മതപഠന കേന്ദ്രങ്ങള്‍ മതംമാറ്റ സ്ഥാപനങ്ങളല്ല
തന്റെ സഹോദരി മെറിനെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള എബിന്‍ ജേക്കബിന്റെ പരാതിയില്‍ സാകിര്‍ നായികിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അര്‍ഷി ഖുറൈശി, റിസ്‌വാന്‍ ഖാന്‍ എന്നിവരെ കേരള പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ആറു പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തിരിക്കുകയാണല്ലോ. ഇസ്‌ലാമിക പ്രബോധകരെ ഭയപ്പെടുത്തി പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്. നിര്‍ബന്ധ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടന്നിട്ടേയില്ലെന്നും മെറിന്‍ ഇസ്‌ലാം സ്വീകരിച്ച് മര്‍യമായി മാറിയത് ആരും നിര്‍ബന്ധിച്ചിട്ടല്ലെന്നും എബിന്റെ തന്നെ പ്രസ്താവന അസന്ദിഗ്ധമായി തെളിയിക്കുന്നുണ്ട്. തത്സംബന്ധമായി വന്ന ഒരു പത്രവാര്‍ത്ത ഇങ്ങനെ:
''മുംബൈയിലെത്തിയ എബിന്‍ സഹോദരി മെറിനോടൊപ്പമാണ് താമസിച്ചത്. ഈ സമയത്ത് യഹ്‌യയും ഇയാളുടെ സഹോദരന്‍ ഈസ എന്നു പേരുമാറ്റിയ ബെക്‌സനും ചേര്‍ന്ന് എബിനെയും മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചു. ദിവസങ്ങളോളം ഈ മതപരിവര്‍ത്തനശ്രമം തുടര്‍ന്നു. മുംബൈയില്‍ എബിന്റെ താമസ കാലത്തുടനീളം ഈ സംസാരം ഉണ്ടായി'' (മാതൃഭൂമി 2016 ജൂലൈ 26).
തന്റെ സഹോദരി മെറിനെ യഹ്‌യ നിര്‍ബന്ധിച്ചാണ് മതം മാറ്റിയതെങ്കില്‍ എബിന്‍ ദിവസങ്ങളോളം അവരോടൊപ്പം അവരുടെ വീട്ടില്‍ താമസിക്കുമോ? കിട്ടുന്ന ആദ്യ സന്ദര്‍ഭത്തില്‍തന്നെ സഹോദരിയെ തിരിച്ചുകൊണ്ടുവരില്ലേ? തന്നെ നിര്‍ബന്ധിച്ചാണ് മതം മാറ്റിയതെങ്കില്‍ മെറിന്‍ സഹോദരനെ കാണുമ്പോള്‍ കൂടെ നാട്ടിലേക്ക് മടങ്ങില്ലേ? തന്നെ മതം മാറ്റാന്‍ ദിവസങ്ങളോളം ശ്രമിച്ചുവെന്ന് പറയുന്നു. നിര്‍ബന്ധിച്ച് മതം മാറ്റാനുള്ള ശ്രമത്തിന് സ്വബോധമുള്ള ആരെങ്കിലും സ്വയം നിന്നുകൊടുക്കുമോ? സഹോദരിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയും തന്റെ മേല്‍ മതം മാറാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തവര്‍ക്കെതിരെ അന്ന് എന്തുകൊണ്ട് നിയമ നടപടി സ്വീകരിച്ചില്ല?
ഏതൊരു സാധാരണക്കാരന്റെയും മനസ്സില്‍ ഉയര്‍ന്നുവരുന്ന ഇത്തരം ചോദ്യങ്ങളൊന്നും നമ്മുടെ നിയമപാലകരും കുറ്റാന്വേഷകരും ഉന്നയിച്ചതായി മനസ്സിലാകുന്നില്ല. പകരം മതം മാറാന്‍ തയാറായി വന്നവര്‍ക്ക് അതിനവസരം ഒരുക്കിക്കൊടുക്കുകയും മതം പഠിക്കാന്‍ വന്നവര്‍ക്ക് അതിനവസരമൊരുക്കുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും യു.എ.പി.എ ചുമത്തുകയും ചെയ്തത് കടുത്ത ദ്രോഹവും നിയമവ്യവസ്ഥയെ കൊഞ്ഞനം കുത്തലുമാണ്. അര്‍ഷീ ഖുറൈശിയും റിസ്‌വാന്‍ ഖാനും എബിന്റെ വീട്ടിലേക്ക് മതം മാറ്റാന്‍ നിര്‍ബന്ധിക്കാന്‍ വരികയായിരുന്നില്ലല്ലോ. എബിന്‍ അവരുടെ സ്ഥാപനത്തിലേക്ക് അങ്ങോട്ട് ചെല്ലുകയായിരുന്നുവെന്ന് വ്യക്തമാണ്. തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ആരെങ്കിലും അത്തരമൊരു കേന്ദ്രത്തിലേക്ക് പോകുമോ?
മതംമാറ്റ കേന്ദ്രങ്ങളോ?
കേരളത്തിലോ ഇന്ത്യയിലോ മറ്റേതെങ്കിലും ഭാഗങ്ങളിലോ മുസ്‌ലിംകളുടേതായി മതംമാറ്റ കേന്ദ്രങ്ങളില്ല; ഉണ്ടാവുകയുമില്ല. കാരണം ഇസ്‌ലാമില്‍ മതംമാറ്റമില്ല. മതം മാറലേയുള്ളൂ. സ്വയം ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധരായവര്‍ക്ക് അതിന് അവസരവും സൗകര്യവുമൊരുക്കി കൊടുക്കുകയാണ് പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാം സഭയും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയും ചെയ്യുന്നത്. അഥവാ ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുകയും ആരാധനാനുഷ്ഠാനങ്ങള്‍ പരിശീലിപ്പിക്കുകയും സര്‍ക്കാര്‍ വ്യവസ്ഥയനുസരിച്ച് നിയമപരമായ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് അവ ചെയ്യുന്നത്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ ഇത്തരം മുസ്‌ലിം സ്ഥാപനങ്ങള്‍ ചെയ്യുന്നതും ഇതുതന്നെ.
ഏതൊരാളും തനിക്ക് ഏറ്റം ശരിയെന്നും മികച്ചതെന്നും വിജയത്തിന് വഴിയൊരുക്കുന്നതെന്നും വിശ്വസിക്കുന്ന ആദര്‍ശമാണ് അംഗീകരിക്കുക. ആത്മവഞ്ചകര്‍ മാത്രമേ അങ്ങനെ ചെയ്യാതിരിക്കുകയുള്ളൂ. ജീവിത വിജയത്തിന് ഏറ്റം പറ്റിയതെന്ന് ഉറച്ചു വിശ്വസിക്കുന്ന ഏതു മനുഷ്യസ്‌നേഹിയും തന്റെ സഹജീവികള്‍ക്ക് അതിനെ പരിചയപ്പെടുത്താതിരിക്കില്ല. കടുത്ത സ്വാര്‍ഥികളും സാമൂഹിക വിരുദ്ധരും മാത്രമേ അത് മറച്ചും ഒളിപ്പിച്ചും വെക്കുകയുള്ളൂ.
ഏതൊരു മുസ്‌ലിമും ഉറച്ചു വിശ്വസിക്കുന്നു, ഇരു ലോക വിജയത്തിനുള്ള ദൈവപ്രോക്ത പ്രത്യയശാസ്ത്രമാണ് ഇസ്‌ലാമെന്ന്. തന്നെപ്പോലെ തന്റെ സഹജീവികളും നേര്‍വഴിയിലാകണമെന്നാഗ്രഹിക്കുന്ന, മുഴുവന്‍ മനുഷ്യരോടും ഗുണകാംക്ഷ പുലര്‍ത്തുന്ന ഏതൊരു വിശ്വാസിയും തന്റെ വശമുള്ള ജീവിതവ്യവസ്ഥ സമൂഹത്തിന്റെ മുന്നില്‍ തുറന്നുവെക്കുന്നു. ആര്‍ക്കും അതേക്കുറിച്ച് അന്വേഷിക്കാം, പഠിക്കാം, സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.
ഈ സ്വാതന്ത്ര്യം ഏതൊരു മനുഷ്യന്റെയും മൗലികാവകാശമാണ്. അതിനാലാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മതം വിശ്വസിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനുമെന്ന പോലെ പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും സ്വാതന്ത്ര്യം നല്‍കിയത്. അതിനു തടസ്സം സൃഷ്ടിക്കുന്നത് ഭരണഘടനാവിരുദ്ധവും നിയമനിഷേധവുമാണ്.
നിര്‍ബന്ധ മതപരിവര്‍ത്തനം
നിര്‍ബന്ധ മതംമാറ്റത്തെ ഇസ്‌ലാം അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല; കണിശമായി വിലക്കുകയും ചെയ്യുന്നു. പ്രവാചകനോടു പോലും ഖുര്‍ആന്‍ ഇക്കാര്യത്തില്‍ കൃത്യവും വ്യക്തവും കണിശവുമായ നിര്‍ദേശമാണ് നല്‍കുന്നത്. ബഹുസ്വരത ദൈവനിശ്ചിതമായ പ്രകൃതിയുടെ ഭാഗമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ ചോദിക്കുന്നു: 'നിന്റെ നാഥന്‍ ഇഛിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'' (10:99).
'അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു'' (5:48, 16:93). 'നബിയേ, താങ്കള്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക. താങ്കള്‍ ഉദ്‌ബോധകന്‍ മാത്രമാകുന്നു. അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല താങ്കള്‍'' (88:21,22).
''മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു'' (2:256).
ഇസ്‌ലാമില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. ആര്‍ക്കും ഏതു മതവും വിശ്വാസവും സ്വീകരിക്കാന്‍ അത് സ്വാതന്ത്ര്യം നല്‍കുന്നു. ഖുര്‍ആന്‍ പറയുന്നു: ''താങ്കള്‍ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം''(18:29).
ഇസ്‌ലാം സ്വീകരിക്കാത്തവരോട് വെറുപ്പോ വിദ്വേഷമോ അല്ല ഉണ്ടാകേണ്ടതെന്നും മറിച്ച് തികഞ്ഞ ഗുണകാംക്ഷയാണെന്നും അത് പഠിപ്പിക്കുന്നു. അവരുടെ നാശമല്ല കൊതിക്കേണ്ടത്; മറിച്ച് രക്ഷയാണ്. ഖുര്‍ആന്‍ ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥന ഇങ്ങനെ ഉദ്ധരിക്കുന്നു: ''എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍ നാഥാ, നീ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ'' (14:36).
ഈസാ നബിയുടെ പ്രാര്‍ഥനയിലും ഈ ഗുണകാംക്ഷ നിറഞ്ഞുനില്‍ക്കുന്നതായി കാണാം: ''നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും'' (5:118).
വര്‍ഷങ്ങളോളം നിരന്തരം ഇസ്‌ലാമിക പ്രബോധനം നടത്തിയിട്ടും അതംഗീകരിക്കാതെ പൂര്‍വികാചാരങ്ങളില്‍ ഉറച്ചുനിന്ന അബൂത്വാലിബുമായി നബി(സ) അവസാന നിമിഷം വരെ ഗാഢബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ സംരക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ വിശ്വാസം സ്വീകരിക്കാന്‍ സന്നദ്ധമാകാതെ ബഹുദൈവാരാധകനായി നിലകൊണ്ട മുത്വ്ഇമുബ്‌നു അദിയ്യിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞ പ്രവാചകന്‍ ബദ്ര്‍ യുദ്ധത്തില്‍ തനിക്കും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ യുദ്ധം ചെയ്യാന്‍ വന്നിട്ടും അദ്ദേഹത്തെ കൊല്ലരുതെന്ന് നിര്‍ദേശിച്ചു. നബി(സ)യുടെ അഭയം അംഗീകരിക്കാതെ യുദ്ധം ചെയ്ത് വധിക്കപ്പെട്ട അദ്ദേഹത്തെ സംബന്ധിച്ച് യുദ്ധത്തടവുകാരുടെ കാര്യം ചര്‍ച്ചചെയ്യവെ അവിടുന്ന് പറഞ്ഞു: 'മുത്വ്ഇം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ യുദ്ധത്തടവുകാരെയെല്ലാം ഞാന്‍ വെറുതെ വിട്ടയക്കുമായിരുന്നു.''
പിന്നീട് നബി(സ) മുത്വ്ഇമിന് അനുശോചന കാവ്യം ചൊല്ലാന്‍ തന്റെ ആസ്ഥാന കവി ഹസ്സാനുബ്‌നു സാബിതിനെ അനുവദിക്കുകയും ചെയ്തു.
അബൂബക്ര്‍ സിദ്ദീഖും ഉമറുല്‍ ഫാറൂഖും അലിയ്യുബ്‌നു അബീത്വാലിബുമൊക്കെ ഉണ്ടായിരിക്കെ നബി(സ) മുസ്‌ലിമല്ലാത്ത അബ്ബാസിനെയാണ് അഖബാ ഉടമ്പടിയില്‍ തനിക്കുവേണ്ടി സംസാരിക്കാന്‍ കൂടെ കൂട്ടിയത്. പരമ രഹസ്യമായി നിര്‍വഹിക്കപ്പെടേണ്ട ഹിജ്‌റയില്‍ വഴികാട്ടിയായി സ്വീകരിച്ചത് ബഹുദൈവവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖിദിനെയും.
ഹിജ്‌റ അഞ്ചാം വര്‍ഷം മക്കയില്‍ മഴയില്ലാതായി. വിളകള്‍ നശിച്ചു. പണക്കാര്‍ പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. കടുത്ത ക്ഷാമം എല്ലാവരെയും ദുരിതത്തിലാഴ്ത്തി. ആഹാര സാധനങ്ങള്‍ തീരെ കിട്ടാതായി. വിവരമറിഞ്ഞ പ്രവാചകന്‍ തന്നെ അവിശ്വസിക്കുകയും കളവാക്കുകയും തന്നെയും കൂടെയുള്ളവരെയും കഠിനമായി പീഡിപ്പിക്കുകയും നാട്ടില്‍നിന്ന് പുറത്താക്കുകയും എന്നിട്ട് സൈ്വരം തരാതെ ബദ്‌റിലും ഉഹുദിലുമൊക്കെ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്ത കൊടിയ ശത്രുക്കള്‍ വിശന്നുവലഞ്ഞ് നശിക്കട്ടെയെന്ന് കരുതി ആശ്വസിക്കുകയല്ല ചെയ്തത്. മറിച്ച് മദീനയില്‍നിന്ന് കിട്ടാവുന്നേടത്തോളം ധാന്യം ശേഖരിച്ച് അതുമായി അംറുബ്‌നു ഉമയ്യയെ മക്കയിലെ അബൂസുഫ്‌യാന്റെ അടുത്തേക്ക് അയക്കുകയാണുണ്ടായത്.
സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ പരലോകമോര്‍ത്ത് പ്രവാചകന്‍ ദുഃഖിക്കുകയും സങ്കടപ്പെടുകയും സഹതപിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒരിക്കലും അവരോട് ദേഷ്യപ്പെടുകയോ അവരെ വെറുക്കുകയോ അവരുടെ നാശം കൊതിക്കുകയോ ചെയ്തിരുന്നില്ല. ഏതൊരു സത്യവിശ്വാസിയും സത്യപ്രബോധകനും എപ്പോഴും സ്വീകരിക്കേണ്ട സമീപനവും ഇതുതന്നെ.
ചരിത്രസാക്ഷ്യം
പേടിപ്പിച്ചോ പീഡിപ്പിച്ചോ പ്രീണിപ്പിച്ചോ പ്രലോഭിപ്പിച്ചോ ആരെയും മതംമാറ്റത്തിന് നിര്‍ബന്ധിക്കരുതെന്ന ഇസ്‌ലാമിക ശാസന മുസ്‌ലിം സമുദായം എന്നും എവിടെയും പൂര്‍ണമായും പിന്തുടരുന്നതായി കാണാം. മുസ്‌ലിംകള്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിരുന്നുവെങ്കില്‍ മുസ്‌ലിം സ്‌പെയിനില്‍ ക്രൈസ്തവര്‍ ആധിപത്യം സ്ഥാപിച്ച് അര നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഒരൊറ്റ മുസ്‌ലിമും ഇല്ലാതായതുപോലെ മുസ്‌ലിംകള്‍ പതിനാലു നൂറ്റാണ്ട് ഭരിച്ച നാടുകളിലൊന്നും മുസ്‌ലിംകളല്ലാത്ത ആരുമുണ്ടാകുമായിരുന്നില്ല. എന്നാല്‍, മുസ്‌ലിംകള്‍ പതിനാലു നൂറ്റാണ്ട് നിരന്തരം ഭരണം നടത്തിയ ഈജിപ്തില്‍ ഇപ്പോഴും ഒമ്പതു ശതമാനം കോപ്റ്റ് ക്രിസ്ത്യാനികളുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന ബുത്വ്‌റുസ് ഗാലി എന്ന ക്രൈസ്തവ വിശ്വാസി അവിടത്തെ മന്ത്രിയായിരുന്നു. ഇറാഖില്‍ ഇപ്പോഴും ധാരാളം ക്രിസ്ത്യാനികളുണ്ടെന്നു മാത്രമല്ല, യാക്കോബായ ചര്‍ച്ചിന്റെ ആസ്ഥാനം ഇപ്പോഴും ഇറാഖാണ്. ലബനാനില്‍ നാല്‍പത്തി അഞ്ചു ശതമാനത്തോളം വരും ക്രൈസ്തവ വിശ്വാസികള്‍. ഭരണഘടനാപരമായിത്തന്നെ അവര്‍ അധികാര പങ്കാളിത്തം വഹിക്കുന്നു.
ഇസ്രയേല്‍ കഴിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജൂതന്മാരുള്ളത് ഇറാനിലാണ്. അവിടെ ഇരുപത്തി അയ്യായിരം ജൂതന്മാരുണ്ട്. ഒരു യൂറോപ്യന്‍ രാജ്യത്തും ഇത്രയേറെ ജൂതന്മാരില്ല. അമേരിക്കയിലുമില്ല. ലോകത്ത് ആകെയുള്ള നാല് ജൂത ധര്‍മാശുപത്രികളിലൊന്ന് ഇറാനിലാണ്. മറ്റു മുസ്‌ലിം നാടുകളിലും ഇതര മതവിശ്വാസികള്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി സൈ്വരമായും സ്വതന്ത്രമായും നിലനിന്നുപോരുന്നു.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഭരിച്ച കാലത്ത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ഇസ്‌ലാം സ്വീകരിച്ചത്. 1707 മാര്‍ച്ച് 3-ന് ഇന്ത്യയിലെ അവസാനത്തെ പ്രഗത്ഭ മുസ്‌ലിം ഭരണാധികാരി മരണമടയുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമായിരുന്നുവെന്ന് എഫ്. ബര്‍ണിയര്‍ ഠൃമ്‌ലഹ െശി ങൗഴവമഹ ഋാുശൃല എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതായി എം.എല്‍ ശ്രീവാസ്തവ തന്റെ ഇന്ത്യാ ചരിത്രത്തില്‍ ഉദ്ധരിക്കുന്നു (പേജ് 1). എന്നാല്‍ 1931-ല്‍ രണ്ടാം വട്ടമേശാ സമ്മേളനം നടക്കുമ്പോഴേക്കും അത് 25 ശതമാനമായി ഉയര്‍ന്നു. അധികാരമുള്ള എട്ടു നൂറ്റാണ്ടില്‍ ഒരു ശതമാനം മാത്രം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അധികാരമില്ലാത്ത 224 വര്‍ഷം കൊണ്ട് അത് ഇരുപത്തഞ്ചു ശതമാനമായി ഉയര്‍ന്നുവെന്നത് നിര്‍ബന്ധ മതപരിവര്‍ത്തനമെന്നത് തീര്‍ത്തും വ്യാജാരോപണമാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകള്‍ ആദിവാസികളേക്കാള്‍ പിന്നാക്കമാണെന്നും ഏറ്റം കൂടുതല്‍ അരക്ഷിതബോധം അനുഭവിക്കുന്നത് അവരാണെന്നുമാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് അവര്‍ വിചാരിച്ചാല്‍ പോലും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്താന്‍ സാധ്യമല്ല. എന്നിട്ടും ഇസ്‌ലാമില്‍ ജനം ആകൃഷ്ടരാകുന്നുവെങ്കില്‍ അതിനു കാരണം ഇരുലോക വിജയം ഉറപ്പുവരുത്തുന്ന ദൈവിക വ്യവസ്ഥ എന്ന അതിന്റെ മൗലിക സവിശേഷതയല്ലാതെ മറ്റൊന്നുമല്ല.
ഇസ്‌ലാമിന്റെ ഈ പ്രത്യേകത തെളിയിച്ചുകാണിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള മൗലികാവകാശത്തെ നിഷേധിക്കാനും സ്വാതന്ത്ര്യത്തിന് തടസ്സമേര്‍പ്പെടുത്താനുമുള്ള ശ്രമമാണ് ഇപ്പോള്‍ കേരളത്തിലുള്‍പ്പെടെ നടന്നുകൊണ്ടിരിക്കുന്നത്. മതപരിവര്‍ത്തന നിരോധ നിയമമില്ലാതെ തന്നെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍നിന്ന് പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും തടസ്സങ്ങള്‍ സൃഷ്ടിച്ചും മുസ്‌ലിംകളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംഘ് പരിവാറും ഭരണകൂടങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു കണ്ട് ഭയപ്പെട്ട് പിന്മാറാതെ ധീരമായ നിലപാട് സ്വീകരിക്കാനും സത്യപ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരാനും മുസ്‌ലിംകള്‍ വിമുഖത കാണിക്കാവതല്ല. ഭരണഘടനാപരമായ അവകാശവും സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തുന്നതില്‍ അറച്ചു നില്‍ക്കുന്നത് സാമൂഹികവിരുദ്ധ ശക്തികള്‍ക്കാണ് ഗുണകരമാവുക.
Comments