പ്രശ്‌നം ജാതീയത തീര്‍ക്കുന്ന അസമത്വങ്ങള്‍
തമിഴ്‌നാട്ടില്‍നിന്ന് വരുന്ന ചില വാര്‍ത്തകള്‍ ഭരണകൂടത്തെയും സവര്‍ണ ജാതിക്കാരെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്നതാണ്. നാഗപട്ടണം ജില്ലയിലെ പഴങ്കള്ളിമേട്, നാഗപ്പള്ളി എന്നീ ഗ്രാമങ്ങളിലെ ദലിത് കുടുംബങ്ങള്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സവര്‍ണ വിഭാഗങ്ങള്‍ തയാറായില്ലെങ്കില്‍ ഇസ്‌ലാമിലേക്ക് മതം മാറുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണത്രെ. ഇതു സംബന്ധമായ വിശദമായ റിപ്പോര്‍ട്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട് (2016 ജൂലൈ 28). പഴങ്കള്ളിേമടില്‍ 180 ദലിത് കുടുംബങ്ങളാണുള്ളത്. ഇവിടെ വര്‍ഷം തോറും അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ക്ഷേത്രോത്സവം നടക്കാറുണ്ട്. പക്ഷേ ക്ഷേത്രത്തില്‍ പ്രവേശിക്കാനോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനോ ദലിതുകള്‍ക്ക് അനുവാദമില്ല. ആറു ദലിതുകള്‍ നേരത്തേ തന്നെ ഇസ്‌ലാം സ്വീകരിച്ചിട്ടുമുണ്ട്. ക്ഷേത്ര പ്രവേശം തടയുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന ദലിത് കൂട്ടായ്മയുടെ അധ്യക്ഷനായ സെന്തില്‍ കുമാര്‍ പറയുന്ന വാക്കുകളില്‍ ചവിട്ടിയരക്കപ്പെടുന്നവരുടെ വേദന മാത്രമാണുള്ളത്: ''എന്റെ മാതാപിതാക്കളും അപ്പൂപ്പന്മാരും അടിമകളായിരുന്നു. എന്റെ തലമുറ അധിക്ഷേപങ്ങളില്‍നിന്നും തൊട്ടുകൂടായ്മയില്‍നിന്നും രക്ഷപ്പെടണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. മതം മാറുകയല്ലാതെ മറ്റൊരു വഴിയും ഞങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നില്ല.''
ഇവിടെനിന്ന് 240 കി.മീ അകലെയുള്ള കരൂറിലെ നാഗപ്പള്ളി ഗ്രാമത്തിലും എണ്‍പതോളം ദലിത് കുടുംബങ്ങളാണ് വിവേചനം അവസാനിപ്പിക്കാന്‍ മതം മാറുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ചിന്തിക്കുന്നത്. ഈ ഗ്രാമത്തില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. അതിലൊന്ന് ദലിതുകള്‍ തന്നെ നിര്‍മിച്ചതാണ്. ആ ക്ഷേത്രം കൂടി ശ്രീലങ്കയില്‍നിന്നെത്തിയ ചില ഹിന്ദു കുടുംബങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. ദലിതുകള്‍ക്ക് അങ്ങോട്ട് പ്രവേശനവും തടഞ്ഞിരിക്കുകയാണ്. 1981-ല്‍ കൂട്ട മതംമാറ്റം നടന്ന തമിഴ്‌നാട്ടിലെ തന്നെ മീനാക്ഷിപുരത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ഇപ്പോഴത്തെ സംഭവങ്ങള്‍. മതംമാറ്റം ആദര്‍ശമാറ്റമാണ്. പഠിച്ചും മനസ്സിലാക്കിയും ബോധ്യപ്പെട്ടും ആരുടെയും പ്രേരണയോ പ്രലോഭനമോ ഇല്ലാതെയാവണം ആദര്‍ശമാറ്റം നടക്കേണ്ടത്. ഇവിടെയത് ഒരു ഭീഷണിയായി പ്രയോഗിക്കുകയാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ പഴയ മതത്തില്‍ നില്‍ക്കാം; അല്ലെങ്കില്‍ മറ്റൊരു മതത്തിലേക്ക് പോകും. ഇത് എത്രത്തോളം ആശാസ്യമാണ് എന്ന ചര്‍ച്ച സമാന്തരമായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും, അതല്ല ഇവിടെ പ്രസക്തമായ വിഷയം.
നൂറ്റാണ്ടുകളായി സാമൂഹികമായും രാഷ്ട്രീയമായും മതപരമായും സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ ജാതീയത. രാഷ്ട്രീയ പാര്‍ട്ടികളിലും ഭരണ സംവിധാനങ്ങളിലുമെല്ലാം മേല്‍ജാതി മേധാവിത്വമാണ്. എവിടെ ചെന്ന് മുട്ടിയാലും ദലിത്-അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥ. ഇതുണ്ടാക്കുന്ന പലതരം സാമൂഹിക സംഘര്‍ഷങ്ങളാണ് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ചര്‍ച്ചചെയ്യേണ്ട വിഷയം മതംമാറ്റമല്ല. മതംമാറ്റം മാത്രം ചര്‍ച്ചയാകുന്നുണ്ടെങ്കില്‍, അത് മൗലിക പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തെറ്റിക്കാന്‍ ഭരണകൂടവും മീഡിയയും ചേര്‍ന്ന് ഒത്തുകളിക്കുന്നതുകൊണ്ടാണ്. ഏറ്റവും മൗലികവും പ്രസക്തവുമായ വിഷയം ജാതീയത സൃഷ്ടിക്കുന്ന അസമത്വങ്ങളും തൊട്ടുകൂടായ്മകളും തീണ്ടിക്കൂടായ്മകളുമാണ്.
അത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ വര്‍ഗീയത കുത്തിപ്പൊക്കിയും പശുരാഷ്ട്രീയത്തെ ഇറക്കുമതി ചെയ്തും വഴിതിരിച്ചുവിടാനായിരുന്നു ശ്രമം. അതാണിപ്പോള്‍, ഗുജറാത്തില്‍നിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ദലിത് പീഡനകഥകള്‍ പുറത്തുവന്നതോടെ തിരിഞ്ഞുകുത്തിയിരിക്കുന്നത്. എല്ലാ ചര്‍ച്ചകളും സാമൂഹിക സമത്വത്തിലേക്കും നീതിയിലേക്കും തുല്യാവകാശങ്ങളിലേക്കും മനുഷ്യമഹത്വത്തിലേക്കും തിരിച്ചെത്തട്ടെ. അന്താരാഷ്ട്ര തൊഴില്‍ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്: 'സാമൂഹിക നീതിയില്‍ കെട്ടിപ്പടുത്താലേ സമാധാനം നിലനില്‍ക്കൂ.' മഹാ ചിന്തകനായ അരിസ്റ്റോട്ടില്‍ പറഞ്ഞത്, സ്വതന്ത്രരായ മനുഷ്യര്‍ക്കിടയിലേ അവകാശങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ എന്നാണ്. അടിമകള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടാന്‍ ഇത് കാരണമായി. ഇത്തരം പ്രതിലോമ ചിന്തകളാണ് മതത്തിന്റെയും വംശമഹത്വത്തിന്റെയും മുഖംമൂടിയണിഞ്ഞ് ജാതീയതയും വംശീയതയുമായി അമേരിക്കയിലും യൂറോപ്പിലും അറബ് നാടുകളിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലുമൊക്കെ നിറഞ്ഞാടുന്നത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞാണ് ജോണ്‍ റൗള്‍സ് (1921-2003) എന്ന ആധുനിക സാമൂഹിക ചിന്തകന്‍ 'സ്വാതന്ത്ര്യം, അവകാശം, അവസരം എന്നീ മൂന്ന് കാര്യങ്ങളിലും എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ പ്രവേശനം ഉറപ്പാക്കണം' എന്ന് ഊന്നിപ്പറഞ്ഞത്. പിന്നാക്കമായിപ്പോയവരെ പ്രത്യേക പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയും വേണം. അപ്പോഴേ സാമൂഹിക നീതി സ്ഥാപിതമാവൂ. ന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കാതിരുന്നാല്‍ ഭൂരിപക്ഷ മേധാവിത്തം അവരെ അടിച്ചമര്‍ത്തുകയും അടിമകളാക്കി വെക്കുകയും ചെയ്യും. ഭൂരിപക്ഷ ധാരക്കൊപ്പം നില്‍ക്കാനുള്ള കെല്‍പ്പ് ഈ വിഭാഗങ്ങള്‍ക്ക് ഇല്ലാതാവും. അത് സമൂഹഘടനയില്‍ ഉണ്ടാക്കുന്ന അസമത്വങ്ങള്‍ ഭീകരമായിരിക്കും. റൗള്‍സിന്റെ ചിന്തകള്‍ മുന്നില്‍ വെച്ച് ഇന്ത്യയിലെ ജാതി സംഘര്‍ഷങ്ങളെ ഏറക്കുറെ കൃത്യമായി വിലയിരുത്താന്‍ കഴിയും. പക്ഷേ, സാമൂഹിക നീതി ഇന്ത്യയിലായാലും അമേരിക്കയിലായാലും ഏട്ടിലെ പശു മാത്രമാണ്. അത് പ്രയോഗവത്കരിക്കാന്‍ കെല്‍പ്പുള്ള, മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനത്തെയാണ് കാലം തേടിക്കൊണ്ടിരിക്കുന്നത്.
Comments