Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

ഫിത്വ്ര്‍ സകാത്ത്: പുനര്‍വായന വേണം

എം.പി അശ്‌റഫ് പാപ്പിനിശ്ശേരി

കഴിഞ്ഞ റമദാനിലെ അവസാന നാളുകളില്‍ കണ്ടതും കേട്ടതുമായ ചില കാര്യങ്ങളിലുള്ള ചിന്ത പങ്കുവെക്കുക എന്നതാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണ. റമദാനിലെ അവസാന നാളുകളില്‍ ഫിത്വ്ര്‍ സകാത്ത് സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് ജിദ്ദയുടെ തെരുവുകളില്‍ കാണുന്ന ചില കാഴ്ചകളുണ്ട്. മതകാര്യ വകുപ്പിന്റെ പ്രതിനിധികള്‍ സ്ഥാപിക്കുന്ന കൗണ്ടറുകള്‍ പല സ്ഥലങ്ങളിലും കാണാം. അവര്‍ കൂപ്പണ്‍ വഴി  ഫിത്വ്ര്‍ സകാത്ത് സ്വീകരിക്കുന്നു. നമ്മുടെ ആവശ്യാനുസരണം  കൂപ്പണ്‍ വാങ്ങി പണം അവരെ ഏല്‍പിക്കുമ്പോള്‍ നമ്മുടെ ബാധ്യത നിറവേറ്റപ്പെടുന്നു. അവര്‍ ഈ പണം ഉപയോഗിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആവശ്യക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നു (പണം കൊടുക്കുന്ന ആളുടെ സ്ഥലത്തു തന്നെ ഇത് കൊടുക്കുന്നില്ല. മറിച്ച് ആവശ്യക്കാര്‍ എവിടെയാണോ അവിടെയാണ് അത് വിതരണം ചെയ്യുന്നത്). 

മറ്റൊരു കാഴ്ച തെരുവോരങ്ങളില്‍ കുറച്ച് അരിച്ചാക്കുമായി ഒരു കച്ചവടക്കാരനും ഇരുവശത്തും ആഫ്രിക്കന്‍ വംശജരായ സ്ത്രീകളുടെയും കുട്ടികളുടെയും ഒരു കൂട്ടവും ഇരുന്നിട്ടുണ്ടാകും. ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടവര്‍ അവിടെ വന്ന് പണം കൊടുത്ത് അരി വാങ്ങി അരികിലിരിക്കുന്ന ഈ ആഫ്രിക്കന്‍ വംശജര്‍ക്ക് നല്‍കിക്കൊണ്ട് അവരുടെ ബാധ്യത നിറവേറ്റുന്നു. പിന്നീട് സംഭവിക്കുന്നത് ഈ കിട്ടിയ അരി വില കുറച്ച്  അടുത്തുള്ള കച്ചവടക്കാരനു തന്നെ അവര്‍ തിരിച്ചു വില്‍ക്കുന്നു. അതുകൊണ്ട് തന്നെ അരിക്കച്ചവടക്കാരന്റെ അരിയുടെ സ്റ്റോക്ക് തീരുന്ന പ്രശ്‌നമില്ല. അവിടെയിരിക്കുന്ന ആഫ്രിക്കന്‍ വംശജര്‍ക്ക് കൈ നിറയെ പണം  ലഭിക്കുകയും ചെയ്യുന്നു. സാധാരണ കാണുന്ന രണ്ട് കാഴ്ചകള്‍. ഇതിലെന്താണ് സംഭവിക്കുന്നത്? ഒന്നാമത്തെ കാര്യത്തില്‍, ഫിത്വ്ര്‍ സകാത്തിന്റെ ഫിഖ്ഹിലെ ഉദ്ദേശ്യമായ ആവശ്യക്കാരന് ലഭിക്കുക എന്ന കര്‍മം നിറവേറ്റപ്പെടുന്നു. രണ്ടാമത്തേതില്‍ ഫിഖ്ഹിന്റെ അക്ഷര വായനയനുസരിച്ച് ആവശ്യക്കാര്‍ ഉള്ള സ്ഥലത്ത് കൊടുക്കുകവഴി ആഫ്രിക്കന്‍ വംശജര്‍ക്ക് കൈ നിറയെ പണം ലഭിക്കുന്നു. അരിക്കച്ചവടക്കാരന് അമിതമായ ലാഭവും. കുറച്ചൊക്കെ ഏറ്റക്കുറച്ചിലോടെ സുഊദിയുടെ മറ്റു ഭാഗങ്ങളിലും ഗള്‍ഫിലെ ഇതര രാജ്യങ്ങളിലും ഈ അവസ്ഥ തന്നെയാണ.് 

ഇനി നമുക്ക് ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ കാഴ്ചകളിലേക്ക് കടക്കാം. ഒരു വിഭാഗം ഫിഖ്ഹിന്റെ ആത്മാവിനെ ഉള്‍ക്കൊണ്ട് അതിന്റെ ലക്ഷ്യം നടപ്പാകണം എന്ന ഉദ്ദേശ്യത്തോടെ ഫിത്വ്ര്‍ സകാത്തിന്റെ നിശ്ചിത വില ഇവിടെനിന്ന് ശേഖരിച്ച് നാട്ടിലെ അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. മറ്റൊരു വിഭാഗം ഫിഖ്ഹിലെ വരികളെ വ്യാഖ്യാനിച്ചുകൊണ്ട് ശക്തിയുക്തം ഇതിനെ എതിര്‍ക്കുകയും ഇവിടെതന്നെ കൊടുക്കണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നു. ഇവരോട് നിങ്ങള്‍ ഇത് എവിടെയാണ്  വിതരണം ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ലേബര്‍ ക്യാമ്പുകളിലാണെന്നു പറയും. എല്ലാവരും ലേബര്‍ ക്യാമ്പുകളിലാണ് വിതരണം ചെയ്യുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ! ജിദ്ദയിലെ മലയാളി സമൂഹത്തിലെ ബഹുഭൂരിപക്ഷവും കുടുംബവും കുട്ടികളുമായി ഈ ലേബര്‍ ക്യാമ്പുകളിലല്ല താമസിക്കുന്നത്. കൂടി വന്നാല്‍ ഒരു 20-25  ശതമാനം മാത്രമാണ് ലേബര്‍ ക്യാമ്പുകളിലുള്ളത്. ബാക്കി വരുന്ന 75-80 ശതമാനം പുറത്താണുള്ളത്. ഈ പറയുന്ന എല്ലാ ലേബര്‍ ക്യാമ്പിലുള്ളവരും ദാരിദ്ര്യത്തില്‍ കഴിയുന്നവരല്ല. നല്ല നിലയില്‍ കഴിഞ്ഞുകൂടുന്നവരുടെ ക്യാമ്പുകളുമുണ്ട്. ലേബര്‍ ക്യാമ്പുകളിലുള്ള ഇവര്‍ക്ക് വേണ്ടി മഹാ ഭൂരിപക്ഷത്തിന്റെ ഫിത്വ്ര്‍  സകാത്ത് മൊത്തമായി നല്‍കുകയാണ് ഇവിടെ സംഭവിക്കുന്നത്.

ഒരനുഭവം പറയാം. പത്തു പതിനഞ്ചു വര്‍ഷം മുമ്പ് ബാബ് മക്കയില്‍ താമസിക്കുന്ന കാലം. ഫിത്വ്ര്‍ സകാത്തിന്റെ പണം വാങ്ങി നാട്ടിലെത്തിക്കുന്നവരോട് കടുത്ത വിരോധമായിരുന്നു അപ്പോള്‍. ഞാന്‍ താമസിക്കുന്ന കെട്ടിടത്തിലെ ആളുകളുടെ ഫിത്വ്ര്‍ സകാത്ത് ശേഖരിച്ച് അതുമായി ഞാന്‍ അതിന്റെ അവകാശികളെ തേടി ഇറങ്ങും. അവസാനം ഗത്യന്തരമില്ലാതെ ഏതെങ്കിലും ആഫ്രിക്കന്‍ സ്ത്രീകളെ ഏല്‍പിച്ച് മടങ്ങും (അവര്‍ക്കു പോലും ഫിത്വ്ര്‍ അരി വാങ്ങാന്‍ മടിയായിരുന്നു). പണം നാട്ടിലെത്തിച്ച് അരി വാങ്ങിക്കൊടുക്കാന്‍ പലപ്പോഴും എന്റെ ഭാര്യ എന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ ഞാന്‍ വഴങ്ങിയില്ല. അങ്ങനെയിരിക്കെ ഒരു വര്‍ഷം പെരുന്നാളിനു രാവിലെ പള്ളിയില്‍ പോകാന്‍ വാതില്‍ തുറന്നപ്പോള്‍ ഞങ്ങളുടെ കെട്ടിടത്തിലെ എല്ലാ റൂമുകളുടെ മുന്നിലും ഫിത്വ്ര്‍ സകാത്തിന്റെ അരിച്ചാക്കുകള്‍ കൊണ്ടുവെച്ച് ആരോ അവരുടെ ബാധ്യത പൂര്‍ത്തീകരിച്ചിരിക്കുന്നു! അപ്പോഴാണ് ശരിക്കും ബോധോദയം ഉണ്ടായത്. അരി ആവശ്യമില്ലാത്ത എനിക്കു പോലും അരി കിട്ടുന്നു. ഇതിനു ശേഷം ഞാനും പണം ഏല്‍പിക്കാന്‍  തുടങ്ങി. 

ഈ കഥ എന്റെ സ്‌നേഹിതനുമായി പങ്കുവെച്ചപ്പോള്‍ രസകരമായ ഒരനുഭവം അദ്ദേഹവും പറഞ്ഞു. അദ്ദേഹം അഞ്ചാറു പേരുമൊത്ത് ഒരു ബാച്ചിലര്‍ റൂമില്‍ താമസിക്കുകയാണ്. പെരുന്നാള്‍ രാവില്‍ നാണിയാക്ക എന്ന ഒരാള്‍ ഒരുകെട്ട് അരിയുമായി വന്ന് എന്റെ സ്‌നേഹിതനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: 'ഇത് എന്റെ ഫിത്വ്ര്‍ സകാത്തിന്റെ അരിയാണ്.' അദ്ദേഹം അത് വാങ്ങി അടുത്ത ആള്‍ക്ക് ഇതുപോലെ പറഞ്ഞ് കൈമാറി. അവസാനത്തെയാള്‍ ആ അരി ഇതുപോലെ നാണിയാക്കക്ക് തന്നെ തിരിച്ചു നല്‍കിയത്രെ. ഓരോരുത്തര്‍ക്കും ബാധ്യത നിറവേറ്റിയെന്ന നിര്‍വൃതി! പിറ്റേന്ന് ആ അരികൊണ്ട് ചോറുണ്ടാക്കി എല്ലാവരും കഴിക്കുകയും ചെയ്തു. അവരുടെ കാഴ്ചപ്പാടില്‍ അവര്‍ ചെയ്തത് ശരിയാണ്. എല്ലാവരും ഫിത്്വര്‍ സകാത്തിന്റെ ബാധ്യത നിറവേറ്റിയിരിക്കുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ഥ ലക്ഷ്യമെന്തെന്ന് അവര്‍ക്കും അറിയില്ലായിരുന്നു. 

ഈ കഥ പറഞ്ഞപ്പോഴാണ് എന്റെ കുട്ടിക്കാലം ഓര്‍മ വന്നത്. ഞങ്ങള്‍ കണ്ണൂര്‍കാര്‍ ഫിത്വ്ര്‍ സകാത്ത് കൊടുക്കുന്നതിന് അരിവാരല്‍ എന്നാണ് പറയുക. എന്റെ വല്യുമ്മയും ഉമ്മയും കൂടി എല്ലാവരുടെയും അരി അളന്ന് തിട്ടപ്പെടുത്തി വെക്കും. അവര്‍ പഠിച്ച ഫിഖ്ഹിന്റെയും മസ്അലകളുടെയും അടിസ്ഥാനത്തില്‍ ചുറ്റുമുള്ള വീടുകളിലേക്ക് അരി കൊടുത്തയക്കും. ആ വീട്ടുകാരും ഇതേ  മസ്അലകള്‍ വെച്ച് എന്റെ വീട്ടിലേക്കും അരി കൊണ്ടുവന്നുതരും. എന്റെ വീട്ടില്‍നിന്ന് വാരിയ അരിയുടെ പകുതിയോ അതില്‍ കൂടുതലോ തിരിച്ച് നമുക്ക് തന്നെ കിട്ടിക്കാണും. എല്ലാവരും തങ്ങളുടെ കര്‍മം പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന ആശ്വാസത്തിലും. 

എന്നാല്‍ ധര്‍മം പൂര്‍ത്തിയായിട്ടുണ്ടോ? കേരളത്തിലെ ഫിത്വ്ര്‍ സകാത്ത് വിതരണത്തെക്കുറിച്ച് ഒരു പഠനം നടത്തിനോക്കൂ. ഏകദേശ കണക്ക് പ്രകാരം കേരളത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 83 ലക്ഷം മുസ്‌ലിംകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഏറ്റവും കൂടിയ കണക്കെടുത്താല്‍ മൂന്നു ലക്ഷം പേര്‍  ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ ബാധ്യതയില്ലാത്ത ദരിദ്രരായി ഉണ്ടാകും. ബാക്കി വരുന്ന 80 ലക്ഷം പേര്‍ക്ക് ഒരാള്‍ക്ക് 2.600 കി.ഗ്രാം അരി വെച്ച് നീക്കിവെച്ചാല്‍ രണ്ട് കോടി എട്ട് ലക്ഷം കിലോ അരിയാണ് ഈ ഒരൊറ്റ ദിവസം വിതരണം ചെയ്യപ്പെടുക. കിലോക്ക് 25 രൂപ കണക്കുകൂട്ടിയാല്‍ 52 കോടി രൂപയുടെ അരിക്കച്ചവടം ഈ ഒരു ദിവസം മാത്രം കേരളത്തില്‍ നടക്കുന്നു. ഈ അരി, അവകാശികളായ മുകളില്‍ പറഞ്ഞ മൂന്ന് ലക്ഷത്തിന്റെ കൈയില്‍ മാത്രമാണോ എത്തുന്നത്? അതോ, നേരത്തെ പറഞ്ഞ പോലെ, വീടുകളില്‍നിന്ന് വീടുകളിലേക്ക് ആവശ്യമില്ലാതെ കറങ്ങിത്തിരിയുകയാണോ? ഇവിടെയാണ് ഫിത്വ്ര്‍ സകാത്തിനെ അക്ഷരവായന നടത്തണോ, അതോ അതിന്റെ ഉദ്ദേശ്യത്തെ പൂര്‍ത്തീകരിക്കണോ എന്ന് സമുദായം ആലോചിക്കേണ്ടത്. 

ഫിത്വ്ര്‍ സകാത്ത് നിങ്ങളുടെ പ്രദേശത്തുള്ള പാവങ്ങള്‍ക്ക് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവസ്തു എത്തിച്ചു കൊടുക്കുകയാണ്, അവര്‍ പെരുന്നാളിന് പട്ടിണി കിടക്കാതിരിക്കാന്‍. ഇതാണ് അതിന്റെ അക്ഷര വായന. ഈ ഫിഖ്ഹ് രൂപപ്പെടുന്ന കാലത്തെ സാമൂഹികാവസ്ഥ, സാമ്പത്തികാവസ്ഥ ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ അവരുടെ പരിമിതമായ ചുറ്റുപാടുകള്‍ മാത്രമേ അതിന്റെ പരിഗണനയില്‍ വരുന്നുള്ളൂ. എന്നാല്‍ ഇന്ന് ലോകം തന്നെ കൈക്കുമ്പിളിലായിരിക്കെ തന്റെ അയല്‍വാസിയുടെ അവസ്ഥയേക്കാള്‍ ദൂരത്തിരിക്കുന്നവന്റെ അവസ്ഥ അറിയുന്ന കാലത്ത്, സോഷ്യല്‍ മീഡിയയിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും ഇലയും മണ്ണും തിന്ന് നോമ്പെടുത്ത് ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഈ കാലത്ത് നാം ഒരു പുനര്‍വായന നടത്തേണ്ടതില്ലേ? മേല്‍പറഞ്ഞത് അറബ് ലോകത്തെ അഭയാര്‍ഥി ക്യാമ്പുകളുടെ മാത്രം കാര്യമല്ല. കേരളത്തിലെയും ഇന്ത്യയിലെയും പല പ്രദേശങ്ങളെക്കുറിച്ചും സാമൂഹിക പ്രവര്‍ത്തകര്‍ ശേഖരിച്ച സ്ഥിതിവിവര കണക്കുകളും അവസ്ഥകളും കരളലിയിക്കുന്നതാണ്. ഫിഖ്ഹിലെ രണ്ടാമത്തെ കാര്യമായ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം എന്നതുകൊണ്ടുള്ള ഉദ്ദേശ്യം നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണം എന്നതിനേക്കാള്‍ പെരുന്നാള്‍ ദിവസം നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്നതായിരിക്കില്ലേ ശരി? അല്ലായെങ്കില്‍ പെരുന്നാളിന് നമ്മള്‍ ബിരിയാണി വെച്ച് കഴിക്കുകയും പട്ടിണിപ്പാവങ്ങള്‍ അവര്‍ക്ക് കിട്ടിയ ചോറരി കൊണ്ട് കഞ്ഞി കുടിച്ച് കഴിയേണ്ടിയും വരില്ലേ? വാസ്തവത്തില്‍ ഒരു അഞ്ചംഗ കുടുംബത്തിന്റെ ഫിത്വ്ര്‍ സകാത്തിന്റെ അരിയുടെ വില കൊണ്ട് ഒരു ചെറിയ പാവപ്പെട്ട കുടുംബത്തിന്റെ പെരുന്നാള്‍ ദിവസത്തേക്ക് ആവശ്യമായ അരിയടക്കമുളള മറ്റു സാധനങ്ങളെല്ലാം വാങ്ങി നല്‍കാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ ഇറച്ചിയോ മറ്റോ വാങ്ങി നല്‍കാന്‍ കഴിഞ്ഞേക്കും. അല്ലാതെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം എന്ന വാക്കില്‍ മാത്രം പിടിച്ചു തൂങ്ങേണ്ടതുണ്ടോ? പട്ടിണി കിടക്കുന്ന ആരും ഉണ്ടാവരുത് എന്ന ആഹ്വാനം തന്റെ മഹല്ലിന്റെ പുറത്തു പാടില്ല എന്ന് ശഠിക്കേണ്ടതുണ്ടോ? അങ്ങനെ വരുമ്പോള്‍ ഒരു സമ്പുഷ്ട മഹല്ല് വന്നാല്‍ പിന്നെ ഫിത്വ്ര്‍ സകാത്ത് തന്നെ നിര്‍ത്തല്‍ ചെയ്യേണ്ടിവരുമല്ലോ. ചുരുക്കത്തില്‍ കാലത്തിന്റെയും സാമൂഹികാവസ്ഥയുടെയും തേട്ടങ്ങള്‍ക്കനുസരിച്ച് പ്രമാണങ്ങളെ വായിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക ക്രമം പുലരുകയുള്ളൂ. 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍