Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 19

2964

1437 ദുല്‍ഖഅദ് 16

വഴികള്‍ അടക്കലും തുറക്കലും

അശ്‌റഫ് കീഴുപറമ്പ്

വഴികള്‍ അടക്കുക (സദ്ദുദ്ദറാഇഅ്) എന്നത് മുഖ്യമായും മാലികീ മദ്ഹബിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ഒരു ഫിഖ്ഹീ സംജ്ഞയാണ്. ഇത് മാലികികളുടെ മാത്രം സംഭാവനയാണ് എന്ന മട്ടിലുള്ള വിശദീകരണം ശരിയുമല്ല. ആ സംജ്ഞയെ വികസിപ്പിക്കുന്നതില്‍ മറ്റുള്ളവര്‍ക്കും പങ്കുണ്ട്. മാലികീ മദ്ഹബുകാരന്‍ തന്നെയായ ഖര്‍റാഫി അക്കാര്യം അടിവരയിടുന്നു: ''വഴികള്‍ അടക്കുക എന്ന സംജ്ഞ ഇമാം മാലികിന്റേതു മാത്രമല്ല, മറ്റു പല പണ്ഡിതന്മാരും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതൊരു അടിസ്ഥാനമായി സ്വീകരിക്കാമെന്നതില്‍ പണ്ഡിതാഭിപ്രായ സമന്വയവുമുണ്ട്.''1 ഏതൊരു നിയമവിധിയിലും മാനവിക താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കും എന്ന മഖാസ്വിദീ തത്ത്വചിന്ത തന്നെയാണ് ഇതിന്റെയും ആധാരം. വരാന്‍ പോകുന്ന തിന്മകളെ തടഞ്ഞുകൊണ്ടായിരിക്കും ചിലപ്പോള്‍ ആ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക. നിയമത്തിന്റെ രണ്ട് വശങ്ങള്‍ ഇവിടെ പരിഗണിക്കപ്പെടുന്നതാണ്. ഒന്ന്, മാനവിക താല്‍പര്യങ്ങള്‍. രണ്ട്, അതിലേക്ക് എത്തിച്ചേരുന്ന വഴികള്‍ (വസാഇല്‍). ചിലപ്പോള്‍ ഈ വഴികള്‍ ഇസ്‌ലാമികമായി നിയമാനുസൃതമായിരിക്കുമെങ്കിലും അവയിലൂടെ സഞ്ചരിച്ചെത്തുക മാനവിക താല്‍പര്യങ്ങളിലേക്കായിരിക്കില്ല; പകരം ആ താല്‍പര്യങ്ങളെ ഹനിക്കുന്ന തിന്മകളിലേക്കായിരിക്കും.

ഇമാം ഖര്‍റാഫി വഴികളെ മൂന്നായി ഇനം തിരിക്കുന്നു: ഒന്ന്, ഏറ്റവും മികച്ച ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്ന മികച്ച വഴികള്‍. രണ്ട്, ഏറ്റവും മോശപ്പെട്ട ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്ന ഏറ്റവും മോശപ്പെട്ട വഴികള്‍. മൂന്ന്, ഇവക്ക് രണ്ടിനും മധ്യേയുള്ളത്. ഈ ഒടുവില്‍ പറഞ്ഞ ഇനത്തിലാണ് 'സദ്ദുദ്ദറാഇഅ്' മുഖ്യമായും ചര്‍ച്ചയാകുന്നത്. നിയമാനുസൃത വഴികള്‍ തിന്മകളിലേക്ക് വഴിവെക്കുന്ന സാധ്യതയാണ് അവിടെ ചര്‍ച്ച ചെയ്യുന്നത്. വഴികളെ മറ്റൊരു നിലക്ക് പണ്ഡിതന്മാര്‍ അഞ്ചായി തിരിച്ചിട്ടുണ്ട്.

ഒന്ന്: ഉറപ്പായും അനിഷ്ടങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കുന്ന വഴികള്‍. ഇവ അടക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവുകയില്ല. മറ്റു മതസ്ഥര്‍ ആരാധിക്കുന്ന ദൈവങ്ങളെ അധിക്ഷേപിക്കരുതെന്ന് ഖുര്‍ആന്‍ ശക്തമായി വിലക്കുന്നുണ്ട്. മറ്റു മതസ്ഥര്‍ അല്ലാഹുവിനെ ആക്ഷേപിക്കാന്‍ അത് ഇടവരുത്തും (അല്‍അന്‍ആം 108). മതാന്തര സംവാദങ്ങളില്‍ ഇത്തരം രീതികള്‍ പൂര്‍ണമായി ഉപേക്ഷിച്ചിരിക്കണം എന്നര്‍ഥം. മറ്റൊരു ഉദാഹരണം: പ്രവാചകനെ 'റാഇനാ' (ഞങ്ങളെ പരിഗണിക്കൂ) എന്ന് പറഞ്ഞുകൊണ്ട് അഭിമുഖീകരിക്കരുത് എന്ന് അല്ലാഹു വിലക്കുന്നു (2:104). പ്രത്യക്ഷത്തില്‍ ഈ അഭിസംബോധനയില്‍ നിന്ദാ സൂചനകളില്ലെങ്കിലും, ദ്വയാര്‍ഥം ഉദ്ദേശിച്ച് നിന്ദാസൂചകമായി ചില ജൂതപ്രമാണിമാര്‍ അതേ പദപ്രയോഗവുമായി പ്രവാചകനെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു (ഉച്ചാരണത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ 'ഞങ്ങളുടെ ഇടയാ' എന്ന അര്‍ഥത്തിലും അത് പ്രയോഗിക്കാം). അനുവദനീയവും എന്നാല്‍ ദുരുപയോഗ സാധ്യതയുള്ളതുമായ ഒരു വഴി ഖുര്‍ആന്‍ നേരില്‍ ഇടപെട്ട് ഇവിടെ അടക്കുകയാണ്. ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ സുഗന്ധം പൂശാന്‍ പാടില്ല എന്ന നിര്‍ദേശം മറ്റൊരു ഉദാഹരണമാണ്. അത് ലൈംഗിക ബന്ധത്തില്‍ കൊണ്ടെത്തിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആ വഴി അടക്കുകയാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേവ്വേറെ വിരിപ്പില്‍ മാറ്റിക്കിടത്തണമെന്ന പ്രവാചക നിര്‍ദേശത്തിലും ഈ തത്ത്വം അടങ്ങിയിട്ടുണ്ട്. പൊതുനിരത്തില്‍ കിണര്‍ കുഴിക്കുക മറ്റൊരു ഉദാഹരണം. വഴിയാത്രികരും വാഹനങ്ങളുമൊക്കെ അതില്‍ വീണ് അപകടത്തില്‍ പെടുമെന്ന് ഉറപ്പാണല്ലോ.

രണ്ട്: തുറക്കാന്‍ അനുവാദമുള്ള വഴികള്‍. കാരണം ആ വഴി തുറക്കുന്നത് കൊണ്ട് തിന്മ സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണ്. മുന്തിരിയില്‍നിന്നും തെങ്ങില്‍നിന്നും കള്ള് ഉണ്ടാക്കുന്നുണ്ട്. എന്നുവെച്ച് മുന്തിരിയും തെങ്ങും കൃഷി ചെയ്യാന്‍ പാടില്ല എന്നു പറയാന്‍ പറ്റുമോ? മുന്തിരിക്കും തെങ്ങിനും മറ്റു പല പ്രയോജനങ്ങളുമുണ്ട്. ആരെങ്കിലും അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നു  വെച്ച് അതപ്പാടെ തടയാന്‍ പറ്റില്ല. ചിന്തകളില്‍ തീവ്രതയുള്ള പണ്ഡിതന്മാര്‍ വരെ അങ്ങനെ പറഞ്ഞിട്ടില്ല.

മൂന്ന്: അപകട സാധ്യത വളരെക്കൂടുതലുള്ളത്. ആഭ്യന്തര കലാപം രൂക്ഷമായ സന്ദര്‍ഭത്തില്‍ ആയുധ വില്‍പന നടത്തുക, വൈന്‍ ഉണ്ടാക്കുന്നവന് മുന്തിരി വില്‍ക്കുക പോലുള്ളവ ഉദാഹരണങ്ങള്‍. ഈ വഴികള്‍ അടക്കേണ്ടതാണെന്ന കാര്യത്തില്‍ മാലികികള്‍ക്കോ ഹമ്പലികള്‍ക്കോ എതിരഭിപ്രായമില്ല. 'അപകടം ഉറപ്പല്ലാത്തതുകൊണ്ട്' ഈ വഴികള്‍ തുറന്നുതന്നെ ഇരിക്കട്ടെ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

നാല്: വഴികള്‍ പുതുനിര്‍മിതികളി(ബിദ്അത്ത്)ലേക്ക് നയിക്കുന്നതാവുക. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ എഴുതപ്പെട്ട ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ഇമാം ശാത്വിബിയുടെ 'അല്‍ ഇഅ്തിസ്വാമി'ല്‍ ഇതേക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ''ഒരു പ്രവൃത്തി തത്ത്വത്തില്‍ നിയമാനുസൃതമായിരിക്കും. പക്ഷേ ഒരു ബിദ്അത്തിലേക്കാണ് അത് ഒരാളെ കൊണ്ടെത്തിക്കുന്നതെങ്കില്‍ ആ വഴി അടക്കേണ്ടിവരും.''2 ഒരു കര്‍മം ചെയ്യാന്‍ രണ്ട് വഴികളുണ്ടെന്ന് വെക്കുക. ഒന്നു എളുപ്പമുള്ളതും മറ്റേത് പ്രയാസകരമായതും. നല്ല തണുപ്പുള്ള സമയത്ത് ഇളം തണുപ്പുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും വുദൂ ചെയ്യാനായി ഒരാള്‍ക്ക് ലഭിക്കുന്നു. പുണ്യം അധികം കിട്ടട്ടെ എന്ന് കരുതി അയാള്‍ കൊടും തണുപ്പുള്ള വെള്ളം കൊണ്ട് വുദൂ എടുക്കുന്നു. ആ പ്രവൃത്തി അയാളെ രോഗിയാക്കിയേക്കും. വൃദ്ധനാണെങ്കില്‍ മരണത്തിനു വരെ അത് കാരണമായേക്കും. വേണ്ടത്ര സമ്പത്തുണ്ടായിട്ടും ഉണക്ക റൊട്ടി മാത്രം തിന്നുക, പരുക്കനും കീറിപ്പറഞ്ഞതുമായ വസ്ത്രം ധരിക്കുക പോലുള്ള കടുത്ത 'ആത്മീയ രീതികള്‍' പരീക്ഷിക്കുന്നവരുണ്ട്. ഇതൊക്കെയും ഒരു പുതിയ പൗരോഹിത്യ മതത്തെ സൃഷ്ടിച്ചെടുക്കലാണ്. ഖുര്‍ആനിലെയും സുന്നത്തിലെയും അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണ്. പ്രവാചകനുമായി അനുയായികള്‍ അനുസരണപ്രതിജ്ഞ ചെയ്തത് ഒരു മരച്ചുവട്ടില്‍ വെച്ചായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. പില്‍ക്കാലത്ത് ജനം ഒരു തീര്‍ഥാടനം പോലെ അങ്ങോട്ട് നീങ്ങാനും മരത്തണലില്‍ പുണ്യം തേടി നമസ്‌കരിക്കാനും തുടങ്ങി. അനാചാരങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന് ആ മരം മുറിച്ചുമാറ്റേണ്ടിവന്നു.

അഞ്ച്: ചില പ്രവൃത്തികള്‍ പ്രത്യക്ഷത്തില്‍ നിയമാനുസൃതമായിരിക്കും. പക്ഷേ ചില കുരുട്ടുവിദ്യകള്‍ (ഹിയല്‍) പ്രയോഗിച്ചിട്ടുണ്ടാവും. അങ്ങനെ ആ നിയമം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. കുതന്ത്രങ്ങളിലേക്ക് തുറക്കുന്ന ഇത്തരം വഴികളും അടക്കേണ്ടതുണ്ട്. ചടങ്ങു വിവാഹം പോലെ അത്യന്തം സ്ത്രീവിരുദ്ധമായ പ്രവൃത്തികള്‍ പരമ്പരാഗത ഫിഖ്ഹില്‍ പിടിക്കപ്പെടാതെ പോകുമെങ്കിലും ഫിഖ്ഹുല്‍ മഖാസ്വിദില്‍ അത്തരക്കാരെ കൈയോടെ പിടികൂടിയിരിക്കും. സകാത്ത് കൊടുക്കാന്‍ സമയമാകുമ്പോള്‍ സ്വത്ത് ഭാര്യയുടെയോ മക്കളുടെയോ പേരിലേക്കു മാറ്റി (പിന്നെയത് സ്വന്തം പേരിലേക്ക് തന്നെ മാറ്റും) സകാത്തില്‍നിന്ന് ഊരിച്ചാടാനുള്ള വഴികളും അടച്ചിരിക്കും.

 

അടച്ചത് ചിലപ്പോള്‍ തുറക്കേണ്ടിവരും

തിന്മയിലേക്ക് നയിക്കും എന്ന് ഭയന്ന് വളരെ സദുദ്ദേശ്യപ്രേരിതമായായിരിക്കും വഴികളടക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുക. പക്ഷേ, പുരോഗതിയിലേക്കുള്ള വഴികളായിരിക്കും പലപ്പോഴും അത്തരക്കാര്‍ അടച്ചിട്ടുണ്ടാവുക. ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധി (നിയ്യത്ത്) നോക്കിയല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നര്‍ഥം. അതുവഴി വ്യക്തിക്കും സമൂഹത്തിനും ഉണ്ടായത് നേട്ടമോ കോട്ടമോ എന്നാണ് നോക്കുക. അങ്ങനെ വരുമ്പോള്‍ നല്ല ഉദ്ദേശ്യത്തോടെ അടച്ചിട്ട പല വഴികളും തുറന്നുകൊടുക്കേണ്ടിവരും (ഫത്ഹുദ്ദറാഇഅ്). ശിഹാബുദ്ദീന്‍ ഖര്‍റാഫി മാത്രമല്ല, ആധുനിക പണ്ഡിതനായ അബൂസഹ്‌റയും ഇക്കാര്യം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്: ''വഴികള്‍ അടക്കാനോ തുറക്കാനോ ഉള്ള അടിസ്ഥാന മാനദണ്ഡം ഉദ്ദേശ്യ ശുദ്ധി ആക്കാവതല്ല. ആ പ്രവൃത്തിയുടെ അനന്തരഫലം എന്തെന്ന് നോക്കിയാണ് തുറക്കണോ അടക്കണോ എന്ന് തീരുമാനിക്കുക.''3 തത്ത്വചിന്തയിലും രാഷ്ട്രമീമാംസയിലും ഇീിലെൂൗലിശേമഹശേെ അുുൃീമരവ എന്നാണിതിന് പറയുക. പ്രവൃത്തിയുടെ റിസള്‍ട്ട് നോക്കി അതേക്കുറിച്ച് ഒരു തീരുമാനമെടുക്കുക.

ഈയൊരു പുരോഗമനാത്മക കാഴ്ചപ്പാട്, ചില പ്രത്യേക സാമൂഹിക, രാഷ്ട്രീയ, മത സാഹചര്യങ്ങളില്‍ അടച്ചിടപ്പെട്ട ഒട്ടുവളരെ വഴികളെ തുറന്നിടാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയിട്ടുണ്ട്. 'ഫിത്‌നയിലേക്കുള്ള വാതിലടക്കാന്‍' വേണ്ടിയായിരുന്നല്ലോ ഒരുകാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്. വാഹനമോടിക്കാനും റേഡിയോ-ടെലിവിഷന്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യാനും പാര്‍ലമെന്റില്‍ പ്രതിനിധികളാകാനും ഇപ്പോഴും ചില യാഥാസ്ഥിതിക വിഭാഗങ്ങള്‍ സ്ത്രീകളെ സമ്മതിക്കുന്നില്ല. എല്ലാം ഫിത്‌ന ഭയന്നുതന്നെ! ഇത്തരം ഊരുവിലക്കുകള്‍ മുസ്‌ലിം സ്ത്രീസമൂഹത്തെ എത്രയധികം പിന്നോട്ടടിപ്പിച്ചു എന്ന് സ്ഥിതിവിവര കണക്കുകള്‍ പരതേണ്ട കാര്യമില്ല. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടിരുന്ന പല അവകാശങ്ങളും 'ഫിത്‌നയെ തടയാന്‍' എന്ന പേരില്‍ ഇന്നും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ പുരോഗതിക്ക്  വിഘാതമാവുന്ന വഴിതടസ്സങ്ങളെ തട്ടിമാറ്റാന്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന മഖാസ്വിദീ പഠനങ്ങള്‍ക്കായിട്ടുണ്ട് എന്നത് ശുഭോദര്‍ക്കമാണ്.

ഡോ. യൂസുഫുല്‍ ഖറദാവിയുടെ കൃതികളില്‍നിന്നുള്ള ഇനി ചേര്‍ക്കുന്ന ഉദ്ധരണികള്‍ ഈ തത്ത്വത്തിന്റെ അശ്രദ്ധമായ പ്രയോഗം എത്ര അപകടകരമാണ് എന്ന് കാണിക്കുന്നുണ്ട്. ''സ്ത്രീകള്‍ മുഖം കൂടി മറക്കണം (നിഖാബ്) എന്നതിന് തെളിവായി പ്രമാണങ്ങള്‍ ഉദ്ധരിക്കാനില്ലാതാവുമ്പോള്‍, അവര്‍ തെളിവിനായി കൂട്ടുപിടിക്കുന്നത് 'വഴിയടക്കലി'നെ (സദ്ദുദ്ദറാഇഅ്)യാണ്. എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയുള്ള ഏക ആയുധം ഇതാണ്. സദ്ദുദ്ദറാഇഅ് എന്നാല്‍ അനുവദിച്ച ഒരു കാര്യം തടയുകയാണ്, അത് വിലക്കപ്പെട്ടതിലേക്ക് ചെന്നെത്തുമോ എന്ന ഭയത്താല്‍. ഇത്തരം ഓരോ കാര്യത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉള്ളതാണ്. ഒരേ കാര്യത്തില്‍തന്നെ ചിലര്‍ തടയണമെന്ന് പറയുന്നു, ചിലര്‍ അനുവദിക്കണമെന്ന് പറയുന്നു. സദ്ദുദ്ദറാഇഅ് നിയമാനുസൃതമാണെന്നതിന് ഇബ്‌നുല്‍ ഖയ്യിം തന്റെ 'ഇഅ്‌ലാമുല്‍ മുവഖിഈന്‍' എന്ന കൃതിയില്‍ 99 തെളിവുകള്‍ നല്‍കുന്നുണ്ട്. എനിക്കും അദ്ദേഹത്തോട് യോജിപ്പാണുള്ളത്. പക്ഷേ, സൂക്ഷ്മ ദൃക്കുകളായ പണ്ഡിതന്മാര്‍ അംഗീകരിച്ച ഒരു തത്ത്വമുണ്ട്. വഴി അടക്കുന്നതിലെ അതിരുകവിച്ചില്‍ വഴി തുറക്കുന്നതിലെ അതിരുകവിച്ചില്‍ പോലെത്തന്നെയാണ്. രണ്ടും ജനങ്ങളുടെ ഐഹികവും പാരത്രികവുമായ കാര്യങ്ങളെ വളരെയധികം ദോഷകരമായി ബാധിക്കും. വഴിയടക്കല്‍ പല മാനവിക താല്‍പര്യങ്ങളെയും തടയുന്നുണ്ടെന്നുകൂടി ഓര്‍ക്കുക.''4

''പ്രമാണങ്ങളില്‍ നിയമദാതാവായ അല്ലാഹു ഒരു കാര്യം തുറന്നുവെച്ചിട്ടുണ്ടെങ്കില്‍, നമ്മുടെ ഭയാശങ്കകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമൊത്ത് അത് നാം അടച്ചിടാന്‍ പാടില്ല. അല്ലാഹു വിലക്കിയത് നാം അനുവദനീയമാക്കുന്നു, അല്ലെങ്കില്‍ അവന്‍ അനുവാദം തരാത്ത പുതിയൊരു നിയമം നാം ഉണ്ടാക്കുന്നു എന്നാണതിന്റെ അര്‍ഥം. സ്ത്രീ വിദ്യ അഭ്യസിക്കുന്നതിനും അവള്‍ സ്‌കൂളുകളിലേക്കും യൂനിവേഴ്‌സിറ്റികളിലേക്കും പോകുന്നതിനുമെതിരെ ഒരുകാലത്ത് ചില വിഭാഗങ്ങള്‍ ഉച്ചത്തില്‍ ശബ്ദിച്ചിരുന്നു. അവരുടെ ന്യായവും 'വഴിതടയല്‍' ആയിരുന്നു. പെണ്ണുങ്ങള്‍ പെട്ടെന്ന് ശൃംഗാരത്തില്‍ വീണുപോവും, പിന്നെ കത്തെഴുത്തും മറ്റും മാത്രമാവും പണി എന്നിങ്ങനെയാവും വ്യാഖ്യാനങ്ങള്‍. ഇന്നിപ്പോള്‍ മതപരവും ഭൗതികവുമായ ഏത് അറിവും മുസ്‌ലിം സ്ത്രീകള്‍ക്ക് നേടാമെന്ന് വന്നിരിക്കുന്നു. ആര്‍ക്കും അക്കാര്യത്തില്‍ എതിരഭിപ്രായമില്ല. പഠനമെല്ലാം ഇസ്‌ലാമിന്റെ ധാര്‍മിക പരിധികള്‍ പാലിച്ചുകൊണ്ടാവണമെന്ന് മാത്രം.''5

''സ്ത്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളെ സദ്ദുദ്ദറാഇഅ് കാഴ്ചപ്പാടിലൂടെ നോക്കുന്നവരുണ്ട്. സ്ത്രീ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പ്രചാരണ പരിപാടികള്‍ക്കിടയില്‍ പുരുഷന്മാരുമായി ഇടകലരുമെന്നും ചിലപ്പോള്‍ അവരുമായി ഒറ്റക്കായിപ്പോവുമെന്നും അത് ഹറാമാണെന്നും ഹറാമിലേക്ക് നയിക്കുന്നതെല്ലാം ഹറാമാണെന്നുമാണ് വാദം. 'വഴിയടക്കലുകള്‍' വേണ്ടതുതന്നെ. പക്ഷേ, വഴിതുറക്കുന്നതിലെ തീവ്രത പോലെ തന്നെയാണ് വഴിയടക്കലിലെ തീവ്രതയും എന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന കുഴപ്പങ്ങളേക്കാള്‍ എത്രയോ വലുതായിരിക്കും അതുവഴി നഷ്ടമാകുന്ന മാനവിക താല്‍പര്യങ്ങള്‍. ഇതേ യുക്തിയും ന്യായവും സ്ത്രീകള്‍ വോട്ട് ചെയ്യരുത് എന്ന് വാദിക്കുന്നവര്‍ക്കും എടുത്ത് പയറ്റാമല്ലോ. അവരും പറയുന്നത് സ്ത്രീകള്‍ വോട്ട് ചെയ്താലുണ്ടാവുന്ന ഫിത്‌ന ഫസാദുകളെക്കുറിച്ചാണല്ലോ. ഇങ്ങനെ മതാഭിമുഖ്യമുള്ള പാര്‍ട്ടികള്‍ക്ക് എത്ര വോട്ടുകളാണ് നഷ്ടമാവുന്നത്. മതവിരുദ്ധര്‍ക്കെതിരെ നല്ലൊരു പിന്‍ബലമാവുമായിരുന്നില്ലേ ആ വോട്ടുകള്‍?''6

''ടെസ്റ്റ്ട്യൂബ് ശിശുവിന്റെ കാര്യത്തില്‍ ആ പ്രക്രിയയ അപ്പാടെ പാടില്ലാത്തതാണ് എന്ന് പറയുന്നവരു്. വംശവിശുദ്ധി നഷ്ടപ്പെട്ടുപോകും എന്നാണവരുടെ ഭയം. അതിനാല്‍ ആ വഴി തടയണം. നേരത്തേപറഞ്ഞത് തന്നെയാണ് ഇവിടെയും പറയാനുള്ളത്. ഈ തീവ്ര നിലപാട് കാരണം ഒരുപാട് നന്മകളാണ് സമൂഹം നഷ്ടപ്പെടുത്തിക്കളയുന്നത്.''7

''വഴികള്‍ തുറക്കുന്നതില്‍ എന്ന പോലെ അടക്കുന്നതിലും അതിരുകവിച്ചില്‍ പാടില്ലെന്ന് ഇമാമുമാരായ ഖര്‍റാഫിയും ശാത്വിബിയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പാട്ട് തന്നെ ഹറാമാണെന്ന് പറയുന്ന സഹോദരന്മാരുണ്ട്. ഒരു വഴി പാടേ കൊട്ടിയടക്കുമ്പോള്‍ ഒരുപാട് നന്മകളായിരിക്കും സമൂഹത്തിന് നഷ്ടമാവുന്നത്. അല്ലാഹു വിശാലമാക്കിത്തന്നത് ഇടുങ്ങിപ്പോകാനും അത് വഴിവെക്കും. ദീനിന്റെ പ്രകൃതം തന്നെ അപ്പോള്‍ മാറിപ്പോകും. എളുപ്പമാക്കലാണ് ദീനിന്റെ മുഖമുദ്ര. കടുംപിടിത്തക്കാര്‍ കടന്നുവരുന്നതോടു കൂടി ഇസ്‌ലാമിനെ അവര്‍ ചില ക്രൈസ്തവ വിഭാഗങ്ങളുടെയും പേര്‍ഷ്യയിലെ മാനിവിഭാഗങ്ങളുടെയും മതചര്യപോലെ ആക്കിത്തീര്‍ക്കും. ഭൗതിക ജീവിതത്തെ പുഛത്തോടെയാവും അവര്‍ കാണുക. ഇത് ഇസ്‌ലാമിക വീക്ഷണവുമായി ഒത്തുപോവുകയില്ല... എനിക്ക് തോന്നുന്നത്, ഏതൊക്കെ ഉപാധികള്‍ പാലിച്ചാല്‍ ഗാനങ്ങള്‍ അനുവദനീയമാകും എന്ന് ആലോചിച്ചാല്‍ മതിയെന്നാണ്.  'സദ്ദുദ്ദറാഇഅ്' തത്ത്വം ഇങ്ങോട്ട് കൊണ്ടുവരേണ്ടതില്ല. പ്രമാണങ്ങള്‍ വെച്ചും ശരീഅത്തിന്റെ പൊതു തത്ത്വങ്ങള്‍ വെച്ചും നമുക്ക് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാവുന്നതാണല്ലോ.''8

 

(തുടരും)

കുറിപ്പുകള്‍

 

1. ഖര്‍റാഫി- അന്‍വാഉല്‍ ബുറൂഖ് ഫീ അന്‍വാഇല്‍ ഫുറൂഖ് 3/46

2. ശാത്വിബി- അല്‍ ഇഅ്തിസ്വാം പേജ് 253

3. അബൂസഹ്‌റ- മാലിക്, പേജ് 343

4. യൂസുഫുല്‍ ഖറദാവി- അന്നിഖാബു ലില്‍ മര്‍അഃ ബൈനല്‍ ഖൗലി ബി ബിദഇയ്യതിഹി വല്‍ ഖൗലി ബി വുജൂബിഹി, മക്തബതു വഹബ, പേജ് 57

5. അതേ പുസ്തകം, പേജ് 57

6. ഖറദാവി- ഫതാവാ മുആസ്വറഃ

7. ഖറദാവി- അല്‍ ഇജ്തിഹാദു ഫിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ, പേജ് 200

8. ഖറദാവി-ഫിഖ്ഹുല്‍ ഗിനാഇ വല്‍ മൂസീഖി ഫീ ളൗഇല്‍ ഖുര്‍ആനി വസ്സുന്നഃ പേജ് 73,74


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 56-58
എ.വൈ.ആര്‍