Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

ഒ. മുഹമ്മദ് - കര്‍മോത്സുകതയുടെയും ഇഛാശക്തിയുടെയും ആള്‍രൂപം

പി.കെ ജമാല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ ഭൂപടത്തില്‍ കോഴിക്കോട് നഗരാതിര്‍ത്തിയിലെ വേങ്ങേരി ഗ്രാമത്തിന് പ്രത്യേക സ്ഥാനം അടയാളപ്പെടുത്തിയതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിത്വമാണ് റമദാന്‍ പതിനഞ്ചിന് (20.6.16) അന്തരിച്ച ഒ. മുഹമ്മദ് സാഹിബ്. ഒ.എം എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം കര്‍മോത്സുകതയുടെയും ഇഛാശക്തിയുടെയും ആള്‍രൂപമായിരുന്നു. മത-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യപ്രവര്‍ത്തനരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഒ.എമ്മിന്റെ ആശിര്‍വാദ മുദ്ര പതിയാത്ത ഒരു മണ്ഡലവും പ്രദേശക്കാര്‍ക്ക് ഓര്‍ക്കാനാവില്ല. മരണമടയുമ്പോള്‍ 92 വയസ്സായിരുന്നു. 

ഒ.എമ്മിന്റെ കൈവിരലില്‍ തൂങ്ങി ശൈശവവും ബാല്യവും കൗമാരവും യുവത്വവും കടന്നുപോന്ന എനിക്ക് മാതാപിതാക്കളെ കഴിച്ചാല്‍ ഏറെ കടപ്പാടും ബാധ്യതയും അദ്ദേഹത്തോടാണ്. ഗുരുനാഥന്‍, മാര്‍ഗദര്‍ശി, നേതാവ്, സഹപ്രവര്‍ത്തകന്‍, ശിക്ഷകന്‍ എന്നീ നിലകളിലെല്ലാം ഒ.എമ്മിനെ അനുഭവിച്ചറിയാന്‍ കഴിഞ്ഞുവെന്നത് ഭാഗ്യമാണ്. പ്രഥമ അമീറായിരുന്ന ഹാജി സാഹിബുമായുള്ള ഉറ്റ ബന്ധം അദ്ദേഹത്തെ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഭാഗമാക്കി. കോഴിക്കോട് നഗരത്തിലെ മുന്‍നിര പ്രവര്‍ത്തകരും നേതാക്കളുമായിരുന്ന മര്‍ഹൂം സി.പി.എം അബ്ദുല്‍ ഖാദിര്‍, ബിച്ചമ്മു മാസ്റ്റര്‍, ടി.കെ കുഞ്ഞഹമ്മദ് മൗലവി, ആലിക്കുട്ടി മാസ്റ്റര്‍, ചേക്കുട്ടി മാസ്റ്റര്‍ എന്നിവരോടൊപ്പം ചേര്‍ന്ന് പട്ടണത്തിലും പരിസരപ്രദേശങ്ങളിലും പ്രസ്ഥാനം കെട്ടിപ്പടുത്ത ഒ.എം വ്യത്യസ്ത തലങ്ങളിലെ ബഹുജനങ്ങളുമായി ഇടപഴകുകയും അവരുടെ ജീവല്‍പ്രശ്‌നങ്ങളോട് സചേതനമായി പ്രതികരിക്കുകയും ചെയ്തു. പള്ളി, മദ്‌റസ, സ്‌കൂള്‍ എന്നിവ സ്ഥാപിച്ചും നടത്തിയും അറിവ് നേടിയും പകര്‍ന്നുനല്‍കിയും പുരുഷായുസ്സ് ചെലവിട്ട ആ ധന്യാത്മാവിനെ കുറിച്ച ഓര്‍മകള്‍ ഒരു തലമുറയുടെ ജീവിത ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വേങ്ങേരിയിലെ പ്രശസ്തമായ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, മസ്ജിദ്, ജുമുഅത്ത് പള്ളി എന്നിവയുടെ നിര്‍മാണവും അവയുടെ നടത്തിപ്പും ജീവിതവ്രതമായി സ്വീകരിച്ച ഒ.എം യുവജനങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തുകയും യുവാക്കളുടെ നിര സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ലോകത്തിന്റെയും കാലത്തിന്റെയും സ്പന്ദനങ്ങള്‍ മനസ്സിലാക്കുന്നതില്‍ ആരുടെയും മുന്നിലെത്തി ഇടം പിടിക്കാന്‍ ഒ.എമ്മിന് കഴിഞ്ഞുവെന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ നിരത്താന്‍ കഴിയും. ആദര്‍ശനിഷ്ഠയോടെയുള്ള പ്രസ്ഥാന പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടുതന്നെ പ്രവര്‍ത്തനരംഗത്തെ നവീനമാതൃകകള്‍ കണ്ടെത്താന്‍ അഞ്ച് ദശാബ്ദങ്ങള്‍ക്ക് മുമ്പേതന്നെ ഒ.എം ശ്രദ്ധവെച്ചിരുന്നു. വേങ്ങേരി, കക്കോടി, മൂഴിക്കല്‍ പ്രദേശങ്ങളില്‍ യുവജനസംഘടനകള്‍ക്ക് രൂപം നല്‍കുകയും ജില്ലാടിസ്ഥാനത്തില്‍ 'ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് സൊസൈറ്റീസ്' എന്ന പേരില്‍ ഏകോപന സമിതിയുണ്ടാക്കി എന്നെയും സഹപ്രവര്‍ത്തകരെയും കര്‍മരംഗത്ത് കൊണ്ടുവരികയും ചെയ്തതിനു പിന്നിലെ പ്രചോദനം ഒ.എം ആയിരുന്നു. പില്‍ക്കാലത്ത് ഈ പ്രദേശങ്ങളില്‍ രൂപംകൊണ്ട പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഘടകങ്ങളുടെ പ്രവര്‍ത്തക മൂലധനം ഈ പരിശീലനക്കളരിയില്‍ പയറ്റിത്തെളിഞ്ഞ വ്യക്തിത്വങ്ങളായിരുന്നു. പ്രാഥമിക പഠനകാലം മുതല്‍ സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കി ഒ.എം പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയ വ്യക്തിത്വങ്ങള്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ വിരാജിക്കുന്നു. ഒ.എമ്മിന്റെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രസ്ഥാനവും വലിയ പരിഗണന നല്‍കി.  ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൗലവി, സിദ്ദീഖ് ഹസന്‍ സാഹിബ് തുടങ്ങിയ പ്രസ്ഥാന സാരഥികളുമായി ഉറ്റ ആത്മബന്ധം പുലര്‍ത്തിയ ഒ.എം ഗവണ്‍മെന്റ് സര്‍വീസില്‍നിന്ന് വിരമിച്ചതിനു ശേഷം ഏറെക്കാലം പ്രബോധനത്തിന്റെ മാനേജറായും നിരവധി സ്ഥാപനങ്ങളുെട ഓഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ജമാഅത്തിന്റെ ആവിര്‍ഭാവകാലം മുതല്‍ക്കേ വേങ്ങേരി പ്രസ്ഥാന നേതാക്കളെ നെഞ്ചിലേറ്റി. ആദ്യമാദ്യം പ്രവര്‍ത്തകരുടെ വീടുകളും 1958 മുതല്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയും അവര്‍ക്കെല്ലാം ആതിഥ്യമരുളി. ദിനേനയെന്നോണമുള്ള ഹാജി സാഹിബിന്റെ സാന്നിധ്യം ഞങ്ങളുടെയെല്ലാം വീടുകളെ ധന്യമാക്കി. കുഞ്ഞുനാള്‍ മുതല്‍ക്കേ എനിക്ക് ഹാജി സാഹിബ് എന്ന മഹദ്‌വ്യക്തിത്വത്തിന്റെ സ്‌നേഹവും വാത്സല്യവും അറിയാനും അനുഭവിക്കാനും ലാളനയേല്‍ക്കാനും വഴിയൊരുക്കിയത് ഒ.എം ആണ്. പി. അബ്ദുര്‍ഹ്മാന്‍ (മന്നക്ക), പി.കെ മുഹമ്മദ് കോയ (പിതാവ്), എന്‍.കെ അബ്ദുല്ല (മൂത്താപ്പ), കെ.പി മുഹമ്മദ്, കെ.പി മൊയ്തീന്‍ കോയ എന്നിവരെ പ്രസ്ഥാനത്തിനു വേണ്ടി ഹാജി സാഹിബ് നിര്‍മിച്ചെടുത്തത് ഒ.മ്മിലൂടെയാണ്. അതുവഴി ഒ.എം ഞങ്ങളുടെ നിര്‍മാതാവായി. ഒരു തലമുറയുടെ ശില്‍പിയായ അദ്ദേഹം നാട്ടിന്റെയും സമൂഹത്തിന്റെയും സ്പന്ദനങ്ങളോടൊപ്പം നിന്നു. ജാതി-മതഭേദമന്യേ എല്ലാവരും ആ സേവനം അനുഭവിച്ചറിഞ്ഞു. അഗതികള്‍ക്കും വിധവകള്‍ക്കും പാവപ്പെട്ടവര്‍ക്കും സര്‍ക്കാറിന്റെ സഹായം നേടിക്കൊടുക്കാന്‍ തന്റെ ഔദ്യോഗിക ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി. സര്‍വീസില്‍ ഒ.എമ്മിനുണ്ടായിരുന്ന സല്‍പേരിന്റെ വിളംബരമാണ് അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ അദ്ദേഹത്തിന്റെ മോചനത്തിന് സഹപ്രവര്‍ത്തകനായ കോഴിക്കോട് ജില്ലാ കലക്ടര്‍ തെയ്യുണ്ണി നായരുടെ നേരിട്ടുള്ള ഇടപെടല്‍. ഒരവസരത്തില്‍ രണ്ടു പേരും ഒരേ റാങ്കില്‍ ജോലി ചെയ്തവരായിരുന്നു. പക്ഷേ ഒ.എമ്മിലെ പ്രസ്ഥാന പ്രവര്‍ത്തകന്‍ ഉദ്യോഗക്കയറ്റം കിട്ടി പദവികളുടെ സോപാനത്തില്‍ വിരാജിക്കുന്നതിന് ഒന്നാം സ്ഥാനം കല്‍പിച്ചിരുന്നില്ല. 

പ്രൈമറി വിദ്യാഭ്യാസം കക്കോടി മദ്‌റസയില്‍. ഹയര്‍ എലിമെന്ററി ജെ.ഡി.റ്റിയില്‍നിന്ന്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ക്രിസ്ത്യന്‍ കോളേജില്‍നിന്നും പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍.സി കഴിഞ്ഞതിനു ശേഷം മദ്രാസ് പബ്ലിക് സര്‍വീസ് കമീഷന്‍ പരീക്ഷ പാസായി. അന്ന് മലബാര്‍ മദ്രാസ് ഗവണ്‍മെന്റിന് കീഴിലായിരുന്നു. 1942-ല്‍ തമിഴ്‌നാട് കരൂര്‍ എ.സി.ടി ഓഫീസിലാണ് ആദ്യനിയമനം. പിന്നീട് കോഴിക്കോട് താലൂക്ക് ട്രഷറി, സിവില്‍ സ്‌റ്റേഷന്‍ ട്രഷറി എന്നിവിടങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചു. 

1960-ല്‍ ജമാഅത്ത് അംഗത്വം ലഭിച്ച ഒ.എമ്മിലൂടെയാണ് കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും പ്രസ്ഥാനം വേരുറപ്പിച്ചത്. 1956-ല്‍ രൂപം കൊണ്ട വേങ്ങേരി ഹല്‍ഖയുടെ അമീറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒ.എം തന്റെ പ്രസ്ഥാന പ്രവേശം വിവരിക്കുന്നു: '1945-ലാണ് ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് കേള്‍ക്കുന്നത്. കേരളത്തില്‍ ജമാഅത്ത് കെട്ടിപ്പടുത്ത ഹാജി സാഹിബ് അന്ന് കോഴിക്കോട് പട്ടാളപള്ളിയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നുണ്ട്. അത് കേള്‍ക്കണം എന്ന് ആലിക്കുട്ടി മാസ്റ്റര്‍ നിര്‍ദേശിച്ചു. അദ്ദേഹവും കേള്‍ക്കാന്‍ പോയി. അങ്ങനെ അദ്ദേഹവും ജമാഅത്ത് അനുഭാവിയായി. എം.എം ഹൈസ്‌കൂളില്‍ പഠിപ്പിച്ചിരുന്ന വാപ്പക്ക് ഇസ്‌ലാം മതം ഒരാള്‍ വായിക്കാന്‍ കൊടുത്തു. ഞാന്‍ രണ്ടു ദിവസത്തിനകം അത് വായിച്ചുതീര്‍ത്തു. ഹാജി സാഹിബിനെ നാട്ടില്‍ കൊണ്ടുവരണം എന്ന ചിന്തയായി. ആലിക്കുട്ടി മാസ്റ്റര്‍, പി. അബ്ദുര്‍റഹ്മാന്‍, പി.കെ മുഹമ്മദ് കോയ എന്നിവരുമായി കൂടിയാലോചിച്ച് കക്കോടിയില്‍ ഹാജി സാഹിബിനെ പങ്കെടുപ്പിച്ച് വഅ്‌ള് പരമ്പര സംഘടിപ്പിച്ചു. 1956-ല്‍ വേങ്ങേരി ഹല്‍ഖ രൂപീകരിച്ചു' (വേങ്ങേരി എ.എം.ഐ ഓര്‍മയിലെ അമ്പതാണ്ട്). 

കോഴിക്കോട് നഗര-പരിസര പ്രദേശങ്ങളിലെ ഇസ്‌ലാമിക നവോത്ഥാന ചലനങ്ങളെ മര്‍ഹൂം ഒ. മുഹമ്മദ് സാഹിബിന്റ സംഭവബഹുലമായ ജീവിതത്തില്‍നിന്ന് വേര്‍പെടുത്തിക്കാണാനാവില്ല.  

 

 

Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍