Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

ഐ.ആര്‍.ഡബ്ല്യു ചില അനുഭവങ്ങള്‍

കെ.സി മൊയ്തീന്‍ കോയ

1996-ല്‍ ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് ഐ.ആര്‍.ഡബ്ല്യുവില്‍ അംഗമായത്. കന്നിദൗത്യം ഗുജറാത്ത് ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കായിരുന്നു. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്ത് സീറ്റും കിടത്തവും ഉറപ്പുവരുത്തി മാത്രം യാത്ര ചെയ്ത ശീലമാണ് അതുവരെയുണ്ടായിരുന്നത്. കനത്ത ലഗേജും ഭാരിച്ച റിലീഫ് ഉപകരണങ്ങളുമായി പായുന്ന വണ്ടിയില്‍ ഒടിക്കയറി എപ്പോഴെങ്കിലും ഒഴിഞ്ഞുകിട്ടുന്ന ബര്‍ത്തില്‍ മൂന്നും നാലും പേര്‍ അഡ്ജസ്റ്റ് ചെയ്ത് രണ്ടു ദിവസം പിന്നിട്ട് അഹ്മദാബാദിലെത്തിയ ആ യാത്ര നല്ലൊരനുഭവമായിരുന്നു. ഭൂകമ്പബാധിത പ്രദേശമായ ഭുജില്‍നിന്ന് ഭൂകമ്പത്തിന്റെ ഇരകളെ കുത്തിനിറച്ച് തീവണ്ടികള്‍ അഹ്മദാബാദിലേക്ക് വരുമ്പോള്‍ ഭുജിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ മാത്രമാണ് അഹ്മദാബാദിന് ശേഷമുണ്ടായിരുന്നത്. ഭുജില്‍നിന്ന് രക്ഷപ്പെട്ട് തിരിച്ചുവരുന്ന മലയാളികള്‍ ഭുജിലേക്കു തിരിച്ച മലയാളികളായ ഞങ്ങളെ കണ്ടതും, അവിടത്തെ ഭീകരദൃശ്യങ്ങള്‍ വിശദീകരിച്ച് അങ്ങോട്ട് പോവരുതെന്ന് ഉപദേശിച്ചു. ദുരന്തത്തിന്റെ ആറാം നാളാണ് ഞങ്ങള്‍ ഗുജറാത്തില്‍ എത്തുന്നത്. തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കെട്ടിടങ്ങളിലും വീടുകളിലുമെല്ലാം ജീര്‍ണിച്ച് തുടങ്ങുന്ന മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഐ.ആര്‍.ഡബ്ല്യു പരിശീലനത്തില്‍ ഒരിനമായിരുന്നു മയ്യിത്ത് കുളിപ്പിക്കല്‍. പരിശീലന സമാപനത്തില്‍ ട്രെയ്‌നര്‍ പറഞ്ഞിരുന്നു: 'കിടക്കയില്‍ കിടന്ന് കുടുംബത്തിന്റെ സാന്നിധ്യത്തില്‍ സുഖമരണം വരിച്ചവരുടെ മയ്യിത്ത് കുളിപ്പിക്കലല്ല നിങ്ങളുടെ പണി. അതിന് നാട്ടിലൊക്കെ ആളെമ്പാടുമുണ്ട്. മരിച്ചു ദിവസങ്ങള്‍ പിന്നിട്ട് ചീഞ്ഞളിഞ്ഞു പുഴുവരിച്ച മയ്യിത്തുകളാണ് നിങ്ങള്‍ കഫന്‍ ചെയ്യേണ്ടത്. ചീഞ്ചലം വരുന്ന കുഷ്ഠരോഗികളുടെ കൈകാലുകളാണ് നിങ്ങള്‍ ശുചീകരിച്ച് ഡ്രസ് ചെയ്തുകൊടുക്കേണ്ടത്.' ഇത് ഇത്ര പെട്ടെന്ന് ഇവ്വിധം യാഥാര്‍ഥ്യമാവുമെന്ന് അന്നു കരുതിയിരുന്നില്ല. ഹണ്ടേഴ്‌സ് ഷൂവും മാസ്‌കും ഗ്ലൗസും യൂനിഫോമും ധരിച്ച്, മണ്ണുമാന്തികളുടെ സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് മണംപിടിച്ച് മാന്തിയെടുക്കുന്ന മയ്യിത്തുകള്‍ കുളിപ്പിച്ച് കഫന്‍ ചെയ്ത് ഖബ്ര്‍കുഴിച്ച് മൂന്നും നാലും മയ്യിത്തുകള്‍ ഒന്നിച്ചോ ഒറ്റക്കോ മറവുചെയ്ത ശേഷം, ഭൂകമ്പത്തില്‍ പകുതി തകര്‍ന്ന പള്ളിയില്‍ കിടന്നുള്ള ഉറക്കം അവിസ്മരണീയമായിരുന്നു. മുമ്പ് പരിശീലനത്തിന്റെ ഭാഗമായി, എടപ്പാളിലെ ദുര്‍ഗന്ധം വമിക്കുന്ന അറവുശാലയും മാര്‍ക്കറ്റും നാറ്റം സഹിച്ചുകൊണ്ട് മൂക്കുകെട്ടി ഒരു ദിവസം മുഴുവന്‍ പണിയെടുത്ത് വൃത്തിയാക്കിയപ്പോള്‍ ഇതെന്തിനാണ് ഇത്തരം പണികളെല്ലാം നമ്മോടു ചെയ്യിക്കുന്നതെന്ന് തോന്നിയിരുന്നു. അന്നതു ചെയ്തതിന്റെ ഗുണഫലം അനുഭവിച്ചത് ജീര്‍ണിച്ച ശവശരീരങ്ങള്‍ സംസ്‌കരിക്കേണ്ടിവന്ന ഗുജറാത്തിലെ സാഹചര്യത്തിലാണ്. ഏതു സാഹചര്യത്തെയും സധൈര്യം തന്റേടത്തോടെ അഭിമുഖീകരിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുന്ന വിധമാണ് ഐ.ആര്‍.ഡബ്ല്യു പരിശീലനങ്ങള്‍ നടത്തിയിരുന്നത്. 

തിരൂരില്‍ സംഘടിപ്പിച്ച ക്യാമ്പിലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തത്. മദ്‌റസയിലെ ഒരിടുങ്ങിയ ക്ലാസ് റൂമിലാണ് രണ്ടു ദിവസത്തെ ക്യാമ്പ്. ക്യാമ്പ് വിപുലപ്പെടുത്താന്‍ മറ്റു റൂമുകള്‍ ഇല്ലാഞ്ഞിട്ടല്ല. ഇരിക്കാന്‍ ബെഞ്ച് മാത്രം. ഉള്ള ഡസ്‌കുകള്‍തന്നെ മനഃപൂര്‍വം മാറ്റിയിടുകയായിരുന്നു. ഈ ബെഞ്ചിലിരുന്നാണ് ക്ലാസ് കേള്‍ക്കേണ്ടതും നോട്ടുകുറിക്കേണ്ടതും പരിശീലനങ്ങള്‍ നടത്തേണ്ടതുമെല്ലാം. മഴക്കു നല്ല സാധ്യതയുള്ള മെയ് അവസാനവാരത്തിലാണ് മിക്ക ക്യാമ്പും നിശ്ചയിക്കുക. അതിനുമുമ്പ് ഒഴിവുദിവസങ്ങളില്ലാഞ്ഞിട്ടല്ല. അപ്രതീക്ഷിത മഴയും അതുവഴിയുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളും നേരിട്ടനുഭവിച്ചു പരിശീലിക്കാന്‍.

കുറ്റിപ്പുറം ക്യാമ്പ് ഇത്തരമൊരു പ്രതികൂല കാലാവസ്ഥയിലായിരുന്നു. കുറ്റിപ്പുറം പാലത്തിനടുത്ത് ഭാരതപ്പുഴയുടെ നടുവില്‍ മഴവെള്ളപ്പാച്ചിലില്‍ ഉരുവം കൊണ്ട ഒരു കൊച്ചു ദ്വീപ്. കുറ്റിക്കാടുകളും ചെറുമരങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്നു. മുള്ളുമുരടുമൂര്‍ഖന്‍പാമ്പുകള്‍ അക്ഷരാര്‍ഥത്തില്‍ ചുറ്റുമുണ്ടായിരുന്നു. നദിയുടെ വിതാനത്തില്‍നിന്നും ഒന്നരയടി മാത്രം ഉയരം. ഒരു ചെറുമഴ പെയ്താല്‍ എല്ലാം കുത്തിയൊലിച്ച് പോകും. അസ്വ്‌റിനു ശേഷം ക്യാമ്പ് ഉദ്ഘാടനം കഴിഞ്ഞതോടെ ഇരുട്ടിന് കട്ടികൂടി. ഒപ്പം ചാറ്റല്‍മഴയും. ചെറിയ ചെറിയ ടാര്‍പോളിന്‍ കഷ്ണങ്ങള്‍ കെട്ടി മഴകൊള്ളാതെ നോക്കാനുള്ള ശ്രമം നടത്തിനോക്കി. ശക്തിപ്പെട്ടുവരുന്ന മഴക്കു മുന്നില്‍ ഇവയെല്ലാം വഴിമാറിക്കൊടുത്തു. ചുട്ടുപൊള്ളുന്ന വെയിലിനിടെ കനത്ത മഴ വന്നപ്പോള്‍, പുഴയില്‍നിന്ന് കയറിവരുന്ന ഇഴജന്തുക്കള്‍ക്ക് പുറമെ കരജീവികളും സജീവമായി. ഇതിനെല്ലാമിടയിലും ക്യാമ്പ് പരിപാടികള്‍ മുറക്ക് നടന്നു. ചുറ്റുപാട് നൂറു ശതമാനം പ്രതികൂലമായിട്ടും ക്യാമ്പ് അംഗങ്ങള്‍ക്ക് ജനറല്‍ ക്യാപ്റ്റന്‍ സിദ്ദീഖ് ഹസന്‍ സാഹിബിനൊപ്പം അവിടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തില്‍ തന്നെയായിരുന്നു. അതായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബ്. മിക്ക ക്ലാസുകളിലും ആദ്യാവസാനം അദ്ദേഹം ഉണ്ടാകുമായിരുന്നു. ഐ.ആര്‍.ഡബ്ല്യു അദ്ദേഹത്തിന്റെ പോറ്റുമകനായിരുന്നു. 

ഐ.ആര്‍.ഡബ്ല്യു ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട ഒരു ദൗത്യമായിരുന്നു, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് നടത്തേണ്ടിവന്ന ക്രമീകരണങ്ങള്‍. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയുടെ പ്രഖ്യാപനത്തിനെത്തിയതായിരുന്നു ശൈഖ് ഖറദാവി. നാലുദിവസം മുമ്പുതന്നെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുതല്‍ ശാന്തപുരം വരെ അദ്ദേഹത്തിന്റെ വാഹനത്തിന് റൂട്ട് നിര്‍ണയിക്കുകയും ആ വഴിയിലുള്ള ചെറുതും വലുതുമായ എല്ലാ നാല്‍ക്കവലകളിലും വളന്റിയര്‍മാരെ വിന്യസിക്കുകയും ചെയ്തിരുന്നു. യാത്രക്ക് ഒരേ നിറത്തിലുള്ള ഒന്നിലധികം കാറുകള്‍ ഒരുക്കിനിര്‍ത്തി. കാറില്‍നിന്ന് റൂമിലേക്കും സ്റ്റേജിലേക്കും തിരിച്ചും നിശ്ചിത അകലത്തില്‍ ഇരുവശത്തും വളന്റിയര്‍മാര്‍ കൈകള്‍ കോര്‍ത്താണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരുന്നത്. ലോകമുസ്‌ലിംകളുടെ സമാദരണീയനായ ശൈഖ് ഖറദാവി നമ്മുടെ കേരളത്തിലെത്തിയിട്ടും അദ്ദേഹത്തിന് ഹസ്തദാനം ചെയ്ത് ഒന്നു സലാം പറയാന്‍ അവസരം നിഷേധിച്ചതാണ് വിമര്‍ശനത്തിന്റെ മര്‍മം. പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും ചിലയിടങ്ങളില്‍നിന്നും ഈ വിമര്‍ശനം ഉയരാറുണ്ട്. 'ലോകാടിസ്ഥാനത്തില്‍, സയണിസ്റ്റുകളില്‍നിന്നും സാമ്രാജ്യത്വശക്തികളില്‍നിന്നും ഒരുവേള ചില മുസ്‌ലിം വിഭാഗങ്ങളില്‍നിന്ന് പോലും ജീവന് ഭീഷണി നേരിടുന്ന ലോക ഇസ്‌ലാമിക പണ്ഡിതരില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഡോ. ഖറദാവി. എല്ലാ ഭീഷണികളെയും അതിജീവിച്ച് ഇവിടെ എത്തുന്ന അദ്ദേഹത്തിന് നമ്മുടെ അലംഭാവം കൊണ്ടും ആസൂത്രണക്കുറവുകൊണ്ടും ഒന്നും സംഭവിക്കാന്‍ പാടില്ല, കഴിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് അദ്ദേഹത്തിനുള്ള ഭക്ഷണം നമ്മിലാരെങ്കിലും കഴിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമേ നല്‍കാവൂ' എന്ന മുഖവുരയോടെയാണ് അദ്ദേഹത്തിന്റെ സുരക്ഷിതത്വ ഉത്തരവാദിത്വം പ്രസ്ഥാനം ഐ.ആര്‍.ഡബ്ലുവിനെ ഏല്‍പ്പിച്ചത്. ഇതുപ്രകാരം ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് വിശദ ചര്‍ച്ചക്കുശേഷം രൂപം നല്‍കുകയും, രൂപരേഖ ഉത്തരവാദപ്പെട്ടവര്‍ക്ക് മുന്നില്‍ വെക്കുകയും തിരുത്തലുകള്‍ക്കു ശേഷം അംഗീകരിച്ചത് നടപ്പാക്കുകയുമാണ് ഐ.ആര്‍.ഡബ്ല്യു ചെയ്തത്. പോലീസിന്റെയോ മറ്റു സര്‍ക്കാര്‍ എജന്‍സികളുടെയോ യാതൊരു പിന്‍ബലവുമില്ലാതെ അല്ലാഹുവിന്റെ സഹായത്താല്‍ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഐ.ആര്‍.ഡബ്ലുവിന് സാധിക്കുകയും ചെയ്തു.

ദല്‍ഹിയിലും ഹൈദരാബാദിലും നടന്ന അഖിലേന്ത്യാ സമ്മേളനങ്ങളുടെയും ഹിറാ സംസ്ഥാന സമ്മേളനത്തിന്റെയും വാച്ച് ആന്‍ഡ് വാര്‍ഡ്, സെക്യൂരിറ്റി ഉത്തരവാദിത്വം ഐ.ആര്‍.ഡബ്ല്യുവിനായിരുന്നു. ജമാഅത്തിന്റെ ഉടമസ്ഥതയില്‍ ഓഖ്‌ലയിലുള്ള ഒരു സ്‌കൂള്‍ അവിടെത്തന്നെ ജോലി ചെയ്തിരുന്ന മാനേജറും പ്രിന്‍സിപ്പലും ഉള്‍പ്പെടെ ചില സ്വകാര്യ വ്യക്തികള്‍ കൈയടക്കാന്‍ ശ്രമിക്കുന്ന കാലത്തായിരുന്നു ദല്‍ഹി സമ്മേളനം. സമ്മേളന നാളുകളില്‍ ജമാഅത്തിനെതിരെ നോട്ടീസുകളും വാറോലകളും വിതരണം ചെയ്യാനും, സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി അതു കൈയേറാനുമായിരുന്നു തല്‍പര കക്ഷികളുടെ പദ്ധതി. സമ്മേളനത്തിന്റെ രണ്ടു നാള്‍ മുമ്പു ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ യൂനിഫോമില്‍ പ്രദേശത്ത് നടത്തിയ മാര്‍ച്ച് സാഹചര്യം മാറ്റി. കേരളത്തില്‍ നിന്ന് പ്രത്യേകം സംഘമെത്തിയിട്ടുണ്ടെന്ന വാര്‍ത്തയവിടെ പ്രചരിച്ചു. അതോടെ ഗൂഢാലോചനക്കാര്‍ തങ്ങളുടെ പദ്ധതിയില്‍ നിന്ന് പിന്മാറി.  

ജമാഅത്തെ ഇസ്‌ലാമി കര്‍ണാടക സംസ്ഥാന സമ്മേളനം വിശാലമായ മൈതാനത്ത് വലിയ സൗകര്യങ്ങളൊരുക്കി ആസൂത്രിതമായാണ് തുടങ്ങിയത്. എന്നാല്‍, ഒന്നാം ദിവസം പാതിപിന്നിട്ടപ്പോള്‍ തന്നെ ആസൂത്രണം പാളിയെന്നു മനസ്സിലാക്കിയ ജമാഅത്ത് നേതൃത്വം വാച്ച് ആന്‍ഡ് വാര്‍ഡ് ഉത്തരവാദിത്തം മാത്രം വഹിച്ചിരുന്ന ഐ.ആര്‍.ഡബ്ല്യുവിനോട് മൊത്തം സമ്മേളന നടത്തിപ്പ് ഏറ്റെടുക്കാനാവശ്യപ്പെടുകയായിരുന്നു. പിന്നീട് കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നീങ്ങിയത്. സുഗമമായി സമാപിച്ച സമ്മേളനാനന്തരം സന്തോഷാശ്രു പൊഴിച്ചാണ് കര്‍ണാടക-കേന്ദ്ര നേതാക്കള്‍  ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരെ യാത്രയാക്കിയത്.  

എസ്.ഐ.ഒ ദക്ഷിണ മേഖലാ സമ്മേളന അനുഭവവും പങ്കുവെക്കേണ്ടതാണ്. കായംകുളത്ത് തോടിനോടു ചേര്‍ന്നുനില്‍ക്കുന്ന വിശാലമായ വയലാണ് സമ്മേളന വേദി. തെക്കന്‍ കേരള നാസിമായിരുന്ന ആരിഫലി സാഹിബായിരുന്നു സമ്മേളന നാസിമും. സമ്മേളനത്തലേന്ന് മഗ്‌രിബോടുകൂടി കനത്ത മഴ പെയ്തു തോടും വയലും വെള്ളം കയറി നിരപ്പായി. സമ്മേളനം നിര്‍ത്തിവെക്കേണ്ടിവരും എന്ന അവസ്ഥ. 'സമ്മേളനം നടന്നേ പ

റ്റൂ'- ആരിഫലി സാഹിബിന്റെ ഉറച്ച തീരുമാനം. രായ്ക്കുരാമാനം ഐ.ആര്‍.ഡബ്ല്യു, ജമാഅത്ത് പ്രവര്‍ത്തകര്‍ സേവനനിരതരായി. വെള്ളം തേവി വറ്റിച്ചു, ചളി കോരി മാറ്റി. നേരം പുലരുമ്പോഴേക്ക് നഗരി സജ്ജം.  

'ഒഴുക്കിനെതിരെ നിന്തേണ്ട'വരാണ് ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരെന്ന് ആദ്യമേ ഞങ്ങള്‍ പഠിപ്പിക്കപ്പെട്ടിരുന്നു. മൗലാനാ മൗദൂദിയെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ഭംഗിവാക്ക് മാത്രമായേ അന്ന് തോന്നിയിരുന്നുള്ളൂ. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ നീന്തിയതൊക്കെ ഒഴുക്കിനെതിരെയായിരുന്നു എന്ന് ബോധ്യമാവുന്നു. ഗുജറാത്ത് ഭൂകമ്പത്തിന്റെ ഇരകളെല്ലാവരും ബാക്കി കിട്ടിയ ജീവിതം കൊണ്ട് ആര്‍ത്തലച്ചു വരുമ്പോള്‍, ഭുജിലേക്കുള്ള ട്രെയ്‌നില്‍ യാത്രക്കാരായി ഞങ്ങള്‍ ഐ.ആര്‍.ഡബ്ലു വളന്റിയര്‍മാര്‍ മാത്രം ഒഴുക്കിനെതിരെ. ബോഡോ കലാപത്തിലെ ഇരകളെ പരിചരിക്കാനുള്ള വഴിയില്‍ ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ രാവിലെത്തന്നെയെത്തി. വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ആഹ്വാനം ചെയ്ത അഖില അസം ബന്ദ് ആയിരുന്നു അന്ന്. അഭയാര്‍ഥി ക്യാമ്പുകളില്‍ സര്‍ക്കാര്‍ വിതരണം ചെയ്തുകൊണ്ടിരുന്ന റേഷനും മറ്റു സൗകര്യങ്ങളും നിര്‍ത്തലാക്കുക, ക്യാമ്പുകള്‍ അടച്ചുപൂട്ടി ഇരകളെ ആട്ടിയോടിക്കുക; എന്നാല്‍ അവര്‍ വന്ന ബോഡോലാന്റിലേക്ക് തിരിച്ചുപോകാന്‍ പാടില്ല എന്നിവയായിരുന്നു ഉന്നയിക്കപ്പെട്ട 'ന്യായമായ' ആവശ്യങ്ങള്‍! ഞങ്ങളോ, ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് ഭക്ഷണം, വസ്ത്രം, ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അവര്‍ വന്ന ബോഡോലാന്റില്‍തന്നെ അവരെ പുനഃരധിവസിപ്പിക്കാന്‍ കഴിയുന്നവിധം ബോഡോ നേതൃത്വവുമായി ബന്ധപ്പെടുക, ക്യാമ്പില്‍ കഴിയുന്ന സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ പഠനം മുടങ്ങാതെ നോക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി ഇറങ്ങിത്തിരിച്ചവരും; തികച്ചും ഒഴുക്കിനെതിരെ വിജയകരമായി. ഒഴുക്കിനെതിരെയുള്ള ആ തുഴയല്‍ ഇന്നും തുടരുന്നു.  

 

ഐ.ആര്‍.ഡബ്ല്യുവിന്റെ തര്‍ബിയത്ത് രീതികള്‍

 

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ പ്രോജക്ടായിരുന്നു ഐ.ആര്‍.ഡബ്ലു. അദ്ദേഹം തന്നെയാണ് അതിന്റെ പരിശീലന പരിപാടികളും ചിട്ടവട്ടങ്ങളും രൂപപ്പെടുത്തിയിരുന്നതും. ഐ.ആര്‍.ഡബ്ല്യുവിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന, സിദ്ദീഖ് ഹസന്‍ സാഹിബ് രൂപം നല്‍കി പഠിപ്പിച്ചു പ്രാവര്‍ത്തികമാക്കിയ 20+12 കാര്യങ്ങളാണ് കഞണവിന്റെ വളന്റിയര്‍മാര്‍ പിന്തുടരുന്നത്.  

ജമാഅത്തെ ഇസ്‌ലാമിയുടെ പോളിസിയിലെ തര്‍ബിയത്ത് പരിപാടിയിലെ അഞ്ച് പോയിന്റുകളില്‍ ഊന്നിയായിരുന്നു കഞണന്റെ പരിശീലന പരിപാടികള്‍ക്ക് അദ്ദേഹം രൂപം നല്‍കിയത്. വിശ്വാസദാര്‍ഢ്യം, സ്വഭാവചര്യ, ആഭ്യന്തര ഭദ്രത, ചിന്താപരമായ ഐക്യം, സര്‍ഗാത്മകവും കര്‍മപരവുമായ പ്രവര്‍ത്തനം എന്നിവയായിരുന്നു പോളിസി-പ്രോഗ്രാമിലെ തര്‍ബിയത്ത് ഊന്നലുകള്‍. 

 

20 കാര്യങ്ങള്‍ 

1) ഈമാന്‍: സേവനമനസ്സ് വിശ്വാസത്തിന്റെ ഭാഗമാവണം. വിശ്വാസത്തില്‍നിന്ന് ഉരുവം കൊള്ളുന്നതാവണമത്.  മനുഷ്യന്റെ എല്ലാ വിചാര വികാരങ്ങളും ആഗ്രഹവും പ്രതീക്ഷയും കൂറും ഭക്തിയും അല്ലാഹുവുമായി മാത്രം ബന്ധപ്പെട്ടുകൊണ്ടായിരിക്കുക. മുഴുജീവിതവും അല്ലാഹുവിന് സമര്‍പ്പിക്കുക. അല്ലാഹുവിന്റെ നിറസാന്നിധ്യത്തെക്കുറിച്ച ബോധം, കണക്കുപറയേണ്ടിവരുമെന്ന ഉത്തമബോധ്യം ഉണ്ടായിരിക്കുക. 

2) ഇബാദത്ത്: ആരാധനാകര്‍മങ്ങളിലെ മനഃസാന്നിധ്യവും നിഷ്ഠയും ശ്രദ്ധയും ചിട്ടയും സൂക്ഷ്മതയുമാവണം നമ്മുടെ ശക്തിസ്രോതസ്സ്. സേവനത്തിന് ഊര്‍ജം സംഭരിക്കാനുള്ള മാര്‍ഗമാണത്. നിര്‍ബന്ധകര്‍മങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നമസ്‌കാരം ദീനിന്റെ അടിസ്ഥാന സ്തംഭമാണ്, അത് ശരിയായാല്‍ ദീന്‍ ശരിയായി. 

3) കാരുണ്യം: പ്രത്യുപകാരം പ്രതീക്ഷിച്ചുള്ള കാരുണ്യമല്ല, മറിച്ച് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുള്ള നിഷ്‌കളങ്കമായ കാരുണ്യം. 

4) നിഷ്‌കളങ്ക സ്‌നേഹം: പാവപ്പെട്ട വ്യക്തിയെ സഹായിക്കാന്‍ കൈയിലൊന്നുമില്ലെങ്കില്‍, മറ്റാരോടെങ്കിലും സഹായിപ്പിക്കാന്‍ ശ്രമിക്കുക. അതുമില്ലെങ്കില്‍ ഒരു നല്ല വാക്കെങ്കിലും ഒരു പുഞ്ചിരിയെങ്കിലും.. 

5) തുറന്ന പ്രകൃതം: കാര്യങ്ങള്‍ പൂര്‍ണമായും തുറന്നു പറയുക. പകുതി മറച്ചുവെച്ചും പകുതി തുറന്നുവെച്ചും സംസാരിക്കുന്നത് ശരിയല്ല. മറയില്ലാത്തതും കറയില്ലാത്തതുമാവണം പെരുമാറ്റം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ സമ്മതിക്കാനും തിരുത്താനും തയാറാവണം. തെറ്റുകള്‍ സ്വയം കണ്ടെത്തി തിരുത്താന്‍ തയാറാകുക. 

6) ഹൃദയ വിശാലത: സമീപനങ്ങളില്‍ വിശാലമനസ്‌കത പുലര്‍ത്തുക. വീഴ്ചകളില്‍ അന്യരെ കുറ്റപ്പെടുത്തുന്നതിന് പകരം അത് സ്വയം ഏറ്റെടുത്തു തിരുത്താന്‍ തയാറാവുക. മറ്റുള്ളവരുടെ വീഴ്ചകള്‍ കൂടി സ്വയം ഏറ്റെടുക്കുക.

7) ലളിതജീവിതം: സുഖജീവിതം വളന്റിയര്‍മാര്‍ക്ക് ചേര്‍ന്നതല്ല. തീന്മേശയിലും വസ്ത്രധാരണത്തിലും വീട്ടിലും വാഹനത്തിലും ഉറക്കത്തിലും കിടത്തത്തിലും യാത്രയിലുമെല്ലാം ലളിതജീവിത രീതി പിന്തുടരുക. പരിമിത വിഭവങ്ങള്‍ കൊണ്ട് ജീവിക്കാന്‍ ശീലിക്കുക. ഒരു ശീലത്തിനും അടിമയാവാതിരിക്കുക. ഏത് ശീലവും ലക്ഷ്യത്തിനു വേണ്ടി മാറ്റാന്‍ തയാറാവുക. 

8) വിനയം: പണവും, സ്ഥാനവുമുണ്ടാവാം. പക്ഷേ അല്ലാഹുവിന്റെ മുന്നില്‍ താനാരുമല്ല എന്ന ബോധം എപ്പോഴുമുണ്ടാവണം. 

9) അനുസരണം: സംഘശക്തിയില്ലാതെ ഇസ്‌ലാമില്ല, നേതൃത്വമില്ലാതെ സംഘമുണ്ടാവുകയില്ല. അനുസരണമില്ലെങ്കില്‍ നേതൃത്വത്തിന് നിലനില്‍പ്പില്ല. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്. അത് പൂര്‍ണമായി ഉള്‍ക്കൊള്ളുക. 

10) ദുഃസ്വഭാവങ്ങള്‍ ഒഴിവാക്കുക: അസൂയ, വിദ്വേഷം, പൊങ്ങച്ചം തുടങ്ങി എല്ലാവിധ ദുഃസ്വഭാവങ്ങളും വര്‍ജിക്കുക. 

11) ദുശ്ശീലങ്ങള്‍ ഒഴിവാക്കുക: ശീലങ്ങള്‍ നാം ഉണ്ടാക്കുന്നതാണ്. അവ ഓരോന്നും കണ്ടെത്തി തെറ്റായത് പൂര്‍ണമായും ഒഴിവാക്കുക. നല്ല ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. മുഖത്ത് നോക്കി സംസാരിക്കുക. മുഖസ്തുതി ഒഴിവാക്കി, തെറ്റായ ശീലങ്ങള്‍ കണ്ടാല്‍ സുഹൃത്തിന്റെ ശ്രദ്ധയില്‍ പെടുത്തുക.

12) ഇടപാടുകളിലും കരാറുകളിലും സൂക്ഷ്മത പാലിക്കുക: കിട്ടാനും കൊടുക്കാനുമുള്ള ഇടപാടുകള്‍ വ്യക്തമായി എഴുതിവെക്കുക. സാമ്പത്തിക ഇടപാടുകളില്‍ കൃത്യത ഉറപ്പുവരുത്തുക. 

13) ബന്ധങ്ങളിലെ സൂക്ഷ്മത: മാതാപിതാക്കള്‍, സഹോദരിസഹോദരന്മാര്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍ തുടങ്ങി എല്ലാവരുമായുള്ള ബന്ധം സുദൃഢമാക്കുക.

14) ചിട്ട, നിഷ്ഠ, വ്യവസ്ഥ: ഉറക്കം, ഉണര്‍ച്ച, ജോലി, പഠനം, വ്യായാമം, പ്രവര്‍ത്തനം... എല്ലാറ്റിലും ചിട്ടയും വ്യവസ്ഥയും ഉണ്ടാവണം.

15) ഒരു സ്വയംസേവന വേദി കണ്ടെത്തുക: ആവശ്യക്കാരനെ സഹായിക്കാന്‍, സേവിക്കാന്‍ കിട്ടുന്ന ഒരവസരം കണ്ടെത്തുക. ശാരീരികമായും ധനം ചെലവഴിച്ചും നിര്‍വഹിക്കുന്ന ഒരു സേവനം നിത്യവും ചെയ്യുക.

16) സന്നദ്ധത: അവശ്യഘട്ടങ്ങളില്‍ എന്തിനും സന്നദ്ധമായ നിലപാട് ഉണ്ടാക്കിയെടുക്കണം, എപ്പോഴും മനസ്സ് ജാഗ്രത്താവണം.

17) മനുഷ്യനെ ആദരിക്കല്‍: മനുഷ്യന്‍ എന്ന നിലക്ക് ആരെയും ആദരിക്കാന്‍ കഴിയണം. യാചകനാവട്ടെ, ദരിദ്രനാവട്ടെ എല്ലാവരും ആദരിക്കപ്പെടേണ്ടവരാണ്. 

18) നേതൃപരമായ കഴിവ് വളര്‍ത്തിയെടുക്കുക: എവിടെ ചെന്നാലും സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് നേതൃത്വം ഏറ്റെടുക്കാന്‍ തയാറാവണം. സന്ദിഗ്ധഘട്ടങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കാതെ വേണ്ടതു ചെയ്യുക. പ്രശ്‌നങ്ങളില്‍ ഇടപെട്ട് അത് പരിഹരിക്കാന്‍ ശ്രമിക്കുക.  

19) അംഗീകാരം നല്‍കുക, പ്രോത്സാഹനം കൊടുക്കുക: മറ്റുള്ളവരെ അംഗീകരിക്കുക. ഓരോരുത്തര്‍ക്കും അവരവരുടെ സ്ഥാനം അംഗീകരിച്ചു കൊടുക്കുക. അവരുടെ കഴിവുകള്‍ മാനിക്കുക; എടുത്തുപറഞ്ഞ് അഭിനന്ദിക്കുക.  

20) പ്രാര്‍ഥന, നന്ദി: മരണവേളയില്‍, കല്യാണാവസരത്തില്‍, ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ആതിഥേയനു വേണ്ടി.. എല്ലാ സന്ദര്‍ഭങ്ങളിലും സഹോദരന് വേണ്ടി പ്രാര്‍ഥിക്കുക. പീഡിതന്റെ, വിഷമിക്കുന്നവന്റെ സ്വകാര്യദുഃഖങ്ങള്‍ കേള്‍ക്കാനും സമാശ്വസിപ്പിക്കാനും പ്രാര്‍ഥിക്കാനും കഴിയുന്ന ഒരത്താണിയാവണം വളന്റിയര്‍. 

 

12 കാര്യങ്ങള്‍

1) തഹജ്ജുദ് നമസ്‌കാരം ശീലമാക്കുക. ഇത് വിശ്വാസിയുടെ ശക്തമായ ആയുധമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഒറ്റക്കെട്ടായ എതിര്‍പ്പിനെ ഒറ്റക്കു നേരിടേണ്ടിവന്ന റസൂലിന് അല്ലാഹു കരുത്തേകിയത് തഹജ്ജുദ് നമസ്‌കാരത്തിലൂടെയാണ്.

2) വ്യായാമം ശീലിക്കുക. അല്ലാഹു തന്ന ശരീരത്തിന് ഭക്ഷണം പോലെ പ്രധാനമാണ് വ്യായാമം.

3) കഴിവുകള്‍ വളര്‍ത്തുക, പുതുക്കുക. സ്വന്തം സിദ്ധി കണ്ടെത്തി പരിപോഷിപ്പിക്കുക. 

4) സേവനസ്വഭാവം വീട്ടുകാരെ ധരിപ്പിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ നാടും വീടും കുടുംബവും വിട്ടെറിഞ്ഞ് എവിടേക്കും പുറപ്പെടേണ്ടവനാണ് ഐ.ആര്‍.ഡബ്ല്യു വളന്റിയറെന്ന് കുടുംബം അറിഞ്ഞിരിക്കണം. 

5) യാത്രാപെട്ടി തയാറാക്കി വെക്കുക. എപ്പോള്‍ വിളിച്ചാലും പുറപ്പെടാന്‍ പാകത്തില്‍ അത്യാവശ്യമായ സാമഗ്രികളെല്ലാം ഉള്‍പ്പെട്ട പെട്ടി തയാറാക്കിവെക്കുക.

6) അസാധാരണ സന്ദര്‍ഭങ്ങളില്‍ നേതൃത്വവുമായി ബന്ധപ്പെടുക (ബസപകടം, കലാപം, പ്രകൃതി ദുരന്തം...)

7) രഹസ്യം സൂക്ഷിക്കുക. എല്ലാ കാര്യവും എല്ലായിടത്തും പറയണമെന്നില്ല. പറയേണ്ടത് മാത്രം പറയേണ്ടിടത്ത് പറയുക.

8) പുകവലി, ചായ, കാപ്പി തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക. 

9) ആവശ്യാനുസരണം കിട്ടാനും കൊടുക്കാനും വേണ്ടി രക്തഗ്രൂപ്പ് നിര്‍ണയിച്ചു രേഖപ്പെടുത്തുക. 

10) ഡ്രൈവിംഗ്, സൈക്ലിംഗ്, നീന്തല്‍, മുങ്ങല്‍, ഫസ്റ്റ് എയ്ഡ്, ഫയര്‍ ഫൈറ്റിംഗ് എന്നിവയില്‍ പരിശീലനം നേടുക. 

11) വസ്വിയ്യത്ത് എഴുതിസൂക്ഷിക്കുക. 

12) ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ കൈയില്‍ സൂക്ഷിക്കുക. 

രണ്ടു മാസത്തിലൊരിക്കല്‍ നടക്കുന്ന ഐ.ആര്‍.ഡബ്ലു ഗ്രൂപ്പ്/മേഖലാ യോഗങ്ങളിലും വാര്‍ഷിക ക്യാമ്പിലും മുഖ്യ അജണ്ട ഓരോ വളന്റിയറുടെയും ഈ 20+12 കാര്യങ്ങളിലെ പുരോഗതി/ പോരായ്മകള്‍ സ്വയം എഴുതി അവതരിപ്പിച്ച് ചര്‍ച്ചചെയ്ത് പരിഹരിക്കലാണ്. ഈ പരിശീലന മുറകളും പരിപാടികളുമാണ് എന്തിനും തയാറായ സേവന സന്നദ്ധരും സമര്‍പ്പണ മനസ്‌കരുമായ ഐ.ആര്‍.ഡബ്ലു വളന്റിയര്‍മാരെ രൂപപ്പെടുത്തിയത്.  

കെ.സി.എം

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍