Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

അന്ദലൂസ് മുസ്‌ലിം നൊസ്റ്റാള്‍ജിയ മാത്രമല്ല

പ്രഫ. ബദീഉസ്സമാന്‍

സെവില്ലെയുടെ പതനം പശ്ചാത്തലമാക്കി അബുല്‍ ബഖാഅ് അര്‍റുന്‍ദി 13-ാം നൂറ്റാണ്ടില്‍ രചിച്ച റസാഉല്‍ അന്ദലൂസ് എന്ന വിലാപകാവ്യം, അതിന്റെ ദൈന്യതയാര്‍ന്ന ചിത്രം വരച്ചുവെക്കുന്നുണ്ട്. കാവ്യത്തിന്റെ അവസാന ഭാഗം ഇങ്ങനെ: 

ഇന്നലെയവര്‍ രാജാക്കന്മാരായിരുന്നു അവരുടെ ഭവനങ്ങളില്‍. 

ഇന്ന്, നിഷേധികളുടെ നാട്ടിലെ അടിമകളും

പരിഭ്രാന്തരായി ആ അശരണര്‍

നിന്ദ്യതയുടെ പലവര്‍ണ വസ്ത്രങ്ങളണിഞ്ഞ്...

വാണിഭം നടത്തപ്പെട്ടപ്പോളവരുടെ കണ്ണുനീര്‍ നീ കണ്ടിരുന്നെങ്കില്‍

ഭയം നിന്റെ ഹൃദയത്തില്‍ നിറഞ്ഞേനെ,

കദനഭാരം നിന്നെ ഉലച്ചേനെ

ആത്മാവും ശരീരവും വേര്‍പെട്ട പോല്‍

എത്ര മാതാക്കളും കുഞ്ഞുങ്ങളുമാണവിടെ പിരിഞ്ഞത്?

ഉദയാര്‍ക്കന്റെ ശോഭയുള്ള പെണ്‍കിടാങ്ങള്‍

മുത്തും പവിഴവും പോലുള്ളവര്‍!

കരഞ്ഞു കലങ്ങിയ കണ്ണുകളും പരിഭ്രമിച്ച ഹൃദയങ്ങളുമായി

ബീഭത്സതയിലേക്കാണവര്‍ കാടന്മാരാല്‍ നയിക്കപ്പെടുന്നത്

ഈ വികൃത കാഴ്ചകളാല്‍ ഏത് ഹൃദയവും ഉരുകിയൊലിച്ചേനെ,

ഒരല്‍പം ഇസ്‌ലാമും ഈമാനും അതിലുണ്ടായിരുന്നെങ്കില്‍

1267-ല്‍ എഴുതപ്പെട്ട ഈ കാവ്യം 1570-ലെ ഗ്രനഡയെ കുറിച്ചാണെന്ന് തോന്നിപ്പോകും. കീഴടക്കിയ അന്ദലൂസ് ഭാഗങ്ങളിലൊക്കെ കത്തോലിക്കാ സൈന്യത്തിന്റെ പോളിസി ഒന്നു തന്നെയായിരുന്നു എന്നര്‍ഥം.

*****

ഇനി മുന്നോട്ടു വഴിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് തോന്നിയൊരിടത്ത് നിന്ന് തിരിച്ചു നടക്കാന്‍ ഭാവിക്കുമ്പോള്‍ കണ്ട ഒരു സൈക്കിള്‍ യാത്രികന്‍ കൃത്യമായ വഴി ശുദ്ധമായ ഇംഗ്ലീഷില്‍ പറഞ്ഞുതന്നു. അങ്ങനെ ഞങ്ങള്‍ അല്‍ബേസിനിലെ മുസ്‌ലിം പള്ളിക്ക് മുന്നിലെത്തി.

അല്‍ഹംറാ പാലസിനു നേരെ അഭിമുഖമായി നില്‍ക്കുന്ന Plaza San Nicolas എന്ന കുന്നിന്‍പുറത്താണ് മുസ്‌ലിം പള്ളി. ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത സെന്റ് നിക്കൊളാസ് ചര്‍ച്ചിന് തൊട്ടടുത്ത്. ഈ ചര്‍ച്ചിന്റെ പേരിലാണാ സ്ഥലം അറിയപ്പെടുന്നത്. മുസ്‌ലിംകള്‍ കുടിയിറക്കപ്പെട്ട് 500 വര്‍ഷങ്ങള്‍ക്കു ശേഷം അതേ അല്‍ ഹംറക്ക് അഭിമുഖമായി നില്‍ക്കുന്ന സാന്‍ നിക്കോളാസില്‍ വീണ്ടും ബാങ്കൊലി മുഴങ്ങിയത് ഒരനുഭവമായി തന്നെ ഈ പള്ളിയുടെ പ്രവര്‍ത്തകര്‍ കാണുന്നു. നീണ്ട 22 വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കു ശേഷമാണ്, ഉത്തരാഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കായല്ലാതെ സ്പാനിഷ് തദ്ദേശീയര്‍ക്കായി ഒരു പള്ളിക്ക് അനുമതി കിട്ടുന്നത്. ഇസ്‌ലാം സ്വീകരിച്ച സ്‌കോട്ട്‌ലന്റുകാരനായ അബ്ദുല്‍ ഖാദിര്‍ അസ്സൂഫിയുടെ മുന്‍കൈയിലാണ് 2003-ല്‍ പള്ളി സ്ഥാപിക്കപ്പെടുന്നത്. പ്രാര്‍ഥനാ സ്ഥലം, ഇസ്‌ലാമിക പഠന കേന്ദ്രം, പൂന്തോട്ടം എന്നിവ ചേര്‍ന്നതാണ് പള്ളി സമുച്ചയം.

ഖുര്‍ആന്‍ ക്ലാസ്സുകളും പൊതു വിഷയങ്ങളില്‍ ചര്‍ച്ചകളും ഒക്കെയായി ഇസ്‌ലാമിക് സെന്റര്‍ സജീവമാണ്. അന്ദലൂസിയന്‍ സംസ്‌കാരത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകം എന്ന നിലയില്‍ തന്നെയാണ് മാതളവും പൈനും ഒലീവും ഓറഞ്ചും തലപൊക്കിനില്‍ക്കുന്ന, ജലധാരയുള്ള മനോഹര തോട്ടം. റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ശല്യം കഠിനമായ അല്‍ബേസിനിലാണ്, കാഴ്ചയില്‍ തന്നെ മനസ്സിന് കുളിര്‍മ നല്‍കുന്ന പച്ചപ്പ് നിറഞ്ഞ പള്ളിയും പരിസരവും. ഒരല്‍പം സ്ഥലം ഒഴിവുകിട്ടിയാല്‍ അവിടെ രണ്ട് കടമുറിയെടുത്ത് പള്ളിക്ക് വരുമാനമാക്കാമെന്ന ചിന്തയില്‍ ബില്‍ഡിംഗ് നിര്‍മിച്ച് പള്ളികളെ കുടുസ്സു സ്ഥലങ്ങളാക്കുന്ന നമ്മുടെ പതിവു രീതിയെ കുറിച്ചോര്‍ത്തുപോയി. ഗാര്‍ഡനില്‍നിന്ന് നോക്കിയാല്‍ താഴെ ഓരോ നദീ താഴ്‌വാരം; നേരെ അപ്പുറത്തെ കുന്നില്‍ പ്രതാപമൊട്ടും കൈവിടാതെ അല്‍ഹംറ. പോക്കുവെയിലിന്റെ വെളിച്ചത്തില്‍ കൂടുതല്‍ ചുവപ്പണിഞ്ഞ അല്‍ഹംറ, മഞ്ഞണിഞ്ഞ സിയെറാ നെവാഡ മലനിരകളുടെ പശ്ചാത്തലത്തില്‍ കാണേണ്ടതു തന്നെയാണ്.

പിറ്റേന്ന് വെള്ളിയാഴ്ച ജുമുഅക്ക് പോയപ്പോഴാണ് പള്ളിയുടെ ഉള്‍വശം കണ്ടത്. മിഹ്‌റാബ് കൊര്‍ദോവ പള്ളി മിഹ്‌റാബിന്റെ തനിപ്പകര്‍പ്പായി ഡിസൈന്‍ ചെയ്തിരിക്കുന്നു. സ്ത്രീകളുടെ ഭാഗം കര്‍ട്ടണ്‍ വെച്ച് മറച്ചിട്ടുണ്ട്. മാലികീ മദ്ഹബാണ് പിന്തുടരപ്പെടുന്നത്. രണ്ട് ഖുത്വ്ബകളും ആദ്യം അറബിയില്‍; പിന്നീട് അതേ കാര്യങ്ങളുടെ പരിഭാഷ സ്പാനിഷില്‍. തദ്ദേശീയരും ടൂറിസ്റ്റുകളും മൊറോക്കന്‍ വംശജരുമായി 250-300 പേരുണ്ടാവും ജുമുഅക്ക്. ജുമുഅക്കു ശേഷം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ വേറെയായി ഉച്ചഭക്ഷണവുമുണ്ട് പള്ളിയില്‍.

ഗ്രനഡ കത്തീഡ്രലായിരുന്നു അടുത്ത സന്ദര്‍ശന സ്ഥലം. നേരത്തേയുണ്ടായിരുന്ന മുസ്‌ലിം പള്ളി തകര്‍ത്താണ് കത്തീഡ്രല്‍ നിര്‍മിച്ചിരിക്കുന്നത്. ഗോഥിക് ശൈലിയില്‍ നിര്‍മിച്ച മറ്റു കത്തീഡ്രലുകളില്‍നിന്ന് ഭിന്നമായി നവോത്ഥാന കാല ആര്‍ക്കിടെക്ചറില്‍ പണികഴിപ്പിച്ച ഇത് ഗംഭീരം തന്നെ. ഇതിനോട് ചേര്‍ന്നRoyal Chapel ആണ് ഫെര്‍ഡിനന്റിന്റെയും ഇസബെല്ലയുടെയും ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്. ചാപ്പലിന്റെ പണി പൂര്‍ത്തിയാവുന്നതിനു മുമ്പേ രണ്ട് പേരും മരിച്ചിരുന്നതിനാല്‍ ആദ്യം അല്‍ ഹംറയിലെ സന്യാസി മഠത്തില്‍ അടക്കിയിരുന്ന ഇവരുടെ ഭൗതികാവശിഷ്ടങ്ങള്‍ പേരമകന്‍ ചാള്‍സ് അഞ്ചാമന്‍ 1521-ല്‍ ഇങ്ങോട്ട് മാറ്റുകയായിരുന്നു. ഇസബെല്ലയുടെ മകള്‍ ജോഹന്ന, ഭര്‍ത്താവ് ഫിലിപ്പ്, മൈക്കല്‍ രാജകുമാരന്‍ എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും അടക്കിയത് ഇവിടെ തന്നെ. സ്‌നാപക യോഹന്നാന്നും സുവിശേഷകന്‍ യോഹന്നാനും സമര്‍പ്പിച്ചിരിക്കുന്ന ഈ റോയല്‍ ചാപ്പല്‍, കത്തോലിക്കാ രാജാക്കന്മാരുടെ ശാസന പ്രകാരം അവര്‍ക്ക് അന്ത്യവിശ്രമ സ്ഥാനമായി നിര്‍മിച്ചതാണ്. ഈ ഉത്തരവിന്റെ ഒരു കോപ്പി ചാപ്പലില്‍ സൂക്ഷിച്ചതു കാണാം. ഇസബെല്ല, കാത്തലിക് ചര്‍ച്ചിനര്‍പ്പിച്ച സേവനങ്ങള്‍ കാരണം അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന റോയല്‍ ചാപ്പലിന് ഉയര്‍ന്ന മതകീയ മൂല്യമുണ്ടെന്ന് ചാപ്പല്‍ കൗണ്ടറില്‍നിന്ന് നാല് യൂറോ ടിക്കറ്റിനൊപ്പം കിട്ടുന്ന ഫഌയറില്‍ കാണുന്നു. സ്‌പെയിനിനെ ഏകീകരിച്ചു, ചര്‍ച്ചിനെ നവീകരിച്ചു, അമേരിക്കയെ ക്രൈസ്തവവത്കരിച്ചു എന്നിവയാണ് ഇസബെല്ലയുടെ പ്രധാന മതകീയ സംഭാവനകളായി പറയുന്നത്. ഇസബെല്ല നടത്തിയ മതംമാറ്റങ്ങളെയും ജൂത-മുസ്‌ലിം വിശ്വാസികളോട് ക്രൂരതകള്‍ കാണിച്ചതിനെയും ഇന്നത്തെ മാനദണ്ഡങ്ങള്‍ വെച്ച് വിലയിരുത്തരുതെന്നാണ് ഗൈഡ് പറഞ്ഞത്. അക്കാലത്ത് രാഷ്ട്രത്തിന്റെ ഭാഗമാകണമെങ്കില്‍, രാഷ്ട്ര മതത്തിന്റെ കൂടി ഭാഗമാവേണ്ടിയിരുന്നു എന്നും അതിനാല്‍ രാഷ്ട്രം ശക്തിപ്പെടുത്താനും ഏകീകരിക്കാനുമുള്ള ശ്രമങ്ങളായി മാത്രം അതിനെ കാണണമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. അതെന്തായാലും കാത്തലിക് രാജാക്കന്മാരെ അടുത്തറിയാനും സംഭവങ്ങളുടെ മറുവായന കേള്‍ക്കാനും നല്ലതായിരുന്നു കത്തീഡ്രല്‍ സന്ദര്‍ശനം. രാജ്ഞിയുടെ കിരീടവും ചെങ്കോലും ഫെര്‍ഡിനന്റിന്റെ പടയങ്കിയും മുസ്‌ലിംകളെ മാമോദിസ മുക്കുന്നതിന്റെ പഴയകാല പെയിന്റിംഗും ഒക്കെയായി കത്തോലിക്കാ സ്‌പെയിനിന്റെ ചരിത്രത്തിലേക്കുള്ള ഒരു വാതായനം തന്നെ റോയല്‍ ചാപ്പല്‍.

ചാപ്പലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ വലതു വശത്തെ ബില്‍ഡിംഗിന് മുന്നിലായി Palacio De La Madraza  എന്ന ബോര്‍ഡ് കണ്ടു. അതിന് താഴെയായി ഇംഗ്ലീഷില്‍Muslim School of Higher Studies എന്നെഴുതിയിരിക്കുന്നു. 1349-ല്‍ യൂസുഫ് ഒന്നാമന്‍ സ്ഥാപിച്ച ഗ്രനഡയിലെ ആദ്യ യൂനിവേഴ്‌സിറ്റിയാണിത്. ശാസ്ത്ര-മാനവിക വിഷയങ്ങളിലും നിയമ-മത മേഖലകളിലും അന്ദലൂസിലെ പ്രമുഖ കേന്ദ്രമായിരുന്നു നഗരമധ്യത്തില്‍, അന്നത്തെ പ്രധാന മസ്ജിദിനും (ഇപ്പോള്‍ കത്തീഡ്രല്‍ നില്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്നത്) അല്‍കൈസീരിയ (Alcaiceria) എന്ന പ്രധാന സ്വര്‍ണ-വസ്ത്ര മാര്‍ക്കറ്റിനും സമീപത്തായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. ഗ്രനഡയുടെ പതനത്തിനു ശേഷവും ഏഴ് കൊല്ലത്തോളം യൂനിവേഴ്‌സിറ്റി പ്രവര്‍ത്തിച്ചു. എന്നാല്‍, ഇന്‍ക്വിസിറ്റര്‍ ബിഷപ്പ് സിസ്‌നെറോസിന്റെ നിര്‍ബന്ധിത കത്തോലിക്കാവത്കരണത്തിന്റെ ഭാഗമായി സ്ഥാപനം നിര്‍ത്തലാക്കുകയും ലൈബ്രറി പുസ്തകങ്ങള്‍ മുഴുവന്‍ പ്ലാസ ബിബ്‌റാംബഌിലൊരുക്കിയ അഗ്നികുണ്ഠത്തിലിട്ട് നശിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ഫെര്‍ഡിനന്റ് യൂനിവേഴ്‌സിറ്റി കെട്ടിടം പ്രധാന ടൗണ്‍ ഹാള്‍ ആക്കി മാറ്റി. പലവിധ മാറ്റങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഗ്രനഡ യൂനിവേഴ്‌സിറ്റിയുടെ റോയല്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് ആണ് അവിടെ പ്രവര്‍ത്തിക്കുന്നത്.

നാലു ദിവസത്തെ സന്ദര്‍ശനത്തില്‍ കൊര്‍ദോവയും ഗ്രനഡയുമാണ് കാണാനായത്. സെവില്ലെ, ടൊളീഡോ, വലന്‍സിയ എന്നിവ കൂടി കാണണമെന്നുണ്ടായിരുന്നെങ്കിലും സമയക്കുറവ് തടസ്സമായി. വംശശുദ്ധീകരണം, പള്ളികള്‍ പൊളിച്ച് അതേ സ്ഥാനത്ത് ചര്‍ച്ചുകള്‍ പണിയല്‍, ഒബ്‌സര്‍വേറ്ററികളായി ഉപയോഗിച്ചിരുന്ന മിനാരങ്ങള്‍ ബെല്‍ ടവറുകളാക്കി മാറ്റല്‍, നാടുകടത്തല്‍, നിര്‍ബന്ധിത മതംമാറ്റത്തിന്റെ പീഡനങ്ങള്‍... ഒരേ അനുഭവങ്ങളിലൂടെ തന്നെ കീഴടക്കപ്പെട്ട ഓരോ അന്ദലൂസിയന്‍ നഗരവും കടന്നുപോയത്. ഗ്രനഡയിലെ അവസാന രാത്രി, സാധനങ്ങളെല്ലാം പാക്ക് ചെയ്തതിനു ശേഷം വീണ്ടും റസാഉല്‍ അന്ദലൂസിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചു.

 

ചോദിക്കൂ, എവിടെ വലന്‍സിയ? എന്തുപറ്റി മുര്‍സിയ?

എവിടെപ്പോയി ജാറ്റിവ? എവിടെ ജായിന്‍?

വിശ്വപണ്ഡിതര്‍ തലയുയര്‍ത്തിനിന്ന

വിജ്ഞാന കേന്ദ്രമാം കൊര്‍ദോവ എവിടെ?

മധുരമാം നദികള്‍ കവിഞ്ഞൊഴുകിയ

ആനന്ദസാന്ദ്രമാം സെവില്ല എവിടെ?

നാടിനെ താങ്ങിയ അടിത്തറകളായിരുന്നു അവര്‍

താങ്ങു പോയാല്‍ പിന്നെ നാടെങ്ങനെ നിലനില്‍ക്കാന്‍

വെണ്‍മയാര്‍ന്ന നീര്‍ക്കുഴലുകള്‍ വിതുമ്പുന്ന കദനത്താല്‍

പ്രിയമുള്ളോന്റെ വിരഹത്തില്‍ പ്രണയിനി എന്ന പോല്‍

ഇസ്‌ലാം ഇറങ്ങിപ്പോയി ജനശൂന്യമായ വീടകം

കുഫ്‌റിന് പുതിയ വാസസ്ഥലമായിരിക്കുന്നു

ചര്‍ച്ചുകളായി മാറിയ പള്ളികളിലിന്ന്

കുരിശുകളും മണികളും മാത്രം കാണാവുന്നു

വിതുമ്പുന്നു മിഹ്‌റാബുകള്‍ അവ കല്ലെങ്കിലും

വിലപിക്കുന്നു മിമ്പറുകള്‍ അവ മരമെങ്കിലും

ഹേ ശ്രദ്ധയറ്റവനേ, തന്നിരുന്നല്ലോ കാലം

നിനക്ക് മുന്നറിയിപ്പുകള്‍

നീ ഉറക്കത്തിലായേക്കും; പക്ഷേ

കാലമെപ്പോഴും ഉണര്‍ന്നിരിക്കുന്നവന്‍ തന്നെ. 

ഗ്രനഡ നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റാന്റില്‍നിന്ന് ALSA ബസ്സിലാണ് മാഡ്രിഡിലേക്കുള്ള മടക്കയാത്ര. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന സിയെറാ നെവാഡ മലനിരകള്‍ താണ്ടി A 44 ഹൈവേയിലൂടെയുള്ള യാത്ര ഒരനുഭവം തന്നെ. ഗ്രനഡക്കപ്പുറം ഇതേ റൂട്ടിലുള്ള Puerto del Suspiro del Moro എന്ന മലമ്പാത കടക്കുമ്പോഴാണത്രെ മുഹമ്മദ് പന്ത്രണ്ടാമന്‍ ഗ്രനഡയെ നോക്കി നിശ്വാസമയച്ചത്.

മുഹമ്മദ് സഞ്ചരിച്ചതിന്റെ വിപരീത ദിശയില്‍ അന്ദലൂസിയന്‍ നഗരങ്ങളിലേക്കുള്ള ദിശാസൂചികകള്‍ പിന്നിട്ട്, ഓരോ മലമടക്കുകള്‍ കയറിയിറങ്ങി മാഡ്രിഡിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ഒരു ദീര്‍ഘനിശ്വാസം നമ്മിലുമുയരും. കേട്ടതൊന്നും ഒന്നുമേ ആയിരുന്നില്ലെന്ന തോന്നലാണ് അന്ദലൂസ് കണ്ടപ്പോഴുണ്ടായത്. ഇത്രയും മഹത്തായ ഒരധ്യായത്തെ വേണ്ടവിധം അറിയാതെ കഴിഞ്ഞുപോയ ഭൂതകാലത്തെക്കുറിച്ച് വിഷമം തോന്നി. അന്ദലൂസിന്റെ ഉജ്ജ്വല പാരമ്പര്യത്തെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വായിച്ചപ്പോള്‍ എപ്പോഴെങ്കിലും അതൊരു മേനിപറച്ചില്‍ അല്ലേ എന്ന് തോന്നിയോ റബ്ബേ എന്ന് മനസ്സ് പശ്ചാത്തപിച്ചു. 

*****

അന്ദലൂസ് നമ്മള്‍ കാണണം, അത് കേവലം ഒരു മുസ്‌ലിം നൊസ്റ്റാള്‍ജിയയല്ല. ദൈവപ്രോക്ത വിശ്വാസവും ജീവിത സംസ്‌കാരവും നെഞ്ചേറ്റിയവര്‍ എങ്ങനെ നേതൃപദവിയിലെത്തിപ്പെടും എന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണത്. സഹവര്‍ത്തിത്വവും ബഹുസ്വരതയും ഒരു രാഷ്ട്രീയ തന്ത്രമല്ലെന്നും അത് ഇസ്‌ലാമിക സമൂഹ നിര്‍മിതിയുടെ അടിസ്ഥാനങ്ങളിലൊന്നാണെന്നും എണ്ണൂറ് കൊല്ലം ലോകത്തെ പഠിപ്പിച്ച പാഠശാലയാണത്. മുന്‍വിധികളില്ലാതെ, ഏത് സ്രോതസ്സില്‍നിന്നും അറിവിനെ സ്വീകരിച്ചും ഇസ്‌ലാമിക ഫ്രെയ്മില്‍ അവയെ പുനര്‍നിര്‍മിച്ചും മനുഷ്യ പുരോഗതിക്ക് ദിശാബോധം നല്‍കിയ ദീപസ്തംഭമാണത്. അറബിയില്‍നിന്ന് ശാസ്ത്ര വിജ്ഞാനങ്ങള്‍ ലാറ്റിനിലേക്കും മറ്റു യൂറോപ്യന്‍ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയപ്പോള്‍, സ്രോതസ്സ് വ്യക്തമാക്കാതെ ശാസ്ത്ര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചോരണം (ജഹമഴശമൃശാെ) യൂറോപ്യര്‍ നടത്തിയതിന്റെ ഫലമായി ശാസ്ത്രത്തില്‍നിന്നും ശാസ്ത്ര ചരിത്രത്തില്‍നിന്നും അദൃശ്യരാക്കപ്പെട്ടവരുടെ കഥയാണത്.

രാഷ്ട്രീയാധികാരത്തിന്റെ മെഷിനറികളും പുരോഹിത സന്യാസിമാര്‍ നല്‍കുന്ന മതകീയ പരിവേഷവും ഒത്തുചേര്‍ന്നാല്‍, ഏത് പ്രഫുല്ല സംസ്‌കാരത്തെയും ഫാഷിസ്റ്റ് ഭരണത്തിന്റെ കിരാതത്വത്തിന് വേരോടെ പിഴുതുമാറ്റാനാവുമെന്ന് അന്ദലൂസ് നമ്മോട് പറയുന്നു. അധികാര പ്രമത്തതയും ഭൗതികാസക്തിയും ഉള്ള് ചോര്‍ത്തിക്കളഞ്ഞ സമൂഹങ്ങള്‍ക്ക് പ്രാര്‍ഥനകളും, മുന്‍ഗാമികളുടെ സംഭാവനകളുടെ മധുരസ്മണകളും പ്രത്യേകിച്ചൊരു ഗുണവും ചെയ്യില്ലെന്നും. ഉന്മൂലന പ്രക്രിയയുടെ ഏറ്റവും നല്ല ഉപകരണമായി ഭയം ഉപയോഗപ്പെടുത്തപ്പെട്ട ഇടമാണിവിടം. ഭരണകൂട പിന്തുണയോടെ സ്ഥാപനവത്കരിക്കപ്പെടുന്ന വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന ക്രൂരതയുടെ ആഴവും പരപ്പും സ്പാനിഷ് ഇന്‍ക്വിസിഷനിലൂടെ അനാവരണം ചെയ്യപ്പെടുന്നു. കത്തോലിക്കാ സ്‌പെയിന്‍ വെറുപ്പിനെ ഉത്സവമാക്കിമാറ്റി എന്നത് ഒരു ആലങ്കാരിക പ്രയോഗമല്ല. ഇന്‍ക്വിസിഷന്‍ ശിക്ഷാ നടപടികള്‍ ആഘോഷ പരിപാടികളായാണ് അവിടെ നടത്തപ്പെട്ടിരുന്നത്. കാണാനും ആസ്വദിക്കാനും ധാരാളം ജനങ്ങള്‍ നല്ല വസ്ത്രങ്ങളണിഞ്ഞ് തടിച്ചുകൂടുമായിരുന്നു. ഇത്തരം മനോഘടനയുള്ള സമൂഹത്തില്‍, തങ്ങളുടെ രക്ഷക വിശുദ്ധന്‍ (ജമൃേീി ടമശി)േ സെന്റ് ജയിംസ് ടമിശേമഴീ ങമമോീൃീ െ(മുസ്‌ലിം ഘാതകനായ സെന്റ് ജയിംസ്) എന്നറിയപ്പെടുന്നതില്‍ അത്ഭുതം തോന്നേണ്ടതില്ല. ക്രി. 44-ല്‍ ജറൂസലമില്‍ മരിച്ച സെന്റ് ജയിംസ്, ആയിരത്തോളം വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌പെയിനില്‍ അദൃശ്യരായ തന്റെ പടയാളികള്‍ക്കൊപ്പമെത്തി മൂറുകള്‍ക്കെതിരായ യുദ്ധത്തില്‍ കത്തോലിക്കാ പക്ഷത്തെ സഹായിച്ചു എന്നാണ് ഐതിഹ്യം.

1492 ഒരു നാഴികക്കല്ലാണ്. ഗ്രനഡയുടെ പതനം നടന്ന അതേ വര്‍ഷമാണ് ഫെര്‍ഡിനന്റ്-ഇസബെല്ലമാരുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്ത ക്രിസ്റ്റഫര്‍ കൊളംബസ് ഇസബെല്ലയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സെവില്ലെയില്‍നിന്ന് യാത്ര തിരിക്കുന്നതും അമേരിക്കന്‍ വന്‍കരയില്‍ എത്തിച്ചേരുന്നതും. കണ്ടെത്തിയ പുതിയ ലോകത്തിന്റെ സുവിശേഷവത്കരണം ഇസബെല്ലയുടെ അജണ്ടയിലെ മുഖ്യ ഇനമായിരുന്നു. സ്‌പെയിനിലെ വിജയം പകര്‍ന്ന മതാവേശവും അതില്‍നിന്നുത്ഭുതമായ വംശീയ മുന്‍വിധികളുമാണ് പിന്നീട് നാളിതുവരെ പടിഞ്ഞാറിന്റെ അപരരോടുള്ള ബന്ധത്തെ നിര്‍ണയിക്കുന്നത്. കൊളോണിയലിസത്തിന്റെ മതം അദൃശ്യമാക്കപ്പെടുന്നിടത്താണ് കൊളംബസും ഗാമയും വെറും നാവികരോ കച്ചവടക്കാരോ മാത്രമാവുന്ന തന്ത്രം വിജയം കാണുന്നത്.

1975-ല്‍ ജനറല്‍ ഫ്രാങ്കോയുടെ മരണശേഷം, വിശേഷിച്ചും കഴിഞ്ഞ കാല്‍നൂറ്റാണ്ടിലാണ് അന്ദലൂസിന്റെ സുവര്‍ണ കാലത്തെക്കുറിച്ച പഠനങ്ങള്‍ സ്‌പെയിനിലും യൂറോപ്പിലും ഉയര്‍ന്നുവരുന്നത്. അന്ദലൂസിന്റെ സംഭാവനകളോടൊപ്പം 1492-നു ശേഷമുള്ള കാലത്ത് സ്‌പെയിനില്‍ നടമാടിയ ക്രൂരതകളെക്കുറിച്ചും ഇപ്പോള്‍ പറയുന്നത് പഴയ മുറിവുകള്‍ മാന്തിപ്പൊളിക്കലാവില്ലേ എന്നൊരു സന്ദേഹമുയര്‍ന്നുവരാം. പക്ഷേ, ഭൂതകാലത്തെ ശരിയായി അറിഞ്ഞാല്‍ മാത്രമേ വര്‍ത്തമാനത്തെ ധൈര്യപൂര്‍വം അഭിമുഖീകരിക്കാനും ഭാവി ആസൂത്രണം ചെയ്യാനും ഏത് ജനതക്കുമാവൂ. ലോകം നിലനില്‍ക്കുന്നത് എത്ര മുഴുത്ത നുണകള്‍ക്ക് മേലാണെന്ന ബോധം, ചരിത്രത്തിന്റെ വ്യവസ്ഥാപിതമായ വക്രീകരണത്തിലൂടെ ആത്മനിന്ദയില്‍ തളക്കപ്പെട്ട മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. വ്യാജങ്ങളാല്‍ കെട്ടിയേല്‍പിക്കപ്പെട്ട അപകര്‍ഷബോധത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ ഇനിയും ചുമക്കേണ്ട ബാധ്യത മുസ്‌ലിം സമൂഹത്തിനില്ലെന്ന തിരിച്ചറിവ് അന്ദലൂസിനെ സംബന്ധിച്ച പഠനം നമുക്ക് തരും. ഈ ബോധ്യം നല്‍കുന്ന ഉത്കര്‍ഷബോധവും മുന്‍ഗാമികളുടെ സംഭാവനകളെ സംബന്ധിച്ച അഭിമാനബോധവും, പൊതുബോധത്തില്‍ ഊട്ടപ്പെട്ട ഇസ്‌ലാംഭയത്തെ മറികടക്കാനുള്ള മുന്നുപാധികളില്‍ പ്രധാനപ്പെട്ടവയാണ്. ഇത്തരമൊരു ബോധ്യം ഇന്ധനമാവുക വെറുപ്പിനും പ്രതികാരത്തിനുമാവില്ല; ഇീി്ശ്‌ലിരശമ എന്നു പേരിട്ട് അന്ദലൂസ് ലോകത്തെ പഠിപ്പിച്ച ബഹുസ്വരതയുടെയും ചേര്‍ന്നുനില്‍പിന്റെയും സാമൂഹികക്രമത്തിന്റെ നിര്‍മിതിക്കാവും; തീര്‍ച്ച.

ഗര്‍നാത്വാ ഭീ ദേഖാ മേരീ 

ആന്‍ഖോന്‍ നേ വ ലേകിന്‍

തസ്‌കീനേ മുസാഫിര്‍ 

ന സഫര്‍ മേം ന ഹസര്‍മേം

ദേഖാ ഭീ ദിഖായാ ഭീ 

സുനായ ഭീ സുനാ ഭീ

ഹെ ദില്‍കി തസല്ലി 

ന നസര്‍ മേം ന ഖബര്‍ മേം

(ഹസ്പാനിയ-ഇഖ്ബാല്‍)

കണ്ടെന്റെ കണ്‍കള്‍ ഗ്രനഡയും പക്ഷേ

പഥികന്നില്ല ശാന്തി 

യാത്രയിലും നില്‍പിലും

കണ്ടു; കാണിച്ചു, കേള്‍പിച്ചു, കേട്ടു

ഹൃത്തിനില്ല ശാന്തി കേവല കാഴ്ചയില്‍, കേള്‍വിയില്‍..... 

(അവസാനിച്ചു)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍