മുഖ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവാതെ
കുടുംബാധിപത്യം, സ്വജനപക്ഷപാതം, പ്രാദേശിക വാദം, ജാതീയത ഇതെല്ലാം ഇന്ത്യന് രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയിട്ട് കാലം കുറേയായി. ഇത്തരം മാറാ രോഗങ്ങള് ആഗോളതലത്തില് ഇന്ത്യക്ക് വേണ്ടതിലധികം അപഖ്യാതി സമ്മാനിക്കുന്നുമുണ്ട്. എല്ലാ വിഭാഗങ്ങളെയും ചേര്ത്തുപിടിച്ചുള്ള വികസനത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്ക്ക് സ്റ്റേജ് കെട്ടി പറയാനുള്ള വീണ്വാക്ക് മാത്രമാണ്. പ്രയോഗതലത്തില് അങ്ങനെയുള്ള നീക്കങ്ങള് എവിടെയും ദൃശ്യമല്ല. യു.പിയിലെ ഗോരഖ്പൂരില് ആള് ഇന്ത്യാ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല് സയന്സസിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 22-ന് നടത്തിയ പ്രസംഗത്തിലും 'വികസന രാഷ്ട്രീയ'ത്തിന്റെ പതിവ് പദാവലികളാണ് കാണാനുള്ളത്. സമാജ്വാദി പാര്ട്ടിയെയും ബഹുജന് സമാജ് പാര്ട്ടിയെയും കോണ്ഗ്രസ്സിനെയും പേരെടുത്ത് പറയാതെ അവരില് കുടുംബാധിപത്യവും വംശീയതയും ആരോപിച്ച് ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ടുകൊണ്ടുള്ള ഒളിയമ്പുകളാണിവ. ഈ മൂന്ന് കക്ഷികളുമാണ് അവിടെ ഏതിരാളികള്. കോണ്ഗ്രസ്സില് നേരത്തേ കുടുംബാധിപത്യമാണ്. സമാജ് വാദി പാര്ട്ടിയിലും അഛന്റെ രാഷ്ട്രീയ അനന്തരാവകാശിയായി മകനല്ലാതെ മറ്റാരും ചിത്രത്തിലില്ല. ദലിത് വോട്ടുകളില് കേന്ദ്രീകരിച്ച് ബഹുജന് സമാജ് പാര്ട്ടി വിഭാഗീയ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആരോപണം. വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് ബി.ജെ.പി മാത്രമാണെന്നും ജനം അത് മനസ്സിലാക്കണമെന്നുമാണ് മോദിയുടെ അഭ്യര്ഥന.
പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിലെന്നല്ല, മറ്റൊരു പ്രസംഗത്തിലും കടന്നുവരാത്ത ഒരു വാക്കുണ്ട്. അത് 'വര്ഗീയത' ആണ്. കുടുംബാധിപത്യവും സ്വജനപക്ഷപാതവും മാരകമായ രോഗങ്ങള് തന്നെ. പാര്ട്ടി ആധിപത്യവും അധികാരവുമൊക്കെ ചില കുടുംബങ്ങള് കുത്തകയാക്കി വെക്കുകയാണ് അവിടെ. പക്ഷേ, അത്തരം തിന്മകളേക്കാള് എത്രയോ മാരകമാണ് രാഷ്ട്ര ശരീരത്തെ ഒന്നാകെ കാര്ന്നുതിന്നുന്ന വര്ഗീയത എന്ന് ആര്ക്കാണ് അറിഞ്ഞുകൂടാത്തത്! ഇക്കാര്യത്തില് പ്രധാനമന്ത്രിയുടെ മൗനം വളരെ അര്ഥഗര്ഭമാണ്. കാരണം വര്ഗീയതയെക്കുറിച്ച് പറഞ്ഞാല് ഒട്ടേറെ എതിര്ചോദ്യങ്ങള്ക്ക് ഉത്തരം പറയേണ്ടിവരും. തന്റെ രാഷ്ട്രീയ ജീവിതം തന്നെ ഒരു പോസ്റ്റ്മോര്ട്ടത്തിന് വിധേയമാക്കേണ്ടിവരും. ബി.ജെ.പി നേതാവും പാര്ലമെന്റ് അംഗവുമായ യോഗി ആദിത്യനാഥിനെ പോലുള്ളവര് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മുസ്ലിംവിരുദ്ധ പരാമര്ശങ്ങളെക്കുറിച്ച് പ്രതികരിക്കേണ്ടിവരും. വര്ഗീയതയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് മാത്രമല്ല, വര്ഗീയത കുത്തിയിളക്കുന്നവര്ക്ക് ഈ മൗനം പ്രോത്സാഹനമാവുകയുമാണ്. മതന്യൂനപക്ഷങ്ങള്ക്കെതിരെ എത്ര മാരകമായി വിഷം ചീറ്റിയാലും തങ്ങള്ക്കെതിരെ നടപടികളൊന്നുമുണ്ടാവില്ലെന്ന് വര്ഗീയ രാഷ്ട്രീയത്തിന്റെ പ്രചാരകര്ക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രിയുടെ പാര്ട്ടി തന്നെ അടുത്ത വര്ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില് വര്ഗീയ കാര്ഡിറക്കിയാണ് കളിക്കാന് പോവുന്നതെന്ന് അലീഗഢ് മുസ്ലിം സര്വകലാശാലക്ക് ന്യൂനപക്ഷ പദവി ഇല്ലെന്ന കേന്ദ്ര സര്ക്കാറിന്റെ വാദവും മുസ്ലിംകള് പീഡിപ്പിക്കുന്നതിനാല് ഹിന്ദുക്കള് യു.പിയിലെ കൈരാനയില്നിന്ന് പലായനം ചെയ്യുകയാണെന്ന വ്യാജ പ്രചാരണവും തെളിയിക്കുന്നുണ്ടല്ലോ.
ജാതീയതയാണ് രാഷ്ട്രം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അതേക്കുറിച്ചും പ്രധാനമന്ത്രി മൗനത്തില്തന്നെ. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്ഥി രോഹിത് വെമുലയുടെ ആത്മഹത്യ മുതല് ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില് ഗുജറാത്തില് ദലിത് യുവാക്കള് നേരിടേണ്ടിവന്ന പീഡനങ്ങള് വരെയുള്ള സംഭവങ്ങളില് കേന്ദ്ര-സംസ്ഥാന സര്ക്കാറുകള് തുടര്ന്നുപോന്ന അലംഭാവം സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ്. ഗുജറാത്തില് ദലിത് സംഘടനകളുടെ കൂറ്റന് പ്രതിഷേധ റാലികള് നടന്നുകൊണ്ടിരിക്കുകയാണ്. ദലിത് പീഡനങ്ങളും പട്ടേല് പ്രക്ഷോഭവും കൈകാര്യം ചെയ്യുന്നതില് പരാജയപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന് പട്ടേലിന് രാജിവെച്ചൊഴിയേണ്ടിവന്നു. വരാന് പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില് സംഘ് പരിവാറിന് കനത്ത തിരിച്ചടിയായേക്കാവുന്ന ജാതി പീഡനങ്ങളെക്കുറിച്ച് തുറന്നുപറയാന് പാര്ട്ടി വക്താക്കള് ഇപ്പോഴും അറച്ചുനില്ക്കുകയാണ്. എല്ലാം അണിയറ നാടകങ്ങളില് ഒതുക്കുകയാണ്.
വര്ഗീയതയെക്കുറിച്ചും ജാതീയതയെക്കുറിച്ചും മിണ്ടാനാവില്ല എന്നു വന്നാല് പിന്നെ പറയാനുള്ളത് കുടുംബാധിപത്യത്തെക്കുറിച്ചും മറ്റുമാണ്. പക്ഷേ, ഇക്കാര്യത്തിലും ബി.ജെ.പി കോണ്ഗ്രസ്സിന്റെ വഴിയേ പോകുന്നു എന്നതല്ലേ ശരി? പാര്ലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകളില് പാര്ട്ടി ടിക്കറ്റ് വിതരണം ചെയ്യുമ്പോള് മക്കള് രാഷ്ട്രീയം തന്നെയല്ലേ ബി.ജെ.പിയിലും മുഴച്ചുനില്ക്കാറ്? കോണ്ഗ്രസ്സില് നെഹ്റു കുടുംബമുണ്ടെങ്കില് ബി.ജെ.പിയില് സിന്ധ്യാ കുടുംബമില്ലേ? മേനക ഗാന്ധി, പ്രമോദ് മഹാജന്, ഗോപിനാഥ് മുണ്ഡെ തുടങ്ങിയ നേതാക്കളുടെ മക്കള് ബി.ജെ.പി രാഷ്ട്രീയത്തിലെത്തിയത് കുടുംബവാഴ്ച നിലനില്ക്കുന്നതിന്റെ തെളിവല്ലേ? ജാതി രാഷ്ട്രീയം കളിക്കുന്നു എന്നാണ് മുലായം സിംഗിനും മായാവതിക്കുമെതിരെയുള്ള ആരോപണമെങ്കില്, മോദി കാബിനറ്റിലെ സുപ്രധാന വകുപ്പുകളൊക്കെ എങ്ങനെ ഉയര്ന്ന ജാതിക്കാരുടെ കൈകളിലായി? അതും ജാതി രാഷ്ട്രീയമല്ലേ?
വര്ഗീയതയും ജാതീയതയും തന്നെയാണ് ഇന്ത്യയെ പിറകോട്ടടിപ്പിക്കുന്ന വന് വിപത്തുകള്. സംഘ് പരിവാര് രാഷ്ട്രീയ പരിസരത്താണ് അവ രണ്ടും തഴച്ചുവളരുന്നത്. കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പില് ബി.ജെ.പി ഉയര്ത്തിയ ഒരു മുദ്രാവാക്യമുണ്ട്- എല്ലാവര്ക്കും വികസനം. ജാതിയുടെയും മതത്തിന്റെയും പേരില് ജനങ്ങളെ തമ്മിലടിപ്പിക്കുന്നവര്ക്ക് എങ്ങനെയാണ് എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനു വേണ്ടി നിലകൊള്ളാനാവുക? വാക്കും പ്രവൃത്തിയും തമ്മില് യാതൊരു ബന്ധവുമില്ലെന്നും എല്ലാം പൊള്ളയായ വാചകക്കസര്ത്താണെന്നും ജനം തിരിച്ചറിയാന് തുടങ്ങിയിരിക്കുന്നു. ഗുജറാത്തിലെ ദലിത് പ്രക്ഷോഭം നല്കുന്ന സൂചന അതാണ്.
Comments