ചാവുകടല്‍ എന്ന നിത്യ വിസ്മയം
മനസ്സില്‍ എപ്പോഴും നിത്യ വിസ്മയമായി നിലകൊണ്ടണ്ടിരുന്നു ചാവുകടല്‍. പിറ്റേദിവസം രാവിലെ ചാവുകടല്‍ കാണാനുള്ള ആവേശത്തിലായിരുന്നു ഞങ്ങള്‍. ചാവുകടലിന്റെ തീരം ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളാല്‍ നിബിഡമാണ്. ഇതില്‍ ഏതെങ്കിലും ഹോട്ടലില്‍ ബുക്ക് ചെയ്താല്‍ മാത്രമേ സൗകര്യപ്രദമായ രൂപത്തില്‍ ചാവുകടലിലേക്കിറങ്ങി കുളിക്കാനും ചളി പുരട്ടാനും സാധിക്കുകയുള്ളൂ. ഞങ്ങളുടെ ഗൈഡ് ഹോളിഡെ ഇന്റര്‍നാഷ്‌നല്‍ ഹോട്ടലായിരുന്നു ഞങ്ങള്‍ക്കായി ബുക്ക് ചെയ്തിരുന്നത്. എല്ലാം കൊണ്ടും സൗകര്യപ്രദമായ ഇടം.
''ഉപ്പുകടല്‍ എന്ന അപരനാമത്താലും ഇത് വിശ്രുതമാണ്. സാധാരണ കടല്‍വെള്ളത്തേക്കാള്‍ ഉപ്പിന്റെ സാന്ദ്രത ആറിരട്ടി കൂടുതലുണ്ടെന്നാണ് കണക്കാക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും 429 മീറ്റര്‍ താഴ്ന്നാണ് ചാവുകടല്‍ സ്ഥിതിചെയ്യുന്നത്. 75 കി.മീറ്ററോളം മൊത്തം വിസ്തീര്‍ണമുണ്ടാവും''-ഗൈഡ് പറഞ്ഞു. ധാരാളം ധാതുലവണങ്ങള്‍ അടങ്ങിയതിനാല്‍ ചാവുകടലിലെ ജലവും ചളിമണ്ണും ഉപയോഗിച്ച് നിരവധി സൗന്ദര്യവര്‍ധക വസ്തുക്കള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ജോര്‍ദാനില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ജോര്‍ദാനിലെ തെറാപെറ്റിക്ക് മെഡിസിന്‍ കേന്ദ്രമായും വിശേഷിപ്പിക്കപ്പെടുന്ന ചാവുകടലിന്റെ തീരത്ത് നിരവധി പേര്‍ എത്തിച്ചേരുന്നു. ആരോഗ്യം വീണ്ടെടുക്കാനുള്ള വ്യഗ്രതയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി സഞ്ചാരികള്‍ ചാവുകടലോരത്ത് ചളിപുരട്ടി സ്‌നാനം ചെയ്യുന്നതും ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുന്നതും പതിവുകാഴ്ചയാണ്.
സന്ധിവേദന, വാതരോഗം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്ക് ചാവുകടലില്‍ സ്‌നാനം ചെയ്യുന്നതും ചെളിപുരട്ടി നില്‍ക്കുന്നതും ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ചാവുകടലില്‍ 33 ശതമാനം ഉപ്പും ധാരാളം മഗ്‌നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുലവണങ്ങളുമുണ്ട്. ഇതാണ് ചാവുകടലിന്റെ ഔഷധ ഗുണങ്ങള്‍ക്ക് കാരണം. സൊറിയാസിസ്, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്ക് ചാവുകടലില്‍ ഒരു മണിക്കൂര്‍ കുളിക്കുന്നത് ഉത്തമമാണെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കി കൂടുതല്‍ ഊര്‍ജസ്വലനാവാനും ചാവുകടലില്‍ പൊങ്ങിക്കിടക്കുന്നത് സഹായകമാണ്. ഇതിലൂടെ ഉദരത്തിലേക്ക് രക്തസഞ്ചാരം സുഗമമാവുന്നതിനാല്‍ മൂത്രത്തിലൂടെ പല വിഷാംശങ്ങളും പുറംതള്ളപ്പെടുന്നു.
ഞങ്ങള്‍ എല്ലാവരും ചാവുകടലിന്റെ ചളിപുരട്ടി വെയില്‍ കാഞ്ഞു; പിന്നെയതില്‍ കുളിച്ചു. ഞങ്ങളില്‍ ചിലര്‍ തല വെള്ളത്തില്‍ താഴ്ത്തിയതിനാല്‍ കണ്ണ് നീറി ബാത്ത് ടവറിന്റെ അടുത്തേക്ക് ഓടുന്നത് കാണാമായിരുന്നു. വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതിന്റെ ഒരു സുഖം എന്നതിനപ്പുറം മറ്റെന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയില്ല. അങ്ങനെയുണ്ടണ്ടായിരുന്നെങ്കില്‍ നിരവധി ജോര്‍ദാനികളെ ചാവുകടല്‍തീരത്ത് കാണേണ്ടതായിരുന്നുവല്ലോ എന്നും ഞാന്‍ ഓര്‍ത്തു. പലതരം ചികിത്സകളെ കുറിച്ച് പഠിപ്പിച്ച പ്രവാചകന്‍ ചാവുകടല്‍ ചികിത്സയെ കുറിച്ച് എന്തെങ്കിലും പറഞ്ഞതായി അറിവില്ല. പടിഞ്ഞാറ് ഫലസ്ത്വീനും കിഴക്ക് ജോര്‍ദാനും തെക്കും വടക്കും ഇസ്രയേലുമാണ് ചാവുകടലിന്റെ അതിര്‍ത്തികള്‍.
സദൂം ഗോത്രത്തിലേക്ക് നിയോഗിതനായ പ്രവാചകനായിരുന്നു ലൂത്വ് നബി (അ). സ്വവര്‍ഗരതി എന്ന അശ്ലീലതയുടെ അടിമകളായിരുന്നു സദൂം ജനത. അതില്‍നിന്ന് പിന്മാറണമെന്ന് ലൂത്വ് നബി അവരെ ഉപദേശിച്ചു. അവര്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ നിഷേധിക്കുകയും ഉദ്‌ബോധനത്തെ തള്ളിക്കളയുകയുമാണുണ്ടണ്ടായത്. അല്ലാഹു അവരെ പൂര്‍ണമായും നശിപ്പിക്കുകയും ലൂത്വ് നബിയെയും അദ്ദേഹത്തിന്റെ ജനതയെയും രക്ഷപ്പെടുത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട ആ പ്രദേശമാണ് ചാവുകടലായി രൂപാന്തരപ്പെട്ടത്.
സ്വവര്‍ഗരതിക്ക് നിയമ പരിരക്ഷ നല്‍കണമെന്ന് ലോകത്തുടനീളം നിരന്തരമായ മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അമേരിക്കയില്‍ സ്വവര്‍ഗരതിക്കാര്‍ വിവാഹിതരാവുന്നതിന്റെ ആര്‍ഭാടപൂര്‍ണമായ ചടങ്ങ് ഈയിടെ ടെലിവിഷനില്‍ കണ്ടണ്ടിരുന്നു. ഇന്ത്യയിലും ചേതന്‍ ഭഗതിനെ പോലുള്ള എഴുത്തുകാര്‍ സ്വവര്‍ഗരതി നിയമവിധേമാക്കണമെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കുന്നു. ലൈംഗിക അരാജകത്വത്തില്‍ അഭിരമിക്കുന്ന എക്കാലത്തെയും ജനങ്ങള്‍ക്ക് പാഠമാവാന്‍ നിലനിര്‍ത്തിയ ചാവുകടല്‍ ഇന്ന് ലൈംഗികാഭാസങ്ങളുടെ കേളീരംഗമായിരിക്കുന്നു എന്നതാണ് വിരോധാഭാസം.
ഗുഹാനിവാസികള്‍
വൈകുന്നേരം ഞങ്ങള്‍ ചരിത്രത്തില്‍ പ്രസിദ്ധമായ ഗുഹാനിവാസികള്‍ പാര്‍ത്തിരുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ബി.സി 249 മുതല്‍ 251 വരെ റോമാ സാമ്രാജ്യം ഭരിച്ച സീസര്‍ ഡെസ്യൂസ് (Decius) ചക്രവര്‍ത്തി, സത്യവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ വിശ്വാസികളെ ക്രൂരമായി മര്‍ദിച്ചിരുന്നു. അവരില്‍ ഏഴ് യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടിയതിന്റെയും സീസര്‍ തിയോഡഷ്യസ് രണ്ടാമന്റെ കാലത്ത് ഉയിര്‍ത്തെഴുന്നേറ്റതിന്റെയും ചരിത്രം ഖുര്‍ആനിലെ സൂറഃ അല്‍ കഹ്ഫ് അധ്യായത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അവര്‍ താമസിച്ച ചരിത്രപ്രസിദ്ധമായ ഗുഹ നേരില്‍ കാണാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണ്. ചെറിയ ചില പരിഷ്‌കരണങ്ങള്‍ ഗുഹയില്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെടാതെ ജോര്‍ദാന്‍ ഭരണകൂടം സംരക്ഷിച്ചുവരുന്നുണ്ട്. തലസ്ഥാനമായ അമ്മാനില്‍നിന്ന് ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയാണ് ഈ ഗുഹ. ഗുഹാവാസികള്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഇതേ ഗുഹയിലാണെന്ന് എഞ്ചിനീയര്‍ സാബു പറഞ്ഞു. ചരിത്ര പര്യവേക്ഷണം നടത്തുമ്പോള്‍ ലഭിച്ച എല്ലുകള്‍ ശേഖരിച്ച് ഒരു കല്ലറയില്‍ സൂക്ഷിച്ചത് ഗ്ലാസിലൂടെ സഞ്ചാരികള്‍ക്ക് കാണാം.
ശുഐബ് നബിയുടെ ഖബ്‌റിടം
ടൂര്‍ പരിപാടിയിലെ അവസാനയിനമായിരുന്നു ശുഐബ് നബി(അ)യുടേതെന്ന് കരുതപ്പെടുന്ന ഖബ്‌റിടം സന്ദര്‍ശിക്കല്‍. ഇന്നത്തെ ജോര്‍ദാനിലുള്ള മദ്‌യന്‍ പ്രദേശത്തേക്ക് നിയോഗിതനായ പ്രവാചകനായിരുന്നു അദ്ദേഹം. ബഹുദൈവ വിശ്വാസത്തിനെതിരെയും സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെയും പോരാടിയ പ്രവാചകന്‍. അളവുതൂക്കങ്ങളില്‍ ഉപഭോക്താക്കളെ വഞ്ചിക്കുക അക്കാലത്ത് പതിവായിരുന്നു. ആ ഖബ്‌റിടവും ഐകനിവാസികളുടെ താഴ്‌വരയും അടുത്തടുത്തായിട്ടാണ് നിലകൊള്ളുന്നത്. വിജനമായ സ്ഥലത്ത് ഒരു പള്ളിക്കകത്തായാണ് ശുഐബ് നബിയുടെ ഖബ്‌റിടം കാണാനാവുക. സഞ്ചാരികള്‍ക്ക് ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ പ്രയാസമായതിനാല്‍ വളരെ കുറഞ്ഞ സന്ദര്‍ശകരെ മാത്രമേ അവിടെ കാണാന്‍ കഴിഞ്ഞുള്ളൂ.
ശുഐബ് നബിയുടെ ഉദ്‌ബോധനം ഖുര്‍ആന്‍ ഇങ്ങനെ സംഗ്രഹിക്കുന്നു: ''മദ്‌യന്‍ ജനതയിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: 'എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്ന് വ്യക്തമായ തെളിവ് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്'' (അല്‍ അഅ്‌റാഫ്: 85).
പ്രവാചകനെ ധിക്കരിച്ചതിന്റെ ഫലമായി അവരെ അല്ലാഹു നശിപ്പിച്ചതിനെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''അവസാനം നമ്മുടെ വിധി വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താല്‍ രക്ഷപ്പെടുത്തി. അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ അവര്‍ പ്രഭാതത്തില്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നുവീണു കിടക്കുന്നവരായിത്തീര്‍ന്നു'' (ഹൂദ് 94).
ജോര്‍ദാനിയന്‍ പലഹാരങ്ങളും ചാവുകടലിലെ ഉല്‍പന്നങ്ങളും ഒലിവെണ്ണയും വാങ്ങാന്‍ ഞങ്ങള്‍ തലസ്ഥാനമായ അമ്മാന്‍ നഗരത്തില്‍ അല്‍പസമയം കറങ്ങി. പിന്നെ 3000-ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന റോമന്‍ സ്‌റ്റേഡിയവും ഫലസ്ത്വീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടങ്ങളും കണ്ട് ഹോട്ടലിലെത്തെുമ്പോള്‍ അവിടെ ജോര്‍ദാനി നവദമ്പതികളുടെ വിവാഹാഘോഷത്തിന്റെ ബഹളമായിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും ഗാനമാലപിച്ചും വരനെ തോളിലേറ്റിയും നടന്ന വിവാഹത്തിന്റെ ആ ഉത്സവ രാവ് ഞങ്ങള്‍ക്ക് പുതിയ അനുഭവമായി.
ഹിജാസ് റെയില്‍വേ
ഞായറാഴ്ച രാവിലെ ജോര്‍ദാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞങ്ങള്‍ ജിദ്ദയിലേക്കുള്ള മടക്കയാത്രയിലായിരുന്നു. നീണ്ടു പരന്ന് കിടക്കുന്ന മരുഭൂമിയെ പിന്നിലാക്കി ഞങ്ങളുടെ ബസ് അതിവേഗം സുഊദി അതിര്‍ത്തി ലക്ഷ്യംവെച്ച് കുതിച്ചു. റോഡിന്റെ ഒരു വശത്ത് സമാന്തരമായി കിടക്കുന്ന റെയില്‍വേയെ കുറിച്ച് പലരും അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെനിന്നാണ് ഈ റെയില്‍വേ പാളങ്ങള്‍ വരുന്നത്, എങ്ങോട്ട് പോകുന്നു, എപ്പോഴാണ് ഇത് നിര്‍മിച്ചത് എന്നൊക്കെ സ്വാഭാവികമായ സംശയങ്ങള്‍. ഉസ്മാനിയ ഖിലാഫത്തിന്റെ മഹത്തായ സംഭാവനയെന്ന് വിശേഷിപ്പിക്കാവുന്ന ഹിജാസ് റെയില്‍വേയായിരുന്നു അത്. അതിന്റെ അവശിഷ്ടങ്ങള്‍ ജോര്‍ദാന്‍ സന്ദര്‍ശിക്കുന്ന ആരിലും ഗൃഹാതുരത്വത്തിന്റെ വേദന ഉണര്‍ത്തും. മൂന്ന് രാഷ്ട്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആ റെയില്‍പാത ഇസ്തംബൂളില്‍നിന്ന് ആരംഭിച്ച് ദമസ്‌കസ്, അമ്മാന്‍, തബൂക്ക് വഴി മദീന വരെയെത്തുന്നതാണ്. 1300 കി.മീ ദൈര്‍ഘ്യമുള്ള ആ റെയില്‍വേ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ റെയില്‍പാതയായിരുന്നു. ഉസ്മാനിയ ഖിലാഫത്തിന്റെ ആസ്ഥാനമായ ഇസ്തംബൂളിനെയും പുണ്യസ്ഥലങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുകയായിരുന്നു റെയില്‍വേയുടെ നിര്‍മാണ ലക്ഷ്യം. മക്ക വരെയായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഒന്നാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ മദീനയില്‍ വെച്ച് അത് നിര്‍ത്തിവെക്കുകയായിരുന്നു.
ഇസ്തംബൂളില്‍നിന്ന് മദീനയിലെത്താന്‍ അക്കാലത്ത് നാല്‍പത് ദിവസമെങ്കിലും എടുത്തിരുന്നു. റെയില്‍വെ നിര്‍മിക്കുകയാണെങ്കില്‍ 48 മണിക്കൂറായി സമയം ചുരുക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ അന്നത്തെ ഉസ്മാനിയാ ഭരണാധികാരി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ തീവ്ര യത്‌നത്തിന്റെ ഫലമായാണ് ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ റെയില്‍പാതയുടെ നിര്‍മാണം നടന്നത്. ഹജ്ജ് തീര്‍ഥാടകരുടെ സംഭാവനകള്‍ സ്വരൂപിച്ച് ഉസ്മാനിയാ ഭരണാധികാരി 1900-ല്‍ നിര്‍മാണം തുടങ്ങി 1908-ല്‍ പൂര്‍ത്തീകരിച്ച ഹിജാസ് റെയില്‍വേ ആഗോള മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും വലിയ വഖ്ഫ് സ്വത്തായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. ഹിജാസ് റെയില്‍വേയുടെ അവശിഷ്ടങ്ങള്‍ ബസ് യാത്രക്കിടയില്‍ പല സ്ഥലത്തും ഞങ്ങള്‍ കണ്ടു.
ഉസ്മാനിയ ഖിലാഫത്തിനെ നശിപ്പിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ സ്വീകരിച്ച മാര്‍ഗം ജുഗുപ്‌സാവഹമായിരുന്നു. രാജ്യങ്ങളെയും ജനതതികളെയും ബന്ധിപ്പിക്കുന്നതില്‍ റെയില്‍വേ പോ
ലുള്ള ഗതാഗത മാര്‍ഗങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഈ ബന്ധത്തെ വിഛേദിച്ചാല്‍ മാത്രമേ ഉസ്മാനിയാ ഖിലാഫത്തിനെ നിഷ്‌കാസനം ചെയ്യാന്‍ കഴിയൂവെന്ന് തിരിച്ചറിഞ്ഞ സാമ്രാജ്യത്വ ശക്തികള്‍, റെയില്‍ പാളങ്ങള്‍ ഊരിക്കൊണ്ടുവന്നാല്‍ സ്വര്‍ണനാണയം വാഗ്ദാനം ചെയ്യുകയായിരുന്നു. 'ലോറന്‍സ് ഓഫ് അറേബ്യ' എന്ന കുപ്രസിദ്ധ ബ്രിട്ടീഷ് ചാരനായിരുന്നു ഇതിനു പിന്നില്‍. ഈ പ്രലോഭനത്തില്‍ വീണതായിരുന്നു അറബികളുടെ ദുര്യോഗത്തിന്റെ തുടക്കം. പിന്നെയത് ഖിലാഫത്തിന്റെ പതനത്തിനും വഴിവെച്ചു. ഇപ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും ഇതുപോലൊരു സംരംഭത്തിന് തുടക്കം കുറിക്കാന്‍ മുസ്‌ലിം ലോകത്തിന് കഴിഞ്ഞിട്ടില്ലെന്നോര്‍ക്കണം.
മതസൗഹാര്‍ദത്തിന് കേളികേട്ട ജോര്‍ദാനില്‍ ജനസംഖ്യയില്‍ 94 ശതമാനം മുസ്‌ലിംകളും ആറ് ശതമാനം ക്രിസ്ത്യാനികളുമാണ്. അമ്മാന്‍ നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ കൂറ്റന്‍ ചര്‍ച്ചുകളും പള്ളിമിനാരങ്ങളും തൊട്ടുരുമ്മി നില്‍ക്കുന്ന കാഴ്ച ജോര്‍ദാനികളുടെ സഹിഷ്ണുതയെ വിളിച്ചറിയിക്കുന്നു. യേശു ക്രിസ്തുവിനെ മാമോദിസ ചെയ്തുവെന്ന് കരുതുന്ന ജോര്‍ദാന്‍ നദിയില്‍നിന്ന് വെള്ളമെടുത്ത് മാമോദിസ ചെയ്യുന്നത് ഇന്നും ഒരു പുണ്യകര്‍മമായി ക്രൈസ്തവര്‍ അനുഷ്ഠിച്ചുവരുന്നതായി ഗൈഡ് പറഞ്ഞു.
ജോര്‍ദാന്റെ പല അയല്‍നാടുകളാലും രാഷ്ട്രീയ അസ്വസ്ഥതയുടെ അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ജോര്‍ദാന്‍ സമാധാനത്തിന്റെ തുരുത്തായി നിലകൊള്ളുന്നത് മേഖലക്കുതന്നെ വലിയൊരു ആശ്വാസമാണെന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാവും. സമയക്കുറവ് കാരണം അഖബായും, സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സിറിയയുടെ ഭാഗത്തുള്ള പല ചരിത്ര പ്രദേശങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും രണ്ട് ദിവസത്തെ തുടര്‍ച്ചയായ യാത്രയും മൂന്ന് ദിവസത്തെ സന്ദര്‍ശനവും കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പൗരാണിക ചരിത്രാവശിഷ്ടങ്ങളുടെ പറുദീസയാണ് ജോര്‍ദാനെന്ന് ഏതൊരു സഞ്ചാരിയും സമ്മതിക്കാതിരിക്കില്ല.
Comments