഒരു സമുദായത്തില്‍ ഒതുങ്ങിനില്‍ക്കില്ല. ഇത് മുഴുവന്‍ മനുഷ്യസമൂഹത്തിനുമെതിരെയുള്ള വെല്ലുവിളിയാണ്. സമൂഹ മനഃസാക്ഷിക്കെതിരെയുള്ള വെല്ലുവിളിയാണ്. നമ്മുടെ സാമൂഹിക ഘടന പണിതുയര്‍ത്തിയിട്ടുള്ള മുഴുവന്‍ മൂല്യങ്ങള്‍ക്കുമെതിരെയുള്ള വെല്ലുവിളിയാണ്. വിഭാഗീയതയുടെയും വിദ്വേഷപ്രചാരണത്തിന്റെയും വിഷം മുഴുവന്‍ രാഷ്ട്ര ശരീരത്തെയും രോഗാതുരമാക്കും.
പല ലോകരാഷ്ട്രങ്ങളുടെയും അനുഭവം നമ്മുടെ കണ്‍മുമ്പിലുണ്ടല്ലോ. വിഭാഗീയതയുടെ രോഗം പടര്‍ന്ന് ആ രാഷ്ട്രങ്ങളില്‍ ജീവിതം നരകതുല്യമായിത്തീരുകയാണ്. എല്ലാ വിഭാഗങ്ങളും അതിന്റെ യാതന അനുഭവിക്കുന്നു. അവിടങ്ങളില്‍ ഉപജീവന മാര്‍ഗങ്ങള്‍ സകലതും തകര്‍ക്കപ്പെടുന്നു. ഭീതിയും ഭീകരതയും നിറഞ്ഞാടുന്നു. ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ അവര്‍ നാണംകെടുന്നു. വരാന്‍ പോകുന്ന ഈ വിപത്തിനെക്കുറിച്ച്, ചിന്തയും ബോധവുമുള്ള ഒരു ഇന്ത്യക്കാരനും അശ്രദ്ധനാവുകയില്ല; രാജ്യം അത്തരം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്നത് അവന് കണ്ടിരിക്കാനുമാവില്ല.
അതിനാല്‍, ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്ന ചിന്ത മാറ്റിവെക്കണം. ഓരോ ഇന്ത്യന്‍ പൗരന്റെയും ഉറക്കം കെടുത്തുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണിത്. എല്ലാവരും ചേര്‍ന്ന് ആ അപകടത്തെ തടുത്തേ മതിയാവൂ. ഈയൊരു തലത്തിലാണ് നാം ഈ വിഷയം അവതരിപ്പിക്കാന്‍ പോകുന്നത്. കാമ്പയിന്‍ പരിപാടികളില്‍ എല്ലാ വിഭാഗങ്ങളിലും പെടുന്നവരുടെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും.
മാനവികതയും സുരക്ഷയും സമാധാനവുമാണ് കാമ്പയിനില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. സമത്വം, നീതി തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തേണ്ടതായിരുന്നില്ലേ?
സംശയമൊന്നുമില്ല, നീതിയും സമത്വവും മുഖ്യപ്രശ്‌നങ്ങള്‍ തന്നെ. ജമാഅത്തെ ഇസ്‌ലാമിയുടെ പോളിസി-പ്രോഗ്രാമില്‍ അതിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാകും. ഇതു സംബന്ധമായി ചില കാമ്പയിനുകളും നടത്തുകയുണ്ടായിട്ടുണ്ട്. പക്ഷേ, ഈ കാമ്പയിനിലെ മുഖ്യവിഷയം സമാധാനവും മാനവികതയും ആയിരിക്കും. വിഭാഗീയത സര്‍വത്ര പടര്‍ന്നുകഴിഞ്ഞ ഒരു പശ്ചാത്തലത്തില്‍ മറ്റൊരു വിഷയം നമുക്ക് തെരഞ്ഞെടുക്കാനാവില്ല. മാനവികത തന്നെ ഇല്ലാതായാല്‍ നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നം തന്നെ ഉത്ഭവിക്കുന്നില്ല. മാനവിക മൂല്യങ്ങള്‍ കൈയൊഴിഞ്ഞ് മനുഷ്യര്‍ സംസ്‌കാരശൂന്യരായിത്തീരുമ്പോള്‍ നീതിക്കും സമത്വത്തിനും എന്തു പ്രസക്തി?
താന്‍ പറയുന്നത് മാത്രമാണ് ശരിയെന്നും മറ്റുള്ളതൊക്കെ അബദ്ധമാണെന്നുമുള്ള വിശ്വാസമാണ് വര്‍ഗീയതയും വിഭാഗീയതയും ഉണ്ടാക്കുന്നത് എന്ന് വാദിക്കപ്പെടാറുണ്ട്. എത്രത്തോളം ശരിയുണ്ട് ഈ വാദത്തില്‍?
മാനവികതയെക്കുറിച്ചാണല്ലോ നമ്മുടെ സംസാരം. ഓരോ മനുഷ്യനും തന്റേതായ അഭിപ്രായം വെച്ചുപുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് എന്നതാണ് സുപ്രധാനമായ ഒരു മാനവിക മൂല്യം. ഇത് ഓരോ മനുഷ്യന്റെയും മൗലികാവകാശം കൂടിയാണ്. ശാസ്ത്രം, തത്ത്വചിന്ത, ധനകാര്യം, രാഷ്ട്രീയം തുടങ്ങി ജീവിതത്തിന്റെ ഏത് മേഖലകളിലും മനുഷ്യന്‍ ചില ആശയങ്ങള്‍ ശരിയാണെന്നും ചിലത് തെറ്റാണെന്നും വിശ്വസിക്കുന്നു. ഒരാള്‍ വിശ്വസിച്ചതിന് നേര്‍വിരുദ്ധമായിട്ടാവും മറ്റൊരാള്‍ വിശ്വസിച്ചിട്ടുണ്ടാവുക. സംസ്‌കാരമുള്ള ഒരു സമൂഹം, ഈ വിരുദ്ധാഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താനും അവ വിമര്‍ശനബുദ്ധ്യാ വിലയിരുത്താനും അങ്ങനെ തന്റേത് തെറ്റെന്ന് ബോധ്യമായാല്‍ എതിരഭിപ്രായം സ്വീകരിക്കാന്‍ വരെയുമുള്ള സ്വാതന്ത്ര്യം ഓരോരുത്തന്നും വകവെച്ചുകൊടുക്കും. ഈ അവകാശം നമ്മുടെ ഭരണഘടന ഓരോ പൗരന്നും നല്‍കിയിട്ടുള്ളതുമാണ്. മതത്തിന്റെ കാര്യത്തില്‍ മാത്രം ഇതൊന്നും പാടില്ലെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? ഓരോ മതക്കാരനും അവനവന്റെ മതത്തില്‍ ഉറച്ചുനിന്നുകൊണ്ടണ്ട് തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. ആ ആശയങ്ങള്‍ അവര്‍ പരസ്പരം പഠന മനനങ്ങള്‍ക്ക് വിധേയമാക്കുന്നു. ഇതെങ്ങനെയാണ് ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുക? വിവിധ മതാനുയായികള്‍ തമ്മില്‍ കൂടുതല്‍ അടുക്കാനല്ലേ അത് കാരണമാവുക? പരസ്പരം മനസ്സിലാക്കാനും അത് പ്രയോജനപ്പെടും. മതസംവാദങ്ങള്‍ മതസൗഹൃദത്തിനുള്ള വേദിയായിത്തീരും അപ്പോള്‍.
മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കേവലം കാമ്പയിനുകള്‍ കൊണ്ട് സാധ്യമാവുമോ? ഇതിന്റെ സാക്ഷാത്കാരത്തിന് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ?
ഈ കാമ്പയിന്‍ പ്രോഗ്രാം പരിശോധിക്കുന്ന പക്ഷം, സാധാരണ നടക്കാറുളളതുപോലെയുള്ള ഒരു ബോധവല്‍ക്കരണ പരിപാടിയല്ല ഇത് എന്ന് വ്യക്തമാവും. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളത് തന്നെയാണിതെന്ന് മനസ്സിലാക്കണം. നമ്മള്‍ നടത്തുന്ന ഈ അഭ്യര്‍ഥന രാജ്യമനസ്സാക്ഷിയോടാണ്. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ക്കുതകുന്ന വേദികള്‍ കേന്ദ്രത്തില്‍ മാത്രമല്ല, താഴെത്തട്ടില്‍ വരെയുണ്ടാകണം. സംസ്ഥാന-പ്രാദേശിക തലങ്ങളില്‍ ഇത്തരം പൊതുവേദികള്‍ രൂപവത്കരിക്കണമെന്ന് നാം തീരുമാനിച്ചിട്ടുണ്ട്. വിവിധ സംഘടനകളെയും മതങ്ങളെയും പ്രതിനിധാനം ചെയ്യുന്നവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാതരക്കാരും അതില്‍ അണിനിരക്കണം. മീഡിയയെയും സഹകരിപ്പിക്കാന്‍ ശ്രമിക്കും. സാമുദായിക സൗഹൃദത്തിനുവേണ്ടി നിലകൊള്ളുകയും ആ മേഖലയില്‍ വലിയ സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സദ്ഭാവന അവാര്‍ഡുകള്‍ നല്‍കും. ഓരോ പ്രദേശത്തും സദ്ഭാവനാ മഞ്ചുകള്‍ സ്ഥാപിക്കുകയന്നതും കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വെറുതെ കാമ്പയിന്‍ നടത്തിപ്പോവുകയല്ല. മതസൗഹാര്‍ദത്തിനും സദ്ഭാവനക്കും സ്ഥായിയായ സംവിധാനങ്ങള്‍ അവശേഷിപ്പിക്കാന്‍ അതിന് കഴിയണം.
സാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ മീഡിയയുടെ പങ്ക് എന്താണ്? ആ ദിശയില്‍ എന്തെങ്കിലും നീക്കങ്ങള്‍ കാമ്പയിന്‍ കാലയളവില്‍ ഉണ്ടാകുമോ?
നേരത്തേ പറഞ്ഞപോലെ സാമുദായികാന്തരീക്ഷം കലുഷമാക്കുന്നതില്‍ മീഡിയയും പങ്ക് വഹിച്ചിട്ടുണ്ട്. വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിച്ചും ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ചും സമൂഹത്തില്‍ ശൈഥില്യമുണ്ടാക്കാന്‍ ഒരു വിഭാഗം പ്രിന്റ്-ഇലക്‌ട്രോണിക് മീഡിയയും സാമൂഹിക മാധ്യമങ്ങളും വഹിച്ച പങ്ക് കാണാതിരിക്കാനാവില്ല. അതിനാല്‍ പത്രപ്രവര്‍ത്തനത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ് സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ഒരു വഴി. തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനും യഥാര്‍ഥ വാര്‍ത്തകള്‍ മാത്രം പുറത്തുവിടുന്നതിനുമാകണം മീഡിയാ പ്രവര്‍ത്തനം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കാമ്പയിന്‍ കാലയളവില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്രതലത്തില്‍ മീഡിയയുടെ ക്രിയാത്മക പങ്കിനെക്കുറിച്ച് ഒരു സെമിനാറോ ചര്‍ച്ചയോ സംഘടിപ്പിക്കും. സോഷ്യല്‍ മീഡിയാ കാമ്പയിന്‍ വിപുലമായ രീതിയില്‍ നടത്താന്‍ ഞങ്ങളുടെ മീഡിയാ വിംഗ് ഒരുങ്ങിക്കഴിഞ്ഞു. കാമ്പയിന് മുമ്പും ശേഷവും കാമ്പയിന്‍ ഭാരവാഹികള്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കും. കാമ്പയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും. സമാനചിന്താഗതിയുള്ള ചില പ്രസിദ്ധീകരണങ്ങള്‍ സ്‌പെഷ്യല്‍ പതിപ്പുകള്‍ പുറത്തിറക്കും.
സദ്ഭാവനാ മഞ്ചിനെക്കുറിച്ചും സദ്ഭാവനാ അവാര്‍ഡുകളെക്കുറിച്ചും പറഞ്ഞല്ലോ. വിശദീകരിക്കാമോ?
കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും സദ്ഭാവനാ മഞ്ചിന്റെ ഘടകങ്ങള്‍ സ്ഥാപിക്കുക എന്നതാണ്. താലൂക്ക്-വാര്‍ഡ് തലങ്ങളിലും ഇത് ഉണ്ടാകണം. വിവിധ മത-രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖര്‍ അതില്‍ അംഗങ്ങളായിരിക്കണം. ശാന്തിയും സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തുകയും പാരമ്പര്യമായി നാം നിലനിര്‍ത്തിപ്പോന്ന ഉയര്‍ന്ന മാനവിക മൂല്യങ്ങളെ സംരക്ഷിക്കുകയുമാണ് ഈ സദ്ഭാവനാ കൂട്ടായ്മകളുടെ ലക്ഷ്യം. ഇതു സംബന്ധമായ വിശദാംശങ്ങള്‍ പിന്നീട് നല്‍കും. വലിയ തോതില്‍ രാജ്യമൊട്ടുക്ക് ഈ പ്രവര്‍ത്തനം നടക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ആശയവിനിമയം എളുപ്പം സാധ്യമാക്കുക എന്നതാണ് വര്‍ഗീയതയെ ചെറുക്കാനുള്ള സ്ഥായിയായ വഴി. മതവിഭാഗങ്ങള്‍ തമ്മില്‍ പ്രാദേശിക/തൃണമൂലതലങ്ങളില്‍ ആശയവിനിമയത്തിന് വഴിയൊരുക്കുന്നതാവണം സദ്ഭാവനാ മഞ്ചുകള്‍. ഈ സംവിധാനം ശക്തിപ്പെടുകയും ഓരോ പ്രദേശത്തും ഹിന്ദുക്കളും മുസ്‌ലിംകളും മറ്റു മതവിഭാഗങ്ങളും ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചനടത്തുകയും ചെയ്താല്‍, കള്ളപ്രചാരണങ്ങളെയും പ്രകോപനങ്ങളെയും വലിയ തോതില്‍ നിര്‍വീര്യമാക്കാന്‍ കഴിയും.
Comments