ബുര്‍ഹാന്‍ വാനിയുടെ വധം സ്വസ്ഥത വീണ്ടെടുക്കാനാവാതെ കശ്മീര്‍ താഴ്‌വര
2010-ല്‍ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ മാസങ്ങളോളം പാകിസ്താന്റെ പതാക പറപ്പിക്കുകയും സൈന്യത്തിന് എത്തിനോക്കാന്‍ പോലും കഴിയാത്ത വിധം തീവ്രവാദികള്‍ സംഘം ചേര്‍ന്ന് ഖണ്ടാഗറിനു ചുറ്റും താവളമുറപ്പിക്കുകയും ചെയ്ത റഗഡ സമരം കശ്മീരിന്റെ ചരിത്രത്തില്‍ ജനങ്ങളും ഭരണകൂടവും തമ്മിലുണ്ടായ ഏറ്റവും കടുത്ത ഏറ്റുമുട്ടലുകളില്‍ ഒന്നായിരുന്നു. സൈന്യത്തില്‍ പോര്‍ട്ടര്‍മാരുടെ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് റഫിയാബാദിലെ നദിഹാല്‍ ഗ്രാമത്തില്‍നിന്ന് ഷെഹ്‌സാദ് അഹ്മദ്, റിയാസ് അഹ്മദ്, മുഹമ്മദ് യൂസുഫ് ലോണ്‍ എന്നീ യുവാക്കളെ രജപുത്താന റൈഫിള്‍സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോവുകയും അതിര്‍ത്തിയിലെത്തിച്ച് വെടിവെച്ചുകൊല്ലുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു റഗഡയുടെ തുടക്കം. കൊടും ഭീകരരെ വധിച്ചുവെന്നായിരുന്നു സൈന്യം അവകാശപ്പെട്ടുകൊണ്ടിരുന്നത്. ഈ വ്യാജ ഏറ്റുമുട്ടലിനെതിരെ ശ്രീനഗറിലെ ഡൗണ്‍ടൗണില്‍ പ്രകടനം നടത്തിയ ജനക്കൂട്ടത്തെ സൈന്യം തോക്കുപയോഗിച്ച് നേരിട്ടപ്പോള്‍ തുഫൈല്‍ അഹ്മദ് മട്ടു എന്ന 17 കാരന്‍ കൊല്ലപ്പെട്ടു. മട്ടു പക്ഷേ ഒരു പ്രകടനത്തിന്റെയും ഭാഗമായിരുന്നില്ല. അപ്പുറത്തെ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കവെയാണ് അവന് വെടിയേറ്റത്. പിന്നീടങ്ങോട്ട് പ്രക്ഷോഭം സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് ആളിപ്പടരുകയും 120 പേര്‍ തോക്കിനിരയാവുകയും 530-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറു വര്‍ഷം പിന്നിട്ട റഗഡ സമരങ്ങള്‍ക്കു ശേഷം ഇന്ന് ബുര്‍ഹാന്‍ വാനിയെന്ന 22 കാരനെ സൈന്യം വെടിവെച്ചുവീഴ്ത്തുമ്പോള്‍ 2010-നെ മറികടക്കുന്ന പ്രതികരണമാണ് കശ്മീരിന്റേത്. സമാധാനപരമായ പ്രതിഷേധം എന്ന വാക്ക് കശ്മീരിന്റെ ചരിത്രത്തില്‍ ഇനിയൊരുപക്ഷേ ഉണ്ടാവില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയപ്പോള്‍ സംയമനം പാലിക്കുന്നതിനു പകരം പെല്ലറ്റ് ഗണ്ണുകള്‍ പോലെ വളരെ മാരകമായ ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്. 46 പേര്‍ വെടിയേറ്റു മരിക്കുകയും 600-ഓളം പേരുടെ കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും ആഭ്യന്തരമന്ത്രിയുടെ കണക്കുകളനുസരിച്ചു പോലും 1948 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ സാഹചര്യം നമ്മുടെ ജനാധിപത്യത്തിന് വിശദീകരിക്കാനാവുമോ?
പ്രക്ഷോഭത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി കശ്മീര്‍ കേന്ദ്രീകൃത തീവ്രവാദികളുടെ എണ്ണം പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദികളുടേതിനെ മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുര്‍ഹാന്‍ മുസഫര്‍ വാനിയെന്ന ഒരു 22 കാരനാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ച് ഈ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയത്. ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയുടെ കശ്മീരിലെ കമാന്റര്‍ മുസഫര്‍ വാനി ആയിരുന്നുവെന്നും യുവാക്കളെ സോഷ്യല്‍ മീഡിയയിലൂടെ ബുര്‍ഹാന്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതായും കേന്ദ്ര ഏജന്‍സികളുടെ കുറ്റപത്രത്തിലുണ്ട്. ഈ ആരോപണങ്ങളെല്ലാം ശരി തന്നെയെന്ന് സമ്മതിക്കുക. അയാള്‍ പക്ഷേ എവിടെയും ഭീകരാക്രമണം നടത്തിയെന്ന് സൈന്യം പോലും ഇതേവരെ അവകാശപ്പെടുന്നില്ല. ഏറിയാല്‍ കശ്മീരിലെ ഇഛാഭംഗം നേരിട്ട യുവാക്കളുടെ പ്രതീകം മാത്രമായിരുന്നു വാനി. ഒരിക്കല്‍ പോലും വാനി പാകിസ്താനിലേക്ക് പോയതിനും സൈന്യത്തിന്റെ കൈയില്‍ തെളിവുണ്ടായിരുന്നില്ല. ഈ കൊലപാതകത്തിലൂടെ എന്താണ് സൈന്യം നേടിയതെന്ന് അവര്‍ തന്നെയാണ് ഇനിയും വിശദീകരിക്കേണ്ടത്. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ചൂണ്ടിക്കാട്ടിയതാണ് കുറേക്കൂടി വലിയ ശരി. ആറു വര്‍ഷക്കാലത്തെ പരിശ്രമത്തിലൂടെ നൂറോളം ആളുകളെ സായുധ തീവ്രവാദത്തിലേക്ക് ഈ ചെറുപ്പക്കാരന്‍ ആകര്‍ഷിച്ചു എന്നതാണ് കുറ്റമെങ്കില്‍ ഖബ്‌റില്‍ കിടന്ന് ഇന്നയാള്‍ ആയിരങ്ങളെയാണ് സംസ്ഥാനത്ത് തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പറഞ്ഞതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് കശ്മീരില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്നതും.
മരണത്തിനു ശേഷം മാത്രം പര്‍വതാകാരം പൂണ്ട തീവ്രവാദിയായിരുന്നു ബുര്‍ഹാന്‍ വാനി. അഭ്യസ്തവിദ്യനായ, ടെക്‌നോളജിയെയും സോഷ്യല്‍ മീഡിയയെയും ആശയപ്രചാരണത്തിനുപയോഗിച്ച, സിനിമയും സംഗീതവും സ്‌പോര്‍ട്‌സും ഇഷ്ടപ്പെട്ട, വീരേന്ദര്‍ സേവാഗിനെയും ശാഹിദ് അഫ്‌രീദിയെയും ഒരുപോലെ ആരാധിച്ച പുത്തന്‍ തലമുറയുടെ തീവ്രവാദി. കശ്മീരികള്‍ക്ക് സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യമായിരുന്നു ഇയാള്‍ മുഴക്കിയത്. വാനിയെ വെടിവെച്ചുവീഴ്ത്തിയതിലൂടെ ഇന്ത്യ മറ്റൊരര്‍ഥത്തില്‍ കെണിയിലകപ്പെടുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ക്കുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ഇത്രത്തോളം പൊതുജനം തെരുവിലിറങ്ങുമെന്ന് അനുഭവങ്ങളുടെ ഹിമാലയം തന്നെ മുമ്പിലുണ്ടായിട്ടും ഇന്ത്യ മറന്നു. എത്രത്തോളമെന്നാല്‍ അല്‍ജസീറയുടെ കണക്കനുസരിച്ച് 2 ലക്ഷത്തോളം ജനങ്ങളാണ് വാനിക്കു വേണ്ടി ജനാസ നമസ്‌കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറ്റു രാഷ്ട്രീയ നേതാക്കളുടെ കാലു പിടിക്കേണ്ടിവന്നു. പാകിസ്താന്റെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ വിദേശകാര്യ മന്ത്രാലയം പലപ്പോഴും വിയര്‍ത്തു. ബാങ്കോക്കിലെ എന്‍.എസ്.എ ഉച്ചകോടി ഉള്‍പ്പടെ സമീപകാല ചര്‍ച്ചകളില്‍ കശ്മീര്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മാനം കെട്ട പാകിസ്താനെയായിരുന്നു ലോകം കണ്ടത്. ബുര്‍ഹാന്‍ വാനി സംഭവത്തിനു ശേഷം വിഘടനവാദത്തിന്റെ ചത്ത കുതിര വീണ്ടും എഴുന്നേറ്റ് ഓടാനാരംഭിച്ചു. പുതിയ സാഹചര്യങ്ങളെ ചൊല്ലി സംസ്ഥാന ഭരണകൂടത്തെ കേന്ദ്രം കുറ്റപ്പെടുത്തി. ഭരണകൂടത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ സൈന്യം സൃഷ്ടിച്ച സാഹചര്യമായിരുന്നു ഇതെന്ന് ബി.ജെ.പിയും പി.ഡി.പിയും ഒരുപോലെ കശ്മീരില്‍ വിശദീകരിച്ചു. അങ്ങനെയെങ്കില്‍ എക്കാലത്തും കശ്മീര്‍ അങ്ങനെയായിരുന്നു എന്നതല്ലേ വസ്തുത? കശ്മീരിന് സമാധാനമോ ജനാധിപത്യമോ ആവശ്യമില്ലെന്ന സൈന്യത്തിന്റെ നിലപാട് ആരുടെയും നിയന്ത്രണത്തിന് അധീനമല്ലെന്നും സമ്മതിക്കേണ്ടിവരില്ലേ?
ഇന്ന് ബുര്‍ഹാന്‍ വാനിയെ വെടിവെച്ചു വീഴ്ത്തിയ അതേ അനന്ത്‌നാഗ് മേഖലയില്‍നിന്നായിരുന്നു 1990-കളില്‍ ബിജ്ബിഹാര കൂട്ടക്കൊലയിലൂടെ സംസ്ഥാനത്തെ സൈന്യം എരിതീയിലേക്ക് എടുത്തെറിഞ്ഞത്. ഓപ്പറേഷന്‍ ബഌസ്റ്റാറിന്റെ നടുക്കുന്ന ഓര്‍മകള്‍ ബാക്കിയുണ്ടായിട്ടും സമാനമായ രീതിയില്‍ ഹസ്രത്ത്ബാല്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ പട്ടാളത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേര്‍ക്കാണ് നമ്മുടെ ജനാധിപത്യം അന്ന് നിറയൊഴിച്ചത്. തെറ്റുകള്‍ ഒരിക്കലും പാഠം പഠിപ്പിക്കാന്‍ ഉള്ളവയല്ലെന്നു കൂടിയല്ലേ ഇന്ത്യന്‍ സൈന്യം അങ്ങനെയെങ്കില്‍ അടിവരയിടുന്നത്? മരണം 120 വരെയെത്തിയ റഗഡ വെടിവെപ്പുകളുടെ കണക്കെടുക്കുമ്പോഴും ചില സമാനതകളും കാണാനാവും. പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിവെച്ച സൈന്യം മിക്ക സംഭവങ്ങളിലും തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത് 20 വയസ്സില്‍ താഴെയുള്ള യുവാക്കളെയാണ്. ഈ യുവാക്കള്‍ക്കു വേണ്ടി ഓരോ പ്രദേശത്തും സ്വാഭാവികമായും കശ്മീരികള്‍ തെരുവിലിറങ്ങി. അപ്പോഴാകട്ടെ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചെടുത്ത് ജനക്കൂട്ടങ്ങള്‍ക്കു നേരെ കൂട്ടത്തോടെ സൈന്യം നിറയൊഴിച്ചപ്പോഴാണ് ആ പ്രക്ഷോഭം സംസ്ഥാനത്തുടനീളം വ്യാപിച്ചത്. തലക്ക് പത്ത് ലക്ഷം വിലയിട്ട് ബുര്‍ഹാന്‍ വാനിയെന്ന 22 കാരനെ വെടിവെച്ചുകൊന്ന സൈന്യം അതിനു പകരം അയാളെ ജീവനോടെ പിടികൂടിയിരുന്നുവെങ്കില്‍ ഇതാവുമായിരുന്നോ ചിത്രം? ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ വെടിവെച്ചതെന്നും വാനിയും സുഹൃത്തുക്കളും ക്രിക്കറ്റ് കളിക്കുകയായിരുന്നു എന്നുമൊക്കെ കശ്മീരില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളിലുണ്ട്. മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം പോലും ഈ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ഇത്തരം മറുവശങ്ങള്‍ വല്ലാതെ പുറത്തുവരാന്‍ തുടങ്ങിയതാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
തിരക്കഥയെഴുതിയ ഭീകരത
കശ്മീര്‍ തീവ്രവാദത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്നതിനും മുമ്പുള്ള കാലത്ത് താഴ്‌വരകളുടെയും നീരുറവകളുടെയും നാടായിരുന്നു അനന്ത്‌നാഗ്, കുക്കര്‍നാഗ്, വെരിനാഗ് തുടങ്ങിയ പ്രദേശങ്ങള്‍. പണ്ഡിറ്റ് കുടുംബങ്ങളും മുസ്‌ലിംകളും വലിയ രഞ്ജിപ്പോടെ താമസിച്ച മേഖല. മുംബൈയിലെ സിനിമാ നിര്‍മാണ കമ്പനികളും പഹല്‍ഗാമിലേക്കും അമര്‍നാഥിലേക്കുമുള്ള യാത്രക്കാരുടെ സംഘങ്ങളുമൊക്കെ കശ്മീരിലെ രണ്ടാമത്തെ വലിയ നഗരമായ അനന്ത്‌നാഗിനെയാണ് അക്കാലത്ത് ഇടത്താവളമാക്കിയിരുന്നത്. 1990-കള്‍ക്കു മുമ്പുള്ള കാലത്ത് തെരുവുകളില്‍ പട്ടാളക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ഇന്നത്തെ പോലെ ആയുധധാരികളായിരുന്നില്ല. സാമൂഹിക ജീവിതത്തിന് സ്വഛതയുടെ താളം നഷ്ടപ്പെട്ടിട്ടില്ലാതിരുന്ന അക്കാലത്ത് ഗ്രാമീണ ജീവിതത്തില്‍ ഈ സൈനികര്‍ ചിലപ്പോഴൊക്കെ ഉപകാരികളായും അറിയപ്പെട്ടിരുന്നു. യുവാക്കളും കുട്ടികളുമൊക്കെ വൈകുന്നേരങ്ങളില്‍ സൈനികരോടൊത്ത് ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിച്ചിരുന്നു. അന്നത്തെ സാമുദായിക അന്തരീക്ഷവും മികച്ചതായിരുന്നു. നഗ്നപാദരായി അമര്‍നാഥിലേക്കു പോകുന്ന ഹിന്ദു സന്യാസിമാര്‍ ജനങ്ങളില്‍നിന്നും ആഹാരം ചോദിച്ചു വാങ്ങി കഴിക്കാറുണ്ടായിരുന്നു. ഇന്നത്തെ പോലെ ഭരണകൂടം സംഘടിപ്പിക്കുന്ന ബഹളമയമായ യാത്രയല്ലായിരുന്നു അത്. ഹിസ്ബ് കമാന്ററെന്ന് സര്‍ക്കാര്‍ പരിചയപ്പെടുത്തുന്ന ബുര്‍ഹാന്‍ വാനി പോലും അമര്‍നാഥ് യാത്രികരെ സ്വാഗതം ചെയ്യുന്ന ഒരു വീഡിയോ ഈയിടെ പോസ്റ്റ് ചെയ്തിരുന്നുവല്ലോ. 'ബാബാജീ സീതാറാം' എന്നു വിളിച്ചാല്‍ ഈ സന്യാസിമാരുടെ കൈയില്‍ നിന്ന് നാണയത്തുട്ടുകള്‍ കിട്ടുമെന്നറിയുന്ന കുട്ടികള്‍ വഴിയോരത്ത് കാത്തുനില്‍ക്കാറുണ്ടായിരുന്നുവെന്ന് ഹൃദയസ്പൃക്കായ ചില ഓര്‍മക്കുറിപ്പുകളിലുണ്ട്. ടെലിവിഷന്‍ യുഗത്തിന്റെ ആദ്യകാലത്ത് അമ്പും വില്ലുമുണ്ടാക്കിയും തലയില്‍ കിരീടങ്ങള്‍ വെച്ചും ഏത് ഇന്ത്യന്‍ നഗരത്തിലെ കുട്ടിയെയും പോലെ അവരും അര്‍മാദിക്കാറുണ്ടായിരുന്നു. സന്ധ്യ മയങ്ങുമ്പോള്‍ അനന്ത്‌നാഗിലെ തെരുവുകളില്‍ ആകാ നന്ദുനും ജീഹാര്‍ ഹബ്ബയും മൂസാ കപ്പാസുമൊക്കെ അവതരിപ്പിക്കുന്ന നാടോടി ഗായകസംഘങ്ങള്‍ എത്താറുണ്ടായിരുന്നു. അവര്‍ക്കു ചുറ്റും തിങ്ങിയാര്‍ക്കുന്ന പുരുഷാരത്തിനു മേല്‍ ഭരണകൂടത്തിന്റെ കണ്ണും കരങ്ങളും ചാരവലകളും പതിയുന്നുണ്ടായിരുന്നില്ല. റുബാബിന്റെ തന്ത്രികള്‍ക്കു മേല്‍ തീവ്രവാദികളുടെ വിലക്കുകള്‍ പ്രഖ്യാപിക്കപ്പെടുന്നതും പിന്നീടായിരുന്നു. പക്ഷേ എത്രയോ തലമുറകളുടെ യൗവനമാണ് പിന്നീടുണ്ടായ ഈ ദുരിതപര്‍വത്തിനിടയില്‍ നശിപ്പിക്കപ്പെട്ടത്.
സാമുദായിക സൗഹാര്‍ദത്തിന്റെ ഈ കശ്മീര്‍ ചിത്രങ്ങള്‍ ബോധപൂര്‍വം അട്ടിമറിക്കപ്പെട്ടതാണെന്നും ആരോപണമുണ്ട്. ബിജ്ബിഹാരയില്‍നിന്നും മുന്നോട്ടു നീങ്ങുമ്പോള്‍ ഝലം നദിയുടെ കരയില്‍ ഒരു കാലത്ത് ഹിന്ദുക്കള്‍ ഉപയോഗിച്ചതാവാനിടയുള്ള ഗാട്ടുകളും ക്ഷേത്രാവശിഷ്ടങ്ങളും ഇന്നും വഴിയിലുടനീളമുണ്ട്. ബിജ്ബിഹാരയിലെ ഒരു ചെറിയ മലയുടെ മുകളില്‍ കാണുന്ന ആശ്രമത്തിന്റെ അവശിഷ്ടങ്ങള്‍ കശ്യപ മുനിയുടേതെന്നാണ് വിശ്വാസം. ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചു ജീവിച്ച കാലത്തെ സമ്പ്രദായങ്ങള്‍ പഴമക്കാരില്‍ ചിലരൊക്കെ ഇപ്പോഴും ഗൃഹാതുരതയോടെ ഓര്‍ക്കുന്നുണ്ട്. ബാബാ നസീബുദ്ദീന്‍ ഗാസിയുടെ ദര്‍ഗയില്‍ എല്ലാ വര്‍ഷവും ജൂണ്‍ 18-ന് നടക്കുന്ന ആഘോഷമാണ് ഇതിലൊന്ന്. പഴയ ഹിന്ദു രാജവംശത്തിന്റെ തലമൂത്ത അംഗങ്ങളിലൊരാള്‍ ഈ ദിവസം ബാബയുടെ ദര്‍ഗയില്‍ എത്തിച്ചേരും. ഇദ്ദേഹം വിശുദ്ധ ഖുര്‍ആനില്‍നിന്നുള്ള ചില വചനങ്ങള്‍ ഉറക്കെ ചൊല്ലി നാസിബുദ്ദീനോടുള്ള ആദരവ് പ്രകടിപ്പിക്കും. സ്ഥലത്തെ മുസ്‌ലിംകള്‍ ഇദ്ദേഹത്തിന്റെ അംഗവസ്ത്രത്തില്‍ തൊട്ട് കണ്ണില്‍ വെക്കണം. അങ്ങനെ ചെയ്യുന്ന ഓരോരുത്തരുടെയും തലയില്‍ കൈവെച്ച് 'അനുഗ്രഹം ഉണ്ടാവട്ടെ' എന്ന അര്‍ഥത്തില്‍ ഈ പണ്ഡിറ്റ് 'ഖൈര്‍, ഖൈര്‍' എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടേയിരിക്കും. ജഗ്‌മോഹന്‍ ഗവര്‍ണറായ കാലത്ത് താഴ്‌വരയില്‍നിന്നും ഭയപ്പെടുത്തി പണ്ഡിറ്റുകളെ അകറ്റിയതോടെ ഈ കൂട്ടായ്മകളുടെ അന്ത്യമായി. മുസ്‌ലിംകളെ ഒരു ഹിന്ദു ഖുര്‍ആന്‍ ഓതി അനുഗ്രഹിച്ചിരുന്ന ആ ആചാരത്തിന്റെ വിദൂരമായ ഓര്‍മകള്‍ പോലും ഇന്നില്ല.
ഝലം നദിയുടെ നീരൊഴുക്ക് പോലെ സൈന്യത്തിന്റെ സൗമ്യഭാവം മുന്നറിയിപ്പുകളില്ലാതെയാണ് കലങ്ങിമറിഞ്ഞത്. പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ ഉണ്ടായിരുന്ന കാലത്ത് സൈനികര്‍ നേര്‍ക്കു നേരെ ഗ്രാമീണരുമായി ഏറ്റുമുട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെ ചെയ്താല്‍ തിരിച്ചടി പണ്ഡിറ്റുകളുടെ നേര്‍ക്കു തിരിയുമെന്ന ഭയമായിരുന്നു കാരണം. എന്നാല്‍ പണ്ഡിറ്റുകള്‍ നാടുവിട്ടു പോയതിനു ശേഷം ചിത്രം മാറി. 1990-ല്‍ നടന്ന ഗാവക്കടല്‍, ടേംഗ്‌പൊര, സോപോര്‍, സക്കൂറ, ബൊമൈ, കുല്‍ഗാം തുടങ്ങി എണ്ണമറ്റ സംഭവപരമ്പരകളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം കശ്മീരികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ പട്ടാളക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം എന്നന്നേക്കുമായി വഷളായി. കുനാന്‍ പൊഷ്‌പൊരഷൂഫിയാന്‍ ബലാത്സംഗങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്നതായി. ഓടിക്കൊണ്ടിരിക്കുന്ന ബസുകള്‍ക്കകത്തേക്ക് യന്ത്രത്തോക്കുകളില്‍ നിന്നും വെടിയുതിര്‍ക്കുകയും കടകള്‍ക്കും വീടുകള്‍ക്കുമൊക്കെ തീയിടുകയും ചെയ്യുന്ന സൈനികരെ കുറിച്ച വാര്‍ത്തകള്‍ മുഷിപ്പോടെ ഇന്ത്യ കേട്ടുകൊണ്ടിരുന്നു. നാം നമ്മുടെ തന്നെ ജനങ്ങളോടായിരുന്നു അക്കാലത്ത് യുദ്ധം ചെയ്തത്. പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനു നേര്‍ക്ക് ബി.എസ്.എഫ് ജവാന്മാര്‍ വെടിയുതിര്‍ത്ത 1993-ലെ ബിജ്ബിഹാര സംഭവം ഈ പട്ടികയിലെ ഏറ്റവും മൃഗീയമായ അധ്യായമായി മാറി. 41 പേര്‍ കൊല്ലപ്പെടുകയും 200-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവത്തെ തുടര്‍ന്ന് വാര്‍ത്താ ലേഖകര്‍ക്കു ടൗണിലേക്കുള്ള പ്രവേശനം നിഷേധിച്ചും ജനക്കൂട്ടത്തില്‍ തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്ന വാദമുയര്‍ത്തിയും സൈന്യം പിടിച്ചുനിന്നു. ബിജ്ബിഹാരയിലെ പ്രത്യേക ഖബ്ര്‍സ്ഥാനില്‍ പ്രത്യേകിച്ച് ഒന്നിനോടും കലഹിക്കാനാവാതെ ഇന്ന് അന്തിയുറങ്ങുന്ന ഈ സാധുക്കളുടെ ആത്മാക്കളോട് നീതി കാണിക്കാനും ആരുമുണ്ടായില്ല. ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടു പോലും ഈ കേസിലുള്‍പ്പെട്ട എല്ലാ സൈനികരെയും കുറ്റക്കാരല്ലെന്നു കണ്ട് സൈനിക കോടതി വെറുതെ വിടുകയാണുണ്ടായത്. ആ കൂട്ടക്കൊല ആസൂത്രിതമായിരുന്നു എന്ന് സൈന്യത്തിന്റെ ഓരോ പില്‍ക്കാല നീക്കവും തെളിയിച്ചു. ബിജ്ബിഹാര കേസിന്റെ ഫയലുകള്‍ കാണണമെന്ന് കമീഷന്‍ പലകുറി ആവശ്യപ്പെട്ടുവെങ്കിലും പ്രതിരോധ മന്ത്രാലയം അനുമതി നല്‍കാന്‍ വിസമ്മതിച്ചു. അങ്ങേയറ്റം അസ്വസ്ഥജനകം എന്നാണ് കമീഷന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
ഗ്രാമങ്ങളില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ തങ്ങളോടായിരിക്കാം പ്രതികാരം ചെയ്യുകയെന്ന പണ്ഡിറ്റുകളുടെ ദീര്‍ഘദൃഷ്ടിയായിരുന്നോ അതോ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട സൈനിക നയത്തിന് പണ്ഡിറ്റുകളുടെ സാന്നിധ്യം തടസ്സമായേക്കുമെന്ന ഭരണകൂടത്തിന്റെ ഭയമായിരുന്നോ പലായനത്തിന് വഴിമരുന്നിട്ടതെന്ന തര്‍ക്കം ഇപ്പോഴും ബാക്കിയാണ്. അനന്ത്‌നാഗും ബിജ്ബിഹാരയും ശ്രീനഗറുമൊക്കെ ഇന്നത്തെ അവസ്ഥയിലേക്കു മാറിയത് കശ്മീരിന്റെ പൊതുതത്ത്വങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലായിരുന്നു. അനന്തനാഗില്‍നിന്നു മാത്രം 4000-ത്തോളം പണ്ഡിറ്റുകള്‍ പലായനം ചെയ്തതായാണ് കണക്കുകള്‍. ദാല്‍ തടാകത്തിനകെത്ത താമരപ്പാടങ്ങളിലൂടെ ഹബ്ബ കടാലിലേക്കുള്ള വഴിയില്‍ കൈച്ചാലുകളുടെ ഇരുവശത്തും കാണുന്ന ആള്‍പ്പാര്‍പ്പില്ലാത്ത ഗ്രാമങ്ങളും പണ്ഡിറ്റുകളുടേതായിരുന്നു. റൈനാവാരി, ബദാംവാരി, ആവ്‌റാക് തുടങ്ങിയ ഈ പ്രദേശങ്ങളില്‍ അവരുടെ പ്രതാപത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ബാക്കിയുണ്ട്. പണ്ഡിറ്റുകളുടെ അന്നത്തെ ശ്മശാനം പോലും പഴയ കാവല്‍ക്കാരന്‍ ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്.
ഈ ഉള്‍പ്രദേശങ്ങളിലൂടെയുള്ള ഓരോ യാത്രയും കശ്മീരിനെ കുറിച്ച് ദേശീയ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്ന പാതിവെന്ത സത്യങ്ങളെ കുറിച്ചാണ് ആരെയും ഓര്‍മപ്പെടുത്തുക. പണ്ഡിറ്റുകള്‍ക്ക് കശ്മീരില്‍ അവര്‍ക്കു വളരെയെളുപ്പം തിരിച്ചുവരാവുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. പക്ഷേ പണ്ഡിറ്റ് ഹത്യയെ കുറിച്ച ഭയപ്പെടുത്തുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി ഈ സാധ്യതകളെ അടച്ചുകളയുകയാണ് ദല്‍ഹി കേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്. ഉദാഹരണത്തിന് 3000 മുതല്‍ 4000 വരെ പണ്ഡിറ്റുകള്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായാണ് ദല്‍ഹിയിലെ പണ്ഡിറ്റ് സംഘടനയായ പുനം കശ്മീര്‍ പറയുന്നത്. പക്ഷേ 650 പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് ശ്രീനഗര്‍ കേന്ദ്രീകൃത കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി മുന്നോട്ടുവെക്കുന്ന കണക്ക്. സര്‍ക്കാറിന്റെ കണക്കാകട്ടെ 300ലും താഴെയുമാണ്. ആസന്നമായ സൈനിക അടിച്ചമര്‍ത്തലിനെ കുറിച്ച് കശ്മീരിന്റെ അന്നത്തെ ഗവര്‍ണറായിരുന്ന ജഗ്‌മോഹന് അറിയാമായിരുന്നുവെന്നും പണ്ഡിറ്റുകള്‍ പ്രതികാരത്തിന്റെ ഇരകളാവാതിരിക്കാന്‍ മുന്‍കൂട്ടി അവരെ കുടിയൊഴിപ്പിക്കുകയാണ് ജഗ്‌മോഹന്‍ ചെയ്തതെന്നുമാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ ജഗ്‌മോഹന്‍ തീവ്രവാദികളില്‍നിന്നും രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ദല്‍ഹിയിലെ പണ്ഡിറ്റുകളുടെ വാദം.
സൈന്യം കളരിക്ക് പുറത്തോ?
ജ്വലിച്ചും പുകഞ്ഞും ഏഴു പതിറ്റാണ്ടായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും വഴിമരുന്നിട്ട സൈന്യം പതിവ് തെറ്റിക്കുന്നില്ല എന്നതു മാത്രമാണ് എക്കാലത്തെയും സത്യം. 1987-ലെ അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പിനു ശേഷമാണ് കശ്മീരിന്റെ യുവാക്കള്‍ 90-കളില്‍ തീവ്രവാദത്തിന്റെ പാതയിലേക്ക് നുഴഞ്ഞുകടക്കാനാരംഭിച്ചത്. പണ്ഡിറ്റുകള്‍ കളംവിട്ട താഴ്‌വരയില്‍ ഈ സംഘര്‍ഷത്തെ കെടുത്താനുള്ള ഒറ്റ നീക്കം പോലും സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നല്ല ബോധപൂര്‍വം എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ് പിന്നീടുള്ള പത്തു വര്‍ഷക്കാലം ഇന്ത്യ കണ്ടത്. പാകിസ്താനികള്‍ക്ക് കശ്മീരിനെ ചോരയില്‍ കുളിപ്പിച്ചുനിര്‍ത്തുക എന്നതിലപ്പുറം താല്‍പര്യമില്ലെന്ന് തിരിച്ചറിഞ്ഞ തീവ്രവാദികള്‍ മടങ്ങിയെത്താന്‍ തുടങ്ങിയിട്ടും സാഹചര്യങ്ങളെ അനുകൂലമാക്കിയെടുത്ത് സംഘര്‍ഷം അവസാനിപ്പിക്കാനായിരുന്നില്ല സുരക്ഷാ ഏജന്‍സികള്‍ ശ്രമിച്ചത്. 2009-ലും 2010-ലും നടന്ന സംഘര്‍ഷങ്ങളില്‍ സൈന്യത്തിന്റെ പങ്ക് വിരല്‍ ചൂണ്ടുന്നത് ഈ അനവധാനതയിലേക്കാണ്. ഇപ്പോഴത്തേതാകട്ടെ കുറെക്കൂടി അസംബന്ധജടിലവുമാണ്. 90-കളിലെ സംഘര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് താഴ്‌വരയിലെ എല്ലാ ജില്ലകളിലും പട്ടാളത്തിന്റെ വെടിവെപ്പും അതേ തുടര്‍ന്നുള്ള മരണങ്ങളും ബുര്‍ഹാന്‍ വാനി സംഭവത്തെ തുടര്‍ന്ന് അരങ്ങേറിയത്. 2014-ലെ അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷം സ്വാഭാവിക മൃത്യുവിലേക്ക് നീങ്ങിത്തുടങ്ങിയ പാകിസ്താന്റെ താല്‍പര്യങ്ങളെയാണ് ഈ കൊലപാതകത്തിലൂടെ മറ്റൊരര്‍ഥത്തില്‍ സൈന്യം പുനരുജ്ജീവിപ്പിച്ചത്. ഐക്യരാഷ്ട്ര സഭ മുതല്‍ ഒ.ഐ.സി വരെയുള്ള വേദികളില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ വീണുകിട്ടിയ ഈ അവസരം മുതലെടുത്തു. ബുര്‍ഹാന്‍ വാനിയും ഒപ്പമുള്ളവരും ആയുധധാരികള്‍ ആയിരുന്നില്ലെന്നും അവര്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സൈന്യം കീഴ്‌പ്പെടുത്തിയതെന്നും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ഇയാള്‍ കൊടും തീവ്രവാദിയാണെങ്കില്‍ ജീവനോടെ പിടികൂടുകയായിരുന്നല്ലോ വേണ്ടത്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്ന അത്തരമൊരു കീഴ്‌പ്പെടുത്തലിനോടോ പരിഷ്‌കൃത സമൂഹങ്ങളുടെ കാഴ്ചപ്പാടുകളോടോ ആയിരുന്നില്ല പക്ഷേ ഈ ഓപ്പറേഷന് നേതൃത്വം കൊടുത്തവര്‍ കൂറു പുലര്‍ത്തിയത്. അവരെ നിയന്ത്രിക്കാന്‍ യു.പി.എക്കു മാത്രമല്ല ബി.ജെ.പിയുടെ കാലത്തും കഴിയുന്നില്ല എന്നു പറയാതെ വയ്യ. സൈനികര്‍ക്ക് സവിശേഷ അധികാരം നല്‍കുന്ന നിയമം നിര്‍ത്തലാക്കാന്‍ നാലു തവണ ശ്രമിച്ചു പരാജയപ്പെട്ട മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനേക്കാള്‍ ഒട്ടും വ്യത്യസ്തനാകുന്നില്ല മോദിയും.
2010-ല്‍നിന്നും ഇത്തവണ ചിത്രം ഒരല്‍പ്പം കൂടി അപകടകരമായി മാറുന്നുമുണ്ട്. തീവ്രവാദത്തിന്റെ പ്രളയജാലകങ്ങള്‍ തുറന്ന് കലാഷ്‌നിക്കോവുകള്‍ കൊണ്ട് മറുപടി പറഞ്ഞ കശ്മീരിയെ അല്ല റഗഡ സമരങ്ങള്‍ അവസാനിച്ചതിനു ശേഷം ഇന്ത്യ കണ്ടത്. സംസ്ഥാനം ജനാധിപത്യത്തിന്റെ പാതയില്‍ കൂടുതല്‍ ശക്തമായി മടങ്ങിയെത്തുകയാണുണ്ടായത്. സയ്യിദ് അലിഷാ ഗീലാനിയും ആസ്യാ ആന്ദാബിയുമൊക്കെ ബിജ്‌ലി-സടക്-പാനി വിഷയങ്ങളെ ചൊല്ലി ജനങ്ങള്‍ വോട്ടു ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പരസ്യമായി പറയുകയോ അല്ലെങ്കില്‍ മൗനം പാലിക്കുകയോ ചെയ്തു. 1987-നു ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയേറെ ജനങ്ങള്‍ വോട്ടുചെയ്തത്. ഏത് ഇന്ത്യന്‍ സംസ്ഥാനത്തോടും കിടപിടിക്കുന്നതായിരുന്നു 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും പിന്നീടു വന്ന അസംബ്ലി ഇലക്ഷനിലെയും വോട്ടിംഗ് ശതമാനം. ആ ജനാധിപത്യ ബോധത്തിനു നേരെയാണ് സുരക്ഷാ സൈനികര്‍ ഒരിക്കല്‍കൂടി തോക്ക് ചൂിയത്. മഹ്ബൂബയും നിര്‍മല്‍ സിംഗും നയിക്കുന്ന സംസ്ഥാന സര്‍ക്കാറില്‍ ഒരു ഭാഗത്ത് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടായിരുന്നു. മറുഭാഗത്ത് വിദ്വേഷം പരത്തുന്ന സ്വന്തം നേതാക്കളുടെ നേര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ചിറ്റമ്മ നയത്തിന് യൂനിവേഴ്‌സിറ്റികളിലും ഇന്ത്യന്‍ പട്ടണങ്ങളിലും കശ്മീരികള്‍ മുമ്പെന്നത്തേക്കാളും വില കൊടുത്തു തുടങ്ങുന്നുണ്ടായിരുന്നു. ഇതിനോടെല്ലാം അതിശക്തമായി പ്രതികരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്നാണ് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടിയത്.
പാകിസ്താനെ പഴിചാരി രക്ഷപ്പെടുക എളുപ്പമുണ്ടെങ്കിലും കശ്മീരില്‍ ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ കുറ്റമല്ലേ അത് ഉപയോഗപ്പെടുത്തിയവരുടേതിനേക്കാള്‍ ആഭ്യന്തര മന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വിശദീകരിക്കാനുള്ളത്?
Comments