ഇസ്‌ലാമിന്റെ പുറന്തോടണിയാന്‍ മാത്രം പ്രിയം കാണിക്കുന്നവര്‍
ഇസ്‌ലാമിനോളം കാലിക പ്രസക്തിയും കരുത്തുമുള്ള മറ്റൊരു ദര്‍ശനമോ ആശയമോ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്ന തിരിച്ചറിവ് മുസ്‌ലിംകളേക്കാള്‍ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ക്കുണ്ട്. പല കാരണങ്ങളാല്‍ ലോകത്ത് ശക്തിപ്പെട്ടുവരുന്ന തീവ്രതയെ ഇസ്‌ലാമിലേക്ക് വരവു വെക്കുന്നത് അതുകൊണ്ടാണ്.
മുസ്‌ലിംകള്‍ എന്ന നിലയില്‍ ഉയര്‍ന്ന സാംസ്‌കാരികൗന്നത്യം പുലര്‍ത്തേണ്ടവര്‍ വിവാദ വിഷയങ്ങളോട് പ്രതികരിക്കുന്നതില്‍ കാണിക്കുന്ന പരുഷവും അപക്വവുമായ സമീപനം ഇസ്‌ലാമിനെ ഇടിച്ചുതാഴ്ത്താനാണ് ഇടയാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമുമായും സംഘടനാ നിലപാടുകളുമായും ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അവധാനത പുലര്‍ത്താതെ ചാടിക്കയറി പ്രതികരിക്കുന്നതില്‍ പലരും മിടുക്കരാണ്.
ഐ.എസ് വിഷയത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയയിലും മറ്റും 'സുന്നി-മുജാഹിദ്' കളിക്കുന്ന തിരക്കിലായിരുന്നു. ഏറ്റവുമൊടുവില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ വിദ്വേഷ പ്രസംഗത്തോട് അതേ നിലവാരത്തില്‍ തീവ്രമായും നിരുത്തരവാദപരമായും ചിലരെങ്കിലും പ്രതികരിച്ചത് കണ്ടപ്പോള്‍ അതിശയം തോന്നി. ഇസ്‌ലാമിനെതിരില്‍ ആരെങ്കിലും എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുമ്പോള്‍ അസഹ്യത പ്രകടിപ്പിക്കുന്നവരില്‍ എത്ര പേര്‍ ഇസ്‌ലാമിക ചിട്ടയോടെ ജീവിതം നയിക്കുന്നുണ്ട്? പലര്‍ക്കും ഇഷ്ടം പുറംചട്ട ഇസ്‌ലാമിനെയാണ്. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സ്‌നേഹവും ഹൃദയ വിശാലതയും മാറ്റിനിര്‍ത്തി ഇസ്‌ലാമിന്റെ പുറന്തോട് കൊണ്ടുനടക്കുന്നു അവര്‍.
'നമസ്‌കാര'മല്ലേ നല്ലത്?
പ്രാദേശിക വകഭേദങ്ങളും പ്രയോഗ സൗകര്യാര്‍ഥമുള്ള പദ ലോപനങ്ങളുമൊക്കെ എല്ലാ ഭാഷകളിലുമുള്ളതുപോലെ മലയാളത്തിലുമുണ്ട്. എന്നാല്‍ എഴുത്ത് ഭാഷയില്‍ (അച്ചടി ഭാഷ) സാധാരണ ഇതൊന്നും കടന്നുവരാറില്ല; പ്രത്യേകിച്ച് നേര്‍ക്കുനേരെ സര്‍ഗ സാഹിത്യ വിഭാഗത്തില്‍ പെടാത്ത ലേഖനം പോലുള്ള എഴുത്തുമേഖലയില്‍. ഇത്രയും സൂചിപ്പിക്കാന്‍ കാരണം ആഗസ്റ്റ് അഞ്ച് ലക്കത്തില്‍ സമീര്‍ വടുതല എഴുതിയ ' നിസ്‌കാരത്തിന്റെ സൗന്ദര്യം' എന്ന ലേഖനമാണ്. അതിലുടനീളം 'നിസ്‌കാരം' ആവര്‍ത്തിക്കുന്നു. മലയാള ഭാഷയില്‍ 'നിസ്‌കാരം' എന്ന പദം ഇല്ലെന്നാണറിവ്. നമസ്‌കാരമാണ് നിസ്‌കാരമെന്ന നാടന്‍ സംസാരപ്രയോഗമായി മാറിയത്. പ്രബോധനം പോലൊരു പ്രസിദ്ധീകരണത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതല്ലേ ഭംഗി?
അജ്മല്‍ കായക്കൊടി
സ്‌പെയിന്‍: അകം തൊട്ട യാത്രാ വിവരണം
പ്രബോധനം 2016 ജൂലൈ 22-ാം ലക്കം ചര്‍ച്ചക്കെടുത്ത വിഷയങ്ങള്‍ കാലികപ്രസക്തമാണ്. നാല്‍പതു വര്‍ഷമായി പ്രബോധനം വായനക്കാരനായ പ്രസ്ഥാനബന്ധുവല്ലാത്ത എന്റെ അഭിനന്ദനങ്ങള്‍.
എന്നാല്‍, പ്രസ്തുത ലക്കത്തിലെ 'സന്തുലനത്തിന്റെ സുവിശേഷം' എന്ന ലേഖനത്തിലെ 'നിര്‍ജീവങ്ങളും നിര്‍ദോഷികളുമായ കളിമണ്‍ പ്രതിമകളും കല്‍വിഗ്രഹങ്ങളും അല്ലാഹുവിന്റെ അധികാരത്തില്‍ എന്തു ഇടപെടലാണ് നടത്തുന്നത് എന്ന് ചിന്തിക്കാവുന്നതാണ്' എന്ന പ്രസ്താവനയുടെ താല്‍പര്യം മനസ്സിലാവുന്നില്ല. അല്ലാഹുവിന്റെ പരമാധികാരത്തില്‍ പലവിധ പങ്കുചേര്‍ക്കലുകളും നടക്കുമ്പോള്‍ വിഗ്രഹാരാധന അത്ര വിലയൊരു പ്രശ്‌നമായി കാണേണ്ടതില്ല, വിശിഷ്യാ ഒരിടപെടലിനും കഴിവില്ലാത്ത നിര്‍ജീവ വിഗ്രഹങ്ങളാവുമ്പോള്‍ എന്ന ഒരു ധ്വനി ആ പ്രസ്താവനക്കുണ്ടോ എന്നു സംശയിക്കപ്പെടില്ലേ, ലേഖകന്‍ അങ്ങനെ ഉദ്ദേശിച്ചില്ലെങ്കിലും? മതേതരത്വവും ബഹുസ്വരതയിലെ സഹവര്‍ത്തിത്വവും തെളിയിക്കാനുള്ള വ്യഗ്രതയില്‍ മുസ്‌ലിം സമൂഹം കാത്തുപോന്ന ഐഡന്റിറ്റികള്‍ മുഴുവന്‍ തമസ്‌കരിക്കേണ്ടിവരുമോ എന്ന ഭീതിയാണ് ഇത്തരം സംശയങ്ങളുടെ ഹേതു.
പ്രഫ. ബദീഉസ്സമാന്റെ യാത്രാവിവരണത്തില്‍ മനസ്സിനെ പിടിച്ചുകുലുക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്ത ഒരു പരാമര്‍ശം എടുത്തുകാട്ടാതെ വയ്യ; '18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്‌പെയിന്‍ മുസ്‌ലിം മുക്തമായി'. 'മുസ്‌ലിം മുക്ത ഭാരത'ത്തിനു വേണ്ടിയുള്ള അലര്‍ച്ചകള്‍ മറയേതുമില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ ജീവിക്കുന്ന ഒരു സാധാരണ മുസ്‌ലിം ആ വരികള്‍ വായിച്ചു ഞെട്ടിയില്ലെങ്കില്‍...!
മായിന്‍കുട്ടി അണ്ടത്തോട്
Comments