പണ്ഡിതന്മാരുടെ ദൗത്യം
''മനുഷ്യര്‍ക്കായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമസമൂഹമാകുന്നു നിങ്ങള്‍. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു, അധര്‍മം വിരോധിക്കുന്നു, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു'' (ഖുര്‍ആന്‍ 3:110).
ഇന്ത്യയുടെ സമകാലിക സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അക്രമവും അനീതിയും മൂല്യച്യുതിയും ഒരു വശത്ത് നടമാടുമ്പോള്‍, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള വിദ്വേഷവും വെറുപ്പും ആളിക്കത്തിക്കുന്നു. ഈ ഘട്ടത്തില്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു വന്നുചേര്‍ന്നിരിക്കുന്ന ബാധ്യത വളരെ ഗൗരവമുള്ളതാണ്. എന്നാല്‍, തങ്ങളുടെ ആദര്‍ശത്തില്‍നിന്നും വേദഗ്രന്ഥം ഉദ്‌ഘോഷിക്കുന്ന മൂല്യങ്ങളില്‍നിന്നും പാടേ അകന്നതുകൊണ്ട് രാജ്യത്തെ അധഃസ്ഥിത വിഭാഗങ്ങളിലൊന്നായി മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി നിയോഗിക്കപ്പെട്ട ഉത്തമസമൂഹം എന്ന് ഖുര്‍ആന്‍ അഭിസംബോധന ചെയ്ത മുസ്‌ലിം സമുദായത്തിന്റെ ഈ ദുര്‍ഗതിക്ക് പരിഹാരം കാണുകയാണ് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും പ്രധാനം.
വിവിധ ജാതിമത വര്‍ഗക്കാര്‍, സാംസ്‌കാരികമായും ഭാഷാപരമായി പോലും വ്യത്യസ്തത പുലര്‍ത്തി സഹകരിച്ചും സഹവര്‍ത്തിച്ചും ജീവിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍ ബഹുസ്വരതയുടെ വിളനിലമാണ് നമ്മുടെ രാജ്യം. ആഗോളാടിസ്ഥാനത്തില്‍തന്നെ തുല്യതയില്ലാത്ത മഹത്തായ ഈ ബഹുസ്വര സംസ്‌കാരം സംരക്ഷിച്ചു നിര്‍ത്തേണ്ടത് സമാധാനപൂര്‍ണമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷ വിഭാഗത്തിന് മാത്രം മേല്‍ക്കോയ്മ ലഭിക്കുന്ന ഏകശിലാസംസ്‌കാരത്തിലേക്ക് ഇന്ത്യന്‍ ബഹുസ്വരതയെ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ അട്ടിമറിക്കുന്നു. വ്യത്യസ്ത മത സംസ്‌കാരങ്ങള്‍ തമ്മില്‍ ശത്രുതയും വെറുപ്പും സൃഷ്ടിക്കപ്പെടുന്നതിനാല്‍ ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഓരോ മതവിഭാഗവും തങ്ങളുടെ വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്.
ഓരോ ജനവിഭാഗത്തിനും തങ്ങളുടെ വ്യതിരിക്തമായ സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ അവകാശമുള്ളതോടൊപ്പം തന്നെ അപരന്റെ വിശ്വാസ സംസ്‌കാരങ്ങള്‍ നിലനില്‍ക്കാന്‍ അവസരമൊരുക്കുക എന്ന ബാധ്യത കൂടിയുണ്ട്. എങ്കില്‍ മാത്രമേ സ്‌നേഹ സഹകരണങ്ങള്‍ നിറയുന്ന സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനില്‍ക്കൂ. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഈ ദിശയിലുള്ള ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് അവരുടെ വിശ്വാസപരമായ ബാധ്യത കൂടിയാണ് എന്നു വരുമ്പോള്‍ ഇതിന്റെ പ്രാധാന്യം ഇരട്ടിക്കുന്നു.
ഭിന്നവസ്തുക്കളുടെ പരസ്പരാശ്രിതത്വത്തിലും സഹകരണത്തിലും നിലനില്‍ക്കുകയും ചരിക്കുകയും വികസിക്കുകയും ചെയ്യുന്ന ഒരു പ്രാപഞ്ചിക ഘടനയിലാണ് ദൈവം മനുഷ്യനെ വിന്യസിച്ചത്. ഏക സത്തയില്‍(നഫ്‌സുന്‍ വാഹിദഃ)നിന്ന് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം തന്നെ വൈവിധ്യങ്ങളുടേതായ പ്രാപഞ്ചിക പ്രകൃതിയും മനുഷ്യനില്‍ അലിയിച്ചിരിക്കുന്നു. പ്രപഞ്ചത്തിലെ ഭിന്നഘടകങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സമരസത്തിന്റേതായ (ഒമൃാീി്യ) ഒരന്തരീക്ഷം രൂപപ്പെടുന്നു. ഇതാണ് മനുഷ്യരുള്‍പ്പെടെയുള്ള പ്രകൃതിയിലെ ജീവജാലങ്ങളുടെ അതിജീവനത്തിന് സഹായകമാവുന്നത്. മനുഷ്യനിലെ സൃഷ്ടിപരമായ വൈജാത്യം ഔന്നത്യത്തിന്റെയോ അധമത്വത്തിന്റെയോ അടയാളമല്ലെന്നും, പരസ്പരം അറിയാനും സഹകരിക്കാനും വേണ്ടിയാണെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു (49:13).
വൈവിധ്യമാര്‍ന്ന സാംസ്‌കാരിക തനിമകള്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കാനുള്ളതാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്: ''നാം നിങ്ങളില്‍ ഓരോ വിഭാഗക്കാര്‍ക്കും ഓരോ ശരീഅത്തും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്. ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ആസകലം ഒരൊറ്റ സമുദായമാക്കാന്‍ അവനു കഴിയുമായിരുന്നു'' (5:48). മനുഷ്യനു വേണ്ടി ദൈവം നിശ്ചയിച്ചിരിക്കുന്ന ജീവിത പരിസരം ബഹുസ്വരതയുടേതാണെന്ന് ഇതില്‍നിന്ന് വായിക്കാം.
അടിസ്ഥാനപരമായി എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ഒരേ ധര്‍മമാര്‍ഗത്തിലേക്കാണെന്നതാണ് ഇസ്‌ലാമിന്റെ പാഠം. ചരിത്രപരമായ കാരണങ്ങളാലും പൗരോഹിത്യത്തിന്റെ കൈകടത്തല്‍ മൂലവും വികലമായും വിഘടിച്ചും നിലവില്‍വന്ന വിവിധ മതങ്ങള്‍ അതിന്റെ സ്രോതസ്സില്‍ ഏകമാണെന്നും, അടിസ്ഥാന ആശയങ്ങളും മൂല്യങ്ങളും ഒന്നാണെന്നും അതുകൊണ്ടുതന്നെ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി പരസ്പരസഹകരണമാണ് വേണ്ടതെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു (3:64).
ജീവിതത്തിന് ഏറ്റവും പ്രയോജനപ്രദമായതും നിര്‍മാണാത്മകമായതും അതിജീവിക്കുന്ന തരത്തിലാണ് ദൈവം പ്രപഞ്ചത്തെ സംവിധാനിച്ചിട്ടുള്ളത്. പ്രയോജനകരമല്ലാത്തത് വിഛേദിക്കപ്പെടുമെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു: ''നുരകളോ വറ്റിപ്പോകുന്നു. മനുഷ്യര്‍ക്ക് പ്രയോജനമുളള വസ്തുക്കളോ, ഭൂമിയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇവ്വിധം അല്ലാഹു ഉദാഹരണങ്ങളിലൂടെ അവന്റെ സന്ദേശങ്ങള്‍ ഗ്രഹിപ്പിക്കുന്നു'' (13:18,19). ഈ പ്രകൃതിനിയമം മനുഷ്യന്നും ബാധകമാണ്. അധര്‍മത്തെ ചെറുക്കാന്‍ ഏറ്റവും അനുയോജ്യരായവരെ കൊണ്ടുവന്നാണ് ദൈവം പ്രതിരോധം സൃഷ്ടിക്കുന്നത്: ''അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുകതന്നെ ചെയ്യും. അല്ലാഹു അതിശക്തനും പ്രതാപിയുമല്ലോ'' (ഖുര്‍ആന്‍ 22:40). ധര്‍മമാര്‍ഗത്തില്‍ മുന്നേറുകയും സാമ്പത്തിക ബാധ്യത നിറവേറ്റുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെയാണ് ഉത്തമസമുദായമായി പരിചയപ്പെടുത്തുന്നത്.
ഇതര മതവിഭാഗങ്ങളോട് സഹവര്‍ത്തിത്വത്തോടെ കഴിയുകയെന്നതും, രാജ്യനിവാസികളുടെയും രാജ്യത്തിന്റെയും പുരോഗതിയില്‍ സൃഷ്ടിപരമായ പങ്കു വഹിക്കുകയെന്നതും മുസ്‌ലിം സമുദായത്തിന്റെ അതിജീവനത്തിന് ഏറ്റവും അനിവാര്യമാണ്. ഖുര്‍ആനിക നിര്‍ദേശങ്ങള്‍ വിരല്‍ചൂണ്ടുന്നതും ഇതിലേക്കാണ്. മനുഷ്യരാശിയെ പുരോഗതിയിലേക്ക് നയിക്കുന്ന നിര്‍മാണാത്മകമായ ഒരു സമൂഹത്തിനു മാത്രമേ നിലനില്‍ക്കാന്‍ അവകാശമുള്ളൂ എന്ന പ്രകൃതിനിയമം മുസ്‌ലിം സമൂഹത്തിനും ബാധകമാണ്.
താന്‍ ജീവിക്കുന്ന പ്രദേശത്ത് ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനം നിര്‍വഹിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതില്‍ പരാജയപ്പെടുക എന്നത് ഇഹപര ജീവിതനഷ്ടത്തില്‍ കലാശിക്കുമെന്നു ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്‌ലാമിനെ തങ്ങള്‍ക്കു ചുറ്റുമുള്ളവര്‍ക്ക് അനുഭവവേദ്യമാക്കേണ്ടതുണ്ട്. ഇസ്‌ലാമിനെ ശരിയായ വിധം പ്രതിനിധാനം ചെയ്യുക എന്നാല്‍ സാമുദായിക ചിന്തകള്‍ വെടിഞ്ഞ് മുഴുവന്‍ ജനങ്ങള്‍ക്കുമായി ധര്‍മപക്ഷത്ത് അടിയുറച്ചുനില്‍ക്കുക എന്നാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നിടത്താണ് തങ്ങളുടെ പതിതാവസ്ഥയുടെ വേരുകള്‍ തെരയേണ്ടതും തിരുത്തേണ്ടതും.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും, ഖുര്‍ആനിക വെളിച്ചത്തിലൂടെ അവരെ വഴിനടത്തുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നത് പണ്ഡിതരാണ്. പ്രവാചക ദൗത്യത്തിന്റെ പിന്തുടര്‍ച്ചാ നിര്‍വാഹകരാണവര്‍. എന്നാല്‍ നിരവധി ഗ്രൂപ്പുകളും പാര്‍ട്ടികളുമായി വിഘടിച്ചു നില്‍ക്കുന്ന നിലവിലെ മുസ്‌ലിം സമൂഹത്തിന്റെ പതിതാവസ്ഥ വിശകലനം ചെയ്താല്‍ ഏറ്റവും പ്രകടമായി കാണുക സമുദായത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്ന ദിശാബോധമുള്ള പണ്ഡിതരുടെ അഭാവമാണ്. ഓരോ വിഭാഗത്തിനും അവരുടേതു മാത്രമായ പണ്ഡിതന്മാരും നേതാക്കളും. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ അവര്‍ മറുവിഭാഗവുമായി രൂക്ഷമായ സംവാദങ്ങളിലും വാക്‌പോരിലും ഏര്‍പ്പെടുന്നു. അങ്ങനെ ജനങ്ങളെ ഭിന്നിപ്പിന്റെ അവസ്ഥയില്‍തന്നെ നിലനിര്‍ത്തുന്നു. വീക്ഷണ വൈജാത്യങ്ങള്‍ക്കതീതമായി സത്യത്തിനും ധര്‍മത്തിനും നീതിക്കും പ്രാമുഖ്യം നല്‍കുന്ന, ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്കും പ്രവാചക മാതൃകക്കും വ്യക്തി/സംഘടനാ താല്‍പര്യങ്ങളേക്കാള്‍ ഔന്നത്യവും പ്രാധാന്യവും നല്‍കുന്ന പണ്ഡിതന്മാരെയാണ് കാലം തേടുന്നത്. അത്തരമൊരവസ്ഥ സംജാതമാവണമെങ്കില്‍ പാര്‍ട്ടി/സംഘടനാ സങ്കുചിത്വത്തില്‍നിന്ന് മോചിതരായി പണ്ഡിതന്മാര്‍ സ്വയം സംഘടിക്കുകയും സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ പരിഹാരം കാണുകയും ചെയ്യല്‍ അനിവാര്യമാണ്.
Comments