അടിയന്തരാവസ്ഥയിലെ ആത്മീയ ലോകം
2016 ജൂണോടെ അടിയന്തരാവസ്ഥയുടെ നാല്‍പത്തിയൊന്നാം വാര്‍ഷികത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് രാജ്യം. അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഴയ അവസ്ഥയെക്കുറിച്ചുള്ള ഓര്‍മകള്‍ പ്രസക്തമാണ്. രാഷ്ട്രീയമായി മാത്രമല്ല, ആത്മീയമായും ഇരുളടഞ്ഞ കാലഘട്ടമായിരുന്നു അത്. ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതിക്ക് തണല്‍ വിരിക്കുന്നതില്‍ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ മാത്രമല്ല ആത്മീയ ലോകവും പിന്നിലായിരുന്നില്ല. കേരളത്തിലെ ഒരു മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ ആത്മീയ ബലമായിരുന്ന രണ്ട് വ്യക്തിത്വങ്ങള്‍ അക്കാലത്ത് ഇന്ദിരാ ഗാന്ധി പങ്കെടുത്ത യോഗങ്ങളെ സ്വന്തം സാന്നിധ്യം നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ആത്മീയതയുടെ സങ്കല്‍പങ്ങള്‍ക്ക് ഇടിവു തട്ടിയ ഒരു കാലമായിരുന്നു അത്.
ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടതിലെ ആത്മീയാനന്ദമായിരുന്നു മറ്റു ചിലരെ ഇന്ദിരാ ഗാന്ധിയുടെ സ്തുതിപാഠകരാക്കി മാറ്റിയത്. ആ ഗണത്തില്‍ പെട്ട ഒരു മതപണ്ഡിതന്‍ അക്കാലത്ത് മക്കയിലേക്ക് യാത്ര പോയപ്പോള്‍ ഈ 'സദ്ഭരണം' നിലനിര്‍ത്താനായി കഅ്ബയുടെ 'കില്ല' പിടിച്ച് പ്രാര്‍ഥിക്കുക മാത്രമല്ല അത് അഭിമാനപൂര്‍വം സ്വന്തം മാസികയില്‍ എഴുതുകയുമുണ്ടായി. ഏകാധിപത്യത്തിന്റെ അധികാര ദണ്ഡിനു മുന്നില്‍ പാണ്ഡിത്യം ഏത്തമിടുന്നതിന്റെ ദുരന്ത ചിത്രം. ജമാഅത്തെ ഇസ്‌ലാമിയുടെ 'ജനാധിപത്യ വിരുദ്ധത'യെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച് നടക്കുകയും നിരന്തരം പേനയുന്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ ഭാഗത്തുനിന്നു തന്നെയായിരുന്നു ഈ 'ഏകാധിപത്യപൂജ' എന്നതായിരുന്നു ഇതിന്റെയൊരു കറുത്ത ഫലിതം. അച്ചടക്കമെന്നാല്‍ അടിമത്തമെന്നായിരുന്നു അവരുടെ ധാരണ.
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു പരാജയത്തോടെ അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങള്‍ വെളിപ്പെട്ടു. അതോടെ സ്വന്തം ജാള്യത മറക്കാന്‍ ഈ സ്തുതിപാഠകരിലൊരാളായ പരേതനായ കെ. ഉമര്‍ മൗലവി സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചത് ഇങ്ങനെ:
''സമൂഹത്തിന്റെ ധാര്‍മികവും സദാചാരപരവുമായ അധഃപതനം, വിവിധ മണ്ഡലങ്ങളില്‍ ഏറിവരുന്ന അരക്ഷിതാവസ്ഥ, മൂല്യത്തകര്‍ച്ച ഇത്യാദി അടിസ്ഥാന ദോഷങ്ങള്‍ അഴിഞ്ഞാടുന്ന അന്തരീക്ഷത്തില്‍നിന്നുകൊണ്ടാണ് ഞാന്‍ അടിയന്തരാവസ്ഥയെ നോക്കിക്കാണാന്‍ ശ്രമിച്ചത്. സ്ഥിതിഗതികള്‍ പൊതുവെ ശാന്തം. സമരങ്ങളുടെ ഓളങ്ങള്‍ സദാ അലയടിക്കുന്ന കേരളത്തെ ഞാന്‍ വീക്ഷിച്ചു. എല്ലാം വളരെ കൃത്യമായി നടക്കുന്നു. പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വ്യവസായ ശാലകളും തുറമുഖങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ സുഗമമായി ചലിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ചുമതലാ ബോധത്തോടെ പെരുമാറുന്നു. ഭയമാണ് ഇവരെ നിയന്ത്രിക്കുന്നതെന്ന് മനസ്സിലായില്ല. ആരെയും പേടിക്കേണ്ടതില്ലാത്ത ഒരു സാമൂഹികാന്തരീക്ഷത്തില്‍ വരാവുന്ന മുഴുവന്‍ വിഷമതകളും അനുഭവിച്ച രാജ്യം പെട്ടെന്ന് ഈ നിലയില്‍ മാറുന്നത് കണ്ടപ്പോള്‍ അടിയന്തരാവസ്ഥയെ ഞാന്‍ അനുകൂലിച്ചു. ഈ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും മറ്റും എന്നെ വളരെയേറെ അധിക്ഷേപിച്ചിട്ടുണ്ട്. അവര്‍ നിരോധിക്കപ്പെട്ടതുതന്നെ പ്രധാന കാരണം...
''സര്‍ക്കാര്‍ മെഷിനറികള്‍ അവരെക്കുറിച്ച് മനസ്സിലാക്കിയതെങ്ങനെയെന്ന് പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു. കാരണം ഇന്ത്യയിലെ മത സംഘടനകള്‍ക്കും മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും അതുള്‍ക്കൊള്ളുന്ന പത്രമാധ്യമങ്ങള്‍ക്കും ഒരു പ്രത്യേക നിയന്ത്രണവുമുണ്ടായിരുന്നില്ല. പൊതുയോഗങ്ങള്‍ നിരോധിക്കപ്പെട്ട അക്കാലത്ത് ധാരാളം പൊതുയോഗങ്ങള്‍ മതപ്രചാരണാര്‍ഥം നിത്യവും നടന്നുകൊണ്ടിരുന്നു. എന്റെ 'സല്‍സബീല്‍' വെറും രണ്ട് പൈസ ചെലവില്‍ ഇന്ത്യയുടെ ഏതു ഭാഗത്തും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അന്ന് സൗകര്യമുണ്ടായിരുന്നു. അതുപോലെ എല്ലാ മത പ്രചാരണ പത്രങ്ങളും ഈ ആനുകൂല്യം ഉപയോഗിച്ചിരുന്നു'' (ഓര്‍മകളുടെ തീരത്ത്, പേജ് 512,513).
ഇത് വായിക്കുമ്പോള്‍ ഇഖ്ബാലിന്റെ വരികളാണ് ഓര്‍മ വരിക.
''മുല്ലാ കൊ മസ്ജിദ് മെ
ജബ് അദാന്‍ കൊ ഇജാസത്ത് ഹെതോ
നാദാന്‍ സമഝ്താ ഹെ
ഇസ്‌ലാം ഹെ ആസാദ്''
(മസ്ജിദില്‍ ബാങ്ക് വിളിക്കാന്‍ മുല്ലാക്ക് അനുവാദം കിട്ടുമ്പോള്‍ ഇസ്‌ലാം സ്വതന്ത്രമാണെന്നാണ് പാവം വിഡ്ഢി മനസ്സിലാക്കുന്നത്).
വിനോബയുടെ അനുശാസനപര്‍വം
ഗാന്ധിജിയുടെ ആത്മീയ പൈതൃകത്തിന്റെ അനന്തരവനെന്ന നിലയില്‍ പ്രശസ്തനായ സര്‍വോദയ നേതാവ് വിനോബ ഭാവേയുടെ നിലപാടായിരുന്നു ഏറെ വിചിത്രവും അമ്പരപ്പുളവാക്കുന്നതും. ഗാന്ധിയനെന്ന നിലയില്‍ ജെ.പിയുടെ കൂടെ നില്‍ക്കേണ്ട നേതാവാണ് വിനോബജി. പക്ഷേ, അടിയന്താരവസ്ഥക്ക് 'അനുശാസന പര്‍വ'മെഴുതിക്കൊണ്ട് ഇന്ദിരയെ അനുഗ്രഹിക്കാനാണ് ഈ ആത്മീയ പുരുഷന്‍ മുന്നോട്ടുവന്നത്. അത് അവരുടെ അമിതാധികാര ശക്തിക്ക് ഊര്‍ജം പകരുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകയും ഗാന്ധിയനുമായ നിര്‍മല ദേശ്പാണ്ഡെയായിരുന്നു അക്കാലത്ത് ഇന്ദിരക്കും വിനോബക്കുമിടയിലെ മുഖ്യ പാലം. ഈ കാലയളവില്‍ ഇന്ദിരാഗാന്ധിക്കും വിനോബജിക്കുമിടയില്‍ പല കത്തിടപാടുകളും നടന്നിരുന്നു. ഈ കത്തിടപാടുകള്‍ പരസ്യപ്പെടുത്തണമെന്ന് അടിയന്തരാവസ്ഥക്കു ശേഷം വിനോബയുടെ ആശ്രമത്തോട് പല പ്രമുഖരും ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ വിനോബയുടെ പ്രൈവറ്റ് സെക്രട്ടറി ബാല്‍ വിജയ് പത്രങ്ങള്‍ക്ക് ഒരു വിശദീകരണം നല്‍കി. '76-ന് ശേഷം ഭാവെ കത്തുകള്‍ക്കൊന്നും മറുപടി എഴുതാറുണ്ടായിരുന്നില്ലെന്നും അക്കാലത്ത് ലഭിച്ച കത്തുകള്‍ കത്തിച്ചുകളയാന്‍ പോവുകയാണെന്നുമായിരുന്നു ബാല്‍ വിജയിന്റെ വിശദീകരണം. മഹാരാഷ്ര്ടയിലെ ഉര്‍ദുകവി കൈഫ് നൗഗാനവി '76 മാര്‍ച്ച് 26 തീയതി വെച്ച് വാര്‍ധ ആശ്രമത്തില്‍നിന്ന് തനിക്ക് കിട്ടിയ ഒരു മറുപടിക്കത്ത് ഉദ്ധരിച്ചുകൊണ്ട് വിജയിന്റെ വിശദീകരണത്തെ ചോദ്യം ചെയ്തു.
അലിമിയാന്‍ നേരിട്ട പരീക്ഷണങ്ങള്‍
അലിമിയാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ഇന്ത്യയിലെ സമാദരണീയനായ മുസ്‌ലിം മതപണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്‌വിക്ക് മറ്റൊരു വിധത്തിലാണ് അടിയന്തരാവസ്ഥയുടെ പരീക്ഷണങ്ങള്‍ വന്നു ഭവിച്ചത്. ധാരാളം അറബി ഗ്രന്ഥങ്ങളുടെ കര്‍ത്താവെന്ന നിലയില്‍ അറബ് ലോകത്ത് പ്രശസ്തനായിരുന്നു നദ്‌വി സാഹിബ്. അദ്ദേഹത്തിന് പത്മ അവാര്‍ഡുകളിലൊന്ന് നല്‍കി ആദരിക്കാന്‍ അക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അറബ് ലോകത്ത് ചില കേന്ദ്രങ്ങളില്‍ ഇന്ത്യയെക്കുറിച്ച് നിലനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധ പ്രതിഛായ ഇല്ലാതാക്കാന്‍ ഇത് സഹായകമാകുമെന്നായിരുന്നു സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അവാര്‍ഡ് വിവരമറിഞ്ഞ അലിമിയാന്‍ അത് സ്വീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് സര്‍ക്കാറിന് എഴുതി. ഈ വിവരം പുറത്തറിഞ്ഞപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതാണ് അവാര്‍ഡ് നിരസിക്കാന്‍ കാരണമെന്ന് പ്രചാരണമുണ്ടായി. ഉടനെ അത് നിഷേധിച്ചുകൊണ്ട് സ്വന്തം സ്ഥാപനമായ ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമാ പ്രസിദ്ധീകരിക്കുന്ന ഉര്‍ദു വാരികയായ 'നിദായെ മില്ലത്തി'ല്‍ അദ്ദേഹം ഒരു പ്രസ്താവന ഇറക്കി. അവാര്‍ഡ് നിരസിച്ചത് വാസ്തവമാണെന്നും എന്നാല്‍ ജമാഅത്ത് നിരോധനമല്ല, സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് പൂര്‍വികരായ പണ്ഡിതന്മാരുടെ മാതൃകക്ക് നിരക്കാത്തതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡ് നിരസിച്ചതെന്നും പ്രസ്താവനയില്‍ അദ്ദേഹം വിശദീകരിച്ചു. സ്വന്തം പ്രതിഛായക്ക് തിളക്കം കൂട്ടാനും ഒപ്പം തന്നെ സര്‍ക്കാറിന് വന്നുഭവിച്ചേക്കാവുന്ന ക്ഷീണം ഇല്ലാതാക്കാനും കഴിഞ്ഞു എന്നതാണ് ഈ വിശദീകരണത്തിന്റെ പ്രത്യേകത.
ദൈവം പിന്നെയും അലിമിയാനെ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ച പോലെയാണ് സംഭവങ്ങള്‍ ഉരുത്തിരിഞ്ഞത്. അടിയന്തരാവസ്ഥ പിന്‍വലിച്ച കാലത്ത് അറബ് ലോകത്തെ ഏറ്റവും അഭിമാനാവഹമായ മറ്റൊരു അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. സുഊദി അറേബ്യയില്‍നിന്ന് ഫൈസല്‍ രാജാവിന്റെ പേരില്‍ ഇസ്‌ലാമിക സേവനത്തിനുള്ള അവാര്‍ഡായിരുന്നു അത്. അത് സ്വീകരിക്കാന്‍ പൂര്‍വസൂരികളുടെ മാതൃക അദ്ദേഹത്തിന് തടസ്സമായില്ല. സ്വാഭാവികമായും ഉര്‍ദു പത്രങ്ങളില്‍ അതൊരു വിവാദ വിഷയമായി. വിശദീകരണം നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയും ചെയ്തു. ആ അവാര്‍ഡ് നിരസിച്ചാല്‍ സുഊദി ഭരണകൂടത്തെ ഉപദേശിക്കാനുള്ള അവസരവും സാധ്യതയും തനിക്ക് നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം (ഉള്ളതു പറയണമല്ലോ, അവാര്‍ഡ് തുക വ്യക്തിപരമായി ഉപയോഗിക്കാതെ അദ്ദേഹം സ്വന്തം സ്ഥാപനത്തിന് നല്‍കുകയാണുണ്ടായത്).
നദ്‌വ ജൂബിലിക്ക് സര്‍ക്കാര്‍ സഹായം
പരീക്ഷണങ്ങള്‍ പിന്നെയും അലിമിയാനെ വേട്ടയാടി. 1974 നവംബറില്‍ ദല്‍ഹിയിലെ ഗാന്ധി ദര്‍ശന്‍ മൈതാനിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ സമ്മേളനം ചേര്‍ന്നിരുന്നു. അറബ്-മുസ്‌ലിം ലോകത്തു നിന്ന് 35-ഓളം വിശിഷ്ടാതിഥികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇന്ത്യയിലെ ഒരു മുസ്‌ലിം സംഘടനയുടെ ദേശീയ സമ്മേളനത്തില്‍ ഇത്രയേറെ വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്നത് അതാദ്യമായിട്ടായിരുന്നു. ആ നിലക്ക് സമ്മേളനത്തിന് വലിയ മീഡിയ കവറേജ് ലഭിക്കുകയുണ്ടായി. അലിമിയാന്‍ നേതൃത്വം നല്‍കുന്ന നദ്‌വത്തുല്‍ ഉലമയുടെ അറബി മുഖപത്രമായ 'അല്‍ ബഅ്‌സി'ല്‍ ഈ സമ്മേളനത്തെക്കുറിച്ച് ഒരു അവലോകനം പ്രസിദ്ധീകരിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ ഒരു ഉപഗ്രഹ സംഘടനയായി മാറുന്നുവെന്ന് സമര്‍ഥിക്കുന്നതായിരുന്നു ആ ലേഖനം. ജെ.പി പ്രസ്ഥാനത്തോടുള്ള ജമാഅത്തിന്റെ പ്രതികൂല നിലപാടായിരുന്നു ലേഖനം ഇതിന് തെളിവായി ചൂണ്ടിക്കാണിച്ച ഒരു ന്യായം. ജെ.പിയുടെ പ്രക്ഷോഭ രീതിയോട് ജമാഅത്ത് അനുകൂലമായിരുന്നില്ല എന്നത് ശരിയാണ്. ജെ.പി മൂവ്‌മെന്റ് ഒരു സിവില്‍ നിയമ ലംഘന പ്രസ്ഥാനമായി വളരുകയായിരുന്നു. നികുതി നിഷേധം, നിയമസഭാ മന്ദിരങ്ങള്‍ വളയല്‍, പോലീസിനോടും പട്ടാളത്തോടും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കാതിരിക്കാനുള്ള ആഹ്വാനം എന്നിവയൊക്കെ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്നുവരുന്നുണ്ടായിരുന്നു. ഇത് ഒടുവില്‍ അരാജകത്വത്തിലേക്കാണ് നയിക്കുക എന്ന ആശങ്കയായിരുന്നു ജെ.പി പ്രസ്ഥാനത്തോടുള്ള ജമാഅത്തിന്റെ നിഷേധാത്മക നിലപാടിന് കാരണം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ മറ്റൊരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ പ്രക്ഷോഭത്തിലൂടെ താഴെയിറക്കുന്ന രീതി ഒരിക്കല്‍ അംഗീകരിക്കപ്പെട്ടാല്‍ ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ അത് അപായപ്പെടുത്തുമെന്നും ജമാഅത്ത് ഭയപ്പെട്ടു. ലോക് നായ്ക്കായി കൊണ്ടാടപ്പെട്ട ജെ.പിയുടെ പിന്നില്‍ അണിനിരന്ന ആര്‍.എസ്.എസ്, ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ ആശയ വൈരുധ്യങ്ങളും ഒരു പ്രശ്‌നമായിരുന്നു. ജെ.പി മൂവ്‌മെന്റിനോടുള്ള ഈ പ്രശ്‌നാധിഷ്ഠിത സമീപനത്തെ ഇന്ദിരാ കോണ്‍ഗ്രസ്സിന് അനുകൂലമായി വ്യാഖ്യാനിക്കുകയായിരുന്നു 'അല്‍ ബഅ്‌സി'ലെ ലേഖനം. അറബ് ലോകത്ത് ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ ധാരാളം വായനക്കാരുള്ള മാസികയാണ് അല്‍ ബഅസ്. അവര്‍ക്കിടയില്‍ ജമാഅത്തിനെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന 'സദുദ്ദേശ്യം' പരാമൃഷ്ട ലേഖനത്തിന്റെ വരികള്‍ക്കിടയില്‍ സ്പഷ്ടമായിരുന്നു. ഗാന്ധിദര്‍ശന്‍ മൈദാന്‍ ജമാഅത്ത് സമ്മേളനത്തിന് അനുവദിച്ചുകൊടുത്തത് ഇന്ദിരാ സര്‍ക്കാറിന് ജമാഅത്ത് പിന്തുണ നല്‍കിയതിനുള്ള പ്രതിഫലമാണെന്നും 'അല്‍ബഅ്‌സി'ലെ ലേഖനത്തില്‍ എടുത്തോതിയിരുന്നു. ആ ലേഖനത്തിന് ജമാഅത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. യഥാര്‍ഥ 'പ്രതിഫലം' ആറു മാസത്തിനകം നിരോധനത്തിലൂടെ കിട്ടിയപ്പോള്‍ മറുപടിയുടെ ആവശ്യം ഇല്ലാതാവുകയും ചെയ്തു. അതിന്റെ ഒരു കാവ്യനീതി പോലെ അലിമിയാന്റെ സ്ഥാപനത്തെ അടിയന്തരാവസ്ഥ തിരിഞ്ഞുകൊത്തുകയും ചെയ്തു.
അടിയന്തരാവസ്ഥാകാലത്തായിരുന്നു അലിമിയാന്റെ സ്ഥാപനമായ ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമാ വിദ്യാലയത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം. ഈജിപ്തിലെ അസ്ഹര്‍ സര്‍വകലാശാലാ റെക്ടര്‍ അടക്കം അറബ്-മുസ്‌ലിം ലോകത്തുനിന്നുള്ള ധാരാളം പ്രതിനിധികള്‍ ജൂബിലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഭരണകൂടം മുസ്‌ലിം ലോകത്ത് തങ്ങളുടെ പ്രതിഛായക്ക് മാറ്റുകൂട്ടാന്‍ അതൊരു അവസരമാക്കി. നദ്‌വത്തുല്‍ ഉലമായിലേക്കുള്ള പാതകള്‍ പുനര്‍നിര്‍മിച്ചും വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചും ആവശ്യപ്പെടാതെ തന്നെ ജൂബിലി ആഘോഷത്തിന്റെ സ്‌പോണ്‍സറായി മാറി സര്‍ക്കാര്‍. യു.പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സഭാംഗവുമായിരുന്ന എച്ച്.എന്‍ ബഹുഗുണ (പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇന്ദിരാ പാളയം ഉപേക്ഷിക്കുകയുണ്ടായി) അതില്‍ പ്രത്യേകം താല്‍പര്യമെടുത്തു.സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ അസ്ഹര്‍ റെക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം നീക്കാന്‍ ആവശ്യപ്പെടുന്ന ഒരു നിവേദനം പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന് സമര്‍പ്പിക്കുന്നതിലാണ് ആ ജൂബിലി ആഘോഷം കലാശിച്ചത്. പ്രസിഡന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എഫ്.എ റഹ്മാനിയുടെ 'മൈ ഇലവന്‍ ഇയേഴ്‌സ് വിത്ത് ഫഖ്‌റുദ്ദീന്‍ അലി അഹ്മദ്' എന്ന ഓര്‍മക്കുറിപ്പില്‍ പ്രസിഡന്റുമായി നടന്ന ഈ കൂടിക്കാഴ്ചയുടെ പരാമര്‍ശം കാണാം.
ഇന്ത്യയില്‍ എവിടെയും വെളിച്ചം കാണാത്ത ഈ വാര്‍ത്തകള്‍ അറബി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലും ഈ ലേഖകന് അതൊക്കെ വായിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. ടൈം മാഗസിനും ന്യൂസ് വീക്കും ബൈറൂത്ത്, കയ്‌റോ, കുവൈത്ത്, സുഊദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി മാഗസിനുകളും 'പ്രബോധന'ത്തില്‍ വന്നുകൊണ്ടിരുന്നത് ലേഖകന്റെ വിലാസത്തിലായിരുന്നു. ഇന്ത്യന്‍ പത്രങ്ങളില്‍ 'വാര്‍ത്തകള്‍' അപ്രത്യക്ഷമായി വീര്‍പ്പുമുട്ടിയപ്പോള്‍ വെള്ളിമാട്കുന്നിലെ പോസ്റ്റ് മാസ്റ്റര്‍ക്ക് ഒരു കാര്‍ഡിടാന്‍ തോന്നി. എന്റെ പേരിലുള്ള എല്ലാ തപാലുരുപ്പടികളും വീട്ടുവിലാസത്തിലേക്ക് തിരിച്ചുവിടാന്‍. അത് ഫലിച്ചു (പ്രബോധനത്തിനുള്ള മറ്റു തപാലുരുപ്പടികള്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ചത് അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ തിരിച്ചുതരികയുണ്ടായി. തപാല്‍ വകുപ്പിനോട് മതിപ്പു തോന്നിയ സന്ദര്‍ഭമായിരുന്നു അത്).
വിദേശത്തുനിന്ന് വന്ന പത്ര-മാഗസിനുകളില്‍നിന്നാണ് ഇന്ത്യയില്‍ തമസ്‌കരിക്കപ്പെട്ട പല സംഭവങ്ങളും അറിയുന്നത്. നദ്‌വ ജൂബിലിയെ സംബന്ധിച്ച വിശദമായ അവലോകനങ്ങള്‍ പല അറബ് മാധ്യമങ്ങളിലും വരികയുണ്ടായി. അതിനിടെയാണ് മുസ്‌ലിം രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഏഴാമത് സമ്മേളനം ഇസ്തംബൂളില്‍ ചേരുന്നത്. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മുസ്‌ലിം വേള്‍ഡ് ലീഗ്' സമ്മേളനത്തിലേക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. അതിന്റെ പൂര്‍ണ രൂപം തങ്ങളുടെ മുഖപത്രമായ അഖ്ബാറുല്‍ ആലമില്‍ ഇസ്‌ലാമിയില്‍ പിന്നീട് ('77 ഡിസംബര്‍ 20) പ്രസിദ്ധീകരിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധം തന്നെയായിരുന്നു മെമ്മോറാണ്ടത്തിലെ മുഖ്യ പ്രമേയം. 'ഭരണകൂടം എല്ലാ സീമകളും അതിലംഘിച്ചുകൊണ്ട് മുസ്‌ലിം നേതാക്കളെ അറസ്റ്റ് ചെയ്തതി'ലേക്ക് മെമ്മോറാണ്ടം സമ്മേളനത്തില്‍ ശ്രദ്ധ ക്ഷണിച്ചു. തലേ വര്‍ഷം ജിദ്ദയില്‍ ചേര്‍ന്ന വിദേശകാര്യമന്ത്രിമാരുടെ ആറാമത് സമ്മേളനത്തില്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുകയും പത്രപ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും തടയുകയും ചെയ്തതിലേക്ക് ശ്രദ്ധ ക്ഷണിച്ചത് ഈ നിവേദനത്തില്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. കുവൈത്തിലെ 'അല്‍ മുജ്തമഅ്' വാരിക നിരോധത്തിന്റെ അന്യായം ചൂണ്ടിക്കാണിച്ച് വിസ്തരിച്ചൊരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചു.
മുഹമ്മദ് യൂനുസിന്റെ പര്യടനം
ഈ പശ്ചാത്തലത്തിലാണ് ഇന്ദിരാഗാന്ധിയുടെ പ്രത്യേക ദൂതന്‍ മുഹമ്മദ് യൂനുസ് അറബ് രാഷ്ട്രങ്ങളില്‍ ഒരു പര്യടനത്തിനിറങ്ങുന്നത്. നെഹ്‌റു കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു (ചാച്ചാ എന്നാണ് ഇന്ദിരാഗാന്ധിയും മക്കളും അദ്ദേഹത്തെ വിളിച്ചിരുന്നത്). കേവലം ഒരു രൂപ ശമ്പളത്തിന് ക്യാബിനറ്റ് റാങ്കോടെ ഇന്ദിരാ ഗാന്ധിയെ സേവിക്കുകയായിരുന്നു അക്കാലത്ത് അദ്ദേഹം. കുവൈത്തിലെത്തിയ മുഹമ്മദ് യൂനുസ് മുന്‍ വഖ്ഫ് മന്ത്രി ഹാശിം രിഫാഇക്കും 'അല്‍ ബലാഗ്' വാരിക പത്രാധിപര്‍ അബ്ദുര്‍റഹ്മാന്‍ വിലായത്തിക്കും വിശദമായൊരു ഇന്റര്‍വ്യൂ നല്‍കി. കുവൈത്തിലെ ഇന്ത്യന്‍ എംബസിയായിരുന്നു കൂടിക്കാഴ്ച സംഘടിപ്പിച്ചത്. കൂടിക്കാഴ്ചയുടെ വിശദ രൂപം 'അല്‍ ബലാഗി'ല്‍ ('75 നവംബര്‍ 30) പ്രസിദ്ധീകരിക്കുകയും ചെയ്തു. വികാര തീവ്രമായ അന്തരീക്ഷത്തിലാണ് ഇരു വിഭാഗവും സംഭാഷണം ആരംഭിച്ചതെന്ന മുഖവുരയോടെ 'അല്‍ ബലാഗ്' എഴുതി: ''ഇന്ത്യയില്‍ തടവിലാക്കപ്പെട്ട മുസ്‌ലിം നേതാക്കളെ, വിശേഷിച്ചും ജമാഅത്തെ ഇസ്‌ലാമിയെ സ്പര്‍ശിക്കുന്നതായിരുന്നു ആദ്യത്തെ ചോദ്യം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് യാത്രൊരു പങ്കുമില്ലായിരുന്നു. എന്നിട്ടും അവരുടെ നേതാക്കളെ തവിലിടുകയും വിദ്യാഭ്യാസ-പത്ര-സാംസ്‌കാരിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു... മാത്രമല്ല, ദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തില്‍ പങ്കെടുത്ത ഞങ്ങള്‍ക്ക് അവരുടെ പ്രസ്താവനകളിലോ രാഷ്ട്രീയ നിലപാടിലോ ഒരു ഭരണകൂടവിരുദ്ധ പ്രവണതയും കാണാന്‍ കഴിഞ്ഞിരുന്നുമില്ല. എന്നിട്ടും എന്തിന് സംഘടനയെ നിരോധിച്ചു?''
ചോദ്യത്തോട് മുഹമ്മദ് യൂനുസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ജമാഅത്തിനെതിരെ നടപടികളെടുക്കാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. ഇന്ത്യയിലെ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സന്തുലിതത്വം പാലിക്കാന്‍ ജമാഅത്തിനെതിരില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യമാണെന്ന് ഗവണ്‍മെന്റ് മനസ്സിലാക്കി. ഇന്തോ-അറബ് സൗഹൃദത്തെ എതിര്‍ക്കുകയും ഇന്തോ-ഇസ്രയേല്‍ സൗഹൃദത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന തീവ്രവാദികളായ ഹിന്ദു നേതാക്കളെ തടവിലാക്കിയപ്പോള്‍ സന്തുലിതത്വം പാലിക്കാന്‍ ചില ജമാഅത്ത് നേതാക്കളെയും ഗവണ്‍മെന്റ് തടവിലാക്കിയിട്ടുണ്ട്. ജമാഅത്തുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ ചുമത്തിയിട്ടുണ്ടെങ്കിലും നദ്‌വത്തുല്‍ ഉലമ, അലീഗഢ് സര്‍വകലാശാല തുടങ്ങിയ ഇതര മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഗവണ്‍മെന്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ നവംബറില്‍ (1974) നടന്ന ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തിനു ശേഷം ജമാഅത്ത് അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫിനെ ഞാന്‍ കാണുകയും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെയും ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചിരിക്കുന്ന മിതവാദപരമായ പുതിയ പ്രവര്‍ത്തന മാര്‍ഗത്തിന്റെയും പേരില്‍ അഭിനന്ദനങ്ങളറിയിക്കുകയുമുണ്ടായിട്ടുണ്ട്. പക്ഷേ, ജമാഅത്ത് ഈ പുതിയ ലൈന്‍ സ്വീകരിക്കാന്‍ സ്വല്‍പം വൈകിപ്പോയി. ജമാഅത്തിനെ സംബന്ധിച്ച് രാജ്യത്ത് നിലവിലുണ്ടായിരുന്ന പൊതുവായ ധാരണ അതൊരു തീവ്രവാദി സംഘടനയാണെന്നായിരുന്നു.''
ഭരണഘടനാദത്തമായ അവകാശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം എന്നായിരുന്നു മുഹമ്മദ് യൂനുസിന്റെ ന്യായീകരണം.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഗവണ്‍മെന്റിന്റെ അവകാശം സമ്മതിച്ചാല്‍തന്നെ 'സ്വല്‍പം വൈകിയാണെങ്കിലും ജമാഅത്തെ ഇസ്‌ലാമി അതിന്റെ നിലപാടില്‍ മിതത്വം സ്വീകരക്കുകയുണ്ടായി' എന്ന് താങ്കള്‍ സ്വയം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സാധാരണ നിയമങ്ങളുടെ തണലില്‍ അതിനെ വെറുതെ വിട്ട് പിന്നീട് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിനു ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കാമായിരുന്നുവല്ലോ എന്ന 'അല്‍ബലാഗി'ന്റെ ചോദ്യത്തിന് മുഹമ്മദ് യൂനുസിന് തൃപ്തികരമായ മറുപടി ഉണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ സന്തുലിതത്വമുണ്ടാക്കാന്‍ എന്ന മുന്‍ മറുപടി ആവര്‍ത്തിക്കുക മാത്രമായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയുടെ വിവരണം 'അല്‍ബലാഗ്' അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'ഇന്ത്യക്കാരനായ ആ മാന്യാതിഥിയുടെ ആവനാഴി ശൂന്യമായി കഴിഞ്ഞിരിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ഇസ്‌ലാമികമായി പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു; വിശേഷിച്ചും അസാധാരണ പരിതഃസ്ഥിതിയില്‍ ഇന്ത്യയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് അറബ് നാടുകളിലെ ആളുകള്‍ക്ക് കൂടുതല്‍ വെളിച്ചം നല്‍കാന്‍ പ്രത്യേകമായി നിയുക്തനായ ദൂതനാണല്ലോ അദ്ദേഹം. ആ സംഭവവികാസങ്ങള്‍ പ്രഥമമായി ബാധിച്ചത് ഇന്ത്യന്‍ മുസ്ിലംകളെയാണ്; അവരുടെ മുന്‍പന്തിയിലുണ്ടായിരുന്നത് ജമാഅത്തെ ഇസ്‌ലാമിയും'' (അല്‍ബലാഗ് '75 നവംബര്‍ 30).
ആര്‍.എസ്.എസ്സിനെ നിരോധിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെ ബലിയാടാക്കി എന്നാണ് മുഹമ്മദ് യൂനുസ് നിര്‍ലജ്ജം ഒരു വിദേശ പത്രത്തോട് പറഞ്ഞിരിക്കുന്നത്. ഈ ബാലിശമായ വാദത്തിലൂടെ തന്നെത്തന്നെ പരിക്കേല്‍പിക്കുകയാണെന്ന് അദ്ദേഹം ഓര്‍ത്തുകാണില്ല. ഒരു കുറ്റവാളിയെ ശിക്ഷിക്കണമെങ്കില്‍ നിരപരാധിയെ കൂടി ശിക്ഷിക്കണമെന്ന നീതിശാസ്ത്രം ഇന്ത്യയിലല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് നിലവിലുണ്ടോ? നിര്‍ഭാഗ്യവശാല്‍ അതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ ആന്തര ദൗര്‍ബല്യം. ജമാഅത്ത് ഇവിടെ ബലിയാടായത് യാദൃഛികം മാത്രമാണ്. ജമാഅത്തില്ലെങ്കില്‍ മറ്റേതെങ്കിലും മുസ്‌ലിം സംഘടനയെ ആ വിധി വേട്ടയാടുമായിരുന്നു. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ്സിനോടൊപ്പം ഗാന്ധിഹത്യയില്‍ യാതൊരു പങ്കുമില്ലാത്ത മുസ്‌ലിം ലീഗിന്റെ വളന്റിയര്‍ സംഘടനയായ മുസ്‌ലിം നാഷ്‌നല്‍ ഗാര്‍ഡിനെയും അന്നത്തെ ഭരണകൂടം നിരോധിക്കുകയുണ്ടായി. അടിയന്തരാവസ്ഥക്കു ശേഷം സംഘ്പരിവാറിന്റെ കൂളിസംഘം ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ നരസിംഹറാവു സര്‍ക്കാര്‍ ആര്‍.എസ്.എസ്സിനെ നിരോധിച്ചു. അപ്പോഴും ബാബരി സംഭവത്തില്‍ യാതൊരു പങ്കുമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കുകയുണ്ടായി. നിരോധം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ട്രൈബ്യൂണല്‍ താമസിയാതെ ആര്‍.എസ്.എസ് നിരോധം നീക്കിയപ്പോള്‍ ജമാഅത്ത് നിരോധം നിലനിര്‍ത്തുകയാണുണ്ടായത്. ജമാഅത്തിന് സൂപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു; നിരോധം മറികടന്നത് സുപ്രീംകോടതി വിധിയിലൂടെയായിരുന്നു. ഭൂരിപക്ഷ മതാധികാരത്തിലധിഷ്ഠിതമായ ഈ സെക്യുലരിസത്തിന്റെ വിവേചനഭീകരത ഭരണകൂട നടപടികളില്‍ ഇപ്പോഴും തുടരുന്നതായി കാണാം.
Comments