Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

സന്തുലനത്തിന്റെ സുവിശേഷം

മുഹമ്മദ് ശമീം

തുലാസ് 

ഉല്‍പ്രേക്ഷകള്‍ ധാരാളം അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. യദ്‌രിബുല്ലാഹുല്‍ അംസാല ലിന്നാസ് എന്നാണല്ലോ അത് സ്വയം തന്നെ പ്രഖ്യാപിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് പാഠങ്ങളുള്‍ക്കൊള്ളാനാണ് ഉല്‍പ്രേക്ഷകള്‍. നേര്‍ക്കു നേരെയുള്ളത് വായിക്കുന്നതിനേക്കാള്‍, മെറ്റഫറുകള്‍ വളരെ ആഴത്തിലുള്ള വിചിന്തനങ്ങള്‍ അര്‍ഹിക്കുന്നു. അത് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന തത്ത്വങ്ങളെപ്പറ്റി മാഞ്ഞുപോകാത്ത അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇപ്രകാരം അവതരിപ്പിക്കപ്പെടുന്ന മെറ്റഫറുകളില്‍ ഏറ്റവും പ്രധാനം തുലാസിന്റെ ഉപമയാണെന്ന് തോന്നുന്നു. തുലാസ് സന്തുലിതത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. സന്തുലിതത്വമാണ് പ്രപഞ്ചത്തിന്റെ തന്നെ താളം. അല്ലാഹു ആകാശത്തെ ഉയര്‍ത്തുകയും തുലാസ് സ്ഥാപിക്കുകയും ചെയ്തു എന്നാണല്ലോ ഖുര്‍ആന്റെ പ്രഖ്യാപനം. തുലാസിന്റെ കാര്യത്തില്‍ യാതൊരു വീഴ്ചയും വരുത്താതിരിക്കുവിന്‍ എന്ന് തുടര്‍ന്ന് കണിശമായുപദേശിക്കുകയും ചെയ്യുന്നു (സൂറഃ അര്‍റഹ്മാന്‍). 

സാമൂഹികമായി നീതിയെയാണ് തുലാസ് അടയാളപ്പെടുത്തുന്നതെങ്കില്‍ ചിന്തയിലും ജീവിതത്തിലും അത് വിരുദ്ധമായ അഗ്രങ്ങളുടെ (Dialectics) സമന്വയമാണ്. ഇതു സംബന്ധിച്ച തിരിച്ചറിവുകളാണ് ഇസ്‌ലാമിക സമൂഹത്തെ മധ്യമസമൂഹമായി നിലനിര്‍ത്തുന്നത്. വ്രതബദ്ധമായ മാനസിക പരിശീലനത്തിനിടയിലും ബദ്‌റിലെ രണാങ്കണത്തില്‍ അണിനിരക്കാനും കടുത്ത സമര സമ്മര്‍ദങ്ങള്‍ക്കിടയിലും ജ്ഞാനാന്വേഷണത്തിനും (തഫഖുഹു ഫിദ്ദീന്‍) മുസ്‌ലിംകളെ പ്രാപ്തമാക്കുന്നതും അതാണ്. ഈ നിലപാട് പകരുന്ന സമഗ്രാവബോധമാണ് ദീനിന്റെ ഏറ്റവും മുഖ്യമായ ദാര്‍ശനികാടിത്തറ. 

 

സമഗ്രം 

അതിനാല്‍, ജീവിതത്തെക്കുറിച്ച സമഗ്രമായ കാഴ്ചപ്പാടും മാര്‍ഗദര്‍ശനവുമായി ഇസ്‌ലാമിനെ അവതരിപ്പിക്കുകയാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്തത്. സമഗ്രം അഥവാ Comprehensive എന്നാല്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നത് എന്നു മാത്രമല്ല അര്‍ഥം. വേണ്ടത്, വേണ്ടിടത്ത്, വേണ്ട അളവില്‍ ഉള്‍ക്കൊള്ളുന്നത് എന്നു കൂടിയാണ്. ഖുര്‍ആനില്‍ പേര് പറയുന്നതും അല്ലാത്തതുമായ പ്രവാചകന്മാര്‍ അവരവരുടെ കാലത്തിനനുസരിച്ച മുന്‍ഗണനാക്രമങ്ങള്‍ സ്വീകരിച്ചിരുന്നു. ആ അടിസ്ഥാനത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ പല സ്വഭാവമാര്‍ജിക്കുകയും ചെയ്തിരുന്നു. ഒരു സമുദായത്തിന്റെ വിമോചനത്തിന്, ഒപ്പം ക്രമങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ആ സമുദായത്തെ വളര്‍ത്തിയെടുക്കുന്നതിനും ആണ് പഞ്ചഗ്രന്ഥിയിലെ (ഖുര്‍ആനിലെയും) മോശയുടെ പ്രസ്ഥാനം ഊന്നല്‍ നല്‍കിയതെങ്കില്‍ യെശയ്യാവിലും യിരെമ്യാവിലും അത് അധികാരസ്ഥാനങ്ങള്‍ക്കെതിരായ താക്കീതുകളായിത്തീരുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും നഗരങ്ങളും തകര്‍ന്ന് നിലംപരിശായി, അതിലെ ധൂളികള്‍ അധഃസ്ഥിതരായവരുടെ ചെരുപ്പുകളില്‍ പുരളുമെന്ന് സൈന്യങ്ങളുടെ കര്‍ത്താവായ യാഹ്‌വേ അരുളുന്നതായി യെശയ്യാ പ്രവാചകന്‍ പ്രഖ്യാപിക്കുന്നുണ്ട്. ലൂത്വിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം സദാചാരപരവും ധാര്‍മികവുമായ മുഖമായിരുന്നു കൂടുതലായും ആര്‍ജിച്ചിരുന്നത്. പുതിയ നിയമത്തിലെത്തുമ്പോള്‍ യേശുവിന്റെ കര്‍ത്താവിന് പൂര്‍ണമായും സ്‌നേഹം എന്ന് തന്നെ അര്‍ഥം കൈവന്നു.

ഇപ്രകാരം ഇവിടെ സൂചിപ്പിച്ച സെമിറ്റിക് പാരമ്പര്യങ്ങള്‍ക്ക് പുറത്തും ഇതുപോലുള്ള വൈവിധ്യങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. ഒരേ ദേശത്ത് ഏതാണ്ടൊരേ കാലത്ത് ജീവിച്ചിരുന്ന ബുദ്ധന്റെയും മഹാവീരന്റെയും ചരിത്രമെടുക്കുക. ജാതീയതയുടെയും സവര്‍ണതയുടെയും അധികാരപ്രയോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിയ പ്രസ്ഥാനമായിരുന്നു ഒന്നാമത്തെയാളുടേത്. അതേസമയം, രണ്ടാമന്‍ സത്തയുടെയും ആത്മത്തിന്റെയും വികാസത്തിനാണ് മുന്‍ഗണന നല്‍കിയത്. സമാനതയുള്ള മറ്റൊരുദാഹരണത്തില്‍, കങ് ഫ്യൂ ചിസ് തന്റെ ദര്‍ശനത്തെ സാമൂഹിക നീതിപ്രസ്ഥാനമായാണ് വികസിപ്പിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ സമകാലികനായ ലൗ ദ്‌സു പൊരുളിനെക്കുറിച്ച അന്വേഷണത്തിന് മുന്‍ഗണന നല്‍കി. ചൈനയിലെ തന്നെ അവരെത്തുടര്‍ന്നുവന്ന മാ ത്സുവിന്റെ ദര്‍ശനം സാമൂഹിക പരിഷ്‌കരണ സംരംഭമായിരുന്നു.

ഖുര്‍ആനിലെ പ്രവാചകന്‍ ശുഐബിന്റെ ആശയങ്ങള്‍ സാമ്പത്തിക നീതിശാസ്ത്രവുമായി ബന്ധപ്പെട്ടതായിരുന്നു. അതേസമയം ധൂര്‍ത്തിനും സാങ്കേതികവിദ്യകളുടെ സ്വാര്‍ഥമായ ദുരുപയോഗത്തിനും എതിരായ ഉദ്‌ബോധനങ്ങളായി ഹൂദ്, സ്വാലിഹ് മുതലായ പ്രവാചകന്മാരുടെ പ്രബോധനത്തെ കാണാം. മുഹമ്മദ് നബിക്കു ശേഷം ഖുര്‍ആനിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള സാമൂഹികനവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മുജദ്ദിദുകളും ഇതുപോലെ വ്യത്യസ്തമായ ഊന്നലുകള്‍ സ്വീകരിച്ചു. അതുകൊണ്ടു തന്നെ അവരുടെ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിന്റെ വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങളായിത്തീര്‍ന്നു. തസ്വവ്വുഫിന്റെ (സൂഫിസം) ചരിത്രപരമായ പ്രസക്തി അതാണ്. അഹ്മദുബ്‌നു ഹമ്പല്‍ മുതല്‍ ഇബ്‌നുതൈമിയ്യ വരെയുള്ള മഹത്തുക്കളുടെ സലഫീ ആശയവും ഇപ്രകാരം കാലവും ദേശവും തേടിയ ആവിഷ്‌കാരങ്ങളായിരുന്നു. അതേസമയം ഇതെല്ലാം ചേര്‍ന്നതാണ് ദര്‍ശനത്തിന്റെ സമഗ്രത എന്ന കാഴ്ചപ്പാട് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നതായി കാണാം. അങ്ങനെയാണ് വൈവിധ്യമുള്ള രീതികളും ആശയങ്ങളും മുന്നോട്ടുവെച്ച പ്രവാചകന്മാരെയും ദാര്‍ശനികന്മാരെയും ഒരേ പരമ്പരയുടെ ചരടില്‍ കോര്‍ക്കാന്‍ മുഹമ്മദ് നബിക്ക് സാധിക്കുന്നത്.

 

അക്ഷരവാദവും ഉന്മാദവും 

ഇവിടെ Comprehensive എന്ന പദത്തെപ്പറ്റി Comprehensive ആയ ഒരവബോധം അനിവാര്യമായിത്തീരുന്നു. ഒരു ഭാഗത്ത് മേല്‍ വിവരിച്ച പ്രസ്ഥാനങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ചിലര്‍ യാതൊരു കാലബോധവും കൂടാതെ അക്കാലത്തെ അതേ ചിന്താഗതികള്‍ വെച്ചു കൊണ്ട് ദര്‍ശനത്തെ കേവലം മതത്തിലേക്ക് ചുരുക്കുന്നു. അതാകട്ടെ, സാമൂഹികമായ അവബോധത്തില്‍നിന്ന് വൈയക്തികമായ മോക്ഷത്തിലേക്ക് വ്യക്തിയെയും സങ്കുചിതപ്പെടുത്തുന്നു. സൂഫികള്‍ അധികാരത്തിന്റെ ധൂര്‍ത്തിനോട് കലഹിച്ച് ലളിതജീവിതശൈലി സ്വീകരിച്ചും നിയമബദ്ധവും വരണ്ടതുമായ മതപ്രയോഗത്തിനെതിരില്‍ ജീവസ്സുറ്റതും കാല്‍പനികതയുടെ ആനന്ദം പകരുന്നതുമായ ആവിഷ്‌കാരത്തിലൂടെയും സാധിച്ചെടുത്ത വിപ്ലവത്തെ അവരുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ത്വരീഖത്തുകള്‍ വൈയക്തികമായ മറവികളും വൈകാരികോന്മാദങ്ങളുമാക്കി (Hysteria) ചുരുക്കി. പ്രവാചകമാതൃകകളും വചനങ്ങളും അക്ഷരവാദമായും മാറി. അതേസമയം, മറുഭാഗത്ത് സമഗ്രതയെക്കുറിച്ച ആശയം പങ്കുവെക്കുന്ന വിഭാഗങ്ങള്‍ എല്ലാം അടങ്ങിയത് എന്ന അര്‍ഥകല്‍പനയുടെ ലാഘവത്വത്തിനപ്പുറം കാലത്തെയോ ദേശത്തെയോ മനുഷ്യനെയോ വായിക്കാന്‍ മെനക്കെടാതെ, പ്രയോജനപ്രദം എന്ന് പ്രബോധിതര്‍ക്ക് ബോധ്യപ്പെടാത്ത പ്രത്യയശാസ്ത്രം വിളമ്പാനും മുതിരുന്നുവെന്ന് ചേര്‍ത്തു പറയേണ്ടതുണ്ട്.

ഇവിടെയാണ് സമഗ്രം എന്നതിന് വേണ്ടത്, വേണ്ടിടത്ത്, വേണ്ട അളവില്‍ എന്ന അര്‍ഥകല്‍പന പ്രസക്തമായിത്തീരുന്നത്. ലാ തഗ്‌ലൗ ഫീ ദീനികും (നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്) എന്നത് ഖുര്‍ആന്റെ കല്‍പനയാണ്. ദീന്‍ പഠിപ്പിക്കുന്ന ഖുര്‍ആനാണ് അതില്‍തന്നെ അതിരുകവിയരുത് എന്ന കല്‍പന മുന്നോട്ടുവെക്കുന്നത്. നമസ്‌കരിക്കാന്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ തന്നെയാണ് സാമൂഹിക ബോധമില്ലാത്ത നമസ്‌കാരക്കാരന്‍ നരകത്തില്‍ പോകും (ഫ വൈലുന്‍ ലില്‍ മുസ്വല്ലീന്‍- നമസ്‌കരിക്കുന്നവന് നരകം) എന്ന് പ്രഖ്യാപിക്കുന്നത്. 

 

പക്ഷം പിടിക്കുന്ന ദൈവം 

ദൈവത്തില്‍ പങ്കു ചേര്‍ക്കുക എന്നത് കൊടും പാപമായി ഇസ്‌ലാം എണ്ണുമ്പോള്‍, നിര്‍ജീവങ്ങളും നിര്‍ദോഷികളുമായ കളിമണ്‍ പ്രതിമകളും കല്‍വിഗ്രഹങ്ങളും അല്ലാഹുവിന്റെ അധികാരത്തില്‍ എന്ത് ഇടപെടലാണ് നടത്തുന്നത് എന്ന് ചിന്തിക്കാവുന്നതാണ്. സത്യത്തില്‍ ഇവിടെ, ദൈവത്തെ പരിമിതപ്പെടുത്തുന്ന സങ്കല്‍പത്തെയാണ് അപകടകരമായി വിലയിരുത്തേണ്ടത്. വിളിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഏകദൈവത്തെയാണെങ്കിലും -അതിന് കല്‍വിഗ്രഹങ്ങളുടെ സമൂര്‍ത്തത ആരോപിക്കുന്നില്ലെങ്കിലും- അതില്‍ ഇത്തരം പരിമിതപ്പെടുത്തലുകള്‍ സംഭവിക്കാം. പരിമിതീകരിക്കപ്പെട്ട ദൈവത്തെയാണ് പല പുരാണങ്ങളും അടയാളപ്പെടുത്തുന്നത്. അതായത്, സമ്പൂര്‍ണനായ ദൈവത്തെ തങ്ങള്‍ക്കിഷ്ടമുള്ള ഒന്നായി ചുരുക്കുകയാണ് ഇവിടെ. ഇതാകട്ടെ, യഥാര്‍ഥ ദൈവമല്ലെന്നിരിക്കെ, നമ്മള്‍ ഉണ്ടാക്കുന്ന ദൈവത്തെ യഥാര്‍ഥ ദൈവത്തില്‍ പങ്കു ചേര്‍ക്കുക എന്ന അപരാധം തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. 

ഇതില്‍ ഏറ്റവും പ്രധാനം ദൈവത്തെ വംശീയമായി കാണുക എന്നതാണ്. യൂദപുരാണങ്ങളില്‍ പലപ്പോഴും സഹോദരങ്ങള്‍ തമ്മിലുള്ള പോരുകള്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. ആബേലിന്റെയും കയേന്റെയും ആഖ്യാനം തൊട്ട് അത് തുടങ്ങുന്നു. ദൈവം ആബേലിന്റെ പക്ഷത്ത് നില്‍ക്കുകയും കയേന്റെ ബലി തിരസ്‌കരിക്കുകയും ചെയ്യുന്നതിന്റെ ന്യായം ആ ആഖ്യാനത്തില്‍ വ്യക്തമേയല്ല. ആദം പുത്രന്മാരുടെ കഥ ഖുര്‍ആന്‍ ഉദ്ധരിക്കുന്നേടത്ത്, ഒന്നാമതായും അത് ആബേല്‍, കയേന്‍ ആകണമെന്നോ സഹോദരങ്ങള്‍ തന്നെ ആകണമെന്നോ പോലും യാതൊരു നിര്‍ബന്ധവുമില്ല, ദൈവത്താല്‍ സ്വീകരിക്കപ്പെടുന്നതിന്റെ മാനദണ്ഡം വിശുദ്ധിയും നന്മയും (തഖ്‌വ) ആണെന്ന് വ്യക്തമാക്കുന്നുണ്ട്. തിരസ്‌കരിക്കപ്പെട്ടവന് വിശുദ്ധിയുടെ മാര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള അവസരവും ലഭിക്കുന്നുണ്ട്. അതേസമയം ആബേലിന്റെ പക്ഷം ചേരുന്ന യാഹ്‌വേയുടെ കഥ വ്യത്യസ്തമാണ്. 

തുടര്‍ന്നുള്ള വംശപുരാണങ്ങളിലും ഇതുപോലുള്ള സംഘര്‍ഷങ്ങള്‍ സങ്കല്‍പിക്കപ്പെടുന്നുണ്ട്. അത് പഴയ നിയമത്തിലെ തന്നെ പ്രവാചകന്മാര്‍ പഠിപ്പിക്കുന്ന നൈതിക കാഴ്ചപ്പാടുകളുമായി  യോജിക്കുന്നുമില്ല. നോഹിന്റെ പുത്രന്മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നു. ദൈവം ശേമിന്റെ പക്ഷത്ത് നില്‍ക്കുന്നു. എന്തെന്നാല്‍ ശേമിന്റെ പിന്തുടര്‍ച്ചക്കാരാകുന്നു സെമൈറ്റുകള്‍. ഇവിടെ സെമിറ്റിക് വംശീയതയുടെ ദൈവം എന്ന തലത്തിലേക്ക് ദൈവികമായ യാഥാര്‍ഥ്യം ചുരുങ്ങിപ്പോകുന്നു. കഥ മുന്നോട്ടുപോകുമ്പോള്‍ അബ്രഹാമിന്റെ പത്‌നിമാരുടെ ഈഗോകള്‍ തമ്മിലുള്ള ഏറ്റുമുട്ടലും അതിന്റെ തുടര്‍ച്ചയായി ഇശ്മയേലും യിസഹാഖും തമ്മിലുള്ള സംഘട്ടനവും പ്രതിപാദിക്കപ്പെടുകയും ഇതില്‍ ദൈവം യിസഹാഖിന്റെ പക്ഷത്ത് നില്‍ക്കുകയും യിശ്മയേലിനെയും മാതാവിനെയും മരുഭൂമിയില്‍ നടതള്ളുകയും ചെയ്യുന്നു. യിസഹാഖിന്റെ മക്കള്‍ ഏസാവും യാക്കോബും തമ്മില്‍ അവകാശത്തര്‍ക്കമുണ്ടാവുകയും ഏസാവ് ദൈവത്താല്‍തന്നെ പരിത്യക്തനാവുകയും ചെയ്യുന്നതോടെ യിസ്രായേല്യരുടെ പിതാവായ യാക്കോബില്‍ ദൈവത്തിന്റെ പക്ഷപാതപരമായ അനുഗ്രഹം പൂര്‍ണമാവുകയും ചെയ്യുന്നു. ദേവാസുരപുരാണങ്ങളില്‍ നീതിയും ന്യായവും പരിഗണിക്കാതെ എല്ലായ്‌പോഴും ദേവന്മാരുടെ (ആര്യന്മാരുടെ) പക്ഷത്ത് നില്‍ക്കുന്ന ദൈവങ്ങളെ കാണാം. പെണ്ണുപിടിയന്മാരായ സ്വജനങ്ങളുടെ പക്ഷം ചേരുന്ന ദൈവങ്ങള്‍ ഗ്രീക് പുരാണങ്ങളിലും ഉണ്ട്. 

ഈ വംശീയതയുടെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന നവയാഥാസ്ഥിതികര്‍ ക്രൈസ്തവര്‍ക്കിടയിലും സജീവമാണ്. അക്ഷരവാദികളായ, ഫണ്ടമെന്റലിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ യിശ്മയേല്‍, ഏസാവ് തുടങ്ങിയവരുടെ പരമ്പരകള്‍ തന്നെ പാപം പേറുന്നവരും ശപിക്കപ്പെട്ടവരുമാണ് എന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു. ഒരു സ്ത്രീയിലൂടെ, ഹവ്വയിലൂടെ മനുഷ്യസമൂഹത്തിലേക്ക് പാപം കടന്നുവന്നെങ്കിലും യാഹ്‌വേ മറ്റൊരു സ്ത്രീയെ, സാറയെ വിശ്വാസികളുടെ മാതാവാക്കിയത്രെ. എന്നാല്‍ ദൈവത്തിന്റെ വാഗ്ദാനം തന്നിലൂടെ പൂര്‍ത്തീകരിക്കാന്‍ ക്ഷമ കാണിക്കാതിരുന്ന സാറയുടെ അപരാധം, സന്തതിലാഭത്തിനായി തന്റെ ദാസിയായ ഹാഗാറിനെ അബ്രഹാമിന് ഭാര്യയായി നല്‍കിയ മഹാപാതകം നിമിത്തമാണ് യിശ്മയേലിന്റെ പരമ്പരയും ലോകത്തിന്റെ ശാപമായ ഇസ്‌ലാം മതവും ഉണ്ടായത് എന്ന വിശ്വാസം പോലും വെച്ചുപുലര്‍ത്തുന്ന ഇവര്‍ സയണിസത്തെയും സയണിസ്റ്റുകളുടെ വംശഹത്യകളെയും ദൈവകര്‍മമായി പവിത്രീകരിക്കുകയും ചെയ്യുന്നു. 

തങ്ങളുടെ വംശഘടനക്ക് പുറത്തുള്ളവരെ, അവര്‍ പ്രവാചകന്മാരാണെങ്കില്‍പോലും അംഗീകരിക്കാതിരിക്കുക, ദൈവത്തിന്റെ വാഗ്ദാനങ്ങളും പരലോകമോക്ഷവും തങ്ങളുടേതു മാത്രമാണെന്ന് കരുതുക തുടങ്ങിയ സങ്കല്‍പങ്ങളെ ഖുര്‍ആന്‍ ചോദ്യം ചെയ്യുന്നുണ്ട്. 

 

തനിയാവര്‍ത്തനം 

ദൗര്‍ഭാഗ്യവശാല്‍, ഇതേ വംശീയബോധത്തില്‍തന്നെ പിന്നീട് ഇസ്‌ലാമിക സമൂഹവും അകപ്പെട്ടു. ചരിത്രത്തെയും പ്രവാചകന്റെ നിലപാടുകളെയും ഇസ്‌ലാമിക നൈതികതയെ സൃഷ്ടിക്കുന്നതിനും മനുഷ്യവിമോചനത്തിനുമുള്ള ശ്രമങ്ങളായി മനസ്സിലാക്കുന്നതിനു പകരം സമുദായത്തിന്റെയോ വംശത്തിന്റെയോ അതിജയത്തിനുള്ള മതന്യായങ്ങളാക്കി മാറ്റാനാണ് വംശീയ സങ്കുചിതത്വങ്ങളിലകപ്പെട്ടവര്‍ ശ്രമിച്ചത്. ഈമാനിനെക്കുറിച്ചും കുഫ്‌റിനെക്കുറിച്ചുമുള്ള ഖുര്‍ആനിക കാഴ്ചപ്പാടുകളെ ദാര്‍ശനികമായി വായിക്കുന്നതിനു പകരം വംശീയമായ വേര്‍തിരിവിനുള്ള ഉപാധികളാക്കി അവയെ മാറ്റിമറിക്കുന്ന ഫത്‌വകള്‍ സുലഭമായി. 

ഇതാകട്ടെ തങ്ങള്‍ക്കകത്തു തന്നെയുള്ള അവാന്തരങ്ങളെപ്പോലും ശത്രുക്കളായി മുദ്രകുത്തുന്നതിലും അവര്‍ക്കെതിരായും പോര് പ്രഖ്യാപിക്കുന്നതിലും എത്തിച്ചേര്‍ന്നു. ദൈവത്തെ തങ്ങളുടെ ദൈവമാക്കുക എന്നാല്‍ മുകളില്‍ പറഞ്ഞതുപോലെ ദൈവത്തെ പരിമിതീകരിക്കലാണ്. അതാകട്ടെ, പുതിയ ദൈവത്തെ സൃഷ്ടിക്കലുമാണ്. യഥാര്‍ഥ ദൈവത്തില്‍ പങ്കു ചേര്‍ക്കപ്പെടുന്നു എന്നര്‍ഥം. 

ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെയും ദൈവമായിട്ടല്ല. സൂറഃ അല്‍ ഫാതിഹയാണ് ഖുര്‍ആന്റെ പൂര്‍വാഖ്യാനം അഥവാ കാവ്യമുഖം (Prologue).. ഇത് റബ്ബുല്‍ ആലമീനായ, സര്‍വ ജനങ്ങളുടെയും ഈശ്വരനായ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് തുടങ്ങുന്നു. ഖുര്‍ആന്റെ ഉത്തരാഖ്യാനം അഥവാ ഫലശ്രുതി (Epilogue)  എന്ന് വിശേഷിപ്പിക്കാവുന്ന മുഅവ്വിദതൈനിയിലെ സൂറഃ അന്നാസ് ആകട്ടെ, അല്ലാഹുവിനെ മനുഷ്യരുടെ ഈശ്വരനും (റബ്ബുന്നാസ്) മനുഷ്യരുടെ രാജാവും (മലികുന്നാസ്) മനുഷ്യരുടെ ദൈവവും (ഇലാഹുന്നാസ്) ആയി പ്രഖ്യാപിക്കുന്നു. 

ഈ ദാര്‍ശനികബോധത്തിന്റെ അഭാവം നാം തുടക്കത്തില്‍ പറഞ്ഞ സമഗ്രമായ കാഴ്ചപ്പാടിനെ തകര്‍ക്കുന്നു. ഖുര്‍ആന്‍ പ്രതിനിധീകരിക്കുന്ന, മനുഷ്യന്‍ എന്ന ഏകത അപ്രത്യക്ഷമാകുന്നു. തുലാസ് തകരുകയും നീതിയുടെ കൊടി ഒടിയുകയും സന്തുലിതത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഇറാഖിലും മറ്റും രൂപം കൊണ്ടിരിക്കുന്ന മിലിറ്റന്റ് ഇസ്‌ലാമിലേക്ക് വരെ ചെന്നെത്തുന്ന ഒരു ചരിത്രമാണത്. മനുഷ്യരില്‍ നൈതികവും ആരോഗ്യകരവുമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട ഇസ്‌ലാമിനു പകരം മനുഷ്യവിരുദ്ധമായ ഇസ്‌ലാം ശക്തി പ്രാപിക്കുന്നു. പ്രയോജനപ്രദവും പരിവര്‍ത്തനോന്മുഖവുമായ പരിശ്രമങ്ങള്‍ക്ക് പകരം വംശഹത്യകള്‍ക്കും അടിച്ചമര്‍ത്തലിനും വേണ്ടിയുള്ള യുദ്ധങ്ങളും ആക്രമണങ്ങളും ജനിക്കുന്നു. യുദ്ധക്കൊതിയനും രക്തദാഹിയും സംഹാരമൂര്‍ത്തിയുമായി ദൈവം ഇതരരെയും അപരരെയും പേടിപ്പെടുത്തുകയും ചെയ്യുന്നു. 

 

അക്ഷരവ്യഗ്രത 

ഇത്തരത്തില്‍ ദൈവത്തെ വംശദൈവമാക്കി മാറ്റുന്നതോടൊപ്പം ദര്‍ശനത്തിന്റെ സന്തുലിതത്വം നഷ്ടപ്പെടുത്തുന്ന വേറെയും പ്രവണതകളുണ്ട്. ഇതിന്റെ ചില ഉദാഹരണങ്ങള്‍ കേരളത്തില്‍നിന്നുതന്നെ കണ്ടെടുക്കാം. 

കേരളീയ നവോത്ഥാന ചരിത്രത്തിലെ മതാധ്യായത്തിന്റെ ഏടുകളില്‍ സവിശേഷ സ്ഥാനമര്‍ഹിക്കുന്ന ഒരു മഹാപ്രസ്ഥാനം അനാവശ്യമായ ചില ചിന്താക്കുഴപ്പങ്ങളിലകപ്പെട്ട് നെടുകെ പിളര്‍ന്നു. ഇതില്‍ ഒരു വിഭാഗം യാഥാര്‍ഥ്യബോധത്തോടെ കേരളീയ മുസ്‌ലിം നവോത്ഥാനവുമായി ബന്ധപ്പെടുത്തിത്തന്നെ തങ്ങളുടെ ചരിത്രത്തെയും നിലപാടുകളെയും വികസിപ്പിച്ചപ്പോള്‍ മറുവിഭാഗം, അറബ് ലോകത്ത്  ഇതിനകം ശക്തി പ്രാപിച്ചിരുന്ന അക്ഷരവാദത്തിലും ശുദ്ധിവാദത്തിലും അധിഷ്ഠിതമായിരുന്ന സലഫീ മൂവ്‌മെന്റുമായി തങ്ങളെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. ഇതില്‍നിന്നുണ്ടായ ചില കുഴപ്പങ്ങളെ നാം കണ്ടില്ലെന്നു നടിക്കാന്‍ പാടില്ലാത്തതാകുന്നു. 

സന്ദര്‍ഭവും മുന്‍ഗണനാക്രമവും (Context) പരിഗണിക്കാതെ ആശയം (Text)  വായിക്കുക എന്ന സമീപനമാണ് ശുദ്ധിവാദികള്‍ (Puritans)  സ്വീകരിച്ചിരുന്നത്. അതില്‍ അവര്‍ അങ്ങേയറ്റം പോവുകയും ചെയ്തു. തേങ്ങ അരച്ചു ചേര്‍ത്ത കറി കഴിക്കരുത് എന്നാണ് വൈദ്യന്‍ ഉപദേശിച്ചതെങ്കില്‍ അതിനെ അതില്‍ മാത്രം നിര്‍ത്താതെ, തെങ്ങു കൊണ്ടുള്ള പാലം കടക്കുന്നതും ചകിരി കൊണ്ടുള്ള കയറോ പടമോ ഉപയോഗിക്കുന്നതും ചിരട്ട കൊണ്ടുള്ള കയില്‍ (തവി) കൊണ്ട് വിളമ്പുന്നതും ഹറാമാക്കുന്ന ഒരു ലൈന്‍. ഈ മാനസികാവസ്ഥ സ്വാധീനിച്ചതോടെ ചില വ്യതിയാനങ്ങളുണ്ടായി.

അതിനും മുമ്പു തന്നെ ഗള്‍ഫ് കുടിയേറ്റം മറ്റ് രീതികളിലും കേരളീയ മുസ്‌ലിം ജീവിതത്തെ ക്രിയാത്മകമായും നിഷേധാത്മകമായും സ്വാധീനിച്ചിരുന്നു. സാരിയും മുഴുക്കൈയന്‍ ബ്ലൗസും ധരിച്ച് തട്ടം കൊണ്ട് തല മറച്ച പെണ്ണുങ്ങളായിരുന്നു ആദ്യകാലത്ത് കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളില്‍ പോലും ഉണ്ടായിരുന്നതെങ്കില്‍, പര്‍ദ എന്ന് ഇന്ന് വിളിക്കപ്പെടുന്ന അറേബ്യന്‍ അബായ മൊത്തം മുസ്‌ലിം സ്ത്രീകളുടെ തന്നെ വസ്ത്രമായിത്തീര്‍ന്നത് ഇതിന്റെ അടയാളമത്രെ. ഇതിലേക്കുള്ള ലിങ്ക് ആണ് വേഷത്തിലും ഭാവത്തിലും പോലുമുള്ള ആത്യന്തികതകളായി മാറിയത്. വെട്ടിയൊതുക്കിയ താടി വെച്ചവരും ക്ലീന്‍ ഷേവ് ചെയ്തവരും അടങ്ങിയതായിരുന്നു ആദ്യകാലത്ത് പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെങ്കില്‍ ഇപ്പോള്‍ അത് കാല്‍മുട്ട് വരെയെത്തുന്ന താടിയും മുട്ടോളം ഉയര്‍ന്നുനില്‍ക്കുന്ന വസ്ത്രവുമുള്ളവരുടേത് മാത്രമായി മാറി. മതവുമായി ബന്ധപ്പെട്ട ബാഹ്യചിഹ്നങ്ങള്‍ക്ക് ആദര്‍ശപരിവേഷം ലഭിച്ചു. താടിയെപ്പറ്റി പുസ്തകങ്ങള്‍ തന്നെ രചിക്കപ്പെട്ടു. ഫോട്ടോഗ്രാഫിയും സംഗീതവും ഹറാമായി. ഇക്കൂട്ടത്തില്‍ ഇതേ സ്രോതസ്സില്‍നിന്നാണ് മലയാളിയുടെ മതജീവിതത്തിലേക്ക് ജിന്നുകളും ആടുകളും ഇറങ്ങിവന്നത്. 

മനുഷ്യനെ സമൂഹത്തില്‍നിന്ന് വ്യവഛേദിച്ചുകളയുക എന്ന സ്വഭാവം പ്യൂരിറ്റാനിസത്തിലെ എല്ലാ ധാരകളുടെയും പൊതുസ്വഭാവമാണ്. താടി സാഹചര്യബന്ധിതവും നിര്‍ദേശകതത്ത്വവുമാണെങ്കില്‍ മറ്റൊരാളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക എന്നത് മൗലികവും സ്ഥായിയുമായ കല്‍പനയാണ്. ഇപ്പോള്‍ കാണപ്പെടുന്നതാകട്ടെ, മുറ്റിയ താടിരോമങ്ങള്‍ക്കിടയില്‍ നിര്‍വികാരമായ ചുണ്ടുകള്‍. മതത്തിന്റെ പരുക്കത്തം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശരഹിതമായ കണ്ണുകളും. ശുദ്ധിവാദമനോരോഗം ബാധിച്ച പലരും ജീവിക്കുന്നത് അര്‍ഥരഹിതമായ അസ്വാസ്ഥ്യങ്ങളിലാണ്. ഒന്നാമതായും ഒരുതരം പാപബോധം (Guilty Consciousness)  ഇക്കൂട്ടരെ വിടാതെ പിടികൂടുന്നു. വീട്ടില്‍ ഒരു വിവാഹകര്‍മത്തിന് പെണ്ണുങ്ങള്‍ ഒത്തുകൂടിയാല്‍, അവര്‍ ശബ്ദമുയര്‍ത്തി പാട്ടുപാടിയാല്‍, ബസ്സില്‍ യാത്ര ചെയ്യുമ്പോഴോ മറ്റോ അതില്‍ സംഗീതം ഉയര്‍ന്നാല്‍, കാത്തിരിപ്പു മുറികളിലോ സന്ദര്‍ശിക്കുന്ന വീടുകളിലോ പോലും ടി.വിയുടെ ശബ്ദം കേട്ടാല്‍ ഇവര്‍ അസ്വസ്ഥരാകും. വളര്‍ന്നു പെരുകുന്ന ഈ അസ്വാസ്ഥ്യം അവരില്‍ വ്യവഛേദിതമായ (ഉലുമൃലേറ) അവസ്ഥ സൃഷ്ടിക്കുന്നു. ഭാവങ്ങളില്‍തന്നെ പാരുഷ്യം കലരുന്നതിന് ഇതും നിമിത്തമാകുന്നു. 

 

ജിന്നുകളും ആടുകളും 

മുകളില്‍ സൂചിപ്പിച്ച പിളര്‍പ്പ് കൊണ്ടുണ്ടായ കുഴപ്പങ്ങളിലേക്ക് വരാം. 

ജിന്ന് എന്ന ആശയത്തെ ചര്‍ച്ച ചെയ്യുക ഇവിടെ ഉദ്ദേശ്യമല്ല. എന്നാല്‍, ഈ കുഴപ്പങ്ങളെത്തുടര്‍ന്ന് ജന്മമെടുത്ത ജിന്നുവാദികള്‍ക്ക് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യനും അവരുടെ അഭിനിവേശങ്ങളും അതിജീവനവുമൊന്നും വിഷയമേ അല്ല. ഒരു കാലത്ത് ജിന്നുകളെസ്സംബന്ധിച്ച അസംബന്ധങ്ങള്‍ പ്രചരിപ്പിച്ച് അതില്‍ നിന്ന് മുതലെടുപ്പ് നടത്തിയിരുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തവര്‍ ജിന്ന് ബാധിച്ചവരെപ്പോലെ വേദികളില്‍ ഉറഞ്ഞു തുള്ളുന്നതും അസഭ്യവര്‍ഷം പോലും ചൊരിയുന്നതും കേരളത്തിന് കാണേണ്ടി വന്നു.

പ്രവാചക കാലത്തെ സാമൂഹിക ജീവിതത്തെ പുനരാവിഷ്‌കരിച്ച് ആട് മേയ്ച്ച് കാലം കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചവര്‍ പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് ദോഷമൊന്നും ചെയ്യുന്നില്ല. അതേസമയം യമനിലെ ദമ്മാജ് ഉള്‍പ്പെടെയുള്ള ഇത്തരം വിഭാഗങ്ങളും വ്യക്തിയെ സമൂഹത്തില്‍നിന്ന് വ്യവഛേദിക്കുകയാണ്. അതിനുമപ്പുറം ജീവിതത്തിലും നാഗരികതയിലും മനുഷ്യന്‍ ആര്‍ജിച്ചിട്ടുള്ള പുരോഗതികളെ നിരാകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സമൂഹത്തോടുള്ള ബന്ധവിഛേദനത്തില്‍നിന്ന് സാമൂഹിക വിരുദ്ധമായ പ്രവണതകളിലേക്കുള്ള ദൂരം വളരെ ചെറുതാണ്. കേരളത്തില്‍നിന്നടക്കം ആടുവളര്‍ത്തല്‍ സലഫിസവുമായി ബന്ധപ്പെട്ട് യമനിലേക്ക് ആളുകള്‍ യാത്രയായി. 

തങ്ങളുമായി വിയോജിക്കുന്നവരെല്ലാം ഇസ്‌ലാമിനു പുറത്തോ മുര്‍ത്തദ്ദുകളോ ആണ് ഇത്തരത്തില്‍ തീവ്ര നിലപാടുകളുള്ളവര്‍ക്ക്. അത്തരം മുര്‍ത്തദ്ദുകള്‍ കൊല്ലപ്പെടേണ്ടവരാണ്. പ്രവാചകന്റെ ദീനില്‍ രിദ്ദഃ (ഉപേക്ഷിച്ചുപോകല്‍ എന്ന് സാമാന്യമായി അര്‍ഥം, മതപരിത്യാഗം എന്ന ലഘുവും അസാധുവുമായ അര്‍ഥത്തില്‍ ഇപ്പോള്‍ വായിക്കപ്പെടുന്നു. മുര്‍ത്തദ്ദ് എന്നാല്‍ ഉപേക്ഷിച്ച് പിന്തിരിഞ്ഞുപോയവന്‍) ഒരു രാഷ്ട്രീയ പ്രശ്‌നമായിരുന്നു. അബൂബക്‌റിന്റെ കാലത്ത് മുസൈലിമ എന്ന മതപരിത്യാഗിയുമായി  യുദ്ധമുണ്ടായി. എന്നാല്‍ മുസൈലിമ ദീന്‍ ഉപേക്ഷിച്ചതും സ്വന്തമായ ഒരു സംഘത്തെ രൂപീകരിച്ചതു പോലും പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോഴാണ്. അയാളെ ശിക്ഷിക്കാനോ വധിക്കാനോ അയാളുമായി യുദ്ധം ചെയ്യാനോ ഒന്നും നബി തയാറായിരുന്നില്ല. സ്വാഭാവികമായും അബൂബക്‌റിന്റെ കാലത്ത് നടന്ന ആ യുദ്ധത്തെ രാഷ്ട്രീയമായിത്തന്നെ വായിക്കണം. എന്നാല്‍ ഇതിനെ കേവല മതപരിത്യാഗമായി കാണുക, എന്നിട്ട് തങ്ങളോട് വിയോജിക്കുന്ന മുസ്‌ലിംകളെ മുര്‍ത്തദ്ദുകളായി പ്രഖ്യാപിക്കുക, അവരെ വധിക്കുക തുടങ്ങിയവയെല്ലാം നേരത്തേപ്പറഞ്ഞ മിലിറ്റന്റ് ഇസ്‌ലാമില്‍ സ്വാഭാവികമാണെന്നാണ് മനസ്സിലാവുന്നത്.

എന്തായാലും, പറഞ്ഞുവന്നത് ചുരുക്കിയാല്‍, സാമൂഹികബന്ധങ്ങളുടെ ആഖ്യാനവും കൂടിയായ ഇസ്‌ലാമിനെ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍നിന്ന് ജിന്നുകളിലേക്കും മനുഷ്യപുരോഗതിയില്‍നിന്ന് ആടിലേക്കും സമാധാനത്തില്‍നിന്ന് വാളിലേക്കും വഴിതെറ്റിക്കുകയാണ് തീവ്രത കൈക്കൊണ്ടവര്‍ എന്നു പറയാം. ദീനില്‍ അതിരു കവിയരുത് എന്ന കല്‍പന ഇത്തരം പ്രവണതകള്‍ക്കെതിരായ ജാഗ്രതയുടെ പാഠമാണ്.

ഇസ്‌ലാമിന്റെ സമഗ്രതയെ ഉള്‍ക്കൊള്ളുന്നതിലും ജീവിതത്തെ അത് സമീപിക്കുന്ന സമഗ്രമായ രീതിശാസ്ത്രത്തെ അനുധാവനം ചെയ്യുന്നതിലും ഇസ്‌ലാമിക സമൂഹം പരാജയപ്പെടുന്നേടത്ത് ഇത്തരം പ്രവണതകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും. ഇസ്‌ലാമികയുക്തിയെ ജീവിതത്തില്‍ ഇംപ്ലിമെന്റ് ചെയ്യുന്നതിനു പകരം അതിനെ കേവലം മതമാക്കി ഒതുക്കുകയും ആചാരബദ്ധവും വിശ്വാസാന്ധ്യം ബാധിച്ചതുമായ ജീവിതത്തിലേക്ക് അതിന്റെ അനുയായികളെ തള്ളിവിടുകയും ചെയ്യുന്നതും മഹാപാതകമാണ്.

അതിനാല്‍ തുലാസാണ് സത്യം, സന്തുലിതത്വമാണ് തത്ത്വം, നീതിയാണ് മൂല്യം. ഇത് മറന്നാല്‍ ഇസ്‌ലാമില്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍