പരസ്പരം പഴിപറഞ്ഞ് എന്തിന് പരിഹാസ്യരാകണം...
സലഫിസത്തിന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍ അധികരിച്ചുള്ള ലേഖനങ്ങള്‍ പ്രബോധനത്തില്‍ വായിക്കുകയുണ്ടായി. അതിലെവിടെയും, കേരളത്തില്‍നിന്ന് തീവ്രവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളോട് കേരള സലഫികളെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിച്ചില്ലെന്നു മാത്രമല്ല, അതിനുള്ള സാധ്യതകള്‍ നിരാകരിക്കുന്ന വിലയിരുത്തലാണ് കണ്ടത്. എന്നാല്‍, വിവിധ സലഫിഗ്രൂപ്പുകളുടെ വിശദീകരണങ്ങള്‍ ദുഃഖകരമായി തോന്നി.
തിരോധാനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സലഫി ധാരകളിലേക്ക് വിരല്‍ചൂണ്ടപ്പെട്ടപ്പോള്‍ മീഡിയ അത് നന്നായി ആഘോഷിച്ചു. സലഫി ഗ്രൂപ്പുകള്‍ പ്രതിരോധത്തിലുമായി. എതിര്‍ സംഘടനകളില്‍ ചിലരെങ്കിലും അതൊരവസരമാക്കി. അവിടെയും ജമാഅത്തും അതിന്റെ പ്രസിദ്ധീകരണങ്ങളും പക്വമായ സംയമന നിലപാടാണ് സ്വീകരിച്ചത്. സാമ്രാജ്യത്വ ശക്തികളും ഫാഷിസ്റ്റുകളും ഇസ്‌ലാമിനെ ഭീകരതയുടെ വര്‍ക്‌ഷോപ്പായി ചിത്രീകരിച്ച് ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന കാലത്ത് പരസ്പരം പഴിചാരുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയുന്നതിനാലാണ് ഇതെന്ന് വ്യക്തം. തിരിച്ചറിവുകള്‍ നഷ്ടപ്പെടുന്നിടത്ത് പിശാച് ആധിപത്യം വാഴുകയും കോമാളിത്തങ്ങള്‍ വലിയ യോഗ്യതയായി എടുത്തണിഞ്ഞ് വ്യക്തികളും ഗ്രൂപ്പുകളും സ്വയം പരിഹാസ്യമാവുകയും ചെയ്യുന്നു. മുജാഹിദ് പ്രഭാഷകരുടെ ചര്‍വിതചര്‍വണങ്ങളോടും ഖണ്ഡന പ്രസംഗങ്ങളോടും നിഷ്പക്ഷമതികള്‍ക്ക് വിരക്തി തോന്നി തുടങ്ങിയ കാലത്താണ് അത് പലതായി ഭിന്നിക്കുന്നത്. അതോടെ, ചിന്താശേഷിയുള്ള, ഇസ്‌ലാമിനോട് പ്രതിബദ്ധതയുള്ള പല യുവാക്കളും കടുത്ത നിരാശയോടെ അവരില്‍നിന്ന് അകലം പാലിച്ച് മൗനികളായി. അതൊരു ഗുണകാംക്ഷയുടെ മൗനമായിരുന്നു. യഥാര്‍ഥ ഇസ്‌ലാം നല്‍കുന്ന ഉത്കൃഷ്ട ജീവിത മാതൃക പ്രചരിപ്പിക്കുന്നതിനു പകരം മറ്റുള്ളവരുടെ അയോഗ്യത രാവും പകലും മൈക്ക് കെട്ടി വിളിച്ചു കൂവുമ്പോള്‍ അനുയായികളില്‍ നിഷേധാത്മക ഭാവമാണ് (നെഗറ്റീവ് എനര്‍ജി) വളര്‍ന്നു വരികയെന്ന മനശ്ശാസ്ത്ര തത്ത്വം നേതൃത്വത്തിന് തിരിച്ചറിയാന്‍ കഴിയാതെ പോയിടത്താണ് കേരള സലഫിസത്തിന് നവോത്ഥാന ചേതന നഷ്ടപ്പെട്ടത്. അവസാനം നേതാക്കള്‍ ഓരോരുത്തരും സ്വയം ഓരോ പ്രസ്ഥാനങ്ങളായി വളര്‍ന്ന് പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ വന്നു. വേഷത്തിലും ഭാവത്തിലും കര്‍മത്തിലും നിലപാടിലും സമൂഹമധ്യേ സലഫികള്‍ അവമതിക്കപ്പെടുന്ന അവസ്ഥയിലായി.ഈ അവസ്ഥയെ ബുദ്ധിപൂര്‍വം നേരിടാനും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാനും കഴിഞ്ഞില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ ദുരന്തങ്ങളാകാം കാത്തിരിക്കുന്നത്.
അസത്യങ്ങളെ ആഘോഷിക്കുന്നവര്‍
കാന്തപുരം ഗ്രൂപ്പ് സമസ്തയുടെ ദിനപത്രമായ 'സിറാജി'ല്‍ വന്ന മുഖപ്രസംഗങ്ങളാണ് (2016 ജൂലൈ 4, ജൂലൈ 12) ഈ എഴുത്തിന് പ്രേരകം.
കേരളത്തില്‍നിന്ന് ഏതാനും ആളുകള്‍ ഐ.എസില്‍ ചേര്‍ന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും 'റോ'യും എന്‍.ഐ.എയും മറ്റും ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. ഐ.എസിലാണോ, ഏതെങ്കിലും തീവ്ര ആത്മീയ കേന്ദ്രങ്ങളിലാണോ അവരുള്ളതെന്ന് ഒരറിവുമില്ല. വേണ്ടത്ര ഇന്റലിജന്‍സ് സംവിധാനങ്ങളുണ്ടായിട്ടും സംസ്ഥാനത്തിന്, പ്രത്യേകിച്ച് ഇവിടത്തെ സാമുദായിക ഭദ്രതക്ക് ക്ഷതമേല്‍പിക്കുന്ന ഈ പ്രചാരണ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയ സംഭവത്തിലെ ദുരൂഹത നീങ്ങാത്തത് എന്തുകൊണ്ടാണ്? കുറച്ചു പേരുടെ ഒളിച്ചോടല്‍ മുന്‍നിര്‍ത്തി ഇസ്‌ലാമാഫോബിയ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നറിഞ്ഞിട്ടും മുസ്‌ലിം സംഘടനകള്‍ കുടിപ്പക തീര്‍ക്കുന്നത് ശരിയാണോ?
ജമാഅത്തെ ഇസ്‌ലാമിയുടെ നേര്‍ക്കാണ് മേല്‍ പത്രത്തിന്റെ ഒളിയമ്പുകള്‍. പാശ്ചാത്യ രാജ്യങ്ങളില്‍ ചിലത് (ബ്രിട്ടനും ഫ്രാന്‍സുമടക്കം) ഖിലാഫത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പായി ഐ.എസിനെ ചിത്രീകരിച്ച് സമൂഹത്തില്‍ ഭയം സൃഷ്ടിക്കുകയാണെന്ന് മനസ്സിലാക്കാതെയാണ് കുപ്രചാരണങ്ങള്‍ നടത്തുന്നത്. വിമോചന പ്രസ്ഥാനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന യൂറോപ്പിലെയും മറ്റും തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ വംശീയതയിലേക്കും ഫാഷിസത്തിലേക്കും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തീവ്രതയും ഭീകര പ്രവര്‍ത്തനങ്ങളും പരിഹാരമായി കാണുകയില്ല എന്ന് വിവേകമതികള്‍ക്കറിയാം. ഈ പത്രം ജൂലൈ 12-ന് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി കെ.ടി കുഞ്ഞിക്കണ്ണന്റെ 'ഇസില്‍ ഭീഷണിയും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പത്രം പ്രസിദ്ധീകരിക്കുന്നവര്‍ ഇതെങ്കിലും കണ്ണ് തുറന്നു വായിച്ചിരുന്നുവെങ്കില്‍ അതേ പേജില്‍ ഇതര സംഘടനകള്‍ക്കുനേരെ തരംതാണ രീതിയില്‍ അസത്യങ്ങളും ദുര്‍വ്യാഖ്യാനങ്ങളും എഴുന്നള്ളിക്കില്ലായിരുന്നു.
പ്രബുദ്ധമെന്നു കരുതുന്ന കേരളം പോലുള്ള ഒരു സമൂഹത്തില്‍നിന്ന് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമൊക്കെയായ യുവതീയുവാക്കള്‍ എന്തുകൊണ്ടാണ് തീവ്ര ആത്മീയ/തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? അവരെ ഇത്തരം നിലപാടുകളിലേക്കും കേന്ദ്രങ്ങളിലേക്കും എത്തിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്? ഇതാണ് അന്വേഷിക്കേണ്ടത്, അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും. ഈയൊരു സാഹചര്യത്തെ ചിലര്‍ മുസ്‌ലിംവിരുദ്ധ വികാരം സൃഷ്ടിക്കാനും മറ്റു ചിലര്‍ തങ്ങള്‍ക്കിടയിലെ സംഘടനാപരമായ കണക്കുകള്‍ തീര്‍ക്കാനുമുള്ള അവസരമായി കാണുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
മുഹമ്മദ് കുട്ടി ലബ്ബ, തൊടുപുഴ
പശുരാഷ്ട്രീയം
ദലിതര്‍ക്കു നേരെ തിരിയുമ്പോള്‍
2016 ആഗസ്റ്റ് 5 ലക്കം പ്രബോധനത്തില്‍ 'പശുരാഷ്ട്രീയവും മാനവിക രാഷ്ട്രീയവും' എന്ന ശീര്‍ഷകത്തില്‍ വന്ന 'മുഖവാക്ക്' ഏറെ പ്രസക്തമാണ്. പശുസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ ദലിതര്‍ക്കു നേരെയാണ് തിരിഞ്ഞിരിക്കുന്നത്. എന്നാല്‍, ദലിതര്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയത് ബി.ജെ.പിയെ ഭീതിയിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ, ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിനു നേരെ പശുസംരക്ഷണത്തിന്റെ മറവില്‍ കൊലയും അക്രമവും അഴിച്ചുവിട്ടപ്പോള്‍ കാര്യമായ നടപടിയൊന്നും സര്‍ക്കാര്‍ എടുത്തില്ലെന്നു മാത്രമല്ല, അതിന് മൗനാനുവാദവും നല്‍കി. എന്നാല്‍ ദലിതര്‍ ശക്തമായ പ്രക്ഷോഭം ഗുജറാത്തില്‍ നടത്തിയപ്പോള്‍ ബി.ജെ.പി ഭരണകൂടം പരിഭ്രാന്തമായിരിക്കുന്നു.
മതേതരത്വവും ജനാധിപത്യവുമൊക്കെ ബി.ജെ.പി നേതാക്കള്‍ പ്രസംഗിക്കുമ്പോഴും അവരുടെ രഹസ്യ അജണ്ട ഇന്ത്യയില്‍ സവര്‍ണ ഫാഷിസ്റ്റ് ആധിപത്യം കൊണ്ടുവരികയും ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ദലിത്, ആദിവാസി, അവര്‍ണ ഹിന്ദു സമുദായത്തെയും ന്യൂനപക്ഷങ്ങളെയും ആശ്രിതരും അപകര്‍ഷതയുള്ളവരുമാക്കുകയാണ്.
ആര്‍. ദിലീപ്, കായംകുളം
സൗഹൃദാന്തരീക്ഷത്തിന്
മുന്നിട്ടിറങ്ങണം
കഴിഞ്ഞ 25 വര്‍ഷങ്ങളായി ലോകമെമ്പാടും കണ്ടുവരുന്ന ഭീകരാക്രമണങ്ങളില്‍ ഭീകരര്‍ക്കും ഭീകരവിരുദ്ധര്‍ക്കും ഒരുപോലെ നിരപരാധികളെ കൊലചെയ്യാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ബഗ്ദാദിലും ഇസ്തംബൂളിലും ധാക്കയിലും ഫ്രാന്‍സിലും എല്ലാം ആവര്‍ത്തിക്കുന്ന നരഹത്യകള്‍... തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു. ആഗോളതലത്തിലും ദേശീയതലത്തിലും നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇന്ത്യക്കകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാംവിരുദ്ധ, മുസ്‌ലിംവിദ്വേഷ പ്രവണതകള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. സൗഹൃദവും സാഹോദര്യവും സൃഷ്ടിക്കാന്‍ നാം മുന്നിട്ടിറങ്ങണം.
പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ
Comments