Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

'ഒരുമ'യുടെ സേവന സംരംഭങ്ങള്‍

പി. അശ്‌റഫ്

ജമാഅത്തെ ഇസ്‌ലാമി ചെന്നൈ മലയാളി ഘടകത്തിന്റെ സേവന വേദിയാണ് ഒരുമ ചാരിറ്റബ്ള്‍ ട്രസ്റ്റ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് പുറമെ സേവന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള സമാനമനസ്‌കരുടെ കൂടി സഹകരണത്തോടെയാണ് ഒരുമ പ്രവര്‍ത്തിക്കുന്നത്. ചെന്നൈ മലയാളി മുസ്‌ലിംകളുടെ സകാത്ത് വിഹിതമാണ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ മൂലധനം. വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, പാര്‍പ്പിടം തുടങ്ങി വ്യത്യസ്ത പദ്ധതികള്‍ക്ക് ഒരുമ മേല്‍നോട്ടം വഹിക്കുന്നു. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ തുടങ്ങി മുഴുവന്‍ അടിസ്ഥാനാവശ്യങ്ങളും സ്‌പോണ്‍സര്‍ ചെയ്ത് അവരുടെ ഉമ്മമാര്‍ക്കൊപ്പം അവരുടെ വീടുകളില്‍ തന്നെ വളരാന്‍ സാഹചര്യമൊരുക്കുന്ന ഒരുമയുടെ  പദ്ധതിയാണ് തണല്‍.

2015 നവംബര്‍-ഡിസംബര്‍ മാസങ്ങളിലുണ്ടായ ചെന്നൈ വെള്ളപ്പൊക്ക ദുരന്തത്തോടെയാണ് ഒരുമ വിപുലമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. ഒരുമ ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ തൊട്ടടുത്തുള്ള പുളിയാന്തോപ്പില്‍ വെള്ളപ്പൊക്ക കെടുതി ബാധിച്ചപ്പോള്‍ അവിടെനിന്ന് സഹായാഭ്യര്‍ഥന വന്നു. ഉടനെ ഒരുമ വളന്റിയര്‍മാര്‍ കനത്ത പേമാരി വകവെക്കാതെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സ്ഥലത്തെ മുസ്‌ലിം പള്ളിയുടെ രണ്ടാം നിലയിലായിരുന്നു ജാതിമത ഭേദമന്യേ ദുരിതബാധിതരെ പുനരധിവസിപ്പിച്ചിരുന്നത്. അവര്‍ക്കും മറ്റു അഭയാര്‍ഥികള്‍ക്കും ഭക്ഷണം തയാറാക്കുന്ന ഉത്തരവാദിത്തം ഒരുമ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. 350 ഭക്ഷണ കിറ്റുകള്‍ വെച്ച് തുടങ്ങിയ പദ്ധതി 12000 ഭക്ഷണ കിറ്റുകള്‍ വരെ ഒരുനേരം വിതരണം ചെയ്യുന്ന വലിയ സേവന ദൗത്യമായി മാറി. 

തമിഴ്‌നാട് ജമാഅത്ത് ഘടകത്തിന്റെ സഹായ സഹകരണങ്ങള്‍ ഒരുമ പ്രവര്‍ത്തകര്‍ക്ക് പിന്‍ബലമായി. ഗവണ്‍മെന്റ് സഹായങ്ങളും ഭക്ഷണ വിതരണവും ടൗണുകളിലും ഗതാഗതം തടസ്സപ്പെടാത്ത സ്ഥലങ്ങളിലും പരിമിതമായപ്പോള്‍ ഒരുമ വളന്റിയര്‍മാര്‍ ഗല്ലികളിലും വെള്ളത്താല്‍ ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലും സാഹസികമായി എത്തി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകളിലും മറ്റു കേന്ദ്രങ്ങളിലും അഭയം തേടിയവര്‍ക്ക് പായ, ബെഡ്ഷീറ്റ്, മറ്റു ശയ്യോപകരണങ്ങള്‍, ബക്കറ്റ്, സ്റ്റൗ, പാത്രങ്ങള്‍, സ്റ്റേഷനറി ഇനങ്ങള്‍ എന്നിവ വിതരണം ചെയ്തു. മഴ ശമിച്ച് അഭയാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങിയതോടെയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മിക്ക വീടുകള്‍ക്കും പൂര്‍ണമായോ  ഭാഗികമായോ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും നശിച്ചുപോയിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് ഫൗണ്ടേഷന്റെയും ബംഗളുരുവിലെ ഹിറാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഈ രംഗത്ത് സാധ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമ നേതൃത്വം നല്‍കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ചെന്നൈ മലയാളി സംഘടനകളുടെ കൂട്ടായ്മയായ Joint Action Council (JAC) ഉം ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. ഒരുമയും അവരും പരസ്പര ധാരണയോടെയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.

ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊ ണ്ടിരിക്കെയാണ് ഒരുമ വളന്റിയര്‍മാര്‍ നഗരത്തില്‍നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള തിരുവിലങ്ങാട് ഗ്രാമം സന്ദര്‍ശിക്കുന്നത്. പരമ്പരാഗത തൊഴിലായ കത്തി ചാണ പിടിക്കല്‍ നടത്തുന്നവര്‍ തിങ്ങിത്താമസിക്കുന്ന ഗ്രാമം. നൂറ് ശതമാനവും മുസ്‌ലിംകള്‍. ചോര്‍ന്നൊലിക്കുന്ന ഓലമേഞ്ഞ കുടിലുകള്‍. ടോയ്‌ലറ്റ് സൗകര്യം ശോചനീയം. അവര്‍ക്കറിയാവുന്ന തൊഴിലിനാവട്ടെ, പുതിയ കാലത്ത് സാധ്യതകളില്ല. അതിനാല്‍തന്നെ മിക്കവര്‍ക്കും തൊഴിലില്ല. പട്ടിണിയിലും അര്‍ധ പട്ടിണിയിലുമായി മുന്നോട്ടുപോകുന്നു (പ്രബോധനം ഈ ഗ്രാമത്തെക്കുറിച്ച് ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു). ആ ഗ്രാമത്തെക്കുറിച്ച് പഠനം നടത്താനും അവരെ ശാക്തീകരിക്കാനും ഒരുമ തീരുമാനിച്ചു. ഈ ഗ്രാമത്തിന്റെ ദാരുണ ചിത്രം പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍പെടുത്തി. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം ഗ്രാമം സന്ദര്‍ശിച്ചു. തുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരം ഗ്രാമത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള ശാക്തീകരണം ലക്ഷ്യമിട്ട് 'New Spring' എന്ന പദ്ധതി ആവിഷ്‌കരിച്ചു. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ പദ്ധതികള്‍ അതിനു കീഴില്‍ നടന്നുവരുന്നു. ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസ ബോധവത്കരണം നിരന്തരം നടന്നുവരുന്നു. പുതിയ തൊഴിലുകള്‍ അവരെ പഠിപ്പിക്കുന്ന സംരംഭവും ആരംഭിച്ചു. സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പദ്ധതികള്‍, മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍, പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നുണ്ട്. പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് ഒരുമ ഈ സംരംഭവുമായി മുന്നോട്ടുപോകുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍