സാധ്യതകളുടെ ഇസ്‌ലാമിനെയാണ് പ്രവാചകന്‍ തുറന്നുവെച്ചത്
ഭൂമിയിലെ മനുഷ്യജീവിതത്തിന് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ന് കാണുന്ന ആന്തരികവും ബാഹ്യവുമായ ഘടനകളോടുകൂടിതന്നെയാണ് സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. സി.ഇ. 2016-ല്‍ ജീവിക്കുന്ന മനുഷ്യരുടെ ആന്തരിക അവയവങ്ങളും അടിസ്ഥാന ഭാവങ്ങളുമൊക്കെ തന്നെയായിരുന്നു ബി.സി. 2016-ല്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്കും ഉണ്ടായിരുന്നത്. മനുഷ്യകുലത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുന്തോറും അവര്‍ക്കു മുന്നില്‍ തത്തുല്യമായ പ്രതിസന്ധികളും വര്‍ധിച്ചുകൊണ്ടേയിരുന്നു. ചിന്തക്കും ആസ്വാദ്യതക്കും വികാരപ്രകടനങ്ങള്‍ക്കുമൊക്കെയുള്ള സ്വാഭാവിക ഏറ്റക്കുറവുകള്‍ ഒഴിവാക്കിയാല്‍ അടിസ്ഥാനപരമായി മനുഷ്യസമൂഹം എക്കാലത്തും ഒരേ ജൈവിക സാധ്യതകളില്‍തന്നെയായിരുന്നു ജീവിച്ചിരുന്നത്. അങ്ങനെയെങ്കില്‍, ഇന്ന് കാണുന്ന നിലയിലേക്കുള്ള മാനവകുലത്തിന്റെ അഭൂതപൂര്‍വമായ വികാസത്തിനും നവീനതക്കും സാമൂഹിക പുരോഗതിക്കും പ്രേരകമായി വര്‍ത്തിച്ചതെന്ത് എന്നതാണ് പ്രസക്തമായ ചോദ്യം. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന മനുഷ്യന്റെ ജൈവിക സാധ്യതകള്‍ ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍ അവന്റെ ബൗദ്ധിക സാധ്യതകളെ അന്നത്തേതില്‍നിന്നും ഇന്നത്തേതിലേക്ക് ഇത്രമേല്‍ മാറ്റിമറിച്ച ഘടകം എന്താണ്?
സ്വയം നിര്‍ധാരണം നടത്താന്‍ സാധിക്കാത്ത എന്തൊക്കെയോ അവന്റെ സാമൂഹിക ജീവിതത്തെ സ്വാധീനിക്കുംവിധം അവനെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മനുഷ്യര്‍ ഇന്നനുഭവിക്കുന്ന എല്ലാ ആധുനിക സങ്കേതങ്ങളുടെയും വികാസത്തിന്റെയും വഴിയടയാളങ്ങളിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍ എത്തിനില്‍ക്കുക ഏതാണ്ട് ഒന്നര സഹസ്രാബ്ദത്തിന്റെ ചരിത്രത്തിലേക്കാണ്. മനുഷ്യന്റെ ഇന്നത്തെ സാമൂഹിക വികാസത്തിലേക്ക് അവനെ കുതിപ്പിച്ച ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും വേരുകള്‍ നീണ്ടുകിടക്കുന്നതും അവിടേക്കാണ്.
വഹ്‌യ് അഥവാ ദിവ്യബോധനമെന്ന ദൈവികവിജ്ഞാനത്തിന്റെ പിന്‍ബലത്തിലാണ് മനുഷ്യര്‍ അവരുടെ സാമൂഹികവികാസത്തിന് തുടക്കംകുറിച്ചിട്ടുള്ളത് എന്നാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ദിവ്യബോധനത്തിന്റെയും അവയെ മനുഷ്യബുദ്ധിക്കും ചിന്തക്കും പ്രാപ്യമാകുംവിധം പക്വമായി പകര്‍ന്നുനല്‍കുന്ന പ്രവാചകത്വത്തിന്റെയും നേരവകാശികള്‍ ലോകത്തെ മുഴുവന്‍ മനുഷ്യരുമാണെന്ന് ഇസ്‌ലാം മനുഷ്യരെ ഓര്‍മിപ്പിക്കുന്നു. ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്കോ സമൂഹങ്ങള്‍ക്കോ മാത്രം പരിമിതമായതല്ല പ്രവാചകദൗത്യവും അതിലൂടെ പകര്‍ന്നുനല്‍കിയ ദൈവികബോധനങ്ങളും. ആദിമ മനുഷ്യനായ ആദമിന് അടിസ്ഥാന ജ്ഞാനം ദൈവികമായി നല്‍കപ്പെടുകയും അതിനെ കാല-ദേശങ്ങള്‍ക്കനുസരിച്ച് വികസിപ്പിക്കുന്നതിനായി പ്രവാചകത്വമെന്ന വൈജ്ഞാനിക, പോഷണ പ്രക്രിയയെ ജഗന്നിയന്താവ് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നുവെന്നാണ് ഖുര്‍ആന്‍ മനുഷ്യര്‍ക്ക് നല്‍കുന്ന ബോധനം. പ്രവാചകത്വ സംരംഭങ്ങളോരോന്നും മനുഷ്യരുടെ സാമൂഹിക വളര്‍ച്ചക്കായുള്ള ദൈവികപദ്ധതികളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ നോക്കുമ്പോള്‍ വലിയ അജണ്ടകളും പദ്ധതികളുമുള്ള ഒരു ദൈവികമായ കര്‍മ പദ്ധതിയുടെ പ്രാദേശിക ഭേദങ്ങളാണ് മുഹമ്മദ് നബിക്ക് മുമ്പേയുള്ള മുഴുവന്‍ പ്രവാചക ദൗത്യങ്ങളും.
മുഹമ്മദ് നബിക്ക് മുമ്പേ നടന്നിട്ടുള്ള എല്ലാ പ്രവാചകത്വ സംരംഭങ്ങളും ചരിത്രാതീത കാലത്ത് നടന്നിട്ടുള്ളതാണ്. എഴുതപ്പെട്ട ചരിതത്തിനു പുറത്ത് നടന്നിട്ടുള്ള നവോത്ഥാന ശ്രമങ്ങളാണ് ഇത്തരത്തിലുള്ള ഓരോ പ്രവാചക ദൗത്യങ്ങളും. പ്രവാചകത്വത്തിന്റെ തുടര്‍ച്ചകള്‍കൊണ്ട് ഈ ശ്രമങ്ങളൊക്കെയും നിരന്തരം നവീകരിക്കപ്പെടുകയും പുനര്‍വായിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരുന്നു. വ്യത്യസ്തങ്ങളായ രൂപവും ശൈലിയും സ്വീകരിച്ചാണ് ഈ ശ്രമങ്ങളൊക്കെയും പുരോഗമിച്ചിട്ടുള്ളത്. കാല-ദേശങ്ങളുടെ വൈജാത്യങ്ങള്‍ക്കനുസരിച്ച് പ്രവാചകന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കും അഭിസംബോധിത വിഷയങ്ങള്‍ക്കും മാറ്റങ്ങളുണ്ടായിട്ടുണ്ട്. സന്ദര്‍ഭത്തിന്റെയും പ്രദേശത്തിന്റെയും അനിവാര്യതകള്‍ക്കനുസരിച്ചായിരുന്നു അജണ്ടകളൊക്കെയും രൂപപ്പെട്ടിരുന്നത്. അടിസ്ഥാന മൂല്യങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോഴും ബാഹ്യാവസ്ഥയില്‍ അവ പുതിയ സംവാദങ്ങളിലേര്‍പ്പെട്ടുകൊണ്ടിരുന്നു.
മനുഷ്യസമൂഹം നിലനിന്നിരുന്ന പ്രദേശങ്ങളിലൊക്കെ ഇവ്വിധം സാമൂഹികമായ പൊതുബോധം നിര്‍മിക്കാനും അവരെ ഒരു തുടര്‍വളര്‍ച്ചക്ക് പ്രാപ്തരാക്കുംവിധം ഏകോപിപ്പിക്കാനും വേണ്ടി ദിവ്യദൗത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ നിരവധി സംസ്‌കാരങ്ങളുടെ ഉദയത്തിനും, സ്വതന്ത്രമായ വിവിധ ദൈവശാസ്ത്ര ശാഖകളുടെ വളര്‍ച്ചക്കും, തുടര്‍ന്ന് വലുതും ചെറുതുമായ വിവിധ മതങ്ങളുടെ രൂപവത്കരണത്തിനും വഴിവെച്ചത് ദൈവിക ദൗത്യങ്ങളുടെ ഇത്തരം തുടര്‍ചലനങ്ങളാണ്. ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പൊതുമൂല്യങ്ങളും ബോധങ്ങളും രൂപപ്പെട്ടതിനും വളര്‍ന്നതിനും പിന്നിലെ സുപ്രധാന കാരണവും ഇതുതന്നെ. ഓരോ പ്രദേശങ്ങളിലേക്കും ഓരോ ജനതയിലേക്കുമായി നിയോഗിക്കപ്പെട്ടിരുന്ന പ്രവാചക ദൗത്യങ്ങളെ ലോകത്തെ മുഴുവന്‍ പ്രദേശങ്ങളിലേക്കും മുഴുവന്‍ ജനതയിലേക്കും പ്രസരിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രവാചകത്വത്തിന്റെ ഒരു ആഗോളീകരണമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ സാധ്യമാക്കിയത്.
സാധ്യതകളുടെ ഒരു ഇസ്‌ലാമിനെയാണ് ലോകത്തിനു മുന്നില്‍ പ്രവാചകന്‍ തുറന്നിട്ടത്. ഞെരുക്കത്തിലേക്ക് ആളുകളെ തളയ്ക്കാനല്ല, വിശാലതയിലേക്ക് മനുഷ്യമനസ്സുകള്‍ക്ക് തുറവി നല്‍കുന്നതിനാണ് താന്‍ നിയോഗിക്കപ്പെട്ടതെന്ന് സ്വയം ബോധ്യമുള്ള നിലപാടുകളായിരുന്നു പ്രവാചകന്റേത്. തന്റെ ഹൃദയത്തെ ഞെരുക്കിക്കളയരുതേയെന്നും പകരം അതിന് വിശാലത നല്‍കണേയെന്നും നിരന്തരമായി പ്രാര്‍ഥിച്ച പ്രവാചകനെയാണ് ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചെല്ലുന്നിടങ്ങളിലെ നന്മയെയും സംസ്‌കാരങ്ങളെയും സാധ്യമാകുംവിധം സ്വാംശീകരിക്കുകയും ബഹുസ്വരതക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സമീപനമായിരുന്നു പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. തനിക്കുശേഷം രാഷ്ട്രീയ നിര്‍മിതികള്‍ക്കുള്ളില്‍ അകപ്പെട്ട് ഇസ്‌ലാമിന്റെ ബഹുസ്വരതയും സ്‌നിഗ്ധതയും നഷ്ടപ്പെട്ടേക്കുമോ എന്ന് ഭയന്നാകണം പ്രവാചകന്‍ ബോധപൂര്‍വം ഒരു പിന്തുടര്‍ച്ചാ ക്രമീകരണം സൃഷ്ടിച്ചെടുക്കാന്‍ തയാറാകാതെ മരണംവരിച്ചത് എന്നു നിരീക്ഷിക്കുന്ന ചരിത്രകാരന്മാരുണ്ട്. സൂക്ഷ്മമെന്ന് തോന്നുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കു പോലും പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ച മുഹമ്മദ് നബി, തനിക്ക് ഒരു പിന്‍ഗാമിയെയോ താന്‍ നിര്‍വഹിച്ച അതിബൃഹത്തായ സാമൂഹികദൗത്യത്തിന് വ്യവസ്ഥാപിതമായ ഒരു പിന്തുടര്‍ച്ചാ ക്രമീകരണമോ ഏര്‍പ്പെടുത്തിയില്ല എന്നത് അത്ര ലാഘവത്വത്തോടെ കാണേണ്ട ഒന്നല്ല. ഇസ്‌ലാം ഉയര്‍ത്തിവിടുന്ന ധൈഷണിക പ്രവാഹത്തെയും അന്വേഷണ ത്വരയെയും ഒരു ചട്ടക്കൂടില്‍ ബന്ധിപ്പിച്ചു മുരടിപ്പിക്കേണ്ട എന്നാകാം ഒരുപക്ഷേ പ്രവാചകന്‍ ഉദ്ദേശിച്ചത്. ഇസ്‌ലാമിനെ ആര്‍ക്കും ഏല്‍പിച്ചുകൊടുക്കാതെ മനുഷ്യര്‍ക്കായി സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. കല്‍പിതമായ നിര്‍മിതികള്‍ക്കുള്ളില്‍ ഇസ്‌ലാമിനെ തളയ്ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ, കോട്ടകൊത്തളങ്ങളെ ഭേദിച്ച് പുറത്തു കടന്നിട്ടുള്ള ചരിത്രമാണ് പ്രവാചകാനന്തരമുള്ള ഇസ്‌ലാമിക ചരിത്രത്തിനുള്ളത്. അതു തന്നെയാണ് ഇസ്‌ലാമിന്റെ എക്കാലത്തെയും ആന്തരിക ഊര്‍ജവും ശക്തിയും.
പ്രകൃതി മതമെന്നാണ് ഇസ്‌ലാമിനെ വിശേഷിപ്പിക്കുന്നത്. ഒരു വസ്തുവിന്റെ കൃത്രിമത്വങ്ങളില്ലാത്ത സ്വാഭാവികമായ അസ്തിത്വത്തെ സൂചിപ്പിക്കാനാണ് പ്രകൃതിയിലേക്ക് ചേര്‍ത്തുപറയുന്നത്. മനുഷ്യന്റെ സ്വാഭാവികവും നൈസര്‍ഗികവുമായ ജീവിത രീതിയാണ് ഇസ്‌ലാം. വൈജാത്യങ്ങളാണ് പ്രകൃതിയുടെ മൂലഭാവം. ഒരേ സംഗതി അവയുടെ പ്രാഥമിക ഗുണങ്ങള്‍ നിലനിര്‍ത്തുമ്പോള്‍തന്നെ കാലാവസ്ഥകള്‍കൊണ്ടും ഭൂപ്രകൃതികൊണ്ടും രൂപഭാവങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കല്‍ പ്രകൃതിയുടെ സവിശേഷതയാണ്. ഒരേ മാവ് വ്യത്യസ്ത പ്രദേശങ്ങളില്‍ പൂക്കുന്നതും കായ്ക്കുന്നതും വൈവിധ്യമാര്‍ന്ന രുചിയോടെയായിരിക്കുമെന്നത് പോലെയാണ് ഇസ്‌ലാമും. നിലനില്‍ക്കുന്നിടങ്ങളിലെ പൂര്‍വകാല സംസ്‌കൃതികളുമായി സാധ്യമാകുന്നിടത്തോളം യോജിച്ചുപോകുന്ന സമീപനമാണ് പ്രവാചക മാതൃകയിലുള്ളത്. സ്ഥലകാലങ്ങളുടെ സങ്കേതങ്ങളില്‍ ഇസ്‌ലാമിനെ പരിമിതപ്പെടുത്തല്‍ തികഞ്ഞ മൗഢ്യമാണ്. സ്ഥലകാലങ്ങളുടെ സീമകള്‍ക്കുള്ളില്‍ പരിമിതപ്പെടുന്ന ആശയമായിരുന്നു ഇസ്‌ലാമെങ്കില്‍, മദീനയുടെ കവാടങ്ങള്‍ക്കുള്ളില്‍ ഇസ്‌ലാം ചുരുങ്ങുമായിരുന്നു. മദീനക്കു പുറത്തേക്ക് ഇസ്‌ലാമിക സന്ദേശവുമായി പ്രയാണം ചെയ്ത അനുചരരോട് പോകുന്നിടങ്ങളില്‍ മദീനയിലെ സാഹചര്യങ്ങള്‍ പുനഃസൃഷ്ടിക്കാനല്ല പ്രവാചകന്‍ ആവശ്യപ്പെടുന്നത്. മുആദ് (റ) എന്ന സ്വഹാബിയെ യമനിലേക്ക് നിയോഗിക്കുമ്പോള്‍ പ്രവാചകന്‍ നിര്‍ദേശിച്ചത് ആഴത്തില്‍ ചിന്തിക്കാന്‍ ഇടനല്‍കുന്നു.
പ്രവാചകാനന്തര ഇസ്‌ലാമില്‍ വിവിധ കാലങ്ങളില്‍ നിരവധി പ്രദേശങ്ങളിലായി നവീനതക്കും പരിഷ്‌കരണത്തിനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഖിലാഫത്തിന്റെ തകര്‍ച്ചക്കു ശേഷം മുസ്‌ലിം സംഘടിത ചലനങ്ങള്‍ക്ക് ആക്കം കൂടുകയും സ്വത്വബോധം വര്‍ധിക്കുകയും ചെയ്തു. പ്രവാചകാനന്തരമുള്ള ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം അറേബ്യന്‍ നാടുകളില്‍ സംഭവിച്ച മൂല്യശോഷണങ്ങള്‍ക്കും വിശ്വാസവ്യതിയാനങ്ങള്‍ക്കുമെതിരില്‍ രംഗത്തുവന്ന പരിഷ്‌കര്‍ത്താവായ മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിന്റെ പേരുമായി ബന്ധപ്പെട്ടുണ്ടായ ഒരു പരാമര്‍ശമാണ് വഹാബിസം. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ക്കെതിരില്‍ അതിശക്തമായ നിലപാടുകള്‍ സ്വീകരിച്ചാണ് അദ്ദേഹം മുന്നോട്ടുപോയത്. അന്നത്തെ കാലത്തെ സാമൂഹിക സാഹചര്യങ്ങളില്‍നിന്നാണ് മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബ് തന്റെ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ അദ്ദേഹം നിര്‍ത്തിയേടത്തുനിന്ന് മുന്നോട്ടുപോകാന്‍ സാധിക്കാതെ ആ മുന്നേറ്റത്തിന് തുടര്‍ച്ച നഷ്ടപ്പെട്ടു. ആ ധാരയെ പിന്നീട് ഏറ്റെടുത്തത് ഈജിപ്ഷ്യന്‍ നവോത്ഥാനനായകരാണ്. അറേബ്യന്‍ സാഹചര്യങ്ങളില്‍നിന്ന് ഭിന്നമായ ഈജിപ്ഷ്യന്‍ സാഹചര്യത്തില്‍ വിശ്വാസ വിഷയങ്ങളില്‍ വഹാബിയന്‍ കാഴ്ചപ്പാടിനെ അംഗീകരിച്ചുകൊണ്ടാണെങ്കിലും അതിശക്തമായ ഒരു സാമൂഹിക പ്രസ്ഥാനമായാണ് അവിടെ ഇസ്‌ലാമിക നവോത്ഥാനം വേരു പിടിച്ചത്. സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകളില്‍ ഈജിപ്ഷ്യന്‍ നവോത്ഥാനത്തിന് വഹാബിയന്‍ ധാരയുമായി യാതൊരു സാമ്യതകളുമുണ്ടായില്ല. ഇസ്‌ലാമിനെയുംകൊണ്ട് ഭൂതകാലത്തേക്ക് തിരിച്ചുപോകാനല്ല ഈജിപ്ഷ്യന്‍ നവോത്ഥാനം ശ്രമിച്ചത്; മറിച്ച് ഇസ്‌ലാമിക മൂല്യങ്ങളെ കാലികമായി പുനര്‍വായിക്കാനുള്ള പ്രവാചകത്വത്തിന്റെ പുനര്‍പ്രവര്‍ത്തനങ്ങളായിരുന്നു അവിടെ നടന്നത്. അഫ്ഗാനിസ്താനിലും ഇന്ത്യയിലുമൊക്കെ ഈജിപ്ഷ്യന്‍ നവോത്ഥാന ശ്രമങ്ങള്‍ പടര്‍ന്നുകയറിയെങ്കിലും അവിടങ്ങളിലെ സാമൂഹിക സാഹചര്യങ്ങളെയും പ്രാദേശികതയെയും ഉള്‍ക്കൊണ്ടും അഭിമുഖീകരിച്ചുമായിരുന്നു ഇവയൊക്കെയും പുരോഗമിച്ചത്.
പ്രവാചകന്‍ മദീനയില്‍ സ്ഥാപിച്ചത് കേവലം ഒരു രാഷ്ട്രമല്ല. ഗഹനവും വൈവിധ്യമാര്‍ന്നതുമായ പരിമാണങ്ങളുള്ള ഒരു സാമൂഹിക നിര്‍മിതിയായിരുന്നു പ്രവാചകന്‍ മദീനയില്‍ നടപ്പിലാക്കിയത്. ഗ്രാഹ്യസൗകര്യത്തിനായി അതിനെ രാഷ്ട്രമെന്ന് വിളിക്കുകയാണെങ്കില്‍ മദീനയിലേത് ഒരു ബഹുസ്വര രാഷ്ട്രമായിരുന്നു. ഒരു മതരാഷ്ട്രത്തിന്റെ ഒരു ലക്ഷണവും അത് പ്രകടിപ്പിച്ചിരുന്നില്ല. ഒരു ബഹുസ്വര സമൂഹത്തിന്റെ വിജയകരമായ നിര്‍മാണമാണ് പതിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് പ്രവാചകന്‍ അണിയിച്ചൊരുക്കിയത്. ഇക്കാലയളവില്‍ പ്രവാചകന്‍ പുലര്‍ത്തിയ വീക്ഷണങ്ങളും നിലപാടുകളും ഇതിനു സാക്ഷ്യം നില്‍ക്കുന്നതാണ്. ജഡാവസ്ഥയില്‍ നിലനിന്നിരുന്ന അറേബ്യന്‍ ഗോത്ര ഘടനക്കുള്ളില്‍ പ്രവാചകന്‍ നടത്തിയ നവോത്ഥാനമായിരുന്നു മദീനയെന്ന ഐഡിയല്‍, വെല്‍ഫെയര്‍ സ്‌റ്റേറ്റിന്റെ പിറവിയിലേക്ക് നയിച്ചത്. പക്ഷേ ഏതാനും നൂറ്റാണ്ടുകള്‍ മാത്രമേ ഈ പ്രഭാവം നിലനിന്നുള്ളൂ. പ്രവാചകനു ശേഷം കടന്നുകയറിയ സൈനിക താല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും ഇസ്‌ലാമിന്റെ ബഹുസ്വര മുഖത്തിന് പോറലേല്‍പ്പിച്ചു. പ്രവാചകശേഷമുള്ള ആദ്യ നൂറ്റാണ്ടുകളുടെ ഗരിമ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു സാംസ്‌കാരികത്തികവായി നിലനിന്നു. ആ തികവിലേക്കും മൂല്യങ്ങളിലേക്കും മടങ്ങിപ്പോകാനുള്ള അദമ്യമായ ത്വരയാണ് 'സലഫ്' എന്ന മതപരമായ സംജ്ഞയെ സൃഷ്ടിച്ചെടുത്തത്. സലഫിന്റെ മാര്‍ഗം എന്ന വിവക്ഷ പ്രത്യക്ഷപ്പെടുന്നത് ഇങ്ങനെയാണ്.
സലഫിന്റെ വിശ്വാസ രീതിശാസ്ത്രത്തെയും വൈജ്ഞാനിക കാഴ്ചപ്പാടുകളെയും സ്വതന്ത്രചിന്തയെയും മതത്തിന്റെ മാര്‍ഗരേഖയായി സ്വീകരിക്കുന്നവരെന്ന അര്‍ഥത്തില്‍ സലഫികളെന്ന് അറിയപ്പെട്ടുവന്ന അറബ് ധാരയുടെ ചലനാത്മകത നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് അവര്‍ വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ സൃഷ്ടിക്കാന്‍ ആരംഭിക്കുന്നത്. ചരിത്രപരമായ നിരവധി കാരണങ്ങള്‍ കൊണ്ട് സാമൂഹികമായി ഏറെ പിന്നിലായിപ്പോയിരുന്ന അറബ് നാടുകളില്‍ മതത്തിന്റെ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സലഫികള്‍, അറേബ്യന്‍ പ്രാദേശികതയുടെ മതസ്വാധീനത്തിന്റെ സൗകര്യത്തില്‍ ആഗോളതലത്തില്‍ തങ്ങളുടെ നിലപാടുകള്‍ക്ക് സ്വാധീനം വര്‍ധിപ്പിച്ചു. ഇസ്‌ലാമിന്റെ തനിമയിലേക്കുള്ള മടങ്ങിപ്പോക്കാണ് സലഫിസമെങ്കിലും സര്‍ഗാത്മകതയോടും സ്വതന്ത്ര ചിന്തയോടും രാജിയാകാത്ത സലഫിസം മൗലികവാദത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. സാമൂഹികമായ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണം സലഫി പ്രസ്ഥാനങ്ങളുടെ അജണ്ടകളില്‍ പൊതുവെ സ്ഥാനം പിടിക്കാറില്ല. മതത്തിന്റെ അക്ഷര രൂപങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന ഈ ധാര മുന്നോട്ടു നടക്കലിനേക്കാള്‍ മിക്കപ്പോഴും പ്രാധാന്യം നല്‍കുന്നത് പിന്നോട്ടുള്ള സഞ്ചാരങ്ങള്‍ക്കാണ്.
ലോകത്തെ നിരവധി നവോത്ഥാന സംരംഭങ്ങള്‍ ദൈവവിശ്വാസത്തിലെ ചൂഷണങ്ങള്‍ക്കെതിരിലുള്ള മുന്നേറ്റങ്ങളില്‍ സലഫിപാത സ്വീകരിക്കാറുണ്ട്. എന്നാല്‍ സാമൂഹിക വിഷയങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ധൈഷണികവും വൈജ്ഞാനികവുമായ പോരാട്ടങ്ങളിലും സലഫിധാരയെ തീരെ പരിഗണിക്കാന്‍ കഴിയാറുമില്ല. അറേബ്യന്‍ സാഹചര്യത്തില്‍ കാര്യമായ അപാകതകള്‍ സൃഷ്ടിക്കാറില്ലെങ്കിലും ബഹുസ്വര സമൂഹങ്ങളിലെ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്ക് അത്യന്തം അനിവാര്യമായ പല വിഷയങ്ങളിലും സലഫികള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ കരണീയമല്ല എന്നതുതന്നെയാണ് പ്രധാന കാരണം.
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങളും നവോത്ഥാന നായകരും സ്മരണീയമാകുന്നത് ഇവിടെയാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും കെ.എം സീതി സാഹിബും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും കെ.എം മൗലവിയും സനാഉല്ല മക്തി തങ്ങളുമൊക്കെയടങ്ങുന്ന കേരളീയ മുസ്‌ലിം നവോത്ഥാന ശില്‍പികള്‍ പുലര്‍ത്തിയ നിലപാടുകളും സമീപനങ്ങളും ഒരിക്കലും സലഫിവല്‍കൃത ചട്ടക്കൂടുകള്‍കൊണ്ട് ബന്ധിക്കപ്പെട്ടതായിരുന്നില്ല. സ്വതന്ത്ര ചിന്തയുടെയും ഉന്നതമായ സാമൂഹിക ബോധത്തിന്റെയും പ്രചാരകരായിരുന്നു അവരൊക്കെയും.
ഇസ്‌ലാമിന്റെ പ്രാദേശിക ഭാവങ്ങളെ മുഴുവന്‍ തിരസ്‌കരിക്കുകയും അതിന്റെ മുഴുവന്‍ സാമൂഹിക ബോധങ്ങളെയും ആറാം നൂറ്റാണ്ടിലും അറേബ്യന്‍ മരുഭൂമിയിലും കുറ്റിയടിച്ച് തറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അഭിനവ സലഫീവാദക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് പ്രവാചകത്വത്തിന്റെ വിശാലതാല്‍പര്യങ്ങളെയും മൂല്യങ്ങളെയും കശാപ്പ് ചെയ്തുകൊണ്ടിരിക്കലല്ലാതെ മറ്റൊന്നുമല്ല. ഇസ്‌ലാമിന്റെ എല്ലാ സാമൂഹിക ഭാവങ്ങളെയും അറബ് സംസ്‌കൃതിയുമായി ബന്ധിപ്പിക്കുന്ന ഇവര്‍ ഫലത്തില്‍ വാദിക്കുന്നത് അറബ് ഇതര സംസ്‌കൃതികളും ഭൂപ്രദേശങ്ങളും ദൈവത്തിന് താല്‍പര്യമില്ലാത്ത സംഗതികളാണെന്നാണ്. ഒരു ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ ആദിമ വിശുദ്ധിയിലേക്കുള്ള മടങ്ങിപ്പോക്ക് എന്നതിന്റെ ശരിയായ വിവക്ഷ അതിന്റെ മൗലിക ചൈതന്യത്തിലേക്കുള്ള സഞ്ചാരം എന്നതാണ്. അല്ലാതെ പഴയ സാഹചര്യങ്ങളെ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയെന്നതല്ല. അത് തികച്ചും അപ്രസക്തവും അസാധ്യവുമാണ്. ഇന്നത്തെ കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാകേണ്ട ബോധ്യവും ഇതു തന്നെയാണ്.
പരിചരണവും നവീകരണവുമില്ലെങ്കില്‍ സ്വയം പഴകുന്ന ഒരു ആശയമെന്നാണ് നവോത്ഥാനം വിശേഷിപ്പിക്കപ്പെടുന്നത്. നാളത്തെ നവോത്ഥാനത്തിന്റെ ശത്രു ഇന്നത്തെ നവോത്ഥാന നിലപാടുകളാണ്. ദിനരാത്രങ്ങളുടേ സഞ്ചാരം പോലെയാണ് നവോത്ഥാനത്തിന്റെ മുന്നോട്ടുള്ള ഗമനവും. പുതിയ സൂര്യോദയങ്ങളാണ് ഓരോ പുതിയ ദിവസത്തെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പഴയ സൂര്യോദയങ്ങള്‍ക്ക് പുതിയ പ്രഭാതത്തെ സൃഷ്ടിക്കാന്‍ സാധിക്കില്ല. ഓരോ ദിനവും പുതിയതാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ നാളുകളെ പുനഃസൃഷ്ടിക്കാനോ, കഴിഞ്ഞുപോയ ദിവസങ്ങളില്‍ പുനര്‍ജീവിക്കാനോ സാധ്യമല്ല. ഭൂതകാലത്തില്‍ മാത്രം അഭിരമിക്കുകയും പോയ നാളുകളുടെ മഹത്വങ്ങളില്‍ മാത്രം ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് ഭാവിയും വര്‍ത്തമാനവും ദുഷ്‌കരമായിരിക്കും. നിരന്തരമായ നവീകരണവും പുനര്‍വായനയും മാത്രമേ ഏതൊരു നവോത്ഥാന പ്രവര്‍ത്തനത്തെയും നിലനിര്‍ത്തുകയുള്ളൂ. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരികയും പുനര്‍വായനകള്‍ക്ക് സന്നദ്ധമല്ലാതാവുകയും ചെയ്യുന്നത് നവോത്ഥാനത്തിന്റെ എതിര്‍ദിശയിലേക്കുള്ള സഞ്ചാരമാണ്. നവോത്ഥാനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമ്പോഴെല്ലാം അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളാണിത്.
ഇന്നിന്റെ വികാസങ്ങളോടും ബോധങ്ങളോടും സംവദിക്കാന്‍ പ്രാപ്തിയുള്ള ഇസ്‌ലാമിന്റെ ആശയ കൈമാറ്റമാണ് പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബി (സ) നിര്‍വഹിച്ചത്. അത് വായിച്ചെടുക്കാന്‍ സാധിക്കാത്തവര്‍ ദയവായി വഴിമാറുക. നിങ്ങള്‍ ഇസ്‌ലാമിന് ചെയ്യുന്നത് സേവനങ്ങളും ഉപകാരങ്ങളുമല്ല, ഉപദ്രവങ്ങളും ശല്യങ്ങളും മാത്രമാണെന്ന് തിരിച്ചറിയുക. ഇസ്‌ലാമിനെ ഒരു ആലയിലും നിങ്ങള്‍ തളയ്‌ക്കേണ്ടതില്ല. ബുദ്ധിയോടും ചിന്തയോടും സംവദിച്ചുകൊണ്ട് അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കുകതന്നെ ചെയ്യും.
Comments