ജ്ഞാനപര്‍വം
വീണ്ടുമൊരു പല്ലു വരുന്നു...
കടിച്ചും മുറിച്ചും ചവച്ചു തുപ്പിയും
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നും
വീണ്ടും, രണ്ടാം വയസ്സിലേക്ക്...
വീടിളക്കി മറിക്കുന്നു...
അത്രയ്‌ക്കൊന്നുമില്ല വിവരോം വെട്ടോം,
എന്നിട്ടും മുപ്പത്തൊന്നായി
ജ്ഞാനദന്തമെതിയടിനാദം...
എരിയുന്നു, നീറുന്നു, പുകയുന്നു,
ചില സ്വരങ്ങളില്‍ വല്ലാതെ വഴുക്കുന്നു
അടയ്ക്കാനും തുറക്കാനുമാവാതെയുല്‍ക്കടം
ആസ്യ ദുഃഖം, ആത്മ ദുഃഖം
അണപ്പല്ലിന്നറ്റത്തെ തിണര്‍പ്പില്‍
പിളര്‍ന്നും വളര്‍ന്നും അവന്‍, മുപ്പത്തൊന്നാമന്‍-
അത്രത്തോളം ദീര്‍ഘമായി
ചവയ്ക്കാത്ത, ചിന്തിക്കാത്ത വായില്‍
വലിഞ്ഞുകയറിയ അധിക പ്രസംഗി
ഇന്നെന്നെ മൗനിയാക്കി...
ചില മൗനങ്ങളില്‍
ചതഞ്ഞരഞ്ഞ നിലവിളികളുണ്ട്.
അറിവോരോന്നും നോവായിരിക്കാം;
അറിഞ്ഞ്, മുറിഞ്ഞ്, നിറഞ്ഞവരല്ലേ
ഓര്‍മയില്‍ പ്രകാശവൃത്തങ്ങളണിഞ്ഞവര്‍?
മാംസം പിളര്‍ന്നാല്‍ മാത്രം തെളിയുന്നതാവാം
സിദ്ധ-അര്‍ഥനില്‍നിന്നും ബുദ്ധനിലേക്കുള്ള വഴി..
ചിരിക്കുന്നതാരാണ്?
ചവയ്ക്കാതെ, ചിതലരിച്ച, ചരിത്രത്തിലെ
പുഴുക്കുത്തായ മണ്‍മറഞ്ഞൊരു
ജ്ഞാനദന്തം!!!
തുടി (മരക്കപ്പി)
കഴുത്തില്‍ മുറുകുന്ന
കുരുക്കുകള്‍
നൊന്തല്ല
നിനക്കായി
ആഴങ്ങളില്‍
നിന്നുയര്‍ത്തുന്ന
തൊട്ടിയില്‍
തെളിനീരൊത്തിരി
തുളുമ്പിപ്പോയെന്നോര്‍ത്താണീ
കലമ്പല്‍!
പപ്പടക്കോല്‍
പൊളളിയുരുകുന്ന
ജീവനെ
പൊക്കിയെടുക്കുമ്പോള്‍
ഗണേശ പപ്പടമെന്നോ
സഫിയ പപ്പടമെന്നോ
നോക്കാറില്ല
പപ്പടക്കോല്‍!
വി.കെ.ടി വിനു പേരശ്ശന്നൂര്‍
Comments