Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

ഗ്രനഡ എന്ന മാതളനാരകം

പ്രഫ. ബദീഉസ്സമാന്‍

''പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക; നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴുന്നേറ്റു മുന്തിരത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും'' (ഉത്തമഗീതങ്ങള്‍). 

ഗ്രനഡ എന്നാല്‍ സ്പാനിഷില്‍ മാതളനാരകം (Pomegranate) എന്നാണര്‍ഥം. സ്റ്റീവന്‍ നൈറ്റിംഗേല്‍ ഗ്രനഡയെക്കുറിച്ച് എഴുതിയ മനോഹരമായ പുസ്തകത്തിന്റെ പേര് Granda: A Pomegranate in the Hand of God എന്നാണ്. മൂന്ന് സെമിറ്റിക് മതഗ്രന്ഥങ്ങളിലും പ്രതീകങ്ങൡും സ്ഥാനം നല്‍കപ്പെട്ടതാണ് മാതളമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. മൂന്ന് വിശ്വാസധാരകളില്‍ പെട്ടവരും ഒന്നിച്ചു ജീവിച്ച, സിയറ നെവാഡ (Sierra Nevada) പര്‍വതാടിവാരത്തിലെ ഈ സുന്ദര നഗരത്തിന് യോജിച്ച പേര് തന്നെ അത്. കൊര്‍ദോവയില്‍നിന്ന് മുസ്‌ലിം അന്ദലൂസിലെ അവസാന കേന്ദ്രമായ ഗ്രനഡയിലേക്കുള്ള യാത്ര മലമടക്കുകള്‍ താണ്ടിയാണ്.  ഒലീവ് തോട്ടങ്ങള്‍, ഓക്ക് മരക്കൂട്ടങ്ങള്‍, മുന്തിരിത്തോപ്പുകള്‍, പച്ചക്കറി കൃഷിയിടങ്ങള്‍, ഓരോ മലമുകളിലും ഉയര്‍ന്നുനില്‍ക്കുന്ന പഴയ അന്ദലൂസിയന്‍ മൂറിഷ് കോട്ടകളും നിരീക്ഷണ ഗോപുരങ്ങളും... എല്ലാം കടന്ന് ഗ്രനഡയിലേക്കെത്തുമ്പോഴേക്കും നമ്മള്‍ ശരിക്കും പഴയ അന്ദലൂസില്‍ എത്തും. ലോകത്തിലെ ഏറ്റവും വലിയ ഒലിവെണ്ണ ഉല്‍പാദകര്‍ അന്ദലൂസിയയാണെന്ന് 'ലോണ്‍ലി പ്ലാനറ്റി'ന്റെ സ്‌പെയിന്‍ സീരീസില്‍ വായിച്ചതോര്‍ത്തു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പാര്‍ന്ന തോട്ടങ്ങളും പുല്‍പ്പരപ്പുമുപേക്ഷിച്ചു പോകേണ്ടിവന്ന മുഹമ്മദ് പന്ത്രണ്ടാമന്‍ എങ്ങനെ ദീര്‍ഘനിശ്വാസമയക്കാതിരിക്കും! 

മുസ്‌ലിംകള്‍ അന്ദലൂസിലെത്തിയതു മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഒരു താഇഫയായിരുന്നു ഗ്രനഡ. ഒരു ചെറു നാട്ടുരാജ്യം. പിന്നീട് 1090 വരെ അല്‍ മുറാബിത്തൂന്‍ രാജാക്കന്മാരും 1160 കള്‍ വരെ അല്‍ മുവഹിദൂന്‍ രാജാക്കന്മാരും ഗ്രനഡ ഭരിച്ചു. 1238 ല്‍ നസ്‌റീദ് വംശം എന്നറിയപ്പെടുന്ന ബനൂനസ്ര്‍ ഭരണത്തിലേറി. 1492 ല്‍ ഗ്രനഡ കീഴടങ്ങുന്നതുവരെ അവരാണ് ഭരിച്ചത്. 

വൈകീട്ട് ആറര മണിയോടെ ഹോട്ടല്‍ Anacapri  യിലെത്തി. ഹോല (ഹലോ എന്നതിന്റെ സ്പാനിഷ് പദം) എന്ന് പ്രത്യേകമായൊരു ഈണത്തില്‍ പറയുന്ന ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ഗ്രനഡയുടെ മാപ്പെടുത്തു തന്ന് പിറ്റേന്ന് രാവിലെയെത്തേണ്ട അല്‍ഹംറ കൊട്ടാരത്തിലേക്കുള്ള വഴി വിശദീകരിച്ചുതന്നു. ഹോട്ടലിന് നേര്‍ എതിര്‍വശത്ത് ഒരു പാകിസ്താനി നടത്തുന്ന ഹലാല്‍ ഇന്ത്യന്‍ റസ്റ്റോറന്റ് ഉണ്ടായിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം ഇന്ത്യന്‍ ടേസ്റ്റില്‍ ഒരു റജ്മാ പുലാവ് കഴിച്ചപ്പോള്‍ വലിയ സന്തോഷമായി. 

പിറ്റേന്ന് പുലര്‍ച്ചെ അല്‍ഹംറയിലേക്ക് യാത്രതിരിച്ചു. ഹോട്ടലിന് തൊട്ടടുത്തുള്ള Plaza Izabel Catholica യില്‍നിന്ന് C3 ബസ് നേരെ അല്‍ഹംറയിലേക്ക് സര്‍വീസ് നടത്തുന്നു. ഇസബെല്ലയുടെയും ഫെര്‍ഡിനന്റിന്റെയും വലിയൊരു പ്രതിമയുണ്ട്. ഈ അങ്ങാടിയില്‍ രണ്ടര യൂറോ ടിക്കറ്റെടുത്താല്‍ നേരെ അല്‍ഹംറയിലെത്തും. അല്‍ഹംറാ പാലസ് കാണാനുള്ള ടിക്കറ്റ് നേരത്തേ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നു (വത്തിക്കാന്‍ മ്യൂസിയം കാണാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തതിനാല്‍ അര ദിവസത്തെ ക്യൂനില്‍പ്പില്‍നിന്നാണ് രക്ഷപ്പെട്ടത്. അതിനാല്‍, യാത്ര പോകുന്നവര്‍ ഓണ്‍ലൈനില്‍ ലഭ്യമായ സന്ദര്‍ശക ടിക്കറ്റുകള്‍ നേരത്തേയെടുക്കുന്നത് ഒരുപാട് സമയം ലാഭിക്കാന്‍ ഉപകരിക്കും). 

 

അല്‍ ഹംറാ കൊട്ടാരം

ഇന്ന് ഗ്രനഡയുടെ പ്രതീകമായി അറിയപ്പെടുന്നതാണ് അല്‍ഹംറാ കൊട്ടാരം(Ahambra Palace). 1238 ല്‍ ഗ്രനഡയിലെ അമീറായി അധികാരമേറ്റ മുഹമ്മദ് ബിന്‍ അല്‍ അഹ്മര്‍ എന്ന ബനൂ നസ്ര്‍ രാജാവാണ് ഇത് പണികഴിപ്പിച്ചത്. ലാ ഗാലിബ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ വിജയിയില്ല) എന്നതായിരുന്നു 1492 വരെ ഭരിച്ച ബനൂ നസ്ര്‍ രാജവംശത്തിന്റെ പ്രമാണ വാക്യം. അല്‍ഹംറയുടെ നിര്‍മാണത്തെയും ബനൂനസ്ര്‍ മുദ്രാവാക്യത്തെയും കുറിച്ച് അല്‍ഹംറയുടെ പുനരുദ്ധാരണത്തില്‍ പങ്കു വഹിച്ച വാഷിംഗ്ടണ്‍ ഇര്‍വിംഗ് എന്ന അമേരിക്കന്‍ ചരിത്രകാരന്‍ വിവരിക്കുന്നത് അദ്ദേഹത്തിന്റെ Tales of Alhambra എന്ന സഞ്ചാരകൃതിയില്‍ ഇങ്ങനെ വായിക്കാം: 

'അഗതികള്‍ക്കും അശരണര്‍ക്കും പ്രത്യേക പരിഗണന നല്‍കി വളരെ നീതിപൂര്‍വകമായ ഭരണമാണ് അഹ്മര്‍ നടത്തിവന്നിരുന്നത്. സ്‌കൂളുകളും കോേളജുകളും ആശുപത്രികളും സ്ഥാപിച്ച അദ്ദേഹം, അവയുടെ പരിശോധന നേരില്‍ നടത്തുമായിരുന്നു. ജനങ്ങള്‍ക്ക് ന്യായവിലക്ക് സാധനങ്ങള്‍ കിട്ടുമെന്നുറപ്പാക്കി അറവുശാലകളും ഭക്ഷണശാലകളും സ്ഥാപിച്ചു. നഗരത്തിലെ ആവശ്യങ്ങള്‍ക്ക് മതിയായ വിധത്തില്‍ വെള്ളമെത്തിക്കുന്നതിനായി കനാലുകളും ചെറുതോടുകളും നിര്‍മിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയ കാലാവസ്ഥ അത്ര അനുയോജ്യമായിരുന്നില്ല. സ്‌പെയിന്‍ മുസ്‌ലിംകളില്‍നിന്ന് തിരിച്ചുപിടിക്കാനായുള്ള Reconquista, , കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയായിരുന്നു. വലന്‍സിയയില്‍ ജയിംസും കൊര്‍ദോവയില്‍ ഫെര്‍ഡിനന്റ് മൂന്നാമനും അധികാരം പിടിച്ചു. സന്നാഹങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഫെര്‍ഡിനന്റുമായി ഒരു ഏറ്റുമുട്ടല്‍ ബുദ്ധിപൂര്‍വകമല്ല എന്ന് മനസ്സിലാക്കി, മുഹമ്മദ് നേരിട്ട് ഹാജറായി സന്ധിക്ക് തയാറാണെന്നറിയിച്ചു. അങ്ങനെ ഗ്രനഡ, ഫെര്‍ഡിനന്റ് ഭരണകൂടത്തിന്റെ സാമന്ത രാജ്യമായി. വര്‍ഷാവര്‍ഷം നിശ്ചിത സംഖ്യ കപ്പവും അവശ്യഘട്ടങ്ങളില്‍ കുതിരപ്പടയാളികളാല്‍ സൈനിക സഹായവും ഫെര്‍ഡിനന്റിന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. 1248 ല്‍ മുസ്‌ലിം കേന്ദ്രമായ സെവില്ലെ ഫെര്‍ഡിനന്റ് ഉപരോധിച്ചപ്പോള്‍ മുഹമ്മദിനോട് സഹായമാവശ്യപ്പെട്ടു. മുസ്‌ലിം കേന്ദ്രത്തിനെതിരെ സഹായിക്കുന്നതിന്റെ മനോവ്യഥ ഒരു ഭാഗത്ത്, കരാര്‍പാലനത്തിന്റെ നിര്‍ബന്ധിതാവസ്ഥ മറ്റൊരിടത്ത്. എന്തായാലും മുഹമ്മദ് ഫെര്‍ഡിനന്റിന് കുതിരപ്പടയാളികളെ അയച്ചുകൊടുക്കുകയും അവരുടെ സഹായത്താല്‍ സെവില്ലെ കീഴടക്കുകയും ചെയ്തു. അന്ദലൂസിന്റെ പതനത്തിലെ പ്രധാന ഘട്ടം. വ്രണിതഹൃദയനായ അഹ്മര്‍ ഗ്രനഡയിലേക്ക് മടങ്ങി. വിജയശ്രീലാളിതനായി തിരിച്ചെത്തിയെ അഹ്മറിനെ ഗ്രനഡക്കാര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചത്രെ; ഗാലിബ്, ഗാലിബ് (വിജയി, കീഴടക്കുന്നവന്‍) എന്നു വിളിച്ചു. ഇതുകേട്ട് നിഷേധാര്‍ഥത്തില്‍ തലയാട്ടി അദ്ദേഹം പറഞ്ഞു: ശരിയല്ല, ലാ ഗാലിബ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ കീഴടക്കുന്നവനില്ല). അന്നു മുതല്‍ ഇത് ബനൂ നസ്‌റിന്റെ മുദ്രാവാക്യമായി. വര്‍ധിച്ചുവരുന്ന കത്തോലിക്കാ കാസ്റ്റിലെ രാജവംശത്തിന്റെ സാമ്രാജ്യവ്യാപനശ്രമങ്ങളും സെവില്ലെയുടെ പതനവും ശക്തിമത്തായ ഒരു കേന്ദ്രം പണിയേണ്ടതിന്റെ ആവശ്യകത അഹ്മറിലുണ്ടാക്കുകയും അങ്ങനെ അല്‍ഹംറയുടെ നിര്‍മാണമാരംഭിക്കുകയും ചെയ്തു. 1333 ല്‍ ഭരണമേറ്റ യൂസുഫ് ഒന്നാമനാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.'' 

നിരവധി സുരക്ഷാ ടവറുകളും ബനൂനസ്ര്‍ സുല്‍ത്താന്മാരുടെ കൊട്ടാരങ്ങളും ചാള്‍സ് അഞ്ചാമന്‍ പണികഴിപ്പിച്ച നവോത്ഥാന കാല കൊട്ടാരവും ജനറലൈഫ് എന്ന പൂന്തോട്ടവും ഒക്കെയായി അല്‍ഹംറ, മധ്യകാല അന്ദലൂസിന്റെ പ്രൗഢി വിളിച്ചോതും. രാഷ്ട്രീയ കാരണങ്ങളാല്‍ ഒരുപാട് ഒത്തുതീര്‍പ്പുകള്‍ക്കിടയിലാണ് ഭരിച്ചിരുന്നതെങ്കിലും 1400 വരെയുള്ള ബനൂനസ്ര്‍ ഭരണം അന്ദലൂസിന്റെ സുവര്‍ണകാലം തന്നെയായിരുന്നു. അല്‍ഹംറയുടെ ഒരുപാട് ഭാഗങ്ങള്‍ക്ക് 1492 ലെ കീഴടക്കലിനു ശേഷം മാറ്റം വരുത്തിയിട്ടുണ്ട്. അല്‍ഹംറയുടെ പ്രവേശന കവാടം Puerta de la Justicia (The Tower of Justice) എന്നറിയപ്പെടുന്നു. ബനൂ നസ്ര്‍ കാലത്തെ കോടതിയായിരുന്നു ഇവിടം. ഇപ്പോള്‍ കാണുന്ന ചാള്‍സ് അഞ്ചാമന്റെ കൊട്ടാരം അല്‍ ഹംറയുടെ ഒറിജിനല്‍ ഭാഗങ്ങള്‍ തകര്‍ത്തു പണിതതാണ്. അന്ദലൂസിയന്‍ കൊട്ടാരങ്ങളുടെ നിര്‍മാണത്തിന്റെ അടിസ്ഥാന തീം താഴ്‌വാരങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ എന്ന ഖുര്‍ആനിക സങ്കല്‍പമാണ് എന്ന് കൊര്‍ദോവയിലെ മ്യൂസിയത്തില്‍നിന്ന് ഓഡിയോ ഗൈഡില്‍ കേട്ടിരുന്നു. നസറിദ് കൊട്ടാരങ്ങളില്‍ കാണപ്പെട്ട ജലാശയ സംവിധാനങ്ങള്‍ ഇത് ബോധ്യപ്പെടുത്തി. വെളളം ഒഴുകിവരുന്ന നീര്‍ച്ചാലുകളും ചെറിയ ഫൗണ്ടനുകളും കൊട്ടാരത്തിലെങ്ങും കാണാനാകുന്നു. നസീറിദ് പാലസിന്റെ ദൈവനാമങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ഉല്ലേഖനം ചെയ്യപ്പെട്ട ഉയര്‍ന്ന ചുമരുകളും വലിയ വാതിലുകളും മേഘങ്ങളോടൊപ്പം ചെറു ജലാശയത്തില്‍ പ്രതിഫലിക്കുന്നത് കാണേണ്ടതുതന്നെ. ഹാള്‍ ഓഫ് അംബാസഡേഴ്‌സ് എന്നറിയപ്പെടുന്ന സവിശേഷ ഭംഗിയുള്ള ഭാഗമുണ്ട് അല്‍ഹംറയിലെ ഇീാമൃല െഠീംലൃ ല്‍. ഇവിടെയായിരുന്നു രാജസിംഹാസനം. ഇവിടെ വെച്ചാണ് മുഹമ്മദ് പന്ത്രണ്ടാമന്‍, ഫെര്‍ഡിനന്റിനും ഇസബെല്ലക്കും അധികാരം വിട്ടുകൊടുത്തത്. കത്തോലിക്കാ രാജാക്കന്മാരുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്ത ക്രിസ്റ്റ്ഫര്‍ കൊളംബസിന് പുതുലോകം കണ്ടുപിടിക്കാനുള്ള സഹായവും സമ്മതവും പ്രഖ്യാപിക്കപ്പെട്ടതും ഇവിടെ വെച്ചാണത്രെ. 

പന്ത്രണ്ട് സിംഹരൂപങ്ങള്‍ താങ്ങുന്ന ജലധാരയുള്ള Court of Lions,  മുഹമ്മദ് പന്ത്രണ്ടാമന്റെ പിതാവ് അബ്ന്‍സിറാജസ് എന്നറിയപ്പെട്ട പൗരപ്രമുഖരെ കൊലപ്പെടുത്തിയതായി പറയപ്പെടുന്നHall of the Abencerrages രാജാക്കന്മാരുടെ വേനല്‍ക്കാല കൊട്ടാരവും ജലധാരകളും പൂന്തോപ്പും ചേര്‍ന്ന ജനറലൈഫ് (Generalife) എന്നിവയെല്ലാം ചേര്‍ന്ന് അല്‍ഹംറയും പരിസരവും നിങ്ങളെ അന്ദലൂസിന്റെ സുവര്‍ണകാലത്തെത്തിക്കും. ഒമഹഹ ീള വേല അയലിരലൃൃമഴല െല്‍ ഒറ്റക്ക് നിന്നാല്‍ അവിടെ കൊല്ലപ്പെട്ടവരുടെ പാദപതനങ്ങളും അടക്കിപ്പിടിച്ച സംസാരവും കേള്‍ക്കാം എന്ന് ഒരു ഗൈഡ് തന്റെ കൂടെയുളളവരോട് പറയുന്നത് കേട്ടു. അതൊരു കഥയാവാം. പക്ഷേ അല്‍ഹംറയുടെ മട്ടുപ്പാവിലും ഇടനാഴിയിലും അംബാസഡര്‍ ഹാളിന്റെ പിന്നാമ്പുറത്തുമൊക്കെയായി അപമാനിതരായി പടിയിറങ്ങിയ മുഹമ്മദ് പന്ത്രണ്ടാമന്റെയും കുടുംബത്തിന്റെയുമൊക്കെ വിങ്ങല്‍ നിറഞ്ഞുനില്‍ക്കുന്നപോലെ തോന്നും. 

തീരാത്ത കഥകളുടെ കലവറയാണ് അല്‍ഹംറ. രണ്ടാം ഭാര്യയുടെ പ്രേരണക്കു വഴങ്ങി, ആദ്യഭാര്യ ആഇശയെയും മകന്‍ മുഹമ്മദി(ബോ അബ്ദില്‍)നെയും അല്‍ഹംറയിലെ Tower of Comares തടവിലട്ടത്രെ പിതാവ് അബുല്‍ഹസന്‍. മകനെ, ഭര്‍ത്താവ് കൊലപ്പെടുത്തുമെന്ന് ഭയന്ന ആഇശ, രാത്രിയില്‍ 45 മീറ്ററോളം ഉയരമുള്ള കോട്ടയില്‍നിന്ന് സ്‌കാര്‍ഫുകള്‍ കൂട്ടിക്കെട്ടി താഴെയെത്തിച്ച് ദാസിമാരുടെ സഹായത്താല്‍ ഏൗമറശഃ ലേക്ക് രക്ഷപ്പെടുത്തിയത്രെ. 

അല്‍ഹംറക്കുള്ളില്‍ ചര്‍ച്ച് ഓഫ് സാന്റ മരിയ എന്ന പേരില്‍ ഒരു ചര്‍ച്ചുണ്ട്. അല്‍ഹംറയിലുണ്ടായിരുന്ന മുഖ്യ മസ്ജിദിന്റെ സ്ഥാനത്താണ് അത് നില്‍ക്കുന്നത്. പള്ളി പൊളിച്ചെങ്കിലും പള്ളിയുടെ വുദൂഖാന ഭാഗികമായി അവിടെ ഇപ്പോഴും കാണാം. Bano de la Mezquita  എന്ന് സ്പാനിഷില്‍ അതിനു പുറത്ത് എഴുതിവെച്ചിരിക്കുന്നു. പള്ളിയുടെ കുളിപ്പുര എന്നര്‍ഥം. അല്‍ഹംറ കീഴടക്കിയാല്‍ അതിനുള്ളില്‍ സെന്റ് ഫ്രാന്‍സിസ് പുണ്യവാളന്റെ പേരില്‍ ഒരു സന്യാസിമഠം നിര്‍മിക്കുമെന്ന് ഇസബെല്ല നേര്‍ച്ചയായിക്കിയിരുന്നു. അങ്ങനെയാണ് അല്‍ ഹംറയുടെ ഒരു കൊട്ടാരം സാന്‍ഫ്രാന്‍സിസ്‌കോ സന്യാസിമഠമാക്കി മാറ്റുന്നത്. ഇസബെല്ലയും ഫെര്‍ഡിനന്റും മരിച്ചപ്പോള്‍ അവരെ ആദ്യം അടക്കിയത് ഇവിടെയാണ്. ഇവിടെ അത് സൂചിപ്പിക്കുന്ന ഒരു മാര്‍ബിള്‍ ഫലകം കാണാം. 1810 ല്‍ നെപ്പോളിയന്റെ സൈന്യം ഗ്രനഡ പിടിച്ചപ്പോള്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ മഠം ഉപേക്ഷിച്ചു ഓടിപ്പോവുകയും അത് ഒരു സൈനിക ബാരക്ക് ആയി മാറുകയും ചെയ്തു. ഇപ്പോള്‍ ഈ ഭാഗം ഒരു ഹോട്ടലായി ഉപയോഗിക്കുന്നു. 

ജനറലൈഫ് (Generalife) എന്ന അല്‍ഹംറയുടെ ഗാര്‍ഡന്‍ കൂടി കണ്ടതിനു ശേഷം ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. പറ്റുമെങ്കില്‍ ഗ്രനഡയില്‍ ജുമുഅക്ക് കൂടണമെന്ന് ശഫഖത്ത് നേരത്തേ പറഞ്ഞിരുന്നു. അതിനാല്‍ വ്യാഴാഴ്ചയായിരുന്നതിനാല്‍ പള്ളി നേരത്തേ കണ്ടുവെക്കാമെന്ന് കരുതി ഞങ്ങളിറങ്ങി. ഗൂഗ്ള്‍ മാപിന്റെ സഹായത്തോടെ നേരെയെത്തിയത് ഉത്തരാഫ്രിക്കന്‍ മുസ്‌ലിംകള്‍ കച്ചവടം ചെയ്യുന്ന ഇടുങ്ങിയ ഒരു തെരുവില്‍. മഫ്ത ധരിച്ചുകണ്ട ഒരു പെണ്‍കുട്ടിയോട് ങല്വൂൗശമേ അന്വേഷിച്ചപ്പോള്‍ അവള്‍ കൂടെ വന്ന് ഒരു പള്ളിയിലേക്കെത്തിച്ചു. മസ്ജിദുത്തഖ്‌വാ എന്ന ഒരു ചെറിയ പള്ളി. അതല്ല ഞങ്ങളുദ്ദേശിച്ച പള്ളി എന്ന് മനസ്സിലായി. പള്ളിയുടെ ഉള്ളിലൊന്ന് കറങ്ങിക്കണ്ട് പുറത്തിറങ്ങി. ങലൂൌശമേ അഹയമരശി എന്നാണ് അന്വേഷിക്കേണ്ടതെന്ന് വഴിയില്‍ കണ്ട ഒരു മൊറോക്കന്‍ കച്ചവടക്കാരന്‍ പറഞ്ഞുതന്നു. ചിലപ്പോള്‍ ആളുകള്‍ അറിഞ്ഞുകൊള്ളണമെന്നില്ലെന്നും, അപ്പോള്‍ Mesquita Albacin അന്വേഷിച്ചാല്‍ മതിയെന്നും അയാള്‍ വിശദീകരിച്ചു.  

(തുടരും)

 

 

Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍