Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 19

2964

1437 ദുല്‍ഖഅദ് 16

ദുരന്ത മേഖലയില്‍ സാന്ത്വനമായി....

ബഷീര്‍ തൃപ്പനച്ചി

2004 ക്രിസ്മസ് പിറ്റേന്ന് ഡിസംബര്‍ 26-നാണ് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയിലെ കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി മാറി ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്റ് തുടങ്ങി വിവിധ രാജ്യങ്ങളിലായി രണ്ടര ലക്ഷത്തോളം മനുഷ്യ ജീവനുകളെ സൂനാമി നക്കിയെടുത്തു. ഭൂകമ്പ മാപിനിയില്‍ 9.1 രേഖപ്പെടുത്തിയ പ്രകമ്പനം ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു. ഇന്ത്യയില്‍ കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരളതീരങ്ങള്‍ എന്നിവിടങ്ങളിലാണ് സൂനാമി ആഞ്ഞടിച്ചത്. തമിഴ്‌നാട്ടില്‍ മാത്രം 7748 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തില്‍ 236 പേരാണ് മരണപ്പെട്ടത്. കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ദുരന്തമുണ്ടായത്. കൊല്ലം ജില്ലയിലെ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ കടലോരം പൂര്‍ണമായും കടലെടുത്തു. ആലപ്പാട്ട് കടല്‍ തീരത്ത് മാത്രം 143 പേര്‍ മരണപ്പെട്ടു. മൂവായിരത്തിലധികം വീടുകള്‍ പൂര്‍ണമായും അത്രത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വ്യത്യസ്ത തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സൂനാമി കെടുതിക്ക് ഇരയായി.

ദുരന്തം നടന്ന ഉടനെ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുവന്‍ സംഘടനാ സംവിധാനത്തിന്റെയും പൂര്‍ണ സഹകരണത്തോടെ ഐ.ആര്‍.ഡബ്ല്യു റിലീഫ് ക്യാമ്പുകളും രക്ഷാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഐ.ആര്‍.ഡബ്ല്യുവിന്റെ മുഴുവന്‍ വളന്റിയര്‍മാര്‍ക്കുമൊപ്പം മറ്റു പോഷക സംഘടനകളിലെ പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായി.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കേന്ദ്രീകരിച്ചാണ് ജമാഅത്ത് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പതിനയ്യായിരം അഭയാര്‍ഥികള്‍ക്കായി 24 റിലീഫ് ക്യാമ്പുകള്‍ അവിടെ പ്രവര്‍ത്തിച്ചു. കുടിവെള്ളം, ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ വിതരണം ചെയ്തു. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സംവിധാനവും ക്യാമ്പുകളിലൊരുക്കി. താറുമാറായ ഗതാഗത സംവിധാനവും കുടിവെള്ള വിതരണവും പുനഃസ്ഥാപിച്ചു. മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു. കരുനാഗപ്പള്ളിയിലെ ക്ഷേത്ര ഭാരവാഹികളുടെ അഭ്യര്‍ഥനയനുസരിച്ച് അമ്പലമുറ്റത്ത് ആയിരം പേര്‍ക്ക് സൗകര്യമുള്ള അഭയാര്‍ഥി ക്യാമ്പ് ഒരുക്കിയത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഐ.ആര്‍.ഡബ്ല്യുവിന്റെ രക്ഷാ പ്രവര്‍ത്തനങ്ങളിലും റിലീഫ് വര്‍ക്കുകളിലും വനിതകള്‍ സജീവമായി പങ്കെടുക്കുന്നത് സൂനാമി ദുരന്തവേളയിലാണ്.  പാലിയേറ്റീവ് പരിചരണം, കുടുംബശ്രീ തുടങ്ങിയ രംഗത്ത് സജീവമായ 150 വനിതകള്‍ ഇപ്പോള്‍ ഐ.ആര്‍.ഡബ്ല്യൂവില്‍ മെമ്പര്‍മാരായുണ്ട്.

സൂനാമി ദുരന്ത വേളയില്‍ ആന്തമാനില്‍ നടന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാരായ പി.ഇ ശംസുദ്ദീന്‍, എം.എ അബ്ദുല്‍ കരീം എന്നിവര്‍ നിയോഗിക്കപ്പെട്ടു. ആന്തമാനിലെ ജമാഅത്ത്, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്ത റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും നേതൃത്വവും നല്‍കിയത് ഇവര്‍ രണ്ടു പേരുമായിരുന്നു. ദുരന്തശേഷം വിപുലമായി പുനരധിവാസ പ്രവര്‍ത്തനത്തിലും ശുചീകരണ യത്‌നത്തിലും ജമാഅത്ത് സജീവമായി ഇടപെട്ടു. വീടുനിര്‍മാണവും മുക്കുവന്മാര്‍ക്ക് ഉപജീവന മാര്‍ഗമായ ബോട്ടുകള്‍ നല്‍കിയതുമുള്‍പ്പെടെ ലക്ഷങ്ങളുടെ പ്രൊജക്ടുകളാണ് കേരളത്തിലെ സൂനാമി ദുരന്ത മേഖലകളില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ജമാഅത്ത് നടപ്പാക്കിയത്. ഇതിനെല്ലാം മേല്‍നോട്ടം വഹിക്കാനും ഐ.ആര്‍.ഡബ്ല്യു ടീം സജീവമായി രംഗത്തുണ്ടായിരുന്നു.

ബിഹാര്‍ വെള്ളപ്പൊക്കം 2008

ബിഹാറിനോട് ചേര്‍ന്ന ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശമാണ് സന്‍സാരി. ഇന്ത്യയുടെ ഉമടസ്ഥതയില്‍ നേപ്പാളിലെ സന്‍സാരിയിലുണ്ടായിരുന്ന കുസഹ അണക്കെട്ട് 2008 ആഗസ്റ്റ് 18-ലെ കനത്ത മഴയില്‍ തകര്‍ന്നു. കുത്തിയൊലിച്ച് ഗതിമാറി ഒഴുകിയ വെള്ളം ബിഹാറിലെ തെക്കന്‍ ജില്ലകളിലെ പല ഗ്രാമങ്ങളെയും പൂര്‍ണമായും വിഴുങ്ങി. 150 കി.മീ ചുറ്റളവില്‍ വെള്ളം കയറിയിരുന്നു. നേപ്പാളിലെ സന്‍സാരി ജില്ലയിലും കനത്ത നഷ്ടങ്ങളുണ്ടായി. തകരാന്‍ സാധ്യതയുള്ളതിനാല്‍ അണക്കെട്ട് പുതുക്കിപ്പണിയണമെന്ന വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിനു നേരെ സര്‍ക്കാര്‍ കണ്ണടച്ചതിന്റെ ദുരന്തഫലം കൂടിയായിരുന്നു ബിഹാര്‍ കണ്ട ഏറ്റവും വലിയ ഈ വെള്ളപ്പൊക്കം. മൂന്ന് ലക്ഷത്തോളം വീടുകള്‍ പൂര്‍ണമായി തകരുകയും ഗ്രാമവാസികളുടെ ഉപജീവനമാര്‍ഗമായ കൃഷിയും കന്നുകാലികളും നശിക്കുകയും ചെയ്തു. നൂറു കണക്കിനാളുകള്‍ മരിച്ചു. ലക്ഷക്കണക്കിനാളുകളെ അഭയാര്‍ഥി ക്യാമ്പുകളില്‍ പുനരധിവസിപ്പിക്കേണ്ടിവന്നു. കോസി നദിയോട് ചേര്‍ന്ന സുപാല്‍, അരാരിയ, സഹാര്‍ഡ, മധേപുര, വെസ്റ്റ് ചമ്പാരന്‍, പൂര്‍ണിയ എന്നീ തെക്കന്‍ ജില്ലകളിലാണ് വെള്ളപ്പൊക്കം വമ്പിച്ച നാശങ്ങള്‍ വിതച്ചത്. അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച റിലീഫ് ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികളായ ജലജന്യരോഗങ്ങള്‍  പടര്‍ന്നുപിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ബിഹാര്‍ ഘടകത്തിന്റെ കീഴില്‍ 10 അഭയാര്‍ഥി ക്യാമ്പുകള്‍ ദുരന്ത മേഖലകളിലുണ്ടായിരുന്നു. ഐ.ആര്‍.ഡബ്ല്യുവിന്റെ ഏഴംഗ സംഘമാണ് മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമായി ബിഹാറിലെത്തിയത്.

ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ക്യാമ്പുകളുടെ ചുമതലയുള്ള നയ്യിറുസ്സമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ അവിടെ നിര്‍വഹിക്കേണ്ട ദൗത്യങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ചചെയ്തു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലാത്ത പ്രദേശങ്ങളുടെ ലിസ്റ്റ് അദ്ദേഹം ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ക്ക് നല്‍കി. അങ്ങനെ രാജ്യാതിര്‍ത്തിക്കപ്പുറമുള്ള നേപ്പാളിലെ ബസ്മതിയ, വീര്‍പൂര്‍, പുട്ഹാ ഗ്രാമങ്ങളിലേക്ക് ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ സാഹസിക യാത്രക്കൊരുങ്ങി. കുത്തൊഴുക്കുള്ള നദിയിലൂടെ വഞ്ചിയിലായിരുന്നു യാത്ര. ഒരു ഘട്ടത്തില്‍ വഞ്ചി മറിഞ്ഞ് എല്ലാവരും മരിക്കുമെന്ന ഘട്ടമെത്തുകയും ശഹാദത്ത് കലിമ ഉരുവിടുകയും ചെയ്ത സന്ദര്‍ഭമുണ്ടായെന്ന് സംഘത്തിന്റെ ക്യാപ്റ്റനായിരുന്ന കെ.കെ ഇബ്‌റാഹീം ഓര്‍ക്കുന്നു. വീര്‍പൂര്‍ ഗ്രാമവാസികള്‍ ഭിംപൂര്‍ എന്ന സ്ഥലത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. അവര്‍ക്ക് സഹായവും ഐ.ആര്‍.ഡബ്ല്യ. സംഘം എത്തുന്നതുവരെ ലഭിച്ചിരുന്നില്ല. അവര്‍ക്കാവശ്യമായ വസ്ത്രവും മരുന്നും ഭക്ഷണവുമെല്ലാം വളന്റിയര്‍മാര്‍ വിതരണം ചെയ്തു. ഇസ്മതിയ ഗ്രാമത്തിലുള്ളവര്‍ ഒരു സ്‌കൂളിലായിരുന്നു അഭയം തേടിയിരുന്നത്. പുറംലോകവുമായി ഒരു നിലക്കും ബന്ധപ്പെടാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അവര്‍ക്കാവശ്യമായ സഹായങ്ങളും സംഘം നല്‍കി. ഇങ്ങനെ കുറേ പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിവരം പുറംലോകത്തെ അറിയിച്ചത് ഐ.ആര്‍.ഡബ്ല്യു ടീമായിരുന്നു. അതിനു ശേഷമാണ് ഗവണ്‍മെന്റിന്റേതടക്കമുള്ള റിലീഫ് സംവിധാനങ്ങള്‍ അങ്ങോട്ടെത്തിയത്. കേരളത്തില്‍നിന്ന് സംഭരിച്ചയച്ച അവശേഷിച്ച മരുന്നുകളും വസ്ത്രങ്ങളും അരാരിയിലെ റിലീഫ് ക്യാമ്പില്‍ വിതരണം ചെയ്ത ശേഷമാണ് ഐ.ആര്‍.ഡബ്ല്യു സംഘം ബിഹാറില്‍നിന്ന് മടങ്ങിയത്. കേരളത്തില്‍നിന്നുള്ള തുടര്‍ സഹായങ്ങള്‍ ബിഹാര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ റിലീഫ് ക്യാമ്പുകളിലെത്തിക്കാനുള്ള സംവിധാനവും അവര്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

താനെ കൊടുങ്കാറ്റ് 2011

2011 ഡിസംബര്‍ അവസാനവാരത്തില്‍ പല ദിവസങ്ങളിലായി തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലാണ് താനെ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. പുതുശ്ശേരിയിലും ഗൂഡല്ലൂരുമായിരുന്നു താനെ കൊടുങ്കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. ഡിസംബര്‍ 31-ന് ഉണ്ടായ കൊടുങ്കാറ്റില്‍ മാത്രം ഇവിടെ അമ്പതിലേറെ പേര്‍ മരിച്ചു. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. ആയിരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ടിവന്നു. ഖാജാ ശിഹാബുദ്ദീന്‍, പി.ഇ ശംസുദ്ദീന്‍, ബശീര്‍ ശര്‍ഖി എന്നിവര്‍ ഐ.ആര്‍.ഡബ്ല്യുവിനെ പ്രതിനിധീകരിച്ച് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അവരുടെ റിപ്പോര്‍ട്ടനുസരിച്ച് ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സാധ്യമാവുംവിധം ചെറു വീടുകള്‍ നിര്‍മിച്ചു കൊടുക്കാന്‍ ഐ.ആര്‍.ഡബ്ല്യു തീരുമാനിച്ചു. അതിനാവശ്യമായ സാമഗ്രികളുമായി രണ്ടാമതൊരു സംഘം ഖാജാ ശിഹാബുദ്ദീന്റെ തന്നെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെത്തി. അവര്‍ ദിവസങ്ങളോളം അവിടെ ക്യാമ്പ് ചെയ്ത് പറങ്കിപ്പേട്ട, ഗൂഡല്ലൂര്‍ മേഖലകളില്‍ 75 വീടുകള്‍ നിര്‍മിച്ചുനല്‍കി. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ജമാഅത്ത് പ്രവര്‍ത്തകര്‍ ഈ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. ടാര്‍പെന്റ് കൊണ്ട് ലളിതമായി കുടിലൊരുക്കുന്ന രീതി അവരെ പരിശീലിപ്പിച്ച ശേഷമാണ് ഐ.ആര്‍.ഡബ്ല്യു ടീം കേരളത്തിലേക്ക് തിരിച്ചത്.

 

അസം ബോഡോ രണ്ടാം കലാപം 2012

1994-ല്‍ ബോഡോകള്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു 2012-ലെ ആക്രമണവും. ഇപ്രാവശ്യം കൂട്ടക്കൊലകള്‍ക്ക് പകരം സര്‍വായുധരായി വീടുകള്‍ വളഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എല്ലാവരെയും വീടും നാടും വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിനു ശേഷം എല്ലാ കുടിലുകളും അഗ്നിക്കിരയാക്കി. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊന്നും എടുക്കാന്‍ അക്രമികള്‍ സമ്മതിച്ചില്ല. അസമിലെ ബോഡോ ഭൂരിപക്ഷ പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകള്‍ ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്നും അതിനാലവര്‍ ഇന്ത്യ വിട്ടു പോകണമെന്നുമാണ് ബോഡോ തീവ്രവാദികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നത്. അതിനാല്‍ ബോധപൂര്‍വമാണ് ഈ ഗ്രാമങ്ങളിലുള്ളവരെ ജീവനോടെ വിട്ടപ്പോഴും ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന ഒരു രേഖയും അവരുടെ അടുത്തില്ലെന്ന് ബോഡോ തീവ്രവാദികള്‍ ഉറപ്പുവരുത്തിയത്. ബോഡോലാന്റിന്റെ പരിധിയിലുള്ള ഒട്ടനേകം ഗ്രാമങ്ങളില്‍നിന്ന് ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി പതിനായിരക്കണക്കിന് മുസ്‌ലിംകളെയാണ് അവര്‍ തുരത്തിയോടിച്ചത്. ഇങ്ങനെ അഭയാര്‍ഥി ക്യാമ്പുകളിലെത്തിയവര്‍ക്ക് പ്രാഥമിക സൗകര്യം പോലും ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് തയാറായില്ല. ശാഫി മദനി സാഹിബിന്റെ നേതൃത്വത്തില്‍ 68 അഭയാര്‍ഥി ക്യാമ്പുകള്‍ നിയന്ത്രിച്ചിരുന്നത് അസം ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. 

കെ.സി മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ പുറപ്പെട്ട പി.ഇ ശംസുദ്ദീന്‍, ഖാജാ ശിഹാബുദ്ദീന്‍, മൂസ അടാട്ടില്‍, വി.ഐ ശമീര്‍ എന്നിവര്‍ കേരളത്തില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണവും വസ്ത്രങ്ങളും അവിടെ വിതരണം ചെയ്തു. പലയിടത്തും അസുഖങ്ങള്‍ പടര്‍ന്നുപിടിച്ചത് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. മെഡിക്കല്‍ ക്യാമ്പ് ഇവിടെ അത്യാവശ്യമെന്ന് മനസ്സിലാക്കിയ ഐ.ആര്‍.ഡബ്ല്യു വിവരം കേരള ജമാഅത്ത് നേതൃത്വത്തെ അറിയിച്ചു. എം.ഇ.എസ് മെഡിക്കല്‍ കോളേജ് പെരിന്തല്‍മണ്ണയിലെ മെഡിക്കല്‍ സംഘമുള്‍പ്പെടെ പത്തംഗ ടീം അസമിലേക്ക് പുറപ്പെട്ടു. എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ രജിസ്ട്രാര്‍ ഡോ. ജമാല്‍, ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോ. സുനില്‍, ഡോ. ഫസല്‍ ഗഫൂറിന്റെ മകന്‍ ഡോ. എ. റഹീം, ഡോ. അന്‍വര്‍, പാരാ മെഡിക്കല്‍ വിഭാഗത്തിലെ ഫിറോസ്, ഫവാസ്, അബ്ദുല്‍ ജലീല്‍ എന്നിവരായിരുന്നു ടീം അംഗങ്ങള്‍. ഹനീഫ ഹാജി, നജീബ് കുറ്റിപ്പുറം എന്നിവര്‍ അവരെ അനുഗമിച്ചു. ഇവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും മരുന്നുകള്‍ വിതരണം നടത്തുകയും ചെയ്തു. രാവിലെ തുടങ്ങുന്ന ക്യാമ്പുകള്‍ രാത്രി വരെ നീണ്ടു. എം.ഇ.എസ് ഡോക്ടര്‍മാര്‍ റിലീഫ് ക്യാമ്പുകളിലെ പരിമിതികളില്‍ താമസിക്കാനും വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കാനും തയാറായി.

ശാഫി മദനി സാഹിബിന്റെ നേതൃത്വത്തില്‍ ബോഡോ ലാന്റിലേക്ക് പ്രവേശിക്കാനും അവരുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ പങ്കാളിയാകാനും ഐ.ആര്‍.ഡബ്ല്യുവിന് സാധിച്ചു. ഇതിന്റെ തുടര്‍ച്ചയായി പിന്നീട് കേരള ജമാഅത്ത് അമീര്‍ ടി. ആരിഫലിയുടെ കീഴില്‍ അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍, അന്തര്‍ സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍, ജനസേവന വകുപ്പ് സെക്രട്ടറി പി.സി ബശീര്‍, സംസ്ഥാന സമിതിയംഗം കെ.കെ മമ്മുണ്ണി മൗലവി എന്നിവരടങ്ങിയ സംഘം പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ശാഫി മദനി സാഹിബുമായി ദീര്‍ഘ ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി. തുടര്‍ന്ന് അവിടെ നടന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കേരള ജമാഅത്ത് മുഖ്യ പങ്കുവഹിക്കുകയും ചെയ്തു.

 

മുസഫര്‍ നഗര്‍ 2013

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ 2013 ആഗസ്റ്റില്‍ ഉടലെടുത്ത വര്‍ഗീയ സംഘര്‍ഷം സെപ്റ്റംബര്‍ വരെ നീണ്ടുനിന്നു. അമ്പതിലേറെ പേര്‍ മരണപ്പെട്ട സംഘര്‍ഷത്തില്‍ ഇരകള്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. അമ്പതിനായിരത്തിലധികം മുസ്‌ലിംകള്‍ക്ക് വീടും നാടും വിട്ട് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. ഇരകള്‍ക്ക് നേരെ ബലാത്സംഗ അതിക്രമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിഷയത്തിലിടപെട്ട് സുപ്രീം കോടതി കാര്യക്ഷമത പുലര്‍ത്താത്ത കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളെ നിശിതമായി വിമര്‍ശിക്കുന്നത് വരെ കാര്യങ്ങളെത്തി. ജമാഅത്തെ ഇസ്‌ലാമി യു.പി ഘടകം പ്രശ്‌നത്തിലടപെടുകയും റിലീഫ് ക്യാമ്പുകള്‍ തുറക്കുകയും ചെയ്തു. ഇരകളുടെ കൃത്യമായ സ്ഥിതിവിവര കണക്കുകളും അവര്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങളും ജമാഅത്ത് ഏറ്റെടുത്തു. ജമാഅത്തിന്റെ കീഴില്‍ നടക്കുന്ന അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഐ.ആര്‍.ഡബ്ല്യു ടീം മുസഫര്‍ നഗറിലെത്തി. ഡോ. സുനില്‍ മുഹമ്മദ്, ഡോ. ജമാല്‍, നഴ്‌സ് സില്‍മി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘവും ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ക്കൊപ്പമുണ്ടായിരുന്നു. മിക്ക ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിരുന്നു. ഒരു മാസത്തോളം മുസഫര്‍ നഗറില്‍ താമസിച്ച് വ്യത്യസ്ത അഭയാര്‍ഥി കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ഈ ടീം നേതൃത്വം നല്‍കി. ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുന്നതിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഐ.ആര്‍.ഡബ്ല്യു വളണ്ടിയര്‍ ടീം യു.പി ജമാഅത്ത് പ്രവര്‍ത്തകരെ സഹായിച്ചു. മലയാളിയായ ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഗവണ്‍മെന്റ് റിലീഫ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ക്യാമ്പുകളുടെ ശോചനീയാവസ്ഥ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഐ.ആര്‍.ഡബ്ല്യുവിന് സാധിച്ചു. അതോടെ ഗവണ്‍മെന്റ് ഭാഗത്തുനിന്ന് ഒട്ടേറെ സഹായങ്ങള്‍ അഭയാര്‍ഥികള്‍ക്ക് ലഭിക്കുകയുണ്ടായി.

 

കശ്മീര്‍ പ്രളയം 2014

2014 സെപ്റ്റംബറില്‍ ശക്തമായ മഴയെ തുടര്‍ന്ന് ജമ്മു-കശ്മീരിലും പാക് അധീന കശ്മീര്‍ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായി. രണ്ടായിരത്തിലേറെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അഞ്ഞൂറിലേറെ പേര്‍ മരണപ്പെട്ടു. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ക്ക് അഭയാര്‍ഥി ക്യാമ്പുകളില്‍ മാസങ്ങളോളം താമസിക്കേണ്ടിവന്നു. കെ.സി മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടുന്ന ഐ.ആര്‍.ഡബ്ല്യു ടീമാണ് കശ്മീരിലെത്തിയത്. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി അവിടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അവരുമായി സഹകരിച്ചാണ് ഐ.ആര്‍.ഡബ്ല്യു ടീം പ്രവര്‍ത്തിച്ചത്. പലയിടത്തും വെള്ളം കെട്ടി നില്‍ക്കുന്നത് താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തി റോഡ് നിര്‍മിച്ചതുകൊണ്ടാണെന്ന് സംഘം കണ്ടെത്തി. അത്തരം റോഡുകളുടെ ചില ഭാഗങ്ങള്‍ തകര്‍ത്താല്‍ വെള്ളം ഒഴിഞ്ഞുപോകുമെന്ന് മനസ്സിലാക്കിയ ഐ.ആര്‍.ഡബ്ല്യു ടീം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥലം എസ്.പിയെ വിവരമറിയിച്ചു. അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ വെള്ളം കെട്ടിനില്‍ക്കുന്ന റോഡുകളുടെ ചില ഭാഗങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. അതോടെ കെട്ടിനില്‍ക്കുന്ന വെള്ളം ഒലിച്ചുപോയി. അശാസ്ത്രീയ റോഡ് നിര്‍മാണത്തിന്റെ ഭവിഷ്യത്ത് സാന്ദര്‍ഭികമായി അവരെ ബോധ്യപ്പെടുത്താനും ഐ.ആര്‍.ഡബ്ല്യു ടീമിന് സാധിച്ചു. രണ്ട് ആഴ്ചയോളം കശ്മീരില്‍ സേവനം ചെയ്ത ശേഷമാണ് ടീം കേരളത്തിലേക്ക് മടങ്ങിയത്.

 

നേപ്പാള്‍ ഭൂകമ്പം 2015

2015 ഏപ്രില്‍ 25-ന് നേപ്പാളില്‍ നടന്ന ഭൂകമ്പത്തില്‍ എണ്ണായിരത്തിലധികം ആളുകളാണ് മരിച്ചത്. കാല്‍ ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റു. ഒരു ലക്ഷത്തിലധികം പേരെ പലവിധത്തില്‍ ഭൂകമ്പ കെടുതികള്‍ ബാധിച്ചു. ഭൂകമ്പത്തില്‍ കാഠ്മണ്ഡുവിലേക്കുള്ള  വിമാന സര്‍വീസ് രണ്ട് ദിവസത്തോളം മുടങ്ങി. എയര്‍പോര്‍ട്ടില്‍ യാത്രാ സൗകര്യം പുനഃസ്ഥാപിക്കപ്പെട്ട ആദ്യ മണിക്കൂറില്‍തന്നെ ഐ.ആര്‍.ഡബ്ല്യു ടീം കാഠ്മണ്ഡുവില്‍ വിമാനമിറങ്ങി. ഭൂകമ്പം നടന്ന് മൂന്നാം ദിവസമായിരുന്നു അത്. പി.ഇ ശംസുദ്ദീന്‍, രിസ്‌വാന്‍, സ്വാലിഹ്, ബശീര്‍ ശര്‍ഖി എന്നിവരായിരുന്നു നേപ്പാളിലേക്ക് പുറപ്പെട്ട ആദ്യ ഐ.ആര്‍.ഡബ്ല്യു ടീം. നേപ്പാളിലെ ഇസ്‌ലാമിക പ്രസ്ഥാനമായ നേപ്പാള്‍ ഇസ്‌ലാമീ സംഘിന്റെ പ്രവര്‍ത്തകര്‍ ഐ.ആര്‍.ഡബ്ല്യു ടീമിന് സൗകര്യമൊരുക്കിയിരുന്നു. അന്ന് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഭൂകമ്പത്തില്‍ മരണപ്പെട്ട മലയാളി ഡോക്ടറുടെ മൃതശരീരം സൂക്ഷിച്ച ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാനും കുടുംബത്തെ സാന്ത്വനപ്പെടുത്താനുമെല്ലാം ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ക്ക് സാധിച്ചു. തുടര്‍ ചലനങ്ങള്‍ ഉണ്ടായതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ നേപ്പാള്‍ ജനത തുറന്ന മൈതാനങ്ങളിലായിരുന്നു അന്തിയുറങ്ങിയത്. അവര്‍ക്കൊപ്പം സഹവസിച്ച് മനോധൈര്യം നല്‍കാനുള്ള ശ്രമങ്ങളാണ് ടീം ആദ്യം നടത്തിയത്. പിന്നീട് 15 അംഗ മെഡിക്കല്‍ സംഘവും വളന്റിയര്‍മാരും ഉള്‍പ്പെടുന്ന ഒരു വലിയ ഐ.ആര്‍.ഡബ്ല്യു സംഘം നേപ്പാളിലെത്തി. അഭയാര്‍ഥി ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനൊപ്പം ആരും അതുവരെ കടന്നുചെല്ലാത്ത ഹൈറേഞ്ച് പ്രദേശങ്ങളിലെല്ലാം ഐ.ആര്‍.ഡബ്ല്യു ടീം എത്തുകയും ഭക്ഷണങ്ങളും വസ്ത്രങ്ങളും നല്‍കുകയും ചെയ്തു. അവര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഐ.ആര്‍.ഡബ്ല്യു ടീമിന്റെ ഈ സാഹസിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ട ഇതര രാഷ്ട്രങ്ങളില്‍നിന്നു വന്ന സന്നദ്ധ സംഘടനകള്‍ അവരുടെ പല സൗകര്യങ്ങളും ഐ.ആര്‍.ഡബ്ല്യു ടീമിനെ ഏല്‍പിക്കുകയുണ്ടായി. മോദി സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റി സ്റ്റായി മാറിയതില്‍ നീരസം പൂണ്ട് മുഴുവന്‍ ഇന്ത്യന്‍ റിലീഫ് സംഘങ്ങളും നേപ്പാള്‍ വിടണമെന്ന് ആവശ്യമുയര്‍ന്നപ്പോഴും ഐ.ആര്‍.ഡബ്ല്യു ടീം അവിടെ തുടരണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ചയോളം ദുരന്തമേഖലകളില്‍ സേവനനിരതരായ ശേഷമാണ് ഐ.ആര്‍.ഡബ്ല്യു ടീം നേപ്പാള്‍ വിട്ടത്.

 

ചെന്നൈ വെള്ളപ്പൊക്കം 2015

നോര്‍ത്ത് ഈസ്റ്റ് മണ്‍സൂണ്‍ ശക്തിപ്രാപിച്ചതാണ് 2015 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങള്‍ക്കൊപ്പം ചെന്നൈ നഗരത്തെയും വെള്ളത്തിലാഴ്ത്തിയത്. ആന്ധ്രപ്രദേശ്, പുതുശ്ശേരി എന്നീ പ്രദേശങ്ങളും ഈ വെള്ളപ്പൊക്കത്തിന്റെ ദുരന്ത മേഖലകളായിരുന്നു. അഞ്ഞൂറിലേറെ പേര്‍ മരണപ്പെട്ട ദുരന്തത്തില്‍ 18 ലക്ഷം പേരെയാണ് അവരുടെ താമസ സ്ഥലങ്ങളില്‍നിന്ന് മാറ്റിത്താമസിപ്പിക്കേണ്ടിവന്നത്. വെള്ളപ്പൊക്കമുണ്ടായ ഉടനെ സലീം വളാഞ്ചേരിയുടെ നേതൃത്വത്തിലുള്ള ഐ.ആര്‍.ഡബ്ല്യു ടീം ചെന്നൈയില്‍ എത്തി. തമിഴ്‌നാട് ഒരുമ, തമിഴ്‌നാട് ജമാഅത്തെ ഇസ്‌ലാമി ഘടകം എന്നിവരുമായി സഹകരിച്ചാണ് ഐ.ആര്‍.ഡബ്ല്യു അവിടെ റിലീഫ് വര്‍ക്കുകളില്‍ ഏര്‍പ്പെട്ടത്. ദുരന്തം ബാധിച്ച ചില ഗ്രാമങ്ങളുടെ പുനര്‍ നിര്‍മാണം ഐ.ആര്‍.ഡബ്ല്യു അടങ്ങുന്ന സംഘം ഏറ്റെടുത്തു. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

 

മറ്റു പ്രവര്‍ത്തനങ്ങള്‍

ഐ.ആര്‍.ഡബ്ല്യു സജീവമായി സേവനനിരതമായ ചില പ്രധാന സംഭവങ്ങള്‍ മാത്രമാണ് മുകളില്‍ പരിചയപ്പെടുത്തിയത്. ഇവക്ക് പുറമെ ഒട്ടനവധി ദുരന്ത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഐ.ആര്‍.ഡബ്ല്യു ടീം സജീവമായിട്ടുണ്ട്. കടലുണ്ടി ട്രെയിന്‍ ദുരന്തം, തട്ടേക്കാട് ബോട്ട് ദുരന്തം, തേക്കടി ബോട്ട് ദുരന്തം, സാന്തോം കോളനി തീപ്പിടിത്തം, ശബരിമല പുല്ലുമേട് ദുരന്തം തുടങ്ങി 2016 ഏപ്രിലിലുണ്ടായ പറവൂര്‍ വെടിക്കെട്ട് ദുരന്ത പ്രദേശത്ത് വരെ സേവനനിരതരായി ഐ.ആര്‍.ഡബ്ല്യു ടീം ഉണ്ടായിരുന്നു.

ദുരന്ത മേഖലകളിലെ സേവന- രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ പെയിന്‍ ആന്റ് പാലിയേറ്റീവ്, വയോജന പരിചരണം, ഡി അഡിക്ഷന്‍ ക്യാമ്പ് എന്നീ രംഗങ്ങളിലും ഐ.ആര്‍.ഡബ്ല്യു സജീവമാണ്. നട്ടെല്ല് തകര്‍ന്ന് പൂര്‍ണമായോ ഭാഗികമായോ കിടപ്പിലായ 300 രോഗികളെയും കുടുംബത്തെയും സ്ഥിരമായി പരിചരിച്ച് അവരുടെ ചികിത്സയും മറ്റു അടിസ്ഥാനാവശ്യങ്ങളും പൂര്‍ത്തീകരിച്ച് നല്‍കുന്ന സംവിധാനവും ഐ.ആര്‍.ഡബ്ല്യുവിന് കീഴിലുണ്ട്. കെ.പി സിദ്ദീഖ് കളന്‍തോടാണ്  ഈ വിംഗിന് നേതൃത്വം നല്‍കുന്നത്. അമ്പതിലേറെ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ ഐ.ആര്‍.ഡബ്ല്യുവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ സജീവരായ വളന്റിയര്‍മാര്‍ക്കാവശ്യമായ മുഴുവന്‍ ട്രെയ്‌നിംഗും നല്‍കുന്നതും ഐ.ആര്‍.ഡബ്ല്യു തന്നെ. ലഹരിക്ക് അടിപ്പെടുന്നവരെ അതില്‍നിന്ന് രക്ഷപ്പെടുത്താന്‍ ലക്ഷ്യമിട്ട് 21 ദിവസം നീണ്ടുനില്‍ക്കുന്ന 30 ഡീ അഡിക്ഷന്‍ ക്യാമ്പുകള്‍ ഇതിനകം ഐ.ആര്‍.ഡബ്ല്യു സംഘടിപ്പിച്ചിട്ടുണ്ട്. മറ്റു ഡീ അഡിക്ഷന്‍ ക്യാമ്പുകളെ അപേക്ഷിച്ച് വളരെ വിജയകരമായ ഈ സംരംഭം ഇനിയും തുടരാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. അല്ലാ ബക്ഷ്, കെ.കെ ഇബ്‌റാഹീം, ഖാജാ ശിഹാബുദ്ദീന്‍, പ്രഫ. ഇസ്മാഈല്‍ മമ്പാട്, ഹനീഫ മാസ്റ്റര്‍ എന്നിവരാണ് 25 വര്‍ഷത്തിനിടയില്‍ ഐ.ആര്‍.ഡബ്ല്യു ജനറല്‍ കണ്‍വീനര്‍മാരായവര്‍. ഇപ്പോള്‍ വി.ഐ ശമീര്‍ എടത്തലയാണ് ജനറല്‍ കണ്‍വീനര്‍. 

(അവസാനിച്ചു)

അല്ലാ ബക്ഷ്, കെ.കെ ഇബ്‌റാഹീം, ഖാജാ ശിഹാബുദ്ദീന്‍, പി.ഇ ശംസുദ്ദീന്‍, വി.ഐ ശമീര്‍ എടത്തല, കെ.പി സിദ്ദീഖ് കളന്‍തോട് എന്നിവരുമായി സംസാരിച്ചു തയാറാക്കിയത്.

 

ഐ.ആര്‍.ഡബ്ല്യു പാരാപ്ലീജിയ കൂട്ടായ്മ

 

വാഹനാപകടങ്ങളിലോ, ജോലിക്കിടെ വീണോ മറ്റോ നട്ടെല്ലിന് ക്ഷതംപറ്റി തുടര്‍ജീവിതം വീല്‍ചെയറിലോ ബെഡിലോ ഒതുക്കേണ്ടിവന്നവര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. അവരുടെ ചികിത്സയും കുടുംബത്തിന്റെ തുടര്‍ജീവിതവും സുഗമമാക്കുന്നതിനൊപ്പം സാധ്യമാവുംവിധം സാമൂഹിക ജീവിതത്തില്‍ അവരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ആര്‍.ഡബ്ല്യുവിനു കീഴില്‍ പാരാപ്ലീജിയ രോഗികളുടെ കൂട്ടായ്മ ഉണ്ടാകുന്നത്. ഈയൊരു കൂട്ടായ്മ ഔദ്യോഗികമായി രൂപപ്പെടുന്നതിനു മുമ്പേ അത്തരം രോഗികളുടെ പരിചരണത്തിനും സര്‍വതോമുഖമായ ശാക്തീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് സിദ്ദീഖ് കളന്‍തോട്. ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍ കൂടിയായ അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിപുലപ്പെടുത്തുകയും സംഘടിതമാക്കുകയും ചെയ്യുകയാണ് ഈ കൂട്ടായ്മ രൂപീകരണത്തിലൂടെ ഐ.ആര്‍.ഡബ്ല്യു ലക്ഷ്യംവെച്ചത്. ഒരേ പ്രയാസമനുഭവിക്കുന്ന രോഗികള്‍ പരസ്പരം കാണുകയും ബന്ധപ്പെടുകയും ചെയ്തതോടെയാണ് പലരും അതുവരെ തുറന്നുപറയാന്‍ മടിച്ച പല ആഗ്രഹങ്ങളും പങ്കുവെച്ചത്. ഒറ്റപ്പെടലിന്റെ നിസ്സഹായാവസ്ഥയായിരുന്നു അതില്‍ മുഖ്യം. അത് തിരിച്ചറിഞ്ഞതോടെ അവര്‍ക്ക് സാധ്യമാവുന്ന തൊഴിലുകള്‍ അഭ്യസിപ്പിക്കാന്‍ ഐ.ആര്‍.ഡബ്ല്യു തീരുമാനിച്ചു. പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സഹായത്തോടെ ഇത്തരം രോഗികളെ അഞ്ച് ഏരിയകളായി തിരിച്ച് കുട നിര്‍മാണ പരിശീലനം നല്‍കി. പിന്നീട് 'കാലിക്കറ്റ് സിറ്റി സകാത്ത് കമ്മിറ്റി'യുടെയും ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജിന്റെയും സഹകരണത്തോടെ റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ജെ.ഡി.റ്റിയില്‍ വെച്ച് 11 ദിവസം നീണ്ടുനിന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈന്‍, ഫോട്ടോ എഡിറ്റിംഗ് എന്നീ പ്രഫഷണല്‍ കോഴ്‌സുകളില്‍ പരിശീലനം നല്‍കി. ഐ.ടി വിദഗ്ധര്‍ നേതൃത്വം നല്‍കിയ ആ കോഴ്‌സില്‍ 20 പേര്‍ പങ്കെടുത്തു. അവര്‍ ഈ രംഗത്ത് തുടരുന്നു. 

പാരാപ്ലീജിയ രോഗികളില്‍ മിക്കവരും തുടര്‍ചികിത്സ ആവശ്യമുള്ളവരും നിരന്തരം മരുന്ന് ഉപയോഗിക്കുന്നവരുമാണ്. വന്‍ സാമ്പത്തിക ചെലവുള്ള ചികിത്സക്ക് അവരെ സഹായിക്കുന്നതിന് ചില ഹോസ്പിറ്റലുകളുമായി ഐ.ആര്‍.ഡബ്യു ധാരണയുണ്ടാക്കുകയും അതുവഴി അവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുകയും ചെയ്യുന്നു. വയനാട് വിംസ്, കോഴിക്കോട് ഇഖ്‌റഅ്, ഓമശ്ശേരി ശാന്തി എന്നീ ഹോസ്പിറ്റലുകളാണ് ഐ.ആര്‍.ഡബ്ല്യുമായുള്ള ധാരണപ്രകാരം ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നത്. ഇത്തരം രോഗികളുടെ എന്തസുഖത്തിനും ചികിത്സിക്കാനും പരിചരിക്കാനുമായി സദാ സന്നദ്ധരായ ഡോക്ടര്‍മാരുമുണ്ട്. ശാന്തി ഹോസ്പിറ്റലിലെ ഡോ. അബ്ദുര്‍റഹ്മാന്‍ ദാനി, ഇഖ്‌റഅ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജന്‍ കൂടിയായ ഡോ. ഹാഫിസ് മുഹമ്മദ്, മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ. മുഹമ്മദ് ഷാന്‍ എന്നിവര്‍ ഇവരില്‍ ചിലരാണ്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ മൊബൈല്‍ ഡന്റല്‍ ക്ലിനിക് ആരംഭിച്ച ഇഖ്‌റഅ് ഹോസ്പിറ്റല്‍ ആ സൗകര്യം സൗജന്യമായി വിട്ടുതന്ന് വീടുകളിലെത്തി കിടപ്പിലായവരുടെ ദന്ത ശുദ്ധീകരണവും മറ്റ് ചികിത്സകളും നല്‍കുന്നതും ഈ രംഗത്ത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പ്രമുഖ ബിസിനസുകാരനായ തോട്ടത്തില്‍ റശീദ് ഇവരുടെ ചികിത്സക്കായി സ്ഥിരം സഹായ പദ്ധതി ഏര്‍പ്പെടുത്തിയ വ്യക്തിയാണ്.

പാരാപ്ലീജിയ രോഗികളില്‍ നല്ലൊരു പങ്കും കുടുംബനാഥന്മാരായതിനാല്‍ അവരുടെ വീഴ്ചയോടെ കുടുംബങ്ങളുടെ മുന്നോട്ടുപോക്കും താളം തെറ്റിയിരുന്നു. ഐ.ആര്‍.ഡബ്ല്യു അത്തരം കുടുംബങ്ങളുടെ മുഴുവന്‍ പ്രശ്‌നങ്ങളും ഏറ്റെടുത്തു. ചികിത്സ, വിദ്യാഭ്യാസം, മക്കളുടെ വിവാഹ സഹായം, ആഘോഷദിനങ്ങളില്‍ കിറ്റ് വിതരണം, വീട് റിപ്പയറിംഗ്, വസ്ത്ര വിതരണം തുടങ്ങിയവയെല്ലാം പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഐ.ആര്‍.ഡബ്ല്യു നല്‍കുന്നത്. അതോടൊപ്പം രോഗികള്‍ക്കാവശ്യമായ വീല്‍ചെയര്‍, എയര്‍ ബെഡ്, വാട്ടര്‍ ബെഡ്, എയര്‍ കുഷ്യന്‍, വാക്കര്‍ എന്നിവയും ആവശ്യാനുസരണം ഐ.ആര്‍.ഡബ്ല്യു നല്‍കുന്നുണ്ട്. ഇത്തരം രോഗികളുടെ ആവശ്യങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി കലക്ടറേറ്റ് മാര്‍ച്ചടക്കമുള്ള പ്രതിഷേധ പരിപാടികളും ഈ കൂട്ടായ്മക്കു കീഴില്‍ നടന്നു. സ്വയം തൊഴില്‍ ചെയ്യുന്നവരുടെ നികുതി ഒഴിവാക്കുക, കുടുംബത്തിലെ ഒരാളെ കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുക, ഗവണ്‍മെന്റ് ഓഫീസുകളിലെല്ലാം പ്രവേശം സാധ്യമാവുന്നവിധം  അവ വീല്‍ ചെയര്‍ സൗഹൃദമാക്കുക, പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങി 17 ഇന ആവശ്യങ്ങളുന്നയിച്ചായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്. 75 പാരാപ്ലീജിയ രോഗികള്‍ വീല്‍ചെയറില്‍ എത്തിയാണ് കലക്ടറേറ്റില്‍ പ്രതിഷേധസമരം നടത്തിയത്. സംസ്ഥാനാടിസ്ഥാനത്തില്‍ പാരാപ്ലീജിയക്കാരെ മുഴുവന്‍ ഉള്‍പ്പെടുത്തി ഒരു എന്‍.ജി.ഒ രൂപീകരിച്ച് വിപുലമായ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമമാണ് സിദ്ദീഖ് കളന്‍തോടിന്റെ നേതൃത്വത്തില്‍ ഐ.ആര്‍.ഡബ്ല്യു ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 56-58
എ.വൈ.ആര്‍