Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 26

2965

1437 ദുല്‍ഖഅദ് 23

തുര്‍ക്കി: പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല

ഡോ. അബ്ദുസ്സലാം വാണിയമ്പലം

തുര്‍ക്കിയിലേക്കുള്ള യാത്രാമധ്യേ ദുബൈയില്‍ ഇറങ്ങിയ വേളയിലാണ് ജൂലൈ 15-ന് പട്ടാള അട്ടിമറി ശ്രമം നടക്കുന്നതും യാത്ര നീട്ടിവെക്കുന്നതും. ദിവസങ്ങള്‍ കഴിഞ്ഞ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ തുര്‍ക്കിയിലേക്ക് വന്നത് ആശങ്കയോടെയായിരുന്നു. പക്ഷേ ഇസ്തംബൂള്‍ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ എല്ലാം പതിവുപോലെ. അടിയന്തരാവസ്ഥയുടെ ഒരടയാളവുമില്ല. കൂടുതല്‍ സെക്യുരിറ്റിയോ ജാഗ്രതയോ കാണുന്നില്ല. 

ഹോട്ടലിലേക്കുള്ള യാത്രയില്‍ എന്റെ ആകാംക്ഷ മനസ്സിലാക്കിയ കാര്‍ ഡ്രൈവര്‍ യദ്‌രീസ് വാചാലനായി. എയര്‍പോര്‍ട്ട് പരിസരത്ത് ജൂലൈ 15-ന്റെ പാതിരാവില്‍ നടന്ന ഓരോ സംഭവങ്ങളുടെയും സ്ഥലങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചുതന്നു. പട്ടാള ടാങ്കുകള്‍ അണിനിരന്നതും ജനം ടാങ്കിനു മുമ്പില്‍ നെഞ്ചുവിരിച്ചു നിന്നതും സ്ത്രീകളും കുട്ടികളും വീടു വിട്ടിറങ്ങിയതും ഒരാളുടെ മേല്‍ ടാങ്ക് കയറിയതും കമിഴ്ന്നു കിടന്ന് അയാള്‍ ചക്രങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെട്ടതും രണ്ടാമത്തെ ടാങ്കിനെ അതേപോലെത്തന്നെ നേരിട്ടതും യദ്‌രീസ് വിവരിച്ചുകൊണ്ടിരുന്നു. 'ഇവിടെയാണ് ഉര്‍ദുഗാന്‍ വന്നിറങ്ങിയതും ജനങ്ങളോട് പ്രസംഗിച്ചതും' യദ്‌രീസ് ആവേശം കൊണ്ടു. പക്ഷേ അദ്ദേഹം ഉര്‍ദുഗാന്റെ 'അക്' പാര്‍ട്ടിക്കാരനല്ല. ഉര്‍ദുഗാന്‍ അല്‍പം സ്വേഛാധിപതിയാണല്ലോ എന്ന ചോദ്യത്തിന്, ആയിരുന്നു പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല, പട്ടാള വിപ്ലവത്തെ തുടര്‍ന്ന് എല്ലാ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്താണ് അദ്ദേഹം പ്രവര്‍ത്തിച്ചത് എന്ന് യദ്‌രീസിന്റെ മറുപടി. ഉര്‍ദുഗാന്റെ വര്‍ധിച്ച ജനപിന്തുണയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യദ്‌രീസ്: 'ജനാധിപത്യമല്ലേ, കഴിഞ്ഞ ഇലക്ഷനിലും അക് പാര്‍ട്ടിയെ ജനങ്ങള്‍ പിന്തുണച്ചു. അടുത്ത തവണ ആരെയാണോ ജനം പിന്തുണക്കുന്നത് അവര്‍ തുര്‍ക്കി ഭരിക്കും.' യദ്‌രീസെന്ന സാധാരണ ടാക്‌സി ഡ്രൈവര്‍ക്കും ജനാധിപത്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്.

2003 മുതല്‍ അധികാരത്തിലുള്ള ഉര്‍ദുഗാന്റെ ജസ്റ്റിസ് & ഡെവലപ്‌മെന്റ് പാര്‍ട്ടി ജനങ്ങളിലുണ്ടാക്കിയ ശക്തമായ ജനാധിപത്യ അവബോധത്തിന്റെ ഉദാഹരണമായിരുന്നു യദ്‌രീസ്. ഇന്ന് തുര്‍ക്കിയുടെ ഏറ്റവും വലിയ ശക്തിയും ജനാധിപത്യ വിദ്യാഭ്യാസമുള്ള പൗരന്മാര്‍ തന്നെ. 1960-ലും '71ലും '80ലും '97ലുമായി നടന്ന നാല് പട്ടാള അട്ടിമറികളിലൂടെ സ്വേഛാധിപത്യത്തിന്റെ കെടുതികള്‍ വേണ്ടുവോളം അനുഭവിച്ചറിഞ്ഞവരാണ് തുര്‍ക്കി ജനത. ആ അട്ടിമറികളുടെ ദുരന്തമനുഭവിക്കാത്ത ഒരു കുടുംബവും ഇന്ന് തുര്‍ക്കിയിലുണ്ടാവില്ല. മുമ്പ് ഈ ജനതക്ക് പട്ടാളത്തിന് മുമ്പില്‍ കുനിയാനേ കഴിയുമായിരുന്നുള്ളൂ. അവര്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത അദ്‌നാന്‍ മന്‍ദരീസ് എന്ന പ്രധാനമന്ത്രിയെയും മൂന്ന് മന്ത്രിമാരെയും 1960ല്‍ അട്ടിമറിച്ച് ഒരു പ്രഭാതത്തില്‍ തൂക്കുമരത്തിലേറ്റിയപ്പോള്‍ ഒരു തുര്‍ക്കിക്കാരന്‍ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നില്ല. ആ ജനതയാണ് ജൂലൈ 15-ന്റെ രാവില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആഹ്വാനം വരേണ്ട താമസം വീടുവിട്ടിറങ്ങി പട്ടാള ടാങ്കുകള്‍ക്ക് മുമ്പില്‍ വിലങ്ങുനിന്നത്. ആ രാവിനെപ്പറ്റി പറയുമ്പോള്‍ ഓരോ തുര്‍ക്കിക്കാരനും ആയിരം നാവുകള്‍. ഉറക്കിലേക്ക് വീണിരുന്ന അവര്‍ വിവരമറിഞ്ഞ് ചാടിയെണീറ്റ് കുഞ്ഞുങ്ങളെ വിളിച്ചുണര്‍ത്തി അവരെയും കൊണ്ട് തെരുവിലിറങ്ങി. കുര്‍ദ് വംശജനായ മഹ്മൂദ് സെവിന്‍ഷാന്‍ രാത്രി തന്റെ മൂത്ത രണ്ട് ആണ്‍മക്കളെയും വിളിച്ചുണര്‍ത്തി നേരെ ഇസ്തംബൂള്‍ അത്താതൂര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ട കഥ വിവരിച്ചു. ഷര്‍ട്ടിടാത്ത മകന്റെ ഫോട്ടോ കാണിച്ച് മഹ്മൂദ് പറഞ്ഞു. അവന്റെ കൂടെയുള്ളയാള്‍ക്ക് വെടിയേറ്റു. വാര്‍ന്നുവരുന്ന രക്തം തടഞ്ഞു നിര്‍ത്താനാവാതെ വന്നപ്പോള്‍ അവന്‍ ഷര്‍ട്ട് ഊരി കെട്ടിക്കൊടുത്തതാണ്. ടാങ്കിന്റെ മുകളില്‍ കയറിയിരുന്നും കാറുകള്‍ കൂട്ടിയിട്ട് ടാങ്കുകളെ തടഞ്ഞും ഒരു വൃദ്ധ; ഇവിടെയല്ല, ബാരക്കിലാണ് നിങ്ങളുടെ സ്ഥാനം, അവിടേക്ക് തിരിച്ചുപോ എന്ന് അലമുറയിട്ടതുമൊക്കെ മഹ്മൂദ് ചിത്രങ്ങളിലൂടെ കാണിച്ചുതന്നു.

2002-ല്‍ വെനിസ്വലയില്‍ പട്ടാള അട്ടിമറിയെ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിച്ച് ഷാവേസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവന്നതൊഴികെ ലോകത്ത് പട്ടാള അട്ടിമറികളൊക്കെ വിജയിച്ച ചരിത്രം മാത്രമുള്ളപ്പോള്‍ തുര്‍ക്കിയിലെ ഈ അപൂര്‍വ അനുഭവത്തിന്റെ രസതന്ത്രം പഠിച്ചെടുക്കാനായിരുന്നു എന്റെ ശ്രമം. 

വൈകുന്നേരം അഞ്ച് മണിയോടെ ജനങ്ങളൊക്കെയും അവരുടെ അടുത്തുള്ള മൈതാനങ്ങളിലേക്കൊഴുകുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍, വടിയുടെ താങ്ങില്‍ വൃദ്ധന്മാരും വൃദ്ധകളും, വീല്‍ ചെയറുകളില്‍ വികലാംഗര്‍, ചോരത്തിളപ്പോടെ ചെറുപ്പക്കാര്‍ എല്ലാവരുടെയും കൈകളില്‍ ചന്ദ്രക്കലയും നക്ഷത്രവും പതിച്ച രക്തവര്‍ണ ദേശീയ പതാക. മൈതാനങ്ങളിലേക്കുള്ള ഈ പ്രവാഹം ഇന്ന് അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ദേശ ഭക്തി ഗാനങ്ങളും ഖുര്‍ആന്‍ വചനങ്ങളും പ്രസിഡന്റ് ഉര്‍ദുഗാന്റെ അപദാനങ്ങളും കുര്‍ദ് അറബ് സംഗീതവും പഴയ ഉസ്മാനി യുദ്ധഗാനങ്ങളും അവര്‍ താളമിട്ട് ചൊല്ലുന്നു. ചില യുവതീ യുവാക്കള്‍ വിവാഹം മൈതാനത്തേക്ക് മാറ്റി ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളെ ജനാധിപത്യവുമായി ഇഴചേര്‍ക്കുന്നു. സ്റ്റേജില്‍ ആവേശം നല്‍കി നേതാക്കളും പ്രസംഗകരും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഇസ്തംബൂളിലെ പ്രസിദ്ധമായ തഖ്‌സീം സ്‌ക്വയറിലെത്തിയപ്പോള്‍ ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ബിലാല്‍ ഹൊക്ക എനിക്ക് തൊട്ടുകാണിച്ചുതന്നു, ഇവര്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാരാണ്, ഉര്‍ദുഗാന്റെ എതിരാളികള്‍. പക്ഷേ, ഇപ്പോഴവര്‍ പ്രസിഡന്റിന്റെ കൂടെയുണ്ട്. ആവേശപൂര്‍വം ഞങ്ങളുടെ മുമ്പില്‍ മൈതാനത്തേക്ക് ഓടിവന്ന ചെറുപ്പക്കാരെ ചൂണ്ടി അദ്ദേഹം പറഞ്ഞു: 'അവര്‍ കുര്‍ദുകളാണ്. ഉര്‍ദുഗാന്റെ എതിരാളികളാണ് കുര്‍ദുകളൊക്കെയും എന്ന പ്രചാരണം ശരിയല്ല. അവരുടെ കൂട്ടത്തിലെ ഭൂരിപക്ഷവും ഉര്‍ദുഗാനോടൊപ്പ മുണ്ട്.' 'ഡെമോക്രസി വാച്ച്' എന്ന് പേരുവിളിക്കുന്ന ഈ ഒത്തുചേരലിന് പാര്‍ട്ടികളുടെ കൊടികളില്ല. പ്രസിഡന്റെന്ന നിലയില്‍ ഉര്‍ദുഗാന്റെ പടം കാണാം, അതും പക്ഷേ അപൂര്‍വം. മൈതാനത്തിന് പുറത്ത് മെട്രോ ബസ്സുകളിലും മെട്രോ ട്രെയ്‌നുകളിലുമൊക്കെ സ്‌ക്രീനില്‍ അട്ടിമറിക്കാരുടെയും ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെയും വീഡിയോ ദൃശ്യങ്ങള്‍. തെരുവുകളില്‍ 'ഹാകിമിയ്യത് മില്ലത്തിന്ദ്യര്‍' (പരമാധികാരം ജനങ്ങള്‍ക്ക്) എന്ന മുദ്രാവാക്യം കുറിച്ചിട്ട വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. പട്ടാള അട്ടിമറിയെ പരാജയപ്പെടുത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും തുടരുന്ന ആവേശ പ്രകടനം എന്നാണവസാനിക്കുക എന്ന് ഇസ്തംബൂളില്‍ ബിസിനസ്സ് നടത്തുന്ന സ്വാലിഹിനോട് ചോദിച്ചപ്പോള്‍, പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് ഞങ്ങളിത് ആരംഭിച്ചത്, അദ്ദേഹം അവസാനിപ്പിക്കാന്‍ പറയുന്നതുവരെ തുടരും എന്നായിരുന്നു മറുപടി.

'ഡെമോക്രസി വാച്ചി'ല്‍ സിറിയന്‍ അഭയാര്‍ഥികളും സജീവമായുണ്ട്. 'വീടും നാടും നഷ്ടപ്പെട്ട മുപ്പതു ലക്ഷം സിറിയക്കാരെ സ്വീകരിച്ച ഈ രാജ്യത്തോടുള്ള കടപ്പാട് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ബാശ്ശാറുല്‍ അസദ് നല്‍കാത്ത ആദരവാണ് ഉര്‍ദുഗാന്‍ ഞങ്ങള്‍ക്ക് നല്‍കിയത്'- മെട്രോ ട്രെയ്‌നില്‍ കണ്ടുമുട്ടിയ സിറിയന്‍ ചെറുപ്പക്കാരനായ എഞ്ചിനീയര്‍ അഹ്മദ് പറഞ്ഞു. 

തുര്‍ക്കികള്‍ പറഞ്ഞതുപോലെത്തന്നെ ഉര്‍ദുഗാന്‍ അവസാനിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ മൈതാനങ്ങളില്‍ ഒത്തുചേരല്‍ അവസാനിപ്പിച്ചു ആഗസ്റ്റ് ഏഴിന്. പക്ഷേ അതൊരു അനുഭവം തന്നെയായിരുന്നു. 50 ലക്ഷത്തോളം ജനങ്ങള്‍ അന്ന് യനികാപ്പി മൈതാനത്തേക്കൊഴുകി. ഈ ലേഖകന്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ക്ക് മൈതാനത്തിന്റെ 20 കലോമീറ്ററോളം ദൂരെ നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനകൂട്ടം പ്രസിഡന്റ് ഉര്‍ദുഗാനും പ്രധാനമന്ത്രി ഇല്‍ദരീമും പ്രതിപക്ഷ പാര്‍ടടികളായ സി.എച്ച്.പിയുടെയും എം.എച്ച്.പിയുടെയും പ്രസിഡന്റുമാരും ഒന്നിച്ചണിനിരന്ന പടുകൂറ്റന്‍ റാലി. തുര്‍ക്കിയുടെ ഭാവി സുരക്ഷിതമാണെന്ന് വീണ്ടും അടിവരയിട്ട സംഭവം.

 

ആരായിരുന്നു അട്ടിമറിക്കു പിന്നില്‍? 

ഗവണ്‍മെന്റ് ജൂലൈ 15-നു തന്നെ ഫത്ഹുല്ലാ ഗുലനാണ് അട്ടിമറിക്കു പിന്നിലെന്ന് ആരോപിച്ചിരുന്നെങ്കിലും അതിന്റെ നിജഃസ്ഥിതി അറിയാന്‍ ശ്രമിച്ചു. തുര്‍ക്കികളില്‍ 70 മുതല്‍ 80 ശതമാനം വരെ വിശ്വസിക്കുന്നത് ഗുലന്‍ തന്നെയാണ് പ്രതിയെന്നാണ്. ഞാന്‍ അന്വേഷിച്ചവരൊക്കെയും ഏകസ്വരത്തില്‍ അതുതന്നെ പറഞ്ഞു. ചില സര്‍വേകളും ഈ കണക്ക് ശരിവെക്കുന്നുണ്ട്. 1999 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ തന്റെ ആഡംബര കൊട്ടാരത്തില്‍ കഴിയുന്ന കിരീടമില്ലാത്ത രാജാവാണ് ഫത്ഹുല്ലാ ഗുലന്‍. തുര്‍ക്കിയില്‍ കുറേകാലമായി സമാന്തര ഭരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന, സൂഫിസത്തിന്റെയും ജനസേവനത്തിന്റെയും കുപ്പായമണിഞ്ഞ വയോധികന്‍. പട്ടാളം, ഇന്റലിജന്‍സ്, കോടതി, മന്ത്രാലയങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍ തുടങ്ങി പ്രധാന അധികാര കേന്ദ്രങ്ങളിലെ താക്കോല്‍ സ്ഥാനങ്ങളില്‍ തന്ത്രപൂര്‍വം സ്വന്തം അനുയായികളെ കയറ്റിയിരുത്തി തുര്‍ക്കിയുടെ ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന വ്യക്തി. അഞ്ച് വന്‍കിട കമ്പനികള്‍, 17 യൂനിവേഴ്‌സിറ്റികള്‍, 96 വഖ്ഫ് പ്രോജക്റ്റുകള്‍, 16 ടി.വി ചാനലുകള്‍, 23 റേഡിയോ സ്റ്റേഷനുകള്‍, 45 ദേശീയ പ്രാദേശിക പത്രങ്ങളുള്‍പ്പെടെ നൂറോളം മാധ്യമ സ്ഥാപനങ്ങള്‍, 900 സൊസൈറ്റികള്‍, നൂറുകണക്കിന് സ്‌കൂളുകള്‍ തുടങ്ങി ഗുലന്റെ തുര്‍ക്കിയിലെ സാമ്രാജ്യം വലുതാണ്. 150 ബില്യന്‍ ഡോളറാണ് വാര്‍ഷിക ബജറ്റ്. അമേരിക്കയും ഇന്ത്യയും പാകിസ്താനുമുള്‍പ്പെടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സ്‌കൂളുകളും  സ്വന്തം പ്രവര്‍ത്തന കേന്ദ്രങ്ങളും ഗുലനുണ്ട്. 

ഇത്രയധികം സമ്പത്തും സ്ഥാപന ങ്ങളും സ്വാധീനവും ഒരു വ്യക്തി എങ്ങനെ സ്വന്തമാക്കി എന്നത് ദുരൂഹമാണ്. ഗുലന്‍ ഇസ്രയേലിന്റെയും സാമ്രാജ്യത്വ ശക്തികളുടെയും ഏജന്റാണെന്നാണ് തുര്‍ക്കികളുടെ വിശ്വാസം. അട്ടിമറിക്കു പിന്നില്‍ അമേരിക്കയുടെ സഹായമുണ്ട് എന്നവര്‍ സംശയിക്കുന്നതും അതുകൊണ്ടാണ്. ഗുലനെ അമേരിക്ക ഏറ്റെടുത്ത് പോറ്റുകയാണ് എന്നതിനാല്‍ തുര്‍ക്കി ആവശ്യപ്പെട്ട പോലെ അയാളെ വിട്ടുനല്‍കുമോ എന്ന കാര്യത്തില്‍ അവര്‍ക്കുറപ്പില്ല. അഞ്ചു ലക്ഷം മുതല്‍ പത്തുലക്ഷം വരെ അനുയായികള്‍ ഫത്ഹുല്ലാ ഗുലനുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. 80 മില്യന്‍ ജനസംഖ്യയുള്ള തുര്‍ക്കിയില്‍ ഇത് വലിയ എണ്ണമല്ല. പക്ഷേ സൈന്യത്തിന്റെ 40% ഗുലന്‍ അനുയായികളുടെ സ്വാധീനത്തിലാണെന്ന് പറയപ്പെടുന്നു. ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാമെന്ന സിദ്ധാന്തമാണ് ഗുലനിസ്റ്റുകളുടേത്. ഉദ്യോഗങ്ങള്‍ക്കുള്ള ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയും തങ്ങളല്ലാത്തവരെ മെഡിക്കല്‍ ടെസ്റ്റുകളില്‍ പരാജയപ്പെടുത്തിയുമൊക്കെ അവര്‍ തങ്ങളുടെ അനുയായികളെ താക്കോല്‍ സ്ഥാനങ്ങളിലേക്കെത്തിച്ചു. ഇതു മനസ്സിലാക്കിയ ഗവണ്‍മെന്റ് പോലീസിനെയും ഇന്റലിജന്‍സിനെയും ശുദ്ധീകരിക്കുന്നതില്‍ ഏറക്കുറെ വിജയിച്ചിരുന്നു. സൈന്യത്തില്‍ ശുദ്ധീകരണ പ്രക്രിയ ആരംഭിക്കാന്‍ ആഗസ്റ്റില്‍ ചേരുന്ന സുപ്രധാന സുപ്രീം മിലിട്ടറി കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. അത് മനസ്സിലാക്കിയായിരുന്നു അതിന് തൊട്ടുമുമ്പ് ഗുലനിസ്റ്റുകളുടെ അട്ടിമറി ശ്രമം.

ഏതായാലും ഗുലനിസ്റ്റുകളില്‍നിന്ന് തുര്‍ക്കിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയിലാണിപ്പോള്‍ ഭരണകൂടം. 13,000 ഓളം സൈനികരെയാണ് പിടികൂടിയിരിക്കുന്നത്. അതില്‍ മുന്‍ നാവിക സേനാ മേധാവി, മുഖ്യ സൈന്യാധിപന്റെ തൊട്ടുതാഴെ രണ്ടും മൂന്നും സ്ഥാനത്തുള്ള മേധാവികള്‍, സൈനിക ഇന്റലിജന്‍സ് മേധാവി, അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ഇന്‍ക്യര്‍ലിക് സൈനിക താവള മേധാവി, മുഖ്യ സൈന്യാധിപന്റെ ഓഫീസ് ഡയറക്ടര്‍ തുടങ്ങി 120 പേര്‍ സൈന്യത്തില്‍ തന്ത്രപ്രധാന സ്ഥാനങ്ങളിലുള്ളവരാണ്. 200 ഓളം ജഡ്ജിമാരും പിടികൂടപ്പെട്ടിട്ടുണ്ട്. 

നേരത്തേ ഉര്‍ദുഗാനുമായി രഞ്ജിപ്പിലായിരുന്നു ഫത്ഹുല്ലാ ഗുലന്‍. എന്നാല്‍ ഉര്‍ദുഗാന്‍ തനിക്കുമേല്‍ വളരുന്നുവെന്ന് കണ്ടതോടെ അദ്ദേഹത്തെ മിറച്ചിടാനായിരുന്നു ശ്രമം. 2013 ല്‍ ഉര്‍ദുഗാന്‍ ഗവണ്‍മെന്റിനെതിരെയും അദ്ദേഹത്തിന്റെ മകനുള്‍പ്പെടെ കുടുംബത്തിനെതിരെയും ഇന്റലിജന്‍സിനെയും ജഡ്ജിമാരെയും സ്വാധീനിച്ച് വ്യാപകമായി ആരോപണങ്ങള്‍ പ്രചരിപ്പിച്ച് തഖ്‌സീം സ്‌ക്വയറില്‍ ജനങ്ങളെ അണിനിരത്തിയും ഗുലന്‍ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ ഭരണകൂടത്തെ പക്ഷേ ഉര്‍ദുഗാന്‍ പിടിച്ചു നിര്‍ത്തി. തുടര്‍ന്നാണ് ഇപ്പോള്‍ ഗുലന്റെ അട്ടിമറി ശ്രമമുണ്ടായത്.

പട്ടാളമേധാവി ഖലൂസി അക്കാര്‍ നല്‍കിയ മൊഴിയില്‍ ഗുലന്റെ പങ്ക് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തന്നെ തടവിലാക്കിയ അട്ടിമറിക്കാര്‍ രാജ്യത്ത് പട്ടാളം ഭരണമേറ്റെടുത്തെന്ന് അറിയിക്കുകയും ഫോണ്‍ കൈയില്‍ തന്ന് അമേരിക്കയിലുള്ള ഫത്ഹുല്ലാ ഗുലനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, എന്നാല്‍ താനതിന് വഴങ്ങിയില്ല എന്നാണ് അക്കാറിന്റെ മൊഴി. 

സൈനിക തലവനെയും ഇന്റലിജന്‍സ് മേധാവിയെയും പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കിയും സൈനിക മേധാവികളെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാക്കിയും സുപ്രധാന സൈനിക തീരുമാനങ്ങളെടുക്കുന്ന സുപ്രീം മിലിട്ടറി കൗണ്‍സിലില്‍ രാഷ്ട്രീയ നേതൃത്വത്തെ ഉള്‍പ്പെടുത്തിയും പട്ടാള അട്ടിമറിയുടെ സാധ്യതകള്‍ കൊട്ടിയടക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു.

 

ഉര്‍ദുഗാന്റെ ശക്തി

പട്ടാള അട്ടിമറിയെ അതിജീവിക്കാന്‍ തുര്‍ക്കിയെ പ്രാപ്തമാക്കിയത് പൗരന്മാരുടെ ശക്തമായ ജനാധിപത്യബോധമാണെന്ന കാര്യത്തില്‍ സംശയമില്ല. 2003 ല്‍ അധികാരത്തില്‍ വന്ന ജസ്റ്റിസ് & ഡെവലപ്‌മെന്റ് പാര്‍ട്ടി ജനങ്ങളുടെ കാഴ്ചപ്പാടുകളില്‍ ഉണ്ടാക്കിയ മാറ്റമാണ് അതിന് കാരണം. യൂറോപ്പിലെ രോഗിയായിരുന്ന തുര്‍ക്കിയെ 111-ാം സ്ഥാനത്തുനിന്ന് ലോകത്തിലെ മികച്ച 16 സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റിയും ആളോഹരി വരുമാനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചും ദരിദ്രരുടെ എണ്ണം 38 ശതമാനത്തില്‍നിന്ന് 2 ശതമാനത്തിലേക്ക് കുറച്ചും തുര്‍ക്കി കറന്‍സി ലിറയുടെ മൂല്യം 30 ഇരട്ടി വര്‍ധിപ്പിച്ചും ജീവനക്കാരുടെ ശമ്പളം 300 ശതമാനം കൂട്ടിയും ലോക ബാങ്കിന്റെ കടം മുഴുവന്‍ കൊടുത്തുതീര്‍ത്തും തുര്‍ക്കിയില്‍ വന്‍ സാമ്പത്തിക പുരോഗതി കൊണ്ടു വന്നതാണ് ഉര്‍ദുഗാന്‍ ഗവണ്‍മെന്റിനെ കഴിഞ്ഞ 13 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ നിലനിര്‍ത്തുന്നത്. പട്ടാള അട്ടിമറി ശ്രമമുണ്ടായിട്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അത് ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ലിറയുടെ മൂല്യം അട്ടിമറി ശ്രമം നടന്ന ദിവസം ഡോളറിന് 3.10 ആയിരുന്നത് തൊട്ടടുത്ത ദിവസം തന്നെ 3 ലേക്ക് തിരിച്ചിറങ്ങി. മാര്‍ക്കറ്റിനെ ഒരു നിലക്കും പുതിയ സംഭവങ്ങള്‍ ഉലച്ചില്ല. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ അല്‍പം കുറവുണ്ടായി എന്നതു മാത്രമാണ് അപവാദം.

രാജ്യത്ത് വികസനവും സാമ്പത്തിക സുസ്ഥിതിയും ഉറപ്പുവരുത്തിയതോടൊപ്പം ഇഛാശക്തിയും അഭിമാന ബോധവുമുള്ള ഒരു പൗരസമൂഹത്തെ സൃഷ്ടിച്ചെടുത്തു ഉര്‍ദുഗാന്‍. 15 വര്‍ഷം മുമ്പുണ്ടായിരുന്ന ജനതയല്ല ഇന്നീ രാജ്യത്തുള്ളത്. അവരുടെ സ്വഭാവ രീതികളും കര്‍മശേഷിയും അപ്പാടെ മാറിയിരിക്കുന്നു. പെരുമാറ്റങ്ങളില്‍ ഉയര്‍ന്ന മാന്യത പുലര്‍ത്തുന്ന ഒരു സമൂഹത്തെയാണ് തെരുവിലും വാഹനത്തിലും സര്‍ക്കാര്‍ ഓഫീസുകളിലും കലാലയങ്ങളിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. ജീവിതത്തിലുടനീളം അച്ചടക്കവും ചിട്ടയും വ്യവസ്ഥയും പാലിക്കുന്ന ജനത, ഒരു രാജ്യത്തിന്റെ നേതൃസ്ഥാനത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ ആ രാജ്യത്തിന്റെ പൗര സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കും എന്നതിന്റെ മികച്ച തെളിവ്, യഥാ രാജാ തഥാ പ്രജാ. 

മതമൂല്യങ്ങളെയും മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഇഴചേര്‍ത്ത് ഒരു സാമൂഹിക ക്രമം സൃഷ്ടിച്ചു എന്നതാണ് ഉര്‍ദുഗാന്റെ ജസ്റ്റിസ് & ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടം. മുസ്‌ലിംകള്‍ 90 ശതമാനമുള്ള രാജ്യമാണെങ്കിലും ന്യൂനപക്ഷമായ ക്രിസ്ത്യാനികളും ജൂതന്മാരും ഒരു വിവേചനവുമില്ലാതെ സൈ്വര ജീവിതം നയിക്കുന്നു.

തുര്‍ക്കി ജനതയുടെ മാന്യതയാണ് ഉര്‍ദുഗാന്റെ രാഷ്ട്രീയ എതിരാളികളാണെങ്കിലും മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (സി.എച്ച്.പി) നാഷ്‌നല്‍ മൂവ്‌മെന്റ് പാര്‍ട്ടിയും (എം.എച്ച്.പി) പട്ടാള അട്ടിമറി വേളയില്‍ പ്രകടിപ്പിച്ചത്. അവര്‍ വൈരം മറന്ന് രാജ്യത്തിന്റെ നേതൃത്വത്തിന്റെ കൂടെ നിന്നു. ഈജിപ്തിലെ ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും മുസ്‌ലിം-ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും തന്റെ കൂടെ അണിനിരത്തിയപ്പോള്‍ മറ്റൊരു മുസ്‌ലിം രാജ്യമായ തുര്‍ക്കി ഈജിപ്ത് ഉള്‍പ്പെടെ ലോകത്തിന് രാഷ്ട്രീയ മാന്യതയെന്തെന്ന് കാണിച്ചുകൊടുത്തു. ഇന്ന് പട്ടാളത്തില്‍ നടത്തുന്ന പിരിച്ചുവിടലുകളെയും പരിഷ്‌കരണങ്ങളെയും പിന്തുണച്ച്, സി.എച്ച്.പിയും എം.എച്ച്.പിയും ഉര്‍ദുഗാന്റെ കൂടെയുണ്ട്. 'ഡെമോക്രസി വാച്ചി'ല്‍ അവരുടെ പ്രവര്‍ത്തകര്‍ മൈതാനങ്ങളില്‍ സജീവമായുണ്ട്. 

തുര്‍ക്കിയെ അട്ടിമറിയില്‍നിന്ന് കാത്തുരക്ഷിച്ചതില്‍ ഈ രാജ്യത്തിന്റെ ധാര്‍മികശേഷിക്കും വലിയ പങ്കുണ്ടെന്നുവേണം മനസ്സിലാക്കാന്‍. മൂന്നു മില്യന്‍ സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് വിദേശികള്‍ ഇന്ന് തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ടെന്നതാണ് കണക്ക്. ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ് സ്വേഛാധിപത്യ നാടുകളില്‍നിന്ന് ജീവനും കൊണ്ടോടിപ്പോന്നവര്‍ക്കും ബശ്ശാറുല്‍ അസദിന്റെ മനുഷ്യക്കശാപ്പിനെത്തുടര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട് നാടുവിട്ടവര്‍ക്കുമൊക്കെ അവസാന അഭയകേന്ദ്രമാണിന്ന് തുര്‍ക്കി. നേതൃത്വവും പൗരന്മാരും അവരെ അതിഥികളായി സ്വീകരിക്കുന്നു. സിറിയന്‍ ജനതക്ക് പൗരത്വംവരെ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. ഇസ്രയേലുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഈ രാജ്യം വീണ്ടും താല്‍പര്യം കാണിച്ചത്, ഗസ്സയിലെ 1.5 മില്യന്‍ നിരാലംബരായ ജനങ്ങളെ സഹായിക്കാനും കൂടിയാണ്. ബന്ധം പുനഃസ്ഥാപിക്കുന്ന കരാറിലെ തുര്‍ക്കിയുടെ മുഖ്യ ഉപാധിയായിരുന്നു അത്. കരാര്‍ ഒപ്പിട്ടതിന്റെ പിറ്റേ ദിവസം 11,000 ടണ്‍ അവശ്യ വസ്തുക്കളുമായി തുര്‍ക്കി കപ്പല്‍ ഗസ്സയിലെത്തി. 

ഇങ്ങനെ ലോകത്തെ മുഴുവന്‍ മര്‍ദിത സമൂഹങ്ങളുടെയും  ധാര്‍മിക പിന്തുണയുള്ള രാജ്യമായി തുര്‍ക്കി മാറിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ യൂനിയന്റെയും ഇരട്ടത്താപ്പുകളെ തുറന്നു വിമര്‍ശിക്കാന്‍ ആര്‍ജവമുള്ള ഏക രാജ്യവും തുര്‍ക്കിയാണ്. ആ ധാര്‍മികശക്തി പട്ടാള അട്ടിമറിയെ പരാജയപ്പെടുത്തുന്നതിലും പ്രതിഫലിച്ചിട്ടുണ്ടെന്നതാണ് നേര്. 

 

പടിഞ്ഞാറിന്റെ ഇരട്ടത്താപ്പ്

തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തില്‍ സ്വീകരിച്ച ഇരട്ടത്താപ്പ് യൂറോപ്പിന്റെയും അമേരിക്കയുടെയും ചില അറബ് രാജ്യങ്ങളുടെയും കാപട്യങ്ങള്‍ ലോകത്തിനു മുമ്പില്‍ ഒന്നുകൂടി തുറന്നുകാട്ടി. 'തുര്‍ക്കി അപ്‌റൈസിംഗ്' എന്ന് പേരിട്ട് പൗരന്മാര്‍ക്ക് ജാഗ്രത പാലിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയ അമേരിക്ക അട്ടിമറി പരാജയപ്പെടുമെന്നുറപ്പായപ്പോഴാണ് ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചത്! 161 സിവിലിയന്മാരുള്‍പ്പെടെ 246 പേരെ കൊല്ലുകയും പ്രസിഡന്റിനെ വധിക്കാന്‍ പട്ടാളക്കാരെ നിയോഗിക്കുകയും പാര്‍ലമെന്റ് തകര്‍ക്കുകയും പട്ടാള മേധാവികളെ തടവിലാക്കുകയുമൊക്കെ ചെയ്ത് ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ പുറപ്പെട്ട വഞ്ചകരായ പട്ടാളക്കാരെപ്പറ്റി അമേരിക്കക്കും യൂറോപ്പിനും ഇപ്പോഴും ഒന്നും പറയാനില്ല. അവരെ പിടികൂടുമെന്നും വിചാരണ ചെയ്യുമെന്നും ശിക്ഷിക്കുമെന്നും പേടിച്ച് തുര്‍ക്കിക്ക് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും പറ്റി ക്ലാസെടുക്കാന്‍ തുടങ്ങുകയായിരുന്നു യു.എസ്സും യൂറോപ്യന്‍ യൂനിയനും. വധശിക്ഷ തിരിച്ചുകൊണ്ടുവന്നാല്‍ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയനില്‍ അംഗമാകാനാവില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ സെക്രട്ടറി പ്രസ്താവന നടത്തി. കഴിഞ്ഞ 11 വര്‍ഷമായി ഇ.യു അംഗത്വം കൊടുക്കാത്തവര്‍ ഇപ്പോള്‍ വധശിക്ഷയുടെ പേരില്‍ അംഗത്വം തരില്ലെന്ന് പറയുന്നത് ബാലിശമായാണ് തുര്‍ക്കികള്‍ കാണുന്നത്. പടിഞ്ഞാറിന്റെ നിലപാടുകള്‍ക്കു നേരെ ആദ്യം മൗനം പാലിച്ച ഉര്‍ദുഗാന്‍ ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. തുര്‍ക്കിക്ക് പുറത്താണ് അട്ടിമറി ആസൂത്രണം ചെയ്യപ്പെട്ടതെന്നും ഫത്ഹുല്ലാ ഗുലനെ കൈമാറിയില്ലെങ്കില്‍ അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

തുര്‍ക്കിയുടെ ഭാവി

പട്ടാള അട്ടിമറിയെ അതിജീവിച്ച തുര്‍ക്കി പഴയ തുര്‍ക്കിയാവില്ല എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിന്റെ നേതൃത്വവും പൗരന്മാരു കാണിച്ച ഈ ഇഛാശക്തി ലോക ഭൂപടത്തില്‍ തുര്‍ക്കി എന്ന രാഷ്ട്രത്തെ പൂര്‍വാധികം ശക്തമായി അടയാളപ്പെടുത്തും. ഇനി അടുത്ത കാലത്തൊന്നും പട്ടാളം ഒരട്ടിമറിക്ക് ധൈര്യപ്പെടില്ല. ഗുലന്‍ അനുയായികളില്‍നിന്നും രാഷ്ട്ര വഞ്ചകരില്‍നിന്നും രാജ്യത്തെ ശുദ്ധീകരിക്കാന്‍ ഗവണ്‍മെന്റിന് മികച്ച അവസരം ലഭിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും തുര്‍ക്കി ലോക ശക്തികള്‍ ടാര്‍ഗറ്റ് ചെയ്യുന്ന രാജ്യമായി തുടരാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. തുര്‍ക്കി കാഴ്ചവെച്ച മത-മതനിരപേക്ഷ- ജനാധിപത്യ സമവായം, അതിന്മേല്‍ കെട്ടിപ്പടുത്ത രാഷ്ട്ര വ്യവസ്ഥ, അസാമാന്യമായ വികസനം രാജ്യത്ത് കൊണ്ടുവന്ന ശേഷിയും തലയെടുപ്പുമുള്ള നേതൃത്വവും ഇഛാശക്തിയുള്ള ജനതയും  ഇതെല്ലാം അംഗീകരിച്ചുകൊടുത്താല്‍ യൂറോപ്പിന്റെയും അമേരിക്കയുടെയും മേധാവിത്വമാണ് നഷ്ടപ്പെടാന്‍ പോകുന്നതെന്ന് അവര്‍ക്കറിയാം. അവര്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയക്ക് തുര്‍ക്കിയുടെ വിജയം തടസ്സമാവുമെന്നും അവര്‍ കരുതുന്നു. ഇസ്‌ലാമാണ് തുര്‍ക്കിയുടെ നിദാനവും പ്രചോദനവും. മുസ്‌ലിംകളാണ് തുര്‍ക്കികള്‍. തുര്‍ക്കിയുടെ വിജയം ഇസ്‌ലാമിന്റെ വിജയമാണ്. ആധുനിക ലോകത്ത് മതതീവ്രതക്കും ഭീകരതക്കുമെതിരെ നിലകൊണ്ട്, വികസന കാഴ്ചപ്പാടിലൂന്നി ഇസ്‌ലാമിക നാഗരികതയുടെ ശോഭന ചിത്രങ്ങളെ പുനരാവിഷ്‌കരിക്കുന്ന തുര്‍ക്കി വിജയിച്ചുകഴിഞ്ഞാല്‍ ലോകത്ത് തങ്ങളുടെ സാമ്രാജ്യങ്ങള്‍ കടപുഴകി വീഴുമെന്ന് ശത്രുക്കള്‍ ഭയക്കുന്നു. അതുകൊണ്ട് എന്തു വിലകൊടുത്തും തുര്‍ക്കിയെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കും. 

ഭാവി ഇരുളടഞ്ഞതാകുമോ എന്നു ഞാന്‍ തുര്‍ക്കി പ്രധാനമന്ത്രിയുടെ ഫസ്റ്റ് അഡൈ്വസര്‍ ഡോ. ഉമര്‍ ഫാറൂഖിനോട് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഓരോ തുര്‍ക്കിക്കാരനും ജനിക്കുന്നതുതന്നെ സൈനികനായാണ് എന്ന് ഞങ്ങള്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്. തുര്‍ക്കികള്‍ അവരുടെ രാജ്യത്തിനു വേണ്ടി അവസാനം വരെ പൊരുതും. അതുകൊണ്ട് തുര്‍ക്കിയുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ല.  യൂറോപ്പിനും അമേരിക്കക്കുമൊന്നും പെട്ടെന്ന് എഴുതിത്തള്ളാന്‍ കഴിയുന്ന ഒരു രാജ്യമല്ല ഇന്ന് തുര്‍ക്കി. തുര്‍ക്കിക്ക് അവരെ ആവശ്യമുള്ളതിനേക്കാള്‍ അവര്‍ക്ക് തുര്‍ക്കിയെ ആവശ്യമുണ്ട്.' 

ഏതായാലും റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഒരു കാര്യം തീരുമാനിച്ചുറച്ച പോലെയുണ്ട്; ജനാധിപത്യത്തിന്റെ ശക്തിയായ ജനങ്ങളെയും കൊണ്ട് തന്റെ പോരാട്ടം തുടരും. 80 മില്യന്‍ വരുന്ന തുര്‍ക്കി ജനത മുട്ടുവിറക്കാതെ തലയുയര്‍ത്തി നിന്നാല്‍ അത് അപരാജിതരായി വാഴുന്ന സാമ്രാജ്യത്വത്തിന്റെ പടയോട്ടത്തിന് ഭീഷണിയാവും. അത്തരമൊരു ചരിത്രം കുറിക്കാന്‍ ഇന്ന് ഏറ്റവും സാധ്യതയുള്ള സമൂഹം തുര്‍ക്കികള്‍ തന്നെയാണെന്ന് ഇവിടം സന്ദര്‍ശിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ആരും പറയും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 59-61
എ.വൈ.ആര്‍