Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

അവര്‍ നടന്നുകയറിയത് ചിതറിപ്പോയവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍

സഈദ് ഹമദാനി വടുതല, ദമ്മാം

എന്റെ പ്രിയ കൂട്ടുകാരന്‍ ഞാനുമായി പങ്കുവെച്ച  മരുഭൂമിയിലെ ചങ്കു പിളര്‍ക്കുന്ന നേരനുഭവക്കാഴ്ചയുടെ അക്ഷരരൂപമാണിത്. ഇതുപോലുള്ള യുവത്വങ്ങള്‍ നമ്മുടെ പരിസരങ്ങളില്‍ ഉറക്കമിളച്ച് നന്മക്ക് കാവല്‍ നില്‍ക്കുന്നുണ്ട് എന്നത് നന്മയെ സ്‌നേഹിക്കുന്ന നമുക്കെല്ലാം പ്രചോദനമാകേണ്ടതുണ്ട്.

പ്രതീക്ഷകളുടെ നിഴലാട്ടം പോലും കെട്ടുപോയ മരുഭൂമിയിലെ മസ്‌റകളിലേക്കായിരുന്നു ആ എട്ട് യുവാക്കളുടെയും യാത്ര. അതേ, പരിശുദ്ധ  റമദാനിന്റെ അവസാന പത്തിലെ ഒരവധി ദിനം. ദമ്മാം നഗരം പകല്‍ ചൂടിന്റെ തളര്‍ച്ചയിലും  ആലസ്യത്തിലും  മയങ്ങുമ്പോഴും സഹജീവികളോടുള്ള തങ്ങളുടെ  ഉത്തരവാദിത്തങ്ങളും ബാധ്യതകളും ബോധമണ്ഡലത്തില്‍ എരിയുന്ന കനലായി കൊണ്ടുനടക്കുന്ന യൂത്ത് ഇന്ത്യയുടെ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍.

പുഴുങ്ങിയ കപ്പ ചൂടോടെ അടുപ്പില്‍നിന്ന് വാങ്ങിവെക്കുമ്പോള്‍ ഉയരുന്ന ആവിയേക്കാള്‍  ഉഷ്ണമുണ്ടായിരുന്നു അന്നാ  മണല്‍പാതകള്‍ക്ക്. ഉത്തരവാദിത്തങ്ങള്‍ക്ക് ഒരിക്കലും അവധി കൊടുക്കാതെ യുവത്വം ദുര്‍ഘടമായ അറേബ്യന്‍ മരുപാതകളിലൂടെ  മരുഭൂമിയുടെ ഉള്ളകങ്ങളില്‍ ചിതറിക്കിടക്കുന്ന മസ്‌റകളെ ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്.

കുടുംബത്തെ പോറ്റാന്‍ കടല്‍ കടന്ന് സ്വയം സഹിച്ചും ക്ഷമിച്ചും ആരും കാണാതെ കരഞ്ഞും പുറത്തെ ചൂടില്‍ ആമാശയം വെന്തുപോകുമ്പോള്‍ ഒട്ടകത്തിനായി കലക്കിവെച്ച കാടി വെളളം കുടിച്ചും, ആഴ്ചയിലോ മാസത്തിലോ എപ്പോഴെങ്കിലും എത്തുന്ന ഉണക്ക ഖുബ്ബൂസ് പൊള്ളുന്ന ചൂടില്‍ മരപ്പാളി പോലെയാകുമ്പോള്‍ വെട്ടിക്കീറി  തിന്ന് ജീവന്‍ നിലനിര്‍ത്തുന്ന ഒരു വിഭാഗമുണ്ട്, മരുപ്പറമ്പില്‍ ചിതറിക്കിടക്കുന്ന മസ്‌റകളില്‍  ജോലി ചെയ്യുന്നവര്‍. അതില്‍  മിസ്‌രിയും സുഡാനിയും ഹിന്ദിയും ബംഗാളിയും പാകിസ്താനിയുമുണ്ട്. 

പാല്‍കട്ടിയും കായപ്പോളയും മട്ടണ്‍ കബാബും വെണ്ണ റൊട്ടിയും നെയ്‌ച്ചോറും ഏറ്റവും മുന്തിയ മധുരപ്പഴങ്ങളും നിരത്തി ആഘോഷിക്കുകയും അധികം വരുന്നത് ഓരത്തെ ഖുമാമകളില്‍  തള്ളുകയും ചെയ്യുന്ന ആധുനിക ഇഫ്ത്വാറുകള്‍  പണക്കൊഴുപ്പിന്റെ ആഘോഷമായി മാറുമ്പോള്‍...

ഒറ്റപ്പെടലിന്റെ ഉള്ളു പൊള്ളിക്കുന്ന ജീവിത ദുരിതങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരോട് ചേര്‍ന്നിരിക്കാനും  നിങ്ങള്‍ ഇവിടെ ഒറ്റക്കല്ല ഞങ്ങളും ഉണ്ട് എന്ന് ആത്മാര്‍ഥമായി വിളിച്ചുപറയാനും അവരുടെ തോളില്‍ തട്ടി ആശ്വസിപ്പിക്കാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍നിന്ന് പോന്നപ്പോള്‍ പ്രിയതമ തേച്ച് മടക്കിത്തന്ന അത്തര്‍ പുരട്ടിയ പെരുന്നാള്‍ കോടികള്‍ നിറം മങ്ങി ഇഴയകല്‍ച്ചയാല്‍ പിഞ്ഞിപ്പോയപ്പോള്‍  കൂര്‍ത്ത കമ്പികളില്‍ ചാക്ക് വള്ളികള്‍  കോര്‍ത്ത്  തുന്നിച്ചേര്‍ത്ത്  പെരുന്നാളുകള്‍ ആഘോഷിച്ചിരുന്നവരുടെ  അടുത്തേക്കാണ്  മനുഷ്യഹൃദയങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ഇഴയടുപ്പവുമായി യൂത്ത് ഇന്ത്യയുടെ ദമ്മാമിലെ പ്രവര്‍ത്തകര്‍ പെരുന്നാള്‍ പുതുവസ്ത്രങ്ങളുമായി കടന്നുചെന്നത്...

ഉപ്പു പരലുകള്‍ ഭൂപടം തീര്‍ക്കുന്ന പിഞ്ഞിക്കീറിയ അവരുടെ വസ്ത്രങ്ങളും പൊടിക്കാറ്റേറ്റ് ജഡപിടിച്ച ചെമ്പന്‍ മുടികളും നിര്‍വികാരമായി പ്രകാശം നഷ്ടപ്പെട്ട കണ്ണുകളും എന്തെല്ലാമോ പറഞ്ഞ്   കെട്ടിപ്പിടിച്ച്  ആശ്വസിപ്പിക്കണമെന്ന ഭാവത്തിലുള്ള അവരുടെ നില്‍പും  സത്യത്തില്‍ കരളലിയിക്കുന്ന കാഴ്ചയായിരുന്നു.  അല്‍ഹംദു ലില്ലാഹ്,  പടച്ച റബ്ബിനെ എത്ര സാഷ്ടാംഗം പ്രണമിച്ചാലും മതിയാകില്ല. അല്ലാഹു നമുക്ക് തന്ന അനുഗ്രഹങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ മസ്‌റകളിലെ ആട് ജീവിതങ്ങളെ അടുത്തറിയണം. ആ ദുരിതപ്പെയ്ത്ത് ഒരിക്കലെങ്കിലും കണ്ടവര്‍ക്കേ  നമ്മുടെ സുഖ സൗകര്യങ്ങളുടെ വില മനസ്സിലാകൂ.

ഒറ്റപ്പെട്ടുപോയവന്റെ അടുത്തിരുന്ന്  അവന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവരുടെ കണ്ണീര്‍ ഗ്രന്ഥികളില്‍  ഉപ്പു ലവണങ്ങള്‍ അടിഞ്ഞതുകൊണ്ടായിരിക്കാം കണ്ണില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ ഉറവയെടുക്കാന്‍ പ്രയാസപ്പെട്ടിരുന്നത്. അല്ലെങ്കില്‍ ചോരപോലും ബാഷ്പീകരിക്കുന്ന സൂര്യരശ്മികള്‍ കണ്ണുനീര്  വലിച്ചെടുത്തിട്ടുണ്ടാവാം ....!

രാവിലെ പത്തര മണിക്ക് തുടങ്ങിയ പെരുന്നാളുടുപ്പു വിതരണം മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍, ഏഴോളം മസ്‌റകളിലൂടെ അവിടത്തെ തൊഴിലാളികളുടെ വേവും നോവും അറിഞ്ഞും പറഞ്ഞും മുന്നോട്ടു പോയപ്പോള്‍ ആ എട്ട് യുവത്വത്തെ പോലും അക്ഷരാര്‍ഥത്തില്‍  ആ അനുഭവം കരിവാളിപ്പിച്ചുകളഞ്ഞു...

ഒരു പ്രവര്‍ത്തകന്റെ കൈ നെഞ്ചോട് ചേര്‍ത്തുവെച്ച് പൊട്ടിക്കരഞ്ഞ് ആ സുഡാനി സഹോദരന്‍ പറഞ്ഞ വാക്കുകള്‍ എങ്ങനെയാണ് മറക്കാന്‍ കഴിയുക: ''അല്ലാഹുവാണ, വര്‍ഷങ്ങളായി ഞാനീ ഒറ്റപ്പെടലില്‍ അധ്വാനിക്കുന്നു. ഇന്നുവരെ ഞങ്ങളെപ്പോലുള്ള മനുഷ്യക്കോലങ്ങളെ അന്വേഷിച്ച് ആരും ഇതുവഴി വന്നിട്ടില്ല.  ഒരുപക്ഷേ ഞങ്ങളേക്കാള്‍ ഭാഗ്യവാന്മാരും  സന്തോഷവാന്മാരും ഇവിടത്തെ ഒട്ടകങ്ങളും ആടുമാടുകളുമായിരിക്കും. അവയിലേതെങ്കിലും ഒന്നായി ജനിച്ചിരുന്നെങ്കിലോ എന്നുപോലും  പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്. ഇവിടത്തെ ഈ ജീവിതത്തില്‍ ഇതു പോലൊരു സന്തോഷം ഞങ്ങള്‍ക്ക്  ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്കും തോന്നുന്നു, ഞങ്ങള്‍ക്കും ഇവിടെ ആരെല്ലാമൊക്കെയോ ഉണ്ട്. പടച്ചവന്‍ നിങ്ങളെ അനുഗ്രഹിക്കും, മക്കളേ.'' ഈ സുകൃതത്തില്‍ സഹകരിച്ചവരുടെയും സഹകരിപ്പിച്ചവരുടെയും മുന്നില്‍ നടന്നവരുടെയും പിന്തുണ അറിയിച്ചവരുടെയും സംഭാവനയും പ്രാര്‍ഥനയും ഉപദേശവും ഒന്നും വെറുയെയായില്ല എന്നതിന്  ആ മനുഷ്യന്റെ വാക്കുകള്‍ മാത്രം മതി.

നോമ്പുതുറക്കുള്ള വിഭവങ്ങള്‍ ഒരുക്കേണ്ടതിനാലും മരുഭൂമിയുടെ ഉള്ളകങ്ങളിലെ രാത്രി യാത്ര വളരെ ദുഷ്‌കരമായതിനാലും തല്‍ക്കാലം അന്നത്തെ യാത്ര അവിടെ അവസാനിപ്പിച്ചു. അടുത്ത ദിവസം കൂടുതല്‍ പുത്തനുടുപ്പുമായി തിരികെ വരാമെന്ന പ്രതീക്ഷയില്‍   ദമ്മാമിനെ ലക്ഷ്യമാക്കി അവരുടെ വണ്ടി തിരിച്ചു.....

തിരികെയുള്ള യാത്രയില്‍ കുറേ നേരത്തോളം വണ്ടിയില്‍ നിശ്ശബ്ദത തണല്‍ വിരിച്ചിരുന്നു. തങ്ങള്‍ കണ്ട നൊമ്പരക്കാഴ്ചകള്‍ അവരുടെ  വാക്കുകളെപ്പോലും മരവിപ്പിച്ചിരുന്നിരിക്കണം....

അല്‍പം കഴിഞ്ഞ് മൗനത്തിന്റെ നടുത്തളത്തിലേക്ക്  കൂട്ടത്തിലാരോ വലിച്ചെറിഞ്ഞ വാക്യങ്ങള്‍  മരുഭൂമിയിലെ ചില മസ്‌റകളിലെ ഹതഭാഗ്യരുടെ ജീവിതത്തിന്റെ   നേര്‍കാഴ്ചകള്‍ മനസ്സില്‍ തറച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു: 'നമുക്ക് സഹകരിപ്പിക്കാവുന്നവരെ  ഉള്‍പ്പെടുത്തി  അടുത്ത റമദാന് ഈ മസ്‌റകളില്‍  ഇഫ്ത്വാറുകള്‍ ഒരുക്കണം.'' എല്ലാവരും  അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വണ്ടിയുടെ അനക്കം തിരിച്ചെടുത്തു. 

നമുക്ക് പ്രതീക്ഷയുണ്ട് ഇതൊന്നും വെറുതെയാവില്ല, ഈ യാത്രകളും അധ്വാനങ്ങളും....

അതേ, യുവത്വം മരുഭൂമിയില്‍  അവശരെ സഹായിക്കുന്ന തിരക്കിലാണ്, അവര്‍ നന്മയില്‍ മത്സരിക്കുകയാണ്.... ചുട്ടുപഴുത്ത മരു വഴികളിലൂടെ ദമ്മാമിലെ യൂത്ത് ഇന്ത്യയുടെ യുവത്വങ്ങള്‍ നടന്നുകയറിയത് മരുഭൂമിയിലെ ഉള്ളകങ്ങളില്‍ ചിതറിത്തെറിച്ച മസ്‌റകളിലെ മനുഷ്യമക്കളുടെ  സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ തന്നെയായിരുന്നു....

നമുക്കും ഇതില്‍ പ്രചോദനവും പാഠങ്ങളുമുണ്ട്. ഈ അനുഭവ വിവരണം കേട്ട മധ്യവയസ്സ് കഴിഞ്ഞ എന്റെ ഒരു സുഹൃത്ത് പ്രതികരിച്ചത് ഇങ്ങനെ: ''നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ യുവത്വത്തെ ഓര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. ഞങ്ങളുടെ യുവത്വത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക് നന്മ ഉപദേശിച്ചുതരാന്‍ ആരും ഇല്ലാതെ പോയി.''

അല്ലാഹുവേ ഈ പ്രവര്‍ത്തനങ്ങള്‍ നീ സ്വീകരിക്കേണമേ....

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍