Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

പശുരാഷ്ട്രീയം ദലിതനു നേരെ തിരിയുമ്പോള്‍

എ. റശീദുദ്ദീന്‍

2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച സാമൂഹിക ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ദലിത് വോട്ട് ബാങ്ക്. 2009-ലെ തെരഞ്ഞെടുപ്പില്‍ 12 ശതമാനം മാത്രം ലഭിച്ച ദലിത് ബാങ്ക് 2014-ല്‍ നേരെ ഇരട്ടിയായി വര്‍ധിക്കുക മാത്രമല്ല ദലിത് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ ഉത്തര്‍പ്രദേശില്‍ എല്ലാ സംവരണ മണ്ഡലങ്ങളിലും മായാവതിയെ ഞെട്ടിച്ച് ബി.ജെ.പി ജയിച്ചുകയറുകയായിരുന്നു. എന്നാല്‍, ദലിതുകള്‍ പൊടുന്നനെ ബി.ജെ.പിക്കെതിരെ തിരിയുകയും അവരുടെ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം ശക്തി പ്രാപിക്കുകയും ചെയ്തതാണ് നിലവിലെ ചിത്രം. ബി.ജെ.പി ഗവണ്‍മെന്റുകളിലൊന്നിനെ താഴെയിടുവോളം ഈ പ്രക്ഷോഭം ഉഗ്രരൂപം പൂണ്ടുകഴിഞ്ഞു. സംസ്ഥാന ഗവണ്‍മെന്റുകളുടെ രാഷ്ട്രീയത്തേക്കാളുപരി കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയം തന്നെയാണ് ദലിതുകളെ അകറ്റിക്കൊണ്ടിരിക്കുന്നത്. യു.പിയില്‍ ബിസ്‌കറ്റ് വാങ്ങിയ വകയില്‍ 15 രൂപയുടെ കടം തിരികെ കൊടുക്കാത്തതിന് ദലിത് ദമ്പതികളെ വെട്ടിക്കൊന്നതും ബിഹാറിലെ മുസഫര്‍പൂരില്‍ ദലിതുകളെ മൂത്രം കുടിപ്പിച്ചതും കര്‍ണാടകയില്‍ ദലിത് കുടുംബത്തെ ബീഫ് ഭക്ഷിച്ചതിന് മര്‍ദിച്ച് മൃതപ്രാണരാക്കിയതും അവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാറുകള്‍ അധികാരത്തിലിരുന്നതു കൊണ്ടായിരുന്നില്ല. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ദലിതര്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചതാണ് നിലവിലെ അവസ്ഥ. 

2014-നു ശേഷം മാത്രം 47,064 അക്രമ സംഭവങ്ങളാണ് ദലിതര്‍ക്കെതിരെ ഇന്ത്യയില്‍ അരങ്ങേറിയത്. ദലിതര്‍ക്കു നേരെ നടക്കുന്ന ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍ മുതലായ എല്ലാ അതിക്രമങ്ങളും മോദിയുടെ കാലത്ത് ഇരട്ടിയോളമായി വര്‍ധിച്ചുകഴിഞ്ഞു. ദലിതര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളിലെല്ലാം ബജ്‌റംഗ്ദള്‍, ഹിന്ദുമഹാസേന, ശിവസേന, ഗോ രക്ഷാ സേന തുടങ്ങി കേന്ദ്രസര്‍ക്കാറിന്റെ അനുഗ്രഹാശിസ്സുകളുള്ള വിവിധ ഹിന്ദുത്വ സംഘടനകളാണ് കുറ്റക്കാര്‍. ദലിതുകളില്‍ സമീപകാലത്ത് ഉണ്ടായിവരുന്ന സംഘബോധവും വിദ്യാഭ്യാസത്തിന് കൈവന്ന പ്രാമുഖ്യവുമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. 2001-നും 2011-നുമിടയില്‍ ദലിതരുടെ സാക്ഷരതാ നിരക്ക് 90 ശതമാനമായാണ് വര്‍ധിച്ചത്. അവകാശങ്ങള്‍ക്കു വേണ്ടി മുമ്പെന്നത്തേക്കാളും ഇന്ന് ദലിതര്‍ തെരുവിലിറങ്ങുന്നുണ്ട്. സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ബി.ജെ.പി മടിച്ചുനില്‍ക്കുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഔദ്യോഗിക തലത്തില്‍ തന്നെ വിവേചനം ശക്തമാകുന്നതും രണ്ടു മന്ത്രിമാര്‍ക്ക് നേര്‍ക്കുനേരെ പങ്കുണ്ടെന്ന് വ്യക്തമായിട്ടും രോഹിത് വെമുല സംഭവത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവാത്തതുമൊക്കെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങളായി ദലിത് സംഘടനകള്‍ മനസ്സിലാക്കുന്നുമുണ്ട്. ഹിന്ദുത്വ സംഘടനകളെ പക്ഷേ എന്തുവില കൊടുത്തും കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 

ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് വീശിത്തുടങ്ങിയ രോഹിത് വെമുല കൊടുങ്കാറ്റാണ് ബി.ജെ.പിക്കെതിരെ ദലിതുകള്‍ക്കിടയില്‍ വ്യാപകമായ രോഷത്തിന് വഴിയൊരുക്കിയത്. ഈ സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുകയാണെന്ന് ബി.ജെ.പി വിശ്വസിച്ച അവസരത്തിലാണ് ഗുജറാത്തിലെ ഉനയില്‍ ദലിതുകളെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഏതാണ്ട് ഇതേ ദിവസങ്ങളില്‍ യു.പിയിലെ ബി.ജെ.പി ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിംഗ് മായാവതിയെ ലൈംഗിക തൊഴിലാളിയോടുപമിച്ച് പ്രസ്താവനയിറക്കി. ദയാശങ്കര്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ടാക്കിയ അമ്പരപ്പ് കുറച്ചൊന്നുമായിരുന്നില്ല. ഒരുപക്ഷേ അതിനേക്കാള്‍ മോശപ്പെട്ട വാര്‍ത്തയായിരുന്നു 15 രൂപക്കു വേണ്ടി രണ്ട് ദലിത് ദമ്പതികളെ മേല്‍ജാതിക്കാരന്‍ വെട്ടിക്കൊന്ന യു.പിയിലെ സംഭവം. കേവല ജാതീയത എന്നതിലപ്പുറം ഈ സംഭവത്തിന് രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നില്ല. യു.പിയില്‍ ദലിതരെ ആകര്‍ഷിക്കാന്‍ വാരാണസിയില്‍ ബി.ജെ.പി അധ്യക്ഷന്‍ നിശ്ചയിച്ച മഹാറാലി വേണ്ടെന്നുവെക്കാന്‍ ഈ സംഭവങ്ങള്‍ കാരണമായി. ഉന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ഗുജറാത്തിലുടനീളം ദലിതരുടെ മഹാറാലികള്‍ക്ക് വഴിതുറന്നതോടെ ആനന്ദിബെന്‍ പട്ടേലിന് രാജിവെച്ചൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നായി. പട്ടേല്‍ പ്രക്ഷോഭത്തില്‍ പോലും പിടിച്ചുനിന്ന മോദിയുടെ ഈ ഇഷ്ടക്കാരിക്ക് ദലിത് വിഷയത്തില്‍ കസേര നഷ്ടപ്പെട്ടത് ബി.ജെ.പി അകപ്പെട്ട അന്തഃസംഘര്‍ഷത്തിന്റെ നേര്‍കാഴ്ചകളിലൊന്നാണ്. 

മോദി സര്‍ക്കാറിന്റെ രൂപവത്കരണത്തിനു ശേഷം മതാന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുകയോ കാണാതെ പോവുകയോ ചെയ്ത ഒന്നായിരുന്നു പെരുകിവന്ന ജാതി സംഘര്‍ഷങ്ങള്‍. ദലിതുകള്‍ ഈ സര്‍ക്കാറുമായി തുടക്കം തൊട്ടേ ഇടയുന്ന ചിത്രങ്ങളായിരുന്നു രൂപപ്പെട്ടുകൊണ്ടിരുന്നത്. ബി.ജെ.പിക്ക് ഇത് മനസ്സിലാവുന്നുണ്ടായിരുന്നെങ്കിലും ആര്‍.എസ്.എസ്സായിരുന്നു തടസ്സം. ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ സംവരണത്തെ കുറിച്ച് ആര്‍.എസ്.എസ് അധ്യക്ഷന്‍ നടത്തിയ പരാമര്‍ശവും തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് നല്‍കിയ കനത്ത പരാജയവും വിലയിരുത്തിയതിനു ശേഷമാണ് ദലിതരെ ഒപ്പം നിര്‍ത്താന്‍ സംവരണ മേഖലയില്‍ കാതലായ അഴിച്ചുപണിക്ക് കേന്ദ്രസര്‍ക്കാര്‍ തയാറെടുത്തത്. ഭരണയന്ത്രത്തിനകത്തെ സവര്‍ണലോബിയും ഈ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടായിരുന്നു. ഈ തടസ്സങ്ങളെ മറികടക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യമേഖലയില്‍ എസ്.എസിഎസ്.ടി സംവരണം നടപ്പാക്കണമെന്ന ദലിതുകളുടെ ആവശ്യം ഇതുവരെ മോദി സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. പ്രൊമോഷന്‍ തസ്തികകളിലും ദലിതുകള്‍ സംവരണം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ യു.പി.എ കാലത്ത് തുടക്കമിട്ട നീക്കം കഴിഞ്ഞ മൂന്നു വര്‍ഷമായി എവിടെയും എത്തിയിട്ടില്ല. പ്രായോഗിക രാഷ്ട്രീയ മേഖലയില്‍ ബി.ജെ.പി ഉയര്‍ന്ന സ്വപ്‌നങ്ങള്‍ കാണുമ്പോഴും തങ്ങള്‍ തന്നെ ഉണ്ടാക്കിവെച്ച ജാതിരാഷ്ട്രീയത്തിന്റെ സമവാക്യങ്ങളും ഹിന്ദുത്വ ആഭിമുഖ്യവും അവരുടെ പ്രോ-ദലിത് പദ്ധതികള്‍ക്ക് വിഘാതമാകുന്നതാണ് ഇപ്പോഴത്തെ ചിത്രം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍