വസന്തം വിരിയുന്ന വീടകം
വീടിനേക്കാള്‍ മനോഹരവും സുഖകരവുമായ മറ്റൊരിടം ലോകത്തില്ല. ലോകത്തിലെ ഏത് വലിയ സുഖവാസ കേന്ദ്രത്തിനും സ്വന്തം വീട് നല്‍കുന്ന സംതൃപ്തിയും സുഖവും മനുഷ്യര്‍ക്ക് നല്‍കാനാവില്ല. പക്ഷേ, വീടിന്റെ ഭൗതിക സൗകര്യങ്ങളല്ല ഈ സുഖത്തിന്റെയും സംതൃപ്തിയുടെയും നിദാനം. മറിച്ച് അതില്‍ വസിക്കുന്നവരുടെ ഉന്നതമായ സ്വഭാവശീലങ്ങളാണ്. ഏത് ചെറിയ വീടിനെയും സ്വര്‍ഗമാക്കാന്‍ കഴിയുന്ന പോലെ എത്ര വലിയ വീടിനെയും നരകമാക്കാനും അതില്‍ പാര്‍ക്കുന്ന മനുഷ്യര്‍ക്ക് കഴിയും. വീടകങ്ങളെ സദാ സമയവും വസന്തം വിരിയുന്നതാക്കി മാറ്റാനും അവിടെ നിന്ന് ഒരിക്കലും കരിയും പുകയും ഉയരാതിരിക്കാനുമുള്ള ചില നിര്‍ദേശങ്ങളാണ് ഡോ. ജാസിമുല്‍ മുത്വവ്വ ഈ കൃതിയില്‍ നല്‍കുന്നത്. മൊഴിമാറ്റം: പി.കെ ജമാല്‍. പ്രസാധനം ഐ.പി.എച്ച്. വില 120 രൂപ.
പ്രാര്‍ഥനകള്‍
പ്രാര്‍ഥനക്ക് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമുണ്ട്. 'പ്രാര്‍ഥനയാണ് ഇബാദത്ത്', 'പ്രാര്‍ഥന ഇബാദത്തിന്റെ മജ്ജ' എന്നൊക്കെയാണ് നബി(സ) പരിചയപ്പെടുത്തിയിരിക്കുന്നത്. പ്രാര്‍ഥനകളും ദിക്‌റുകളും നമ്മെ അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പിക്കുകയും അവന്റെ ഓര്‍മ മനസ്സില്‍ സദാ സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും തെരഞ്ഞെടുത്ത പ്രാര്‍ഥനകളും അവയുടെ പദാനുപദ പരിഭാഷയുമാണ് മുഹമ്മദ് ശമീം ഉമരിയുടെ ഈ കൃതിയില്‍. പ്രസാധനം ഗസ്സാലി ബുക്‌സ്. വില 100 രൂപ.
കുറുങ്ങോട്ടുനാട്
മാഹിക്കും തലശ്ശേരിക്കുമിടയിലെ ഒരു ചെറിയ ഭൂവിഭാഗമാണ് കുറുങ്ങോട്ടുനാട്. അനേകം ചെറു ദേശങ്ങളുടെ ചരിത്രങ്ങള്‍ ചേര്‍ന്നുനില്‍ക്കുമ്പോഴാണ് ഒരു ജനതയുടെ രാഷ്ട്രീയബോധം നിര്‍ണയിക്കപ്പെടുക. മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉറവിടങ്ങളെപ്പോലും കണ്ടെത്തി കഠിനാധ്വാനം ചെയ്ത് തയാറാക്കിയതാണ് കെ.പി അബ്ദുല്‍ മജീദിന്റെ ഈ കൃതി. ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ആധിപത്യമത്സരത്തിനു നടുവില്‍ 'കുറുങ്ങോട്ടു നായര്‍' എന്ന നാടുവാഴിയും അദ്ദേഹത്തിന്റെ നാട്ടുകാരും നടത്തിയ ചെറുത്തുനില്‍പ്, കുരുമുളകിന്റെ പ്രതാപം, രാഷ്ട്രീയ ഉടമ്പടികള്‍, ജയപരാജയങ്ങള്‍ എന്നിവ ഇതില്‍ കടന്നുവരുന്നു. പ്രസാധനം അദര്‍ ബുക്‌സ്. വില 100 രൂപ.
Comments