Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

സലഫിസം ആദര്‍ശവും നിലപാടുകളും

ഡോ. യാസിര്‍ ഖാദി

സലഫിസത്തിന് നിര്‍ണിതമായ ഒരു നിര്‍വചനം ഇതുവരെ നല്‍കപ്പെട്ടിട്ടില്ല. ആധുനിക സലഫീധാരയുടെ ഉത്ഭവം, സവിശേഷത, വ്യത്യസ്ത സലഫീ ഗ്രൂപ്പുകളുടെ ആശയ വ്യതിരിക്തതകള്‍, ഇസ്‌ലാമിനും ലോക സമൂഹത്തിനും അവരുടേതായ അനുകൂലവും പ്രതിലോപപരവുമായ സംഭാവനകള്‍ എന്നിവയാണ് ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ആധുനിക സാഹചര്യത്തില്‍, വിശിഷ്യാ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇസ്‌ലാമിന്റെ ആദ്യകാലാനുയായികളുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തുകവഴി പ്രവാചക മാതൃകയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തെക്കുറിക്കുന്ന ഇസ്‌ലാമിക രീതിശാസ്ത്രമായാണ് 'സലഫി' എന്ന പദം പ്രയോഗിക്കപ്പെടുന്നത്. നബി(സ)യോടും ഖുര്‍ആന്‍ അവതരണ ഘട്ടത്തോടും ഏറ്റവും സമീപസ്ഥരാണ് എന്നതിനാല്‍ തിരുസുന്നത്തിന്റെ അനുകരണീയമായ മാതൃക പ്രവാചകനു ശേഷമുള്ള മൂന്ന് തലമുറകളില്‍ കണ്ടെത്താം എന്ന വിഭാവനയാണ് അതിനു കാരണം.

ഒരു രീതിശാസ്ത്രത്തെക്കുറിക്കുന്നു എന്നതുകൊണ്ടുതന്നെ ഈ സംജ്ഞ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലോ വിശ്വാസി സമൂഹത്തിലോ മാത്രമായി ചുരുങ്ങുന്നില്ല. 12-ലധികം ഗ്രൂപ്പുകള്‍ സ്വയം 'സലഫി' എന്നു പരിചയപ്പെടുത്തുകയോ  അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നതിനെ അംഗീകരിക്കുകയോ ചെയ്യുന്നു. ഓരോ ഗ്രൂപ്പും സലഫീധാരയുടെ യഥാര്‍ഥ വക്താക്കള്‍ എന്നവകാശപ്പെടുകയും ഇതരരുടെ സലഫീധാരാ പ്രാതിനിധ്യത്തെ തള്ളിക്കളയുകയും ചെയ്യുന്നുവെന്നത് ശ്രദ്ധാര്‍ഹമാണ്. ഈ ഗ്രൂപ്പുകളുടെ അനുകൂല-പ്രതികൂല വാദങ്ങളെ ആഴത്തില്‍ പഠിച്ചാല്‍ ആധുനിക സലഫിസത്തിന്റെ സംക്ഷിപ്തമായ ഒരു വിവരണം ലഭിക്കും.

 

പൊതു നിലപാടുകള്‍

എല്ലാ സലഫീവിഭാഗങ്ങളെയും ഏകോപിപ്പിക്കുന്ന പൊതുവായ ചില സവിശേഷതകള്‍:

1. ഓരോ വിഭാഗവും ശരിയായ സലഫീപാത തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ദൈവശാസ്ത്ര വിധി തങ്ങളില്‍ നിക്ഷിപ്തമാണെന്ന് എല്ലാ ഗ്രൂപ്പും ഒരുപോലെ കരുതുന്നു.

2. ദൈവിക നാമങ്ങളുടെ ഉപമാപരമോ പ്രതീകാത്മകമോ ആയ എല്ലാത്തരം വ്യാഖ്യാനങ്ങളെയും ഒരുപോലെ തള്ളിക്കളയുന്നു.

3. ആരാധിക്കപ്പെടാനുള്ള നിരുപാധികമായ അവകാശം അല്ലാഹുവിനു മാത്രമാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. തൗഹീദിനെതിരെയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ എല്ലാ പ്രവണതകളെയും എതിര്‍ക്കുന്നു എന്നതിനാല്‍ തന്നെ മരണപ്പെട്ടവരുടെ മാധ്യസ്ഥത, തീവ്രമായ സൂഫീ മഹദ്‌വത്കരണം എന്നു തുടങ്ങിയ കടമെടുക്കപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ അവര്‍ ഐകകണ്‌ഠ്യേന വിമര്‍ശനവിധേയമാക്കുന്നു.

4. എല്ലാത്തരം ബിദ്അത്തുകളെയും എതിര്‍ക്കുകയും അവ ചെയ്യുന്നവരില്‍നിന്ന് അകലം പാലിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷം സ്വഹാബികളുടെയും ചര്യയില്‍നിന്ന് ഭിന്നമായതുകൊണ്ട് ശീഈസത്തോട് കടുത്ത എതിര്‍പ്പാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.

5. ഫിഖ്ഹീ- ദൈവശാസ്ത്ര വിഷയങ്ങളില്‍ എല്ലാ വിഭാഗവും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെ  അവലംബിക്കുന്നു. സലഫീ ചിന്താധാരയെ നബി(സ)യിലേക്ക് കോര്‍ത്തിണക്കുന്നതിനാല്‍ ഇബ്‌നു തൈമിയ്യയെ ആധുനിക സലഫീപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി ആരും തന്നെ പരിഗണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

ഭിന്ന നിലപാടുകള്‍

ഏകാഭിപ്രായമുള്ള ഈ കാര്യങ്ങളേക്കാള്‍ നിരവധി വിഷയങ്ങളില്‍ സലഫീ ഗ്രൂപ്പുകള്‍ വ്യത്യസ്താഭിപ്രായക്കാരാണ്. അവയില്‍ ഏറ്റവും പ്രധാനമായവ:

1. മദ്ഹബ് പിന്തുടരേണ്ട ആവശ്യകതയും അതിന്റെ നിയമ സാധുതയും.

ഈ വിഷയത്തില്‍ വ്യത്യസ്താഭിപ്രായക്കാരാണിവര്‍. അവര്‍ക്കിടയില്‍ സംഘര്‍ഷത്തിനും ഇത് കാരണമായിട്ടുണ്ട്.

എ). ചരിത്രപരമായി ഇബ്‌നുഹസമിന്റെ ളാഹിരീചിന്താധാരയാണ് മദ്ഹബിന്റെ മഹത്‌വത്കരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. ആധുനിക മദ്ഹബ്‌വിരുദ്ധ നിലപാടിന്റെ ചരിത്രം ചെന്നെത്തുന്നത് സന്‍ആനി(മരണം 1182), ശൗക്കാനി (മരണം 1250), സിദ്ദീഖ് ഹസന്‍ ഖാന്‍ (മരണം 1307), നാസിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയ പ്രഗത്ഭരെ സ്വാധീനിച്ച മുഹമ്മദ് ഹയാത്തുല്‍ സിന്ധി(മരണം 1163)യിലേക്കാണ്.

ബി). പ്രോത്സാഹിപ്പിക്കപ്പെടാത്തതും എന്നാല്‍ നിയമസാധുതയുള്ളതും:

ചില സലഫീ പ്രസ്ഥാനങ്ങള്‍ തെളിവിന്റെ സാന്നിധ്യത്തില്‍ അവശ്യഘട്ടത്തില്‍ ഒരു മദ്ഹബിനെ പിന്‍പറ്റാന്‍ സാധാരണക്കാരനെ അനുവദിക്കുന്നു.

സി). അനുവദനീയം:

മുസ്‌ലിം ലോകത്തിലെ സിംഹഭാഗവും ഏതെങ്കിലും ഒരു മദ്ഹബിനെ പിന്‍പറ്റേണ്ടത് നിര്‍ബന്ധമെന്നോ ആവശ്യമെന്നോ കരുതുന്നവരാണ്. ചില സലഫീഘടകങ്ങളിലും ഈ ചിന്ത നിലനില്‍ക്കുന്നതായി കാണാം. അല്‍ സിന്ധിയുടെ ദൈവശാസ്ത്ര വ്യാഖ്യാനത്തില്‍ ആകൃഷ്ടനായ ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് പക്ഷേ, ഹമ്പലീ ഫിഖ്ഹിന്റെ അനുയായിയായിരുന്നു. ഒരു മദ്ഹബിന്റെ പരിരക്ഷയിലുള്ള ഇസ്‌ലാമിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സ്തുത്യര്‍ഹവും നിയമസാധുതയുമുള്ളതുമാണെന്നാണ് ശൈഖ് ഇബ്‌നു അബ്ദില്‍ വഹാബിന്റെ വീക്ഷണം.

2. മുബ്തദിഉകളോടുള്ള നിസ്സഹകരണം:

സൈദ്ധാന്തികമായി എല്ലാ സലഫീ ഗ്രൂപ്പുകളും ബിദ്അത്തിനോടും മുബ്തദിഉകളോടും ശക്തമായി വിയോജിപ്പു പുലര്‍ത്തുന്നവരാണ്. എന്നാല്‍ പ്രായോഗികതലത്തില്‍ ഈ നിസ്സഹകരണത്തിന്റെ രീതിയിലും ഉദ്ദേശ്യത്തിലും അവര്‍ ഭിന്നാഭിപ്രായമുള്ളവരാണ്.

ഇവരില്‍ ഏറ്റവും കടുത്ത നിലപാട് സ്വീകരിക്കുന്നവര്‍, ബിദ്അത്തിനോട് സഹകരിക്കുന്നവരുടെ ഒരു കണ്ണിതന്നെ സൃഷ്ടിക്കുകയും ഇവരെല്ലാവരും ബിദ്അത്ത് ചെയ്യുന്നവര്‍ എന്ന വാദത്തിലേക്കെത്തുകയും ചെയ്യുന്നു. അഥവാ മുബ്തദിഇനെ അനുഗമിക്കുന്നവരെ ആരെങ്കിലും അനുഗമിച്ചാലോ സഹകരിച്ചാലോ അവരും ബിദ്അത്തില്‍ അകപ്പെട്ടു എന്ന തീര്‍പ്പിലെത്തുന്നു. സുഊദി പണ്ഡിതന്‍ റബീഉ ബ്‌നു ഹാദി അല്‍ മദ്ഖലിയുടെ ശിഷ്യഗണങ്ങളുടെ രീതിശാസ്ത്രമാണിത്. റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ ആധികാരികതയെക്കുറിക്കുന്ന ഹദീസ് പഠനത്തിലെ 'അല്‍ ജര്‍ഹ് വത്തഅ്ദീല്‍' എന്നതിന്റെ അനുബന്ധമായാണ് ശൈഖ് മദ്ഖലി ഇതിനെ വീക്ഷിക്കുന്നത്. മദ്ഖലീ ഗ്രൂപ്പിന്റെ പ്രശസ്തി ക്ഷയിച്ചുവെങ്കിലും മറ്റു പല സലഫികളും ഈ തീവ്ര നിലപാട് തുടര്‍ന്നുപോരുന്നു. വ്യത്യസ്ത വീക്ഷണമുള്ളവരെ തങ്ങളുടെ കൂട്ടായ്മകളിലേക്കും സമ്മേളനത്തിലേക്കും ക്ഷണിക്കാതിരിക്കുന്ന തലത്തോളം ആ തീവ്രത വളര്‍ന്നിരിക്കുന്നു. എന്നാല്‍ മറ്റു ചില സലഫീപണ്ഡിതര്‍ സൗമ്യ വീക്ഷണമുള്ളവരാണ്. ശീഈകളൊഴികെ ദയൂബന്ദികളടക്കം പലരുമായും സഹകരണത്തിന് അവര്‍ തയാറാണ്.

3. കര്‍മം വിശ്വാസത്തിന്റെ ഭാഗമാണോ എന്ന വിഷയത്തിലെ ഭിന്നത.

ഈമാനിന്റെ അര്‍ഥതലങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ആപേക്ഷികമായി ആധുനികമാണ്. '90-കളുടെ അന്ത്യത്തില്‍ നാസിറുദ്ദീന്‍ അല്‍ബാനി ഈ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 'വിശ്വാസത്തിന്റെ അനിവാര്യ ഘടകമായി കര്‍മത്തെ പരിഗണിക്കേണ്ടതില്ല' എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു മറുപടിയായി സഫര്‍ അല്‍ ഹവാലി 'ദാഹിറത്തുല്‍ ഇര്‍ജാ' എന്ന കൃതിയില്‍ അല്‍ബാനി 'മുര്‍ജിആ' നിലപാടില്‍ ആകൃഷ്ടനായെന്ന് എഴുതുകയുണ്ടായി. അല്‍ബാനിയുടെ നേതൃത്വത്തിലുള്ള ജോര്‍ദാനിയന്‍ സലഫീധാരയും സുഊദി മുഖ്യധാരയും തമ്മിലുള്ള ശക്തമായ വാദപ്രതിവാദത്തിന് '90-കളുടെ അന്ത്യപാദം സാക്ഷ്യം വഹിച്ചു.

4. ഇസ്‌ലാമിക ഭരണാധികാരിക്കുള്ള വിധേയത്വവും അനുസരണയും രാഷ്ട്രീയ പ്രവര്‍ത്തനവും.

സലഫീ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും വിവാദപരമായ വിഷയമാണിത്. രാഷ്ട്രീയ പ്രവര്‍ത്തനവും മുസ്‌ലിം ഭരണാധികാരികള്‍ക്കുള്ള വിധേയത്വവും അനുസരണ പ്രതിജ്ഞയുടെ ആവശ്യകതയും അസാധുവായ ഭരണാധികാരിയുടെ ഇസ്‌ലാമുമെല്ലാം പ്രക്ഷുബ്ധമായ സമകാലിക സാഹചര്യത്തില്‍ സലഫീ പണ്ഡിതര്‍ കൈകാര്യം ചെയ്യുന്ന ദൈവശാസ്ത്ര മേഖലകളാണ്. ഈ അഭിപ്രായങ്ങള്‍ സംക്ഷിപ്ത രൂപത്തില്‍:

എ). നിയമാനുസൃത ഭരണാധികാരിയെ വിമര്‍ശിക്കുന്നത് പാപവും വ്യതിചലനവുമാണ്. മുഖ്യധാരാ സുഊദി സലഫികളും മദ്ഖലികളും തീവ്ര ഭരണകൂടാനുകൂലികളാണ്.

ഇവരുടെ ഭരണകൂടപക്ഷ നിലപാട് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് എന്ന് ചിന്തിക്കാതെ, ധനമോഹമാണ് ഇതിന്റെ ഉള്‍പ്രേരണ എന്ന തെറ്റിദ്ധാരണയിലകപ്പെടുകയാണ് പലരും. ഗവണ്‍മെന്റിന്റെ ധനസഹായം എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ, സുഊദി സ്വദേശികളല്ലാത്ത പല സലഫികളും ഫണ്ടിംഗ് സ്വീകരിക്കാതെത്തന്നെ ഈ വീക്ഷണം പുലര്‍ത്തുന്നവരാണ്. 'നിയമാനുസൃത ഭരണാധികാരിയെ അനുസരിക്കുക' എന്ന ക്ലാസിക്കല്‍ സുന്നി വിശ്വാസപ്രമാണമാണ് ഇതിന്റെ അടിസ്ഥാനം. തൗഹീദിനെയും പ്രവാചകചര്യയെയും സംരക്ഷിക്കുന്നു എന്നതിനാല്‍, മറ്റുള്ള തെറ്റുകള്‍ കൂടുതല്‍ പ്രധാനമല്ല എന്നും സുഊദി ഗവണ്‍മെന്റിനെ അംഗീകരിക്കുന്നതാണ് ശരി എന്നുമുള്ള നിലപാടാണ് ഈ ഗ്രൂപ്പുകള്‍ സ്വീകരിക്കുന്നത്.

ബി). ഭരണാധികാരിയെ ചോദ്യം ചെയ്യുന്നതും ഉപദേശിക്കുന്നതും 'നന്മ കല്‍പിക്കുക, തിന്മ നിരോധിക്കുക' എന്നതിന്റെ അനുബന്ധമാണ്. ചില സലഫികള്‍ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് 'നന്മ കല്‍പിക്കുക, തിന്മ നിരോധിക്കുക' എന്ന ഇസ്‌ലാമികാശയത്തിന്റെ നിയമാനുസൃതവും അത്യാവശ്യവുമായ അനുബന്ധമായി കാണുന്നു. 'അതിക്രമിയെ അക്രമം ചെയ്യുന്നതില്‍നിന്ന് തടയുക' എന്ന ഇസ്‌ലാമിക തത്ത്വവുമായി ഈ വിഷയത്തെ താരതമ്യം ചെയ്യുന്നു. സുഊദി അറേബ്യയിലെ സഹ്‌വ പണ്ഡിതരാണ് ഇതിനു ഉദാഹരണം.

സി). മുസ്‌ലിം നാടുകളിലെ എല്ലാ ഭരണാധികാരികളുടെയും നിയമസാധുതയെ ചോദ്യം ചെയ്യുക. ശരീഅത്ത് അനുസരിച്ച് വിധികല്‍പ്പിക്കാത്ത എല്ലാ മുസ്‌ലിം ഭരണാധികാരികളും അസാധുവാണെന്നും അവിശ്വാസികളായി അവര്‍ പരിഗണിക്കപ്പെടുമെന്നും ചില സലഫികള്‍ അഭിപ്രായപ്പെടുന്നു. ശക്തിയുപയോഗിച്ച് അവരുടെ നിയമാധികാരത്തെ എതിര്‍ക്കേണ്ടതാണെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ മതവിധി യുക്തിപരമായി 'തക്ഫീറി'ലേക്കാണ് എത്തിച്ചേരുന്നത്.

5. തക്ഫീര്‍: ഒരു മുസ്‌ലിമിന്റെ വിശ്വാസത്തെ, വിശിഷ്യാ ശരീഅത്ത് അനുസരിച്ച് വിധികല്‍പിക്കാത്ത ഭരണാധികാരിയെ 'കാഫിറാ'യി പ്രഖ്യാപിക്കല്‍.

ഈ വിഷയത്തിലും വ്യത്യസ്താഭിപ്രായമാണ് ഇവര്‍ക്കുള്ളത്: 

എ). സെക്യുലര്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന മുസ്‌ലിം ഭരണാധികാരികള്‍ വിശ്വാസികള്‍ തന്നെയാണ്. ശൈഖ് ഇബ്‌നുബാസ്, അല്‍ബാനി തുടങ്ങിയവര്‍, ചില നിര്‍ണിത ഘട്ടങ്ങളില്‍ സെക്യുലര്‍ വിധി നടപ്പിലാക്കുന്ന ഭരണാധികാരികള്‍ വിശ്വാസികള്‍തന്നെ എന്നഭിപ്രായക്കാരാണ്. ചെയ്യുന്നത് പാപമാണെങ്കിലും ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് അവര്‍ പുറത്തുകടക്കുന്നില്ലെന്ന് അവര്‍ വിധിക്കുന്നു.

ബി). ഇങ്ങനെയുള്ള ഭരണാധികാരികള്‍ മുസ്‌ലിംകളായി പരിഗണിക്കപ്പെടുമെന്നും സമൂഹത്തിന്റെ പൊതു നന്മക്കു വേണ്ടി അനുസരിക്കപ്പെടണമെന്നും ചില സലഫീ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അല്ലാഹുവിന്റേതല്ലാത്ത വിധി കല്‍പിക്കുന്നത് കുഫ്ര്‍ തന്നെയാണ്. ശൈഖ് മുഹമ്മദുബ്‌നു സ്വാലിഹ് അല്‍ ഉസൈമീനെ പോലുള്ളവരുടെ കാഴ്ചപ്പാടാണിത്.

സി). സെക്യുലര്‍ നിയമം നടപ്പിലാക്കുന്ന ഭരണാധികാരികള്‍ കുഫ്‌റിലകപ്പെട്ടു, അവരുടെ ഭരണം അസാധുവായിത്തീര്‍ന്നിരിക്കുന്നു, അതിനാല്‍തന്നെ അവരുടെ വിശ്വാസം നിരാകരിക്കപ്പെട്ടു, അവരോടുള്ള അനുസരണ പ്രതിജ്ഞ അസാധുവായി എന്ന് കരുതുന്നവര്‍. അബൂ മൂസ അല്‍ മഖ്ദിസി, അബൂ മിസ്അബ് അല്‍ സൂരി തുടങ്ങിയവരെ പോലുള്ള സലഫീ പണ്ഡിതരുടെ വീക്ഷണമാണിത്. ഇവരുടെ രചനകള്‍ തീവ്ര സലഫികളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

6. ജിഹാദ്:

ഭൂരിപക്ഷം സലഫീ ഗ്രൂപ്പുകളും സമാധാനവാദികളാണെങ്കിലും ഒരു ചെറിയ ന്യൂനപക്ഷം സായുധ നിലപാട് സ്വീകരിക്കുന്നവരാണ്. സായുധ ജിഹാദ്, സമുദായത്തിലെ ചില ഘടകങ്ങള്‍ക്ക്, അല്ലെങ്കില്‍ മുസ്‌ലിം ഉമ്മത്തിലെ യോഗ്യരായ എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. മുസ്‌ലിം നാടുകളില്‍നിന്ന് സെക്യുലര്‍ ഭരണാധികാരികളെ ഇല്ലായ്മ ചെയ്യുക, മുസ്‌ലിം നാടുകളില്‍ സായുധമായി ഇടപെടുന്ന അമുസ്‌ലിം ഭരണകൂടവുമായി  നിരന്തം ഏറ്റുമുട്ടുക എന്നിവയാണ് ഈ വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങള്‍.

സ്വാഭാവികമായും അനിസ്‌ലാമികവിധി, മുസ്‌ലിം ഭരണാധികാരികളുടെ വിശ്വാസം, ജിഹാദ് എന്നിവ പരസ്പര ബന്ധിതമാണ്. ഇവയില്‍ ഏറ്റവും കടുത്ത നിലപാട് സ്വീകരിക്കുന്നവര്‍ തക്ഫീരീ ചിന്തയിലേക്ക് എത്തിച്ചേരുകയും അത് സായുധ ജിഹാദിന് അടിത്തറയൊരുക്കുകയും ചെയ്യുന്നു.

 

പ്രമുഖ സലഫീ ഗ്രൂപ്പുകള്‍

1. മുഖ്യധാരാ സുഊദി സലഫിസം: ഏറ്റവും വലുതും പ്രശസ്തവുമായ ഗ്രൂപ്പ്. സുഊദി പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നു. ഇവര്‍ മിക്കവരും ഹമ്പലീ മദ്ഹബിനെ അനുഗമിക്കുന്നവരും സമാധാനവാദികളും ഭരണകൂടപക്ഷവാദികളുമാണ്. തക്ഫീര്‍ വിധികളോട് അകലം പാലിക്കുകയും ജിഹാദീ ഗ്രൂപ്പുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നവരാണിവര്‍.

2. ശൈഖ് അല്‍ബാനിയുടെ ജോര്‍ദാനിയന്‍ വിഭാഗം: അനുയായികളുടെ കാര്യത്തില്‍ പ്രധാനപ്പെട്ട വിഭാഗമാണിവര്‍. തീവ്ര മദ്ഹബ്‌വിരുദ്ധരും കണിശമായ തെളിവിന്റെ അടിസ്ഥാനത്തിലുള്ള കര്‍മശാസ്ത്രത്തിനായി വാദിക്കുന്നവരുമാണിവര്‍. ഭരണവര്‍ഗവുമായോ ജിഹാദീ സലഫികളുമായോ ഇടയാത്ത സമാധാനവാദികളാണിവര്‍. ഫിഖ്ഹിന്റെ കാര്യത്തില്‍ കടുത്ത അക്ഷരവാദികളും ബിദ്അത്തിനെതിരെ തീവ്ര നിലപാട് സ്വീകരിക്കുന്നവരുമാണിവര്‍. മറ്റു സലഫീ ഗ്രൂപ്പുകള്‍ നിരുപദ്രവമെന്നു കരുതുന്ന കാര്‍പെറ്റിലെ അടയാളങ്ങള്‍, മിമ്പറില്‍ മൂന്ന് സ്റ്റെപ്പില്‍ കൂടുതല്‍ വെക്കല്‍ എന്നു തുടങ്ങിയ കാര്യങ്ങളില്‍ കണിശത കാണിക്കുന്നവരാണ് ഈ വിഭാഗം.

3. സഹ്‌വ പ്രസ്ഥാനം: ഭരണകൂടത്തോട് ഇടയാതെ തന്നെ സമാധാനപരമായി രാഷ്ട്രീയ പരിഷ്‌കരണത്തിനു വേണ്ടി വാദിക്കുന്നവരാണിവര്‍. 'സഹ്‌വ' എന്ന പദം 'ആക്ടിവിസ'ത്തെക്കുറിക്കുന്നു. ആദ്യ ഗള്‍ഫ് യുദ്ധത്തിനും 1990-കളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലും ഉടലെടുത്ത സജീവ രാഷ്ട്രീയ ഇടപെടലുകളുള്ള സലഫീ ധാരയാണ് സഹ്‌വ. ശൈഖ് സഫര്‍ ഹവാലി, ഡോ. സല്‍മാനുല്‍ ഔദ എന്നിവരാണ് ഇതിന് നേതൃത്വം കൊടുത്തത്. ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ്. നല്ലൊരു ശതമാനം യുവനിരയെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് സഹ്‌വ പണ്ഡിതര്‍ യുദ്ധത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അമേരിക്കന്‍ ഇടപെടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. മുഖ്യധാരാ സലഫീ പണ്ഡിതര്‍ക്കിടയില്‍ വിള്ളലിന് ഈ വീക്ഷണം കാരണമായിട്ടുണ്ട്.  മദ്ഖലീവിഭാഗം സഹ്‌വ പണ്ഡിതരെ 'ഖുത്വ്ബികള്‍' എന്നാണ് വിളിക്കാറുള്ളത്. സഫര്‍ അല്‍ ഹവാലി പോലുള്ളവരില്‍ സയ്യിദ് ഖുത്വ്ബിന്റെയും മുഹമ്മദ് ഖുത്വ്ബിന്റെയും ചിന്തകളുടെ സ്വാധീനമുണ്ടെന്നാണ് അവരുടെ വാദം.

4. മദ്ഖലീവിഭാഗം: സുഊദി പണ്ഡിതരിലെ ഒരു ചെറിയ വിഭാഗമാണിവര്‍. സലഫീ ചിന്താധാരയില്‍ ഏറ്റവും കടുത്ത വീക്ഷണം സ്വീകരിക്കുന്നു ഇവര്‍. വ്യക്തികളുടെ ഈമാനിനെയും അചാരാനുഷ്ഠാനങ്ങളെയും അളന്ന് 'മന്‍ഹജി'ലാണോ എന്ന് ചുഴിഞ്ഞന്വേഷിക്കുന്നതിനാല്‍ മദ്ഖലികള്‍ക്കിടയില്‍തന്നെ ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

മദ്ഖലീ വിഭാഗം ക്ഷയിക്കാനുള്ള കാരണങ്ങളില്‍ അതിപ്രധാനമായവ:

1. മദ്ഖലീ വിഭാഗത്തിന്റെ വീക്ഷണങ്ങള്‍ തീവ്രവും അസഹിഷ്ണുതയുളവാക്കുന്നതും മുഴുവന്‍ സലഫീ ധാരകള്‍ക്കും മങ്ങലേല്‍പിക്കുന്നതുമായിരുന്നു. ഈ വിഭാഗത്തോട് സഹകരിക്കുന്ന പണ്ഡിതര്‍ പോലും ഇവരുടെ തീവ്രതയെ എതിര്‍ത്തിട്ടുണ്ട്.

2. മദ്ഖലീ ഗ്രൂപ്പില്‍ ആകൃഷ്ടരായി പലരും സലഫീ ചിന്താരീതി ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ മതപരത ഉപേക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഈ പ്രവണത സലഫീ എരിച്ചുകളയല്‍ (ടമഹമളശ ആൗൃിീൗ)േ എന്ന പേരില്‍ പ്രശസ്തമാണ്.

3. ഈ ഗ്രൂപ്പിന്റെ ഭരണകൂടപക്ഷ നിലപാടു കാരണം 1990-കളില്‍ സുഊദി ഭരണകൂടം മദ്ഖലീ ഗ്രൂപ്പിനെ അകമഴിഞ്ഞു സഹായിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പിന്റെ ചിന്തകളുടെ പാര്‍ശ്വഫലങ്ങള്‍ ഭരണകൂടത്തിന് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ സുഊദി ഗവണ്‍മെന്റ് പിന്തുണ പിന്‍വലിക്കുകയാണ് ചെയ്തത്. സുഊദി സ്വദേശികളിലും പടിഞ്ഞാറന്‍ വംശജരായ പ്രവാസികളിലും നവ മുസ്‌ലിംകളിലുമായി മദ്ഖലീചിന്ത കൂടുതലായി അവശേഷിച്ചു. മുതിര്‍ന്ന ആദരണീയരായ പണ്ഡിതരെ ചോദ്യം ചെയ്യാം എന്ന സൗകര്യത്തിലാണ് ഇവര്‍ ആകൃഷ്ടരായത്.

5. ഈജിപ്ഷ്യന്‍ സലഫിസം: വിവിധ അഭിപ്രായങ്ങളെ പ്രതിനിധീകരിക്കുന്ന ഈ വിഭാഗം അറബ് വസന്താനന്തരം അവ്യവസ്ഥമായ നിലയിലാണ്. അല്‍ബാനിയുടെ ചിന്താഗതി സ്വാധീനിച്ചവരായതിനാല്‍ സ്വാഭാവികമായും ഫിഖ്ഹില്‍ അക്ഷരവാദികളാണ്. ഈജിപ്ഷ്യന്‍ സലഫികള്‍ക്കിടയില്‍ മദ്ഖലീ ഗ്രൂപ്പിന്റെ സ്വാധീനമുള്ളവരുമുണ്ട്. മറ്റെല്ലാ രാഷ്ട്രങ്ങളിലുമെന്നപോലെ അവര്‍ വിഭിന്ന രാഷ്ട്രീയ വീക്ഷണഗതിയുള്ളവരാണ്. ഇവരില്‍ പ്രമുഖരായ നൂര്‍ പാര്‍ട്ടി സീസി പക്ഷ നിലപാട് സ്വീകരിച്ചവരാണ്. എന്നാല്‍, ചിലര്‍ അരാഷ്ട്രീയവാദികളും ചിലര്‍ ഭരണകൂട വിമര്‍ശകരുമാണ്. ഈജിപ്ഷ്യന്‍ സലഫികള്‍ക്കിടയില്‍ പുനര്‍ വിചാരണ ശക്തമായതിനാല്‍ അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളെക്കുറിച്ച കൃത്യമായ നിര്‍ണയം ഇനിയും രൂപപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നത്.

6. തക്ഫീരീ സലഫികള്‍: ശരീഅത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിധി കല്‍പിക്കുന്ന ഭരണാധികാരികള്‍ക്കെതിരെയാണ് പ്രധാനമായും ഇവരുടെ തക്ഫീരീ പ്രഖ്യാപനം. എന്നാല്‍ സമയവും സാഹചര്യവും ശരിയല്ലാത്തതിനാല്‍ അവര്‍ ജിഹാദ് പ്രഖ്യാപിക്കുന്നില്ല. മുസ്‌ലിം നാടുകളിലെ പാശ്ചാത്യാധിനിവേശം, മുസ്‌ലിം ഭരണകര്‍ത്താക്കളുടെ കാപട്യം തുടങ്ങിയവ വിഷയീഭവിക്കാറുണ്ട്. സൂക്ഷ്മ പരിശോധനയൊന്നും കൂടാതെ 'അല്‍ വലാ വല്‍ ബറാ' (വിധേയത്വവും വിസമ്മതവും) എന്ന ഇസ്‌ലാമിക തത്ത്വത്തെ പടിഞ്ഞാറിനെതിരെ ആയുധമെടുക്കുന്ന എല്ലാ വിഭാഗത്തെയും പിന്തുണക്കാന്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്. തക്ഫീരീ നിലപാടിനെ വിമര്‍ശിക്കുന്നവരെ മുനാഫിഖുകളെന്നും കാഫിറുകളെന്നും വിളിച്ച് അധിക്ഷേപിക്കുന്നു. വീക്ഷണങ്ങളുടെ കഠിനതയുടെ കാര്യത്തില്‍ മദ്ഖലീ ചിന്താഗതിയോട് സാമ്യതയുണ്ടെങ്കിലും മുസ്‌ലിം ഭരണകൂടത്തോടുള്ള വിഷയത്തില്‍ അവരോട് ശക്തമായ വിയോജിപ്പാണുള്ളത്. മുഹമ്മദ് അല്‍ മഖ്ദിസി, അബൂ മിസ്അബ് അല്‍ സൂരി, 2012-ല്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പണ്ഡിതന്‍ അന്‍വര്‍ അല്‍ ഔലകി എന്നിവര്‍ ഇതില്‍ പ്രമുഖരാണ്. ഈ ഗ്രൂപ്പിലെ ഭൂരിപക്ഷവും സായുധ ജിഹാദില്‍ ഇടപെടുന്നില്ലെങ്കിലും അവരുടെ രചനകള്‍ റാഡിക്കല്‍ സലഫി വീക്ഷണത്തിന് അടിത്തറയൊരുക്കുന്നുണ്ട്.

7. റാഡിക്കല്‍ ജിഹാദി സലഫികള്‍: റാഡിക്കലായ മതശാസ്ത്ര വിഭാവനയും തീവ്ര രാഷ്ട്രീയ വീക്ഷണവുമുള്ള അല്‍ഖാഇദ, ഐ.എസ്.ഐ.എസ് തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നു. മതവീക്ഷണത്തില്‍ സലഫീധാരയാണെങ്കിലും ഭൂരിപക്ഷം സലഫികളും ഇവരുടെ ഹിംസാത്മകതയെ എതിര്‍ക്കുന്നവരാണ്. മറ്റു സലഫീ പ്രസ്ഥാനങ്ങളുടെ പ്രധാന വിഷയങ്ങള്‍ അവഗണിക്കുകയും ജിഹാദിന് അസാധാരണ സ്ഥാനം കല്‍പിക്കുകയും ചെയ്യുന്നവരാണിവര്‍. 1980-കളിലെ ആദ്യ പാദങ്ങളില്‍ സുഊദി സലഫിസത്തിന്റെയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും അവാന്തര വിഭാഗങ്ങളില്‍നിന്നുണ്ടായവരാണ് ഈ ഗ്രൂപ്പുകള്‍ എന്നത് ശ്രദ്ധേയമാണ്.

 

സലഫിസത്തിന്റെ ഗുണവശങ്ങള്‍

മഹിതമായ ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിക്കുക എന്ന പ്രചോദനം തന്നെയാണ് സലഫിസത്തിന്റെ ഏറ്റവും വലിയ സവിശേഷത. 1990-കളില്‍ സലഫീ രീതിശാസ്ത്രം പിന്തുടരുന്ന പ്രമുഖരായ പല പണ്ഡിതര്‍ക്കും പാശ്ചാത്യ സമൂഹത്തിലെ നല്ലൊരു ശതമാനം മുസ്‌ലിം യുവതയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു.

 

ചില പ്രധാന സവിശേഷതകള്‍

1. മൗലിക പ്രമാണങ്ങള്‍ക്ക് നല്‍കുന്ന പ്രാമുഖ്യം: ആധ്യാത്മിക അനുഗ്രഹത്തിനു വേണ്ടി മാത്രമല്ലാതെ മാര്‍ഗനിര്‍ദേശത്തിനും ശരിയായ വിജ്ഞാനത്തിനും വേണ്ടിയും വിശുദ്ധ ഖുര്‍ആനെ സമീപിക്കണമെന്നാണ് സലഫീ മന്‍ഹജിന്റെ പ്രധാന പ്രഖ്യാപനം. തെറ്റിദ്ധാരണയിലകപ്പെടും എന്ന് ഭയപ്പെടുത്തി അണികളെ പ്രാമാണിക ഗ്രന്ഥങ്ങളെ സമീപിക്കുന്നതില്‍നിന്ന് അകറ്റിനിര്‍ത്തുന്ന യാഥാസ്ഥിതികരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ സമീപനമാണിത്. വിദഗ്ധരല്ലാതെ ഹദീസ് ഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന നിലപാടെടുക്കുകയും വിശുദ്ധ ഖുര്‍ആന്റെ അര്‍ഥവത്തായ 

പാഠങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ചില വിഭാഗങ്ങളില്‍ കാണാം.

2. പൂര്‍വികരെയോ ഏതെങ്കിലും ശൈഖിനെയോ അനുകരിക്കാതെ, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആനും ഹദീസും മുമ്പില്‍ വെച്ചുള്ള വിമര്‍ശനാത്മക ഇടപെടലിനെ സലഫിസം പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍തന്നെ 'കള്‍ച്ചറല്‍ ഇസ്‌ലാം' എന്നതില്‍നിന്ന് മുസ്‌ലിം സമൂഹത്തെ വിമോചിപ്പിച്ച് ശുദ്ധമായ ഇസ്‌ലാമിന്റെ തെളിമയിലേക്ക് നയിക്കാന്‍ സലഫീധാര ശ്രമിക്കുന്നു.

3. അല്ലാഹുവിന്റെ അധികാരം മറ്റു പലര്‍ക്കുമായി വീതിച്ചുനല്‍കുന്ന അന്ധവിശ്വാസങ്ങളെയും വീരാരാധനകളെയും സലഫിസം ശക്തമായി എതിര്‍ക്കുന്നു. അതിലൂടെ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളുടെ അകളങ്കിത ക്രമം നിലനിര്‍ത്തുക എന്നതാണ് സലഫിസം ലക്ഷ്യം വെക്കുന്നത്.

4. ഹദീസിന്റെ ആധികാരിക ഉറപ്പുവരുത്തുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സലഫീ ചിന്താധാരയുടെ സംഭാവന അനിഷേധ്യമാണ്. സലഫിസത്തോട് എതിര്‍പ്പുള്ളവര്‍ പോലും ഇപ്പോള്‍ ഹദീസ് ഉദ്ധരിക്കുമ്പോള്‍ ക്ലാസിക്കല്‍ കാലഘട്ടത്തിലെ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ഉപയോഗിച്ച് ആധികാരികത ഉറപ്പുവരുത്തുന്നത് കാണാം. ശൈഖ് അല്‍ബാനിയുടെ വൈജ്ഞാനിക സംഭാവന ഇവിടെ എടുത്തു പറയേണ്ടതാണ്.

5. ഇസ്‌ലാമിന്റെ വൈജ്ഞാനിക മേഖലകളിലെ പൊതുവായതും സംക്ഷിപ്തവുമായ അവബോധം. താരതമ്യേന സലഫികള്‍ ഉസ്വൂലുല്‍ ഫിഖ്ഹിന്റെ സ്ഥാനം, മുസ്ത്വലഹുല്‍ ഹദീസിന്റെ പ്രാധാന്യം, ഉലൂമുല്‍ ഖുര്‍ആന്റെ അടിസ്ഥാന ഘടനയും ആവശ്യകതയും എന്നു തുടങ്ങി പല അവശ്യ വിഷയങ്ങളിലും ധാരണയുള്ളവരായിരിക്കും. മറ്റേതൊരു വിഭാഗത്തേക്കാളും സലഫീ ധാര പിന്‍പറ്റുന്നവര്‍ക്ക് ഇസ്‌ലാമിക വൈജ്ഞാനിക ധാരണ കൂടുതലാണ് എന്നു പറയുന്നതായിരിക്കും ശരി.

6. സലഫികള്‍ ശുദ്ധമായ ദൈവശാസ്ത്രം കൈമുതലുള്ളവരാണ്. ഇല്‍മുല്‍ കലാമിന്റെ അടിസ്ഥാനത്തിലുള്ള അശ്അരിയ്യ, മാതുരീദിയ്യ ചിന്താസരണികളെക്കാള്‍ പുരാതനമായതാണ് 'ആസാരി' ചിന്താസരണി (ആദ്യ തലമുറകളിലെ ദൈവശാസ്ത്ര സരണി). ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകളിലെ കൃതികള്‍ (അഖീദ അത്തഹാവിയേക്കാള്‍ മുമ്പുള്ള കൃതികള്‍) ഇന്നും കാണാന്‍ സാധിക്കും. ഹിജ്‌റ നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ആസാരീ രീതിയായിരുന്നു ഏറ്റവും ശക്തമായിരുന്നത്. ആറാം നൂറ്റാണ്ടില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ കാരണം ഹമ്പലീ മദ്ഹബിലേക്ക് ഈ ചിന്താസരണി ഒതുക്കപ്പെട്ടെങ്കിലും ഇബ്‌നു തൈമിയ്യയുടെ വൈജ്ഞാനിക സംഭാവനയിലൂടെ ആസാരി ചിന്താസരണിക്ക് പുനര്‍ജീവന്‍ ലഭിച്ചു.

7. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വ്യാപനവും ഇസ്‌ലാമിക ലൈബ്രറികളുടെ പുനരുജ്ജീവനവും: ഇസ്‌ലാമിലെ എല്ലാ വിജ്ഞാനശാഖകളിലും ആയിരക്കണക്കിന് കൈയെഴുത്തു പ്രതികള്‍ പ്രസിദ്ധീകരിച്ച് ഗവേഷണ രംഗത്ത് ധാരാളം സംഭാവനകള്‍ നല്‍കാന്‍ സലഫിസത്തിന് കഴിഞ്ഞിട്ടുണ്ട്. സലഫീ വിമര്‍ശകരും അക്കാദമീഷ്യരും സലഫീ പബ്ലിഷിംഗ് ഹൗസുകളിലെ ഗ്രന്ഥങ്ങള്‍, ഓണ്‍ലൈന്‍ ഇസ്‌ലാമിക് റിസര്‍ച്ച് എഞ്ചിനുകള്‍, മറ്റു ഫോറങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തുന്നവരാണ്. ക്ലാസിക്കല്‍ പാരമ്പര്യത്തില്‍ ഊന്നുന്നതിനാല്‍ ലോകത്തുള്ള എല്ലാ ഇസ്‌ലാമിക് ലൈബ്രറികള്‍ക്കും സലഫീ പ്രസിദ്ധീകരണങ്ങളുടെ നല്ലൊരു ശതമാനം കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്.

8. ശിര്‍ക്കില്‍നിന്നും ബിദ്അത്തില്‍നിന്നും അകന്നുനില്‍ക്കല്‍. എല്ലാ സലഫീ ഗ്രൂപ്പുകളും ഒരുപോലെ ശിര്‍ക്കിലേക്ക് നയിക്കുന്ന എല്ലാറ്റില്‍നിന്നും അകലം പാലിക്കുന്നു. ബിദ്അത്തിനോടുള്ള അതിസൂക്ഷ്മത ഇസ്‌ലാമിന്റെ ആചാരാനുഷ്ഠാനങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അതിതീക്ഷ്ണമായ മുന്‍കരുതല്‍ (പലപ്പോഴും അത് പ്രശ്‌നമാകുമെങ്കിലും) മറ്റു പല ചിന്താ പ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ച വ്യതിചലനത്തില്‍നിന്ന് സലഫീ ചിന്താസരണിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

പൊതുവായി പറഞ്ഞാല്‍ സലഫിസമെന്നത് മുസ്‌ലിംകളെ ഖുര്‍ആനിനോടും ഹദീസിനോടും ശരിയായ ബന്ധം വഴി ശക്തിപ്പെടുത്താനുള്ള ചലനാത്മകമായ പ്രസ്ഥാനമാണ്. അതിനാല്‍തന്നെ, വൈജ്ഞാനിക രംഗത്തെ ഏകാധിപത്യത്തെ വെല്ലുവിളിക്കുക, അന്ധമായ അനുസരണത്തെ ചോദ്യം ചെയ്യുക, മതനേതാക്കളുടെ അപച്യുതിയെ തിരുത്തുക എന്നീ ലക്ഷ്യങ്ങള്‍ക്ക് സലഫിസം അനുയായികളെ സജ്ജമാക്കുന്നു.

 

സലഫിസത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍

സലഫീ പ്രസ്ഥാനത്തിനും മറ്റേതിനെയും പോലെ തന്നെ വീഴ്ച സംഭവിക്കുക സ്വാഭാവികമാണ്. 'പ്ലാറ്റോനിക് യൂനിവേഴ്‌സല്‍' എന്ന പോലെ ശുദ്ധമായ സലഫിസം സംഭവ്യമല്ല. എല്ലാ മനുഷ്യരും തെറ്റു പറ്റാന്‍ സാധ്യതയുള്ളവരായതുപോലെ, ഇസ്‌ലാമിന്റെ ആദ്യ തലമുറകളെ അനുഗമിക്കുക എന്ന വാദത്തില്‍ വീഴ്ചകളും അസ്ഥിരതകളും സലഫീ പ്രസ്ഥാനത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.

'സലഫി'ന്റെ പല മൗലിക വിഷയങ്ങളിലുമുള്ള ധാരണകള്‍, സമകാലിക സലഫികളാല്‍ അവഗണിക്കപ്പെടുകയോ നേര്‍വിപരീതമായി ഭവിക്കുകയോ ചെയ്തിട്ടുണ്ട്. പല ആധുനിക വിഷയങ്ങളിലും 'സലഫി'ന്റെ ചര്യ പിന്തുടരുന്നതില്‍ രീതിശാസ്ത്രപരമായി അപൂര്‍ണത സംഭവിച്ചിട്ടുണ്ട്. ദേശ-രാഷ്ട്രങ്ങളിലെ പൗരത്വം, ജനാധിപത്യം, ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം തുടങ്ങിയ പല വിഷയങ്ങളിലുമുള്ള ആധുനിക സലഫീ പണ്ഡിതരുടെ നിലപാട് വെറും വ്യക്തിഗത ഫത് വകള്‍ മാത്രമാണ്. അവ ആദ്യകാല മൂന്ന് തലമുറകളുടെ വീക്ഷണമായി കണക്കാക്കാന്‍ സാധിക്കുകയില്ല.

സലഫീ പ്രസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍

1. അമൂര്‍ത്തവും ഇസ്‌ലാമിക സന്ദേശത്തിന് എതിരായതുമായ ദൈവശാസ്ത്ര സിദ്ധാന്തങ്ങളിലേക്ക് ഇസ്‌ലാമിക സംഹിതയെ തരംതാഴ്ത്തല്‍. ഇത് ഇസ്‌ലാമികാശയങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതിന് കാരണമാകുന്നു. ആസാരി രീതിയുടെ യഥാര്‍ഥ ലക്ഷ്യം അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ്. തൗഹീദും അല്ലാഹുവിന്റെ നാമങ്ങളും ഒരിക്കലും അവന്റെ സിംഹാസനത്തെക്കുറിച്ചോ മറ്റോ ചര്‍ച്ച ചെയ്യാനുള്ളതല്ല. മറിച്ച്, ദൈവസ്മരണ വര്‍ധിപ്പിക്കാനും അവനെ കൂടുതല്‍ സ്തുതിക്കാനും ശരിയായ രീതിയില്‍ ആരാധനകള്‍ നിര്‍വഹിക്കാനും അവന്റെ സുന്ദര നാമങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താനും വേണ്ടിയാണ്. ശരിയായ മതസിദ്ധാന്തങ്ങള്‍ ഉറപ്പുവരുത്തുന്നതിലൂടെ മാത്രം കൂടുതല്‍ ശരിയായ മുസ്‌ലിമിനെ രൂപപ്പെടുത്താന്‍ കഴിയണമെന്നില്ല. മതശാസ്ത്രത്തിലെ അമൂര്‍ത്തമായ വിഷയങ്ങളല്ല, പകരം നിര്‍ബന്ധ കാര്യങ്ങളും ആത്മീയതയുമാണ് അല്ലാഹു ചോദ്യം ചെയ്യുകയെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

2. ആത്മീയ വികാസത്തിലെ താല്‍പര്യക്കുറവും വ്യക്തിസംസ്‌കരണത്തിലെ അടിസ്ഥാനരഹിതമായ മടിയും. സലഫീ പ്രസ്ഥാനം ശരിയായ ആത്മീയതയോ വ്യക്തിത്വ സംസ്‌കരണമോ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട് എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ആത്മീയ ശുദ്ധീകരണത്തിനപ്പുറം 'ജര്‍ഹ് വത്തഅ്ദീല്‍' പോലുള്ള വിജ്ഞാനശാഖകളിലെ സലഫികളുടെ നിരന്തര ചിന്ത കൊഴിഞ്ഞുപോക്കിനു (Salafi Burnout)  കാരണമായിട്ടുണ്ട്. ഇതില്‍ പലരും സൂഫിസത്തിലാണ് ചെന്നു ചേരുക. അല്ലെങ്കില്‍ ഇസ്‌ലാമിനെ ജീവിതത്തില്‍നിന്നുതന്നെ അവര്‍ ഒഴിവാക്കിയെന്നും വരും.

3. മറ്റു മുസ്‌ലിംകളോടുള്ള ഒരുതരം കര്‍ക്കശ സ്വഭാവം. മുക്തിയും രക്ഷയും തങ്ങള്‍ക്ക് മാത്രം എന്നു വിശ്വസിക്കുന്നവരാണ് സലഫികള്‍. ഇത് ഒരു തരത്തില്‍ സാധാരണക്കാരായ സലഫികളില്‍ അഹന്തയും ദുരഭിമാനവും വളര്‍ത്താന്‍ കാരണമാകുന്നു.  ഖവാരിജുകളില്‍ നിക്ഷിപ്തമായ മത ദുരഭിമാനത്തെ ഓര്‍മപ്പെടുത്തുന്നതാണീ സ്വഭാവ സവിശേഷത. വ്യതിചലനത്തെയും മുസ്‌ലിംകളില്‍ വ്യതിചലിച്ചവരെയും വേഗത്തില്‍ തിട്ടപ്പെടുത്തുന്ന പ്രവണത ഇവരില്‍ ശക്തമാണ്. പല സാധാരണക്കാരായ സലഫികള്‍ക്കും ഋജുപാതയിലുള്ളവരേക്കാള്‍ വ്യതിചലിച്ചവരെ കൂടുതല്‍ അറിയാം. മദ്ഖലീ ചിന്താഗതിയുള്ളവരാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. അവരില്‍പെട്ട പല നവ മുസ്‌ലിംകള്‍ക്കും സലഫീ മന്‍ഹജിലെ പണ്ഡിതരെ നന്നായി അറിയുമെങ്കിലും, സ്വഹാബികളെക്കുറിച്ച് അവര്‍ പലപ്പോഴും അജ്ഞരായിരിക്കും. വ്യതിചലിച്ചവരെ അഭിസംബോധന ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാമെങ്കിലും, പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള ദിക്‌റുകളെക്കുറിച്ച് വിവരമുണ്ടായിരിക്കില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത് മദ്ഖലീ ചിന്താധാരയുടെ മാത്രം പ്രശ്‌നമല്ല. അപരന്റെ തെറ്റുകള്‍ കണ്ടെത്തുന്നതാണോ അതോ നന്മ പ്രസരിപ്പിക്കാനുള്ള മാതൃകയാണോ ഇസ്‌ലാമെന്നത് സലഫീ പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ടതുണ്ട്. 'മറ്റുള്ളവരുടേതിനേക്കാള്‍ സ്വന്തം തെറ്റുകളെക്കുറിച്ച് ചിന്തിക്കുന്നവനാണ് ഭാഗ്യവാന്‍' (മുസ്‌നദ് അല്‍ ബസ്സാര്‍).

4. മിക്ക സലഫികളും ബിദ്അത്തിനെയും മുബ്തദിഉകളെയും കുറിച്ച തീവ്രമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് മറ്റു മുസ്‌ലിംകളുടെ പരിഹാസത്തിന് കാരണമായിട്ടുണ്ട്. കാര്‍പെറ്റിലെ 'നമസ്‌കാര ലൈന്‍' ബിദ്അത്തില്‍ പെടുത്തുന്ന രീതി അതിതീവ്രമായ അക്ഷരവായനയാണെന്ന് സാധാരണ മുസ്‌ലിംകള്‍ പോലും കരുതുന്നു.

വ്യതിചലിക്കുന്നവരോടുള്ള നയനിലപാടാണ് മറ്റൊരു വിഷയം. സലഫികള്‍ ഖുര്‍ആനിനെയും സുന്നത്തിനെയും സമീപിക്കുന്നതുപോലെയാണ് സലഫുകളുടെ മതനിന്ദകരോടുള്ള വീക്ഷണത്തെയും കാണുന്നത്. സലഫുകളുടെ ഈ സമീപനം അടിസ്ഥാന പ്രമാണങ്ങളുടെയും അവരുടെ സാഹചര്യത്തിന്റെയും അടിത്തറയിലാണ് മനസ്സിലാക്കേണ്ടത്. ഏതൊരു പണ്ഡിതന്റെയും ഇങ്ങനെയുള്ള പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ സ്ഥലം, കാലം, സാഹചര്യം, വ്യക്തികള്‍, വ്യതിചലനം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. സലഫുകളുടെ മതവിധികള്‍ അവരുടെ കാലത്തേക്കുള്ള അവരുടെ ഇജ്തിഹാദാണ്. ആധുനിക സലഫികള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അമേരിക്ക ഏഴാം നൂറ്റാണ്ടിലെ ബഗ്ദാദല്ല എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മേല്‍ തക്ഫീര്‍ വിധി പുറപ്പെടുവിക്കുകയും വിസമ്മതിക്കുന്നവരോട് ബന്ധം വിഛേദിക്കുകയും വഴി മുസ്‌ലിം സമൂഹത്തില്‍ ധാരാളം ഭിന്നതക്ക് അവര്‍ വഴിവെച്ചു എന്നത് ദൗര്‍ഭാഗ്യകരമാണ്.

5. തെറ്റായ മുന്‍ഗണനകള്‍. പ്രയോജനപ്പെടുന്ന കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുക എന്നതാണ് പ്രവാചക രീതി. 'വ്യതിചലിച്ചവരോടുള്ള' വാദപ്രതിവാദത്തില്‍ അഭിരമിക്കുന്നവരാണ് ചില സലഫികള്‍. അവര്‍ ധാരാളം ഖണ്ഡന മണ്ഡനങ്ങളിലേര്‍പ്പെടുകയും അവരോടുള്ള ബന്ധം വിഛേദിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. പലതരം മതശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും, കാലികമായ പല വിഷയങ്ങളെയും അവഗണിക്കുന്നത് കാണാറുണ്ട്. ബഹുഭൂരിപക്ഷം മുസ്‌ലിം യുവത ഇത്തരം ദൈവശാസ്ത്ര സംവാദങ്ങളില്‍ താല്‍പര്യം കുറഞ്ഞവരാണ്. ഡാര്‍വിനിസം, സെക്യുലരിസം, പോസ്റ്റ് മോഡേണിസം, ലിബറലിസം എന്നു തുടങ്ങി നിരവധി ഇസങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക വിശ്വാസം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണവര്‍.

മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ആധുനിക സംസ്‌കാരത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും ആക്രമണം നേരിടുന്ന ഈ സാഹചര്യത്തില്‍ ഇസ്‌ലാമിനെ പ്രതിരോധിക്കാന്‍ മികവൊത്ത സലഫികളെ കണ്ടെത്തുക വളരെ പ്രയാസകരമാണ്. ഇത്തരത്തിലുള്ള വെല്ലുവിളികളെ സ്വീകരിക്കാന്‍ സലഫികള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മുഖ്യ ഹേതു. വീട്ടുവേലക്കാരികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, തൊഴിലാളികളുടെ അവകാശ ലംഘനം, വംശീയത, കൈക്കൂലി എന്നു തുടങ്ങി ധാരാളം സാമൂഹിക പ്രശ്‌നങ്ങളുണ്ടായിരിക്കെ, സ്ത്രീകളുടെ ഡ്രൈവിംഗ്, നബിദിനാഘോഷം തുടങ്ങിയ വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണിവര്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും അവകാശങ്ങളെ പരിഗണിക്കാത്ത ഏതൊരു ഇസ്‌ലാമും തിരുസുന്നത്തിനെതിരെയാണ്.

6. സ്ത്രീകളോടുള്ള നിലപാട്. ആധുനിക സലഫീ പ്രസ്ഥാനം നല്ലൊരളവോളം സ്ത്രീകള്‍ക്ക് മാനുഷിക പരിഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. സ്വന്തം ഭാര്യയുടെയോ ആത്മസുഹൃത്തിന്റെ ഭാര്യയുടെയോ നാമം പരാമര്‍ശിക്കുന്നതുപോലും അനഭിലഷണീയമായി കരുതുന്നവരുണ്ട്. സ്ത്രീകളുടെ നാമം പോലും നിഷിദ്ധമാണെങ്കില്‍ സമൂഹത്തിലെ അവരുടെ പങ്കിനെക്കുറിച്ച ചര്‍ച്ച എങ്ങനെയായിരിക്കും! തീവ്ര ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബൗദ്ധിക കരുത്തും നിരീക്ഷണ പാടവവുമുള്ള സഹോദരിമാരെ മുസ്‌ലിം സമുദായത്തിന് ആവശ്യമുള്ള ഘട്ടമാണിത്.

സ്ത്രീകളുടെ പൊതു ഇടങ്ങളിലെ വിലക്ക് ഡ്രൈവിംഗ് വിഷയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സുഊദിയിലെ മിക്ക സലഫീ പണ്ഡിതരും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പാടില്ല എന്ന അഭിപ്രായക്കാരാണ്. പടിഞ്ഞാറന്‍ സലഫിസത്തിന്റെ ചില ഘടകങ്ങള്‍ വിവാഹ-വിവാഹമോചന പരമ്പരയുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ്. അതില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയും കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യാറുണ്ട്.

7. മുതിര്‍ന്ന പണ്ഡിതരോടുള്ള ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വം. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അനുകരണത്തെ തിരസ്‌കരിക്കുന്നുവെന്നും പറയുമ്പോള്‍ തന്നെ പല സലഫികളും മുതിര്‍ന്ന പണ്ഡിതരെ അന്ധമായി പിന്‍പറ്റുന്നത് കാണാം. പലപ്പോഴും ഈ മുതിര്‍ന്ന പണ്ഡിതര്‍ (കിബാര്‍) ഏതെങ്കിലും പ്രത്യേക ദേശക്കാരോ ഭരണകൂടം നിയോഗിച്ചവരോ രാഷ്ട്രീയമായി സജീവമല്ലാത്തവരോ ആണ്. ദൈവിക പ്രതിനിധികള്‍ എന്ന നിലയില്‍ അല്ലാഹു ആരെയും പ്രത്യേകമായി നിയോഗിച്ചിട്ടില്ല. ഏതെങ്കിലും വിഭാഗത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് അല്ലാഹുവിനോടും നബി(സ)യോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനു തുല്യമല്ല. 'പണ്ഡിതര്‍ പ്രവാചകരുടെ അനന്തരാവകാശികളാണ്' എന്നാണ് പ്രവാചക വചനം. എല്ലാ പണ്ഡിതരെയും ഒരുപോലെ കാണണം എന്നത് സലഫികള്‍ പ്രത്യേകം മനസ്സിലാക്കേണ്ട വിഷയമാണ്. തന്റെ സമകാലികരായ ഹമ്പലീ മദ്ഹബിലെ പണ്ഡിതരോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച മഹാനാണ് ഇബ്‌നു തൈമിയ്യയെന്ന് എല്ലാ സലഫികളും ഓര്‍ക്കേണ്ട വസ്തുതയാണ്.

8. ആധുനിക രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച അല്‍പജ്ഞാനം. സമകാലികരായ ഭരണാധികാരികളെ ജനമനധ്യത്തില്‍ ചോദ്യം ചെയ്ത ഇബ്‌നു തൈമിയ്യയുടെ ചിന്തകളെപ്പേറുന്നു എന്നവകാശപ്പെടുന്ന ആധുനിക സലഫികള്‍ അതിലും ഭീകരമായ രാഷ്ട്രീയ സാഹചര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്നത് അത്ഭുതകരമാണ്. ഇസ്‌ലാം ഭരണകര്‍ത്താക്കളുടെ കാര്യത്തില്‍ നിതാന്ത ശ്രദ്ധ ആവശ്യപ്പെടുന്നു.  മുഖ്യധാരാ സലഫികളില്‍ മിക്കവരും ഭരണാധികാരിയെ വിമര്‍ശിക്കല്‍ മത വ്യതിചലനമായാണ് വിലയിരുത്തുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിനോടും അതിനെ പിന്തുണക്കുന്നവരോടുമുള്ള ചില അറബ് ഭരണകൂടങ്ങളുടെ നയവും പണ്ഡിതരുടെ നിശ്ശബ്ദതയും ഇതില്‍ ശ്രദ്ധേയമാണ്. 

വിവ: സൈഫുദ്ദീന്‍ കുഞ്ഞു

 

(ഡോ. യാസിര്‍ ഖാദി പാക്- അമേരിക്കന്‍ പണ്ഡിതന്‍. മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. ഹൂസ്റ്റന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം. യേല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ 

പി.എച്ച്ഡി ചെയ്തു. 'Reconciling Reason and Revalation in the writings of Ibn Taymiyyah'  എന്നതായിരുന്നു വിഷയം. ടെന്നസിയിലെ റോഡ്‌സ് കോളേജില്‍ റിലീജ്യസ് സ്റ്റഡീസ് അധ്യാപകനാണ്. അല്‍ മഗ്‌രിബ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അക്കാദമിക് അഫേഴ്‌സ് ഡീന്‍ കൂടിയാണ് ഡോ. യാസിര്‍ ഖാദി. അക്കാദമിക രംഗത്ത് സജീവമായ ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ പ്രശസ്തമാണ്).


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍