Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

ഐ.ആര്‍.ഡബ്ല്യു സേവനത്തിന്റെ 25 വര്‍ഷങ്ങള്‍

ബഷീര്‍ തൃപ്പനച്ചി

ഇസ്‌ലാമിക പ്രസ്ഥാനം ആവശ്യപ്പെട്ടാല്‍ എന്തിനും തയാറായിവരുന്ന ഒരു സ്വയം സമര്‍പ്പിത സംഘമുണ്ടാവണമെന്ന്  ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ 1989-'93 പ്രവര്‍ത്തന കാലയളവിലാണ് ആ ആഗ്രഹം യാഥാര്‍ഥ്യമാകുന്നത്. ദീര്‍ഘകാലം കേരള ജമാഅത്ത് അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിക്കുശേഷം പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സംസ്ഥാന ജമാഅത്തിന്റെ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമയമായിരുന്നു അത്. 

അദ്ദേഹം നേതൃത്വം ഏറ്റെടുത്ത രണ്ടാം വര്‍ഷം ഇത്തരമൊരു സന്നദ്ധ  സംഘത്തിന്റെ രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ അല്ലാ ബക്ഷ്, കെ.കെ ഇബ്‌റാഹീം മാഞ്ഞാലി, ടി.സി മുഹമ്മദുണ്ണി എന്നിവരെ ചുതമലപ്പെടുത്തി. ണ്ടഅമീറിന്റെ സാന്നിധ്യത്തിലും അല്ലാതെയും  ഈ മൂവര്‍ സംഘം ഒരുപാട് കൂടിയാലോചനകള്‍ നടത്തി. അങ്ങനെയാണ് ഐഡിയല്‍ റിലീഫ് വിംഗ് (ഐ.ആര്‍.ഡബ്ല്യൂ) എന്ന വളന്റിയര്‍ സംഘം രൂപം കൊള്ളുന്നത്. 1991 ഫെബ്രുവരിയില്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളാരംഭിച്ചെങ്കിലും 1992 മെയ് 20,21 ദിവസങ്ങളില്‍ ശാന്തപുരത്തു ചേര്‍ന്ന തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാരുടെ ദ്വിദിന ക്യാമ്പിലാണ് വിംഗിന്റെ പേരും നേതൃത്വവുമെല്ലാം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. പ്രഫ. കെ.എ സിദ്ദീഖ് ഹസനായിരുന്നു ഐ.ആര്‍.ഡബ്ല്യുവിന്റെ ആദ്യ ജനറല്‍ ക്യാപ്റ്റന്‍. അല്ലാ ബക്ഷ് ഹാജിയെ ആദ്യ ജനറല്‍ കണ്‍വീനറായും നിശ്ചയിച്ചു.

വര്‍ഷത്തില്‍ ദ്വിദിന ക്യാമ്പും ശ്രദ്ധേയമായൊരു സേവന പ്രവര്‍ത്തനവും നടത്തണമെന്നത് ശാന്തപുരം ക്യാമ്പിന്റെ തീരുമാനങ്ങളിലൊന്നായിരുന്നു. പ്രാദേശികമായി നടത്തുന്ന മുഴുവന്‍ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാകാനും നേതൃത്വം വിളിക്കുമ്പോള്‍ എന്താവശ്യത്തിനും തയാറായി വരാനും ജനറല്‍ ക്യാപ്റ്റന്‍ ആ യോഗത്തില്‍ ആഹ്വാനം നല്‍കി. ശാന്തപുരം ക്യാമ്പ് കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടപ്പോഴാണ് തെക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടം വിതച്ച ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. 1992 സെപ്റ്റംബര്‍ തുടക്കത്തിലായിരുന്നു ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളെ ബാധിച്ച ഈ ദുരന്തം. സംഭവമറിഞ്ഞ ഉടനെ ജനറല്‍ ക്യാപ്റ്റന്‍ സിദ്ദീഖ് ഹസന്‍ സാഹിബ് ദുരന്ത മേഖലകളില്‍ സാധ്യമാകുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വളന്റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി 80 അംഗ വളന്റിയര്‍ സംഘം ദുരിതപ്രദേശങ്ങളില്‍ മൂന്ന് ദിവസം തമ്പടിച്ച് രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. വെള്ളമിറങ്ങി അപകടാവസ്ഥ നീങ്ങിയ ശേഷമാണ് അവര്‍ അവിടം വിട്ടത്. ഇതായിരുന്നു ഐ.ആര്‍.ഡബ്ല്യുവിന്റെ രക്ഷാ-സേവന പ്രവര്‍ത്തനങ്ങളിലെ ആദ്യ അധ്യായം. പ്രത്യേകിച്ച് പരിശീലനമോ മുന്‍പരിചയമോ ഇല്ലാതെയായിരുന്നു ഈ വളന്റിയര്‍ സംഘം ദുരന്ത മേഖലയിലെത്തിയത്. എന്നാല്‍, സ്വയം സമര്‍പ്പിതരായ ആ ചെറുസംഘത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ഇടങ്ങളില്‍ വരെ ചെന്നെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നത് ചരിത്രം.

തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ഇടിഞ്ഞാര്‍ ഗ്രാമത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഐ.ആര്‍.ഡബ്ല്യു നടത്തിയ രക്ഷാപ്രവര്‍ത്തനം മാത്രം മതിയാകും ഈ സംഘത്തിന്റെ അന്നത്തെ സാഹസവും സമര്‍പ്പണവും അടയാളപ്പെടുത്താന്‍. ചുറ്റും വെള്ളം കയറി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇടിഞ്ഞാര്‍ ഗ്രാമം. അവരുടെ വീടുകളും വസ്ത്രവും ഭക്ഷണവുമടക്കം സര്‍വവും വെള്ളം കയറി നശിച്ചിരുന്നു. ഒഴുക്കിനെതിരെ നീന്താന്‍ ശേഷിയുള്ള യുവാക്കള്‍ നീന്തി രക്ഷപ്പെട്ടു. അവശേഷിച്ച വൃദ്ധരും സ്ത്രീകളും കുട്ടികളും പ്രദേശത്തെ ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്‌കൂളില്‍ അഭയം തേടി. അവര്‍ക്കവിടെ ഭക്ഷണമോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. നീന്തി രക്ഷപ്പെട്ട യുവാക്കളിലൊരാളാണ് അവിടെ ഇങ്ങനെയൊരു ജനത കുടുങ്ങിക്കിടക്കുന്ന വിവരം ഇക്കരെയുള്ളവരെ അറിയിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പട്ടാളക്കാര്‍ അങ്ങോട്ട് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞു പിന്തിരിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് എത്ര സാഹസപ്പെട്ടും അവര്‍ക്ക് സഹായമെത്തിക്കണമെന്ന് കെ.കെ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.ഡബ്ല്യു സംഘം തീരുമാനിക്കുന്നത്. ചുറ്റുമുള്ള വാഴത്തടികള്‍ ചേര്‍ത്ത് സംഘം ഒരു ചങ്ങാടമുണ്ടാക്കി. കുത്തിയൊലിക്കുന്ന വെള്ളത്തിനെതിരെ ആ ചങ്ങാടം തുഴഞ്ഞ് അക്കരെ കടക്കാന്‍ ഏഴംഗ ഐ.ആര്‍.ഡബ്ല്യു സംഘം തയാറായി.  അവര്‍ അക്കരെ കടന്ന് സ്‌കൂളിലെത്തി. അവിടെ കണ്ട കാഴ്ച ദാരുണമായിരുന്നു. തണുത്ത് വിറച്ച് വിശപ്പടക്കാന്‍ ഒന്നുമില്ലാതെ നിസ്സഹായരായി ഒരു പറ്റം മനുഷ്യര്‍ ആര്‍ത്തലച്ചു കരയുന്നു. സംഘം അവരെ ആശ്വസിപ്പിച്ചു. 'വെള്ളം ഇറങ്ങി സ്ഥിതി ശാന്തമാകുന്നതുവരെ ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാവു'മെന്ന് ഉറപ്പുനല്‍കി. അവിടെ നിന്ന് ഒരുപാട് വാഴകള്‍ വെട്ടി വലിയൊരു ചങ്ങാടമുണ്ടാക്കി ഏഴില്‍ നാലുപേര്‍  വീണ്ടും ഇക്കരെ വന്നു. അവര്‍ മാര്‍ക്കറ്റില്‍ ചെന്ന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മറ്റു അടിസ്ഥാന സാമഗ്രികളും സംഭരിച്ച് ചങ്ങാടത്തില്‍ കയറ്റി സ്‌കൂളിലെത്തിച്ചു. മൂന്ന് ദിവസം അവര്‍ക്കൊപ്പം ആ ഏഴംഗ സംഘം താമസിച്ചു. വെള്ളമിറങ്ങി അപകടാവസ്ഥ തരണം ചെയ്ത ശേഷമാണ് ഇടിഞ്ഞാര്‍ ഗ്രാമത്തില്‍നിന്ന് ഐ.ആര്‍.ഡബ്ല്യു സംഘം യാത്ര തിരിച്ചത്. കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് സംഘത്തിന് ഇടിഞ്ഞാര്‍ നിവാസികള്‍ അന്ന് നല്‍കിയത്. കരുത്തും കായിക ശേഷിയുമുള്ള അവരുടെ ആണ്‍മക്കളില്‍ പലരും സ്വന്തം കാര്യം മാത്രം നോക്കി രക്ഷപ്പെട്ടപ്പോള്‍ തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഈ ചെറുപ്പക്കാര്‍ ജീവന്‍ പണയം വെച്ച് ഇക്കരെ കടന്ന് തങ്ങളെ സംരക്ഷിച്ചതിലുള്ള സന്തോഷമായിരുന്നു ആ യാത്രയയപ്പില്‍ വികാരാധീനരായി അവര്‍ പങ്കുവെച്ചത്. പിന്നീട് 1992 ബാബരി ധ്വംസനത്തിനു ശേഷം ഹിന്ദുത്വ തീവ്രവാദികള്‍ക്ക് തൂക്കമൊപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സന്ദര്‍ഭത്തില്‍ ഇടിഞ്ഞാര്‍ വാസികള്‍ ഇന്ത്യന്‍ പ്രസിഡന്റിന് കത്തെഴുതിയിരുന്നു. 'ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കരുതെന്നും അവര്‍ ഭൂമിയിലെ മാലാഖമാരാണെന്നും തങ്ങളുടെ അനുഭവം അതാണെന്നും' അവര്‍ പ്രസിഡന്റിനെ അറിയിച്ചു.

രൂപീകരണ വര്‍ഷം തന്നെ ദുരന്ത മേഖലകളില്‍ തങ്ങളുടെ ഇടവും ദൗത്യവും അടയാളപ്പെടുത്തിയ സംഘം തുടര്‍ന്ന് ഇന്ത്യയിലുടനീളം ദുരന്ത ഭൂമികളിലേക്ക് കടന്നു ചെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയുണ്ടായി. അതിനാവശ്യമായ പരിശീലനവും വിദ്യാഭ്യാസവും വളന്റിയര്‍മാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതിനായി കോഴിക്കോട്ടെ ഖലാസിയായ മുഹമ്മദ്, ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍ പി.ഇ ശംസുദ്ദീന്‍ എടയാര്‍ എന്നിവരെയും ഫയര്‍ഫോഴ്‌സ് സംവിധാനത്തെയും പ്രഫഷണല്‍ ട്രെയ്‌നേഴ്‌സിനെയും മറ്റും സംഘം ഉപയോഗപ്പെടുത്തി.

ദുരന്ത മേഖലകളില്‍ സേവനം ചെയ്യാന്‍ പ്രാപ്തരായ മെഡിക്കല്‍ -പാരാ മെഡിക്കല്‍ ടീമിനെയും ഐ.ആര്‍.ഡബ്ല്യു വളര്‍ത്തിയെടുത്തു. ഡോക്ടര്‍മാരും നഴ്‌സുമാരും ഐ.ആര്‍.ഡബ്ല്യുവിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്. മിക്ക ദുരന്തങ്ങളുടെയും മുഖ്യ ഇരകള്‍ സ്ത്രീകളാകുന്നതുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വനിതാ വളന്റിയര്‍മാരുടെ സാന്നിധ്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെ അവരും ഐ.ആര്‍.ഡബ്ല്യുവിന്റെ ഭാഗമായി. 1996 ആയപ്പോഴേക്കും ഐ.ആര്‍.ഡബ്ല്യു ഒരു എന്‍.ജി.ഒ വിംഗായി  രജിസ്റ്റര്‍ ചെയ്തു. 

1992 സെപ്റ്റംബറില്‍ തെക്കന്‍ ജില്ലകളിലുണ്ടണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം ഒട്ടനവധി ദുരന്ത മേഖലകളില്‍ സംഘം സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. അവയില്‍ ശ്രദ്ധേയമായ ചിലത് മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.

 

ലാത്തൂര്‍ ഭൂകമ്പം

1993 സെപ്റ്റംബര്‍ 30-നാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വന്‍ ഭൂകമ്പമുണ്ടായത്. പതിനായിരത്തിലധികം പേര്‍ മരണപ്പെട്ട ഭൂകമ്പത്തില്‍ 52 ഗ്രാമങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. മുപ്പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പതിനായിരങ്ങള്‍ ഭവനരഹിതരായി. ലാത്തൂരിന് പുറമെ ഉസ്മാനാബാദ് ജില്ലയിലും കനത്ത നഷ്ടങ്ങളുണ്ടായി. സംഭവം അറിഞ്ഞയുടന്‍ കെ.കെ ഇബ്‌റാഹീമിന്റെ നേതൃത്വത്തില്‍ ഏഴംഗ ഐ.ആര്‍.ഡബ്ല്യു സംഘം ലാത്തൂരിലേക്ക് പുറപ്പെട്ടു. സംഘം ആറു ദിവസം അവിടെ വ്യത്യസ്ത ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമിയും വിവിധ സന്നദ്ധ സംഘങ്ങളും റിലീഫ് ക്യാമ്പുകള്‍ തുറന്നിരുന്നു. ലളിതമായി ടെന്റുകള്‍ നിര്‍മിക്കുന്നതെങ്ങനെയെന്ന് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ പഠിപ്പിച്ചു. കേരളത്തില്‍നിന്ന് ശേഖരിച്ച ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ടെന്റുകളില്‍ വിതരണം ചെയ്ത് ആറു ദിവസം സംഘം അവിടെ താമസിച്ചു. അവിടത്തെ സ്ഥിതിഗതി പഠിച്ച് കേരളത്തില്‍നിന്നുള്ള തുടര്‍സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനമൊരുക്കിയാണ് അവര്‍ മടങ്ങിയത്.

 

1994-ലെ ആസാം ബോഡോ കലാപം

1994 ജൂണ്‍-ആഗസ്റ്റ് കാലയളവില്‍ ബോഡോ തീവ്രവാദികള്‍ ആസാമിലെ മുസ്‌ലിം ഗ്രാമങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു. ക്രൊക്രജാര്‍, ബാര്‍പേട്ട ജില്ലകളിലെ ഒട്ടേറെ മുസ്‌ലിം ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു. വീടുകള്‍ തീവെച്ച ശേഷം ചെറുപ്പക്കാരെ വെടിവെച്ചുകൊന്ന് ബാക്കിയുള്ളവരോട് ജീവന്‍ വേണമെങ്കില്‍ നാടുവിട്ടു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. 75 ഗ്രാമങ്ങളിലായി പതിനായിരത്തിലേറെ വീടുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ വീടുവിട്ട് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടി.  ഇതിനിടയില്‍ ആയിരങ്ങള്‍ തമ്പടിച്ച ഗുവാഹതിക്കടുത്ത ബന്‍സാബരി റിലീഫ് ക്യാമ്പ് ബോഡോ സായുധ സംഘം ആക്രമിക്കുകയും 7 പേരെ വെടിവെച്ചു കൊല്ലുകയും ചെയ്തു. മുസ്‌ലിംകള്‍ അഭയം തേടിയ പോലീസ് സ്‌റ്റേഷന്‍ അടക്കം ആക്രമിച്ച് അഭയാര്‍ഥികളെയും പോലീസുകാരെയും വെടിവെച്ചുകൊന്ന സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  

ഇത്തരമൊരു കലുഷിത സാമൂഹികാവസ്ഥയിലാണ് ആഗസ്റ്റ് അവസാനം കെ.കെ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.ഡബ്ല്യു സംഘം പുറപ്പെടുന്നത്. തുടര്‍ന്ന് ഒരു ട്രെയിന്‍ ബോഗി നിറയെ വസ്ത്രവും മരുന്നും ഭക്ഷണവും കേരളത്തില്‍നിന്നെത്തിച്ചു. അസം ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ ഹൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഉമര്‍ മോഡല്‍ ഇംഗ്ലീഷ് മീഡിയം അക്കാദമി കേന്ദ്രീകരിച്ചാണ് ടീം പ്രവര്‍ത്തനമാരംഭിച്ചത്. ഹൗദിയില്‍നിന്ന് 40 കിലോമീറ്റര്‍ ദൂരമുള്ള ഗ്രാമങ്ങളിലെ റിലീഫ് ക്യാമ്പുകളില്‍ സംഘമെത്തുകയും പതിനായിരത്തിലധികം പേര്‍ക്ക് വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ഭക്ഷണ കിറ്റുകള്‍ എന്നിവ വിതരണം നടത്തുകയും ചെയ്തു. കോക്രജാര്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ വളന്റിയര്‍മാര്‍ എത്തുമ്പോള്‍ ആക്രമണം പൂര്‍ണമായി നിലച്ചിരുന്നില്ല. ഗ്രാമങ്ങള്‍ മൊത്തം പട്ടാളത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ചുറ്റും പരിക്കേറ്റ സ്ത്രീകളടക്കമുള്ളവര്‍ ജീവനും കൊണ്ട് ഓടുന്ന കാഴ്ചയായിരുന്നു. ബാരക്കുകള്‍ക്ക് പിറകില്‍ പട്ടാളക്കാരുടെ പിന്തുണയോടെ ഐ.ആര്‍.ഡബ്ല്യു സംഘം മൂന്ന് ദിവസത്തോളം ഡോ. അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുകയും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. 1640 പേര്‍ക്ക് ഇങ്ങനെ ചികിത്സ നല്‍കി. പട്ടാള ട്രക്കിംഗ് ബോഡിയില്‍ ഘടിപ്പിച്ചായിരുന്നു ചിലര്‍ക്ക് ഗ്ലൂക്കോസ് നല്‍കിയിരുന്നത്. 

ബോഡോകള്‍ ആക്രമണം ശക്തമാക്കിയ സന്ദര്‍ഭത്തില്‍ മുസ്‌ലിംകളില്‍ ചിലര്‍ ബോഡോകള്‍ താമസിക്കുന്ന ആറ് ഗ്രാമങ്ങളില്‍ പ്രത്യാക്രമണം എന്ന നിലയില്‍ തീയിട്ടിരുന്നു. അസം ജമാഅത്ത് ഭാരവാഹികള്‍ക്കൊപ്പം ഐ.ആര്‍.ഡബ്ല്യു സംഘം ആ ബോഡോ ഗ്രാമങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. അസമിലെ ബാര്‍പേട്ട ജില്ലയിലാണ് ഏറ്റവുമധികം ദുരിതാശ്വാസ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നത്. 21 ദിവസം അവിടെ തമ്പടിച്ച് സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. അവിടെ നിന്ന് തിരിച്ചുപോരുമ്പോള്‍ ക്യാമ്പിലെ ചില സ്ത്രീകള്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട അഞ്ച് കുട്ടികളെ ഐ.ആര്‍.ഡബ്ല്യു ടീമിന്റെ വാഹനത്തില്‍ കയറ്റി 'ഇവരെ നിങ്ങള്‍ കേരളത്തില്‍ കൊണ്ടുപോയി രക്ഷിക്കണം' എന്ന് പറഞ്ഞു. അബുല്‍ ഹസന്‍, അതീഖുര്‍റഹ്മാന്‍, ജഹ്‌റുല്‍ ഇസ്‌ലാം, അക്ബര്‍ അലി, അസ്ഹറുദ്ദീന്‍ എന്നിവരായിരുന്നു ആ കുട്ടികള്‍. അവരെ ട്രെയിനില്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് ടീം ക്യാപ്റ്റന്‍ കെ.കെ ഇബ്‌റാഹീമിന്റെ വീട്ടില്‍ താമസിപ്പിച്ചു. കലാപബാധിതപ്രദേശത്തു നിന്നും കുട്ടികളെ കൊണ്ടുവന്നത് പരിസരത്തെ ആര്‍.എസ്.എസ്സുകാര്‍ പ്രശ്‌നമാക്കുകയും പിറ്റേ ദിവസം 'തീവ്രവാദികളെ കൊണ്ടുവന്നു'വെന്ന രീതിയില്‍ അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. 'തീവ്രവാദികളെ കുടിയിരുത്തിയ ഭീകരവാദി പിടിയില്‍' എന്ന തലക്കെട്ടിലായിരുന്നു മാതൃഭൂമി, മലയാള മനോരമ പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ഈ വാര്‍ത്ത കണ്ട ശേഷമാണ് യഥാര്‍ഥത്തില്‍ പോലീസ് വിവരമറിയുന്നത്. പോലീസ് കെ.കെ ഇബ്‌റാഹീമിന്റെ വീട്ടിലേക്ക് വന്നു. പോലീസിന്റെ കാക്കി വേഷം കണ്ട് ബോഡോ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ ഭയന്ന് നാലുപാടും ഓടി. ഒരാള്‍ സമീപത്തെ കുളത്തില്‍ വീണു. ഭാഗ്യത്തിന് വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. നിയമനടപടികള്‍ പാലിച്ചില്ലെന്ന പേരില്‍ കെ.കെ ഇബ്‌റാഹീമിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്‌തെങ്കിലും പിന്നീടത് തള്ളപ്പെട്ടു. 

ആ അഞ്ച് കുട്ടികളെയും, അസം ജമാഅത്ത് അമീറിന് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന മറ്റു 43 അനാഥരായ അസം കുട്ടികളെയും ചേര്‍ത്ത് അക്കൊല്ലം തുടങ്ങിയ സ്ഥാപനമാണ് തായിക്കാട്ടുകരയിലെ ദാറുസ്സലാം മോഡല്‍ ഓര്‍ഫനേജ്. ടി.കെ മുഹമ്മദ് ആലുവയായിരുന്നു ഈ സ്ഥാപനത്തിനും അസം വിദ്യാര്‍ഥികളുടെ പുനരധിവാസത്തിനും നേതൃത്വം നല്‍കിയത്. സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചാണ് ഈ കുട്ടികളില്‍ മിക്കവരും പിന്നീട് അസമിലേക്ക് തിരിച്ചുപോയത്. കെ.കെ ഇബ്‌റാഹീം, ഡോ. അബ്ദുസ്സലാം. എം.എ അബ്ദുല്‍ കരീം, കെ.എ അബ്ദുല്‍ കരീം, പി.ഇ ശംസുദ്ദീന്‍, ഇഖ്ബാല്‍, കെ.വി ഹംസ, ടി.എം കുഞ്ഞുമുഹമ്മദ് എന്നിവരായിരുന്നു അസമില്‍ സേവനമനുഷ്ഠിച്ച ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍.

 

ഒഡീഷ ചുഴലിക്കാറ്റ് 1997

ഒഡീഷയുടെ തീരപ്രദേശങ്ങളിലൊന്നടങ്കം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പതിനായിരത്തിലധികമാളുകളാണ് മരിച്ചത്. മൂന്ന് ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. കന്നുകാലികളും കൃഷികളുമെല്ലാം പാടേ നശിച്ചുപോയി. ഒരു ലക്ഷത്തിലധികമാളുകള്‍ വിവിധ റിലീഫ് ക്യാമ്പുകളില്‍ അഭയം തേടി. സര്‍ക്കാറും സന്നദ്ധ സംഘടനകളും റിലീഫ് ക്യാമ്പുകള്‍ തുറന്നു. ഒറീസ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലും ഒന്നിലധികം അഭയാര്‍ഥി ക്യാമ്പുകളുണ്ടായിരുന്നു. വ്യവസ്ഥാപിതമായി നടക്കുന്ന ജമാഅത്തിന്റെ അഭയാര്‍ഥി ക്യാമ്പുകളില്‍ ആവശ്യമായ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ആര്‍.ഡബ്ല്യു സംഘം ഒഡീഷയിലേക്ക് തിരിച്ചത്. കെ.കെ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് പ്രാഥമിക സ്ഥിതി വിവരങ്ങള്‍ ശേഖരിക്കാന്‍ ആദ്യം പുറപ്പെട്ടത്. ദുരന്ത  പ്രദേശങ്ങള്‍ സംഘം നേരിട്ട് സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഒഡിഷ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന റിലീഫ് ക്യാമ്പുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആദ്യ സംഘം തിരിച്ചുപോന്നു. ശേഷം ക്യാമ്പുകളിലേക്കാവശ്യമായ ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ എന്നിവ ശേഖരിച്ച് മറ്റൊരു ആറംഗ സംഘം ഒഡിഷയിലെത്തി. എം.എ കരീം, പി.ഇ ശംസുദ്ദീന്‍, പ്രഫ. ഇസ്മാഈല്‍ മമ്പാട്, സി.ടി സുബൈര്‍ ഓമശ്ശേരി, കെ.പി അബ്ദുല്‍ ഹമീദ് മാത്തോട്ടം, എ.പി അബ്ദുല്ലത്വീഫ് എന്നിവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. അവര്‍ നേരിട്ട് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മരുന്നും വസ്ത്രവും വിതരണം ചെയ്തു. 

 

ഗുജറാത്ത് ഭൂകമ്പം 2001

ഇന്ത്യ 52-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന 2001 ജനുവരി 26-നാണ് ഗുജറാത്തിലെ കച്ച് പ്രഭവ കേന്ദ്രമായി വന്‍ ഭൂകമ്പം ഉണ്ടാകുന്നത്. ഇരുപതിനായിരത്തിലധികം പേരാണ് മരണപ്പെട്ടത്. രണ്ട് ലക്ഷത്തിനടുത്താളുകള്‍ക്ക് പരിക്കേറ്റു. നാലു ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നു. കച്ചില്‍ മാത്രം 12300 പേരാണ് മരണപ്പെട്ടത്. കച്ചിന് പുറമെ അഞ്ചാര്‍ താലൂക്കിലും ബുജിലും അഹ്മദാബാദിലുമെല്ലാം കനത്ത നാശനഷ്ടങ്ങളുണ്ടായി. ജല വിതരണവും വൈദ്യുതിയുമെല്ലാം താറുമാറായ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ ആഴ്ചകളോളം തീര്‍ത്തും അരക്ഷിതാവസ്ഥയിലായി. ഗവണ്‍മെന്റിനോടൊപ്പം അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും പ്രാദേശിക സംഘങ്ങളുമെല്ലാം ദുരിതപ്രദേശങ്ങളില്‍ വ്യാപകമായി റിലീഫ് ക്യാമ്പുകള്‍ തുറന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍നിന്ന് ഗുജറാത്തിലേക്ക് സഹായമൊഴുകി. ശാഫി മദനി സാഹിബിന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് ഘടകവും വ്യവസ്ഥാപിതമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വ്യത്യസ്ത സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തില്‍ ശേഖരിച്ച ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ എന്നിവ ആ ക്യാമ്പുകളിലെത്തിച്ചു. ജമാഅത്തിന്റെ റിലീഫ് ക്യാമ്പുകള്‍ കാര്യക്ഷമമാക്കാനും അനുബന്ധമായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുമായി ഖാജാ ശിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ഡോ. അബ്ദുസ്സലാം, ഡോ. ഷൈജു ഹമീദ്, ഡോ. ഹുസൈന്‍ സേട്ട്, ഡോ. ഷബീര്‍ എന്നീ ഡോക്ടര്‍മാരടക്കമുള്ള 52 അംഗ വളന്റിയര്‍ സംഘം തയാറായി. ഒരു ട്രെയ്ന്‍ ബോഗി ബുക് ചെയ്ത് അതില്‍ ഭക്ഷണവും മരുന്നും ടെന്റ് കെട്ടാനാവശ്യമായ മെറ്റീരിയലുകളും ശേഖരിച്ചായിരുന്നു ഐ.ആര്‍.ഡബ്ല്യു ടീം ഗുജറാത്തിലേക്ക് പുറപ്പെട്ടത്. വളന്റിയര്‍ സംഘം അഹ്മദാബാദിലിറങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമും ട്രെയിനും കാലിയായിരുന്നു. ആളുകളെല്ലാം തിരിച്ച് ഇങ്ങോട്ടുള്ള ട്രെയിനില്‍ തിക്കിത്തിരക്കി രക്ഷപ്പെടുമ്പോഴാണ് ഈ രക്ഷാസംഘം അഹ്മദാബാദില്‍ ട്രെയിനിറങ്ങുന്നത്. കാലിയായ അഹ്മദാബാദിലെ പ്ലാറ്റ്‌ഫോമില്‍ കെ.സി മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ ജുമുഅ നിര്‍വഹിച്ച ശേഷമായിരുന്നു സംഘം കച്ചിലേക്ക് യാത്ര തിരിച്ചത്. ദുരന്തപ്രദേശത്തെത്തിയത് മുതല്‍ സര്‍ക്കാറിന്റെ എല്ലാവിധ സഹായങ്ങളും ഔദ്യോഗികമായി തന്നെ ഐ.ആര്‍.ഡബ്ല്യു ടീമിന് ലഭിച്ചു. ഐ.ആര്‍.ഡബ്ല്യുവിന്റെ ക്യാമ്പില്‍ വൈദ്യുതി, ഫോണ്‍ സൗകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്. പട്ടാളക്കാരൊഴിച്ചാല്‍ ഏതാനും യൂനാനി ഡോക്ടര്‍മാര്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ ഐ.ആര്‍.ഡബ്ല്യൂ സംഘമെത്തുമ്പോള്‍ അവിടെയുണ്ടായിരുന്നത്. ദുരന്തപ്രദേശത്തെത്തുന്ന ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ടീമുമടങ്ങിയ ആദ്യത്തെ മെഡിക്കല്‍ പ്രഫഷണല്‍ ടീം ഐ.ആര്‍.ഡബ്ല്യുവിന്റേതായിരുന്നു. പരിക്കേറ്റ ആയിരങ്ങള്‍ക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചിരുന്നില്ല. ഉടനെ തന്നെ നാല് മെഡിക്കല്‍ ക്യാമ്പുകള്‍ ഐ.ആര്‍.ഡബ്ല്യു ആരംഭിച്ചു. കിടത്തി ചികിത്സക്കുള്ള ബെഡ്ഡുകള്‍ വരെ ക്യാമ്പുകളിലൊരുക്കി. ഓപ്പറേഷന്‍ ഒഴികെയുള്ള മുഴുവന്‍ ചികിത്സയും ആ ക്യാമ്പുകളില്‍ നടന്നു. ദിനേന ആയിരത്തിനടുത്ത് രോഗികള്‍ ഈ ക്യാമ്പുകളിലെത്തി ചികിത്സ തേടി. സംഘം കൊണ്ടുവന്ന അനസ്‌തേഷ്യ മരുന്ന് തീര്‍ന്നപ്പോള്‍ പിടിച്ചുനിര്‍ത്തി സ്റ്റിച്ചിംഗ് നിര്‍വഹിക്കേണ്ട അവസ്ഥ വരെയുണ്ടായി. മറ്റൊരു മെഡിക്കല്‍ ടീമും അവിടെയില്ലാത്തതിനാല്‍ വളന്റിയര്‍മാര്‍ പോലും സ്റ്റിച്ചിംഗ് നിര്‍വഹിക്കേണ്ടിവന്നു.

തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയിലെല്ലാം ദുര്‍ഗന്ധം വമിക്കുന്ന മൃതശരീരങ്ങളായിരുന്നു. അവ സംസ്‌കരിച്ച് മറമാടാന്‍ പാലക്കാട് റഹീം സാഹിബിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ ചുമതലയേല്‍പിച്ചു. കര്‍ണാടകയില്‍ നിന്ന് വന്ന ഒരു സന്നദ്ധ സംഘവും ഈ സേവനത്തില്‍ ഐ.ആര്‍.ഡബ്ല്യുവിനെ സഹായിച്ചു. മുസ്‌ലിമാണെന്ന് തോന്നുന്ന മയ്യിത്തുകളെല്ലാം പള്ളിയില്‍ കൊണ്ടുവന്ന് നമസ്‌കരിച്ച ശേഷവും മറ്റുള്ളവ അല്ലാതെയുമാണ് മറമാടിയിരുന്നത്. കേരളത്തില്‍നിന്ന് കൊണ്ടുവന്ന 20 ടണ്‍ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും വ്യത്യസ്ത ക്യാമ്പുകളില്‍ വളന്റിയര്‍മാര്‍ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച് അയക്കുന്ന വസ്ത്രങ്ങളും ഭക്ഷണങ്ങളും ക്യാമ്പുകളില്‍ കൂമ്പാരമായി കിടന്നിരുന്നു. അവ വ്യവസ്ഥാപിതമായി വിതരണം ചെയ്യുന്ന ചുമതല ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐ.ആര്‍.ഡബ്ല്യൂ ടീമിനെ ഏല്‍പിക്കുകയും അവരത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

താമസിക്കാനാവശ്യമായ ചെറിയ ടെന്റുകള്‍, സാനിറ്ററി-ടോയ്‌ലറ്റ് സൗകര്യങ്ങള്‍, കുടിവെള്ള സംവിധാനം ഇവയെല്ലാം ഒരുക്കുന്നതിലും സംഘം മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി. കൃത്യമായ പ്ലാനിംഗോടും  ചടുലമായും നിര്‍വഹിക്കുന്ന ടീമിന്റെ പ്രവര്‍ത്തനം കണ്ട് വിദേശ സന്നദ്ധ സംഘങ്ങളുടെ പ്രതിനിധികള്‍ ഐ.ആര്‍.ഡബ്ല്യു ക്യാമ്പ് സന്ദര്‍ശിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍നിന്നുള്ള സന്നദ്ധ സംഘം ഐ.ആര്‍.ഡബ്ല്യുവിനെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. പല സന്നദ്ധ സംഘങ്ങളും അവരുടെ ക്യാമ്പ് അവസാനിപ്പിച്ച് തിരിച്ചുപോവുമ്പോള്‍ അവശേഷിക്കുന്ന മരുന്നും വസ്ത്രങ്ങളും മറ്റു സാമഗ്രികളും ഐ.ആര്‍.ഡബ്ല്യു ടീമിനെയാണ് ഏല്‍പിച്ചത്. കച്ചിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ ഗ്രാമം ടീം സന്ദര്‍ശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഏക മസ്ജിദ് തകര്‍ന്നതിനാല്‍ ജുമുഅ നടത്താന്‍ ഇടമില്ലെന്ന പരിഭവമാണവര്‍ പങ്കുവെച്ചത്. രണ്ട് ദിവസം കൊണ്ട് സംഘം ടെന്റ് മെറ്റീരിയല്‍ ഉപയോഗിച്ച് നൂറിലധികം പേര്‍ക്ക് നമസ്‌കരിക്കാവുന്ന താല്‍ക്കാലിക മസ്ജിദ് നിര്‍മിച്ചു. മൂന്നാം നാള്‍ വെള്ളിയാഴ്ച ജുമുഅ നിര്‍വഹിച്ച ശേഷമാണ് ടീം ആ ഗ്രാമത്തില്‍നിന്ന് മടങ്ങിയത്. ഇതിനിടയില്‍ കേരളത്തില്‍നിന്ന് ഭക്ഷണവും വസ്ത്രവും മരുന്നുമടങ്ങുന്ന വലിയ ലോഡുമായി 20 അംഗ രണ്ടാം ടീം ക്യാമ്പില്‍ എത്തി. ആദ്യ ടീമില്‍നിന്ന് കുറച്ച് പേര്‍ നാട്ടിലേക്ക് മടങ്ങി. ഒന്നര മാസത്തോളം തുടര്‍ച്ചയായി സേവനങ്ങള്‍ നിര്‍വഹിച്ച ശേഷമാണ് ഐ.ആര്‍.ഡബ്ല്യു സംഘം പൂര്‍ണമായി ഗുജറാത്തില്‍നിന്ന്  മടങ്ങിയത്. സര്‍ക്കാര്‍ സംവിധാനത്തിലും മറ്റു എന്‍.ജി.ഒകള്‍ക്കിടയിലും കൃത്യമായ വിലാസം ഗുജറാത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളോടെ ഐ.ആര്‍.ഡബ്ല്യു നേടിയെടുത്തു. 

(തുടരും)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍