ചരിത്രകുതുകികള്‍ക്ക് വിരുന്നൊരുക്കി ജോര്ദാന്
സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും തുരുത്തായാണ് ജോര്‍ദാന്‍ അറിയപ്പെടുന്നത്. ഇസ്രയേല്‍-അറബ് യുദ്ധം, ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈത്ത് അധിനിവേശം, അറബ് വസന്ത കാലത്തെ വിപ്ലവ കുതൂഹലങ്ങള്‍, ഇപ്പോഴത്തെ ഇറാഖിലെയും സിറിയയിലെയും നിലക്കാത്ത സംഘര്‍ഷങ്ങള്‍, ഐ.എസ്.ഐ.എസ് ഭീകരതകള്‍ തുടങ്ങിയ നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഈ കൊച്ചു രാജ്യം മുന്നേറുന്നത് ആരെയും വിസ്മയിപ്പിക്കും.
ജിദ്ദയില്‍ പ്രവാസ ജീവിതം ആരംഭിച്ചതുമുതലുള്ള ചിരകാലാഭിലാഷമായിരുന്നു സുഊദി അറേബ്യയോട് തൊട്ട് കിടക്കുന്ന ഈ പൗരാണിക ദേശത്തെയും അവിടത്തെ ജനതയെയും മനസ്സിലാക്കുക എന്നത്. യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് സോണ്‍ പ്രവര്‍ത്തകര്‍ പെരുന്നാള്‍ അവധിയില്‍ ജോര്‍ദാന്‍ സന്ദര്‍ശനത്തിന് യാത്ര സംഘടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഒട്ടും ആലോചിച്ചില്ല. ഇന്ത്യക്കാര്‍ക്ക് വിസ അതിര്‍ത്തിയില്‍നിന്ന് ലഭിക്കുന്നതിനാല്‍ ജോര്‍ദാന്‍ സന്ദര്‍ശനത്തിന് നിരവധി പേരുണ്ടായിരുന്നു.
പെരുന്നാള്‍ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെട്ട ഞങ്ങളുടെ ബസ് തബൂക്ക് വഴി ഹാലത് അമ്മാര്‍ അതിര്‍ത്തിയിലെത്തി. ജോര്‍ദാനില്‍ പ്രവേശിക്കുന്നതുവരെ ഇന്ത്യാ-പാക് വാഗാ അതിര്‍ത്തി പോലെയായിരിക്കുമോ ജോര്‍ദാന്‍ അതിര്‍ത്തിയും എന്ന് സംശയിക്കാതിരുന്നില്ല. സാമ്രാജ്യത്വ ശക്തികള്‍ സൃഷ്ടിച്ച വിഭജനം ഉള്ളേടത്തെല്ലാം കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും വളരെ ശാന്തമായ അന്തരീക്ഷമാണ് സുഊദി- ജോര്‍ദാന്‍ അതിര്‍ത്തിയില്‍ കാണാന്‍ കഴിഞ്ഞത്. അതിര്‍ത്തികളിലെ സ്വാഭാവികമായ കാത്തിരിപ്പുകള്‍ക്കു ശേഷം ജോര്‍ദാന്‍ ബസില്‍ മാറി കയറി. ഇവിടെ നിന്ന് ഗൈഡ് അബ്ദുല്ല വഹ്ശ് ഞങ്ങളോടൊപ്പം ചേര്‍ന്നു.
എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, ജോര്‍ദാന്‍ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായ പെട്രയെ ലക്ഷ്യം വെച്ച് ഞങ്ങളുടെ ബസ് മുന്നോട്ടു കുതിച്ചു. 24 മണിക്കൂറിലധികം യാത്ര ചെയ്തിട്ടും ഞങ്ങള്‍ക്ക് യാതൊരു ക്ഷീണവും ഉണ്ടായിരുന്നില്ല. അബ്ദുസ്സുബ്ഹാന്റെ നേതൃത്വത്തില്‍ ബസിനകത്ത് അരങ്ങേറിയ രസകരവും വൈജ്ഞാനികവുമായ പരിപാടികള്‍ യാത്രയുടെ മുഷിപ്പൊഴിവാക്കാന്‍ സഹായിച്ചു.
ജോര്‍ദാനികളുടെ തദ്ദേശീയ ഭക്ഷണശാലയിലായിരുന്നു ഗൈഡ് ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്. വിശപ്പും ജോര്‍ദാനീ ഭക്ഷണത്തിന്റെ രുചിയും ചേര്‍ന്നപ്പോള്‍ ആ ഉച്ചഭക്ഷണം അവിസ്മരണീയ അനുഭവമായി. വിശ്രമത്തിനു ശേഷം വീണ്ടും ബസ് പുറപ്പെട്ടു. നാല് മണിക്ക് മുമ്പെങ്കിലും പെട്രയിലെത്തിയാല്‍ മാത്രമേ പെട്ര സന്ദര്‍ശനം കൊണ്ട് പ്രയോജനമുള്ളൂ എന്ന് ഗൈഡ് ഓര്‍മപ്പെടുത്തി. പെട്രയെ ഒരു നോക്ക് കാണണമെങ്കില്‍ തന്നെ രണ്ട് മണിക്കൂറെങ്കിലും നടക്കണം. ആറ് മണിയോടെ പെട്രയുടെ ഗെയ്റ്റ് അടക്കും.
അബ്ദുല്ല വഹ്ശ് ജോര്‍ദാന്റെ പിറവിയെക്കുറിച്ച് പറഞ്ഞു: 1946-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ സുഊദി അറേബ്യ, ഇറാഖ്, സിറിയ എന്നീ അയല്‍ രാജ്യങ്ങള്‍ പകുത്ത് ജോര്‍ദാനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ ഭരണാധികാരി അബ്ദുല്ല രാജാവ് ഒന്നാമന്‍ സംതൃപ്തനായിരുന്നില്ല. സുഭദ്രമായ സാമ്പത്തിക അസ്തിവാരമില്ലാതെ ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ടു നയിക്കും എന്നായിരുന്ന രാജാവിന്റെ ആശങ്ക. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ പ്രതികരണം: 'ഒന്നും കാര്യമാക്കേണ്ട. എല്ലാവരുമായും ഉറ്റ സൗഹൃദത്തിലും ചങ്ങാത്തത്തിലുമാണെങ്കില്‍ ജോര്‍ദാന് നല്ല ഭാവിയുണ്ട്.'
ചര്‍ച്ചിലിന്റെ ആ ഉപദേശം നിഷ്ഫലമായില്ല. പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയില്‍ സന്തുലിതവും സമാധാനപൂര്‍ണ്ണവുമായ നിലപാടുകള്‍ സ്വീകരിച്ച് അയല്‍രാജ്യങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ ജോര്‍ദാന്‍ ഇന്ന് ഏറ്റുവാങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. ആരെയും പിണക്കാത്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ ജോര്‍ദാന്‍ പ്രശ്‌നങ്ങളെ അതിജീവിച്ചു. പക്ഷേ സാമ്രാജ്യത്വ വിഭജന രാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ ജോര്‍ദാനെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ഫലസ്ത്വീന്‍ വംശജന്റെ വെടിയേറ്റ് അബ്ദുല്ല രാജാവ് ഒന്നാമന്‍ വിഭജന രാഷ്ട്രീയത്തിന്റെ ആദ്യ ഇരയായി. ജോര്‍ദാന്‍ ചരിത്രത്തിലെ രക്തപങ്കിലമായ ഒരധ്യായം.
പെട്ര
പെരുന്നാളിന്റെ പിറ്റേ ദിവസം വൈകുന്നേരമാണ് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ അമ്പത് പേരടങ്ങുന്ന ഞങ്ങളുടെ സംഘം പെട്രയിലെത്തെിയത്. പെട്ര എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ഥം പാറ എന്നാണ്. പാറകളില്‍ ചിത്രപ്പണികളും കൊത്തുപണികളും രമ്യഹര്‍മ്യങ്ങളും ശവകുടീരങ്ങളും നിര്‍മിച്ചതിനാലാണ് പെട്ര എന്ന പേര് ലഭിച്ചത്. അവിടെയുള്ള ഉയര്‍ന്ന പാറയുടെ നിറം പനിനീര്‍ ചുവപ്പിനോട് സാദൃശ്യമുള്ളതിനാല്‍, പെട്രക്ക് Rose Red Ctiy എന്ന അപരനാമം കൂടിയുണ്ട്. ജീവിതത്തില്‍ അനിവാര്യമായും കണ്ടിരിക്കേണ്ട 27 സ്ഥലങ്ങളില്‍ ഒന്നാണെന്ന് യുനെസ്‌കോ വിശേഷിപ്പിച്ച ചരിത്രഭൂമി. പൗരാണിക സംസ്‌കാരത്തിന്റെ അനേകം ഈടുവെപ്പുകളുള്ള പ്രദേശം. ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്ന്. അതാണ് പെട്ര. ഞങ്ങളുടെ ആഹ്‌ളാദങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു.
പെട്ര എന്നാണ് നിര്‍മിക്കപ്പെട്ടത് എന്നതിനെ കുറിച്ച കൃത്യമായ വിവരമൊന്നും ലഭ്യമല്ല. ബി.സി.ഒന്നാം നൂറ്റാണ്ടിലാണ് ഈ പ്രദേശം നെബാതിയനുകളുടെ ആസ്ഥാനമായി അറിയപ്പെടാന്‍ തുടങ്ങിയത്. അക്കാലത്ത് ജനസംഖ്യ 20000-മാണെന്ന് കരുതുന്നു. അറേബ്യന്‍ മരുഭൂമിയിലെ അനേകം നാടോടി ഗോത്രങ്ങളില്‍ ഒന്നായിരുന്നു നെബാതിയന്മാര്‍. നാല്‍ക്കാലിക്കൂട്ടങ്ങളുമായി വെള്ളവും മേച്ചില്‍സ്ഥലവും അന്വേഷിച്ച് നടന്നിരുന്ന ഇവര്‍ യമനില്‍നിന്നുള്ളവരായിരുന്നിരിക്കണം. വേറെ അഭിപ്രായങ്ങളും ഇവരെക്കുറിച്ചുണ്ട്. എല്ലാം നിഗമനങ്ങള്‍ മാത്രം.
പിന്നീട് സി.ഇ 106-ല്‍ ഈ പ്രദേശത്തെ റോമന്‍ സാമ്രാജ്യവുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. റോമക്കാരാണ് ഇതിനെ പെട്ര എന്ന് നാമകരണം ചെയ്തത്. സി.ഇ 363-ല്‍ ഒരു വന്‍ ഭൂകമ്പം ഉണ്ടാവുന്നത് വരെയും അത് വികസിച്ചുകൊണ്ടിരുന്നു. അക്കാലത്ത് സുഗന്ധദ്രവ്യങ്ങളുടെ വിപണനകേന്ദ്രം കൂടിയായിരുന്നു പെട്ര. പുരാതന കാലത്ത് യമന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള വ്യാപാര മാര്‍ഗം എന്ന നിലയിലും പെട്ര വിശ്രുതമായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉണ്ടായ ശക്തമായ ഭൂകമ്പവും വാണിജ്യ റൂട്ടിലെ ഗതിമാറ്റവും കാരണമായി പെട്ര സംസ്‌കാരം നാമാവശേഷമായി. ചെങ്കടലിനും ചാവുകടലിനുമിടയില്‍ സുഊദി അതിര്‍ത്തിക്കടുത്താണ് പെട്ര നിലകൊള്ളുന്നത്.
1812-ല്‍ ജോഹന്നാസ് ബുര്‍ഗാര്‍ട്ട് എന്ന സ്വിസ് പര്യവേക്ഷകന്റെ ശ്രമഫലമായി പെട്രയെ വീണ്ടും കണ്ടെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് പെട്ര വശ്യവും മനോഹരവുമായ പൗരാണിക നഗരമെന്ന നിലയില്‍ പാശ്ചാത്യലോകത്ത് സ്വീകാര്യത നേടിയത്. പെട്രയിലൂടെയുള്ള നടത്തം അവിസ്മരണീയമായ അനുഭവം തന്നെയാണ്. നടത്തത്തിനിടയില്‍ ധാരാളം യൂറോപ്യരെ കാണാനിടയായി. 1985 മുതല്‍ യുനെസ്‌കൊ പൈതൃക ഭൂമിയായി ഏറ്റെടുത്തതോടെ സഞ്ചാരികളുടെ നിലക്കാത്ത പ്രവാഹമാണിവിടേക്ക്. കവാടത്തിലുള്ള സന്ദര്‍ശക കേന്ദ്രത്തില്‍നിന്ന് ടിക്കറ്റ് എടുത്തതിനു ശേഷമാണ് അതിനകത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളത്.
വിചിത്ര കാഴ്ചകള്‍
പെട്രയുടെ ഉള്ളകങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്നത് വിചിത്ര കാഴ്ചകള്‍. പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത് പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാനുണ്ടെന്ന് ഗൈഡ് പറഞ്ഞപ്പോള്‍ ഞങ്ങളുടെ ആകാംക്ഷ വര്‍ധിച്ചു. കുട്ടികളും സ്ത്രീകളും പ്രായമുള്ളവരും എല്ലാം യുവത്വത്തിന്റെ പ്രസരിപ്പോടെ പൊള്ളുന്ന ചൂടില്‍ വെള്ളത്തിന്റെ കുപ്പി കൈയിലേന്തിയും ഹാറ്റ് ധരിച്ചും ധൃതിയില്‍ നടന്നു.
പെട്ര നഗരത്തിലേക്ക് ചെല്ലുന്ന നീണ്ട നടപ്പാതയുടെ വലതു വശത്ത് കൂറ്റന്‍ ശിലകളില്‍ നെബാതിയന്മാര്‍ നിര്‍മിച്ച ശവകുടീരങ്ങള്‍ കാണാം. വേറെയും പല തരത്തിലുള്ള കല്ലിന്‍ സമുച്ചയങ്ങളുണ്ട്. മഴ വര്‍ഷിക്കുമ്പോള്‍ വെള്ളപ്പൊക്കം തടയാനുള്ള സംവിധാനവും ജലം സൂക്ഷിക്കാനുള്ള അണക്കെട്ടുമാണ് ഇവിടത്തെ മറ്റൊരു കാഴ്ച. ഈയാവശ്യാര്‍ഥം 88 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ചിരുന്നു. ഭൂഗര്‍ഭജലത്തെക്കുറിച്ച് നല്ല അറിവുള്ളവരായിരുന്നു നെബാതിയന്മാരെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
രണ്ട് കൂറ്റന്‍ പാറകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ നടപ്പാതയാണ് പെട്രയിലെ മറ്റൊരു ആകര്‍ഷണം. പാറകളുടെ ഇരു വശത്തും വെള്ളം കൊണ്ടുപോകാനുള്ള നീര്‍ച്ചാല്‍ നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിപരമായി പിളര്‍ന്നാണ് നടപ്പാത രൂപപ്പെട്ടിട്ടുള്ളത്. ഈ നടപ്പാതയിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ പെട്രയിലെത്തി. അവിടെ കാണുന്ന ആദ്യ ദൃശ്യം മനോഹരമായ കൊത്തുപണിയുള്ള ശിലയുടെ മുന്‍വശം. അതിന്റെ ഒത്തമുകളില്‍ വിലകൂടിയ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഖജനാവ്. 40 മീറ്റര്‍ ഉയരത്തിലാണ് ഈ ഖജനാവ്. അവിടെയുള്ള കൊത്തുകാഴ്ചകള്‍ വശ്യ സുന്ദരം.
ആരാധനാലയം, സ്റ്റേഡിയം, രാജകീയ ശവകുടീരങ്ങള്‍, ഖസ്‌റുല്‍ ബിന്‍ത്, അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ചര്‍ച്ച്, പെട്രയുടെ ഹൃദയഭാഗത്തുള്ള ഗ്രെയ്റ്റ് ടെംമ്പ്ള്‍ തുടങ്ങിയ അനേകം കാഴ്ചകള്‍ സഞ്ചാരികളുടെ മനം കവരുന്നതാണ്. ഒരു പ്രാചീന സംസ്‌കൃതിക്കുണ്ടാവേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങുന്നു പെട്രയില്‍. ചുറ്റും പര്‍വതങ്ങള്‍ കൊണ്ട് സുരക്ഷിതമായതിനാലാവാം നെബാതിയന്മാര്‍ ഈ പ്രദേശത്ത് തമ്പടിച്ചത്.
ഞാന്നു കിടക്കുന്ന അറ്റമില്ലാത്ത പൗരാണിക നടപ്പാത. ആ നടപ്പാതയിലൂടെ നടന്ന് ഞങ്ങളില്‍ പലരും അവശരായിരുന്നു. കാഴ്ചകളത്രയും പുതുമ നിറഞ്ഞതായതിനാലും സംഘം ചേര്‍ന്ന നടത്തമായതിനാലും വിരസത അനുഭവപ്പെട്ടിരുന്നില്ല. സവാരിക്ക് വേണമെങ്കില്‍ കുതിര, കഴുത, ഒട്ടകം എന്നീ മൃഗങ്ങളുടെ പുറത്തിരുന്നും യാത്ര ചെയ്യാം. അതിനിടയില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്ന സുലൈമാന്‍ സാഹിബിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു പിക്കപ്പ് വാനിലൂടെ തിരിച്ചുവരാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായി. പെട്രയുടെ നടപ്പാതകളിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍, ആ വാഹനത്തിന്റെ ഡ്രൈവര്‍ മറ്റൊരു വഴിയിലൂടെയാണ് അവരെ തിരിച്ചെത്തിച്ചത്.
മൂസാ നബിയുടെ കാലത്തെ ചരിത്രാവശിഷ്ടങ്ങള്‍
പെട്രയില്‍ രാപ്പാര്‍ത്ത് പുലര്‍ച്ചെ രുചികരമായ ഹലാവയും ജിബ്‌നയും ഒലിവും പേരറിയാത്ത പലതരം ജോര്‍ദാനിയന്‍ ഭക്ഷണങ്ങളും കഴിച്ച് മൂസാ നബിയുമായി ബന്ധപ്പെട്ട നിരവധി ചരിത്രാവശിഷ്ടങ്ങള്‍ കാണാനുള്ള ആഗ്രഹത്തോടെ ബസില്‍ കയറി ഇരുന്നു. യാത്രാ ലീഡര്‍മാരായ യൂത്ത് ഇന്ത്യ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് ഉമര്‍ ഫാറൂഖ്, ഹിശാം, സത്താര്‍, കെ.എച്ച് റഹീം എന്നിവര്‍ നിര്‍ദേശങ്ങളും വിവരണങ്ങളും നല്‍കുന്നുണ്ടായിരുന്നു. അത് യാത്രയെ ആനന്ദപൂര്‍ണവും വിജ്ഞാനപ്രദവുമാക്കാന്‍ ഉപകരിച്ചു.
മൂസാ നബിയുടെ കാലത്തെ ശേഷിപ്പുകള്‍ മായാതെ അവശേഷിക്കുന്ന ചരിത്ര ഭൂമിയാണ് ജോര്‍ദാന്‍. മൂസായുടെ താഴ്‌വര, അദ്ദേഹത്തിന്റെ അത്ഭുതങ്ങളില്‍ ഒന്നായ പന്ത്രണ്ട് അരുവികളുള്ള സ്ഥലം (ഇപ്പോള്‍ ഒരു അരുവി മാത്രമേ കാണാനുള്ളൂ), അല്ലാഹു മൂസാ നബിയോട് രണ്ടാമത് സംസാരിച്ചുവെന്ന് പറയപ്പെടുന്ന മൗണ്ട് നെബു, മൂസാ നബി ഇസ്രാഈല്യരോട് വിശുദ്ധ യുദ്ധത്തിന് പുറപ്പെടാന്‍ ആഹ്വാനം ചെയ്ത സ്ഥലം തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതാണ്. ഇതില്‍ മൂസാ നബിയുടെ വടികൊണ്ട് അടിച്ച് രൂപപ്പെട്ട അരുവിയില്‍നിന്ന് ഇപ്പോഴും ശുദ്ധജലം നിര്‍ഗളിക്കുന്നത് അത്ഭുത കാഴ്ചയാണ്.
ഖിബ്ത്വി വംശജരുടെ അടിമകളായി കഴിഞ്ഞിരുന്ന ജനവിഭാഗമായിരുന്നുവല്ലോ ഇസ്രാഈല്യര്‍. അവരെ മൂസാ(അ) മോചിപ്പിച്ചു. ഫലസ്ത്വീന്‍ ചൂണ്ടിക്കാണിച്ച് ആ വിശുദ്ധ ഭൂമി തിരിച്ചുപിടിക്കാന്‍ യുദ്ധം ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തപ്പോള്‍ അവരത് പുഛിച്ചുതള്ളി. ഞങ്ങള്‍ നില്‍ക്കുന്ന കുന്നിന്‍ചെരുവില്‍ വെച്ചായിരുന്നു ആ സംഭവമെന്ന് ഗൈഡ് വിവരിച്ചപ്പോള്‍ ഇസ്രാഈല്യരുടെ ഹൃദയകാഠിന്യം
ഓര്‍ത്തുപോയി. 'നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്യൂ, ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം' എന്ന് ഒരു പ്രവാചകനോട് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ച ജനത. ആ ജനത ലോകത്തിലെ അശാന്തിയുടെ മൂലഹേതുവായില്ലെങ്കിലേ അത്ഭുതമുള്ളൂ. അവിടെ നിന്നുള്ള ജോര്‍ദാന്‍ നദിയുടെയും ഗോലാന്‍ കുന്നുകളുടെയും ദൃശ്യങ്ങള്‍ എന്നെന്നും മനസ്സില്‍ തങ്ങിനില്‍ക്കും.
മൗണ്ട് നെബു, ഇസ്രയേല്‍ പതാകഅല്ലാഹു മൂസാ നബിയോട് രണ്ടാമത് സംസാരിച്ചുവെന്ന് പറയപ്പെടുന്ന മൗണ്ട് നെബു ചെറിയൊരു കുന്നിന്‍പ്രദേശമാണ്. ഞങ്ങള്‍ മൗണ്ട് നെബുവിലെത്തുമ്പോള്‍ മധ്യാഹ്നം പിന്നിട്ടിരുന്നു. അറ്റമില്ലാതെ പരന്നുകിടക്കുന്ന ഭൂമി. കുന്നിന്റെ ഉച്ചിയില്‍നിന്ന് ദൂരെ നോക്കുമ്പോള്‍ സ്വര്‍ണ നിറത്തിലുള്ള ബൈത്തുല്‍ മഖ്ദിസിന്റെ സമീപമുള്ള ഖുബ്ബ ഒളിവെട്ടുന്ന കാഴ്ച നയനാന്ദകരമാണ്. ഫലസ്ത്വീനും ബൈത്തുല്‍ മഖ്ദിസും ഇസ്രയേല്‍ കൈയേറിയതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഗൈഡ് വാചാലനായി. ചരിത്രത്തിലുടനീളം ഇസ്രാഈല്യര്‍ ചെയ്ത കൊടുംക്രൂരതകള്‍ അദ്ദേഹം അയവിറക്കി. സാന്ദര്‍ഭികമായി ഇസ്രയേല്‍ പതാകയെ കുറിച്ച പരാമര്‍ശവും.
ശുഭ്ര വര്‍ണ പശ്ചാത്തലത്തില്‍ തിരശ്ചീനമായ രണ്ട് നീല ഖണ്ഡങ്ങളാണ് ഇസ്രയേല്‍ പതാകയുടെ മുഖമുദ്ര. പതാകയുടെ മധ്യത്തില്‍ ഡേവിഡിന്റെ നക്ഷത്രം മുദ്രണം ചെയ്തിരിക്കുന്നു. ഇതില്‍ ഒരു ഖണ്ഡം നൈല്‍ നദിയെയും മറ്റേത് യൂഫ്രട്ടീസ് നദിയെയും പ്രതിനിധീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വാഗ്ദത്ത ഭൂമിയുടെ അതിര്‍വരമ്പുകളാണത്രെ ഈ രണ്ട് വലിയ നദികള്‍. ഇസ്രയേല്‍ പതാകയിലെ പ്രതീകങ്ങളുടെ പൊരുള്‍.
മുവത്വ യുദ്ധ മൈതാനം
ചെറുകുന്നുകളാല്‍ ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന പ്രദേശമാണ് ജോര്‍ദാന്‍. കുന്നിന്‍ചെരുവുകളില്‍ കുണുങ്ങി നില്‍ക്കുന്ന സൈതൂന്‍ ചെടികള്‍. ആ ചെടികളുടെ ശിഖരങ്ങളില്‍ നിറയെ തളിരിടുന്ന സൈതൂന്‍ കായ്കള്‍. അവക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പൈന്‍ മരങ്ങള്‍. വെള്ളിയാഴ്ച മധ്യാഹ്നത്തോടെ മുവത്വയിലത്തെുമ്പോള്‍, ഗ്രാമത്തില്‍ ഒറ്റപ്പെട്ട ആളുകളെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിന്റെ വ്യാപനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച, റോമാ സാമ്രാജ്യത്തെ നിലംപരിശാക്കിയ യുദ്ധമായിരുന്നു മുവത്വ. ആ യുദ്ധഭൂമിയില്‍നിന്ന് യാത്രാ ലീഡര്‍ ഉമറുല്‍ ഫാറൂഖ് ചരിത്രസംഭവങ്ങള്‍ ഉജ്ജ്വലമായി വിവരിക്കുമ്പോള്‍ മനസ്സ് പുളകം കൊണ്ടു. ധിക്കാരിയായ റോമന്‍ ചക്രവര്‍ത്തിയെ പാഠം പഠിപ്പിച്ച യുദ്ധം.
ഇസ്‌ലാമിനെ പരിചയപ്പെടുത്തി പ്രവാചകന്‍(സ) അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായ ശുറൈഹിന് തന്റെ ദൂതന്‍ വശം കത്തയച്ചു. കത്ത് വായിച്ച് പ്രകോപിതനായ രാജാവ് ദൂതനെ വധിച്ചു.അന്നത്തെ സമ്പ്രദായമനുസരിച്ച് ഒരു ദൂതനെ വധിക്കുക എന്നത് അങ്ങേയറ്റത്തെ അവഹേളനമായിരുന്നു. ഇതറിഞ്ഞ പ്രവാചകന്‍ രണ്ട് ലക്ഷം വരുന്ന ശത്രുസൈന്യത്തോട് ഏറ്റുമുട്ടാന്‍ 3000 പേരടങ്ങുന്ന സൈന്യത്തെ മുവത്വ രണഭൂമിയിലേക്കയക്കുകയായിരുന്നു. ഇന്നും മനുഷ്യന്റെ കൈയേറ്റങ്ങള്‍ക്ക് വിധേയമാവാതെ ആ ചരിത്രഭൂമി സംരക്ഷിച്ചുനിര്‍ത്തുന്നതിന് ജോര്‍ദാന്‍ ഭരണകൂടത്തെ അഭിനന്ദിക്കണം.
അബ്ദുല്ലാഹിബ്‌നു റബാഹ്, സൈദുബ്‌നു ഹാരിസ, ജഅ്ഫറുബ്‌നു അബീത്വാലിബ് എന്നിവരിലായിരുന്നു പ്രവാചകന്‍ മുവത്വ യുദ്ധത്തിന്റെ നേതൃത്വം ഏല്‍പ്പിച്ചിരുന്നത്. ഒരാള്‍ രക്തസാക്ഷിയായാല്‍ മറ്റൊരാള്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് അവിടുന്ന് നിശ്ചയിച്ചു. പ്രവാചകന്റെ അനിതരസാധാരണമായ നേതൃപാടവവും ദീര്‍ഘദൃഷ്ടിയും ഇതില്‍നിന്ന് വ്യക്തമാണ്. ഇവര്‍ മൂവരും ഒന്നിനു പിറകെ ഒന്നായി യുദ്ധത്തില്‍ രക്തസാക്ഷികളായപ്പോള്‍ ഖാലിദുബ്‌നു വലീദ് സ്വയം നേതൃത്വം ഏറ്റെടുത്ത് യുദ്ധതന്ത്രം മാറ്റുകയും വിജയശ്രീലാളിതനാവുകയും ചെയ്തു. ഇവര്‍ മൂവരും അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദ് സന്ദര്‍ശിച്ചു.
അടുത്ത ലക്കം: ചാവുകടല്‍ എന്ന നിത്യ വിസ്മയം
Comments