Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

വിളക്കോട്ടില്‍ ഇമ്പിച്ച്യമ്മദ്

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഏരിയയിലെ ഗോതമ്പറോഡ് ഹല്‍ഖാ പ്രവര്‍ത്തകന്‍ വി. ഇമ്പിച്ച്യമ്മദ് സാഹിബ് റമദാന്‍ 21-ന് തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ അല്ലാഹുവിങ്കലേക്ക് യാത്രയായി. 6 റക്അത്തിന് ഇമാമത്ത് നിര്‍വഹിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ 7-ാം റക്അത്തിന് ഇമ്പിച്ച്യമ്മദ് സാഹിബ് നേതൃത്വം നല്‍കി. സൂറഃ അദ്ദഹ്‌റിലെ 'പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ നാഥന്റെ നാമം സ്മരിക്കുക' എന്ന 25-ാമത്തെ ആയത്തെത്തിയപ്പോഴേക്കും ആ സ്വരം നിലച്ചു. 

വിളക്കോട്ടില്‍ കര്‍ഷക കുടുംബത്തിലെ മികച്ച കര്‍ഷകനായിരുന്നു പരേതന്‍. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും പരന്ന വായനയിലൂടെ അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കി. ഖുര്‍ആനും ഹദീസും അക്ഷരങ്ങള്‍ക്കപ്പുറം ആശയങ്ങളിലൂടെ വായിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഖത്വീബുമാരെയും പ്രസംഗകരെയും ആര്‍ജവത്തോടെ തിരുത്തും. ശാന്തനും സാത്വികനുമായിരുന്ന അദ്ദേഹം പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും സമവായമുണ്ടാക്കാനും മുന്‍പന്തിയില്‍ നിന്നു. 

ഇസ്‌ലാഹീ കുടംബ പശ്ചാത്തലത്തില്‍നിന്ന് വന്ന അദ്ദേഹം പ്രദേശത്ത് പ്രസ്ഥാനം കടന്നുവന്നപ്പോള്‍തന്നെ മുന്നില്‍ നടന്നു. മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് മെമ്പര്‍, മസ്ജിദുല്‍ മഅ്‌വാ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഒരു മകനും 3 പെണ്‍മക്കളുമുണ്ട്. 

 

പി. അബ്ദുസ്സത്താര്‍

 

എം.കെ അമ്മദ് ഹാജി

 

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത പാലേരി പാറക്കടവ് സ്വദേശിയായ എം.കെ അമ്മദ് ഹാജി മരിക്കുമ്പോള്‍ പ്രായം തൊണ്ണൂറ്. യൗവനത്തിന്റെ തുടിപ്പും ചടുലതയും മനസ്സുമായി മരണം വരെ ദീനീരംഗത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടു അദ്ദേഹം. പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളിലും മുന്‍പന്തിയിലുണ്ടാകുമായിരുന്നു. 

ദാരിദ്ര്യം നന്നായി അനുഭവിച്ച ഒരു കാലമുണ്ടായിരുന്നു. മണ്ണില്‍ കഠിനാധ്വാനം ചെയ്ത് പൊന്നു വിളയിക്കുന്ന കര്‍ഷകന്‍ കൂടിയായിരുന്നു. നെല്ല് വിളയുന്ന സമയത്ത് കൊയ്യാന്‍ 'ഞങ്ങളെയും കൂട്ടണ'മെന്ന് നേരത്തേ വീട്ടില്‍ വന്ന് പലരും  പറയുന്നതു കാണാം. ഇന്നത്തെ പോലെ പണമായിരുന്നില്ല കൂലിയായി കൊടുക്കാറ്. പകരം 'പത'മായിരുന്നു.  മെതിച്ചെടുത്ത നെല്ല് ഒരു പ്രത്യേക അളവു പാത്രം കൊണ്ട് ജോലിക്കാര്‍ക്കും അളന്നുനല്‍കും. 

തീരെ നടക്കാനാവാത്ത വിധം രോഗശയ്യയിലാവുന്നതുവരെ കുറച്ചകലെയുള്ള മഹല്ലിലെ ജുമുഅത്ത് പള്ളിയില്‍ എല്ലാ നേരവും ജമാഅത്തിന് നടന്നുപോകും. ബാങ്ക് വിളിക്കലും പതിവായിരുന്നു. സുപരിചിതമായ ആ ബാങ്ക്‌വിളി നിലച്ചത് നാട്ടുകാര്‍ വ്യസനത്തോടെയാണ് ഓര്‍ക്കുന്നത്. പ്രായഭേദമന്യേ  എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തി. പുസ്തകത്താളുകളില്‍നിന്ന് ലഭിക്കാത്ത പഴയകാല അറിവുകള്‍ യുവ തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു.

തന്നെ കാണാന്‍ വരുന്നവരോട് 'വേദനയില്ലാത്ത മരണത്തിനു വേണ്ടി' പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ട്യൂമറായിട്ടും വല്ലാതെ വേദന അനുഭവിക്കേണ്ടിവന്നില്ല. ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നില്ല. മരണത്തിന്റെ മാലാഖ വാപ്പയെ തേടിയെത്തുമ്പോള്‍ വീട്ടില്‍ ഞങ്ങള്‍ മക്കള്‍ മാത്രമല്ല, പള്ളിയില്‍നിന്ന്  സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞെത്തിയവരുമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരിളം പുഞ്ചിരി സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. 

 

ജമാലുദ്ദീന്‍ പാലേരി


സഫൂറ ടീച്ചര്‍

 

കൊറ്റിയോട് ഹല്‍ഖാ നാസിം ടി.കെ അബ്ദുര്‍റഹ്മാന്‍ ഉമരിയടെ ഭാര്യയും സജീവ ഇസ്‌ലാമിക പ്രവര്‍ത്തകയും പൊറ്റശ്ശേരി ഗവ: ഹൈസ്‌കൂള്‍ അധ്യാപികയുമായ സഫൂറ ടീച്ചര്‍ ഒട്ടേറെ നല്ല മാതൃകകള്‍ അവശേഷിപ്പിച്ചാണ് റമദാന്‍ 9-ന് അല്ലാഹുവിങ്കലേക്ക് യാത്രയായത്. 

മര്‍ഹൂം അബുല്‍ജലാല്‍ മൗലവിയുടെ ജന്മനാടായ കൊറ്റിയോട് പ്രദേശത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളോടൊപ്പം നിലകൊണ്ട സഫൂറ ടീച്ചര്‍ സ്വന്തം വീട് തന്നെ ഇസ്‌ലാമിക പരിപാടികള്‍ നടത്താന്‍ സ്വയം സജ്ജമാക്കുമായിരുന്നു. പ്രദേശത്തെ പാവങ്ങളെ നിശ്ശബ്ദമായി സേവിക്കുകയും കുടുംബബന്ധങ്ങളും അയല്‍പക്കബന്ധങ്ങളും വളരെ ഊഷ്മളതയോടെ പരിപാലിക്കുകയും ചെയ്തു അവര്‍. സര്‍വീസില്‍നിന്ന് ലീവെടുത്ത് രണ്ടു വര്‍ഷം ഗുരുതര രോഗാവസ്ഥയോട് പൊരുതിനില്‍ക്കുമ്പോഴും ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരെയും താനനുഭവിക്കുന്ന കടുത്ത വേദനയുടെ ഒരു പ്രയാസവും പ്രകടിപ്പിക്കാതെയാണ് അവര്‍ അഭിമുഖീകരിച്ചത്. തനിക്ക് അല്ലാഹു തൗബയോടെ ശാന്തമായി യാത്രചെയ്യാന്‍ അവസരം നല്‍കിയിരിക്കുകയാണെന്നും എല്ലാവര്‍ക്കും ഇത് ലഭ്യമാവുകയില്ലെന്നും അതിനാല്‍ എപ്പോഴും തഖ്‌വ മുറുകെപ്പിടിക്കണമെന്നും സ്വന്തക്കാരെയും ബന്ധുക്കളെയും നിരന്തരം ഉദ്‌ബോധിപ്പിച്ചാണ് റമദാനിലെ പുണ്യ രാവില്‍ അവര്‍ യാത്ര പറഞ്ഞത്. മക്കള്‍: സഫ്്വവാന, അഫ്ത്താബ് റഹ്മാന്‍, അതീഖ് റഹ്മാന്‍. 

മന്‍സൂര്‍ കൊറ്റിയോട്

 

ത്വാഹിര്‍ അലി

 

കൊാേട്ടി കാളോത്ത് സാമൂഹിക സേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു ആലിക്കുട്ടി-സുബൈദ ദമ്പതികളുടെ മകന്‍ ത്വാഹിര്‍ അലി എന്ന കുട്ടിപ്പ. സോളിഡാരിറ്റി ഏരിയാ സെക്രട്ടറിയും നെണ്ടോളി മൊല്ല ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ട്രഷററുമായിരുന്ന എന്റെ ജ്യേഷ്ഠ സഹോദരന്‍ കാളോത്ത് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴിലുള്ള വിദ്യാ വായനശാലയുടെ നടത്തിപ്പിലും മുഖ്യപങ്ക് വഹിച്ചു. മാധ്യമം ദിനപ്പത്രവും ഇതര മാധ്യമ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്ത് നാട്ടുകാര്‍ക്കിടിയില്‍ സുപരിചിതനായിരുന്നു. സ്വന്തം പേര് അന്വര്‍ഥമാക്കിയ ശുദ്ധ പ്രകൃതത്തിനുടമയായിരുന്നു അദ്ദേഹം. നമസ്‌കാരാദി ഇബാദത്തുകളിലും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരുപോലെ ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂള്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്‌റത്ത്, മകള്‍: ഫാത്വിമ ജസ. 

 

ഇഖ്ബാല്‍ മുള്ളുങ്ങല്‍ 

 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍