Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

ഒരു ജനത പട്ടാള അട്ടിമറിയെ പരാജയപ്പെടുത്തിയ വിധം

ഡോ. അബ്ദുസ്സലാം വാണിയമ്പലം

ഒരു രാജ്യത്തെ ജനാധിപത്യത്തെ പട്ടാളം കശാപ്പു ചെയ്യുന്നതെങ്ങനെയെന്നും അതിനെ ആ രാജ്യത്തെ ഇഛാശക്തിയുള്ള ജനത എങ്ങനെയാണ് പരാജയപ്പെടുത്തിയതെന്നും ഒരു ചരിത്ര വിദ്യാര്‍ഥിക്ക് പഠിക്കാന്‍ ലഭിച്ച അവസരമായിരുന്നു തുര്‍ക്കിയില്‍ ജൂലൈ 15-ന്റെ പാതിരാവില്‍ ഏതാണ്ട് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന പട്ടാള അട്ടിമറിയും അതിന്റെ പരാജയവും. അന്താരാഷ്ട്ര വാര്‍ത്തകളറിയാന്‍ ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് അല്‍ജസീറ ചാനല്‍ നിരീക്ഷിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് ബ്രേക്കിംഗ് ന്യൂസ് പ്രത്യക്ഷപ്പെട്ടത്. അങ്കാറയില്‍ വെടിയൊച്ച കേട്ടതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരവാദികളുടെ ലക്ഷ്യങ്ങളിലൊന്നായ തുര്‍ക്കിയില്‍ അടുത്ത സ്‌ഫോടനം നടന്നതായിരിക്കുമെന്ന് കരുതി. അങ്കാറയിലേക്കുള്ള യാത്രാമധ്യേ ആയതിനാല്‍ വീണ്ടും വാര്‍ത്തക്ക് വേണ്ടി കാത്തിരുന്നു. തുര്‍ക്കിയുടെ ഏഷ്യന്‍ ഖണ്ഡത്തെയും യൂറോപ്യന്‍ ഖണ്ഡത്തെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് ബ്രിഡ്ജ് പട്ടാളം അടച്ചെന്നും കാരണം വ്യക്തമായിട്ടില്ലെന്നും അല്‍ ജസീറയില്‍ അടുത്ത ന്യൂസ്. അങ്കാറയില്‍ യുദ്ധ വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നുവെന്നും വാര്‍ത്ത തുടര്‍ന്നു. ബി.ബി.സിയും സി.എന്‍.എന്നും കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നില്ല. അതിനിടയില്‍ 'സ്‌കൈ ന്യൂസ്' തുര്‍ക്കിയില്‍ പട്ടാള വിപ്ലവം നടന്നതായി സൂചന നല്‍കി. വൈകാതെ അത്തരമൊരു ശ്രമം ചില പട്ടാളക്കാര്‍ നടത്തിയെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നു. തുര്‍ക്കി ഗവണ്‍മെന്റ് ടി.വി 'ടി.ആര്‍.ടി' തുറന്നു നോക്കുമ്പോള്‍ ആശങ്ക വര്‍ധിച്ചു.

ഒരു മണിക്കൂര്‍ കഴിഞ്ഞ് ചാനലുകള്‍ പട്ടാള വിപ്ലവം സ്ഥിരീകരിച്ചു. സൈനിക മേധാവി ഖലൂസി അക്കാള്‍ തടവിലാണെന്നും സ്റ്റേറ്റ് ടി.വി 'ടി.ആര്‍.ടി'യിലേക്ക് പട്ടാളം പ്രവേശിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ ടി.ആര്‍.ടിയിലേക്ക് റിമോട്ട് മാറ്റിയപ്പോള്‍ പേടിച്ചരണ്ട് വാര്‍ത്താ അവതാരക, പട്ടാളത്തിന്റെ റിപ്പോര്‍ട്ട് വായിക്കുന്നു: 'ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കാത്തുസൂക്ഷിക്കാനും പട്ടാളം അധികാരം ഏറ്റിരിക്കുന്നു.' റഷ്യ, ഈജിപ്ത്, സിറിയ തുടങ്ങി ലോക രാജ്യങ്ങളെയൊക്കെയും ശത്രുക്കളാക്കുകയും നിയമവാഴ്ച തകര്‍ക്കുകയും ചെയ്ത ഗവണ്‍മെന്റ് തുടരാന്‍ പാടില്ലാത്തതിനാലാണ് ഭരണമേല്‍ക്കുന്നതെന്നും പറയുന്നുണ്ട്. രാജ്യത്ത് മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച പട്ടാളം പുതിയ ഭരണഘടന ഉടന്‍ നിലവില്‍വരുമെന്നും വിദേശരാജ്യങ്ങളുമായുള്ള കരാറുകള്‍ മുഴുവന്‍ പാലിക്കുമെന്നും ഉറപ്പു നല്‍കി. പ്രസിഡന്റ് ഉര്‍ദുഗാന്‍ സുരക്ഷിതനാണെന്ന് ഇടക്ക് സി.എന്‍.എന്‍ അറിയിച്ചു.

തുര്‍ക്കിവിരുദ്ധ അറബ് ചാനലുകള്‍ പട്ടാളവിപ്ലവം ആഘോഷിച്ചു തുടങ്ങി. ഉര്‍ദുഗാന്റെ 'അപരാധങ്ങള്‍' എണ്ണിപ്പറയുന്ന രാഷ്ട്രീയ നിരീക്ഷകരെ അവര്‍ ചര്‍ച്ചക്കുവേണ്ടി അണിനിരത്തി. ലോകത്തെങ്ങുമുള്ള സ്വാതന്ത്ര്യപ്രേമികളും ജനാധിപത്യവിശ്വാസികളും നിരാശയോടെ ഉറക്കമിളച്ച് കാത്തിരുന്നു. തുര്‍ക്കി ജനതയുടെ മാത്രമല്ല, മുപ്പതു ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയും ഗസ്സയിലേക്ക് സഹായക്കപ്പലുകള്‍ അയച്ചും അമേരിക്കയുടെയും റഷ്യയുടെയും ഇരട്ടത്താപ്പുകളെ രൂക്ഷമായി വിമര്‍ശിച്ചും ലോകത്തെങ്ങുമുള്ള മര്‍ദിത സമൂഹത്തിന്റെ പക്ഷത്ത് നല്‍ക്കുന്ന ഒരു രാജ്യം, ആ രാജ്യ നിവാസികളുടെ മാത്രമല്ല പരകോടി ദുര്‍ബല ജനവിഭാഗങ്ങളുടെയും അവശേഷിക്കുന്ന പ്രത്യാശയായി മാറിയത് സ്വാഭാവികം.

അതിനിടയില്‍ ഉര്‍ദുഗാന്‍ ഇസ്തംബൂള്‍ എയര്‍പോര്‍ട്ടിലൂടെ നാടുവിട്ടുവെന്ന് ചില ചാനലുകള്‍ വാര്‍ത്ത നല്‍കി. ജര്‍മനിയോട് അഭയം തേടിയെന്നും റഷ്യ അഭയം വാഗ്ദാനം ചെയ്തുവെന്നും മറ്റു ചില ചാനലുകള്‍.

പൊടുന്നനെയാണ് ഉര്‍ദുഗാന്‍ ഒരു സ്വകാര്യ ചാനലില്‍ ഫേസ് ടൈമിലൂടെ പ്രത്യക്ഷപ്പെടുന്നത്. ഇന്നലെവരെ കത്തിനിന്ന ഒരു രാജ്യത്തിന്റെ പരമാധികാരി ഒന്നുമല്ലാതാകുന്ന കാഴ്ച. ഏതോ അജ്ഞാത കേന്ദ്രത്തിലിരുന്ന് സ്‌കൈപ്പിലൂടെ അദ്ദേഹം പ്രസ്താവനയിറക്കി. പക്ഷേ, അതൊരു പ്രസ്താവന തന്നെയായിരുന്നു. ഒട്ടും പതറാതെ അസാമാന്യമായ ആത്മധൈര്യത്തോടെ അദ്ദേഹം പട്ടാള അട്ടിമറിക്കെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു. അടച്ചിട്ട എയര്‍പോര്‍ട്ടുകളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ പറഞ്ഞു. ഒരു വിഭാഗം പട്ടാളക്കാരുടെ അട്ടിമറിശ്രമത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അവരോട് വിട്ടുവീഴ്ചക്ക് തയാറല്ലെന്നും ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിച്ചു. ലോക ജനതയോട്  പട്ടാള വിപ്ലവത്തിനെതിരെ ജനാധിപത്യത്തിന്റെ കൂടെ നില്‍ക്കണമെന്ന് ഉണര്‍ത്തി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് മുഴുവന്‍ പാര്‍ട്ടികളോടും ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തു.

അതോടെ ഉറക്കമിളച്ച് അന്ധാളിച്ചു നിന്ന തുര്‍ക്കി ജനത ആവേശത്തോടെ വീടുവിട്ടിറങ്ങി. അവര്‍ പട്ടാളം നിലയുറപ്പിച്ചിടങ്ങളിലേക്ക് നീങ്ങി. എയര്‍പോര്‍ട്ടുകളിലേക്ക് കൂട്ടമായി ഒഴുകി. ഇസ്തംബൂളിലെ പ്രസിദ്ധമായ തഖ്‌സീം മൈതാനത്ത് തമ്പടിച്ചു.

പിന്നീട് കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. ജനങ്ങള്‍ പട്ടാളടാങ്കുകള്‍ തടഞ്ഞുനിര്‍ത്തി. പട്ടാളക്കാരെ അനുനയിപ്പിച്ച് ബാരക്കുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പട്ടാളം ആക്രമിക്കപ്പെടുമെന്ന് ആശങ്കിച്ച് അവരിലെ നേതാക്കള്‍ തന്നെ പട്ടാളത്തിന് സംരക്ഷണം നല്‍കി. പോലീസ് സേനയും സുരക്ഷാ സേനയും ഇന്റലിജന്‍സും അട്ടിമറിക്ക് കൂട്ടില്ലെന്ന് ഗവണ്‍മെന്റിന്റെ പ്രസ്താവനയില്‍നിന്ന് വ്യക്തമായിരുന്നു. പട്ടാളമേധാവിയും നാവികസേനയും അട്ടിമറിക്കെതിരാണെന്നും സൈന്യത്തിലെ ചില വിഭാഗങ്ങളാണ് അട്ടിമറിക്ക് നേതൃത്വം നല്‍കുന്നതെന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ പോലീസും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടി. ജനങ്ങള്‍ക്ക് നേരെയും ചിലയിടങ്ങളില്‍ വെടിവെപ്പുണ്ടായി.

ജനങ്ങളിറങ്ങിയതോടെ തെരുവിലുള്ള പട്ടാളത്തെ സുരക്ഷാ സേനയും ഇന്റലിജന്‍സും കീഴടക്കി. ഇരുകൈയും പൊക്കി പട്ടാളക്കാര്‍ കീഴടങ്ങിയതായി പ്രഖ്യാപിക്കുന്നത് കാണാമായിരുന്നു. ഇസ്തംബൂളിലെ അല്‍ഫാതിഹില്‍ പട്ടാളം ആയുധം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അങ്കാറയിലെയും ഇസ്തംബൂളിലെയും വിമാനത്താവളങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടിയതോടെ അവിടെനിന്ന് പട്ടാളം പിന്മാറി. അതിനിടെ പട്ടാളാധീനതയില്‍ വന്ന ഔദ്യോഗിക ടി.വി സ്‌റ്റേഷന്‍ ടി.ആര്‍.ടിയിലേക്ക് ജനങ്ങളും സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് പ്രവേശിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുല്ലാ ഗുലും മുന്‍പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവും സ്‌കൈപിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. പട്ടാള വിപ്ലവം നടത്തി വിജയിപ്പിക്കാന്‍ തുര്‍ക്കി ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യമല്ലെന്ന് ഗുല്‍ ഉണര്‍ത്തി. അതിനിടെ പ്രതിപക്ഷ നേതാവും ഇതര രാഷ്ട്രീയ പാര്‍ട്ടികളും പട്ടാള വിപ്ലവങ്ങള്‍ മടുത്ത രാജ്യമാണ് തുര്‍ക്കിയെന്നും അട്ടിമറിയെ എല്ലാവിധേനയും ചെറുത്തുതോല്‍പിക്കണമെന്നും പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ടി.വിയായ ടി.ആര്‍.ടി ജനങ്ങളും സുരക്ഷാ സേനയും കൂടി തിരിച്ചുപിടിച്ചു. നേരത്തേ വാര്‍ത്ത വായിച്ച അവതാരക തേജിന്‍ കാരച്ച് ക്യാമറക്കു മുന്നില്‍ വന്നു. പട്ടാളം അട്ടിമറിയെക്കുറിച്ച് വാര്‍ത്ത വായിക്കാന്‍ തന്നെ നിര്‍ബന്ധിച്ച കഥ ജനങ്ങളോട് പറഞ്ഞു. വിമത പട്ടാളക്കാരെ പിടികൂടിയതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായും പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ വന്നുതുടങ്ങി. സ്വുബ്ഹ് ബാങ്ക് കൊടുക്കുമ്പോള്‍ ഉര്‍ദുഗാന്‍ ഇസ്തംബൂള്‍ വിമാനത്താവളത്തിലിറങ്ങി. പുറത്തിറങ്ങും മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ പട്ടാള വിപ്ലവ ശ്രമത്തെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ചു. തുര്‍ക്കിവിരുദ്ധരായ ഒരുപറ്റം പട്ടാളക്കാരാണ് അട്ടിമറി നടത്തിയതെന്നും അവര്‍ക്ക് നിര്‍ദേശം ലഭിച്ചത് അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലനില്‍നിന്നാണെന്നും സൂചിപ്പിച്ചു. തുര്‍ക്കി പഴയ തുര്‍ക്കിയല്ലെന്നും പട്ടാള വിപ്ലവത്തിന്റെ കാലം കഴിഞ്ഞെന്നും ഓര്‍മിപ്പിച്ച ഉര്‍ദുഗാന്‍ അട്ടിമറിയെ പരാജയപ്പെടുത്തിയത് ജനങ്ങളാണെന്ന് എടുത്തുപറഞ്ഞു. വിമത സൈനികര്‍ തടവിലിട്ട സൈനിക മേധാവിയെ മോചിപ്പിച്ചതായി വാര്‍ത്ത വന്നു. അട്ടിമറിക്കാരായ 3000-ത്തോളം സൈനികരെ പിടികൂടി. നൂറുകണക്കിന് ജഡ്ജിമാരെ തല്‍സ്ഥാനത്തുനിന്ന് നീക്കി. രാജ്യത്തുടനീളം അട്ടിമറിക്ക് കൂട്ടുനിന്ന സൈനികര്‍ക്കും അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത ജഡ്ജിമാര്‍ക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പോലീസും ജനങ്ങളുമുള്‍പ്പെടെ നാനൂറില്‍ പരം ആളുകളാണ് അട്ടിമറി ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

 

പിന്നില്‍ ആര്?

ആരാണ് തുര്‍ക്കിയിലെ പട്ടാള വിപ്ലവത്തിനു പിന്നില്‍? സൂഫി ചമഞ്ഞ് അമേരിക്കയിലിരുന്ന് ഉര്‍ദുഗാന്‍വിരുദ്ധ രാഷ്ട്രീയം കളിക്കുന്ന ഫത്ഹുല്ല ഗുലനാണ് അട്ടിമറി സംഘടിപ്പിച്ചതെന്ന് ഗവണ്‍മെന്റ് ആരോപിക്കുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ലോകത്തുടനീളം സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തുപോരുന്ന ഗുലന്‍ മൂവ്‌മെന്റിന് തുടക്കത്തില്‍ ഉര്‍ദുഗാന്‍ ഭരണകൂടം എതിരായിരുന്നില്ല. എന്നാല്‍, സൂഫിസത്തിന്റെയും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെയും മറപിടിച്ച് ഭരണയന്ത്രത്തിന്റെ മര്‍മ സ്ഥാനങ്ങളിലൊക്കെയും- അതില്‍ സൈന്യവും കോടതിയും ഇന്റലിജന്‍സും ഉള്‍പ്പെടും- സ്വാധീനം ചെലുത്തിക്കഴിഞ്ഞു ഗുലനെന്നും ഭരണകൂടത്തെ മറിച്ചിടാന്‍ അദ്ദേഹം ശത്രുക്കളുടെ കൈയില്‍ ഉപകരണമാവുകയാണെന്നും മനസ്സിലായതോടെ ഉര്‍ദുഗാന്‍ ഗുലനെതിരെ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ അനുയായികളെ തെരഞ്ഞുപിടിച്ച് സ്വാധീന കേന്ദ്രങ്ങളില്‍നിന്ന് പുറത്താക്കി. രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അമേരിക്കയിലിരുന്നല്ല, തുര്‍ക്കിയില്‍ വന്ന് ഇലക്ഷനില്‍ മത്സരിച്ചുകൊണ്ടാണ് അത് ചെയ്യേണ്ടതെന്ന് ഗുലനെ വെല്ലുവിളിച്ചു. സമാന്തര ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തുര്‍ക്കി കോടതി കഴിഞ്ഞവര്‍ഷം ഫത്ഹുല്ല ഗുലനെ പ്രതിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗുലന്‍ തന്നെയാണ് അട്ടിമറിക്കു പിന്നിലെന്ന് പറഞ്ഞ ഉര്‍ദുഗാന്‍ അമേരിക്കയോട് അയാളെ വിചാരണക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

തുര്‍ക്കിഭരണകൂടത്തെ കണ്ണിലെ കരടായി കാണുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ പുതിയ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. 'ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന' ഉര്‍ദുഗാനെ പട്ടാളം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കുറച്ചായി റിപ്പോര്‍ട്ട് ചെയ്തുവരികയാണ്. അട്ടിമറി വാര്‍ത്തയുടെ നേരെ അമേരിക്ക തുടക്കത്തില്‍ പാലിച്ച മൗനം സംശയമുണര്‍ത്തുന്നു. അങ്കാറയിലെ യു.എസ് എംബസിയും റഷ്യയും അട്ടിമറിക്ക് പച്ചക്കൊടി കാണിച്ചിരുന്നുവെന്നും ഇത് മനസ്സിലാക്കിയാണ് ഉര്‍ദുഗാന്‍ അട്ടിമറി ശ്രമത്തിനു ശേഷമുള്ള തന്റെ ആദ്യപ്രസംഗത്തില്‍ ലോക രാഷ്ട്രങ്ങളോട് ജനാധിപത്യത്തിന്റെ കൂടെ നില്‍ക്കാന്‍ ഉണര്‍ത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവങ്ങള്‍ വൈറ്റ് ഹൗസ് നിരീക്ഷിച്ചുവരികയാണെന്നായിരുന്നു അമേരിക്ക ആദ്യം പ്രതികരിച്ചത്. അട്ടിമറി നടന്ന ഉടന്‍ തുര്‍ക്കിയിലെ യു.എസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്കു വേണ്ടി പുറത്തിറക്കിയ നോട്ടീസില്‍ ടര്‍ക്കിഷ് അപ്‌റൈസ് (തുര്‍ക്കി ഉയിര്‍ത്തെഴുന്നേല്‍പ്) എന്ന് തലവാചകം നല്‍കിയതും അമേരിക്കന്‍ നിലപാടിനെ കുറിച്ച് സംശയമുണര്‍ത്തുന്നതായിരുന്നു. ഉര്‍ദുഗാന്‍ പ്രത്യക്ഷപ്പെടുകയും ജനങ്ങളോട് അട്ടിമറിക്കെതിരെ തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങുകയും ചെയ്തതോടെ അട്ടിമറിശ്രമം പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പിന്തുണക്കുന്നതായി ഒബാമയുടെ പ്രസ്താവന വരുന്നത്.

അവധിക്കാലം ചെലവഴിക്കാന്‍ അങ്കാറക്കും ഇസ്തംബൂളിനും പുറത്തായിരുന്ന ഉര്‍ദുഗാനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് പിടികൂടാനോ വധിക്കാനോ ആയിരുന്നു പദ്ധതി. എന്നാലതിന് തൊട്ടുമുമ്പ് ഹോട്ടല്‍ വിട്ടതുകൊണ്ടാണ് രക്ഷപ്പെടാനും ജനങ്ങളെ അഭിസംബോധന ചെയ്യാനും അവസരം ലഭിച്ചത്. അതോടെ അട്ടിമറിക്കാരുടെ പദ്ധതികള്‍ പാളി. ഉര്‍ദുഗാന്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതും ജനങ്ങളെ നിശ്ശബ്ദരാക്കാനായിരുന്നു. ഈയിടെ റഷ്യയില്‍ അമേരിക്കന്‍-റഷ്യന്‍ വിദേശകാര്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു വന്‍ശക്തികളും ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ധാരണയിലെത്തിയതായി വാര്‍ത്തകളുണ്ട്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും താല്‍പര്യം സംരക്ഷിക്കുകയും മേഖലയില്‍ തങ്ങളുടെ താല്‍പര്യത്തിന് വിലങ്ങുതടിയായി നില്‍ക്കുകയും ചെയ്യുന്ന ഉര്‍ദുഗാന്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നാണ് വന്‍ ശക്തികളുടെ നിലപാട്. ഈജിപ്തില്‍ മുര്‍സി ഭരണത്തെ അട്ടിമറിക്കാന്‍ പട്ടാളത്തിന് കൂട്ടുനിന്നത് അമേരിക്കയും റഷ്യയും ഇസ്രയേലുമായിരുന്നു. തുര്‍ക്കിയെ നശിപ്പിക്കാന്‍ നിരന്തരം സ്‌ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ  പിന്നിലും വന്‍ ശക്തികളുടെ പങ്ക് നിഷേധിക്കാനാവില്ല. റഷ്യന്‍ വിമാനം വെടിവെച്ചിടാന്‍ തുര്‍ക്കി തുനിഞ്ഞത് അമേരിക്കയുടെ ഒത്താശയോടെയായിരുന്നുവെന്നതും, എന്നാല്‍ വെടിവെച്ചിട്ടതോടെ അമേരിക്കയും നാറ്റോയും യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയെ കൈവിട്ടു എന്നതും തുര്‍ക്കിക്ക് ഒരു പാഠമായിരുന്നു. റഷ്യയെ പ്രകോപിപ്പിച്ച് തുര്‍ക്കിയെ ആക്രമിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതു തിരിച്ചറിഞ്ഞാണ് അമേരിക്കന്‍ ഗൂഢാലോചനക്ക് തിരിച്ചടി നല്‍കാന്‍ ഒടുവില്‍ ഉര്‍ദുഗാന്‍ റഷ്യയോട് ക്ഷമാപണം നടത്താനും ബന്ധം പുനഃസ്ഥാപിക്കാനും തീരുമാനിച്ചത്. ഇസ്രയേല്‍ ബന്ധം പുനഃസ്ഥാപിച്ചതും ശത്രുക്കളുടെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. നിരാശരായ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ അവസാനം പട്ടാള അട്ടിമറിയെ ആശ്രയിച്ചു എന്നുവേണം കരുതാന്‍.

 

സൈന്യത്തിന്റെ ഇസ്‌ലാംവിരോധം

തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച പാരമ്പര്യം വേണ്ടുവോളമുള്ള പട്ടാളമാണ് തുര്‍ക്കിയുടേത്. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്ത്വഫാ കമാല്‍പാഷ അത്താതുര്‍ക്ക് ഉസ്മാനിയാ ഖിലാഫത്തിനെ അട്ടിമറിച്ചാണ് അധികാരം പിടിച്ചെടുത്തത്. ഇസ്‌ലാമിക വിശ്വാസത്തെയും പാരമ്പര്യത്തെയും അടിച്ചമര്‍ത്തുമെന്ന ഉപാധിയിലാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളുടെ പിന്തുണയോടെ കമാല്‍പാഷ അധികാരാരോഹണം നടത്തിയത്. അദ്ദേഹത്തിനു ശേഷം 1960-ലും '71-ലും '80-ലും '97-ലും പട്ടാളം തെരഞ്ഞെടുത്ത ഭരണകൂടങ്ങളെ അട്ടിമറിച്ചിട്ടുണ്ട്. ഇസ്‌ലാമിക ഖിലാഫത്തിന് അന്ത്യം കുറിച്ച് മുസ്ത്വഫാ കമാല്‍ പാഷ കൊണ്ടുവന്ന അള്‍ട്രാ സെക്യുലരിസത്തിന് പോറലേല്‍പിച്ചുവെന്ന് പറഞ്ഞാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ പട്ടാളം അട്ടിമറിച്ചത്. 90 ശതമാനവും മുസ്‌ലിംകളുള്ള ഒരു രാജ്യത്ത് സ്ത്രീകള്‍ തലമറയ്ക്കുന്നതും ഖുര്‍ആന്റെ ഭാഷയായ അറബി ഉപയോഗിക്കുന്നതുമൊക്കെ നിരോധിച്ച് ഇസ്‌ലാംവിരുദ്ധ സെക്യുലരിസത്തിന്റെ കാവല്‍ക്കാരായി അധികാരം നുകര്‍ന്ന് ശീലിച്ച പട്ടാളം, രഹസ്യമായി ഹജ്ജ് ചെയ്തതിന്റെ പേരിലാണ് മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്‌നാന്‍് മെന്‍ദരിസ് എന്ന പ്രധാനമന്ത്രിയെ അട്ടിമറിക്കുകയും പിന്നീട് തൂക്കിക്കൊല്ലുകയും ചെയ്തത്. ഉര്‍ദുഗാന്റെ ഗുരുവായ നജ്മുദ്ദീന്‍ അര്‍ബക്കാനും അട്ടിമറിക്കപ്പെട്ടത് ഇസ്‌ലാമിനെ പിന്തുണച്ചതിന്റെ പേരിലാണ്.

2003-ല്‍ അധികാരത്തില്‍ വന്ന ഉര്‍ദുഗാന്‍ പട്ടാളത്തെയും ഇന്റലിജന്‍സിനെയും നിയന്ത്രണത്തിലാക്കുകയും അട്ടിമറികളില്‍ പങ്കെടുത്ത പട്ടാളക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഉര്‍ദുഗാന് പട്ടാളത്തെ നേരിടേണ്ടിവരുമെന്ന് അധികമാരും കരുതിയിരുന്നതല്ല. അത്രയധികം ജനപിന്തുണ അദ്ദേഹത്തിനുണ്ട്.

ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി കഴിഞ്ഞ 13 വര്‍ഷത്തിനകം കൊണ്ടുവന്ന അസാധാരണമായ വികസനവും സാമ്പത്തിക പുരോഗതിയുമാണ് പാര്‍ട്ടിയെ ജനകീയമാക്കിയത്. പട്ടാളവും സ്വേഛാധിപതികളും കടക്കെണിയില്‍ മുക്കിയ ഒരു രാജ്യത്തെ ലോകത്തെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റുകയും 111-ാം സ്ഥാനത്തുനിന്ന് 16-ാം സ്ഥാനത്തേക്ക് ഉയര്‍ത്തുകയും തുര്‍ക്കി ലീറയുടെ മൂല്യം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്ത ഉര്‍ദുഗാനെ മറക്കാന്‍ തുര്‍ക്കി ജനതക്കാവുമായിരുന്നില്ല.

 

അട്ടിമറിയെ ജനം അട്ടിമറിച്ചു

തുര്‍ക്കി ജനതയുടെ വര്‍ധിച്ച പിന്തുണ തന്നെയാണ് ഇന്ന് ഉര്‍ദുഗാന്റെ ഏറ്റവും വലിയ ബലം. അട്ടിമറിയെ അദ്ദേഹം അതിജീവിച്ചതും അതുകൊണ്ടുതന്നെയാണ്. ഈയടുത്ത് ഉര്‍ദുഗാന്‍ ഒരു സെക്യുലര്‍ രാഷ്ട്രത്തിന്റെ തലവനായി നിന്നുകൊണ്ടുതന്നെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പരസ്യമായി സംസാരിക്കുകയും കലഹിക്കുകയുമൊക്കെ ചെയ്തിരുന്നു. അമേരിക്കയെയും റഷ്യയെയും യൂറോപ്യന്‍ യൂനിയനെയുമൊക്കെ അവരുടെ ഇരട്ടത്താപ്പുകളെ തുറന്നുകാട്ടി വിമര്‍ശിക്കുന്നുമുണ്ടായിരുന്നു. ഒരു രാഷ്ട്ര നേതാവ് എന്ന നിലയില്‍ ഇതൊക്കെ ദോഷമല്ലേ ചെയ്യുക എന്ന് ഈയിടെ ഞാന്‍ തുര്‍ക്കി പ്രധാനമന്ത്രിയുടെ ഉപദേശകനായ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി: ''ഞാനും അങ്ങനെ വിചാരിക്കാറുണ്ട്. പക്ഷേ, ഇനിയും അത് നീട്ടിവെച്ചുകൂടാ... പൗരന്മാരെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിച്ചുകൊണ്ടും അവ്വിധത്തില്‍ വളര്‍ത്തിക്കൊണ്ടും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. തനിക്കു ശേഷവും തുര്‍ക്കിക്കും ഇസ്‌ലാമിക സമൂഹത്തിനും നിലനില്‍ക്കണമെങ്കില്‍ അതാണ് ഏറ്റവും ഗ്യാരണ്ടിയുള്ള മാര്‍ഗം എന്ന് അദ്ദേഹം വിശ്വസിക്കുന്നു.''

തുര്‍ക്കി ജനതയുടെ രാഷ്ട്രീയ ബോധം തന്നെയാണ് പട്ടാള അട്ടിമറിയെ പരാജയപ്പെടുത്തിയത് എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തുര്‍ക്കി പഴയ തുര്‍ക്കിയല്ല എന്ന ഉര്‍ദുഗാന്റെ പ്രസ്താവനയുടെ അര്‍ഥവും അതായിരുന്നു. അങ്ങനെ വന്‍ ശക്തികളുടെയും പട്ടാളത്തിന്റെയും മോഹങ്ങളെ ഇഛാശക്തികൊണ്ടൊരു ജനത തച്ചുടച്ചതിന്റെ മികച്ച ഉദാഹരണമായിത്തീര്‍ന്നു തുര്‍ക്കി അനുഭവം.

തുര്‍ക്കിയില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ച നിലപാടും ചരിത്ര പ്രധാനമാണ്. ഉര്‍ദുഗാനെയും ജസ്റ്റിസ് ആന്റ് ് ഡെവലപ്‌മെന്റ് പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കെത്തന്നെ പട്ടാള വിപ്ലവം അരങ്ങേറിയപ്പോള്‍ അവര്‍ ഉര്‍ദുഗാന്റെ ഒപ്പം നിന്നു. തുര്‍ക്കിയുടെ വിശാല താല്‍പര്യങ്ങള്‍ക്ക് എല്ലാം മറന്ന് പ്രാമുഖ്യം നല്‍കി.

ഈജിപ്തില്‍ അട്ടിമറിക്ക് ജനറല്‍ സീസിയുടെ കൂടെക്കൂടിയ പ്രതിപക്ഷ പാര്‍ട്ടികളുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു ഈ നിലപാട്. പട്ടാള വിപ്ലവത്തെ പരാജയപ്പെടുത്തുന്നതില്‍ അവരും വലിയ പങ്കുവഹിച്ചു. പട്ടാളത്തിന്റെ ചീഫ് കമാന്ററും പോലീസും സുരക്ഷാ സേനയും അട്ടിമറിയെ അനുകൂലിക്കാതിരുന്നതും അതിന് സഹായകമായി. പോലീസ് അട്ടിമറിക്കാരായ പട്ടാളക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന അത്ഭുതകരമായ കാഴ്ചയാണ് കണ്ടത്.

ഉര്‍ദുഗാന്റെ നേതൃപാടവമാണ് അട്ടിമറിക്കാരെ മുട്ടുകുത്തിച്ച പ്രധാന ഘടകം. ജര്‍മനിയോട് ഉര്‍ദുഗാന്‍ അഭയം തേടി എന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ്, സ്‌കൈപില്‍ പ്രത്യക്ഷപ്പെട്ട ഉര്‍ദുഗാന്‍ താന്‍ അങ്കാറയിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചത്. ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇസ്തംബൂള്‍ വിമാനത്താവളം അട്ടിമറിക്കാര്‍ അടച്ചിട്ടെങ്കിലും അവിടെതന്നെ വിമാനമിറങ്ങണമെന്ന് അദ്ദേഹം ശഠിച്ചു. അദ്ദേഹം ഇറങ്ങിയപ്പോഴേക്കും സ്ഥിതി നിയന്ത്രണവിധേയമാവുകയും ചെയ്തു. തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് ആരെയും പേടിക്കാതെ അദ്ദേഹം അവരെ ഹസ്തദാനം ചെയ്തും അവരോട് കുശലം പറഞ്ഞും അവരോടൊപ്പം കഴിച്ചുകൂട്ടി.

പ്രസിഡന്റിന്റെയും തുര്‍ക്കി ജനതയുടെയും ശക്തമായ ഈമാന്‍ പ്രതിഫലിച്ചുനിന്ന നിമിഷങ്ങളായിരുന്നു ജൂലൈ 15-ന്റെ രാത്രി. അട്ടിമറി വിവരം വന്നതോടെ പള്ളികളില്‍ ബാങ്കും ഖുര്‍ആന്‍ പാരായണവും മുഴങ്ങി. പള്ളികളില്‍ മതപഠനം നടത്തുന്ന വിദ്യാര്‍ഥികളെ ഉസ്താദുമാര്‍ വിളിച്ചുവരുത്തി അവരെ പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യാനും പ്രാര്‍ഥിക്കാനും ഏല്‍പിച്ചു. ഉസ്താദുമാര്‍ ജനങ്ങളോടൊപ്പം തെരുവുകളിലേക്കിറങ്ങി. പ്രസിഡന്റും പ്രധാനമന്ത്രിയും അല്ലാഹു വിധിച്ചതല്ലാതെ ഇവിടെയൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് ആണയിട്ടു. കഫന്‍ പുവടയുമായാണ് താനീ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന ഉര്‍ദുഗാന്റെ പ്രസിദ്ധമായ പ്രസ്താവന, ജീവന് നിരന്തരം ഭീഷണിയുയരുന്ന എത്ര അപകടകരമായ സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നു. രക്തസാക്ഷികളായവരുടെ മയ്യിത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുത്തും അവരോടൊപ്പം സ്വര്‍ഗത്തിലൊരുമിച്ചുകൂടാന്‍ പ്രാര്‍ഥിച്ചും അവരുടെ മയ്യിത്ത് കട്ടില്‍ ചുമലിലേറ്റിയും അദ്ദേഹം ജനങ്ങള്‍ക്കൊപ്പം അവര്‍ക്ക് മാതൃകയായി എപ്പോഴും മുന്നിലുണ്ട്. 


Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍