പകല്‍മാന്യന്മാര്‍ക്കു വേണ്ടി ഒരു സര്‍ക്കാര്‍
ഗംഗാ നദിയുടെ ശുചീകരണത്തിന്റെ പേരില്‍ 2958 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതിനകം ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതിദായകരുടെ മൂവായിരം കോടി രൂപയോളം ഇങ്ങനെ പാഴാക്കിയിട്ടും നദിയിലെ മാലിന്യത്തിന് നേരിയ കുറവ് പോലും ഉണ്ടായിട്ടില്ലെന്നും രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ആരംഭിച്ച എല്ലാ ഗംഗാ ശുചീകരണ പദ്ധതികളുടെയും അതേ പര്യവസാനമാണ് നരേന്ദ്ര മോദിയുടെ കൊട്ടിഘോഷിക്കപ്പെട്ട നമാമി ഗംഗ പദ്ധതിയുടേതെന്നും ഈ പാഴ്‌ചെലവിന്റെ ബാഹുല്യം ബോധ്യപ്പെടുത്തുന്നു. എങ്കിലും നദീതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കാനായി ആര്‍.എസ്.എസിന്റെയും വി.എച്ച്.പിയുടെയും വളന്റിയര്‍മാര്‍ക്ക് നദീതീരത്തുടനീളം തൊഴില്‍ കൊടുക്കാന്‍ ഉമാഭാരതിക്കു കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് മോദി സര്‍ക്കാറിന്റെ മിക്ക പദ്ധതികളുടെയും പൊതു സ്വഭാവമെന്നും അതിന്റെ ഗുണഭോക്താക്കളാവുന്നത് പലപ്പോഴും സാമൂഹികവിരുദ്ധ ഗ്രൂപ്പുകള്‍ പോലുമാണെന്നതുമാണ് വസ്തുത. ഗോസംരക്ഷണ സംഘങ്ങള്‍ എന്ന പേരില്‍ രാജ്യത്തുടനീളം പെരുകുന്ന ഗുണ്ടാസംഘങ്ങള്‍ ആളുകളെ തല്ലിക്കൊല്ലുന്നതിന്റെയും അടിച്ചൊടിക്കുന്നതിന്റെയും വാര്‍ത്തകള്‍ മാത്രമേ കേള്‍ക്കാറുള്ളൂ. പക്ഷേ പശുവിനെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇന്ത്യയിലെ മുഴുവന്‍ ചന്തകളിലും ഗോരക്ഷാസംഘങ്ങള്‍ ഗുണ്ടാപ്പിരിവ് നടത്തുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സംഘ്പരിവാറിന്റെ പ്രാദേശിക ഘടകങ്ങള്‍ക്ക് ഗുണ്ടാപ്പിരിവ് നല്‍കാതെ ഒരു വ്യാപാരിക്കു പോലും കാലികളെ ചന്തയിലെത്തിക്കാനാവാത്ത സാഹചര്യമാണ് ഉത്തരേന്ത്യയില്‍ രൂപം കൊള്ളുന്നത്.
ഒരു ഭാഗത്ത് ഈ ഗുണ്ടാവിളയാട്ടം. മറുഭാഗത്ത് കഥയറിയാതെ ആട്ടം കാണുന്ന വെറും പശുഭക്തര്‍. ഇരു കൂട്ടരും ചേര്‍ന്ന് പൊറുതിമുട്ടിച്ച മുസ്‌ലിമും ദലിതനും പശുക്കളെ കൈയൊഴിയാന്‍ തുടങ്ങിയതോടെ ചത്തുവീഴുന്ന ഗോമാതാക്കള്‍ അങ്ങാടികളില്‍ കിടന്ന് ചീഞ്ഞുനാറുന്ന കാലമെത്തി. വര്‍ഗീയ ധ്രുവീകരണം മാത്രമല്ല സാമൂഹിക ദുര്‍ഗന്ധവും പശുരാഷ്ട്രീയം കൊണ്ടുവരുമെന്ന് ബോധ്യപ്പെട്ടതാണ് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വായതുറപ്പിച്ചത്. മുതുകത്ത് ചാട്ടവാറേല്‍ക്കുന്ന ദലിതന്റെ വ്യഥകളായിരുന്നു അദ്ദേഹത്തെ അലട്ടിയതെങ്കില്‍ ഈ വാക്കുകള്‍ പ്രധാനമന്ത്രി എന്നോ പറഞ്ഞേനെ. ദലിത് സഹോദരങ്ങളെയല്ല, വേണമെങ്കില്‍ എന്നെ വെടിവെച്ചോ എന്ന് സുരക്ഷാ വലയത്തിന്റെ അകത്തുനിന്നും വിളിച്ചു പറയുന്ന പ്രധാനമന്ത്രി 'മുസ്‌ലിം സഹോദര'ങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു വര്‍ത്തമാനം പറഞ്ഞിട്ടുമില്ല. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരത്തിന്റെ പേരില്‍ ഇന്ത്യാ ചരിത്രത്തില്‍ സവിശേഷ ഇടം നേടിയ പ്രധാനമന്ത്രി ആ പതിവ് ഒരിക്കലും തെറ്റിക്കുന്നില്ല എന്നു മാത്രമേ ഈ വര്‍ത്തമാനത്തിന് അര്‍ഥമുള്ളൂ. അങ്ങാടികളില്‍ മാത്രമല്ല എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പിലും ചത്ത പശുക്കളുടെ ജഡങ്ങള്‍ കൊണ്ടിട്ടാണ് ഗുജറാത്തിലെ ദലിതര്‍ പ്രതിഷേധിക്കുന്നത്. ആനന്ദിബെന്‍ പട്ടേല്‍ എന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ മുഖ്യമന്ത്രിക്ക് കസേര നഷ്ടപ്പെടുകയും ഗുജറാത്ത് എന്ന സംസ്ഥാനം ബി.ജെ.പിയെ കൈയൊഴിയാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. അതുപോലും സ്വന്തം വൈതാളിക സഹോദരന്മാരുടെ വായയില്‍ കിടക്കുന്നതു മുഴുവന്‍ പഞ്ചപുഛമടക്കി ഏറ്റുവാങ്ങിക്കൊണ്ടും. പ്രധാനമന്ത്രി ഗോസംരക്ഷകരെ കുറിച്ച് പറഞ്ഞത് ശരിയല്ല എന്ന് ആര്‍.എസ്.എസ് തന്നെ വ്യക്തമാക്കി.
ഗുജറാത്തിലെ ഏതാണ്ടെല്ലാ ജില്ലകളിലും പശുരാഷ്ട്രീയത്തിനെതിരെയും സവര്‍ണ ധാര്‍ഷ്ട്യത്തിനെതിരെയും ദലിതര്‍ തെരുവിലിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉനയില്‍നിന്ന് തുടങ്ങിയ സമരം ഗുജറാത്തിനുപുറമെ മറ്റു സംസ്ഥാനങ്ങളിലേക്കും പടര്‍ന്നുതുടങ്ങി. ലഖ്‌നൗവിലും പറ്റ്‌നയിലും ഭോപാലിലുമൊക്കെ ചത്ത പശുക്കളെ എടുത്തുമാറ്റാന്‍ ദലിതര്‍ വിസമ്മതിക്കുന്നതിന്റെ റിപ്പോര്‍ട്ടുകളുണ്ട്. ഉദകക്രിയകള്‍ക്കു വേണ്ടി ഗോമാതാക്കള്‍ അഭിനവ മക്കളെയും കാത്ത് വെയിലേറ്റുണങ്ങി. ഈ നഗരത്തിലെല്ലാം ദലിത് സംഘടനകള്‍ പശുക്കളുടെ ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ തയാറല്ലെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. പശുവിനെ സംരക്ഷിക്കാന്‍ ഒരു മന്ത്രിയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായ രാജസ്ഥാനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഭയാനകമായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോരക്ഷാശാലയില്‍ രണ്ടാഴ്ചക്കുള്ളില്‍ ചത്തൊടുങ്ങിയത് 500-ലേറെ ഗോമാതാക്കളായിരുന്നു.
പശുരക്ഷയുടെ പേരില്‍ നാടൊട്ടുക്ക് തെമ്മാടികളെ അഴിച്ചുവിടുന്നതും അവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നതും ഒരേ കൂട്ടര്‍ തന്നെയാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഗോരക്ഷാ സമിതികള്‍ക്കു പുറകില്‍ സംഘ്പരിവാര്‍ ആണെന്ന് അറിയാത്ത മന്ദബുദ്ധികളൊന്നുമല്ല ഇന്ത്യക്കാര്‍. പശുവിനെ രക്ഷിക്കുന്നതിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ഏര്‍പ്പാടുകള്‍ ആരംഭിക്കുകയും അത് ആഗോളമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും പ്രധാനമന്ത്രി നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അതാ വരുന്നു ആര്‍.എസ്.എസിന്റെ പ്രസ്താവന; ഗോരക്ഷയുടെ പേരില്‍ രംഗത്തുള്ളവര്‍ സാമൂഹിക വിരുദ്ധരാണെന്ന മോദിയുടെ പ്രസ്താവന പിന്‍വലിക്കണം! ഈ ഏര്‍പ്പാടിന് നേതൃത്വം കൊടുക്കുന്ന വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ മനുഷ്യനെ ആക്രമിക്കുന്ന വിഷയത്തില്‍ ഒരു ചാനലിനോട് പറഞ്ഞ മറുപടി 'നമുക്ക് വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാം' എന്നായിരുന്നു. റിപ്പോര്‍ട്ടര്‍ പുറകെ കൂടിയപ്പോള്‍ അദ്ദേഹം നടത്താന്‍ ഒരുങ്ങുന്ന ക്ഷേത്രദര്‍ശനത്തെ കുറിച്ചായി വിശദീകരണം. മനുഷ്യനെ ആക്രമിക്കുകയോ കൊല്ലുകയോ ഒക്കെ ആവാം എന്നു സ്വന്തം വായകൊണ്ട് പറയാന്‍ മോഹിക്കുന്ന ആള്‍ പകരം മറ്റെന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടുന്ന ദയനീയ ചിത്രമായിരുന്നു ഇത്. പശുസംരക്ഷകരെ പകല്‍മാന്യന്മാരായ സാമൂഹികദ്രോഹികള്‍ എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയെങ്കിലും ഈ കള്ളനാണയങ്ങള്‍ ആരെന്നു തുറന്നുപറയാനുള്ള ധൈര്യമോ അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജവമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പൊള്ളയായ വാക്കുകള്‍ മാത്രം പറഞ്ഞ്, പൊതുപ്രശ്‌നങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത അടിമയായി എന്തിനിങ്ങനെ പദവിയില്‍ തുടരണം?
Comments