ലഹരി മണക്കുന്നുവോ നമ്മുടെ ജീവിത പരിസരങ്ങളില്‍?
സുഗന്ധപൂരിതമായി പൂത്തുലഞ്ഞുനില്‍ക്കേണ്ട പ്രായത്തില്‍ ചളിക്കുണ്ടിലേക്ക് ചാടി ജീവിതം നശിപ്പിക്കുന്ന ഒട്ടനവധി കൗമാര-യൗവനങ്ങള്‍ നമ്മുടെ ജീവിത പരിസരങ്ങളില്‍ വര്‍ധിക്കുന്ന ആസുരകാലമാണിത്. മത-സാംസ്‌കാരിക-ആത്മീയ സംഘടനകള്‍ ആര്‍ത്തുവിളിക്കുന്ന കേരള പരിസരത്ത് മദ്യത്തിനും മയക്കുമരുന്നിനും ഗുണ്ടായിസത്തിനും പിടിക്കപ്പെടുന്നവരില്‍ സമുദായ പ്രാതിനിധ്യവും ഒട്ടും കുറവല്ലെന്നത് ഒരു പുനര്‍വിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.
അടിപൊളി ജീവിതശൈലി പിന്‍പറ്റുന്ന ഫ്രീക്കന്‍ ജനുസ്സുകളെ നോട്ടമിട്ട് നാട്ടുമ്പുറം മുതല്‍ സ്‌കൂള്‍, കോളേജ് കാമ്പസുകള്‍ വരെ വമ്പന്‍ മാഫിയകളുടെ ഏജന്റുകള്‍ ചുറ്റിത്തിരിയുന്നു. തലവെച്ചുകൊടുത്താല്‍ ഒരിക്കലും ഊരിപ്പോകാനാകാത്തവിധം ഭീതിദമായ അവസ്ഥയിലേക്ക് തലമുറയെ കൊണ്ടെത്തിക്കാന്‍ ശക്തിയുള്ള മയക്കുമരുന്ന്, കള്ളനോട്ട്, ഗുണ്ടാ മാഫിയകള്‍ നമ്മുടെ അയല്‍പക്കങ്ങളിലും പൊറുതിതുടങ്ങിക്കഴിഞ്ഞു.
പുതു ജീവിതക്രമത്തിന്റെ ഭാഗമായി നാം സ്വീകരിച്ച പല രീതികളും വ്യവസ്ഥിതികളും ഇപ്പോള്‍ നമുക്കുതന്നെ കൊലക്കയറൊരുക്കുകയാണ്. വീട്ടിലുള്ള കാരണവന്മാരെ വൃദ്ധസദനത്തില്‍ കുടിയിരുത്തി ജീവിതപാഠങ്ങള്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ നാം കൂടപ്പിറപ്പുകളില്‍നിന്നും അകന്ന് അണുകുടുംബത്തിന്റെ അടച്ചുപൂട്ടിയ മുറികളിലേക്ക് ജീവിതം പറിച്ചുനട്ട് 'ഞാനും ഭാര്യയും പിന്നെ നമ്മുടെ പൊന്നാര മക്കളും' എന്ന നിലയിലാണിപ്പോള്‍. ഈ വീടകങ്ങളില്‍ മക്കള്‍ക്ക് പഠിക്കാനും ഉറങ്ങാനും വിശ്രമിക്കാനും, സ്വകാര്യതയും അടച്ചുറപ്പുമുള്ള പ്രത്യേക മുറികള്‍ രൂപംകൊണ്ടു. നാലു ഭാഗവും മതിലുകള്‍ ഉയര്‍ത്തിക്കെട്ടി അയല്‍പക്കങ്ങളെ അകറ്റി. മക്കളെ എഞ്ചിനീയറും ഡോക്ടറും മറ്റും മറ്റും ആക്കാനുള്ള സൗകര്യത്തിന് നാട്ടിലെ മത-സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകള്‍, പ്രാദേശിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍ എന്നിവയില്‍നിന്നെല്ലാം അകറ്റി അത്രയും കൂടി പഠിക്കാന്‍ അവര്‍ക്ക് സമയം നല്‍കി. അവര്‍ പഠിക്കട്ടെ, ഒരുപാട് പഠിക്കാനുണ്ട്, പ്രൊജക്റ്റുകള്‍ ഒരുപാടുണ്ട് എന്നെല്ലാം പറഞ്ഞ് അതിന് ന്യായീകരണം കണ്ടെത്തുന്നു മാതാപിതാക്കള്‍.
പ്രായപൂര്‍ത്തിയായ നമ്മുടെ മക്കള്‍ സ്വകാര്യമുറിയില്‍ കിടന്നുറങ്ങുന്നത് ലഹരിക്കടിപ്പെട്ടാണോ? പഠനമുറിയിലിരുന്ന് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അവര്‍ പാഠാവലിയിലുള്ള പ്രൊജക്റ്റ് വര്‍ക്കുകള്‍ ചെയ്യുകയാണോ, അതോ അശ്ലീല വെബ്‌സൈറ്റുകളില്‍ കയറിയിറങ്ങുകയാണോ? പഠനയാത്രകള്‍ക്കെന്നു പറഞ്ഞ് അവര്‍ യാത്രപോകുന്നത് ഗോവയിലെയും മുംബൈയിലെയും മയക്കുമരുന്ന് മാഫിയകളുടെയും സെക്‌സ് റാക്കറ്റുകളുടെയും അടുത്തേക്കാണോ? ഏതു തരക്കാരുമായാണ് അവര്‍ കൂട്ടുകൂടുന്നത്? ക്ലാസ്സുകളിലെ മക്കളുടെ പഠനനിലവാരവും ഹാജരും, അവര്‍ ഉപയോഗിക്കുന്ന സൈറ്റുകള്‍, മതകാര്യങ്ങളിലുള്ള അവരുടെ നിഷ്ഠ... ഇതെല്ലാം നാം നിരന്തരം നിരീക്ഷിക്കുകയും ആവശ്യം വരുമ്പോള്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടോ?
ഒറ്റയാന്മാരായി അടിച്ചുപൊളിച്ചുനടക്കുന്നവരെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മാഫിയ അവരുടെ ഹോബികള്‍ എന്താണെന്ന് കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനവും പ്രലോഭനവും നല്‍കുന്നു. പിന്നീട് ചെറിയ ചെറിയ ടൂറുകള്‍, ഡിന്നറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഇവര്‍ ഉപയോഗിക്കുന്നത് വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളും വാച്ചും ഫോണും കൂളിംഗ് ഗ്ലാസ്സും മറ്റും ആയിരിക്കും. ഇവരുടെ പ്രലോഭനങ്ങളില്‍ കുട്ടികള്‍ മയങ്ങിവീഴുന്നതിന്റെ പ്രധാന കാരണവും ഇതാണ്. പിന്നെ ടൂറുകളില്‍ ചെറിയ പാര്‍ട്ടികള്‍ സംഘടിപ്പിച്ച് അവരെ ലഹരി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നു. തങ്ങള്‍ ഇത്രയും വലിയ ആര്‍ഭാടജീവിതം നയിക്കുന്നതിന്റെ രഹസ്യം ലഹരി വിറ്റുകിട്ടുന്ന പണമാണ്, ഇത് ആരും പിടിക്കുകയില്ല, പല ഉന്നതരും നമുക്ക് സപ്പോര്‍ട്ടുണ്ട്, അഥവാ പിടിക്കപ്പെട്ടാലും പുഷ്പം പോലെ പുറത്തിറക്കാന്‍ ആളും പണവുമുണ്ട് തുടങ്ങിയ പ്രലോഭനങ്ങള്‍ വഴി കുട്ടികളെ ഏജന്റുമാരായി പരുവപ്പെടുത്തി കൂടെക്കൂട്ടുന്നു. അങ്ങനെ നമ്മള്‍ പോലുമറിയാതെ നമ്മുടെ മക്കള്‍ ഈ തെമ്മാടിക്കൂട്ടങ്ങളുടെ മായാവലയത്തില്‍ അകപ്പെടുന്നു. പിന്നെ ഇവര്‍ക്ക് മാതാപിതാക്കളും സഹോദരീ സഹോദരന്മാരും കുടുംബബന്ധങ്ങളും അധികപ്പറ്റായിരിക്കും.
ലഹരി കുറച്ചുനാള്‍ ഉപയോഗിക്കുന്നതോടെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് അതവരെ മാറ്റിയിരിക്കും. ലഹരി കിട്ടിയില്ലെങ്കില്‍ ഇര ഉന്മാദാവസ്ഥയിലേക്ക് മാറുകയോ അക്രമസ്വഭാവം കാണിക്കുകയോ ചെയ്യും. ഒരുപക്ഷേ ഈ സമയത്തായിരിക്കും വീട്ടുകാരും മറ്റും മക്കള്‍ എത്തിപ്പെട്ട ഭീകരമായ അവസ്ഥയെപ്പറ്റി അറിയുന്നത്. ഉപദേശിച്ച് നന്നാക്കുന്ന ഘട്ടമൊക്കെ അപ്പോള്‍ പിന്നിട്ടിരിക്കും.
അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കൗമാര-യൗവനങ്ങള്‍, നാട്ടിലെ മത-സാമുദായിക-സാംസ്‌കാരിക-കായിക കൂട്ടായ്മകളില്‍നിന്ന് അകലം പാലിക്കുന്നവര്‍ ഇവരെയൊക്കെയാണ് മദ്യ-മയക്കുമരുന്ന് മാഫിയകള്‍ നോട്ടമിടുന്നത്. ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുകയറാന്‍ ശ്രമിച്ചാല്‍ മാഫിയകള്‍ രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല.
നമ്മുടെ വീട്ടകങ്ങളിലേക്ക് ലഹരി എത്താതിരിക്കാന്‍ നാം നല്ല ജാഗ്രത പാലിച്ചേ മതിയാകൂ. സംഭവിച്ചതിനു ശേഷം വിലപിക്കുന്നതിനേക്കാള്‍ അല്‍പം ദീര്‍ഘദൃഷ്ടിയോടെ നാം പ്രവര്‍ത്തിക്കുക. സ്‌നേഹത്തോടെ മക്കളുമായി തുറന്നിടപഴകുക. കുടുംബസമേതം ഉല്ലാസയാത്രകള്‍ക്ക് സമയം കണ്ടെത്തുക. മാതാപിതാക്കളായിരിക്കട്ടെ മക്കളുടെ ഏറ്റവും നല്ല കൂട്ടുകാര്‍. ബന്ധുക്കളുടെ ആഘോഷ പരിപാടികളില്‍ ഒരുമിച്ചു പങ്കെടുക്കുക. മാതാപിതാക്കളുടെ സുഹൃത്തുക്കളുടെ വീടുകള്‍ കുടുംബസഹിതം സന്ദര്‍ശിക്കുക. രോഗി-ആശുപത്രി സന്ദര്‍ശനം കുടുംബസഹിതമാക്കുക. മത-സാംസ്‌കാരിക-കായിക കൂട്ടായ്മകളില്‍ മക്കളെ പങ്കെടുപ്പിക്കുക. ആരാധനാ കാര്യങ്ങളില്‍ നിഷ്ഠ ഉറപ്പിക്കുക. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. കുടുംബാംഗങ്ങളുടെ മുഴുവന്‍ പങ്കാളിത്തത്തോടെ വീട്ടില്‍ പൂന്തോട്ടങ്ങളും അടുക്കളത്തോട്ടങ്ങളും ഉണ്ടാക്കുക. വിശേഷ ദിവസങ്ങളില്‍ മക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുടുംബയോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുക. ഇതെല്ലാം ഒരുപരിധിവരെ സന്തോഷവും കെട്ടുറപ്പുമുള്ള കുടുംബാന്തരീക്ഷത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കാം.
Comments