മനസ്സേ, ശാന്തമാകൂ
മാനസിക പിരിമുറുക്കം, സമ്മര്‍ദങ്ങള്‍, അശുഭവാര്‍ത്തകള്‍, മരണം, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, വിദ്യാലയത്തിലെ പ്രശ്‌നങ്ങള്‍.. രാവിലെ തുടങ്ങി വൈകുന്നേരം ഒടുങ്ങുന്നതുവരെയുള്ള ഒരു ദിവസം അഭിമുഖീകരിക്കുന്ന സംഭവങ്ങളാണിവയൊക്കെ. ഇവ ചിലരുടെ അസ്വസ്ഥതകള്‍ക്കും പരിഭ്രമങ്ങള്‍ക്കും അശാന്തിക്കും ആക്കം കൂട്ടും. മാനസികവും ശാരീരികവുമായ നിരവധി രോഗങ്ങള്‍ക്ക് അടിപ്പെടുകയാണ് ഇതിന്റെ അന്തിമഫലം. സമ്മര്‍ദങ്ങള്‍ കുറച്ചുകൊണ്ടുവരാനും അസ്വസ്ഥതകള്‍ മറികടക്കാനും സഹായിക്കുന്ന ദിനചര്യാക്രമം ഞാന്‍ നിര്‍ദേശിച്ചുതരാം. പ്രശ്‌നങ്ങളുടെ തിരമാലകള്‍ ആഞ്ഞടിക്കുന്ന ആഴക്കടലില്‍ അകപ്പെട്ടാലും മനസ്സിനും ഹൃദയത്തിനും സമാധാനവും ശാന്തിയും സ്വസ്ഥതയും അരുളാന്‍ ഈ നിര്‍ദേശങ്ങള്‍ സഹായകമാവുമെന്നാണ് എന്റെ പ്രതീക്ഷ.
ഓരോ ദിവസത്തിന്റെയും തുടക്കം നമസ്‌കാരം കൊണ്ടാവാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് പ്രഭാതത്തിലെ ദിക്‌റുകളും പ്രാര്‍ഥനകളും നടക്കട്ടെ. നിങ്ങളുടെ ദിവസം അനുഗൃഹീതമാവും. ലക്ഷ്യപ്രാപ്തി അനായാസമാവും. ഓരോ ദിവസവും സാക്ഷാല്‍ക്കരിക്കേണ്ട ലക്ഷ്യം മനസ്സില്‍ കുറിച്ചിട്ട് അല്ലാഹുവില്‍ അര്‍പ്പിച്ച് ചുവടുകള്‍ വെക്കുക. ഇന്നത്തെ ദിവസം അല്ലാഹു നന്മ നല്‍കും എന്ന ശുഭപ്രതീക്ഷയോടെയാവണം ഓരോ ചവിട്ടടിയും. ഈ ദിവസം നേരിടുന്ന രചനാത്മകവും നിഷേധാത്മകവുമായ എന്തും തന്റെ നന്മക്കും ഗുണത്തിനും വേണ്ടി മാത്രമേ സംഭവിക്കുകയുള്ളൂവെന്ന് ദൃഢമായി വിശ്വസിക്കുക. ഇന്ന് 'നെഗറ്റീവ്' ആയി തോന്നുന്ന കാര്യം നാളെ 'പോസിറ്റീവ്' ആയി ഭവിച്ചേക്കാം എന്ന വിചാരം വേണം. കാരണം, അല്ലാഹു വിധിക്കുന്നതെന്തും മനുഷ്യന്റെ ഗുണത്തിനായേ വരൂ. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സിലെ മന്ത്രവും മുദ്രാവാക്യവും 'നാം കര്‍മം ചെയ്യുക, ഫലം നല്‍കേണ്ടത് അല്ലാഹുവാണ്' എന്നതാവണം. കര്‍മങ്ങളെ കുറിച്ചാണ് അല്ലാഹു ചോദിക്കുക, ഫലത്തെക്കുറിച്ചാവില്ല. ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സഹായം അര്‍ഥിച്ചും അഞ്ചു നേരങ്ങളിലെ നമസ്‌കാര നിര്‍വഹണത്തിലൂടെയും അല്ലാഹു ആവട്ടെ നിന്റെ സംരക്ഷകന്‍. നമസ്‌കാരത്തില്‍ ആശ്വാസമുണ്ട്, മനശ്ശാന്തിയുണ്ട്. ഈ ലോകത്തെ പിറകിലേക്ക് വലിച്ചെറിഞ്ഞ് അഞ്ചു നേരവും അല്ലാഹുവിനെ അഭിമുഖീകരിക്കുകയാണല്ലോ നാം. നമസ്‌കാരം ഒന്നോര്‍ത്താല്‍ അല്ലാഹുവിലേക്കും പരലോകത്തിലേക്കുമുള്ള ഒരു തീര്‍ഥയാത്രയാണ്. ദേഹവും ദേഹിയും അല്ലാഹുവിന് വിട്ടുകൊടുത്താണല്ലോ നമസ്‌കാരനിര്‍വഹണം.
സാമൂഹിക മാധ്യമങ്ങള്‍ക്ക് നിശ്ചിത സമയം മാത്രം നീക്കിവെക്കണം. അതില്‍ മിക്കതും മനസ്സിനെ മലിനമാക്കുന്നവയും പിരിമുറുക്കം കൂട്ടുന്നവയുമാണ്. ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും വായനക്ക് മാറ്റിവെക്കണം. കൃത്യതയോടെയുള്ള വായന അറിവിന്റെ ചക്രവാളം വികസിപ്പിക്കും. മറ്റൊരു പതിനഞ്ച് മിനിറ്റ് കായിക വിനോദങ്ങള്‍ക്കിരിക്കട്ടെ. അസ്വസ്ഥതയും പിരിമുറുക്കവും അകറ്റാന്‍ ഏറെ സഹായിക്കും നമസ്‌കാരവും വായനയും വ്യായാമവും.
ജീവിതത്തിന് ഒരു ലക്ഷ്യം വേണം. ആ ലക്ഷ്യസാക്ഷാത്കാരത്തിനാവണം മുഴുവന്‍ ശ്രദ്ധയും. നിരവധി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ചിന്തകളെ ശിഥിലമാക്കരുത്. ഓരോ ദിവസവും വേണം പൂര്‍ത്തീകരിക്കാന്‍ ഒരു ലക്ഷ്യം. ഓരോ ദിവസത്തിന്റെയും പര്യവസാനത്തില്‍ ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടുകാണുന്നത് നിങ്ങളെ സന്തോഷവാനാക്കും. കൂടുതല്‍ വലിയ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ പ്രചോദനമായിത്തീരും കൊച്ചുകൊച്ചു നേട്ടങ്ങള്‍. വലിയ ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ അസ്വസ്ഥതയും അശാന്തിയും ജീവിതാന്തരീക്ഷത്തില്‍നിന്ന് കുടിയൊഴിഞ്ഞുപോകും. ജീവിതം ഹ്രസ്വമാണ്. സമയം തീര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ ലോകത്തും പരലോകത്തും ഫലം ചെയ്യാത്ത കാര്യങ്ങളില്‍ സമയം പാഴാക്കരുത്. സമയം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ യത്‌നിക്കുക. വ്യര്‍ഥമായി സമയം കൊല്ലുന്നവരാവരുത് ഒരിക്കലും മാതൃക. ദിനാന്ത്യത്തിലെ ഉറക്കം വുദൂവോടും വിത്‌റോടും കൂടിയാവട്ടെ. ദിവസം നമസ്‌കാരവും ദിക്‌റും കൊണ്ടു തുടങ്ങിയതുപോലെ അവസാനിക്കുന്നതും അവ കൊണ്ടു തന്നെയാവട്ടെ.
ദിവസവും ഒരു ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ നിരതനാവണം. ചുമരിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഉറുമ്പിന് ആഹാരം കൊടുത്താവാം അത്. പഴയകാല സുഹൃത്തുക്കളെ ബന്ധപ്പെടാം, സൗഹൃദം പുതുക്കാം, മാതാപിതാക്കളെ സഹായിക്കാം, മക്കളോടൊപ്പം കളിക്കാം, ഭാര്യയോട് വര്‍ത്തമാനം പറഞ്ഞിരിക്കാം. നിസ്സാരമായി തോന്നാം ഈ വക കാര്യങ്ങളെങ്കിലും മനസ്സിന് സന്തോഷം പകരാനും വ്യഥകള്‍ അകറ്റാനും ഇവയൊക്കെ വലിയ പങ്കുവഹിക്കും; സംശയമില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരാന്‍ ശ്രമിക്കണം. പരിസരവാസികളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവിതം സന്തോഷഭരിതമാക്കാന്‍ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങളെയും സന്തോഷഭരിതനാക്കും. ഹൃദ്യമായ ഒരു പുഞ്ചിരി കൈമാറിയാവാം അപരരുടെ ഹൃദയത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കുന്നത്.
ഉറക്കിളയ്ക്കരുത്. സിനിമകള്‍ക്കും സീരിയലുകള്‍ക്കും അഡിക്റ്റാവരുത്. കാരണം അവ നിങ്ങളെ യഥാര്‍ഥ ജീവിതത്തില്‍നിന്നകറ്റി സ്വപ്‌നസഞ്ചാരിയാക്കിത്തീര്‍ക്കും. നിര്‍ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: പ്രഭാത നമസ്‌കാരം, പ്രഭാതത്തിലെ ദിക്‌റുകള്‍, പ്രാര്‍ഥന, തവക്കുല്‍, ശുഭപ്രതീക്ഷ, വിധിവിശ്വാസം, കര്‍മം ചെയ്യുക, ഫലം അല്ലാഹുവിന് വിടുക, അഞ്ച് നേരങ്ങളിലെ നമസ്‌കാരത്തില്‍ നിഷ്ഠ, വായന, വ്യായാമം, ലക്ഷ്യം നേടുന്നതില്‍ മുഴുശ്രദ്ധ, മാതാപിതാക്കളുമായുള്ള ബന്ധം, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമ്പര്‍ക്കം, ഭാര്യയോട് വര്‍ത്തമാനവും മക്കളോടൊത്ത് കളിയും, വിത്ര്‍ നമസ്‌കാരം, ഉറക്കവേളയിലെ പ്രാര്‍ഥന, ആയത്തുല്‍ കുര്‍സി ഓതുക. മനസ്സ് ശാന്തമാവാനും അസ്വസ്ഥതകള്‍ അകറ്റാനും മറ്റു മാര്‍ഗങ്ങളില്ല.
വിവ: പി.കെ.ജെ
Comments