മുസ്വ്ഹഫ് ക്രോഡീകരണ ചരിത്രത്തിന് ഒരു പുനര്‍വായന
ചിന്തോദ്ദീപകമായ മൗലിക രചനകള്‍കൊണ്ടും നിലപാടുകള്‍ കൊണ്ടും ആഗോളശ്രദ്ധ നേടിയ പണ്ഡിതനാണ് ഡോ. ഇനായത്തുല്ലാ അസദ് സുബ്ഹാനി. ഖുര്‍ആനിക വിജ്ഞാനീയങ്ങളുടെ സംശോധനക്കും പ്രചാരണത്തിനുമായി ജീവിതം നീക്കിവെച്ച അദ്ദേഹത്തിന്റെ കൃതികള്‍ പലതും ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്.
ഖുര്‍ആനെ നേര്‍ക്കുനേരെ ആക്രമിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ എതിരാളികള്‍ ഹദീസിനെയും ചരിത്രത്തെയും ഉന്നം വെച്ച് ഒളിയമ്പുകളെയ്തത് സുവിദിതമാണല്ലോ. ഒടുവില്‍ അവയെ ഇരയാക്കി ഖുര്‍ആനെ വേട്ടയാടാന്‍ അവര്‍ ശ്രമിച്ചു. അങ്ങനെ മുസ്‌ലിംകളുടെ അവലംബ കൃതികളില്‍ പലതിനെയും അവര്‍ വിഷമയമാക്കി. ഇതുവഴി ഖുര്‍ആനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. അതിന്റെ മികച്ച ഉദാഹരണമാണ് നിലവില്‍ പ്രചാരത്തിലുള്ള ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം. വികലമാക്കപ്പെട്ട ആ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് രചിക്കപ്പെട്ട ഡോ. ഇനായത്തുല്ലാ സുബ്ഹാനിയുടെ കൃതിയാണ് ബഹ്ജതുല്‍ ജനാന്‍ ഫീ താരീഖി തദ്‌വീനില്‍ ഖുര്‍ആന്‍. ഇതിന്റെ മലയാള പരിഭാഷയാണ് ഈയിടെ പുറത്തിറങ്ങിയ ഖുര്‍ആന്‍ ചരിത്രം: മിഥ്യയും യാഥാര്‍ഥ്യവും. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച വിശ്വാസ സ്വാതന്ത്ര്യം എന്ന കൃതിക്കു ശേഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോ. സുബ്ഹാനിയുടെ രണ്ടാമത്തെ പുസ്തകമാണിത്.
ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രമെന്ന പേരില്‍ രേഖപ്പെടുത്തപ്പെട്ട സംഭവപരമ്പരകളുടെ ദൗര്‍ബല്യവും പൊരുത്തക്കേടും എതിരാളികള്‍ക്ക് ആയുധമായിത്തീരുന്നു എന്നതാണ് ഈ വിഷയകമായുള്ള പുനരന്വേഷണത്തിനുള്ള പ്രേരകം. കേരളത്തിലെ യുക്തിവാദികള്‍ പോലും നമ്മുടെ വൈജ്ഞാനിക പൈതൃകത്തിലെ വരികള്‍ ഉദ്ധരിച്ച് ഖുര്‍ആനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കാറുണ്ടല്ലോ. ഖുര്‍ആനില്‍ കൈകടത്തലുകള്‍ സംഭവിച്ചിട്ടുണ്ടെന്നും കുറേ സൂറത്തുകള്‍ നിലവിലില്ല എന്നുമൊക്കെയുള്ള അത്തരക്കാരുടെ വാദങ്ങളുടെ അടിവേരറുക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാണ് ഈ കൃതി.
എല്ലിലും കല്ലിലും ഈത്തപ്പനമട്ടലിലുമൊക്കെയാണ് ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നതെന്നും പ്രവാചകന്റെ കാലത്ത് സൂറത്തുകളും സൂക്തങ്ങളും ക്രമീകരിക്കപ്പെടുകയോ ക്രോഡീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ലെന്നും അത് ഛിന്നഭിന്നമായി കിടക്കുകയായിരുന്നുവെന്നുമുള്ള ചരിത്രത്തെ ഗ്രന്ഥകാരന്‍ ചോദ്യം ചെയ്യുന്നു. ഖുര്‍ആന്‍ സൂക്തങ്ങളും ചരിത്രവും അറബി സാഹിത്യവും മുന്‍നിര്‍ത്തി, തോലും കടലാസുമായിരുന്നു പൊതുവെ അറബികള്‍ രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നതെന്നും ഖുര്‍ആന്‍ പ്രവാചകന്റെ കാലത്ത് തന്നെ ഇപ്രകാരം വ്യവസ്ഥാപിതമായി രേഖപ്പെടുത്തിയിരുന്നുവെന്നും തെൡവുകള്‍ സഹിതം അദ്ദേഹം വാദിക്കുന്നു.
സ്വഹാബികളുടെ കൈവശമുണ്ടായിരുന്ന മുസ്വ്ഹഫുകളില്‍ ഭിന്നതകളുണ്ടായിരുന്നുവെന്നും അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ വീക്ഷണത്തില്‍ മുഅവ്വദതൈനി ഖുര്‍ആന്റെ ഭാഗമായിരുന്നില്ലെന്നുമുള്ള രിവായത്തുകളെ വിശകലനം ചെയ്ത് അവയുടെ ദൗര്‍ബല്യവും പുസ്തകം അനാവരണം ചെയ്യുന്നുണ്ട്.
പ്രവാചകന്റെ കാലത്തുതന്നെ ഖുര്‍ആന്‍ യഥാക്രമം ക്രോഡീകരിക്കപ്പെട്ടിരുന്നുവെന്നും അക്കാലത്തുതന്നെ മുസ്വ്ഹഫുകള്‍ ഉണ്ടായിരുന്നുവെന്നും സമര്‍ഥിക്കുന്ന ഗ്രന്ഥകാരന്‍ പ്രവാചകന്റെ കാലത്ത് അറബി അക്ഷരങ്ങള്‍ക്ക് പുള്ളിയോ സ്വരചിഹ്നമോ ഉണ്ടായിരുന്നില്ല എന്ന വാദം ബാലിശമാണെന്ന് വിലയിരുത്തുന്നു.
സൈദുബ്‌നു സാബിതി(റ)ലേക്ക് ചേര്‍ത്തുപറയുന്ന ഖുര്‍ആന്‍ ക്രോഡീകരണകഥ തീര്‍ത്തും മിഥ്യയാണെന്നും അബൂബക്‌റും(റ) ഉമറും(റ) ഉസ്മാനു(റ)മെല്ലാം പഠിപ്പിക്കുക, പ്രചരിപ്പിക്കുക, ഇസ്‌ലാമിന്റെ സന്ദേശമെത്തിയ പ്രദേശങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് ഖുര്‍ആന്റ സംരക്ഷണകാര്യത്തില്‍ ചെയ്തതെന്നും, ഉസ്മാന്റെ കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ഉദയം ചെയ്തുവെന്ന് പറയപ്പെടുന്ന ഭിന്നതകള്‍ ഒരിക്കലും സ്വഹാബികളുടെയോ അവരുടെ ശിഷ്യ•ാരുടെയോ ഖിറാഅത്തുമായി ബന്ധപ്പെട്ടതല്ലെന്നും അവ ശത്രുക്കളുടെ കളികളായിരുന്നുവെന്നും ഗ്രന്ഥകാരന്‍ വിവരിക്കുന്നു. പൊതുവെ അറിയപ്പെട്ട ചരിത്ര വസ്തുതകള്‍ക്കെതിരാണ് ഗ്രന്ഥകാരന്‍ ഉയര്‍ത്തുന്ന വാദങ്ങളെന്ന വിമര്‍ശനവും പുസ്തകത്തെ കുറിച്ചുണ്ട്.
Comments