വിവേചനങ്ങള്‍ തകര്‍ത്തെറിഞ്ഞ പ്രവാചക ഇടപെടലുകള്‍
അന്ധനായ ആ മനുഷ്യനു വേണ്ടി വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിയെ ഒരല്‍പം പരുഷമായി താക്കീത് ചെയ്തു. മക്കയിലെ പ്രമാണിമാരുമായി പ്രധാനപ്പെട്ട ഒരു ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയായിരുന്നു നബി. അതിനിടയില്‍ കയറിവന്ന അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം വളരെ ആവേശത്തോടെയാണ് ദൈവസന്ദേശം പഠിപ്പിച്ചുതരാന്‍ പ്രവാചകനോട് ആവശ്യപ്പെടുന്നത്.
പ്രവാചകന്റെ കൂടിക്കാഴ്ചയുടെ പ്രാധാന്യവും തിരക്കും മനസ്സിലാകാതിരുന്ന അദ്ദേഹം തന്റെ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നബിയുടെ മുഖത്ത് ചെറിയ നീരസം. അദ്ദേഹം മുഖം തിരിച്ചു. അന്ധനായ ആ മനുഷ്യന്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പക്ഷേ, അന്ധനായ ആ മനുഷ്യന്റെ നാഥന്‍ ഉടന്‍ ഇടപെട്ടു. ഇടിമിന്നലുകള്‍ പോലെ ചില വാക്കുകള്‍ ആ മനുഷ്യനു വേണ്ടി ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിച്ചു. അബസ അധ്യായത്തിന്റെ (ഖുര്‍ആന്‍ 80) തുടക്കത്തില്‍ പ്രസ്തുത വചനങ്ങള്‍ വായിക്കാം, പ്രവാചകനെ താക്കീത് ചെയ്തുകൊണ്ടൂള്ള വാക്കുകള്‍.
പ്രവാചകന്‍ (സ) അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനോട് മാന്യതയില്ലാതെ പെരുമാറിയിട്ടൊന്നുമില്ല. മറിച്ച് അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമത്തില്‍ ആ മനുഷ്യന്‍ രണ്ടാമതായിപ്പോയി. പക്ഷേ, അല്ലാഹു മുന്‍ഗണന നല്‍കുക നന്മയിലേക്ക് ആവേശത്തോടെ അടുക്കുന്ന, ദുര്‍ബലനായ ഇബ്‌നു ഉമ്മിമക്തൂമിനെ പോലുള്ള മനുഷ്യന്നായിരിക്കും; അവന്‍ എത്ര ബലഹീനനും സാധാരണക്കാരനുമായിരുന്നാലും. ഈ പാഠം മനസ്സിലേക്കിറങ്ങുംവിധം മനുഷ്യനെ പഠിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആനിലെ അബസ അധ്യായം.
മനുഷ്യനെ പല രീതിയില്‍ തട്ടുകളാക്കിയ സമൂഹങ്ങളും മതങ്ങളും വ്യവസ്ഥകളും ഭൂമിയില്‍ കഴിഞ്ഞുപോയിട്ടുണ്ട്/ നിലനില്‍ക്കുന്നുണ്ട്. വര്‍ണത്തിന്റെയും ജാതിയുടെയും പേരില്‍, കുടുംബത്തിന്റെയും വംശത്തിന്റെയും പേരില്‍, സമ്പത്തിന്റെയും നിറത്തിന്റെയും പേരില്‍ ഇങ്ങനെ ഓരോ കാലത്തും ചൂഷകര്‍ നിര്‍മിക്കുകയും പിന്‍ തലമുറകള്‍ ഏറ്റുപിടിക്കുകയും ചെയ്ത വിവേചനത്തിന്റെയും മര്‍ദനത്തിന്റെയും തട്ടുകള്‍.
വിവിധ കാലങ്ങളില്‍ കടന്നുവന്ന പ്രവാചകന്മാര്‍ അവര്‍ നിയോഗിക്കപ്പെട്ട സമൂഹങ്ങളിലെ വിവേചനപരമായ തട്ടുകളെ ഇടിച്ചു നിരപ്പാക്കി മനുഷ്യ സമത്വം സ്ഥാപിക്കാന്‍ ശ്രമിച്ചവരാണ്. അനീതിയുടെയും അക്രമത്തിന്റെയും ചൂഷണത്തിന്റെയും നിന്ദ്യതയുടെയും പരിഹാസത്തിന്റെയും കുത്തുവാക്കുകളുടെയും ലോകത്തുനിന്ന് വിവിധ സമൂഹങ്ങളെ ആലിംഗനം ചെയ്ത് ഉയര്‍ത്തിയെടുക്കുകയായിരുന്നു ഇസ്‌ലാം. ഇത്തരത്തിലുള്ള ഒരു തട്ടും മനുഷ്യര്‍ക്കിടയില്‍ അനുവദിക്കാന്‍ ഇസ്‌ലാം കൂട്ടാക്കിയില്ല. മനുഷ്യന്‍ തട്ടുകളാകുന്നുവെങ്കില്‍ അത് അവന്റെ സംസ്‌കാരത്തിന്റെയും സ്വഭാവ ചര്യകളുടെയും കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതുകൊണ്ടു തന്നെ, ഉയര്‍ന്ന സംസ്‌കാരത്തിലേക്കും സ്വഭാവ ചര്യയിലേക്കും വളരുംതോറും മനുഷ്യന്‍ കൂടുതല്‍ കൂടുതലായി പരിഗണിക്കപ്പെടും. ഇതിനെ വേണമെങ്കില്‍ മനുഷ്യന് നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത തട്ടുകളായി കണക്കാക്കാം. സ്രഷ്ടാവിന് മാത്രമറിയാവുന്ന മനസ്സിന്റെ അഗാധതയില്‍ പ്രകാശിക്കുന്ന ആത്മാര്‍ഥതയുടെ അളവിലൂടെ മാത്രം വേര്‍തിരിയുന്ന തട്ടുകള്‍. ഭൂമിയില്‍ അന്വേഷിച്ചാല്‍, സ്‌നേഹത്തിന്റെ മാപിനിയിലൂടെയല്ലാതെ മറ്റൊന്നിലൂടെയും അളക്കാന്‍ പറ്റാത്ത തട്ടുകള്‍.
മനുഷ്യനല്ലാത്ത മറ്റു ജീവജാലങ്ങള്‍ക്കൊന്നും ശീലമില്ലാത്തതാണ് വംശീയമോ ജാതീയമോ ആയ വിവേചനം. മനുഷ്യര്‍ക്കിടയിലെ ഇത്തരം വിവേചനങ്ങള്‍ തന്നെ മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നതാണ്. സ്രഷ്ടാവ് അതിന്റെ ഒന്നാമത്തെ എതിരാളിയാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനിലും ബൈബിളിലുമെല്ലാം ശക്തമായ താക്കീതുകള്‍ ഇതു സംബന്ധമായി കാണുന്നത്. ആരാധനാ കര്‍മങ്ങള്‍ സ്വീകരിക്കുന്നത് ഒരു മനുഷ്യന്റെ ചുറ്റുപാടുകളിലൂടെയാണ്. മനുഷ്യ സമൂഹത്തിലേക്ക് കണക്റ്റ് ചെയ്യാത്ത ആരാധനാ കര്‍മങ്ങള്‍ സ്രഷ്ടാവിങ്കല്‍ ചെന്ന് പ്രകാശിക്കുകയില്ല. ഒരു സര്‍ക്യൂട്ട് പോലെ അത് സംവിധാനിച്ചിരിക്കുന്നു. മനുഷ്യന്‍, ചുറ്റുപാട്, അല്ലാഹു എന്ന വിധത്തിലാണ് ആ സര്‍ക്യൂട്ട് പൂര്‍ത്തിയാകുന്നത്. പ്രസ്തുത സര്‍ക്യൂട്ടില്‍ ഏത് ബിന്ദു വേര്‍പ്പെടുത്തിയാലും മനുഷ്യന്‍ ചിന്തിക്കുംവിധം അതിന് ഫലമുണ്ടാവില്ല. അതുകൊണ്ടാണ് ആരാധനകളുടെ പോരായ്മക്കുള്ള പരിഹാരമായി വീണ്ടും മനുഷ്യനിലേക്ക് കണക്റ്റ് ചെയ്യാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതായത് അടിമമോചനവും അഗതികള്‍ക്ക് അന്നം നല്‍കലുമെല്ലാമാണ് പരിഹാര ക്രിയകള്‍. മനുഷ്യനെ തട്ടുകളില്‍നിന്ന് മോചിപ്പിക്കുക എന്ന പ്രവൃത്തിക്ക് ഒരു ആരാധനയെ ശക്തിപ്പെടുത്താനും നിര്‍വഹിക്കാന്‍ വിട്ടുപോയ ഒരു ആരാധനയെ ശൂന്യതയില്‍നിന്ന് ഉല്‍പാദിപ്പിക്കാനുമുള്ള കരുത്തുണ്ട് എന്നര്‍ഥം.
മക്കാ കാലഘട്ടത്തില്‍ തന്നെ ഒന്നാമത്തെ പരിഗണനയില്‍ ഉണ്ടായിരുന്ന ധര്‍മമാണ് അടിമ മോചനം. ചരിത്രം പരതിയാല്‍ ഇതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അടിമകളെ മോചിപ്പിക്കുക മാത്രമല്ല, അവരെ ആ സമൂഹത്തിന്റെ തലപ്പത്തു തന്നെ കൊണ്ടുവരാനുള്ള ആര്‍ജവം ഉണ്ടായി എന്നതാണ് പ്രധാനം.
ബിലാലിന്റെ ചരിത്രം തുല്യതയില്ലാത്ത ഒന്നാകുന്നത് മനുഷ്യ വിവേചനങ്ങളെ പ്രതിരോധിക്കാനും പരിഹാരം നല്‍കാനുമുള്ള ഇസ്‌ലാമിന്റെ ശേഷി കൊണ്ടാണ്. ആ പൊട്ടന്‍ഷ്യല്‍ തന്നെയാണ് മാല്‍ക്കം എക്‌സിന്റെയും മുഹമ്മദലി ക്ലേയുടെയും നേതൃത്വത്തിലുള്ള വിമോചന മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. ജാതീയവും വര്‍ണപരവുമായ നിരവധി വിവേചനങ്ങള്‍ കാരണം നിരന്തരം അക്രമ മര്‍ദനങ്ങള്‍ക്കിരയാവുന്ന സമൂഹങ്ങള്‍ക്ക് തങ്ങളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനും ബുദ്ധി ഉപയോഗിക്കാനും ഉയര്‍ച്ചയുടെ ഏത് അറ്റത്തേക്കും എത്തിച്ചേരാനുമുള്ള സാധ്യതയാണ് ഇസ്‌ലാം തുറന്നുവെക്കുന്നത്.
പ്രവാചകന്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന പള്ളിയില്‍ ബാങ്ക് വിളിക്കുന്നത് ബിലാലായിരുന്നു. ആരും കൊതിച്ചുപോകുന്ന പദവി. ബുദ്ധിമാനും കരുത്തനുമായിരുന്നു ബിലാല്‍. അടിമത്തത്തില്‍ ബുദ്ധിക്ക് ഒരു സ്ഥാനവും കല്‍പിക്കപ്പെടുന്നില്ല. വിവേചനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ ബുദ്ധിക്കും കരുത്തിനും കലക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യമോ സ്ഥാനമോ നല്‍കുന്നില്ല. ബിലാലിന്റെ കഴിവുകളുടെ പ്രകാശനമുണ്ടായത് ഇസ്‌ലാം സ്വീകരിച്ചതിനു ശേഷമാണ്. അദ്ദേഹം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞുനിന്നു. പ്രമുഖ സ്വഹാബിമാരുടെയും കൂടെ അദ്ദേഹം സഹവസിച്ചു.
ബിലാലിന്റേതില്‍നിന്ന് വ്യത്യസ്തമായിരുന്നു, അദ്ദേഹത്തെ പോലെത്തന്നെ അടിമയായി ജീവിക്കേണ്ടിവന്ന വഹ്ശിയുടേത്. ഹംസയെ വധിക്കുന്നതിന് പാരിതോഷികമായി അടിമയായ വഹ്ശിക്ക് ഇസ്‌ലാമിന്റെ ശത്രുവായിരുന്ന ഹിന്ദ് അടിമത്തത്തില്‍ നിന്നുള്ള മോചനം വാഗ്ദാനം ചെയ്തു. പക്ഷേ, ഉഹുദ് യുദ്ധത്തില്‍ വെച്ച് ഹംസയെ കൊലപ്പെടുത്തി തിരിച്ചുവന്ന വഹ്ശിക്ക് മോചനം ലഭിച്ചുവെങ്കിലും ഒരു അധഃകൃതനായിത്തന്നെ അവര്‍ക്കിടയില്‍ കഴിയേണ്ട അവസ്ഥയാണുണ്ടായത്. വഹ്ശി അടിമത്തത്തിന്റെ വസ്ര്തം മാറി, പുരോഗമന വസ്ര്തം ധരിച്ച് ഖുറൈശി പ്രമുഖരുടെ അടുത്ത് വന്നിരുന്നുവെങ്കിലും അവര്‍ക്ക് അദ്ദേഹത്തെ അവരുടെ കൂട്ടത്തില്‍ ഒരാളായി അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അവരുടെ ഉള്ളില്‍ വേരുറച്ച ഒരു സവര്‍ണ ബോധമുണ്ട്. അടിമത്തത്തില്‍നിന്ന് മോചനം നേടിയാലും അത് നീക്കം ചെയ്യുക സാധ്യമല്ലായിരുന്നു. വിവേചനങ്ങള്‍ക്ക് അടിപ്പെട്ട ഏതൊരു സമൂഹത്തോടുമുള്ള ഇടപാടുകളില്‍ മാറ്റമുണ്ടാവണമെങ്കില്‍ അത് മനസ്സില്‍നിന്ന് തുടങ്ങണം. അതായത് മഹത്തായ ഒരു ദര്‍ശനത്തിന് മാത്രമാണ് ജാതീയവും വംശപരവും വര്‍ണപരവുമായ വിവേചനങ്ങള്‍ക്ക് അടിപ്പെട്ട ഒരു സമൂഹത്തെ ഹൃദയത്തോട് ചേര്‍ക്കാനും ആലിംഗനം ചെയ്യാനും ചുംബിക്കാനും സാധ്യമാവുകയുള്ളൂ. മക്കയില്‍ പ്രവാചകന്റെ ആഗമനശേഷം മുസ്‌ലിംകള്‍ക്ക് ഈ ചേര്‍ത്തുനിര്‍ത്തലും സ്‌നേഹവും സാധ്യമായത് ആ ദര്‍ശനത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് മാത്രമാണ്; അതായത് ദര്‍ശനം ദൈവികമായതുകൊണ്ട്.
ഇത്തരമൊരു സമത്വ-സാഹോദര്യ ദര്‍ശനത്തിന്റെ അഭാവത്തില്‍ നടക്കുന്ന വംശീയ സ്വഭാവമുള്ള കേവല ജാതിവിരുദ്ധ സമരങ്ങള്‍കൊണ്ട് യഥാര്‍ഥ വിവേചനം അവസാനിക്കുകയുമില്ല. വിദ്യാഭ്യാസം, തൊഴില്‍, പൊതു ഇടങ്ങളിലെ പ്രവേശം പോലുള്ളവ മതിയാകില്ല ജാതി വിവേചനങ്ങളെ മറികടക്കാന്‍. വംശവെറിക്കും ജാതി ഭീകരതക്കുമെതിരായ പോരാട്ടങ്ങള്‍ അര്‍ഥവത്താകുന്നത് ആദര്‍ശപരമായ വിമോചനം സാധ്യമാകുമ്പോഴാണ്. ബാക്കിയുള്ളതെല്ലാം അത്തരമൊരു വിമോചനത്തിലേക്കുള്ള
പോരാട്ട വഴികള്‍ എന്ന അര്‍ഥത്തില്‍ പ്രസക്തങ്ങളാണ്. ആദര്‍ശ വിമോചനം എന്ന അടിത്തറയില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കേവല ജാതിസമരങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഉയര്‍ന്ന കസേരയില്‍ ഇരുന്നിട്ടു കൂടി ദലിതരോടുള്ള ജാതീയ വിവേചനത്തിന് ഒരു കുറവും നമ്മുടെ കേരളത്തില്‍ പോലും ഉണ്ടാകുന്നില്ല. ഇതിന്റെ ഉദാഹരണമാണ് ഇ. അയ്യപ്പന് കലക്ടര്‍ ഉദ്യോഗത്തില്‍ പോലും നേരിടേണ്ടി വന്ന അനുഭവങ്ങള്‍. ഈ ഓഫീസര്‍മാരുടെ ഓഫീസും കസേരയും മേശയുമെല്ലാം ചാണകം തളിച്ച് 'ശുദ്ധീകരിക്കുന്ന' കാഴ്ച ഇടക്കിടെ കാണാറുണ്ട്. രാജ്യത്തെ ഉയര്‍ന്ന കാമ്പസ്സുകളില്‍ പോലും ഇന്നും ജാതിഭീകരത ഫണം വിടര്‍ത്തിയാടുന്നു. ഈ സാഹചര്യത്തില്‍ ജാതീയതയെ നേരിടാനുള്ള ഇസ്‌ലാമിന്റെ പൊട്ടന്‍ഷ്യല്‍ പുതിയ കാലത്ത് പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ജാതീയമായ അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കൊപ്പം അവരുടെ നീതിക്ക് വേണ്ടി നിലകൊള്ളാനാണ് പ്രവാചകന്‍ ഓരോ സന്ദര്‍ഭത്തിലും നമ്മെ പഠിപ്പിക്കുന്നത്. സ്വഹാബിമാരായ അബൂദര്‍റും ബിലാലും തമ്മിലുണ്ടായ ഒരു സംഭവം ഉദാഹരണമാണ്. 'കറുത്തവളുടെ മകനേ' എന്ന ഒരു അധിക്ഷേപത്തിന്റെ വിളി ഒരു ദുര്‍ബല നിമിഷത്തില്‍ അബൂദര്‍റില്‍നിന്ന് വന്നുപോയി. മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകനെ ഇത് അതിയായി അരിശം കൊള്ളിച്ചു. 'താങ്കളിലിപ്പോഴും ജാഹിലിയ്യത്തിന്റെ ജീര്‍ണതകള്‍ ബാക്കികിടപ്പുണ്ടല്ലേ, താങ്കള്‍ ബിലാലിനെ ഉമ്മയുടെ പേരില്‍ ആക്ഷേപിച്ചുവല്ലോ!' പ്രവാചകന്റെ ചോദ്യത്തിന് നല്ല മൂര്‍ച്ചയുണ്ടായിരുന്നു. അത് അബൂദര്‍റിന്റെ ഹൃദയത്തെ പിടിച്ചു കുലുക്കി. പാപഭാരത്താല്‍ അദ്ദേഹം ബിലാലിന്റെ അരികിലേക്കോടി. തന്റെ ശിരസ്സ് മണ്ണില്‍ ചേര്‍ത്തുവെച്ച് കരഞ്ഞു. 'ബിലാല്‍, എന്റെ കവിള്‍ ഇതാ... താങ്കളുടെ കാലുകള്‍ അതില്‍ പതിയാതെ ഞാന്‍ എഴുന്നേല്‍ക്കില്ല.' പശ്ചാത്താപവിവശനായി അബൂദര്‍റ് പറഞ്ഞൂ. 'ഇല്ല, സഹോദരാ എനിക്കതിന് കഴിയില്ല, അല്ലാഹുവിന് മുന്നില്‍ പശ്ചാത്താപത്തോടെ സുജൂദില്‍ വീണ ഒരു മുഖത്ത് എന്റെ പാദം പതിയില്ല.' ബിലാലിന്റെ വാക്കുകള്‍ അബൂദര്‍റിനെ പിടിച്ചുയര്‍ത്തി ഹൃദയത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തി. കണ്ണീരുകള്‍ സംഗമിക്കുംവിധം അവര്‍ ആലിംഗനബദ്ധരായപ്പോള്‍ മരുഭൂമി പോലും ഒന്ന് മനം തുറന്ന് പുഞ്ചിരിച്ചു കാണും. വര്‍ണവിവേചനത്തിന്റെ തീക്കാറ്റുകള്‍ ആ മരുഭൂമിയെ വിട്ടോടിയത് തുല്യതയില്ലാത്ത, ആദര്‍ശബന്ധിതമായ, മനുഷ്യസ്‌നേഹത്തിന്റെ പ്രവാചക അധ്യാപനങ്ങള്‍ കണ്ടും സമത്വത്തിന് ഭീഷണിയാകുന്ന വാക്കുകള്‍ക്കും ചെയ്തികള്‍ക്കുമെതിരായ ചോദ്യങ്ങള്‍ കേട്ടുമാണ്.
മനുഷ്യര്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ തുല്യരാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ജനനം കൊണ്ടണ്ട്, കുലവും ഗോത്രവും കൊണ്ട്, നിറവും രൂപവും കൊണ്ട് ആര്‍ക്കും മഹത്വമോ സവിശേഷ പരിഗണനയോ ഇല്ലെന്ന് നബി പ്രഖ്യാപിച്ചു; പ്രയോഗത്തില്‍ തെളിയിച്ചു. ജാതീയതയുടെ, ഗോത്രത്തിന്റെ എല്ലാതരം വരേണ്യ ബോധങ്ങളെയും നബി കുടഞ്ഞെറിഞ്ഞു. മിശ്രഭോജനവും വഴി നടക്കാനുള്ള സ്വാതന്ത്ര്യവുമൊക്കെ സമരങ്ങളായി രൂപപ്പെടും മുമ്പ്, അവക്കെല്ലാം പൂര്‍വ മാതൃകയായി നബി കൊത്തിയുടച്ച ജാതി വിഗ്രഹങ്ങള്‍ ഏറെയുണ്ട്.
മക്കാ വിജയ സന്ദര്‍ഭത്തില്‍, മഖ്‌സൂം ഗോത്രത്തില്‍ പെട്ട ഒരു വനിത മോഷണം നടത്തിയ കാര്യം ഖുറൈശികളെ കടുത്ത വിഷമത്തിലകപ്പെടുത്തുകയുണ്ടായി. 'ഉന്നത' ഗോത്രക്കാരിയായ അവളുടെ കാര്യത്തില്‍ പ്രവാചകനോട് ശിപാര്‍ശ ചെയ്യാന്‍ ആരെങ്കിലുമുണ്ടോ? അവര്‍ ചോദിച്ചു. 'പ്രവാചകന് പ്രിയങ്കരനായ ഉസാമതുബ്‌നു സൈദല്ലാതെ അതിന് മറ്റാര് ധൈര്യപ്പെടാന്‍!' അവര്‍ പറഞ്ഞു. അങ്ങനെ അവള്‍ പ്രവാചക സന്നിധിയില്‍ കൊണ്ടു വരപ്പെട്ടു. അവള്‍ക്കു വേണ്ടി ഉസാമതുബ്‌നു സൈദ് പ്രവാചകനോട് സംസാരിച്ചതും കോപത്താല്‍ പ്രവാചകന്റെ മുഖഭാവം മാറി. പ്രവാചകന്‍ (സ) ചോദിച്ചു. 'അല്ലാഹുവിന്റെ ശിക്ഷാവിധിയിലാണോ നിങ്ങള്‍ ശിപാര്‍ശ ചെയ്യുന്നത്?' ഉസാമ പറഞ്ഞു. 'പ്രവാചകരേ, അങ്ങ് എനിക്കുവേണ്ടി പാപമോചനം തേടണം.' അന്ന് പ്രവാചകന്‍ അവരുടെ മുന്നില്‍ എഴുന്നേറ്റു നിന്ന് പ്രസംഗിച്ചു: 'നിങ്ങളുടെ മുന്‍ഗാമികള്‍ നശിപ്പിക്കപ്പെട്ടത്, അവരുടെ കൂട്ടത്തിലെ ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും അവരിലെ ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ അയാളുടെ മേല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നതുകൊണ്ടാണ്. എന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കരം ഞാന്‍ ഛേദിക്കുക തന്നെ ചെയ്യും.' ജനങ്ങളെ ജാതീയമായ തട്ടുകളായി തിരിക്കുകയും താഴ്ന്ന ജാതിക്കാരന്‍ തെറ്റു ചെയ്താല്‍ കഠിനമായി ശിക്ഷിക്കുകയും മേല്‍ജാതിക്കാരന്റെ തെറ്റുകള്‍
പൊറുത്തുകൊടുത്ത് രക്ഷപ്പെടുത്തുകയും ചെയ്യുന്ന നിയമ വിവേചനങ്ങളുടെ 'മഹദ്' സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്നവര്‍ മുഹമ്മദ് നബിയുടെ ഈ ചരിത്ര പ്രഖ്യാപനം ആവര്‍ത്തിച്ചു വായിക്കേണ്ടതുണ്ട്.
ജൂതനു വേണ്ടി ശബ്ദമുയര്‍ത്തിയ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ ഇതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. വിശകലനങ്ങളും തെളിവുകളും പ്രകാരം പ്രവാചകന്‍ തന്റെ അനുയായിക്കനുകൂലമായിട്ടാണ് വിധിച്ചത്. എന്നാല്‍ ജൂതന്റെ ഭാഗത്തായിരുന്നു ന്യായം. അത് പ്രവാചകന് അറിയില്ലായിരുന്നു. തെളിവുകള്‍ പ്രകാരം തെറ്റു ചെയ്ത അനുയായിക്കനുകൂലമായി നബി(സ) വിധി പറഞ്ഞപ്പോള്‍ പ്രസ്തുത വിധിയെ വിമര്‍ശിച്ചുകൊണ്ടും ജൂതനെ അനുകൂലിച്ചുകൊണ്ടും തെറ്റ് ചെയ്തതാരെന്ന് വ്യക്തമാക്കിക്കൊണ്ടും ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങി. 11 ആയത്തുകളാണ് ആ ജൂതന്റെ നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തി ഖുര്‍ആനിലുള്ളത്. സൂറത്തുന്നിസാഇലെ 105 മുതല്‍ 116 വരെയുള്ള ആയത്തുകള്‍.
ഭരിക്കുന്നവനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ, ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ, അധികാരിയെന്നോ ദുര്‍ബലനെന്നോ വ്യത്യാസമില്ലാതെ നീതിക്കു വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹത്തെയാണ് പ്രവാചകന്‍ വളര്‍ത്തിക്കൊണ്ടുവന്നത്.
ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കര്‍മമായ നമസ്‌കാരം പോലും മനുഷ്യസമത്വത്തിന്റെയും ചേര്‍ന്നുനില്‍ക്കലിന്റെയും പ്രചോദനവും പ്രയോഗവുമാണ്. തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഒരു ദിവസത്തില്‍ അഞ്ച് നേരമെങ്കിലും പരിശീലിക്കുകയാണ്. ലോകത്ത് എവിടെ നിന്ന് നമസ്‌കരിച്ചാലും ഏത് മനുഷ്യനുമായും ചേര്‍ന്നുനില്‍ക്കാനും ഏതൊരാളുടെയും പിന്നില്‍ നില്‍ക്കാനും വംശ-ജാതി വ്യത്യാസങ്ങളില്ലാതെ ഏതൊരാള്‍ക്കും നയിക്കാനും ഉള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന മനുഷ്യസമത്വത്തിന്റെ ഏറ്റവും നല്ല പ്രൊഡക്ഷന്‍ യൂനിറ്റാണ് നമസ്‌കാരം. ഹജ്ജ് അതിന്റെ ആഗോളവത്കരണവും; അതായത് മനുഷ്യ സമത്വത്തിന്റെ ആഗോളവത്കരണം.
വിവേചനങ്ങള്‍ കൊണ്ട് മലീമസമാക്കപ്പെട്ട ലോകത്തിന്റെ മുക്കുമൂലകളെ സ്‌നേഹം കൊണ്ട് തിരുത്തുന്നതായിരുന്നു പ്രവാചകന്റെ ഒടുവിലത്തെ പ്രസംഗം: ''നിങ്ങള്‍ സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറുക. അവര്‍ നിങ്ങളുടെ ഇണകളാണ്, നിങ്ങളുടെ സഹായികളും. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നതു തന്നെ അവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുക.'' തുടര്‍ന്നുള്ള പ്രഖ്യാപനം തുല്യതയില്ലാത്തതും ലോകാവസാനം വരെയുള്ള മനുഷ്യസമൂഹത്തിന് സാഹോദര്യത്തിന്റെ ഊര്‍ജം പകര്‍ന്നുനല്‍കുന്നതുമാണ്: ''അല്ലയോ മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകന്‍ തന്നെ. നിങ്ങളെല്ലാവരും ആദമില്‍നിന്ന് ജനിച്ചു. ആദം മണ്ണില്‍നിന്നും. നിങ്ങളില്‍ വെച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവില്‍ ഏറ്റവും മാന്യന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രെ.''
ഈ പ്രവാചക വചനം കേട്ടവര്‍, 14 നൂറ്റാണ്ടു മുമ്പ് വിമോചകരായി ലോകമെങ്ങും കടന്നുചെന്നു. ദൈവത്തിന്റെ സത്യസന്ദേശം പകര്‍ന്ന്, പ്രവാചക പാത പിന്തുടര്‍ന്ന് നിങ്ങള്‍ മനുഷ്യരുടെ വിമോചകരാവുക എന്ന ഖുര്‍ആനിക ആഹ്വാനമാണ് അവരെ പ്രചോദിപ്പിച്ചത്. ജാതിഭീകരത നിറഞ്ഞാടിയ ഭ്രാന്താലയങ്ങളില്‍, ആഫ്രിക്കക്കാരെ വില്‍പനക്കു വെച്ച അടിമച്ചന്തകളില്‍, വംശീയതകളുടെ ചാട്ടവാറുകള്‍ ഉയര്‍ന്ന തെരുവീഥികളില്‍, ഏഴകളുടെ ചോര വീണ മാടമ്പിമാരുടെ അന്തഃപുരങ്ങളില്‍ വിമോചകരായി അവര്‍ കടന്നുചെന്നു. ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തി. കേരളത്തിന്റെ, ഇന്ത്യയുടെ, ലോകരാജ്യങ്ങളുടെ ചരിത്രത്തില്‍ അതിന്റെ രോമാഞ്ചജനകമായ ഏടുകളുണ്ട്. വര്‍ത്തമാനത്തിലും ആ വിമോചനത്തിന്റെ വഴി തേടിയവര്‍ നമുക്ക് മുമ്പിലൂടെ കടന്നുപോകുന്നു.
ദൈവിക ദര്‍ശനത്തിലെ വിമോചന ഉള്ളടക്കം തന്നെയാണ് കറുത്ത വര്‍ഗക്കാരായി വിവേചനം അനുഭവിക്കേണ്ടി വന്ന മാല്‍ക്കം എക്‌സിനും മുഹമ്മദലി ക്ലേക്കും ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പ്രചോദനമായത്. ഇസ്‌ലാമിന്റെ സമത്വ, സാഹോദര്യ ദര്‍ശനമാണ് ഈ കരുത്തിന് കാരണം എന്ന് അവര്‍ തിരിച്ചറിഞ്ഞു. 1967-ല്‍ അമേരിക്ക വിയറ്റ്‌നാമിനെതിരെ യുദ്ധത്തിന് തയാറെടുത്ത കാലത്ത് പട്ടാള സേവനത്തിന് തയാറാകാന്‍ കൂട്ടാക്കാതിരുന്ന മുഹമ്മദലി ക്ലേയുടെ വാക്കുകള്‍ വളരെ പ്രശസ്തമാണ്. ആ വാക്കുകള്‍ക്ക് ശക്തി പകര്‍ന്നത് ഇസ്‌ലാം നല്‍കിയ ഈ കരുത്ത് തന്നെയായിരുന്നു: ''എന്റെ മനസ്സാക്ഷി എന്റെ സഹോദരങ്ങളെയോ കൂടുതല്‍ കറുത്തവരെയോ, പാവങ്ങളെയോ വിശക്കുന്നവരെയോ ശക്തരായ അമേരിക്കക്കു വേണ്ടി വെടിവെച്ചുകൊല്ലാന്‍ അനുവദിക്കുന്നില്ല. ഞാന്‍ എന്തിനു വേണ്ടി അവരെ വെടിവെച്ചു കൊല്ലണം? അവരെന്നെ നീഗ്രോ എന്ന് വിളിച്ചിട്ടില്ല, എന്നോട് ക്രൂരമായി പെരുമാറിയിട്ടുമില്ല.''
ഇസ്‌ലാം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. ''കാഷ്യസ് ക്ലേ എന്നത് അടിമത്തത്തില്‍നിന്ന് ഉണ്ടായ പേരാണ്. ഞാനല്ല ആ പേര് തെരഞ്ഞെടുത്തത്. എനിക്ക് ആ നാമം ആവശ്യമില്ല. മുഹമ്മദലിയാണ് ഞാന്‍. സ്വതന്ത്രമായ നാമം, ദൈവത്തിന് പ്രിയപ്പെട്ടവന്‍ എന്നര്‍ഥം. എന്നോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ആ പേര് ഉപയോഗിക്കണമെന്നാണ് എന്റെ താല്‍പര്യം.'' ഇത് കേവലമൊരു പ്രഖ്യാപനമല്ല. മറിച്ച്, മനുഷ്യസമത്വം നേടിയെടുക്കാന്‍ ഇസ്‌ലാം നല്‍കിയ ആത്മവിശ്വാസത്തിന്റെ പ്രകാശനം കൂടിയാണ്.
Comments