Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

പരാജയപ്പെട്ട പട്ടാള അട്ടിമറിയും രാഷ്ട്രീയ പാഠങ്ങളും

ഫഹ്മീ ഹുവൈദി

നട്ടപ്പാതിരക്ക് തന്റെ കാറുമായി തെരുവിലേക്കിറങ്ങി അട്ടിമറിക്കാരുടെ ടാങ്കിന് കടന്നുപോകാന്‍ കഴിയാത്തവിധം കാര്‍ കുറുകെ നിര്‍ത്തിയിടുന്ന തുര്‍ക്കിക്കാരന്‍. ടാങ്കിന്റെ പ്രയാണം തടസ്സപ്പെടുത്തി അതിന്റെ ചക്രങ്ങള്‍ക്ക് മുമ്പില്‍ മലര്‍ന്നുകിടക്കുന്ന ഒരുപറ്റമാളുകള്‍. ടാങ്കുകള്‍ക്കും സായുധവാഹനങ്ങള്‍ക്കും മുകളില്‍ കയറി ടര്‍ക്കിഷ് പതാക പറപ്പിച്ച് അട്ടിമറിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു സംഘം... ഈ വീഡിയോ ചിത്രങ്ങള്‍ ഒരിക്കലും മനസ്സില്‍നിന്ന് മാഞ്ഞുപോവില്ല. ഉറക്ക വസ്ത്രങ്ങളുമായി തെരുവുകളിലും പള്ളികളിലും തടിച്ചുകൂടിയ ആ ജനസഞ്ചയം അത്യപൂര്‍വമായ ഒരു ജനകീയ വിസമ്മതത്തിന്റെ സാക്ഷ്യമായിരുന്നു. ഇത്രത്തോളം അട്ടിമറിക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. അട്ടിമറിശ്രമം അതോടെ കുത്തുപാളയെടുക്കുകയും ചെയ്തു. 

സൈനിക അട്ടിമറിക്കെതിരെ രംഗത്തുവന്നത് 'അക്' പാര്‍ട്ടിക്കെതിരെ നിരന്തരം പോരടിച്ചുകൊണ്ടിരുന്ന മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിയായിരുന്നു. ജനാധിപത്യ പ്രക്രിയ തുടരണമെന്ന ജനകീയ അഭിലാഷമാണ് അതുവഴി പ്രകടമായത്. പട്ടാള അട്ടിമറിയുടെ ഒട്ടേറെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയ തുര്‍ക്കികള്‍ ഒന്നടങ്കം ഈ നിലപാട് എടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ആദ്യ പട്ടാള അട്ടിമറി 1960 ല്‍ ആയിരുന്നു. പിന്നെ മൂന്ന് അട്ടിമറികള്‍ കൂടി നടന്നു; 1971 ലും 1980 ലും 1997 ലും (റഫാഹ് പാര്‍ട്ടി നേതാവ് നജ്മുദ്ദീന്‍ അര്‍ബകാനെ പുറത്താക്കി പട്ടാളത്തിന്റെ ഒടുവിലത്തെ നീക്കം അര്‍ധ സൈനിക അട്ടിമറി മാത്രമായിരുന്നു). പട്ടാള അട്ടിമറികള്‍ രാഷ്ട്രീയത്തെ തകര്‍ക്കുക മാത്രമല്ല, അത് രാഷ്ട്രത്തെ ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും ഉമ്മറപ്പടിയില്‍ കൊണ്ടുവെക്കുമെന്നും തുര്‍ക്കികള്‍ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1980 ല്‍ ജനറല്‍ കന്‍ആന്‍ എഫ്‌രീന്‍ നടത്തിയ സൈനിക അട്ടിമറിയുടെ അനന്തര ഫലങ്ങള്‍ നോക്കൂ: ആറര ലക്ഷം പേരെ തടവിലിട്ടു. അവരില്‍ 517 പേര്‍ക്ക് വധശിക്ഷ വിധിച്ചു. അമ്പതു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. മുപ്പതിനായിരം പേരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പതിനാലായിരം പേര്‍ക്ക് തുര്‍ക്കി പൗരത്വം റദ്ദാക്കി. മുപ്പതിനായിരം പേരെ നാടുകടത്തി. നൂറുകണക്കിനാളുകള്‍ തടവറയില്‍ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. എത്രയോ പത്രപ്രവര്‍ത്തകരും അഴികള്‍ക്കകത്തായി. തൊള്ളായിരം സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. 

*   *   *

ആധുനിക തുര്‍ക്കി സമൂഹത്തില്‍ വളരെയേറെ ആദരവാണ് സൈന്യത്തിന് നല്‍കപ്പെട്ടിട്ടുള്ളത്; വിശുദ്ധരാക്കപ്പെട്ടവരായി അവര്‍ വാഴ്ത്തപ്പെടുക പോലും ഉണ്ടായിട്ടുണ്ട്. ഒന്നാം ലോക യുദ്ധത്തില്‍ രാഷ്ട്രത്തെ പരാജയത്തില്‍നിന്ന് രക്ഷിച്ചതാണ് സൈന്യത്തെ ഇത്രമേല്‍ സ്‌നേഹിക്കാന്‍ ആ ജനതക്ക് പ്രചോദനമായത്. പക്ഷേ സൈന്യത്തിന്റെ യുദ്ധത്തിലെ ഇടപെടലും രാഷ്ട്രീയത്തിലെ ഇടപെടലും രണ്ട് തരത്തിലായിരുന്നു. യുദ്ധത്തിലെ ഇടപെടല്‍ രാഷ്ട്രനന്മക്ക് അനുഗുണമായി ഭവിച്ചപ്പോള്‍, രാഷ്ട്രീയത്തിലെ ഇടപെടല്‍ വലിയ ദുരന്തമായി. ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സൈന്യത്തെ അതിന്റെ സ്വാഭാവികമായ സ്ഥാനത്തേക്ക് തിരിച്ചയക്കുകയാണ് ഉര്‍ദുഗാന്‍ ചെയ്തത്. സൈന്യം രാഷ്ട്രത്തെ നയിക്കേണ്ടവരല്ല; രാഷ്ട്രസംവിധാനത്തിനു കീഴില്‍ നില്‍ക്കേണ്ടവരാണ് എന്ന സന്ദേശവും നല്‍കി. 

രാഷ്ട്രീയത്തിന് അതിന്റെ യഥാര്‍ഥ സ്ഥാനം വീണ്ടെടുത്തുനല്‍കി എന്നതാണ് ഉര്‍ദുഗാന്റെ സംഭാവന; സൈന്യത്തെ അതിര്‍ത്തി കാക്കാനായി പറഞ്ഞയക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സംവിധാനം പരിരക്ഷിക്കാനാണ് ഉര്‍ദുഗാന്റെ കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും തെരുവിലിറങ്ങിയത്. അവരെയും ഉര്‍ദുഗാന്റെ അനുകൂലികളായി എണ്ണുന്നത് ശരിയല്ല. ഉര്‍ദുഗാനെയല്ല, ജനാധിപത്യത്തെ രക്ഷിക്കാനായിരുന്നു അവരുടെ ശ്രമം. പ്രസിഡന്റ് ഉര്‍ദുഗാനുമായുള്ള തര്‍ക്കത്തിന് അധികാരം സൈന്യത്തെ ഏല്‍പ്പിച്ചുകൊണ്ടല്ല പരിഹാരം തേടേണ്ടതെന്ന തിരിച്ചറിവ് മുഖ്യപ്രതിപക്ഷ കക്ഷികള്‍ക്കുണ്ടായി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരാളെ താഴെയിറക്കേണ്ടത് ജനാധിപത്യപരമായിത്തന്നെയാണ്. മോശമായതിനെ ശരിപ്പെടുത്താന്‍ അതിനേക്കാള്‍ മോശമായതിനെ കൊണ്ടുവന്നതിന്റെ ദുരന്തം കഴിഞ്ഞ എഴുപത് വര്‍ഷത്തെ അവരുടെ ചരിത്രത്തില്‍ ധാരാളമുണ്ടല്ലോ. 

*   *   *

ഇതെഴുതുമ്പോഴും ചിത്രം പൂര്‍ണമായി തെളിഞ്ഞിട്ടില്ല. എങ്കിലും ചില നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. 

* തുര്‍ക്കിയിലെ പട്ടാള അട്ടിമറികളുടെ ചരിത്രം പരിശോധിച്ചാല്‍ അവയുടെ വിജയസാധ്യത പിന്നോട്ടടിക്കുന്നതായി കാണാം. പത്തു വര്‍ഷം ഇടവിട്ട് 1960 ലും 1971 ലും 1981 ലും ഉണ്ടായ പട്ടാള അട്ടിമറികള്‍ വിജയകരമായിരുന്നു. പിന്നെയൊരു അട്ടിമറിയുണ്ടാവുന്നത് പതിനേഴ് വര്‍ഷം കഴിഞ്ഞ് 1997 ല്‍. അതൊരു അര്‍ധ സൈനിക അട്ടിമറിയായിരുന്നു. ആളുകള്‍ ഇരയാക്കപ്പെടുകയുമുണ്ടായില്ല. ഉത്തരാധുനിക കാലത്തെ ധവള വിപ്ലവം എന്നൊക്കെ അത് കൊണ്ടാടപ്പെട്ടിരുന്നു. പ്രധാനമന്ത്രി നജ്മുദ്ദീന്‍ അര്‍ബകാനെ രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു സൈന്യം. പിന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടലും പ്രവര്‍ത്തകരെ തടവിലിടലുമൊക്കെ. നാലാമത്തെ പട്ടാള അട്ടിമറിക്ക് ഇരുപതു വര്‍ഷം പിന്നിടുമ്പോഴാണ് ഇപ്പോഴത്തെ അട്ടിമറിശ്രമം നടന്നത്. അത് പൂര്‍ണമായി പരാജയപ്പെട്ടു. 

* ജനാധിപത്യ തുര്‍ക്കിക്കെതിരെയുള്ള ഗൂഢാലോചന അവസാനിച്ചെന്ന് നാം കരുതേണ്ടതില്ല. ജനാധിപത്യത്തെയും രാജ്യത്തിന്റെ ഇസ്‌ലാമിക പൈതൃകത്തെയും നോട്ടമിടുന്നവര്‍ തക്കം പാര്‍ത്ത് ഒളിസ്ഥലങ്ങളില്‍ പതിയിരിപ്പുണ്ട്. അവസരം ഒത്തുവന്നാല്‍ അവര്‍ പുറത്തുചാടും. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലന്നും തുര്‍ക്കിയിലെ ഡീപ് സ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സമാന്തര സംവിധാനങ്ങള്‍ക്കുമെതിരെ സംശയത്തിന്റെ ചൂണ്ടുവിരല്‍ ഉയരുന്നുണ്ടെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല. തുര്‍ക്കി പോലെ ശക്തമായ ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അട്ടിമറി നടത്തണമെങ്കില്‍ അകത്തും പുറത്തുമുള്ള നിരവധി ശക്തികളുടെ പങ്കാളിത്തം അനിവാര്യമാണ്. ഇതൊന്നും ഇല്ലാതെയാണ് അട്ടിമറിക്ക് ഇറങ്ങിയതെങ്കില്‍ അതിനെ അതിസാഹസികത, മഹാ വങ്കത്തം എന്നൊക്കെയല്ലാതെ എന്താണ് വിളിക്കുക! 

* പ്രതിപക്ഷ കക്ഷികള്‍ക്ക് തങ്ങളുടെ ശക്തവും പക്വവുമായ സാന്നിധ്യമറിയിക്കാന്‍ ഇതുവഴി കഴിഞ്ഞു. അട്ടിമറി ശ്രമത്തിനെതിരെ അവരുടെ ഉറച്ച നിലപാട് സകല പ്രശംസയും അര്‍ഹിക്കുന്നു. ഉള്‍ക്കനമില്ലാത്ത കേവലം പരസ്യപ്പലകകളല്ല തങ്ങളെന്ന് അവര്‍ തെളിയിച്ചു. ഉര്‍ദുഗാനെയും അദ്ദേഹം നയിക്കുന്ന ഭരണകൂടത്തെയും വെവ്വേറെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞു. രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് അവര്‍ മുന്‍ഗണന നല്‍കി. 

* സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ ഏറെ അസ്വസ്ഥനായിരുന്ന ഉര്‍ദുഗാന്‍, അട്ടിമറിക്കാര്‍ ഔദ്യോഗിക ടെലിവിഷന്‍ സ്‌റ്റേഷന്‍ പിടിച്ചപ്പോള്‍ തന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഉപയോഗപ്പെടുത്തിയത് 'ഫേസ് ടൈം' എന്ന സോഷ്യല്‍ മീഡിയാ ഉപകരണമായിരുന്നു. എതിരാളികളുടെ അതേ ഉപകരണം ഒടുവില്‍ അദ്ദേഹത്തിന് തുണയായി. 

* അട്ടിമറിയോടുള്ള യൂറോപ്യന്‍ പ്രതികരണം തുടക്കം മുതലേ ജനാധിപത്യത്തിന് അനുകൂലമായിരുന്നു. അമേരിക്കയാകട്ടെ ആടിക്കളിച്ചു. അട്ടിമറി പരാജയപ്പെടുമെന്ന നില വന്നപ്പോഴാണ് ജനാധിപത്യപക്ഷത്തേക്ക് അവര്‍ ചുവടു മാറ്റിയത്. 

*   *   *

രണ്ടു കാര്യങ്ങള്‍ കൂടി പറയാന്‍ എന്നെ അനുവദിക്കുക. ഒന്ന്, അറബ് ലോകവുമായി ബന്ധപ്പെട്ടാണ്; മറ്റൊന്ന് തുര്‍ക്കിയുടെ ഭാവിയുമായും. ഈജിപ്ഷ്യന്‍ മീഡിയയുടെ പ്രതികരണം വളരെ നിരാശാജനകമായിരുന്നു. അട്ടിമറി വാര്‍ത്ത വന്നുകൊണ്ടിരുന്നപ്പോള്‍ ചില ടെലിവിഷന്‍ അവതാരകര്‍ തങ്ങളുടെ ആഹ്ലാദം ഒട്ടും മറച്ചുവെച്ചില്ല. ഇത് അട്ടിമറി (ഇന്‍ഖിലാബ്) അല്ല, വിപ്ലവം (സൗറഃ) തന്നെയെന്നും ചിലര്‍ കാച്ചി. സൈന്യം ഉര്‍ദുഗാനെ ചവിട്ടിപ്പുറത്താക്കി എന്നാണ് അല്‍അഹ്‌റാം, മസ്വ്‌രി അല്‍യൗം, അല്‍വത്വന്‍ എന്നീ ഈജിപ്ഷ്യന്‍ പത്രങ്ങള്‍ വാര്‍ത്ത കൊടുത്തത്. അല്‍വത്വന്‍ പത്രമാകട്ടെ ഉര്‍ദുഗാന്‍ ജര്‍മനിയോട് അഭയം ചോദിച്ചു എന്നുവരെ തലക്കെട്ട് നിരത്തി. ചതിക്കുഴിയില്‍ വീഴാതെ പ്രഫഷനലിസം കാത്തുസൂക്ഷിച്ചത് അശ്ശുറൂഖ് മാത്രം. 'തുര്‍ക്കിയില്‍ അട്ടിമറിശ്രമം, തകര്‍ത്തതായി ഉര്‍ദുഗാന്‍' എന്നാണ് അവര്‍ കൊടുത്ത മുഖ്യതലക്കെട്ട്. വസ്തുതകള്‍ പരിശോധിക്കുന്നതിനു പകരം ഉര്‍ദുഗാനോടുള്ള കണക്കുതീര്‍ക്കാനാണ് ഈജിപ്ഷ്യന്‍ പത്രങ്ങളും ചില അറബ് ചാനലുകളും ശ്രമിച്ചത് എന്നര്‍ഥം.

രണ്ടാമത്തെ കാര്യം തുര്‍ക്കിയുടെ ഭാവിയെ കുറിച്ചാണ്. ഉര്‍ദുഗാന്റെ ഇനിയത്തെ ശ്രമം അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും അവരെ വിചാരണ ചെയ്യാനും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാനുമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. മുറിവേറ്റ സിംഹത്തെപ്പോലെയല്ല, ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ തലവനെന്ന നിലയിലാവട്ടെ ഇനിയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം. നീതിയും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തുന്ന വിചാരണകളാവണം നടക്കേണ്ടത്. വികാരത്തിനടിപ്പെട്ട് എതിരാളികളോട് കണക്കു തീര്‍ക്കാനുള്ള അവസരമായി ഇതിനെ കാണരുത്. ഫത്ഹുല്ല ഗുലന്റെ പങ്കിനെപ്പറ്റി ഒട്ടു വളരെ സംശയങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അന്വേഷണത്തിലൂടെ തെളിവുകള്‍ കണ്ടെത്തുന്നതിനു മുമ്പ് ധൃതിപ്പെട്ട് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അട്ടിമറിയില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ 2700 ജഡ്ജിമാരെ ഉടനടി പിരിച്ചുവിട്ട നടപടിയിലും എന്റെ സംശയങ്ങള്‍ ബാക്കിയാണ്. ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണ് അട്ടിമറിയെ പരാജയപ്പെടുത്തിയത് എന്ന കാര്യം മറക്കരുത്. പുതിയ സംഭവവികാസങ്ങളിലൂടെ കൂടുതല്‍ കരുത്തനായിത്തീര്‍ന്ന ഉര്‍ദുഗാന്‍ കൂടുതല്‍ ജനാധിപത്യബോധമുള്ളവന്‍ കൂടി ആയിത്തീരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. 

 

 

Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍