ആടറിയുമോ അങ്ങാടിവാണിഭം?
ആത്മീയ ഭ്രാന്ത് പിടിച്ച കുറച്ചു മുസ്‌ലിം ചെറുപ്പക്കാരും മതം മാറിയ ചിലരും കൂടി ആകെ നാണക്കേടാക്കി. കേരളത്തിലെ കുറേ ആളുകളെ കോള്‍മയിര്‍ കൊള്ളിക്കുകയും മറ്റു ചിലരെ ആശങ്കപ്പെടുത്തുകയും ചാനലുകള്‍ മലപോലെ കൊണ്ടുവന്ന് ഒരു എലിയെപോലും ഇതുവരെ പ്രസവിക്കാതെ പോവുകയും ചെയ്ത സംഭവം ഒടുവില്‍ ദമ്മാജ് സലഫിസത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയാണ് കെട്ടിനിര്‍ത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ വെളിപ്പെട്ടുവന്ന ചില കൗതുകങ്ങള്‍ പങ്കുവെക്കുന്നു.
സ്വന്തം സംഘടനയിലല്ലാത്ത ആളുകളെ, അവര്‍ സ്വയം വികസിപ്പിച്ചെടുത്ത ശിര്‍ക്കോമീറ്റര്‍ വെച്ചളന്ന് മുശ്‌രിക്കുകളാക്കുന്ന ചില സലഫീ സംഘടനകളുടെ ജാള്യത. മൗദൂദിയുടെ പുസ്തകം വായിച്ചവരെല്ലാം തീവ്രവാദികളോ അതിന് ബീജാവാപം ചെയ്തവരോ ആണെന്ന് എത്ര ദയയില്ലാതെയാണ് ഇവര്‍ പറഞ്ഞു കൊണ്ടിരുന്നത്. അതിനു വേണ്ടി എത്ര ഊര്‍ജമാണ് ചെലവഴിച്ചത്! ഒടുവില്‍ തീവ്രവാദത്തിന്റെ തിലകക്കുറി സ്വന്തം തലയിലേക്ക് വരുമ്പോള്‍ ഈ കുപ്പായത്തിനു മൗദൂദിയും ഖുത്വ്ബും തന്നെ വേണമെന്നില്ല എന്ന് അവരെങ്കിലും തിരിച്ചറിഞ്ഞോ ആവോ? ഇനി ബാക്കിയുള്ളത് ലീഗ് രാഷ്ട്രീയത്തില്‍ കാറ്ററിഞ്ഞു വീശുന്ന ചില തീപ്പൊരികളാണ്. 'അഛാ ദിന്‍ ഭാരത'ത്തില്‍ അവര്‍ക്കും ഏറെ കാത്തിരിക്കേണ്ടിവരില്ല. പക്ഷേ ചിലര്‍ക്ക് വേണ്ടുന്ന ചില തിരിച്ചറിവുകള്‍ക്കു ഒരു സമുദായം മുഴുവനും വില കൊടുക്കേണ്ടിവന്ന ഈ സംഭവങ്ങള്‍ എല്ലാവരില്‍നിന്നും ചില തിരുത്തുകള്‍ ആവശ്യപ്പെടുന്നില്ലേ?
ആത്മീയ ഭ്രാന്തിന്റെ അളവ് നിശ്ചയിക്കുമ്പോഴാണല്ലോ അഭിപ്രായാന്തരവും പിളര്‍പ്പുമൊക്കെ ഉണ്ടാവുന്നത്. ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ സംഘടനകളെയും അലോസരപ്പെടുത്താറുണ്ട്. മുഖ്യധാരയില്‍നിന്ന് ഈ ദാഹം ശമിക്കാത്തപ്പോള്‍ ശരീഅത്ത് പോലും വലിച്ചെറിഞ്ഞ് ത്വരീഖത്തിലേക്ക് തിരിയുന്നവരും തബ്‌ലീഗ് യാത്രകള്‍ നടത്തുന്നവരും, സ്വന്തമായി കമ്യൂണുകള്‍ വികസിപ്പിച്ച് പ്രതിരോധിക്കുന്നവരും കുറവല്ല. പഴയ പോലെ തര്‍ബിയത്ത് ഇല്ലാട്ടോ എന്ന സ്വകാര്യം പറച്ചിലില്‍ മാത്രം ചിലര്‍ തൃപ്തരാവുന്നില്ല എന്നു സാരം. ഒരു കാര്യം സമ്മതിച്ചേ പറ്റൂ; മതപണ്ഡിതന്മാരും നേതാക്കളും വരെ ഭൗതികതയുടെ അതിപ്രസരത്തില്‍ വിഹരിക്കുകയും, പറയുന്ന മതമൂല്യവും അവരുടെ ജീവിതവും തമ്മില്‍ അജഗജാന്തരം സംഭവിക്കുകയും ചെയ്യുമ്പോഴാണ് ആടുകള്‍ ചിലരുടെയെങ്കിലും ആത്മീയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇതില്‍ പലരും നിരുപദ്രവകാരികളും ആത്മാര്‍ഥമായി മതമനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അതൃപ്തിയെ മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഡിപ്ലോമാറ്റിക് ആയി കൈകാര്യം ചെയ്യാന്‍ കഴിയാത്ത വികാരജീവികള്‍. ഈ വിഭാഗം ആളുകള്‍ എല്ലാ സംഘടനകളിലും ഉണ്ടെന്നും അവരെ കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വികസിക്കാന്‍ സംഘടനകള്‍ തയാറാവേണ്ടതുണ്ട് എന്നുമുള്ള ഒരു പാഠവും കൂടി ഇതിലടങ്ങിയിട്ടില്ലേ? ഈ ആളുകള്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന ഒരു കാരണം പരസ്പരം വിഴുപ്പലക്കുന്ന സംഘടനാ രീതികളാണ്. സലഫികളുടെ ഇന്നത്തെ അവസ്ഥക്ക് മുഖ്യകാരണവും മറ്റൊന്നല്ല. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന വിശ്വാസികള്‍ രാത്രിയില്‍ സന്യാസിമാരെ പോലെ പ്രാര്‍ഥനാനിരതരും ആത്മീയദാഹം സ്വന്തം റബ്ബുമായുള്ള പ്രണയത്തിലൂടെ നേടിയെടുക്കുന്നവരുമാണ്. പകലോ അശ്വാരൂഢരായി ജനങ്ങളുടെ/ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലെ പോരാളികളും. ഈ
യൊരു സന്തുലിതത്വം കാത്തുസൂക്ഷിക്കല്‍ അത്ര എളുപ്പമല്ല. നിങ്ങള്‍ സ്വര്‍ഗത്തില്‍ എളുപ്പം അങ്ങു കടന്നുകളയാമെന്നു വ്യാമോഹിക്കുകയാണോ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നതും ഈ സന്തുലിതത്വം കാത്തുസൂക്ഷിക്കാനുള്ള ത്യാഗപരിശ്രമ (ജിഹാദ്)ത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ തന്നെയാവും. ഈ സന്തുലിത്വം സംഘടനകള്‍ കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോഴൊക്കെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാര്‍ത്താതെ ആത്മപരിശോധന ഏവര്‍ക്കും നടത്താവുന്നതാണ്.
ആത്മീയത എന്നത് ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും കൂടെയുണ്ടാവേണ്ടതു തന്നെയല്ലേ? കാപട്യവും ഭൗതികതയും അരങ്ങുതകര്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ ഒരു മടുപ്പ്? ഈ നാട്ടില്‍ കൈക്കൂലി കൊടുക്കാതെയും വാങ്ങാതെയും ജീവിക്കാനാവില്ല, അതുകൊണ്ട് അതില്ലാത്ത സ്ഥലത്തേക്ക് പോകുന്നു എന്നു പറഞ്ഞതിലെ രാഷ്ട്രീയം വികസിപ്പിക്കാന്‍ കഴിയാത്തത് സംഘടനകളുടെ കൂടി പ്രശ്‌നമല്ലേ?
മറ്റൊന്ന്, ഒരു സമുദായത്തിനുമേല്‍ ചാപ്പകുത്താനുള്ള മാധ്യമങ്ങളുടെ നഗ്നമായ ശ്രമമാണ്. മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും നീതിരഹിതമായ പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രവണതകള്‍ക്ക് ആക്കം കൂട്ടുന്നത്. പൊതുബോധം വളഞ്ഞിട്ടു ആക്രമിക്കൂമ്പോള്‍ ചിലര്‍ക്കെങ്കിലും അത്തരം തോന്നലുണ്ടാവുന്നതിനു പൊതു സമൂഹവും കാരണക്കാരാണെന്നേ പറയാനാവൂ. കാണാതായ ചെറുപ്പക്കാര്‍ തിരിച്ചുവന്നാല്‍ കണ്ടപാടെ വെടിവെച്ചു കൊല്ലും എന്നു പറയുന്നിടത്തേക്ക് മുസ്‌ലിം സമുദായത്തിലെ ഒരു മാതാവിനെയോ പിതാവിനെയോ എത്തിച്ചതില്‍ മാധ്യമങ്ങള്‍ക്കും പൊതുബോധത്തിനുമുള്ള പങ്ക് ആരാണ് പരിശോധിക്കാന്‍ ശ്രമിക്കുന്നത്? ഈ ചാപ്പകുത്തില്‍ മുസ്‌ലിം സംഘടനകളും ചിലപ്പോള്‍ ബോധപൂര്‍വം പങ്കാളികളാവുന്നുണ്ട്. മറ്റൊരു ഗ്രൂപ്പോ സംഘടനയോ ആണ് അവമതിക്കപ്പെടുന്നതെങ്കില്‍ ആസ്വദിച്ചു കണ്ടുനില്‍ക്കാന്‍ എളുപ്പമാണ്. പക്ഷേ ആത്യന്തികമായി സ്വന്തം തലയിലേക്കു തന്നെ അതു വന്നുചേരുമെന്ന് എത്ര കൊണ്ടാലാണാവോ ഇവര്‍ പഠിക്കുക?
ആത്മീയ യാത്രകള്‍ക്ക് എല്ലാ മതസമൂഹങ്ങളിലും, രാഷ്ട്രീയത്തില്‍ വരെ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. അതൊന്നും ഇത്രയും പ്രശ്‌നവത്കരിക്കപ്പെടാറില്ല. അതിനുള്ള കാരണം ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതുപോലെ മുസ്‌ലിമാണെങ്കില്‍ അവന്‍ തീവ്രവാദിയാവാനേ നാടുവിടൂ എന്ന പൊതുബോധം നിര്‍മിക്കാനുള്ള ശ്രമമാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം എന്താണെന്നുള്ളത് സമൂഹത്തില്‍ ജീവിച്ച്, ഇടപഴകലിലൂടെ കാണിച്ചുകൊടുക്കാന്‍ എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ബാധ്യതയുണ്ട്. കടലെടുക്കും മുമ്പ് ഓരോരുത്തരും അത്തരം പ്രവര്‍ത്തനങ്ങളില്‍ എത്ര കണ്ടു മുന്നേറുന്നു എന്നതുതന്നെയാ വില്ലേ ഒടുവിലത്തെ വിളവെടുപ്പിനു മുതല്‍ക്കൂട്ടാവുക?
'മുക്ത ഭാരത'ത്തിന്റെ രാഷ്ട്രീയം
2016 ജൂണ്‍ 24 ലക്കത്തിലെ 'മുഖവാക്ക്' ഒരോര്‍മപ്പെടുത്തലും ആഹ്വാനവുമായിരുന്നു. വിദൂരമല്ലാത്ത കാലത്ത് ഇന്ത്യയില്‍ സംഭവിക്കാവുന്ന ഭീകരാവസ്ഥക്കു നേരെ പിടിച്ച കണ്ണാടിയാണ് ആ കുറിപ്പ്.
വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് പൗന്മാരെ തമ്മിലടിപ്പിച്ച് അധികാരം വികസിപ്പിക്കാനുള്ള ഗീബല്‍സിയന്‍ നുണപ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘ് പരിവാര്‍. ഏതു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള പൗരന്റെ മൗലികാവകാശത്തിനുമേല്‍ കൈവെച്ചിരിക്കുകയാണ് അവര്‍.
ജാതിമത വൈരങ്ങളില്ലാതെ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മേല്‍കൂരയില്‍ സമാധാനത്തോടെ ജീവിതം മുന്നോട്ടുനീങ്ങിക്കൊിരുന്ന കേരള മണ്ണില്‍ മതവിദ്വേഷത്തിന്റെ വിത്തിട്ട് അണിയറയില്‍ കച്ചമുറുക്കുകയാണ് സംഘ്പരിവാര്‍.
ഒന്നാം ശത്രു മുസ്‌ലിംകള്‍, രണ്ടാം ശത്രു ക്രിസ്ത്യാനികള്‍, മൂന്നാം ശത്രു കമ്യൂണിസ്റ്റുകള്‍ എന്നിങ്ങനെ അക്കമിട്ട് അവരെ നശിപ്പിക്കാന്‍ പ്രത്യയശാസ്ത്രം മെനഞ്ഞെടുത്ത ഫാഷിസ്റ്റുകളില്‍നിന്ന് ഇനി എന്തൊക്കെ പ്രതീക്ഷിച്ചുകൂടാ!
മതേതര ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മതേതര ചിന്തകളോടെയുള്ള പോരാട്ടങ്ങള്‍ അനിവാര്യമാണ്. അത്തരം ചിന്തകള്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ മുളപൊട്ടാന്‍ 'മുഖവാക്ക്' ഉപകരിക്കട്ടെ.
കെ. കൃഷ്ണന്‍ കുട്ടി, കാര്യവട്ടം
വിദ്യാര്‍ഥികളും വായനയും
കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക ഓരോ രക്ഷിതാവിന്റെയും ലക്ഷ്യമാണ്. തങ്ങളുടെ മക്കളുടെ സ്വഭാവവും പെരുമാറ്റവുമൊക്കെ മാന്യമായിരിക്കണം എന്നാഗ്രഹിക്കാത്ത മാതാപിതാക്കള്‍ വിരളമായിരിക്കും. മാത്രമല്ല, തങ്ങളുടെ മക്കള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനമലങ്കരിക്കുന്നതും ഇവരുടെ സ്വപ്നമാണ്. അതിനു വേണ്ടി കഠിന ശ്രമങ്ങള്‍ നടത്തുകയും അതോടൊപ്പം നല്ല വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് നല്ല സൗകര്യങ്ങള്‍ നല്‍കുമ്പോഴും തങ്ങളുടെ മക്കളില്‍ പഠനത്തിന്റെ യഥാര്‍ഥ ഫലം കാണാന്‍ പലപ്പോഴും അവര്‍ക്ക് കഴിയുന്നില്ല. പഠനത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ച് പല വിദ്യാര്‍ഥികളും ബോധവാന്മാരല്ല. പഠനത്തേക്കാളുപരി അവരുടെ ശ്രദ്ധ ഭാവിയിലെ ജോലിയിലായിരിക്കും. പഠനം പണം സമ്പാദിക്കാനുള്ള കേവല ഉപാധി മാത്രമാണിവര്‍ക്ക്. ഇങ്ങനെയൊരു കാഴ്ചപ്പാട് രൂപപ്പെടുന്നത് പലപ്പോഴും കുടുംബാന്തരീക്ഷത്തില്‍നിന്നുതന്നെയാണ്. മക്കളുടെ പഠനത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ നിലപാടുകളനുസരിച്ചായിരിക്കും അവര്‍ പഠനത്തെ നോക്കിക്കാണുക. ഇത്തരമൊരു സാഹചര്യത്തില്‍ കൃത്യവും സ്പഷ്ടവുമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയണം. ഒരു വിദ്യാര്‍ഥി എന്ന നിലക്ക് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് ഒരുപാട് നല്ല ചിന്തകള്‍ നല്‍കാന്‍ വായനക്ക് സാധിക്കും എന്നാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്ന മാതാപിതാക്കള്‍ മക്കളില്‍ വായനാശീലം വളര്‍ത്തിയെടുത്താല്‍ ഭാവിയില്‍ വീടിനും നാടിനും അവ മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.
ആതിഖ് ഹനീഫ്, പുന്നോല്‍
Comments