ജനാധിപത്യത്തിന് ജനങ്ങള്‍ കാവലുണ്ടായിരുന്നു
''ടാങ്കുകളോ തോക്കുകളോ മറ്റ് ആയുധങ്ങളോ അല്ല ഒരു രാജ്യത്തിന്റെ യഥാര്‍ഥ ശക്തി, വിശ്വാസ്യതയും ആത്മാര്‍ഥതയുമുള്ള ജനങ്ങളാണ്''-പുതിയ തുര്‍ക്കിയുടെ ശില്‍പി നജ്മുദ്ദീന്‍ അര്‍ബകാന്റെ വാക്കുകളാണിത്.
കഴിഞ്ഞ ജൂലൈ 15-ന് രാത്രി ഈ വാക്കുകളെ അന്വര്‍ഥമാക്കുകയായിരുന്നു തുര്‍ക്കി ജനതയും അവരുടെ നേതാവായ റജബ് ത്വയ്യിബ് ഉര്‍ദുഗാനും. ഒരു രാജ്യത്തെ പ്രതിസന്ധികളില്‍നിന്ന് രക്ഷിക്കലും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കലുമാണ് പട്ടാളത്തിന്റെ ജോലി. ഇതിന് വിപരീതമായി, രാജ്യത്തെ അസ്ഥിരതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുന്ന അട്ടിമറിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കാന്‍ ശ്രമിച്ച ഒരു വിഭാഗം പട്ടാളക്കാരെ തെരുവില്‍ നേരിട്ട് പരാജയപ്പെടുത്തി ലോകത്തിന് മുന്നില്‍ മാതൃകയായിരിക്കുകയാണ് തുര്‍ക്കി ജനതയും അവിടത്തെ ഭരണകൂടവും. ഇതിനു മുമ്പ് നാലു തവണ പട്ടാള അട്ടിമറി നടന്നിട്ടു് തുര്‍ക്കിയില്‍. ഇതിനു ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അക് പാര്‍ട്ടിയുടെ കീഴില്‍ തുര്‍ക്കി വികസന പാതയില്‍ മുന്നേറുമ്പോഴാണ് അവരുടെ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി ഒരു പട്ടാള അട്ടിമറി ശ്രമം കൂടി നടക്കുന്നത്. തുര്‍ക്കിയെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട് രാജ്യം പിടിച്ചടക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു വിഭാഗം പട്ടാളക്കാരുടെ ശ്രമം തുര്‍ക്കി ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനും അചഞ്ചലനായ നേതാവിന്റെ സമയോചിതമായ ഇടപെടലിനും മുമ്പില്‍ പൊളിഞ്ഞ് ഇല്ലാതായിരിക്കുകയാണ്.
മുമ്പും തുര്‍ക്കിയില്‍ നടന്നിട്ടുള്ളതുപോലെത്തന്നെ ഇപ്രാവശ്യവും രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചടക്കി ഔദ്യോഗിക ചാനലിലൂടെ പട്ടാള അട്ടിമറി പ്രഖ്യാപിക്കുകയായിരുന്നു. തന്നെ തെരഞ്ഞടുത്ത ജനതയെ പൂര്‍ണ വിശ്വാസത്തിലെടുത്ത് അട്ടിമറിശ്രമത്തെ തെരുവില്‍ നേരിടാന്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഈ ആഹ്വാനത്തെ നെഞ്ചിലേറ്റിയ തുര്‍ക്കി ജനത രാഷ്ട്രീയ വംശീയ വ്യത്യാസമില്ലാതെ തെരുവിലിറങ്ങി അട്ടിമറി ശ്രമത്തെ തല്ലിത്തകര്‍ത്തു. തോക്കുകളും ബോംബുകളും യുദ്ധ ടാങ്കുകളുമായി വന്നവര്‍ നിരായുധരായ ജനത്തിനു മുമ്പില്‍ നിരുപാധികം കീഴടങ്ങുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. മോശമായ അനന്തരഫലങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന ഒരു പട്ടാള അട്ടിമറിശ്രമത്തെ വെറും മണിക്കൂറുകള്‍ കൊണ്ടാണ് തുര്‍ക്കിയിലെ സാധാരണ ജനം നിര്‍വീര്യമാക്കിയത്. എല്ലാ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലും ഉള്ളതുപോലെ, വ്യത്യസ്ത ആശയധാരകള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന ജനങ്ങളാണ് തുര്‍ക്കിയിലെ മുസ്‌ലിംകളും. വ്യത്യസ്ത സുന്നി, ശീഈ മദ്ഹബുകാര്‍, സൂഫി ത്വരീഖത്തുകാര്‍, നിരീശ്വരവാദികള്‍, കമ്യൂണിസ്റ്റുകാര്‍, കുര്‍ദുകള്‍, പലതരം രാഷ്ട്രീയ ആഭിമുഖ്യമുള്ളവര്‍... ഇങ്ങനെ ഭിന്ന വീക്ഷണക്കാരായ തുര്‍ക്കിയിലെ ജനങ്ങള്‍ രാജ്യത്തിന്റെ പൊതു താല്‍പര്യത്തിനു വേണ്ടി എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നുകൊണ്ട് പൊതു ശത്രുവിനെതിരെ ഒന്നിക്കുന്ന മനോഹരമായ കാഴ്ചയാണ് തുര്‍ക്കിയില്‍ കാണാന്‍ കഴിഞ്ഞത്. ഈ മാതൃക പിന്‍പറ്റിയിരുന്നെങ്കില്‍ പല അറബ് രാഷ്ട്രങ്ങളുടെയും ഗതി മറ്റൊന്നാകുമായിരുന്നു. അറബ്-ഇസ്‌ലാമിക ലോകത്തിന് മാത്രമല്ല ലോകത്തിനു തന്നെ പല നല്ല മാതൃകകളും അവര്‍ കാണിച്ചുകൊടുത്തിരിക്കുകയാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നടങ്കം അട്ടിമറി ശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയുമുണ്ടായി.
സാധാരണ ഒരു രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായാല്‍ രാജ്യത്തലവന്‍ നിരുപാധികം കീഴടങ്ങുകയോ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ഒളിവില്‍ പോവുകയോ ആണ് പതിവ്. ഇവിടെയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന ജനനേതാവ് വ്യത്യസ്തനാകുന്നത്. രാജ്യം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ സ്വന്തം ജനതയെ വിശ്വാസത്തിലെടുത്ത്, വിമതര്‍ പിടിച്ചടക്കിയ ഇസ്തംബൂളിലെ അത്താത്തുര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ വന്നിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം ധൈര്യം കാണിച്ചു.
തുര്‍ക്കിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങൡും സന്നദ്ധ സേവനങ്ങളും മറ്റും നടത്തുന്ന ഹിസ്മത്ത് പ്രസ്ഥാനത്തിന്റെ തലവന്‍, ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനെതിരെയാണ് ഉര്‍ദുഗാന്‍ ആഞ്ഞടിച്ചത്. 2013 ന്റെ അന്ത്യത്തോടെ ഒരുവിഭാഗം ഗുലന്‍ അനുകൂല ജഡ്ജിമാര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഭരണകൂടത്തെ പുറത്താക്കാന്‍ ഒരു വിഫല ശ്രമം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഗുലന്‍-ഉര്‍ദുഗാന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതും ഗുലന്‍ അനുകൂല വിഭാഗം രാജ്യത്തിനകത്ത് ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങുന്നതും. ഇത് മനസ്സിലാക്കിയ ഉര്‍ദുഗാന്‍ ഗുലന്‍ പ്രസ്ഥാനത്തിനെതിരെ ശക്തമായി രംഗത്തുവരികയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യുകയും അവരുടെ സ്ഥാപനങ്ങള്‍ ഓരോന്നായി അടച്ചുപൂട്ടുകയും ചെയ്തു. ഇക്കൂട്ടരുടെ അവസാന ശ്രമമായിട്ടുവേണം ഈ അട്ടിമറിശ്രമത്തെ കാണാന്‍. പട്ടാളത്തിലാണ് ഗുലന്‍ അനുകൂലികള്‍ കൂടുതലും ഉണ്ടായിരുന്നത്. പ്രത്യേകിച്ചും വ്യോമ മേഖലയില്‍. അവരാണ് ഈ അട്ടിമറിശ്രമത്തിന് നേതൃത്വം നല്‍കിയതും. തുര്‍ക്കി മാധ്യമങ്ങളും പൊതുവെ ഫത്ഹുല്ല ഗുലന്റെ നേരെയാണ് വിരല്‍ചുണ്ടുന്നത്. പട്ടാള അട്ടിമറി എന്നതിനു പകരം സ്വന്തം രാജ്യത്തിനു നേരെ നടത്തിയ തീവ്രവാദ പ്രവര്‍ത്തനം എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. വിമതരില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ഗുലന്‍ പ്രസ്ഥാനത്തിന്റെ പങ്ക് തെളിയിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചതായി യെനിശഫഖ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകാടിസ്ഥാനത്തില്‍തന്നെ ഇസ്‌ലാമിന്റെ പ്രാതിനിധ്യം സൂഫി ത്വരീഖത്ത് പ്രസ്ഥാനങ്ങളിലേക്ക് ചുരുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ സൂഫി ത്വരീഖത്ത് പ്രസ്ഥാനങ്ങള്‍ ഭരണാധികാരികള്‍ക്ക് സ്വീകാര്യമാവുന്നതും മറ്റു രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ ആളുകളെന്ന് ആരോപിച്ച് ഇസ്‌ലാമിസ്റ്റുകളെ ഒറ്റക്കും കൂട്ടായും ഉന്മൂലനം ചെയ്യുന്നതും ഇതിന്റെ ഭാഗമായാണ്. ഇതിന്റെ തുര്‍ക്കി പതിപ്പാണ് തുര്‍ക്കിയിലെ ഹിസ്മത്ത് പ്രസ്ഥാനം. സാമ്പത്തിക സുസ്ഥിതി കൈവരിച്ച ഈ നെറ്റ്‌വര്‍ക്കിന് പാശ്ചാത്യരില്‍നിന്ന് ഉറച്ച പിന്തുണയും ലഭിക്കുന്നുണ്ട്.
പാശ്ചാത്യ മാധ്യമങ്ങളുടെയും അധികാരികളുടെയും ഇരട്ടത്താപ്പ് ഈ വിഷയത്തിലും കാണാം. അട്ടിമറിശ്രമം തുടങ്ങിയ ഉടനെ അതിനെ പ്രശംസിക്കുന്ന രീതിയിലാണ് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ പ്രസ്താവനയിറക്കിയത്. വിമതര്‍ പൂര്‍ണമായും പിന്മാറിയ ശേഷമാണ് പല രാജ്യങ്ങളും തുര്‍ക്കി ഭരണകൂടത്തെ പിന്തുണക്കാന്‍ തയാറായത്. പാശ്ചാത്യ മീഡിയക്കും ഇതേ നിലപാടായിരുന്നു. 'ഉര്‍ദുഗാന്റെ ഇസ്‌ലാമികവല്‍ക്കരണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള തുര്‍ക്കിയുടെ അവസാന ശ്രമവും പരാജയപ്പെട്ടു' എന്നായിരുന്നു ഫോക്‌സ് ന്യൂസ് ലേഖകന്റെ കമന്റ്.
(ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)
Comments