Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 19

2964

1437 ദുല്‍ഖഅദ് 16

പ്രായോഗികമായി എളുപ്പമാണ് ഹജ്ജ്

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

ദീന്‍ എളുപ്പമാണ്, ക്ലിഷ്ടതയല്ല എന്ന പ്രസിദ്ധ നബിവചനമുണ്ട്; ആ എളുപ്പത്തില്‍നിന്ന് അതിലെ ആരാധനാകര്‍മങ്ങളും ഒഴിവല്ല. അതിനാല്‍ ഹജ്ജും എളുപ്പത്തില്‍ നിര്‍വഹിക്കാവുന്ന കര്‍മമാണ്. ഒട്ടും കെട്ടിക്കുടുക്കില്ലാത്ത ആരാധന. വേണമെങ്കില്‍ 24 മണിക്കൂര്‍കൊണ്ടും ഒരാള്‍ക്ക് ഹജ്ജ് നിറവേറ്റാം. അതിങ്ങനെ: ദുല്‍ഹജ്ജ് ഒമ്പതിന് സ്വദേശത്തുനിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ച് തല്‍ബിയത്ത് ചൊല്ലി വിമാനമാര്‍ഗം ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന തീര്‍ഥാടകന്‍ നേരെ അറഫ സംഗമത്തിലേക്ക് എത്തിച്ചേരുന്നു. സൂര്യാസ്തമയം വരെ അവിടെ നമസ്‌കാരത്തിലും പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുന്നു. സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് പുറപ്പെടുന്ന ആ തീര്‍ഥാടകന്‍ സുബ്ഹ് നമസ്‌കാരം വരെ അവിടെ രാപ്പാര്‍ക്കുന്നു. ദുല്‍ഹജ്ജ് 10-ന് സൂര്യോദയത്തോടെ മിനായില്‍ ജംറതുല്‍ അഖബായില്‍ കല്ലേറ് നടത്തി കഅ്ബാലയത്തിലേക്ക് പ്രയാണം. അവിടെ വെച്ച് ഹജ്ജിന്റെ ത്വവാഫായ ത്വവാഫുല്‍ ഇഫാദയും സഅ്‌യും നിര്‍വഹിച്ച് തലമുണ്ഡനം നടത്തി ഹജ്ജില്‍നിന്ന് വിരമിച്ച് വൈകീട്ടുള്ള വിമാനത്തില്‍ സ്വദേശത്തേക്ക് തന്നെ മടങ്ങുന്നു. അഥവാ ഒന്നോ ഒന്നരയോ ദിവസം കൊണ്ട് നിര്‍വഹിക്കാവുന്നത്ര നിര്‍ബന്ധ കര്‍മങ്ങളേ ഹജ്ജിലുള്ളൂ. പിന്നെയെന്തിന് തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങളെ ഓര്‍ത്ത് ബേജാറാവണം? ബാക്കിയെല്ലാം വാജിബായ കര്‍മങ്ങള്‍ മാത്രമാണ്. അവ വിട്ടുപോയാല്‍ ഹജ്ജ് സാധുവാകാതിരിക്കില്ല; ബലി നല്‍കിയാല്‍ മതി. 

'ഹജ്ജ് ചില നിര്‍ണിത മാസങ്ങളില്‍ നീണ്ടുനില്‍ക്കുന്ന കര്‍മമാണ്' (2:197) എന്നത്രെ ഖുര്‍ആന്റെ പ്രയോഗം. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് എന്നിവയാണ് ഹജ്ജ് മാസങ്ങള്‍. ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടി മനസാ ഒരുങ്ങി അതിന് അപേക്ഷ സമര്‍പ്പിച്ച്, സെലക്ഷന്‍ ലഭിച്ച്, യാത്രാ തീയതി നിര്‍ണയിക്കപ്പെട്ട് പുണ്യനഗരിയിലെത്തിച്ചേരാന്‍ ദിവസങ്ങളെടുക്കും. അവിടെ എത്തിച്ചേര്‍ന്നാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന ദിവസങ്ങള്‍ വരെയും ഹജ്ജിനു ശേഷവും മക്കയിലെയോ മദീനയിലെയോ ഹറമുകളില്‍ വിവിധയിനം ആരാധനകളില്‍ തീര്‍ഥാടകര്‍ ലയിച്ചുചേരുകയായി. ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചാല്‍ പാപരഹിതരായി സ്വദേശങ്ങളിലേക്ക് വിമാന ഷെഡ്യൂള്‍ പ്രകാരം ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ മടക്കപ്രയാണം. ഇതിനെല്ലാം കൂടി ഏറെ ദിവസങ്ങള്‍ ആവശ്യമുള്ളതിനാലാണ് മാസങ്ങള്‍ നീളുന്ന കര്‍മം എന്ന് ഖുര്‍ആന്‍ ഹജ്ജിനെ വിശേഷിപ്പിച്ചത്. അക്കാലമത്രയും ഹാജിയിലും മുസ്‌ലിം ലോകത്തും ഹജ്ജ് സ്മരണകളും ഇബ്‌റാഹീം നബി(അ)യുടെ സമര്‍പ്പണ ബോധവും അലതല്ലുന്ന നാളുകളാണ്. 

സാമ്പത്തിക സുസ്ഥിതിയും ഹജ്ജ് യാത്രക്കുള്ള ഭൗതിക സാഹചര്യവും ഉണ്ടാവുക എന്നതുപോലെ ശാരീരികാരോഗ്യവും ഹജ്ജ് നിര്‍വഹിക്കുന്നതിന് അനിവാര്യമാണ്. അവയില്ലാത്തവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല. ഏറെ അവശരും രോഗികളുമായവരെ താങ്ങിപ്പിടിച്ച് കൊണ്ടുപോയി നിര്‍വഹിപ്പിക്കേണ്ട കര്‍മമല്ല ഹജ്ജ്. ആരോഗ്യമുള്ള കാലത്താണത് അനുഷ്ഠിക്കേണ്ടത്. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ ഹജ്ജ് കര്‍മം പിന്തിക്കാന്‍ പാടില്ല. ദുന്‍യാവില്‍ ഏറ്റവും അവസാനം നിര്‍വഹിക്കേണ്ട ആരാധനയാണ് ഹജ്ജ് എന്നത് നമ്മുടെ തെറ്റിദ്ധാരണ മാത്രമാണ്. ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഹജ്ജിന് ഏറ്റവും കൂടുതല്‍ ശാരീരികാവശതയുള്ളവര്‍ എത്തുന്നത്. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വരുന്നവരില്‍ ഭൂരിഭാഗവും യുവാക്കളോ മധ്യവയസ്‌കരോ ആയിരിക്കും. 

ഹജ്ജ് ചൊല്ലല്‍ പ്രധാനമല്ല; ചെയ്യല്‍ പ്രധാനമാണ്. അതിനാലാണ് ആരോഗ്യം വേണമെന്ന് പറയുന്നത്. തീര്‍ഥാടകന്‍ ത്വവാഫ് ചെയ്യണം, സഅ്‌യ് നടത്തണം, അറഫയില്‍ എത്തിച്ചേരണം, മുസ്ദലിഫയില്‍ രാപ്പാര്‍ക്കണം, ജംറകളില്‍ കല്ലെറിയണം, തമ്പുകളില്‍ കഴിഞ്ഞുകൂടണം-ഇതെല്ലാം ചേരുന്നതാണ് ഹജ്ജ്. ആരോഗ്യമുണ്ടെങ്കിലേ അവ പ്രയാസമില്ലാതെ നിര്‍വഹിക്കാനാവൂ. ഇവിടങ്ങളില്‍ വെച്ചെല്ലാം എന്തൊക്കെ ചൊല്ലണം എന്ന് ബേജാറാവേണ്ട കാര്യമില്ല. അറിയുന്നതെന്തും ചൊല്ലാം; പ്രാര്‍ഥിക്കാം അത്രതന്നെ. അതിനൊരു ക്രമമുണ്ടെങ്കില്‍ പ്രാര്‍ഥന ഏറെ സുന്ദരവും ആകും. 

അറബി ഭാഷ അറിയുന്നവര്‍ പ്രാര്‍ഥനകള്‍ പ്രസ്തുത ഭാഷയില്‍തന്നെ ചൊല്ലുന്നതാണ് ഉത്തമം. കാരണം അറബിയില്‍ കുറഞ്ഞവാക്കില്‍ കാര്യങ്ങള്‍ പറഞ്ഞുഫലിപ്പിക്കാം. മറ്റേതൊരു ഭാഷയിലും അത് അത്രകണ്ട് സാധ്യമല്ല. അതേസമയം അറബി അറിയില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടേണ്ടതുമില്ല. അറിയുന്നത്ര അറബിയില്‍ പ്രാര്‍ഥിച്ച്, ബാക്കി നമുക്കറിയാവുന്ന ഭാഷയില്‍ ജഗന്നിയന്താവിനോട് ഹൃദയത്തില്‍ തട്ടി മനംതുറന്ന് പ്രാര്‍ഥിച്ചാല്‍ മതി. 

ത്വവാഫാണ് മക്കയില്‍ നാം ധാരാളമായി ചെയ്യുന്ന ഒരു ഇബാദത്ത്. ത്വവാഫുല്‍ ഖുദൂം, ത്വവാഫുത്തത്വവ്വുഅ്, ത്വവാഫുല്‍ ഉംറ, ത്വവാഫുല്‍ ഇഫാദ, ത്വവാഫുല്‍ വിദാഅ് എന്നിങ്ങനെ അത് പല ഇനമുണ്ട്. ത്വവാഫില്‍ പ്രാര്‍ഥിക്കാന്‍ വേണ്ടി രണ്ട് പ്രാര്‍ഥനകള്‍ മാത്രമാണ് നബിയില്‍നിന്ന് സ്വീകാര്യയോഗ്യമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. അതിലൊന്ന്, 'അല്ലാഹുമ്മ ഈമാനന്‍ ബിക, വതസ്വ്ദീഖന്‍ ബികിതാബിക, വവഫാഅന്‍ ബി അഹ്ദിക, വത്തിബാഅന്‍ ലി സുന്നത്തി നബിയ്യിക മുഹമ്മദിന്‍ (സ)' (അല്ലാഹുവേ, നിന്നില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ച്, നിന്റെ ഗ്രന്ഥത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തി, നിന്നോടുള്ള കരാറുകള്‍ പൂര്‍ത്തീകരിച്ച്, നിന്റെ പ്രവാചകന്റെ പാത അനുധാവനം ചെയ്തുകൊണ്ട് ഞാന്‍ എന്റെ കര്‍മം ആരംഭിക്കുന്നു) എന്നതാണ്. റുക്‌നുല്‍ യമാനിക്കും ഹജറുല്‍ അസ്‌വദിനും ഇടയില്‍ എല്ലാ ചുറ്റലിലും, 'റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറതി ഹസനതന്‍ വഖിനാ അദാബന്നാര്‍' എന്നും പ്രാര്‍ഥിക്കണം. ത്വവാഫിന്റെ ബാക്കി ചുറ്റലുകളില്‍ ഹംദിനും സ്വലാത്തിനും ശേഷം സ്വന്തത്തിന്, മാതാപിതാക്കള്‍ക്ക്, ഇണകള്‍ക്ക്, സന്താനങ്ങള്‍ക്ക്, സഹോദരീ സഹോദരന്മാര്‍ക്ക്, ദുആ കൊണ്ട് വസ്വിയ്യത്ത് പറഞ്ഞവര്‍ക്ക്, മഹല്ലുകള്‍ക്ക്, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്, കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തെയും വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ശ്രമിക്കുക. അല്ലാതെ അര്‍ഥമറിയാതെ ആരെങ്കിലും ചൊല്ലിത്തരുന്നത് ഏറ്റുചൊല്ലുകയോ, പ്രാര്‍ഥനാ പുസ്തകങ്ങള്‍ കൈയില്‍ പിടിച്ച് തപ്പിത്തടഞ്ഞ് വായിച്ച് ത്വവാഫില്‍ നടക്കുകയോ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. അതില്‍ ഏകാഗ്രത ലഭിക്കില്ല. 

വെള്ളവും ഭക്ഷണവും നന്നായി കഴിക്കുക എന്നതാണ് ആരോഗ്യം നിലനിര്‍ത്താനുള്ള പ്രധാന മാര്‍ഗം. സംസം വളരെ കൂടുതല്‍ കുടിക്കാന്‍ അവസരം ലഭിക്കും ഹാജിമാര്‍ക്ക്. തണുപ്പിക്കാതെ വെച്ച സംസമാണ് കുടിക്കേണ്ടത്. ഹറമുകള്‍ക്കകത്തും പുറത്തും നിരത്തിവെച്ച് വലിയ ബോട്ടിലുകളില്‍ ഇടക്കുള്ളവയില്‍ 'ചഛഠ ഇഛഘഉ' എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. അതില്‍നിന്ന് സംസം എടുത്ത് കുടിക്കുക. തണുപ്പുള്ളത് ഉപയോഗിച്ചാല്‍ ചിലര്‍ക്ക് അത് കഫക്കെട്ടിനും ജലദോഷത്തിനും തുടര്‍ന്ന് പനി പിടിപെടുന്നതിനും കാരണമാവാം. അങ്ങനെ സംഭവിച്ചാല്‍ തുടര്‍ദിവസങ്ങളില്‍ ഹറമില്‍ ചെന്ന് ആരാധനകള്‍ നിര്‍വഹിക്കാന്‍ ഉന്മേഷം നഷ്ടപ്പെടും. അസുഖം വന്നാല്‍ ഉടന്‍ മരുന്നുകഴിക്കണം. പിന്നീടാവാം മരുന്ന് എന്നു വെക്കരുത്. മരുന്നുപയോഗം വൈകിക്കുന്നത് രോഗം മൂര്‍ഛിക്കാന്‍ ഇടവരുത്തും. ദിവസേന ആറു മണിക്കൂര്‍ ഉറങ്ങിയാലേ അടുത്ത ദിവസത്തെ ഇബാദത്തുകളില്‍ ഉന്മേഷമുണ്ടാവൂ. ഉറക്കച്ചടവ് കര്‍മങ്ങളില്‍ പങ്കുചേരുന്നതിന്റെ ആവേശം കുറക്കും. പുണ്യഭൂമിയില്‍ ലഭിക്കുന്ന പരമാവധി സമയം ഹറമുകളില്‍ തന്നെ ചെലവഴിക്കുക. റൂമുകളിലും മറ്റും കൂടുതല്‍ നേരം ചെലവിട്ട് തര്‍ക്കവിതര്‍ക്കങ്ങളിലും തമാശപറച്ചിലിലും ഏര്‍പ്പെടരുത്. ഒട്ടും പ്രകടനപരതയില്ലാതെ അല്ലാഹുവിനു വേണ്ടി ആത്മാര്‍ഥതയോടെ നിര്‍വഹിക്കുന്നതാവണം നമ്മുടെ കര്‍മങ്ങള്‍ (ഖുര്‍ആന്‍ 2:196). 

വിമാനയാത്ര, മക്ക-മദീന യാത്ര തുടങ്ങിയ ഘട്ടങ്ങളിലെല്ലാം നമസ്‌കാരം ജംഉം ഖസ്വ്‌റുമാക്കിയാണ് നിര്‍വഹിക്കേണ്ടത്. പുറപ്പെടുമ്പോള്‍ തന്നെ ഒരുപക്ഷേ വിമാനത്തിനകത്ത് ഇരുന്ന ഇരുപ്പില്‍ ളുഹ്ര്‍-അസ്വ്ര്‍, അല്ലെങ്കില്‍ മഗ്‌രിബ്-ഇശാ എന്നിവ ജംഉം ഖസ്വ്‌റും ആക്കി നമസ്‌കരിക്കേണ്ടിവന്നേക്കും. ജിദ്ദയില്‍ എത്തിയ ശേഷമാവാം നമസ്‌കാരം എന്ന് നീട്ടിവെച്ചാല്‍ എയര്‍പോര്‍ട്ടിലെ ചെക്കിംഗ് കൂടി കഴിയുന്നതോടെ വീണ്ടും നേരം വൈകും. അതിനാല്‍ കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ നമസ്‌കാരം ചുരുക്കി ഒന്നിച്ച് നമസ്‌കരിക്കണം. 

വിവിധ രാജ്യക്കാരും ഭാഷക്കാരുമായ നമ്മുടെ ആദര്‍ശ സഹോദരങ്ങളെ കണ്ടുമുട്ടുന്ന ഐക്യസന്ദേശത്തിന്റെ വിളംബര ഭൂമിയാണ് പുണ്യസ്ഥലങ്ങള്‍. അവരോടെല്ലാം സലാം പറയുക; പുഞ്ചിരിക്കുക. അറിയാവുന്ന ഭാഷയില്‍ കുശലാന്വേഷണം നടത്തുക. 

ആള്‍ക്കൂട്ടത്തില്‍ പ്രായമായവര്‍ വഴിതെറ്റാന്‍ ഇടയുണ്ട്. ഹറമിന്റെ വാതിലുകളും പുറത്തെ കെട്ടിടങ്ങളുടെ വര്‍ണങ്ങളും ഒരേ തരത്തിലായതുകൊണ്ട്, ആ വഴിയോ ഈ വഴിയോ എന്നൊക്കെ സംശയം തോന്നാം. ഹറമിലേക്ക് കയറുന്ന വാതിലിന്റെ നമ്പര്‍ ഓര്‍ക്കാന്‍ അത് കുറിച്ചുവെക്കുന്നതാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഹജ്ജ് കമ്മിറ്റി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, താമസിക്കുന്ന കെട്ടിടത്തിന്റെ   വിലാസം, അവിടത്തെ റൂം നമ്പര്‍, അത്യാവശ്യ ഫോണ്‍ നമ്പറുകള്‍ എന്നിവ എപ്പോഴും കൂടെ കരുതണം. അവ എടുക്കാതെ ഹറമിലേക്കോ ചരിത്രസ്ഥലങ്ങളിലേക്കോ പുറപ്പെടരുത്. വഴിതെറ്റിയാല്‍ ആ രേഖകള്‍ ആര്‍ക്കു കാണിച്ചുകൊടുത്താലും ലക്ഷ്യത്തിലെത്താന്‍ അവര്‍ തീര്‍ഥാടകരെ സഹായിക്കും. സുഊദി ഹജ്ജ് മന്ത്രാലയ പ്രതിനിധികള്‍, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ മലയാളി ഹജ്ജ് വെല്‍െഫയര്‍ ഫോറത്തിലെ സന്നദ്ധസേവകരായ വളന്റിയര്‍മാര്‍-ഈ മൂന്ന് വിഭാഗങ്ങളില്‍നിന്നും എപ്പോഴും സഹായം ലഭ്യമാകും. 

മക്കയില്‍ എത്തി പ്രഥമ ഉംറ നിര്‍വഹിക്കാന്‍ ഇറങ്ങുമ്പോള്‍ കഅ്ബയുടെ ചാരത്ത് മത്വാഫില്‍വെച്ച് തന്നെ ത്വവാഫിനിടെ ചിലപ്പോള്‍ ഉറ്റവരെ കാണാതായെന്ന് വന്നേക്കാം. ഒട്ടും പരിഭ്രമിക്കേണ്ടതില്ല അപ്പോള്‍. ഉംറ ആരംഭിക്കുന്നതിനു മുമ്പു തന്നെ, വഴിതെറ്റിയാല്‍ ഇന്ന നമ്പര്‍ കവാടത്തിനരികെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എത്തണം എന്ന് കൂടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയാല്‍ മതി. ത്വവാഫിനോ സഅ്‌യിനോ ഇടയില്‍ ആളെ കാണുന്നില്ലല്ലോ എന്ന ആധി കയറിയാല്‍, ആ ത്വവാഫിന്റെ ഏകാഗ്രതയും മനസ്സാന്നിധ്യവും നഷ്ടപ്പെടും; ആളെ കണ്ടെത്താനുമാകില്ല. അതിനാല്‍ കൂട്ടംതെറ്റിയാല്‍ തന്നെ സ്വന്തം നിലയില്‍ സധൈര്യം കര്‍മം പൂര്‍ത്തിയാക്കുക. ശേഷം ആളെ അന്വേഷിക്കുക. ഒരിക്കലും ഒരാളെയും ഹറമിലോ പരിസരത്തോ നഷ്ടപ്പെടില്ല. സമയം അല്‍പം വൈകിയാലും നഷ്ടപ്പെട്ട ആളെ തിരിച്ചുകിട്ടും. കാരണം അത് നിര്‍ഭയമായ ഭവനമാണ്; നിര്‍ഭയമായ ഭൂമിയും. 

ഹജ്ജ് കര്‍മത്തിന് മുമ്പെ ചരിത്രസ്ഥലങ്ങള്‍ കാണുന്നത് നല്ലതാണ്. കാരണം ഹജ്ജ് നാളുകളിലെ തിരക്കില്‍ അറഫ പോലും തീര്‍ഥാടകര്‍ക്ക് പൂര്‍ണമായി കാണാന്‍ കഴിഞ്ഞെന്നുവരില്ല. ഹജ്ജ് കഴിഞ്ഞാല്‍ ഇനി തിരിച്ചു നാട്ടിലെത്തിയാല്‍ മതി എന്ന ആലോചനയിലായിരിക്കും ചിലര്‍. ആ ദിവസങ്ങളില്‍ പുണ്യഹറമുകളില്‍ നമസ്‌കാരത്തിന് എത്തുന്നതില്‍ വരെ ശുഷ്‌കാന്തി നഷ്ടപ്പെട്ടവരെ കണ്ടിട്ടുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനും തീര്‍ഥാടകര്‍ ശ്രദ്ധിക്കണം. യാത്രയില്‍ ഖുര്‍ആന്‍ പാരായണത്തിനു വേണ്ടി ഒരു മുസ്്വഹഫ്, ഹജ്ജും ചരിത്രസ്ഥലങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ എന്നിവയും കരുതുന്നത് നല്ലതാണ്. സമയം കിട്ടുമ്പോള്‍ വായിക്കാം. മക്കയെയും ചരിത്രസ്ഥലങ്ങളെയും പറ്റി പിടിപാടില്ലാത്ത മറ്റ് തീര്‍ഥാടകര്‍ക്ക്  ആ ഗ്രന്ഥങ്ങള്‍ കൈമാറുകയും ചെയ്യാം. 

ബേജാറേതുമില്ലാതെ ഹൃദയസാന്നിധ്യത്തോടെ ഉമ്മ പെറ്റ കുഞ്ഞിനെപോലെ ഹജ്ജ് നിര്‍വഹിച്ച് തിരിച്ചുവരാനും തുടര്‍ന്ന് ആ സന്ദേശം കൈമുതലാക്കി ഭാവിജീവിതം രൂപപ്പെടുത്താനുമാവട്ടെ ഓരോ തീര്‍ഥാടകന്റെയും ആശയും അഭിലാഷവും. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 56-58
എ.വൈ.ആര്‍