Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

ദമ്മാജ് ധാര അക്ഷര സലഫിസത്തിന്റെ അഴിയാക്കുരുക്കുകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

വിചിത്രവാദങ്ങള്‍കൊണ്ട് ലോകസലഫിധാരകള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ് 'യമനീ സലഫിസം'. സലഫിസത്തിന്റെ പൊതുദൗര്‍ബല്യമായ അക്ഷരവായനയുടെയും വികാസക്ഷമതയെ നിരാകരിക്കുന്ന ആശയകാര്‍ക്കശ്യത്തിന്റെയും ആചാരബദ്ധമായ പാരമ്പര്യവാദത്തിന്റെയും തീവ്രമായ ആവിഷ്‌കാരമാണ് യമനീ സലഫിസം. ഹദീസില്‍ കാണുന്നതാണ് ശരിയായ ഇസ്‌ലാമെന്നും അതിനനുസൃതമായി 6/7 നൂറ്റാണ്ടുകളിലെ അറേബ്യന്‍ ജീവിതരീതികള്‍ പോലും ഈ നൂറ്റാണ്ടിലും പുനഃസ്ഥാപിക്കണമെന്നും ഇവര്‍ വാദിക്കുന്നു. മാത്രമല്ല, അത് പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും അതിന് സാധ്യമാകുന്നേടത്തേക്ക് പലായനം (ഹിജ്‌റ) ചെയ്യുകയുമാണ് ഇവരുടെ രീതി. വളരെ ചെറിയ ഒരു വൃത്തത്തില്‍ പരിമിതമായിരുന്ന ഈ സമീപനം, ഇപ്പോള്‍ കുറേക്കൂടി പ്രചാരം നേടിയിട്ടുണ്ട്. മതമണ്ഡലത്തെ ഗ്രസിച്ച ജീര്‍ണതകളും സാമൂഹികാന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളുമൊക്കെ സൃഷ്ടിച്ച മാനസികാവസ്ഥ യമനീ സലഫിധാരക്ക് വളരാന്‍ നനവുള്ള മണ്ണൊരുക്കി. 

 

അക്ഷരവായന

ഇസ്‌ലാമിക ചരിത്രത്തില്‍ ഗുണാത്മകമായ സംഭാവനകള്‍ ഏറെ അര്‍പ്പിച്ചിട്ടുണ്ട് സലഫി ആശയധാര. വിശുദ്ധ ഖുര്‍ആനോടും സുന്നത്തിനോടുമുള്ള മുസ്‌ലിം സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സലഫി പണ്ഡിതന്മാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക വൈജ്ഞാനിക അന്വേഷണങ്ങളെയും ജീവിതാവിഷ്‌കാരങ്ങളെയും പ്രമാണബദ്ധമാക്കി നിലനിര്‍ത്താനുള്ള ശ്രമം പക്ഷേ ചിലരുടെ കാര്യത്തില്‍ മറ്റൊരു തലത്തിലേക്ക് വഴിതെറ്റിപോവുകയായിരുന്നു; പ്രമാണങ്ങളുടെ അക്ഷരവായനയായിരുന്നു ആ ദുരന്തം. ഇസ്‌ലാമിക പ്രമാണങ്ങളെ ബാഹ്യാര്‍ഥത്തില്‍ മനസ്സിലാക്കുക, ഹദീസില്‍ പറഞ്ഞ നബിയുടെയും സഖാക്കളുടെയും ജീവിതരീതികള്‍ അപ്പടി പകര്‍ത്തുക എന്നിവയാണ് ഇതിന്റെ പ്രാഥമിക പ്രശ്‌നങ്ങള്‍. പ്രമാണങ്ങളെ ആശയപരമായി മനസ്സിലാക്കല്‍, സ്ഥലകാല സാഹചര്യങ്ങള്‍ കൂടി മുമ്പില്‍വെച്ച് പ്രയോഗവല്‍ക്കരിക്കല്‍, പശ്ചാത്തലം പരിഗണിക്കല്‍, വികാസക്ഷമത അംഗീകരിക്കല്‍, സംഭവലോകത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളല്‍ തുടങ്ങിയവയൊക്കെ 'അക്ഷര സലഫിസം' നിരാകരിച്ചു. നബി (സ) ആടിനെ വളര്‍ത്തിയതുകൊണ്ട് നമ്മളും ആടിനെ വളര്‍ത്തണം, നബി മരുഭൂമിയില്‍ ജീവിക്കുകയും ഗുഹക്കകത്ത് ഒറ്റപ്പെട്ടുകഴിയുകയും ചെയ്തതു പോലെ നമ്മളും ചെയ്യണം, നബിയുടെ വസ്ത്രം, ഭക്ഷണം, താടി, ആഇശയെ വിവാഹം ചെയ്ത പ്രായം തുടങ്ങി എല്ലാറ്റിനെയും അനുകരിക്കലാണ് 'സുന്നത്ത് പിന്തുടരല്‍' എന്ന രീതിയിലാണ് ഇവരുടെ വാദങ്ങള്‍ പുരോഗമിക്കുന്നത്! 

 

സാമൂഹിക ദുരന്തം

വ്യക്തികളുടെ സ്വകാര്യലോകത്തും അവരുടെ കുടുംബങ്ങള്‍ക്കകത്തും പരിമിതിപ്പെടുന്ന 'ആത്മീയമാത്ര' മതമല്ല അക്ഷര സലഫിസത്തിന്റേത്. ആചാരഭക്തിക്കും അനുഷ്ഠാന തീവ്രതക്കുമപ്പുറം, വലിയ സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഇത് സൃഷ്ടിക്കുന്നുണ്ട്. ഇത്തരമൊരു സലഫിധാരയില്‍ അകപ്പെട്ടവരുടെ കേരളത്തില്‍നിന്നുള്ള ദുരൂഹമായ തിരോധാനത്തെക്കുറിച്ചുതന്നെ ചിന്തിക്കുക. അതൊരു സ്വകാര്യ ആത്മീയ വിഷയമല്ലല്ലോ. അവരുടെ നാടുവിടല്‍ സാമൂഹിക ദുരന്തവും രാഷ്ട്രീയ പ്രതിസന്ധിയുമാണ് കേരളത്തില്‍, വിശേഷിച്ചും സംസ്ഥാനത്തെ മുസ്‌ലിംകളില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതൊരു പലായനത്തിന്റെ പ്രശ്‌നമല്ല, ഇത്തരമൊരു സലഫിസത്തിന്റെ അടിസ്ഥാന ദൗര്‍ബല്യത്തിന്റെ ഒരു സൂചകം മാത്രമാണ്. ദുരൂഹമായി നാടുവിടുമ്പോള്‍, നാട്ടില്‍ ശേഷിക്കുന്ന തങ്ങളുടെ കുടുംബം, സ്ഥാപനങ്ങള്‍, തങ്ങളുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍, മുസ്‌ലിം സമൂഹം തുടങ്ങിയവയെക്കുറിച്ചൊന്നും അവര്‍ ചിന്തിച്ചില്ല. ഈ ചിന്താശൂന്യതയുണ്ടാക്കിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ എത്രമേല്‍ അപകടകരമാണ്! അതുകൊണ്ടുതന്നെ യമനി സലഫിധാരയെക്കുറിച്ച് 'സലഫി സന്യാസം' എന്ന് പറയുന്നത് ശരിയല്ല. കാരണം, സന്യാസം വ്യക്തിയുടെ ഐഹികനിഗ്രഹവും സാമൂഹികജീവിതത്തില്‍നിന്നുള്ള പിന്‍വാങ്ങലുമാണ്. പ്രശ്‌നങ്ങളുള്ളതോടൊപ്പം തന്നെ അതിന് മറ്റുള്ളവരെ ഉപദ്രവിക്കാത്ത ഭക്തിയുടെ മുഖവുമുണ്ട്. എന്നാല്‍, സലഫികളുടേത് സാമൂഹിക പ്രത്യാഘാതമുണ്ടാക്കുന്ന സമീപനമാണ്. മാത്രമല്ല, സന്യാസികളെപ്പോലെ അവര്‍ കുടുംബജീവിതമോ ജോലിയോ വേണ്ടെണ്ടന്നുവെക്കുന്നില്ല. അതിനെല്ലാം പ്രത്യേക രീതി സ്വീകരിക്കുന്നുവെന്നു മാത്രം. 

സാമാന്യബുദ്ധിയും സാമൂഹിക ബോധവും നഷ്ടപ്പെട്ടുപോകുന്നുവെന്നതാണ് അക്ഷര സലഫിസത്തിന്റെയും ജീര്‍ണ സൂഫിസത്തിന്റെയും ഒരു ആപത്ത്. സംഭവലോകവുമായി ബന്ധമില്ലാത്ത പ്രവര്‍ത്തനങ്ങളും ചുറ്റുപാടുകളെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയാത്ത വിധം ചിന്താശേഷി നഷ്ടപ്പെട്ട ഒരാള്‍ക്കൂട്ടവുമാണ് ഈ സലഫിസത്തിന്റെ ഉല്‍പന്നം. ദുന്‍യാവിനെ അവര്‍ കാണില്ല, സമൂഹത്തെ അവര്‍ പരിഗണിക്കില്ല, മാതാപിതാക്കളെ കുറിച്ചു പോലും ചിന്തിക്കില്ല. മറ്റൊരു മാനസിക ലോകത്ത് അവര്‍ എത്തിപ്പെട്ടിരിക്കും. ഇത്തരമൊരു സലഫിധാരയില്‍ കുടുങ്ങിയ നമ്മുടെ ചുറ്റുപാടുകളിലുള്ള വിദ്യാര്‍ഥി-യുവജനങ്ങളെ നിരീക്ഷിച്ചാല്‍ ഇത് എളുപ്പം ബോധ്യപ്പെടും. മതം മാനസികരോഗവും ആത്മീയത സാമൂഹികവിരുദ്ധവും അനുഷ്ഠാനങ്ങള്‍ മനഃസംഘര്‍ഷത്തിന്റെ ഹേതുവുമാകുന്ന വിചിത്ര പരിണതികളാണ് ഇവിടെ നമുക്ക് അനുഭവിക്കാനാവുന്നത്.  

ജൈവികത, ഇലാസ്തികത, ബഹുസ്വരത, ജനാധിപത്യബോധം തുടങ്ങിയ ഇസ്‌ലാമിന്റെ സൗന്ദര്യാത്മക വശങ്ങള്‍ അക്ഷര സലഫിസം മായ്ച്ചുകളയുന്നു. സന്തുലിതത്വം (വസ്വത്വിയ്യത്) എന്നത് ഇസ്‌ലാമിന്റെ മൗലിക സവിശേഷതയും മുസ്‌ലിം ഉമ്മത്തിന്റെ മുഖ്യവിശേഷണവും (ഉമ്മത്തുന്‍ വസ്വത്വ്) ആണ്. അതിനെ അപ്പാടെ നിരാകരിച്ചുകൊണ്ടാണ് ഇത്തരം സലഫിധാരകള്‍ ആശയ-ആചാര-അനുഷ്ഠാന തീവ്രതകളിലേക്ക് ആളെക്കൂട്ടുന്നത്. ഭൂമിയില്‍ ജീവിക്കുന്നവര്‍ക്കും സമൂഹത്തോട് ഇടപഴകുന്നവര്‍ക്കും അപ്രായോഗികവും അരോചകവുമാണ് അവരുന്നയിക്കുന്ന പല വാദങ്ങളും. അത്യന്തം കുടുസ്സാര്‍ന്നതും വികര്‍ഷണസ്വഭാവമുള്ളതുമാണ് അവര്‍ അവതരിപ്പിക്കുന്ന ഇസ്‌ലാമിന്റെ ഊന്നലുകള്‍. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ജീവിതത്തിന്റെ സന്തുലിതത്വമോ സാമൂഹികബോധമോ അതിലുണ്ടാവില്ല. സുന്നത്തിനെക്കുറിച്ച് നിരന്തരം പറയുമ്പോഴും, നബിചര്യയുടെ പശിമയോ വിശാലതയോ മാനവികതയോ അതില്‍ കാണാനാകില്ല. അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളായിരിക്കും അവര്‍. തീവ്രത (ഗുലുവ്വ്) ഇത്തരം സലഫിധാരകള്‍ക്ക് അലങ്കാരമാണ്. 

യമനിലെ ദമ്മാജ് കേന്ദ്രീകരിച്ച് 1980-കളില്‍ രൂപം കൊണ്ട ഇത്തരമൊരു സലഫിധാര, വൈകാതെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അനുയായികളെ കണ്ടെത്തി. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് 1990-കളില്‍ ഗള്‍ഫ് സലഫിസം ഇറക്കുമതിചെയ്യാന്‍ തുടങ്ങിയതും പിന്നീട് സംഘടനക്കകത്ത് തുടരെത്തുടരെയുണ്ടായ ഭിന്നിപ്പുകളും പിളര്‍പ്പുകളും സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ദൂരവ്യാപകമായിരുന്നു. അതിന്റെ ബാക്കിപത്രങ്ങളില്‍ ഒന്നാണ്, യമനീ/ദമ്മാജ് സലഫിസത്തിന് കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകള്‍ക്കിടയിലുണ്ടാക്കാനായ സ്വാധീനം. 'ജിന്ന്‌വിഭാഗം' എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം പിന്തുടരുന്നത് ഈ യമനീ/ദമ്മാജ് സലഫിസമാണ്. യമനീ സലഫിസത്തിന്റെ വാദങ്ങളും വിശ്വാസങ്ങളും മാത്രമല്ല, പദപ്രയോഗങ്ങള്‍ പോലും കേരളത്തിലെ ഈ സലഫിധാരയില്‍ കാണാം. സംഘടനാവിരുദ്ധതയില്‍നിന്നായിരുന്നു ഇതിന്റെ തുടക്കം. സംഘടനാ രൂപീകരണം അനിസ്‌ലാമികമായ പുത്തനാചാരം (ബിദ്അത്ത്) ആണെന്ന വാദം യമനീ സലഫിസത്തിന്റേതാണ്. 'ജാമിയ്യ സലഫിസ'ത്തിനും ഈ വാദമുണ്ട്. ആടു മേയ്ക്കല്‍, ആശ്രമജീവിതം തുടങ്ങിയ പലതും വഴിയെ വന്നു.  

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ മഹദ് പൈതൃകമുള്ള ഇസ്‌ലാഹീ പ്രസ്ഥാനത്തില്‍ ഇടക്കാലത്തുണ്ടായ ആഭ്യന്തരപ്രശ്‌നങ്ങളും പിളര്‍പ്പുകളും കേരളീയ മുസ്‌ലിം സമൂഹത്തില്‍ പൊതുവിലും പ്രസ്ഥാന വൃത്തത്തിനകത്ത് പ്രത്യേകിച്ചും പലതരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രത്യാഘാതങ്ങള്‍ ശരിയായ രീതിയില്‍ തിരിച്ചറിയാനോ ഫലപ്രദമായി ഇടപെടാനോ ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിച്ചില്ല എന്ന് അംഗീകരിക്കലാണ് വിവേകം. വ്യക്തിവിമര്‍ശനങ്ങളും സംഘടനാ അച്ചടക്കനടപടികളും ഗ്രൂപ്പുകള്‍ തമ്മിലുള്ള ഖണ്ഡനമണ്ഡനങ്ങളും സ്ഥാപനങ്ങള്‍ കൈയടക്കാനുള്ള ശ്രമങ്ങളും സാമ്പത്തിക സ്രോതസ്സുകളെ ചൊല്ലിയുള്ള വടംവലികളും മത്സര സ്വഭാവമുള്ള സമ്മേളനങ്ങളുമൊന്നും ആശയപ്രതിസന്ധിയെയോ, അണികളിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെയോ മറികടക്കാന്‍ പര്യാ

പ്തമായിരുന്നില്ല. അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞ്, ഭാവിരോഗങ്ങള്‍ മുന്നില്‍കണ്ട് ചികിത്സിക്കാനുള്ള ദീര്‍ഘവീക്ഷണവും പ്രകടിപ്പിക്കാനായില്ല. അതിന്റെ കൂടി അനന്തരഫലമാണ് വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട പുതിയ 'മതജീവിതം'. ഇത്തരമൊരു സലഫീധാര കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിയ 'മത പ്രബോധന'ത്തിന്റെ ബാക്കിപത്രമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. 

മതനേതൃത്വത്തിലും സംഘടനകളിലും പുതിയ തലമുറക്ക് വലിയൊരളവോളം വിശ്വാസം നഷ്ടപ്പെട്ടതാണ് മറ്റൊരു കാരണം. ആത്മീയ-മൂല്യശോഷണം ബാധിച്ചതായാണ് പലപ്പോഴും നമ്മുടെ മതപ്രവര്‍ത്തന മണ്ഡലം അനുഭവപ്പെടാറുള്ളത്. പലര്‍ക്കും പ്രത്യാശകളും പ്രതീക്ഷകളും നഷ്ടപ്പെട്ടുപോകുന്നു. ഇത്, ആത്മീയദാഹം തീര്‍ക്കാനുതകുന്ന കേന്ദ്രങ്ങളെയും വ്യക്തികളെയും അന്വേഷിക്കാന്‍ പ്രേരണയാകുന്നു. 

പിന്നീട് ഈ അന്വേഷണം ഒരു ലഹരിയായി മാറുകയും വിവിധ ഗുരുക്കന്മാരിലേക്ക് മാറിമാറി കടന്നുപോവുകയും ചെയ്യുന്നു. സലഫിസത്തിലും സൂഫിസത്തിലും ഈ പ്രവണതകളുണ്ട്. 

 

ദമ്മാജ് സലഫിസം

1980-ലാണ് യമനിലെ ദമ്മാജ് പ്രദേശം കേന്ദ്രീകരിച്ച പുതിയൊരു സലഫിധാര രംഗത്തു വന്നത്. മുഖ്ബിലുബ്‌നു ഹാദി അല്‍വാദിഈയാണ് ഇതിന്റെ നേതാവ്. 'അനുഷ്ഠാന-അനുകരണ സലഫിസ'ത്തിന്റെ ഒരവാന്തര വിഭാഗമാണ് യമനീ/ദമ്മാജ് സലഫിസം. 1937-ല്‍ യമനിലെ 'സ്വഅ്ദ' പ്രവിശ്യയില്‍ ജനിച്ച മുഖ്ബിലുബ്‌നു ഹാദി അല്‍ വാദിഈ, സ്വന്തം ഗ്രാമത്തില്‍നിന്നുതന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശീഈകളിലെ സൈദി വിഭാഗത്തിനാണ് അവിടെ മേല്‍ക്കൈ. അവരുടെ അടുത്തുനിന്നാണ് മുഖ്ബില്‍ അറബി ഭാഷയും നിയമവും ഖുര്‍ആന്‍ പാരായണവും പഠിച്ചത്. പിന്നീട് സുഊദി അറേബ്യയിലെത്തി. അവിടത്തെ സലഫി പ്രഭാഷകരുടെ നിര്‍ദേശപ്രകാരം മുഹമ്മദുബ്‌നു അബ്ദില്‍വഹാബിന്റെ 'ഫത്ഹുല്‍ മജീദ്' പഠിച്ചു. അതോടെ സലഫി ആശയധാരയിലെത്തിയ അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചുപോയത് യമനികള്‍ക്കിടയിലെ അന്ധവിശ്വാസ-അനാചാരങ്ങളോടുള്ള കടുത്ത വിയോജിപ്പുമായിട്ടായിരുന്നു. അവിടെ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. വീണ്ടും സ്വഅദയിലെ 'മസ്ജിദുല്‍ ഹാദി' എന്ന ശീഈ പള്ളിയില്‍ പഠനം തുടര്‍ന്നു. അവിടത്തെ ശീഈ ഗ്രന്ഥങ്ങള്‍ മാറ്റിനിര്‍ത്തി, അറബി ഭാഷാ നിയമം (നഹ്‌വ്) മാത്രമാണ് അദ്ദേഹം പഠിച്ചത്. യമന്‍ വിപ്ലവാനന്തരം നജ്‌റാനില്‍ പോവുകയും ശൈഖ് മജ്ദുദ്ദീന്‍ അല്‍ മുഅയ്യദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീട് സുഊദിയിലെത്തിയ മുഖ്ബില്‍, 'മഅ്ഹദുല്‍ ഹറമില്‍ മക്കി'യില്‍ വിദ്യാര്‍ഥിയായി. സാനവി കോഴ്‌സ് പാസ്സായ ശേഷം, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ 'കുല്ലിയ്യത്തുദ്ദഅ്‌വ വ ഉസ്വൂലുദ്ദീനി'ല്‍ ചേര്‍ന്നു. അവിടെനിന്ന് 'ഇല്‍മുല്‍ ഹദീസി'ല്‍ ബിരുദാനന്തര ബിരുദം നേടി. ഹദീസ് മുഖ്യവിഷയമാക്കിക്കൊണ്ടാണ് പിന്നീട് മുഖ്ബിലുബ്‌നു ഹാദിയുടെ വൈജ്ഞാനിക അന്വേഷണം മുന്നോട്ടുപോയത്. ഹദീസ് വിജ്ഞാനീയത്തില്‍ അവഗാഹമുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ഹദീസ് കേന്ദ്രീകൃത ആശയധാര രൂപപ്പെടാന്‍ ഇതു കാരണമായി. 

1979-ല്‍ മക്കയില്‍, മസ്ജിദുല്‍ ഹറമില്‍ സ്‌ഫോടനം നടന്നു. ജുഹൈമാന്‍ അല്‍ ഉതൈബി ഉള്‍പ്പെടെയുള്ളവരായിരുന്നു സ്‌ഫോടനത്തിനു പിന്നില്‍. സുഊദി ഗവണ്‍മെന്റിനെതിരെ ലഘുലേഖകള്‍ പുറത്തിറക്കിയ ജുഹൈമാനെയും സംഘത്തെയും മുഖ്ബിലുബ്‌നു ഹാദി സഹായിച്ചുവെന്നും 'അല്‍ ജമാഅത്തുസ്സലഫിയ്യ അല്‍ മുഹ്തസിബ' എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നുമുള്ള കാരണം പറഞ്ഞ് സുഊദി ഗവണ്‍മെന്റ് അദ്ദേഹത്തെ ജയിലിലടച്ചു. അക്കാലത്തുതന്നെ സലഫികളില്‍ ഒരു വിഭാഗം സായുധാക്രമണങ്ങളുടെ മാര്‍ഗം അവലംബിക്കുകയും തീവ്ര നിലപാടുകള്‍ പുലര്‍ത്തുകയും ചെയ്തിരുന്നു. 'അസ്സലഫിയ്യത്തുല്‍ ജിഹാദിയ്യ' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ധാരയാണിത്. 

ജയില്‍മോചിതനായ മുഖ്ബില്‍ യമനില്‍ തിരിച്ചെത്തി, ദമ്മാജ് കേന്ദ്രമാക്കി തന്റെ വൈജ്ഞാനിക-പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1980-ല്‍ അദ്ദേഹം 'ദാറുല്‍ ഹദീസ്' സ്ഥാപിച്ചു. പ്രാഥമികമായി അതൊരു ദീനീവിദ്യാലയമായിരുന്നെങ്കിലും സവിശേഷമായൊരു സലഫിധാരയുടെ കേന്ദ്രമായി ക്രമേണ അത് വളര്‍ന്നു. അതിന് വൈജ്ഞാനികവും രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളുണ്ട്. 

ലോകോത്തര സലഫികേന്ദ്രമായി ദമ്മാജിലെ ദാറുല്‍ ഹദീസ് മാറിയതോടെ യമന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാത്രമല്ല, വിദേശ രാജ്യങ്ങളില്‍നിന്നും അവിടേക്ക് വിദ്യാര്‍ഥികള്‍ വരാന്‍ തുടങ്ങി. സാധാരണ വിദ്യാര്‍ഥി പ്രായത്തിലുള്ളവര്‍ മാത്രമല്ല, മുതിര്‍ന്നവരും കുടുംബസമേതം അവിടേക്ക് വന്നു. 'ശരിയായ സലഫിസ'മായിരുന്നു അവരുടെയെല്ലാം ലക്ഷ്യം. ബ്രിട്ടന്‍, അമേരിക്ക, ഈജിപ്ത്, സിറിയ, ലിബിയ, കുവൈത്ത്, സുഊദി അറേബ്യ, ഇറാന്‍, ഇറാഖ്, ഇന്തോനേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ഈ സലഫിധാരയില്‍ ആകൃഷ്ടരായവര്‍ ദമ്മാജിലെത്തി. ഇന്ത്യയില്‍നിന്നും ഒരുവിഭാഗം മുജാഹിദ്-അഹ്‌ലേ ഹദീസ് പശ്ചാത്തലമുള്ളവര്‍ ദമ്മാജില്‍ പഠിക്കാന്‍ പോയിരുന്നു. ഗള്‍ഫ്/യമനീ സലഫിസം ഇന്ത്യയിലേക്ക്, വിശേഷിച്ചും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത് ഇവരിലൂടെയാണ്. ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഇത്തരം യാത്രകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും, യമന്‍ രാഷ്ട്രീയസംഘര്‍ഷഭൂമിയായതോടെ പലരും പ്രശ്‌നങ്ങളിലകപ്പെടുകയും മാധ്യമശ്രദ്ധയില്‍ വരികയും ചെയ്തു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി സല്‍മാന്‍ ഹൂഥികളുടെ പിടിയിലായതോടെയാണ് കേരളത്തില്‍ ഇത് വലിയ ചര്‍ച്ചാവിഷയമായത്. 'ദാറുല്‍ ഹദീസ്' സ്ഥാപനങ്ങളില്‍ മലയാളികളായ പത്തിലേറെ കുടുംബങ്ങളും ഒട്ടേറെ അവിവാഹിതരും താമസിക്കുന്നുണ്ടെന്ന് അന്ന് യമനിലുള്ള കൊച്ചി സ്വദേശി മിഖ്ദാദ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

 

യമന്‍ വാഗ്ദത്ത ഭൂമി

ഈ വിഭാഗം സലഫികളുടെ വിശുദ്ധ ഭൂമിയത്രെ യമന്‍! നബി (സ) വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്ത നാടാണ് യമന്‍ എന്ന് ദമ്മാജ് സലഫികള്‍ വാദിക്കുന്നു. 'യമനുകാര്‍ നിങ്ങളുടെ അടുത്തുവന്നിരിക്കുന്നു. അവര്‍ നിര്‍മലഹൃദയരും ലോലമനസ്‌കരുമാണ്. ഈമാന്‍ യമനിലാണ്. ഹിക്മത്ത് യമനിലാണ്. അഹങ്കാരവും പൊങ്ങച്ചവും ഒട്ടകക്കാരിലാണ്. ശാന്തിയും ഭക്തിയും (അല്‍വഖാര്‍) ആടിന്റെ  നാട്ടുകാരിലാണ്' എന്ന ഹദീസാണ് അവരുടെ തെളിവ്. ശരിയായ ഈമാനോടെ ജീവിച്ചു മരിക്കണമെങ്കില്‍ യമനില്‍ പോകണം എന്നാണ് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വാദം. ഈ വിശ്വാസപ്രകാരമാണ് ഇവര്‍ കുടുംബസമേതം യമനിലേക്ക് പലായനം (ഹിജ്‌റ) ചെയ്യുന്നത്! അനിസ്‌ലാമിക രാഷ്ട്രത്തില്‍ ശരിയായ മുസ്‌ലിമായി ജീവിക്കാന്‍ കഴിയില്ലെന്നും ഹിജ്‌റ നിര്‍ബന്ധമാണെന്നും ഇവര്‍ വാദിക്കുന്നു. യമനിലെ രാഷ്ട്രീയസ്ഥിതി തീര്‍ത്തും പ്രതികൂലമായതുകൊണ്ടാണ് മറ്റു രാജ്യങ്ങള്‍ തേടുന്നത്.

ആടു മേയ്ക്കുന്നവരെ പ്രശംസിച്ച ഈ ഹദീസിന്റെയും നബി ചെറുപ്പത്തില്‍ ആടു മേയ്ച്ചിരുന്നുവെന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ യമനി സലഫികള്‍ ആടു മേയ്ക്കല്‍ പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നു. മുജാഹിദ് പ്രഭാഷകരിലൊരാള്‍ നിലമ്പൂര്‍ അത്തിക്കാട്ട് ആശ്രമം സ്ഥാപിക്കുന്നതും ആടു മേയ്ക്കല്‍ ഉള്‍പ്പെെടയുള്ള രീതികള്‍ തുടങ്ങുന്നതും ഇതിന്റെ സ്വാധീനത്തിലാണ്. കരിഞ്ചീരക ചികിത്സ പോലുള്ളവയും യമനി സലഫികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

ശരിയായ ഇസ്‌ലാമിക ജീവിതം സ്വപ്‌നം കണ്ട് യമനിലെത്തുന്നവര്‍ വിവിധ ദാറുല്‍ ഹദീസ് സ്ഥാപനങ്ങളില്‍ പഠിച്ചും ആടിനെ മേയ്ച്ചും പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും ജീവിക്കുന്നു. അവിടെത്തന്നെ മരിച്ച് സ്വര്‍ഗത്തില്‍ പോവുക എന്ന ലക്ഷ്യത്തോടെയാണ് പലരും യമനിലേക്ക് പോകുന്നത്! പൊതുവെ, താമസവും ഭക്ഷണവും സൗജന്യമാണ് അവിടെ.

 

സംഘടനാ വിരുദ്ധത 

ഇസ്‌ലാമിക പ്രവര്‍ത്തനത്തിനാണെങ്കില്‍ പോലും സംഘടനകള്‍ രൂപീകരിക്കുന്നതിനെ യമനീ സലഫിസം കഠിനമായി എതിര്‍ക്കുന്നു. സംഘടനാവല്‍ക്കരണം സൃഷ്ടിക്കുന്ന തിന്മകളാണ് കാരണമായി പറയുന്നത്. കക്ഷിത്വത്തിലേക്കുള്ള ക്ഷണമാണ് സംഘടനകള്‍ നടത്തുന്നത്, സ്ഥാപനവല്‍ക്കരണം അവയെ ദുഷിപ്പിക്കും, സംഘടനാ നേതൃത്വം-തെരഞ്ഞെടുപ്പ്-അവര്‍ക്കുള്ള അനുസരണം തുടങ്ങിയവ ജനാധിപത്യത്തിന്റെ രീതിയാണ്. ജനാധിപത്യം ഇസ്‌ലാമികവിരുദ്ധമാണ്, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുത്, സ്രഷ്ടാവിനെയല്ലാതെ സൃഷ്ടികളെ അനുസരിക്കരുത്, സംഘടനകളില്‍ അംഗമാകരുത് തുടങ്ങിയവയൊക്കെ യമനി സലഫിസത്തിന്റെ വാദങ്ങളാണ്. ഇവരുടെ സ്വന്തം വെബ്‌സൈറ്റിലെ (ംംം.ാൗൂയലഹ.ില)േ മുഖ്ബില്‍ വാദിഈയുടെ ഫത്‌വകളിലും പ്രസംഗങ്ങളിലും ഇത് വ്യക്തമാണ്. 'തഹ്ദീറുല്‍ ഇമാം അല്‍ വാദിഈ മിനല്‍ ഹിസ്ബിയ്യ വല്‍ ഫിര്‍ഖ, ഹുക്മുല്‍ ഇന്‍തിഖാബാത്ത്, ലിമാദാ നുഹര്‍രിമുല്‍ ഇന്‍തിഖാബാത്ത്, ഹുര്‍മാത്തുല്‍ ഇന്‍തിഖാബാത്' തുടങ്ങിയ ഫത്‌വകള്‍ ഉദാഹരണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമാകുന്നതിനെയും മുഖ്ബില്‍ ഹാദി തള്ളിക്കളയുന്നു. ഈ ആശയധാരയുടെ സ്വാധീനം യമനീ രാഷ്ട്രീയത്തിലും പ്രകടമാണ്. ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസ്, അല്‍ ഇസ്‌ലാഹ് തുടങ്ങിയവ രാഷ്ട്രീയ പാര്‍ട്ടികളായി സ്വയം വിശേഷിപ്പിക്കാറില്ല. മാത്രമല്ല, കക്ഷിത്വത്തിനെതിരെ യമനീ രാഷ്ട്രീയ നേതാക്കള്‍ വരെ പ്രസംഗിക്കാറുമുണ്ട്. യമന്റെ രാഷ്ട്രീയ ചരിത്രവും ഇത്തരമൊരു നിലപാട് രൂപീകരണത്തിലേക്ക് സലഫികളെ നയിച്ചതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഉയര്‍ത്തപ്പെട്ട സംഘടനാവിരുദ്ധ വാദത്തിന്റെയും ആശയാടിത്തറ ഇതാണ്. 

 

അവാന്തര ധാരകള്‍

2000-ലാണ് മുഖ്ബില്‍ ഹാദി മരിക്കുന്നത്. അതിനു മുമ്പുതന്നെ ഇവര്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. വ്യക്തി കേന്ദ്രീകൃതമായ ത്വരീഖത്ത് ശൈലിയിലേക്കാണ് യമനി സലഫിധാര ക്രമേണ കടന്നുപോയത്. ശൈഖ് (ഗുരു), മുരീദ് (ശിഷ്യന്‍) എന്ന രീതി, അങ്ങനെ പ്രഖ്യാപിച്ചുകൊണ്ടല്ലെങ്കിലും അവര്‍ക്കിടയില്‍ രൂപംകൊണ്ടു. മുഖ്ബില്‍ ഹാദിയുടെ ശിഷ്യന്മാരായ മുഹമ്മദ് അല്‍ വിസാബി, അബ്ദുല്ല ഹസന്‍ അല്‍ മഅ്‌റബി, അല്‍ ഇമാം മുഹമ്മദ്, മുഹമ്മദ് അല്‍ സ്വമാലി, യഹ്‌യല്‍ ഹജൂരി തുടങ്ങിയവര്‍ ആരംഭിച്ച വിവിധ ദാറുല്‍ ഹദീസ് സ്ഥാപനങ്ങള്‍ ഇതിന്റെ ഒരു മുഖമായിരുന്നു. 'യമനി വിസ്ഡം ചാരിറ്റി അസോസിയേഷന്‍' എന്ന ജനസേവന കൂട്ടായ്മയുടെ രൂപീകരണമായിരുന്നു അടുത്ത ഘട്ടം. അഹ്മദ് ഹസന്‍ അല്‍ മുഅല്ലിം, മുഹമ്മദുല്‍ മഹ്ദി തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. സാമൂഹിക സേവനമായിരുന്നു ഇവരുടെ ലക്ഷ്യം. ആശയപ്രചാരണവും ഇതേ കൂട്ടായ്മക്കു കീഴില്‍ നടന്നു. മുഖ്ബില്‍ വാദിഈയുടെ ആശയധാരയില്‍ നിന്നുള്ള വ്യതിചലനമാണ് ഈ കൂട്ടായ്മയെന്ന് മറുവിഭാഗം വാദിച്ചു. ഇങ്ങനെ ഔദ്യോഗിക പക്ഷവും 'വിസ്ഡം' പക്ഷവും യമനില്‍ ഉണ്ടായി. 1990-ലാണ് ഇത് നടക്കുന്നത്. നേരത്തേ ഉദ്ധരിച്ച ഹദീസിലെ 'വല്‍ ഹിക്മതു യമാനിയ്യ' എന്ന പ്രയോഗത്തില്‍നിന്ന് എടുത്ത 'ഹിക്മ'യാണ് 'വിസ്ഡം' എന്നതിന് അവര്‍ക്കുള്ള പ്രാമാണിക ന്യായം. 

'അല്‍ ഇഹ്‌സാന്‍' എന്ന പുതിയൊരു കൂട്ടായ്മ രംഗത്തുവരുന്നത് 1992-ലാണ്. ജനസേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ദേശാന്തരീയ പ്രബോധന പ്രചാരണങ്ങളിലും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 'അല്‍ ഹിക്മ'യില്‍നിന്ന് ഭിന്നിച്ച് രൂപംകൊണ്ട 'അല്‍ഇഹ്‌സാന്' നേതൃത്വം നല്‍കിയത് അബ്ദുല്ല അല്‍ യസീദിയായിരുന്നു. അബുല്‍ഹസന്റെ നേതൃത്വത്തില്‍ രംഗത്തുവന്ന മറ്റൊരു വിഭാഗമാണ് 'അല്‍ബിര്‍റു വത്തഖ്‌വ'. 1999-ല്‍ മഅ്ബറിലെ ദാറുല്‍ ഹദീസ് ആസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തനമാരംഭിച്ചത്. 

ദമ്മാജ്, മഅ്ബര്‍, മഅ്‌രിബ് എന്നിവിടങ്ങളില്‍ സ്ഥാപിതമായ 'ദാറുല്‍ ഹദീസ്' സ്ഥാപനങ്ങള്‍ മുഖ്ബിലുബ്‌നു ഹാദി വാദിഈയുടെ കാലശേഷം യമനി സലഫിസത്തിലെ മൂന്ന് അവാന്തര ധാരകളായി രൂപം മാറുകയായിരുന്നു. 'അല്‍ ഹിക്മ' മാസികകള്‍ പ്രസിദ്ധീകരിക്കുകയും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1997-ലും 2005-ലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പ്രബോധനരംഗത്ത് പുതിയ രീതികള്‍ സ്വീകരിച്ചുകൊണ്ട് ഇവര്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് വരാന്‍ തുടങ്ങി. മറുവിഭാഗങ്ങള്‍ സമൂഹവുമായി വലിയ ബന്ധമില്ലാതെ വിശ്വാസ-അനുഷ്ഠാന തലങ്ങളില്‍ ഒതുങ്ങിനിന്നു.  

 

ഹൂഥികളുമായുള്ള സംഘര്‍ഷം

ശീഈ വിഭാഗമായ യമനിലെ ഹൂഥികളും ദമ്മാജ് സലഫികളും തമ്മില്‍ കടുത്ത സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. ഭരണകൂടവും സുന്നികളും, ശീഈകളായ ഹൂഥികളും തമ്മിലുള്ള പ്രശ്‌നങ്ങളാണ് യമനിലെ ആഭ്യന്തര കലഹങ്ങളുടെ മര്‍മം. ഇതിന്റെ കൂടി ഭാഗമാണ് ഹൂഥി-സലഫി സംഘര്‍ഷം. ഹൂഥി-സലഫി സംഘര്‍ഷം പരസ്പരം കാഫിറാക്കുന്നതില്‍ തുടങ്ങി സായുധസംഘട്ടനത്തിലേക്കു വരെ നീണ്ടു. 'അല്‍ മദ്ഹബുസ്സൈദി മബ്‌നിയ്യുന്‍ അലല്‍ ഹയാം' എന്ന തലക്കെട്ടില്‍ മുഖ്ബില്‍ ഹാദി ശീഈകള്‍ക്കെതിരെ പുസ്തകമെഴുതി. ശീഈ പണ്ഡിതന്‍ മജ്ദുദ്ദീന്‍ അല്‍ മുഅയ്യദി, 'ഫസ്‌ലുല്‍ ഖിത്വാബ് ഫിര്‍റദ്ദി അലല്‍ മുഫ്തരി അല്‍ കദ്ദാബ്' എന്ന പേരിലാണ് അതിന് ഖണ്ഡനം പ്രസിദ്ധീകരിച്ചത്. സലഫി കേന്ദ്രമായ ദമ്മാജ് ശീഈകളുടെ കൂടി വാസസ്ഥലമാണ്. പലപ്പോഴും ദമ്മാജിലെ സലഫി കേന്ദ്രങ്ങള്‍ക്കെതിരെ ഹൂഥികളുടെ സായുധ ആക്രമണങ്ങളുണ്ടായി. ഒരു ഘട്ടത്തില്‍ ഹൂഥികള്‍ ദിവസങ്ങളോളം സലഫി സ്ഥാപനങ്ങള്‍ ഉപരോധിക്കുകയും ഭക്ഷണ സാധനങ്ങള്‍ പോലും തടയുകയും ചെയ്തു. ഈ ആക്രമണത്തിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സലഫി വിദ്യാര്‍ഥികള്‍ ഹൂഥികളുടെ പിടിയിലായത്. സലഫികളെ ദമ്മാജില്‍നിന്ന് ഓടിക്കുകയാണ് ഹൂഥികളുടെ ലക്ഷ്യം. എന്നാല്‍, ഹൂഥികളുമായുള്ള സംഘര്‍ഷം, 'അസ്സലഫിയ്യത്തുല്‍ ജിഹാദിയ്യ'യുടെ സായുധ വഴി സ്വീകരിക്കാന്‍ യമനി സലഫികളെ പ്രേരിപ്പിക്കുന്നു. ഭിന്ന വീക്ഷണങ്ങളോടുള്ള ശത്രുതാപരമായ സമീപനങ്ങളും തങ്ങളല്ലാത്തവരെല്ലാം സത്യനിഷേധികളും നരകാവകാശികളുമാണെന്ന കര്‍ക്കശ നിലപാടുകളും സായുധ സംഘട്ടനത്തിലേക്കുള്ള വഴിനടത്തം എളുപ്പമാക്കുന്നു. അസ്സലഫിയ്യത്തുത്തഖ്‌ലീദിയ്യയും അസ്സലഫിയ്യത്തുല്‍ ജിഹാദിയ്യയും തമ്മിലുള്ള വേര്‍തിരിവ് ചിലപ്പോഴെങ്കിലും ഒരു നേര്‍ത്ത പാടയാണ്. ഈ നൂല്‍മറ, മറികടക്കുക ഒട്ടും പ്രയാസകരമല്ല എന്നതാണ് ആശങ്കാജനകം. അനുകരണ സലഫിസവും രാഷ്ട്രീയ സലഫിസവും ജിഹാദി സലഫിസവും പരസ്പരം ചേരുന്നത് അസംഭവ്യമല്ല.

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍