Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 19

2964

1437 ദുല്‍ഖഅദ് 16

ഒരേ മണ്ണില്‍നിന്നും ഒരേ ആത്മരൂപത്തില്‍നിന്നും മനുഷ്യജാതി

മുഹമ്മദ് ശമീം

നൂഹ് നബിയോട് അദ്ദേഹത്തിന്റെ സമൂഹത്തിലെ പ്രമാണിമാര്‍ പറഞ്ഞത്, 'നിന്നെ ഞങ്ങള്‍ എങ്ങനെ അംഗീകരിക്കും, ഞങ്ങള്‍ക്കിടയിലെ നീചജാതിക്കാരും പാമരന്മാരുമല്ലേ നിന്നോടൊപ്പമുള്ളത്' എന്നായിരുന്നു. ഈ ആക്ഷേപത്തിന്, ഒരു വികസിത മനുഷ്യസമൂഹത്തിലെ ആദ്യപ്രവാചകന്റെ മറുപടി എക്കാലത്തും എവിടെയും ആഗതരായ എല്ലാ നബിമാരുടെയും നിലപാടിന്റെ പ്രഖ്യാപനവുമായിത്തീര്‍ന്നു; 'ഈ മേല്‍ കീഴ് സമ്പ്രദായങ്ങള്‍ നിങ്ങള്‍ സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയ മിഥ്യകളില്‍ ഏറ്റവും അപകടകരമായ ഒന്നാകുന്നു. അതംഗീകരിക്കാന്‍ ഞങ്ങളാരും ബാധ്യസ്ഥരല്ല തന്നെ.' 

അങ്ങനെയാണ് മുഹമ്മദ് നബിയുടെ സദസ്സില്‍ യാസിറിന്റെയും അബൂബക്‌റിന്റെയും മക്കളും ബന്ധുക്കളും ഒരേ തലത്തിലും നിലവാരത്തിലും ഒരുമിച്ചിരുന്നത്. ജാതീയവും ദേശീയവുമായ എല്ലാ വൈജാത്യങ്ങളെയും ലംഘിക്കുന്ന ഒന്നായിരുന്നു അത്. അവിടെ, അറബികളോടൊപ്പം പേര്‍ഷ്യക്കാരന്‍ സല്‍മാനും റോമനായ സുഹൈബും എത്യോപ്യനായ ബിലാലുമൊക്കെ അവരവരുടെ ഐഡന്റിറ്റികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരുമിച്ചു ചേര്‍ന്നു. ഒരന്തരവുമില്ല നിങ്ങള്‍ തമ്മില്‍, പ്രവാചകന്‍ അവരോട് പറഞ്ഞു. കറുപ്പും വെളുപ്പും അറബിയും അജമിയുമെല്ലാം ഒന്നു തന്നെ. എല്ലാവരും ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്നും. റബ്ബിന്റെയും പിതൃത്വത്തിന്റെയും ഏകതയെ മുഹമ്മദ് നബി അവിടുത്തെ വിടവാങ്ങല്‍ പ്രഭാഷണത്തിലും ഊന്നിപ്പറഞ്ഞത് മുകളില്‍പറഞ്ഞ പ്രഖ്യാപനം ആവര്‍ത്തിച്ചുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 

വിശുദ്ധ ഖുര്‍ആന്‍ വിട്ടുവീഴ്ചയില്ലാതെ കല്‍പിക്കുന്ന ചില മൂല്യങ്ങളുണ്ട്. ഈ മൂല്യങ്ങളില്‍നിന്നുകൊണ്ടു വേണം ഖുര്‍ആനിന്റെ ആശയങ്ങളെയും നിയമങ്ങളെയും വ്യാഖ്യാനിക്കാന്‍. മനുഷ്യന്‍ എന്ന സത്തയുമായിത്തന്നെ ബന്ധപ്പെടുന്ന  മൂന്ന് കാര്യങ്ങള്‍ ഇതില്‍ പ്രത്യേകം ശ്രദ്ധേയമാണ്. മനുഷ്യന്‍ എന്ന സംവര്‍ഗത്തെ ഒരേയൊരേകകമായി അവതരിപ്പിക്കുന്നു എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് മനുഷ്യസമത്വവുമായി ബന്ധപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത നിലപാട്. മനുഷ്യന്‍ എന്ന നിലക്ക് കല്‍പിക്കപ്പെടുന്ന നിരുപാധികമായ ആദരവാണ് മൂന്നാമത്തേത്.  

 

മനുഷ്യന്‍ എന്ന തത്ത്വം 

സുവര്‍ണനിയമം എന്ന ഒരാശയത്തെ പ്രതിപാദിക്കുന്നുണ്ട് സ്വാമി വിവേകാനന്ദന്‍. എല്ലാ മതങ്ങളും സുവര്‍ണനിയമത്തെ ഉപദേശിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം ഒന്നാമതായി പറയുന്നത്. ഇതരരോടുള്ള സമീപനത്തെസ്സംബന്ധിച്ച മതകല്‍പനകളെ ഇതില്‍ അദ്ദേഹം ഉദ്ധരിക്കുന്നു. അതേസമയം തുടര്‍ന്ന് അദ്ദേഹം പറയുന്ന രണ്ട് കാര്യങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച അദ്ദേഹത്തിന്റെ ധാരണക്കുറവിനെ വ്യക്തമാക്കുന്നു. ഒന്ന്, ഈ സുവര്‍ണനിയമത്തിനപ്പുറം പോയിട്ടുള്ള ആചാര്യന്മാര്‍ യേശുവും ബുദ്ധനും ലൗ ദ്‌സുവും മാത്രമായിരുന്നു. അവര്‍ നിന്റെ ശത്രുവിനെപ്പോലും സ്‌നേഹിക്കണം എന്നാവശ്യപ്പെട്ടു. അതേസമയം നിന്നോട് ശത്രുവായിരിക്കുന്നവനോട് പോലുമുള്ള നീതിയെക്കുറിച്ച ഖുര്‍ആന്റെ ഖണ്ഡിത കല്‍പനയും, തന്നോട് ബന്ധം മുറിച്ചവനോട് ബന്ധം ചേര്‍ക്കാനും തനിക്ക് തടഞ്ഞവന് കൊടുക്കാനും തന്റെ നാഥന്‍ എന്നോട് കല്‍പിച്ചിരിക്കുന്നു എന്ന അര്‍ഥത്തിലുള്ള ഒട്ടേറെ നബിവചനങ്ങളും അദ്ദേഹം കണ്ടിട്ടില്ല. സത്യത്തില്‍ ഇത് എല്ലാ ആചാര്യന്മാരുടെയും ഉപദേശമാണെന്നതാണ് ശരി. രണ്ട്, ഈ സുവര്‍ണനിയമത്തിന്റെ തത്ത്വം വ്യക്തമാക്കുന്നത് ഹിന്ദുധര്‍മം മാത്രമാണത്രെ. എന്തെന്നാല്‍ നീ നിന്റെ സഹോദരനെ സ്‌നേഹിക്കണം, കാരണം ആ സഹോദരന്‍ നീ തന്നെയാണ് എന്ന് ഹിന്ദുധര്‍മം മനുഷ്യനെ പഠിപ്പിച്ചു. ഇവിടെയും മനുഷ്യസത്തയുടെ ഏകതയെക്കുറിച്ച ഖുര്‍ആനികാധ്യാപനം അദ്ദേഹം കണ്ടിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍. 

രണ്ട് ഘടകങ്ങളുടെ ദൈ്വതഭാവത്തെ നിരാകരിച്ചുകൊണ്ടല്ല ഖുര്‍ആന്‍ എപ്പോഴും അവ തമ്മിലുള്ള ഏകീഭാവത്തെ അടയാളപ്പെടുത്താറുള്ളത്. ദൈവത്തെയും മനുഷ്യനെയും തമ്മിലും പ്രകൃതിയെയും മനുഷ്യനെയും തമ്മിലും വ്യക്തികള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമൊക്കെയുള്ള ബന്ധങ്ങളെ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഈ നിലപാടിന്റെ ആധാരത്തിലാണ്. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ ഇതരന്‍ ഇതരനാണ്, എന്നാല്‍ അപരനല്ല. അതേസമയം മനുഷ്യരെ തമ്മില്‍ നഫ്‌സുന്‍ വാഹിദ എന്ന തത്ത്വം വെച്ചുകൊണ്ട് ഖുര്‍ആന്‍ ഒരുമിപ്പിക്കുന്നു. സ്ത്രീപുരുഷന്മാരായും നിരവധി വര്‍ഗഗോത്രങ്ങളായും ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന സകല മനുഷ്യരുടെയും ഉല്‍പത്തി നഫ്‌സുന്‍ വാഹിദയില്‍നിന്നാണ്. ഈ തത്ത്വത്തില്‍ മനുഷ്യരുടെ ആധ്യാത്മികമായ ഐക്യം സ്ഥാപിക്കപ്പെടുന്നു. ഇതരന്‍ താന്‍ തന്നെയാണെന്ന ബോധമുണ്ടാകുന്നു. അതേസമയം ദൈ്വതഭാവം നിരാകരിക്കപ്പെടുന്നുമില്ല. നിന്റെ സഹോദരന്‍ നീ തന്നെയാണ്, എന്നാല്‍ അവന്‍ അവനാണ്. 

ഈ അടിസ്ഥാനത്തില്‍നിന്നുകൊണ്ടാണ് മനുഷ്യര്‍ക്കിടയിലുള്ള ഗോത്രപരവും സാമൂഹികവുമായ വൈവിധ്യങ്ങളെ ഖുര്‍ആന്‍ നോക്കിക്കാണുന്നത്. ഈ വൈവിധ്യങ്ങളുടെ ആധാരം ജന്മം തന്നെയായതിനാല്‍ ഓരോന്നിനെയും ഭാഷയില്‍ ജാതി എന്ന് പറയാം (എന്നാല്‍ നമ്മുടെ നാട്ടില്‍ ജാതി എന്ന് വ്യവഹരിക്കപ്പെടുന്നതിന് അല്‍പം വ്യത്യസ്തമായ മാനമുണ്ട്. അത് വഴിയെ ചര്‍ച്ചചെയ്യാം). വൈവിധ്യങ്ങള്‍ അല്ലാഹുവിന്റെ അടയാളങ്ങളാണ് (സൂറഃ അര്‍റൂം). എന്നാല്‍ നഫ്‌സുന്‍ വാഹിദ എന്ന തത്ത്വത്തില്‍ ഈ വൈവിധ്യങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ജാതി എന്ന് ഇവിടെ പൊതുവായിപ്പറഞ്ഞ ഒരു ഐഡന്റിറ്റിയുടെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ വ്യത്യാസം കല്‍പിക്കപ്പെടരുത് എന്നാണ്. അല്ലാഹുവിന്റെ പക്കല്‍ ഏറ്റവും ശ്രേഷ്ഠന്‍ നിങ്ങളില്‍ തഖ്‌വയുള്ളവന്‍ മാത്രമാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത് (അല്‍ ഹുജുറാത്ത്). തഖ്‌വയുടെ അളവുകോലാകട്ടെ, അല്ലാഹുവിന്റെ പക്കല്‍ മാത്രമാകുന്നു. ഇവിടെ എല്ലാ മേല്‍കീഴ് വ്യത്യാസങ്ങളും തീര്‍ത്തും നിരാകരിക്കപ്പെടുന്നു. 

 

ഏകം 

ലോകത്തുള്ള എല്ലാ സമൂഹങ്ങളും ഒരു പ്രവാചകനില്‍നിന്ന് രൂപം കൊണ്ടതാണെന്ന് ഖുര്‍ആന്റെ അധ്യാപനങ്ങളില്‍നിന്ന് ഗ്രഹിക്കാം. ഈ എല്ലാ പ്രവാചകന്മാരും മനുഷ്യനെപ്പറ്റി ഇതേ പാഠങ്ങള്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. ഒരു സമൂഹത്തോടുള്ള മുഹമ്മദ് നബിയുടെ അഭിമുഖീകരണത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്ന വചനം ഇങ്ങനെയാണ്: ''വരിക, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ പൊതുവായുള്ള തത്ത്വത്തിലേക്ക്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാം കീഴ്‌പ്പെടാതിരിക്കുകയും അവനില്‍ ഒന്നിനെയും കൂട്ടു് ചേര്‍ക്കാതിരിക്കുകയും ചെയ്യുക. നാം നമ്മില്‍തന്നെ ചിലരെ അല്ലാഹുവിനൊപ്പം മേലാളന്മാരായി വരിക്കാതിരിക്കുകയും ചെയ്യുക'' (ആലു ഇംറാന്‍ 64). ഇവിടെ ഒന്നാമതായും അല്ലാഹുവിന്റെ ഏകത്വം എന്ന സനാതനസത്യത്തെ ഓര്‍മിപ്പിക്കുന്നു. അല്ലാഹു മാത്രമാണ് റബ്ബ് എന്നു വരുമ്പോഴും അവന്‍ മനുഷ്യരുടെ റബ്ബാണ് എന്ന് വരുമ്പോഴും മനുഷ്യരെല്ലാം ഒന്നായിത്തീരുന്നുണ്ട്. മനുഷ്യരുടെ ദൈവം എന്ന അല്ലാഹുവിന്റെ സ്ഥാനത്തെ കുലദൈവം എന്ന തലത്തിലേക്ക് തരം താഴ്ത്തുന്നതിനെതിരായ താക്കീതുമാകുന്നു അത്. ഒപ്പം നാം നമ്മില്‍തന്നെ ചിലരെ മേലാളരാക്കരുത് എന്ന് പറയുമ്പോള്‍ ഈ മേലാളത്തം കല്‍പിക്കപ്പെടുന്ന ചിലര്‍ ചില വ്യക്തികളാവാം, ജാതികളുമാവാം. അതുപോലെ ഗോത്രങ്ങളും സമുദായങ്ങളുമാവാം. ഇവിടെ മനുഷ്യജാതി എന്നതിലെ ഏകതയെയും സമതയെയും കുറിച്ച തത്ത്വം എല്ലാ സമൂഹങ്ങളുടെയും ആദിമപ്രമാണങ്ങളില്‍പെട്ടതാണ് എന്ന കാര്യമാണ് ഊന്നുന്നത്. 

ഇപ്രകാരം ഒരു പ്രവാചകനില്‍നിന്ന് ഗ്രഹിച്ച പാഠങ്ങളുടെ സ്വാധീനം നിമിത്തമായിരിക്കാം, ഒരു പൊതു പിതാവിനെക്കുറിച്ച കഥകള്‍ പല സമൂഹങ്ങളുടെയും പുരാണങ്ങളില്‍ കാണപ്പെടുന്നത്. ആദിയില്‍ ഒരേയൊരു സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചിട്ട് അവര്‍ രണ്ടു പേരില്‍നിന്നായി ദൈവം ലോകത്ത് മനുഷ്യരെ വ്യാപിപ്പിച്ചു എന്ന് സതുരഷ്ട്ര മതക്കാരുടെ സെന്ദ് പുരാണങ്ങളില്‍ കാണാം. ഹൈന്ദവപുരാണങ്ങള്‍ കശ്യപ പ്രജാപതിക്കാണ് ഈ സ്ഥാനം നല്‍കുന്നത്. ആദം ഹവ്വ ദമ്പതിമാരുടെ കഥ സെമിറ്റിക് വേദങ്ങളിലും പരാമര്‍ശിക്കുന്നുണ്ടല്ലോ. ഈ ആഖ്യാനത്തിനാകട്ടെ, കൃത്യമായ ആധികാരികത നല്‍കിക്കൊണ്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. 

ഇത്തരം കാഴ്ചപ്പാടുകള്‍ പിന്നീട് വംശീയമായ ചിന്തകളുടെ സ്വാധീനത്തിനനുസൃതമായി മാറ്റിമറിക്കപ്പെട്ടു. കശ്യപ പ്രജാപതിയുടെ മക്കളില്‍തന്നെ ദേവാസുരന്മാര്‍ തമ്മില്‍ ഉത്കൃഷ്ട-പതിത വ്യത്യാസം വന്നു. പഴയ നിയമത്തിലെ ആദം ഹീബ്രു ജനതയുടെ മാത്രം കുലപിതാവായി മാറി. അവിടുന്നങ്ങോട്ട് രൂപപ്പെട്ട പല മിത്തുകളും ജാതീയമായ ശ്രേണീബദ്ധതയെ അരക്കിട്ടുറപ്പിക്കാന്‍ വേണ്ടിയുള്ളതായിത്തീര്‍ന്നു. വേനരാജാവുമായി ബന്ധപ്പെട്ട പുരാണകഥയില്‍ വെളുത്ത് ഉയരമുള്ള പൃഥു വിഷ്ണുവിന്റെ അവതാരമായും കറുത്ത് കുറിയവനായ നിഷാദന്‍ ദുഷ്ടതയുടെ പ്രതിരൂപമായും വിശേഷിപ്പിക്കപ്പെടുന്നു. ചരിത്രപരമായ നിരീക്ഷണത്തില്‍ നിഷാദന്‍ ആദിമദ്രാവിഡനോ അതിനേക്കാള്‍ മുന്നേ ഇന്ത്യയില്‍ പാര്‍പ്പുറപ്പിച്ചിരുന്ന നീഗ്രോയ്ഡ്, ആസ്ത്രലോയ്ഡ് വിഭാഗങ്ങളിലേതിലെങ്കിലും പെട്ടയാളോ ആയിരിക്കാം (ഇന്ത്യയില്‍ ആദ്യമായി ഒരു ജീവിതസംസ്‌കാരം പടുത്തുയര്‍ത്തിയത് ആഫ്രിക്കയില്‍നിന്ന് വന്ന നീഗ്രോയ്ഡുകളും ആസ്‌ത്രേലിയയില്‍നിന്ന് വന്ന ആസ്ത്രലോയ്ഡുകളുമായിരുന്നു. രണ്ട് സഹസ്രാബ്ദങ്ങളോളം നിലനിന്ന ഈ സംസ്‌കാരത്തെ തകര്‍ത്തു കൊണ്ടാണ് ഏഷ്യാമൈനറില്‍നിന്നും ദ്രാവിഡര്‍ കുടിയേറിയത്. പിന്നീട് വന്ന ആര്യന്മാര്‍ ദ്രാവിഡസംസ്‌കാരത്തെയും തകര്‍ത്തു). സമാനമായി ഹീബ്രു പുരാണങ്ങളില്‍, ശേം ഒഴിച്ചുള്ള നോഹിന്റെ പുത്രന്മാരായ ഹാമിന്റെയും യാഫെത്തിന്റെയും മക്കള്‍ നിന്ദിക്കപ്പെടുന്നുണ്ട്. 

 

ഏകത്വവും സമത്വവും 

ആര്യന്മാരുടെ സാമൂഹികഘടനയുമായി ബന്ധപ്പെട്ട, ചാതുര്‍വര്‍ണ്യത്തെ പല വിധത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. ചിലപ്പോള്‍ ഗുണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഭജനമായി, മറ്റു ചിലപ്പോള്‍ തൊഴിലിന്റെ ആധാരത്തിലുള്ള വിഭജനമായി. അങ്ങനെ പല രൂപത്തിലും. ഒരുപക്ഷേ, വര്‍ണത്തിന്റെ അടിസ്ഥാനത്തിലുമാവാം ഈ വ്യവസ്ഥ നിലവില്‍വന്നത്. അതേസമയം വ്യക്തികളുടെ ഗുണങ്ങളുടെ ആധാരത്തില്‍ വര്‍ണവ്യവസ്ഥ പോലുള്ള ഒരു സാമൂഹിക സമ്പ്രദായം രൂപപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യാന്‍ സാധ്യതയില്ല. ഒരുപക്ഷേ വേദം വര്‍ണങ്ങളെപ്പറ്റി പറയുന്നത് ഇത്രയും കടുത്ത ഒരു വ്യവസ്ഥ എന്ന നിലക്കായിരുന്നില്ലെന്നും വരാം. സ്വാഭാവികമായും തൊഴിലിന്റെ ആധാരത്തില്‍ നിലവില്‍വന്ന വ്യവസ്ഥ പിന്നീട് ജാതിസമ്പ്രദായത്തിലേക്ക് വളര്‍ന്നതാകാം. 

അതേസമയം ഇന്ത്യയിലെ ജാതിസമ്പ്രദായത്തിന്റെ ഉല്‍പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിനു മുന്നേ തന്നെ ഇവിടത്ത ആദിദ്രാവിഡരിലും മറ്റു ഗോത്രവിഭാഗങ്ങളിലും ജാതിയും ജാതീയതയും നിലനിന്നിരുന്നു എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത് ആര്യന്മാര്‍ ആരംഭിച്ചതാണത് എന്നതാണ്. ഇന്നും ഇന്ത്യയിലെ ദ്രാവിഡ, ഗോത്ര വിഭാഗങ്ങളുടെ ജീവിതരീതികളില്‍നിന്ന് നമുക്ക് തോന്നുന്നത് ഇതില്‍ ഒന്നാമത്തെ വാദമാണ് ശരിയാകാന്‍ സാധ്യത എന്നാണ്. അവരില്‍നിന്നാവാം ഇത് ആര്യന്മാര്‍ കടമെടുത്തത്. അതേസമയം ഇതില്‍ ആര്യന്മാരുടെ വര്‍ണസിദ്ധാന്തം കൂടിച്ചേര്‍ന്നതോടെ ഇതിന് മതപരവും വിശ്വാസപരവുമായ മാനം കൈവന്നു. ആര്യന്മാരുടെ മേധാവിത്തം കൂടിയായതോടെ ഇത് ഏറ്റവും നിന്ദ്യവും ക്രൂരവുമായ രൂപം പ്രാപിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയ പ്രശ്‌നങ്ങള്‍. മുജ്ജന്മത്തിലെ നീചന്മാരാണ് പന്നിയുടെയും പട്ടിയുടെയും ചണ്ഡാലന്റെയും ഗര്‍ഭപാത്രങ്ങളില്‍ പിറക്കുന്നത് എന്ന് ഒരു വിശ്വാസമുണ്ട്. ഇവിടെ ചണ്ഡാലജാതി സൂകരത്തിനും ശ്വാവിനും സമനായി പരിഗണിക്കപ്പെടുന്നു. മനുഷ്യന്‍ എന്ന പദം പോലും ഈ വ്യവസ്ഥയിലും മനോഗതിയിലും ഉന്നതജാതികളെ മാത്രം വിശേഷിപ്പിക്കുന്ന ഒന്നായി മാറി. മനുഷ്യന്‍ മനുഷ്യവിരുദ്ധമായിത്തീരുന്ന അവസ്ഥ. 

മേല്‍കീഴ് വ്യവസ്ഥകളെ നിരാകരിച്ചുകൊണ്ടാണ് പ്രവാചകന്‍ അന്തിമബോധനത്തില്‍പോലും കറുത്തവനെയും വെളുത്തവനെയും തുല്യരാക്കിയത്. അതേസമയം തന്നെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ അധഃസ്ഥിതിയിലായ ജനങ്ങളെ അദ്ദേഹം പ്രത്യേകം പരിഗണിച്ചിരുന്നതായും കാണാം. അറഫയിലെ പ്രഭാഷണത്തില്‍തന്നെ അത്തരത്തിലുള്ള വര്‍ത്തമാനങ്ങളും ഉണ്ട്. ഒപ്പം അതിലെ ഏറ്റവും മുഖ്യമായ പ്രഖ്യാപനമാണ് തുടക്കത്തില്‍ നാം കണ്ടത്. ഇന്ന റബ്ബകും വാഹിദ്, വ ഇന്ന അബാകും വാഹിദ്. നിങ്ങളുടെ ദൈവമൊന്ന്, പിതാവുമൊന്ന്. എല്ലാവരും ആദമില്‍നിന്ന്, ആദം മണ്ണില്‍നിന്നും. 

മനുഷ്യന്റെ അന്തസ്സ് 

ഏകത്വവും സമത്വവും കഴിഞ്ഞാല്‍ പിന്നെയുള്ളത് മനുഷ്യന് നല്‍കപ്പെടുന്ന ആദരവാണ്. ഈ ആദരവിന്റെ ആധാരത്തിലാണ് ബാധ്യതകള്‍ പോലും നിശ്ചയിക്കപ്പെടുന്നത് (ഹഖ്ഖുല്‍ കറാമഃ അഥവാ ആദരവിന്റെ ബാധ്യതകളും അവകാശങ്ങളും എന്ന ഒരു തത്ത്വം തന്നെ നിര്‍ധാരണങ്ങളില്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്). സാമൂഹികവും രാഷ്ട്രീയവുമായ സ്വഭാവത്തിലും ഇടപെടലുകളുടെ നിയമങ്ങളിലും ആദരവിനെപ്പറ്റി പറയുന്നേടങ്ങളിലെല്ലാം ഖുര്‍ആന്‍ പരിഗണിക്കുന്നത് നിരുപാധികം മനുഷ്യന്‍ എന്ന ഐഡന്റിറ്റിയെയാണ്. ദൈവത്തെ അറിയുന്ന, ദൈവികസത്യത്തെ അനുധാവനം ചെയ്യുന്ന മുഅ്മിനുകള്‍ക്കുള്ള സവിശേഷസ്ഥാനത്തെ ചിലേടങ്ങളില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്. അവിടെയാകട്ടെ, ആത്മീയമായ അന്തസ്സിനെയാണ് സൂചിപ്പിക്കുന്നത്. ഒരു വ്യവസ്ഥ എന്ന നിലക്ക് ഇസ്‌ലാം സ്ഥാപിക്കപ്പെടുമ്പോള്‍ അതില്‍ എല്ലാ മനുഷ്യരും തുല്യരായി പരിഗണിക്കപ്പെടുന്നു. സ്വാഭാവികമായും ആദരവ് മനുഷ്യനുള്ളതാണ്. 

ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പഴിക്കരുത് എന്ന് സൂറഃ ഹുജുറാത്തില്‍ പറയുന്നു. ഇത്  വംശീയാധിക്ഷേപത്തെ നിന്ദ്യപ്രവൃത്തിയായി വിലയിരുത്തുന്ന കാഴ്ചപ്പാടാണ്. ഒരു വിഭാഗം എന്നതിന് ഖൗം എന്ന പദമാണ് പ്രയോഗിച്ചത്. ചിലയാളുകള്‍ ചിലയാളുകളെ എന്ന രീതിയിലാവില്ല അപ്പോഴത്. മറിച്ച് ഒരു വംശം മറ്റൊരു വംശത്തെ എന്ന നിലക്ക് തന്നെയാണ്. വലഖദ് കര്‍റംനാ ബനീ ആദം എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ബനൂ ആദം എന്നാല്‍ നിരുപാധികം മനുഷ്യവംശം എന്നാണ് അര്‍ഥമാകുക. അതിന് മറ്റു മേല്‍വിലാസങ്ങളൊന്നുമില്ല. കൊലപാതകത്തെ വിലക്കുന്നേടത്ത് ഖുര്‍ആന്‍ അതിന് പറയുന്ന ന്യായം അല്ലാഹു ആദരിച്ചിട്ടുള്ള സ്വത്വമാണ് (നഫ്‌സ്, ഐഡന്റിറ്റി) നിങ്ങളുടെ എതിരിലുള്ളവരും എന്നതാണ്. ഇപ്രകാരം ചിന്തിക്കുമ്പോള്‍ ഖുര്‍ആന്‍ ജാതീയമായ മേല്‍കീഴ് ബോധത്തെ ഒരു നിലക്കും അംഗീകരിച്ചിട്ടില്ല. 

തന്റെ വര്‍ണത്തിന്റെയോ ശരീരഘടനയുടെയോ കാര്യത്തില്‍ ആദ്യമായി അഹങ്കരിച്ചത് ഇബ്‌ലീസാണെന്ന് ഖുര്‍ആന്‍ തല്‍സംബന്ധിയായ ആഖ്യാനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും വംശീയമായ അഹന്ത പൈശാചികമാണെന്നതാണ് അവിടെ നിലപാട് എന്ന് കാണാം. 

ഏകത്വത്തെയും സമത്വത്തെയും ആദരവിനെയും സംബന്ധിച്ച പ്രവാചകാധ്യാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടണം. അതേസമയം ജാതിയുടെ ആധാരത്തിലായാലും വംശപരിഗണന നിമിത്തമായാലും അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മാനുഷികമായ നിലപാട് കാത്തുസൂക്ഷിക്കാന്‍ മുഹമ്മദ് നബി ആവശ്യപ്പെടുന്നുമുണ്ട്. നിങ്ങള്‍ നിങ്ങളുടെ സഹോദരനെ സഹായിക്കുക, അവിടുന്ന് പറഞ്ഞു, അവന്‍ മര്‍ദകനായാലും മര്‍ദിതനായാലും. മര്‍ദനം അവസാനിപ്പിക്കുക എന്നതാണ് നിങ്ങളുടെ ദൗത്യം എന്നും അത് ഇല്ലാതാവുന്നതോടെ മര്‍ദിതന്‍ മര്‍ദനം എന്ന ഭൗതികസമ്മര്‍ദത്തില്‍നിന്നും മര്‍ദകന്‍ മര്‍ദനം എന്ന പാപത്തില്‍നിന്നും രക്ഷപ്പെടുകയാണ് എന്നും അവിടുന്ന് അത് വിശദീകരിക്കുകയും ചെയ്തു. മര്‍ദിതര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഭാവിയില്‍ മറ്റൊരു മര്‍ദനവ്യവസ്ഥയുടെ സംസ്ഥാപനത്തിന് നിമിത്തമാകരുത് എന്ന ജാഗ്രതയാണ് പ്രവാചകന്റെ ഈ ആഹ്വാനത്തിന്റെ പൊരുള്‍. 

ലോകം വൈവിധ്യങ്ങള്‍ നിറഞ്ഞതാണെന്ന യാഥാര്‍ഥ്യത്തെ ഖുര്‍ആന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല, മൊഴിയിലും വഴിയിലുമുള്ള വൈവിധ്യങ്ങള്‍ അല്ലാഹുവിന്റെ അടയാളങ്ങളാകുന്നു (സൂറഃ അര്‍റൂം 22). ഈ വൈവിധ്യങ്ങളൊന്നും മനുഷ്യര്‍ക്കിടയിലുള്ള വിവേചനത്തിന് നിമിത്തമായിത്തീരാവതല്ല. ''മനുഷ്യരേ നിങ്ങള്‍ അറബിയോ അജമിയോ ആകട്ടെ, വെളുത്തവനോ കറുത്തവനോ ആകട്ടെ, ഒരാള്‍ക്കും മറ്റേയാളില്‍നിന്ന് ഇക്കാര്യങ്ങളുടെ ആധാരത്തില്‍ യാതൊരു വ്യത്യാസവുമില്ല. നിങ്ങള്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാര്‍. എല്ലാവരും ആദമിന്റെ മക്കള്‍, ആദം മണ്ണിന്റെ പുത്രനും'' (നബിയുടെ അവസാന പ്രഭാഷണം). വ്യത്യസ്തങ്ങളായ പൈതൃകങ്ങളും സംസ്‌കാരങ്ങളുമാണ് വ്യത്യസ്ത മനുഷ്യവിഭാഗങ്ങള്‍ക്കുള്ളത്. അപ്പോഴും മനുഷ്യന്‍ എന്ന നിലക്ക് അവര്‍ തികച്ചും പൊതുവായ ഒരു പൈതൃകത്തെ ഉള്‍ക്കൊള്ളുന്നു. 

''നാം നിങ്ങളില്‍ ഗോത്രങ്ങളെയും വംശങ്ങളെയും സൃഷ്ടിച്ചതോ, നിങ്ങള്‍ പരസ്പരം തിരിച്ചറിയപ്പെടാന്‍ വേണ്ടി മാത്രമാകുന്നു. നിങ്ങളില്‍ ശ്രേഷ്ഠന്‍ ജീവിതവിശുദ്ധിയും സൂക്ഷ്മതയുമുള്ളവന്‍ മാത്രം'' (സൂറഃ അല്‍ഹുജുറാത്ത് 13).   

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 56-58
എ.വൈ.ആര്‍