Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

ദാര്‍ശനിക കവി അല്ലാമാ ഇഖ്ബാല്‍

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ര്‍വകലാശാലകളില്‍നിന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കുന്ന പാശ്ചാത്യ വിദ്യാഭ്യാസം തന്നെയാണ് അല്ലാമാ ഇഖ്ബാലും നേടിയതെന്ന് എല്ലാവര്‍ക്കും അറിയാം. ചരിത്രവും സാഹിത്യവും ധനതത്ത്വശാസ്ത്രവും രാഷ്ട്രമീമാംസയും നിയമവും തത്ത്വചിന്തയുമൊക്കെ തന്നെയാണ് അദ്ദേഹവും പഠിച്ചത്. ഈ ജ്ഞാനശാഖകളിലെല്ലാം കേവല വിവരങ്ങളല്ല, ആഴത്തിലുള്ള അറിവു തന്നെയാണ് അദ്ദേഹം നേടിയത്. പ്രത്യേകിച്ച് തത്ത്വചിന്തയില്‍ അദ്ദേഹം എന്നും അമര സ്ഥാനത്തു തന്നെയായിരുന്നു. ആധുനിക കാലത്തെ ദാര്‍ശനികര്‍ പോലും അതംഗീകരിച്ചിട്ടുണ്ട്. ഈ പാനീയത്തില്‍നിന്ന് രണ്ടോ നാലോ സ്പൂണ്‍ മാത്രം പാനം ചെയ്ത ധാരാളം ആളുകള്‍ മദോന്മത്തരായിട്ടുണ്ട്. എന്നാല്‍ ഇഖ്ബാല്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സമുദ്രം തന്നെയാണ് പാനം ചെയ്തത്. പടിഞ്ഞാറിനെയും അതിന്റെ സംസ്‌കാരത്തെയും അദ്ദേഹം ദര്‍ശിച്ചത് നമ്മുടെ ഭൂരിപക്ഷം യൗവനവും ദര്‍ശിച്ച പോലെ തീരങ്ങളിലൂടെ നടന്നല്ല; പ്രത്യുത കടലാഴങ്ങളിലേക്ക്  ഊളിയിട്ടു കൊണ്ടുതന്നെയാണ്.

ഇഖ്ബാല്‍ പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ എല്ലാ തലങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ പാര്‍ശ്വങ്ങളിലൂടെ മാത്രം സഞ്ചരിക്കേണ്ടി വന്ന നമ്മുടെ സമൂഹത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ , ദീനിനോടും വിശ്വാസത്തോടും സംസ്‌കാരത്തോടും നാഗരികതയോടും സ്വസമൂഹത്തിന്റെ ധാര്‍മികാടിത്തറകളോടും ഭാഷയോട്  പോലും വെറുപ്പ് വെച്ചുപുലര്‍ത്തുന്നത് കാണാന്‍ കഴിയും.

എന്നാല്‍, ഇവരേക്കാളൊക്കെ പടിഞ്ഞാറന്‍ സംസ്‌കാരത്തെ പഠിച്ച ഇഖ്ബാലിന്റെ അവസ്ഥയെന്തായിരുന്നു? പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും സമുദ്രത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയത്ത് ഇഖ്ബാലില്‍ ഉണ്ടായിരുന്ന ഇസ്‌ലാമിന്റെയും ഈമാനിന്റെയും അളവ്, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഉച്ചിയിലെത്തിയ ശേഷവും അഭൂതപൂര്‍വമായി വര്‍ധിക്കുന്നതായാണ് നാം കാണുന്നത്. പാശ്ചാത്യ നാഗരികതയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നതിനനുസരിച്ച് ഇസ്‌ലാമികാവബോധത്തിന്റെയും മുസ്‌ലിം സ്വത്വബോധത്തിന്റെയും മാറ്റു കൂടുകയാണുണ്ടായത്.

പാശ്ചാത്യ നാഗരികതയുടെ കൊടുമുടിയിലെത്തിയിട്ടും ഖുര്‍ആനില്‍ വിലയം പ്രാപിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന ഇഖ്ബാലിനെയാണ് ലോകത്തിന് കാണാന്‍ സാധിച്ചത്. ഖുര്‍ആനില്‍ നിന്നും വേര്‍പെട്ട ഒരു ചിന്തയും അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം ചിന്തിച്ചതെന്തും ഖുര്‍ആനിക ധിഷണ കൊണ്ടും, ദര്‍ശിച്ചതെന്തും ഖുര്‍ആനിക ദൃഷ്ടി കൊണ്ടുമായിരുന്നു. 'യാഥാര്‍ഥ്യവും ഖുര്‍ആനും' അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഏകമായിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം കാലഘട്ടത്തിലെ ദീനീ പണ്ഡിതരേക്കാള്‍ ശക്തവും കണിശവുമായ നിലപാടാണ് വെച്ചുപുലര്‍ത്തിയത്. ചില ഹദീസുകളുടെ കാര്യത്തില്‍ ആധുനിക വിദ്യാസമ്പന്നര്‍ മാത്രമല്ല, പൗരാണിക മൗലവിമാര്‍ വരെ പരിഭ്രമിക്കുകയും അവക്ക് വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങള്‍ വരെ നല്‍കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ഈ ഫിലോസഫര്‍ , ഹദീസിലെ പദങ്ങളില്‍നിന്നും ലഭിക്കുന്ന സ്വഛമായ ആശയം തന്നെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതു കാണാം. ഈ ഹദീസുകള്‍ കേട്ട് ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ മനസ്സില്‍ സംശയം കൂടു കെട്ടിയില്ല.

ഒരിക്കല്‍ ഒരാള്‍ ഇഖ്ബാലിനോട് അത്ഭുതകരമായ സംഭവം പരാമര്‍ശിക്കുന്ന ഒരു ഹദീസിനെപ്പറ്റി പറയുകയുണ്ടായി. ഹദീസ് ഇതാണ്: പ്രവാചകന്‍ (സ) ഒരിക്കല്‍ മഹാന്മാരായ മൂന്ന് സ്വഹാബിമാരോട് കുശലാന്വേഷണം നടത്തുകയായിരുന്നു. അപ്പോഴതാ ഉഹുദ് പര്‍വതം ഇളകുന്നു. നബി(സ) പറഞ്ഞു: 'അടങ്ങൂ. നിന്റെ മുകളില്‍ ഒരു നബിയും ഒരു സ്വിദ്ദീഖും രണ്ട് ശഹീദുകളും മാത്രമാണുള്ളത്.' കേള്‍ക്കേണ്ട താമസം പര്‍വതം ശാന്തമായി. ഹദീസ് കേട്ട ഉടനെ ഇഖ്ബാല്‍ ചോദിച്ചു: 'ഇതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു? ഞാന്‍ ആ സംഭവത്തെ ആലങ്കാരികമായല്ല, തികച്ചും ഭൗതികമായ ഒരു യാഥാര്‍ഥ്യമായിട്ടാണ് കാണുന്നത്. എന്നെ സംബന്ധിച്ചേടത്തോളം അതിനൊരു വ്യാഖ്യാനവും ആവശ്യമില്ല തന്നെ.'

ഇസ്‌ലാമിക ശരീഅത്തിലെ ചില വിധികളെ ഭാവനാസമ്പന്നരായവര്‍ പോലും കാലഹരണപ്പെട്ടതും അതിപുരാതനമെന്നുമാണ് മനസ്സിലാക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം അവയില്‍ വിശ്വസിക്കുന്നത് അപരിഷ്‌കൃതമാണ്. പരിഷ്‌കൃത സമൂഹത്തില്‍ അവ പിന്തുടരുന്നത് വിദ്യാസമ്പന്നന് അനുചിതവും, നിന്ദ്യമായ മരണത്തേക്കാള്‍ മോശവുമായാണ് മനസ്സിലാക്കുന്നത്. എന്നാല്‍, ഭൗതിക വിദ്യാഭ്യാസത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന ഇഖ്ബാല്‍ അവ അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും പരസ്യമായി അവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. അത്തരം ആശയങ്ങളെ പിന്തുണക്കുന്നതില്‍ ആരെയും അശേഷം ഭയപ്പെടാറുമില്ല. അദ്ദേഹത്തിന്റെ ഈ നിലപാടിന് മറ്റൊരുദാഹരണം ശ്രദ്ധിക്കുക:

ഒരിക്കല്‍ ഭരണകൂടം അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയില്‍ തങ്ങളുടെ പ്രതിനിധിയായി അയക്കാന്‍ തീരുമാനിച്ചു. ഈ ഓഫര്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചില വ്യവസ്ഥകളോടു കൂടിയാണ് സമര്‍പ്പിക്കപ്പെട്ടത്. യാത്രയില്‍ അദ്ദേഹത്തിന്റെ ഭാര്യയെ പര്‍ദയണിയിപ്പിക്കരുതെന്നും സര്‍ക്കാര്‍ ആഘോഷങ്ങളില്‍ ഒരു മാഡം താങ്കളെ അനുഗമിക്കുമെന്നുമായിരുന്നു ആ വ്യവസ്ഥ. എന്നാല്‍ ഈ ഓഫര്‍ അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്. ലോര്‍ഡ് വെല്ലിംഗ്ടനോട് അദ്ദേഹം പറഞ്ഞു: ''നിസ്സംശയം ഞാന്‍ ഒരു പാപിയാണ്. ഇസ്‌ലാമിക വിധികള്‍ പാലിക്കുന്നതില്‍ ധാരാളം വീഴ്ചകള്‍ എന്നില്‍നിന്നും സംഭവിക്കാറുണ്ട്. പക്ഷേ, താങ്കളുടെ കേവലമൊരു ഓഫര്‍ ലഭിക്കാന്‍ ശരീഅത്തിന്റെ വിധി ഉപേക്ഷിക്കണമെന്ന നിന്ദ്യമായ ഓപ്ഷന്‍ അംഗീകരിക്കുക എനിക്കൊരിക്കലും സാധ്യമല്ല.''

ഇഖ്ബാലിന്റെ ലളിത ജീവിതവും കൊടിയ ദാരിദ്ര്യവും അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പൊതുസമൂഹം അറിയുന്നത്. 'സര്‍' പട്ടം ലഭിച്ചവരുടെ സ്വഭാവം തന്നെയായിരിക്കും ഇഖ്ബാലിനുമുണ്ടാവുക എന്നായിരുന്നു പൊതു ധാരണ. അതുകൊണ്ടുതന്നെ പലരും ഒരു സൂക്ഷ്മതയുമില്ലാതെ അദ്ദേഹത്തിനെതിരെ തൂലിക ചലിപ്പിക്കുകയുണ്ടായി. 

പത്രങ്ങള്‍ പുറത്തുവിട്ടതിനേക്കാള്‍ കടുത്ത ദാരിദ്ര്യമായിരുന്നു അദ്ദേഹം പലപ്പോഴും അഭിമുഖീകരിച്ചതെന്ന് പിന്നീടാണ് അറിയുന്നത്. ലാളിത്യം അദ്ദേഹത്തിന് ഒരു ശീലമായിരുന്നു. ഒരുദാഹരണം: 

പഞ്ചാബിലെ സമ്പന്നനായ ഒരു നേതാവ് നിയമവുമായി ബന്ധപ്പെട്ട ഒരു കൂടിയാലോചനക്കു വേണ്ടി ഇഖ്ബാലിനെയും സര്‍ ഫദ്ല്‍ ഹുസൈനെയും പ്രശസ്തരായ രണ്ട് നിയമജ്ഞരയും തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തന്റെ ആഡംബര വസതിയില്‍ അവര്‍ക്ക് വേണ്ട താമസ സൗകര്യങ്ങള്‍ സജ്ജീകരിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം ഉറങ്ങാന്‍ വേണ്ടി തനിക്ക് നിശ്ചയിക്കപ്പെട്ട റൂമിലേക്ക് ചെന്നപ്പോള്‍ സകല സുഖാഡംബരങ്ങളോടും കൂടിയ കിടപ്പുമുറിയാണ് ഇഖ്ബാല്‍ കണ്ടത്. മാര്‍ദവമേറിയതും വിലകൂടിയതുമായ വിരിപ്പ് കണ്ടപാടെ അദ്ദേഹത്തിന് വിശ്വവിമോചകനായ റസൂലിന്റെ ജീവിതരീതി ഓര്‍മ വരികയും ആ വിരിപ്പില്‍ ഉറങ്ങാന്‍ സാധിക്കാതെ വരികയും ചെയ്തു. പിന്നീടദ്ദേഹം ഒരു സാധാരണ കുളിപ്പുരയില്‍ പോയി കസേരയിട്ടിരിക്കുകയും കൂടെക്കൂടെ കരയുകയും ചെയ്തു. മനസ്സിനല്‍പം സ്ഥൈര്യം വന്നപ്പോള്‍ തന്റെ സേവകനെ വിളിച്ച് സാദാ വിരിപ്പും പായയും ബാത്‌റൂമിന്റെ സൈഡില്‍ തന്നെ വിരിപ്പിക്കുകയും അവിടെത്തന്നെ മടങ്ങുന്നതുവരെ കിടന്നുറങ്ങുകയും ചെയ്തു. ഇത് മരണത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവമാണ്. പുറം ലോകം ഇഖ്ബാലിനെ സ്യൂട്ടിലും ബൂട്ടിലുമാണ് കണ്ടിരുന്നത്. പക്ഷേ സ്യൂട്ടിനകത്ത് മറഞ്ഞിരിക്കുന്ന വ്യക്തിയുടെ യഥാര്‍ഥ ലാളിത്യവും മറ്റും ആര്‍ക്കും അറിയില്ലായിരുന്നു.

(അഫ്കാറെ മുഅല്ലിം 2015)

വിവ : അബ്ദുസ്സലാം പുലാപ്പറ്റ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍