Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

നെഞ്ചോടു ചേര്‍ത്തുവെക്കുക; പ്രപഞ്ചം ഏറ്റുപാടുന്ന ആ വിശുദ്ധ മന്ത്രം

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

അല്ലാഹുവിന്റെ തിരുനാമം-എല്ലാ വിശിഷ്ട നന്മകളുടെയും ശീര്‍ഷകം. മുഴുവന്‍ പുണ്യകര്‍മങ്ങളുടെയും പ്രാരംഭം. നിരന്തരം നാമുരുവിടുന്ന വിശുദ്ധ മന്ത്രം. 

പ്രിയപ്പെട്ട മനസ്സേ, 

നിനക്കറിയാമോ, അനുഗൃഹീതമായ ഈ വിശുദ്ധ മന്ത്രം ഇസ്‌ലാമിന്റെ ചിഹ്നമാണെന്ന്. പടപ്പുകളെല്ലാം തങ്ങളുടേതായ ഭാഷയില്‍ സ്രഷ്ടാവിനെ വാഴ്ത്തുന്ന സ്തുതിഗീതമാണെന്ന്. 

അല്ലാഹുവിന്റെ തിരുനാമം. ഈ നാമത്തില്‍ അന്തര്‍ഭവിച്ചുകിടക്കുന്ന വറ്റാത്ത ശക്തിസാന്നിധ്യത്തിന്റെ വ്യാപ്തിയറിയാന്‍ നിനക്ക് മോഹമുണ്ടെങ്കില്‍, അതില്‍ നിലീനമായിട്ടുള്ള അനര്‍ഗള സമൃദ്ധി തൊട്ടറിയാന്‍ നിനക്കാഗ്രഹമുണ്ടെങ്കില്‍ ഈ കൊച്ചു വിവരണം ഒന്നു ശ്രദ്ധിക്കൂ. 

മരുഭൂമിയില്‍ പര്യടനം നടത്താനുദ്ദേശിക്കുന്ന ഒരു ഗ്രാമീണന്, സൈ്വരസഞ്ചാരം നടത്തണമെന്നുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ഗോത്രനേതാവിന്റെ രക്ഷാകര്‍തൃത്വം അംഗീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സംരക്ഷണം നേടേണ്ടതുണ്ട്. കൊള്ളക്കാരുടെ ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെടാനും ഏര്‍പ്പെടുന്ന ഇടപാടുകളില്‍ മികവു പുലര്‍ത്താനും ആവശ്യങ്ങളെല്ലാം സാധിച്ചുകിട്ടാനും ഒരു നേതാവ് നിര്‍ബന്ധം. അല്ലാത്തപക്ഷം സദാ ശത്രുസംഘത്തിന്റെ മുമ്പില്‍ ഭയക്രാന്തനായി ഒറ്റക്ക് നില്‍ക്കേണ്ടിവരും. അവസാനിക്കാത്ത ആവശ്യങ്ങളുടെ ആധിക്യത്തിന്റെ നടുവില്‍ കിടന്ന് പുളയേണ്ടിവരും. 

രണ്ടു ഗ്രാമീണര്‍ക്ക് ഒരു മരുഭൂമിയില്‍ യാത്ര നടത്തേണ്ടിവന്നു. ഒരാള്‍ വിനയാന്വിതനും അപരന്‍ പ്രലോഭിതനുമായിരുന്നു. വിനയാന്വിതന്‍ ഒരു ഗോത്രനേതാവിന്റെ രക്ഷാകര്‍തൃത്വം അംഗീകരിച്ചു. പ്രലോഭിതന്‍ അതിനു വിസമ്മതിച്ചു. ഇരുവരും മരുഭൂമിയില്‍ യാത്ര തുടങ്ങി. വിനയാന്വിതന്‍ ഏതെങ്കിലും ഒരു കൂടാരത്തില്‍ വന്നു കയറേണ്ട താമസം. നേതാവിന്റെ പേരില്‍ അങ്ങേയറ്റത്തെ ആദരവോടെ അയാളെ ആതിഥേയന്‍ വരവേല്‍ക്കും. കൊള്ളക്കാര്‍ ആരെങ്കിലും നേരിട്ടാല്‍ വിനയാന്വിതന്‍ പറയും: ''ആ നേതാവിന്റെ പേരിലാണ് എന്റെ പര്യടനം.'' കേള്‍ക്കേണ്ട താമസം കൊള്ളക്കാര്‍ ഉടനെ പിന്‍വാങ്ങും. 

പ്രലോഭിതന്റെ അവസ്ഥ മറിച്ചായിരുന്നു. മരുഭൂമിയില്‍ വിവരിക്കാനാവാത്ത ദുരന്തങ്ങളും ദുരിതങ്ങളും അയാളെ വലയം ചെയ്തു. തീരാത്ത ഭയവും ഒടുങ്ങാത്ത ആധിയും യാത്രയിലുടനീളം അയാളെ വേട്ടയാടി. നിന്ദ സ്വയം ഏറ്റുവാങ്ങി ഒരു ഭിക്ഷക്കാരനെപ്പോലെ അയാള്‍ അലഞ്ഞുതിരിഞ്ഞു. 

പ്രലോഭിത മനസ്സേ, 

അലഞ്ഞുതിരിയുന്ന ഗ്രാമീണനാണ് നീ. പ്രവിശാലമായ ഈ ദുന്‍യാവാണ് ആ മരുഭൂമി. നിന്റെ ഇല്ലായ്മക്കും വല്ലായ്മക്കും അതിരുകളില്ലല്ലോ. നിന്റെ ശത്രുക്കള്‍ക്കും ആവശ്യങ്ങള്‍ക്കും അവസാനമില്ലാത്തതുപോലെ. അതിനാല്‍ ഈ മരുഭൂമിയിലെ യാത്രയില്‍ ആ യഥാര്‍ഥ രാജന്റെ, എക്കാലത്തെയും അധിപന്റെ നാമധേയം അംഗീകരിക്കുക. സൃഷ്ടിജാലങ്ങളുടെ മുന്നില്‍ ഭിക്ഷാടനത്തിന്റെ അപമാനം ഏല്‍ക്കാതിരിക്കാന്‍, സംഭവങ്ങളുടെ നടുവില്‍ ഭീതിയുടെ നിന്ദക്ക് വിധേയമാകാതിരിക്കാന്‍. 

'അല്ലാഹുവിന്റെ തിരുനാമം' എന്ന വിശുദ്ധ മന്ത്രം ഒരിക്കലും നശിക്കാത്തൊരു നിധിയാണ്. സൃഷ്ടിജാലങ്ങളെയെല്ലാം ചൂഴ്ന്നുനില്‍ക്കുന്ന പ്രവിശാലമായ കാരുണ്യവുമായി നിന്റെ 'ഇല്ലായ്മ'യെ ബന്ധിപ്പിക്കുന്ന അനശ്വര നിധി. ആറ്റം മുതല്‍ ഗാലക്‌സി വരെ പരന്നുകിടക്കുന്ന അനന്തമായ ബ്രഹ്മാണ്ഡ കടാഹത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന ഉദാത്ത ശക്തിയുമായി നിന്റെ 'വല്ലായ്മ'യെ ബന്ധിപ്പിക്കുന്ന അമൂല്യനിധി. അങ്ങനെ മഹത്വമുടയവനും ദയാപരനുമായ പ്രപഞ്ചനാഥന്റെ തിരുസന്നിധിയില്‍ സ്വീകാര്യരായ ശിപാര്‍ശകരായി നിന്റെ സകലമാന ഇല്ലായ്മയും വല്ലായ്മയും നാളെ പരിണമിക്കും. 

അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ച് അനങ്ങുകയും അടങ്ങുകയും പ്രഭാതത്തിലുണരുകയും പ്രദോഷത്തിലുറങ്ങുകയും ചെയ്യുന്ന ഒരാള്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ഒരു പൗരനെപ്പോലെയാണ്. ആരെയും പേടിക്കാതെ രാഷ്ട്രത്തിന്റെ പേരില്‍ നിലപാടെടുക്കുന്നു. രാഷ്ട്രത്തിന്റെ ഭരണഘടനക്കു വേണ്ടി അയാള്‍ സംസാരിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയും ഏതു പ്രതിസന്ധിക്കു മുന്നിലും അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്നു. 

സൃഷ്ടിജാലങ്ങളെല്ലാം അവയുടേതായ ഭാഷകളില്‍ അല്ലാഹുവിന്റെ തിരുനാമം വാഴ്ത്തുന്നു എന്നു തുടക്കത്തില്‍ നാം പറഞ്ഞല്ലോ. 

ജനങ്ങളെയെല്ലാം ഒരേ ദിശയിലേക്ക് നയിക്കുകയും വ്യത്യസ്ത ജോലികള്‍ ഏറ്റെടുത്തു ചെയ്യാന്‍ അവരെ സജ്ജമാക്കുകയും ചെയ്യുന്ന ഒരാള്‍, യഥാര്‍ഥത്തില്‍ അതയാള്‍ ചെയ്യുന്നത് സ്വന്തം പേരിന്റെയോ പദവിയുടെയോ ബലത്തിലല്ല. രാഷ്ട്രത്തിന്റെ പേരില്‍ നയനിലപാടെടുക്കുന്ന ഒരു സൈനികനായതുകൊണ്ടു മാത്രമാണ്. ഒരധികാര ശക്തിയുടെ പിന്തുണ കൂടെയുള്ളതുകൊണ്ടാണ്. 

സൃഷ്ടിജാലങ്ങള്‍ അല്ലാഹുവിന്റെ തിരുനാമത്താലാണ് അവയുടെ ധര്‍മങ്ങള്‍ ഓരോന്നും നിര്‍വഹിക്കുന്നത്. കൊച്ചുകൊച്ചു വിത്തുകള്‍  അവയുടെ നെറുകയില്‍ ചുമന്നുനടക്കുന്നത് വടവൃക്ഷങ്ങളെയാണ്. ഓരോ വൃക്ഷവും അല്ലാഹുവിന്റെ തിരുനാമത്തെയാണ് വാഴ്ത്തുന്നത്. ദൈവിക കാരുണ്യത്തിന്റെ നിധികുംഭത്തില്‍നിന്നുള്ള പഴശേഖരങ്ങള്‍ കൈകളിലാക്കി നമുക്ക് നേരെ അവ നീട്ടുകയാണ്. ഓരോ തോട്ടവും അല്ലാഹുവിന്റെ തിരുനാമം വാഴ്ത്തിപ്പറഞ്ഞ് അതിന്റെ പാചകപ്പുരകളില്‍ സ്വാദിഷ്ടമായ ഭക്ഷണം നമുക്കായി സജ്ജമാക്കുന്നു. ഒട്ടകവും കോവര്‍ക്കഴുതയും പശുവും എന്നുവേണ്ട സമസ്ത മൃഗങ്ങളും അല്ലാഹുവിന്റെ തിരുനാമത്താലാണ് അകിടുകളില്‍ ഹൃദ്യമായ പാലുറവകള്‍ തീര്‍ക്കുന്നത്. അങ്ങനെ മഹാനായ അന്നദാതാവിന്റെ നാമധേയത്തില്‍ സംശുദ്ധവും സ്വഛവുമായ പാനീയം നമുക്കു സമര്‍പ്പിക്കുന്നു. സസ്യലതാദികളുടെ വിത്തും പുല്ലും കൊടുംപാറകളുമെല്ലാം അതുപോലെ അല്ലാഹുവിന്റെ തിരുനാമം വാഴ്ത്തിക്കൊണ്ടിരിക്കുന്നു. പരമകാരുണികന്റെ തിരുനാമത്തിനു മുന്നില്‍ അതാര്യമായതെന്തും സുതാര്യവും സങ്കീര്‍ണമായതെല്ലാം സരളവുമായിത്തീരുന്നു. 

വൃക്ഷശിഖരങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിക്കുന്നതും അവ കായ്കനികള്‍ വഹിച്ചു താണുവണങ്ങിനില്‍ക്കുന്നതും ബധിരമായ ശിലാഗര്‍ഭങ്ങള്‍ക്കകത്ത് വിത്തുമണികള്‍ ഗോപ്യമായി ചിതറിക്കിടക്കുന്നതും മണ്ണിന്റെ തമോഗര്‍ത്തങ്ങള്‍ ഭക്ഷ്യശേഖരങ്ങളായി രൂപാന്തരപ്പെടുന്നതും മനസ്സേ നീ അറിയുന്നില്ലേ! ചൂടിന്റെ തീക്ഷ്ണതയും തീയുടെ പൊള്ളലും സൗമ്യതയോടെ ആവാഹിച്ച് ഊഷ്മളതയോടെ കാണപ്പെടുന്ന പച്ചിലകള്‍ നിന്റെ കണ്‍വെട്ടത്തില്ലേ! സമസ്ത പ്രതിഭാസങ്ങള്‍ക്കും കാര്യകാരണ ബന്ധങ്ങളന്വേഷിച്ചു നടക്കുന്ന ഭൗതിക വാദികളുടെ വിതണ്ഡ വാദങ്ങള്‍ക്കെല്ലാം ഇതും ഇതുപോലുള്ള ദൃഷ്ടാന്തങ്ങളും കനത്തൊരു പ്രഹരമാണ്. അവരുടെ മുഖത്തടിക്കുംവിധം അവയെല്ലാം ആക്രോശിക്കുന്നുണ്ട്. 

പാറകളുടെ പാരുഷ്യത്തെക്കുറിച്ചും അഗ്നിയുടെ ചൂടിനെക്കുറിച്ചും നിങ്ങള്‍ വീമ്പു പറയാറുണ്ടല്ലോ. അവ രണ്ടും സ്വമേധയാ യാതൊന്നും ചെയ്യുന്നില്ല. ഏകനായ പ്രപഞ്ചനാഥന്റെ ഉത്തരവനുസരിച്ച് അവ തങ്ങളുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നേയുളളൂ. ഇതേ ഉത്തരവനുസരിച്ചാണ് പണ്ട് മൂസായുടെ വടി പാറയെ പിളര്‍ത്തിയത്:  

''പാറയില്‍ നീ നിന്റെ വടി കൊണ്ടടിക്കൂ എന്നു നാം പറഞ്ഞു'' (അല്‍ബഖറ 60). 

പൊള്ളിക്കുന്ന അഗ്നിജ്വാലകള്‍ ഇബ്‌റാഹീം പ്രവാചകന്റെ അവയവങ്ങള്‍ക്ക് കുളിരായി മാറിയതും ഇതേ ഉത്തരവിനാലാണ്:  

''ഹേ അഗ്‌നി, ഇബ്‌റാഹീമിന് നീ ശൈത്യവും ശാന്തിയുമാവുക'' (അല്‍ അമ്പിയാഅ് 69). 

പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളും ഉരുവിട്ടുകൊണ്ടിരിക്കുകയാണ് അല്ലാഹുവിന്റെ തിരുനാമത്തിന്റെ സത്യസാരം. ദൈവാനുഗ്രഹങ്ങളെ നമുക്കു മുന്നിലേക്ക് കോരിയിട്ടുതരുന്നതും പ്രസ്തുത തിരുനാമമാണ്. 

അതിനാല്‍ ദൈവത്തിന്റെ തിരുനാമം വാഴ്ത്താന്‍ നമ്മളും ബാധ്യസ്ഥരാണ്. കൊടുക്കാനും വാങ്ങാനും നാം കടപ്പെട്ടവരാണ്. കൊടുക്കാതെ തടഞ്ഞുവെക്കുന്ന ഭോഷന്മാരുടെ കൈകളെ അല്ലാഹുവിന്റെ തിരുനാമം കൊണ്ട് തിരസ്‌കരിക്കേണ്ട ബാധ്യതയും നമുക്കുണ്ട്. 

നമുക്ക് ഉപകാരം ചെയ്യുന്നവരോട് ആദരവും ബഹുമാനവും തോന്നുക സ്വാഭാവികമാണ്. എങ്കില്‍ അനുഗ്രഹങ്ങള്‍ നമുക്കായി കോരിച്ചൊരിഞ്ഞുതരുന്ന പ്രപഞ്ചത്തിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ നമ്മില്‍നിന്ന് എന്താവും പ്രതീക്ഷിക്കുന്നത്?

അനുഗ്രഹദാതാവായ പ്രപഞ്ചനാഥന്‍ മൂന്നു കാര്യങ്ങളാണ് നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നത്: ദൈവസ്മരണ, ദൈവത്തോടുളള നന്ദി, ദൈവമാര്‍ഗത്തിലെ ചിന്ത.

ഏതിന്റെയും പ്രാരംഭത്തില്‍ 'ബിസ്മില്ലാഹ്' എന്നുരുവിടുന്നതുതന്നെ ദൈവസ്മരണയാണ്. ഏതിന്റെയും പരിസമാപ്തിയില്‍ 'അല്‍ഹംദുലില്ലാഹ്' എന്നു പറയുന്നത് ദൈവത്തോടുള്ള നന്ദിപ്രകടനവും. ഇവ രണ്ടിനുമിടയിലുള്ളതാണ് ദൈവമാര്‍ഗത്തിലെ ചിന്തനം. 

കൗതുകജന്യമായ ദൈവാനുഗ്രഹങ്ങളെക്കുറിച്ചുള്ള ഗഹനമായ ചിന്ത. ഏകനായ പ്രപഞ്ചനാഥന്റെ അമാനുഷിക പ്രവൃത്തിയും അവന്റെ അനുപമമായ കാരുണ്യത്തെ ആവിഷ്‌കരിക്കുന്ന പ്രവിശാലമായ നേര്‍വഴികളുമാണ് പ്രസ്തുത അനുഗ്രഹങ്ങളെന്ന ബോധ്യപ്പെടലിനെയാണ് ചിന്തനം എന്നു പറയുന്നത്. രാജപുരസ്‌കാരം ഏറ്റുവാങ്ങാന്‍ മുമ്പോട്ടുവരുന്ന സൈനികനെ പ്രശംസിക്കലല്ല, അനുഗ്രഹാശിസ്സുകളുടെ പിറകിലെ ഭൗതിക കാരണങ്ങള്‍ അന്വേഷിച്ചു നടക്കുന്നതാണ് ആയിരം മടങ്ങ് ഭോഷത്തം. 

മനസ്സേ, 

ഭോഷനും വിഡ്ഢിയുമാകാന്‍ നിനക്കുദ്ദേശ്യമില്ലെങ്കില്‍ അല്ലാഹുവിന്റെ തിരുനാമത്തില്‍ നീ കൊടുക്കാനും വാങ്ങാനും തുടങ്ങുക. പ്രവര്‍ത്തിക്കാന്‍ തുടങ്ങുക.  

മൊഴിമാറ്റം: 

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍