കലുഷിതമാകുന്ന കശ്മീര്‍
കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഉത്കണ്ഠയുണ്ട്. പ്രകടനം നടത്തുന്ന നിരായുധരായ സിവിലിയന്മാര്‍ക്കെതിരെയാണ് സുരക്ഷാസേന വെടിയുതിര്‍ക്കുന്നത്. യുവാക്കളെ ടാര്‍ഗറ്റ് ചെയ്ത് പെല്ലെറ്റ് തോക്കുകള്‍ കൊണ്ട് അവരെ അന്ധരാക്കുന്നു. ആംബുലന്‍സുകളും ആശുപത്രികളും വരെ ആക്രമണത്തില്‍നിന്ന് ഒഴിവല്ല. ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. കശ്മീരിന്റെ സ്വസ്ഥത കെടുത്തുന്നതില്‍ ഇത്തരം ചെയ്തികള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നിര്‍ദയമായ ശക്തിപ്രയോഗങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് വഴിതുറക്കുക. കശ്മീരിലും നോര്‍ത്ത് ഈസ്റ്റിലുമെല്ലാം അഫ്‌സ്പ പ്രയോഗിക്കുകയാണ് സുരക്ഷാസേന. സ്ത്രീ പീഡനം, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടങ്ങി മറ്റ് അതിക്രമങ്ങളും ഏറെയാണ്.
സൈന്യത്തിന്റെ നിരന്തര സാന്നിധ്യം മൂലം സാധാരണ ജീവിതം നയിക്കാന്‍ കശ്മീരികള്‍ക്ക് പറ്റുന്നില്ല. ഇടക്കിടെയുള്ള കര്‍ഫ്യൂകളും മീഡിയാ വിലക്കുകളുമെല്ലാം സാധാരണ ജീവിതം ദുസ്സഹമാക്കുന്നു.
ചര്‍ച്ചയിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. അഫ്‌സ്പ പിന്‍വലിക്കുന്നതോടെ അനാവശ്യമായ ശക്തിപ്രയോഗങ്ങള്‍ ഇല്ലാതാവും, പട്ടാള സാന്നിധ്യം പതിയെ കുറച്ചുകൊണ്ടുവരാനാകും. മനുഷ്യാവകാശങ്ങള്‍ കശ്മീരികള്‍ക്ക് വകവെച്ചുനല്‍കാന്‍ പറ്റണം. ഗവണ്‍മെന്റും ജനങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കൂടുതല്‍ ഫലപ്രദമാകും.
വിദ്യാഭ്യാസ-സാംസ്‌കാരിക
മേഖലകളിലെ അനുചിത ഇടപെടല്‍
വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ ഇടപെടാനുള്ള കേന്ദ്രത്തിന്റെയും ചില സംസ്ഥാന ഗവണ്‍മെന്റുകളുടെയും നീക്കങ്ങളില്‍ ജാഗ്രത വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഉണര്‍ത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള ശ്രമങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള വിലക്കുകള്‍, വിദ്യാര്‍ഥികളെയും അധ്യാപകരെയും വേട്ടയാടല്‍, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള ഗൂഢാലോചനകള്‍, പാഠപുസ്തകങ്ങളിലെ തിരിമറികള്‍, ചരിത്രത്തെ വികൃതമാക്കല്‍, വാണിജ്യവല്‍ക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം ഇതെല്ലാം ആഴത്തിലുള്ള വ്യാധിയുടെ ലക്ഷണങ്ങളാണ്. ഗവണ്‍മെന്റും അതിനെ പിന്തുണക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകളുമാണ് ഇതിന് ഉത്തരവാദികള്‍. ജനങ്ങളുടെ പൊതുജീവിതത്തില്‍ വിദ്യാഭ്യാസക്രമം വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ ഘടനയിലുള്ള ഇത്തരം ഇടപെടലുകള്‍ ഗൗരവപൂര്‍വം വിലയിരുത്തപ്പെടണം. ഗവണ്‍മെന്റ് ഒരു പ്രത്യേക സംസ്‌കാരത്തെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. യോഗയും വിദ്യാര്‍ഥികളെ സൂര്യനമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്.
വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തേണ്ട അടിയന്തര ഘട്ടമാണിതെന്ന് ജമാഅത്തെ ഇസ്‌ലാമി കരുതുന്നു. അക്കാദമിക സ്വാതന്ത്ര്യം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുവദിച്ചുകിട്ടണം. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷപദവിയും സ്വയംഭരണാവകാശവും സംരക്ഷിക്കപ്പെടണം. ഗവണ്‍മെന്റ് നെഗറ്റീവ് അജണ്ടകളില്‍നിന്ന് പിന്മാറണം. വിദ്യാഭ്യാസം ഒരു പ്രത്യേക സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമായിക്കൂടാ.
ദലിതുകള്‍ക്ക് നേരെയുളള
അതിക്രമങ്ങള്‍
ദലിതുകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും തീര്‍ത്തും അപലപനീയമാണ്. ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ദലിതരെ മര്‍ദിച്ചു. ഈ ക്രൂരസംഭവം ഒറ്റപ്പെട്ടതല്ല. സമാന സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായി. മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍ ഒരു ദലിത് പെണ്‍കുട്ടി മര്‍ദിക്കപ്പെട്ടു. യു.പിയില്‍ മായാവതിയെ സഭ്യേതര ഭാഷയില്‍ അവഹേളിച്ചു. ജാതീയ വേര്‍തിരിവുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട് ഇത്തരം സംഭവങ്ങള്‍. അപരാധികളെ ശിക്ഷിക്കുന്നതില്‍ പോലീസ് നിരന്തരം പരാജയപ്പെടുന്നു. ക്രിമിനലുകള്‍ക്ക് അവരാണ് സംരക്ഷണമൊരുക്കുന്നത്.
ഇന്നത്തെ വ്യവസ്ഥിതി മനുഷ്യരെന്ന നിലയില്‍ ദലിതുകളെ ബഹുമാനിക്കുന്നില്ല. എല്ലാ മനുഷ്യരും സമന്മാരാണെന്ന കാര്യം ഊന്നിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു. ജാതീയമായ ഹുങ്കും അഹന്തയും നിരാകരിക്കണം. മനുഷ്യരെല്ലാവരും പരസ്പരം ആദരിക്കാനാണ് ശീലിക്കേണ്ടത്. ദലിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ച് അപരാധികളെ പിടികൂടി ശിക്ഷിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
വഷളായിക്കൊണ്ടിരിക്കുന്ന
സാമ്പത്തിക നില
വളരെ വേഗം സാമ്പത്തിക നില മോശമായിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ പരാധീനതകള്‍ അധികരിക്കുക മാത്രമാണ്. സാമ്പത്തിക മാന്ദ്യം മാര്‍ക്കറ്റുകളെയെല്ലാം സ്തംഭിപ്പിച്ചിരിക്കുന്നു. അവശ്യ സാധനങ്ങള്‍ക്കെല്ലാം സാധാരണക്കാരന് താങ്ങാനാവാത്തവിധം വില കയറുന്നു. യുവാക്കള്‍ക്കിടയില്‍ തൊഴില്‍രഹിതര്‍ പെരുകുന്നു. രാജ്യത്ത് നിക്ഷേപങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. നിക്ഷേപാവസരങ്ങള്‍ തന്നെ അപ്രത്യക്ഷമായി. ഗ്രാമീണ-കാര്‍ഷിക സമ്പദ്ഘടനയെ തീര്‍ത്തും അവഗണിച്ചതാണ് ഈയൊരു പരിതാപകരമായ അവസ്ഥക്ക് കാരണമെന്ന് യോഗം വിലയിരുത്തുന്നു.
വിലക്കയറ്റത്തിനുള്ള മറ്റൊരു കാരണം യുക്തിരഹിതമായ നികുതിയാണ്. സമ്പന്നര്‍ക്കുള്ള നികുതികള്‍ കുറയുമ്പോള്‍ സാധാരണക്കാര്‍ പരോക്ഷനികുതികളിലൂടെ കൂടുതല്‍ ഭാരം താങ്ങേണ്ടിവരുന്നു. ആഗോള വിപണിയില്‍ എണ്ണക്ക് വില കുറയുമ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ കിട്ടുന്നില്ല.
ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്ന് ഓര്‍മപ്പെടുത്തുന്നു. വികസന ഫലങ്ങള്‍ എല്ലാവര്‍ക്കും അനുഭവിക്കാനാവണം. അതിനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നു.
തുര്‍ക്കിയിലെ
അട്ടിമറി ശ്രമം
തുര്‍ക്കിയിലെ ജനതയെയും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെയും കേന്ദ്ര കൂടിയാലോചനാ സമിതി അഭിനന്ദിക്കുന്നു. ജനാധിപത്യം തകരാതിരിക്കാന്‍ അവര്‍ അത്രയേറെ യത്‌നിച്ചു. ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ അട്ടിമറി ശ്രമത്തിന് പിറകില്‍ ആരെന്ന് കണ്ടെത്തല്‍ പ്രധാനമാണ്. കുറ്റവാളികളെ നിയമപരമായാണ് കൈകാര്യം ചെയ്യേണ്ടത്. പ്രതിസന്ധി വേളയില്‍ തുര്‍ക്കിജനത കാണിച്ച ഐക്യത്തെയും ജനാധിപത്യബോധത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പരാജയപ്പെട്ട ഈ അട്ടിമറി ശ്രമത്തില്‍ പടിഞ്ഞാറിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തു വന്നു. മുസ്‌ലിം രാജ്യങ്ങളില്‍ പടിഞ്ഞാറ് ജനാധിപത്യം ആഗ്രഹിക്കുന്നില്ല എന്നാണ് മനസ്സിലാവുന്നത്. ഇപ്പോള്‍ പരീക്ഷണഘട്ടമാണ് എന്നാണ് തുര്‍ക്കി ഗവണ്‍മെന്റിനെ ഓര്‍മപ്പെടുത്താനുള്ളത്. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ച് തുര്‍ക്കി ഇനിയും ജനാധിപത്യപരമായി കരുത്ത് നേടട്ടെ എന്ന് ആശംസിക്കുന്നു.
Comments